അവസാനം... അവൻ മാതാവിന്റെ കരം ഗ്രഹിച്ചു
"തിരുദൂതരേ ... ഞാൻ ഏറെ സങ്കടത്തിലാണ്. നീതിക്കായി അപേക്ഷിക്കുന്നു" - മധ്യവയസ്കയായ ഒരു സ്ത്രീ പ്രവാചക സന്നിധിയിൽ തന്റെ കദന കഥ അവതരിപ്പിച്ചു. "പ്രവാചകരേ, എന്റെ ഭർത്താവ് പൂർണമായും ഞാനുമായുള്ള ബന്ധം കൈയൊഴിച്ചിരിക്കുന്നു" (ഭർത്താവിന്റെ പേരുച്ചരിച്ചപ്പോൾ അവരുടെ ശബ്ദത്തിൽ കാർക്കശ്യം പ്രകടമായിരുന്നു).
"പരിഭ്രമിക്കേണ്ടതില്ല. ദുഃഖകാരണങ്ങൾ എന്തെന്ന് വ്യക്തമാക്കിയാലും..." ദയാനിധിയായ പ്രവാചകൻ അവരെ സമാശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു.
ആവലാതിക്കാരിയായ സ്ത്രീ പറഞ്ഞുതുടങ്ങി: "പ്രവാചകരേ, ഒരു പുരുഷന്റെ രക്ഷാകർതൃത്വം ഇല്ലാതായിരിക്കുന്നു. ഒരു വനിതയെ മാനസികമായി തകർക്കാനും രോഗാതുരയാക്കാനും അതു പോരേ? മാത്രമല്ല, ആ തെറ്റിപ്പിരിഞ്ഞവൻ എന്റെ കരളിന്റെ കഷ്ണത്തെ തട്ടിയെടുക്കാനും ശ്രമിക്കുന്നു. തിരുദൂതരേ, എൻെറ പ്രിയ മകൻ എന്റെ സന്തോഷമാണ്. എന്റെ ശേഷിക്കുന്ന ജീവിതത്തിലെ അത്താണിയും സാന്ത്വനത്തിന്റെ സ്രോതസ്സുമാണ്. ഞങ്ങൾ സ്ത്രീകൾക്ക് പുറത്തുപോയി കായികാധ്വാനം നടത്തുക സാധ്യമല്ലല്ലോ. എന്റെ കുട്ടിയാണ് കിണറിൽനിന്ന് വെള്ളം കോരി കൊണ്ടുവരുന്നത്. അങ്ങാടിയിൽ നിന്ന് അത്യാവശ്യ സാധനങ്ങൾ വാങ്ങി വീട്ടിലെത്തിക്കുന്നതും അവനാണ്. ഇതും ഇതുപോലുള്ള മറ്റനേകം കാര്യങ്ങളും ചെയ്തുതരുന്നത് അവനാണ്. പക്ഷേ, അവന്റെ പിതാവ് അവനെ എന്നിൽനിന്ന് അടർത്തിെയടുക്കാൻ ശ്രമിക്കുകയാണ്. ഇതെങ്ങനെ ഞാൻ സഹിക്കും?" അവർ നിശ്ശബ്ദമായി വിതുമ്പി. പ്രവാചകന്നും സങ്കടം നിയന്ത്രിക്കാനായില്ല: "സോദരീ... കരയരുത്. അല്ലാഹു നിങ്ങളുടെ പ്രയാസങ്ങൾക്ക് പരിഹാരമുണ്ടാക്കുക തന്നെ ചെയ്യും."
ആ വനിത അൽപം ഗൗരവത്തിൽ തുടർന്നു: "ജീവിത പങ്കാളിയുടെ നഷ്ടം തന്നെ വലിയ ദുഃഖമല്ലേ? അതിനു പുറമെ, എന്റെ പൊന്നു മോനെ എന്നിൽനിന്ന് വേർപ്പെടുത്താനാണ് അയാൾ ഉദ്ദേശിക്കുന്നത്. ദൈവദൂതരേ, എന്റെ സ്നേഹഭാജനമാണ് ഈ മകൻ. (അവന്റെ ശിരസ്സിൽ കൈ ചലിപ്പിച്ച്) പ്രവാചകരേ, എന്റെ ഉദരം അവന്റെ വിശ്രമകേന്ദ്രമായിരുന്നു. എന്റെ മാറിടം അവന്ന് കസ്തൂരി സുഗന്ധമുള്ള തുകൽ സഞ്ചിയായിരുന്നു. എന്റെ മടിത്തട്ട് അവന്ന് കൊച്ചു കുടിലായിരുന്നു. വ്യഥിതയും ദുഃഖിതയുമായ ഞാൻ ഈ ആഘാതം എങ്ങനെ സഹിക്കും! പ്രവാചകരേ, കുട്ടിയുടെ പിതാവ് താങ്കളുടെ ഈ സദസ്സിൽ തന്നെയുണ്ട്. എന്റെ അവകാശവും എന്റെ അത്താണിയുമാവേണ്ട ഈ കുട്ടിയെ എന്നിൽനിന്ന് തട്ടിപ്പറിക്കരുതെന്ന് ഞാൻ താങ്കളെ സാക്ഷിയാക്കി അഭ്യർഥിക്കുകയാണ്."
"നിങ്ങൾ ഇരുവരും നറുക്കെടുപ്പിലൂടെ കുട്ടിയുടെ സംരക്ഷണോത്തരവാദിത്വ പ്രശ്നത്തിൽ അന്തിമ തീരുമാനമെടുക്കുക. ആർക്കനുകൂലമായാണോ നറുക്ക് വീഴുന്നതെങ്കിൽ അതാണ് ദൈവിക തീരുമാനമെന്ന് ഉറപ്പിക്കുകയും ചെയ്യുക." ലോകാനുഗ്രഹിയായ നബിതിരുമേനി ദമ്പതികളോട് തന്റെ നിർദേശം മുന്നോട്ടുവെച്ചു.
"ദൈവദൂതരേ, ആ കുട്ടി എന്റെതാണ്. അവൻ എന്നോടൊപ്പമാണ് താമസിക്കുക. മറ്റാർക്കും അവനെ വിട്ടുകൊടുക്കുന്ന പ്രശ്നമില്ല. അവനെക്കൂടാതെ എന്റെ ജീവിതം സ്വസ്ഥവും സന്തോഷകരവുമാവുകയില്ല"- കുട്ടിയുടെ പിതാവ് അൽപം രോഷത്തോടെ പ്രതികരിച്ചു.
"ദൈവദൂതരേ, ഇതൊരിക്കലും നടക്കുകയില്ല... ഞാനാണ് അവനെ കഷ്ടപ്പെട്ട് പാലൂട്ടി വളർത്തിയത്... ഒരുപാട് പ്രതീക്ഷകളോടെ.... അവൻ എനിക്ക് എല്ലാ നിലയിലും ആശ്രയം ആവുമെന്ന ആത്മവിശ്വാസത്തോടെ."
പ്രവാചക നയനങ്ങൾ നനഞ്ഞു കുതിർന്നു. അവിടുന്ന് അൽപനേരം മൗനിയായി. മാതാപിതാക്കളുടെ കണ്ണുകൾ പ്രത്യാശയോടെ കുട്ടിയിൽ ഉടക്കി; കാതുകൾ പ്രവാചകനിലും - പ്രവാചക കോടതിയുടെ തീരുമാനം സശ്രദ്ധം ശ്രവിക്കാനായി.
പ്രവാചകൻ കുട്ടിയെ ശ്രദ്ധിക്കുകയായിരുന്നു. ആകാംക്ഷാപൂർവം രക്ഷിതാക്കളുടെ സംവാദം ശ്രവിക്കുകയായിരുന്ന അവൻ ഇരുവരെയും നിരീക്ഷിക്കുന്നു. സ്നേഹാധിക്യത്തോടെ മാതാവിനെയും ബഹുമാനാദരവുകളോടെ പിതാവിനെയും ഇടവിട്ട് നോക്കുന്നു.
പ്രവാചകൻ കുട്ടിയുടെ നേരെ നോക്കി പറഞ്ഞു: ''മോനേ, ഇത് നിന്റെ വാപ്പ; അത് ഉമ്മയും. ഇരുവരും നിനക്ക് വേണ്ടപ്പെട്ടവരും പ്രിയങ്കരരും. ഇരുവരും നിന്നോട് അഗാധ സ്നേഹമുള്ളവർ. അവരിൽ ആരുടെ കൈ പിടിക്കാനും നിനക്ക് പൂർണ സ്വാതന്ത്ര്യവും അധികാരവുമുണ്ട്."
ഒട്ടും ചിന്തിക്കാൻ നിൽക്കാതെ അവൻ സ്വസ്ഥാനത്തുനിന്ന് എഴുന്നേറ്റു രക്ഷിതാക്കളെ രണ്ടു പേരെയും മാറി മാറി നോക്കി. അവരാകട്ടെ അവനെ മാറോട് ചേർക്കാൻ ആകാംക്ഷയോടെ നിൽക്കുകയാണ്. അവൻ നേരെ മാതാവിന്റടുത്തേക്ക് നടന്ന് അവരുടെ കരം ഗ്രഹിച്ചു.
('റോഷൻ സിതാരെ' എന്ന കൃതിയിൽനിന്ന്. മൊഴിമാറ്റം: എം.ബി അബ്ദുർറശീദ് അന്തമാൻ)
Comments