Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 29

3320

1445 റബീഉൽ അവ്വൽ 14

സനാതന ധർമ വിവാദവും ജാതി വിമർശനവും

ഡോ. വി. ഹിക്മത്തുല്ല

സനാതന ധർമത്തെ  ഉന്മൂലനം ചെയ്യണം എന്ന ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെ എതിർക്കുന്നവരെയും പിന്താങ്ങുന്നവരെയും സൂക്ഷ്മമായി നിരീക്ഷിച്ചാൽ നമുക്ക് ഒരു കാര്യം വ്യക്തമാവും. എതിർക്കുന്നവർ സവർണതയുടെ വിശേഷാധികാരം സ്വയമേ ലഭ്യമായവരും പിന്താങ്ങുന്നവർ ദലിത് - കീഴാള രാഷ്ട്രീയത്തിന്റെ വക്താക്കളുമാണ്. ഹിന്ദുത്വ ശക്തികൾ ഇതിനെ വംശഹത്യക്കുള്ള ആഹ്വാനമായി വ്യാഖ്യാനിച്ച് രാഷ്ട്രീയലാഭം നേടാൻ ശ്രമം നടത്തുകയും ചെയ്യുന്നുണ്ട്.

സനാതന ധർമത്തെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ട്. സനാതനം എന്ന വാക്കിന്റെ അർഥം ശാശ്വതമായത്, മാറ്റമില്ലാത്തത് എന്നൊക്കെയാണ്. എന്നെന്നും നിലനിൽക്കുന്ന അസ്തിത്വം എന്ന നിലയിൽ സനാതനൻ എന്ന് ഈശ്വരന്റെ പര്യായമായും പറയാം. ധർമം എന്നത് ഒരാൾ അനുഷ്ഠിക്കേണ്ടുന്ന കർമങ്ങളാണ്. കാലാതീതമായി നിലനിൽക്കുന്നതും ദൈവികമായി ലഭിച്ചതും എന്ന അർഥത്തിൽ സനാതനം എന്ന വാക്ക് ഉപയോഗിക്കുമ്പോൾ ഇസ്്ലാമിക ദർശനത്തിനും ഭാഷാപരമായി ഇതിനോട് വിയോജിക്കാനാവില്ല.

വ്യത്യസ്ത കാലങ്ങളിൽ വ്യത്യസ്ത ദേശങ്ങളിൽ കടന്നുവന്ന പ്രവാചകന്മാരും കാലാതിവർത്തിയായ മൂല്യങ്ങളാണ് അല്ലാഹുവിന്റെ  നിർദേശപ്രകാരം സമൂഹത്തിന് പകർന്നുനൽകിയത്. എന്നാൽ, സനാതന ധർമം എന്ന ഹൈന്ദവ സാങ്കേതിക വ്യവസ്ഥയോട് അത്ര ലളിതമായി നമുക്ക് നിലപാടെടുക്കാനാവില്ല. സനാതന ധർമമായി സഹസ്രാബ്ദങ്ങളായി ഇന്ത്യയിൽ നിലനിന്നത് ജാതീയതയും അടിമത്തവുമാണ്. അത് ഉന്മൂലനം ചെയ്യപ്പെടേണ്ടതാണ് എന്ന കാര്യത്തിൽ സംശയമില്ല.  ഇന്ത്യയിൽ ആദ്യകാലം മുതലേ ചാതുർവർണ്യ വ്യവസ്ഥ നിലനിന്നു എന്ന് കരുതിക്കൂടാ. ദൈവ സങ്കൽപം, മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം മുതലായവ ചാതുർവർണ്യത്തിന്റെ അടിസ്ഥാനത്തിൽ മാറ്റിമറിക്കപ്പെടുന്നത് വൈദിക കാലം മുതൽക്കാവണം.

ഋഗ്വേദത്തിലെ പുരുഷസൂക്തത്തിൽ, 'പരമപുരുഷന്റെ ശിരസ്സിൽനിന്ന് ബ്രാഹ്മണനും നെഞ്ചിൽനിന്ന് ക്ഷത്രിയനും തുടയിൽനിന്ന് വൈശ്യനും പാദത്തിൽനിന്ന് ശൂദ്രനും ഉണ്ടായിരിക്കുന്നു' എന്ന വാക്യത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രാഹ്മണൻ ഉന്നതനും ശൂദ്രൻ താഴ്ന്നവനും എന്ന വർണവിഭജനം രൂപപ്പെട്ടത്.

ഈ അടിത്തറയിൽ രൂപംകൊണ്ട സനാതന ഹിന്ദുമതം, മരണാനന്തര -പുനർജന്മ സങ്കൽപങ്ങളാൽ ജാതിവ്യവസ്ഥയെ ഊട്ടിയുറപ്പിച്ചു. 'ഈ ജന്മത്തിൽ ഒരാൾ സ്വധർമം അനുഷ്ഠിച്ച് ജീവിച്ചാൽ അടുത്ത ജന്മത്തിൽ ബ്രാഹ്മണന്റെയോ ക്ഷത്രിയന്റെയോ വൈശ്യന്റെയോ യോനിയിൽ ജനിക്കും. ഈ ജന്മത്തിൽ സ്വധർമം തെറ്റിച്ചയാൾ പന്നിയുടെയോ പട്ടിയുടെയോ ചണ്ഡാളന്റെയോ യോനിയിൽ ജനിക്കും' എന്നാണ് ചാന്ദോക്യോപനിഷത്തിൽ പറയുന്നത്.

ഇങ്ങനെ വരുമ്പോൾ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ചണ്ഡാളർ (കീഴാളർ) അടിമകളെപ്പോലെ ബ്രാഹ്മണർക്ക് ദാസ്യവേല ചെയ്തു സ്വധർമം അനുഷ്ഠിക്കാൻ നിർബന്ധിതരാകുന്നു. ഈ ജന്മത്തിൽ ഇനി ആ അവസ്ഥക്ക് മാറ്റമില്ല.

ഹിന്ദുമതത്തിൽനിന്ന് ജാതിവ്യവസ്ഥ ഒഴിച്ചുനിർത്തിയാൽ പിന്നെ ഹിന്ദുമതം ഇല്ല എന്ന്  അംബേദ്കർ പറയാൻ കാരണം ഇതാണ്.

ഈ ജന്മത്തിൽ ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ഉന്നതമായ അവസ്ഥയിൽ കഴിയുന്നതിനു കാരണം കഴിഞ്ഞ ജന്മത്തിൽ ചെയ്ത നന്മകളാണ്. ചണ്ഡാളന് ദാസ്യവേല ചെയ്യേണ്ട അവസ്ഥയുണ്ടായത് കഴിഞ്ഞ ജന്മത്തിലെ അധർമങ്ങൾ കാരണമാണ്. അടുത്ത ജന്മത്തിലെങ്കിലും നല്ല സ്ഥാനം ലഭിക്കണമെങ്കിൽ ഈ ജന്മം തീരും വരെ മേൽജാതിക്കാർക്ക് ദാസ്യവേല ചെയ്യുക മാത്രമേ മാർഗമുള്ളൂ. ശൂദ്രൻ വേദം കേട്ടാൽ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം എന്നാണ് ഇതിലെ വ്യവസ്ഥ. ശൂദ്രനെക്കാളും താഴെയുള്ള ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾ മനുഷ്യരേ ആയി പരിഗണിക്കപ്പെട്ടിരുന്നില്ല.

ആത്മീയതയുടെ പേരുപറഞ്ഞാണ് ജന്മത്തിന്റെയും കർമത്തിന്റെയും തൊഴിലിന്റെയും നിറത്തിന്റെയും പേരിൽ മനുഷ്യൻ വിവേചനങ്ങൾ സൃഷ്ടിച്ചത്. ചാതുർവർണ്യം ദൈവത്തിന്റെ വകയാണെന്നും അത് നിങ്ങൾ അനുസരിച്ചേ തീരൂ എന്നുമാണ് കീഴാളരോട് മേലാളർ പറയുന്നത്. ബ്രാഹ്മണൻ ദൈവതുല്യനാണെന്നും നിർബന്ധമായും അനുസരിക്കപ്പെടേണ്ടവനാണെന്നുമാണ് മനുസ്മൃതി വാക്യം. ബ്രാഹ്മണൻ എത്ര മോശക്കാരനാണെങ്കിലും ബഹുമാനിക്കപ്പെടണമെന്നും ശൂദ്രൻ എത്ര നല്ലവനാണെങ്കിലും വെറുക്കപ്പെടേണ്ടവനാണെന്നും  പരാശരസ്മൃതിയും പറയുന്നു. ബ്രാഹ്മണനോടൊപ്പം നടന്ന ശൂദ്രനെ ചമ്മട്ടി കൊണ്ടടിക്കണം, ശൂദ്രൻ മോഷ്ടിച്ചാൽ അവന്റെ സ്വത്ത് പിടിച്ചടക്കി അവനെ കൊല്ലണം, വേദം കേട്ട ശൂദ്രന്റെ കാതിൽ ഈയവും അരക്കും ഉരുക്കി ഒഴിക്കണം, വേദം ഉച്ചരിച്ച ശൂദ്രന്റെ നാവ് അറുത്ത് വേർപ്പെടുത്തണം എന്നൊക്കെയാണ് നിയമങ്ങൾ.
ഇതെല്ലാം ശ്രീ ശങ്കരാചാര്യർ തന്റെ 'ബ്രഹ്മസൂത്രഭാഷ്യ'ത്തിൽ പറഞ്ഞ കാര്യങ്ങളുമാണ്. ശൂദ്രൻ സഞ്ചരിക്കുന്ന ശ്മശാനമാകുന്നു എന്നും ശങ്കരൻ പറയുന്നുണ്ട്.

ഡോ. ബി.ആർ അംബേദ്കർ തന്റെ 'ആരായിരുന്നു ശൂദ്രർ?' എന്ന പുസ്തകത്തിൽ,  ശൂദ്രർ അശുദ്ധരായതുകൊണ്ട് ഉയർന്നവരുമായി ഇടപഴകാൻ പാടില്ല, അറിവും വിദ്യാഭ്യാസവും പാടില്ല, സ്വത്ത് പാടില്ല, ഔദ്യോഗിക പദവികളോ സ്ഥാനമാനങ്ങളോ പാടില്ല, ഉയർന്ന ജാതിക്കാരെ മരണം വരെ സേവിക്കണം എന്നിങ്ങനെയുള്ള നിയമങ്ങൾ നിലനിന്നിരുന്നതായി അക്കമിട്ട് പറയുന്നുണ്ട്.
ഈ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടാണ് ബൗദ്ധ- ജൈന ദർശനങ്ങളും ഇസ്്ലാം പോലുള്ള മതങ്ങളും ഇന്ത്യയിൽ മാനവ സാഹോദര്യത്തിന്റെ ആശയം മുന്നോട്ടുവെച്ചത്. കീഴാള സമൂഹങ്ങൾ ഈ അടിമത്തത്തിൽനിന്ന് കുതറാൻ ശ്രമിച്ച്, മറ്റു മതങ്ങളിലേക്ക് കൂട്ടത്തോടെ പോയ സന്ദർഭത്തിലാണ് പത്താം നൂറ്റാണ്ടോടെ ശങ്കരാചാര്യരെപ്പോലുള്ളവർ സനാതന ഹിന്ദുമതം എന്ന പേരിൽ അതിനെ വ്യവസ്ഥപ്പെടുത്തുന്നത്. പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടിൽ ആര്യസമാജം, ബ്രഹ്മസമാജം പോലുള്ള പ്രസ്ഥാനങ്ങളും ഹിന്ദുമതത്തിൽ കീഴാള സമൂഹങ്ങളെ നിലനിർത്താൻ ഉദ്ദേശിച്ച് പരിഷ്കാരങ്ങൾ വരുത്തുകയാണുണ്ടായത്. ശങ്കരാചാര്യരുടെ വാദങ്ങളും പിൽക്കാലത്തെ ദയാനന്ദ സരസ്വതിയുടെ കൃതികളും ഇതിന്റെ സാക്ഷ്യങ്ങളാണ്.

വൈദിക കാലത്തിനു മുമ്പുണ്ടായിരുന്ന സംസ്കാരത്തിൽ ജാതീയത ഉണ്ടായിരുന്നില്ലെന്നും ഏകദൈവ വിശ്വാസമായിരുന്നു എന്നും നിരീക്ഷണങ്ങളുണ്ട്. ഏകദൈവ വിശ്വാസം, വിഗ്രഹാരാധനാ നിഷേധം, ഏതു മനുഷ്യന്നും നന്മതിന്മകളുടെ അടിസ്ഥാനത്തിൽ സ്വർഗ-നരകങ്ങൾ എന്നീ ആശയങ്ങൾ വേദോപനിഷത്തുക്കളുടെ അന്തർധാരയായി നിലകൊള്ളുന്നതും കാണാം. എന്നാൽ, ആകത്തുകയിൽ അവ ചാതുർവർണ്യ സങ്കൽപത്തിൽ അധിഷ്ഠിതവുമാണ്. ബ്രാഹ്മണ്യം അവരുടെ ആധിപത്യം നിലനിർത്തുന്നതിനു വേണ്ടി രൂപം കൊടുത്തതാണ് ചാതുർവർണ്യം എന്നും പക്ഷമുണ്ട്. ആയതിനാൽ സനാതന ധർമം എന്ന വാക്ക് പ്രതിനിധാനം ചെയ്യുന്നത് അതിന്റെ ഭാഷാർഥത്തെയല്ല, മറിച്ച് മനുഷ്യനെ വെറുക്കാനും അകറ്റാനും അടിമയാക്കാനും പഠിപ്പിക്കുന്ന ഒരു കാഴ്ചപ്പാടിനെയാണ്.

മൂഹികനീതിയെയും സാഹോദര്യത്തെയും പ്രധാനമായി കരുതുന്ന ഇസ്്ലാം പോലുള്ള ദർശനത്തെ പിൻപറ്റുന്നവർക്ക് അത് അംഗീകരിക്കാനാവില്ല. ഇന്ത്യയിലെ ഗ്രന്ഥ പാരമ്പര്യങ്ങളിലെ വേദം മുതൽ ഇതിഹാസ പുരാണ പാഠ പാരമ്പര്യങ്ങളും ധർമശാസ്ത്രങ്ങളും സ്മൃതികളും വരെ പരിശോധിച്ചാൽ ധർമം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ജാതി ധർമമാണ് എന്ന് സംസ്കൃതാധ്യാപകനും ഗവേഷകനുമായ ഡോ. ടി.എസ് ശ്യാം കുമാർ പറയുന്നു.

'മനുഷ്യരേ.. നിങ്ങളെല്ലാം ഒരേ മാതാപിതാക്കളുടെ മക്കളാണ്. നിങ്ങളെ വ്യത്യസ്ത ഗോത്രങ്ങളും വിഭാഗങ്ങളും ആക്കിയത് പരസ്പരം തിരിച്ചറിയുന്നതിനു വേണ്ടി മാത്രമാണ്. നിങ്ങളിൽ ഉന്നതൻ ബ്രാഹ്മണനോ ക്ഷത്രിയനോ അറബിയോ അനറബിയോ വെളുത്തവനോ പുരുഷനോ ഒന്നുമല്ല. മറിച്ച്, ഹൃദയശുദ്ധിയോടെ സ്രഷ്ടാവിനോട് അടുത്തവൻ മാത്രമാണ്' എന്ന ഇസ്‌ലാമിന്റെ അധ്യാപനം ഇവിടെ ഏറെ പ്രസക്തമാണ്. ജന്മംകൊണ്ടാണ് മേന്മ എന്ന തരത്തിലുള്ള വംശീയ സിദ്ധാന്തങ്ങളുടെ അടിവേരറുക്കുകയാണ് ഇസ്്ലാം ഇതിലൂടെ ചെയ്തത്.

തിരുവിതാംകൂറിൽ അവർണർക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചപ്പോൾ സനാതന ഹിന്ദുക്കൾ തിരുവിതാംകൂർ രാജാവിന് മെമ്മോറാണ്ടം സമർപ്പിക്കുകയാണ് ചെയ്തത്.
'അവർണർക്ക് സവർണക്ഷേത്രത്തിൽ പ്രവേശനം കിട്ടുന്നതിൽ യാഥാസ്ഥിതികരായ ഇവിടുത്തെ സവർണ ഹിന്ദുക്കൾ അസ്വസ്ഥരാണ്. സനാതന ഹിന്ദുധർമത്തിന്റെ രക്ഷയെ പറ്റിയുള്ള ആശങ്കയാലും ഉത്കണ്ഠയാലും ഈ മെമ്മോറിയൽ സമർപ്പിക്കുന്നു' എന്നായിരുന്നു മെമ്മോറാണ്ടം. അവർണർക്ക് പ്രവേശനം അനുവദിക്കുന്ന രാജശാസനം യഥാർഥത്തിൽ വർണാശ്രമധർമങ്ങളുടെ നശീകരണമാണെന്നും വർണാശ്രമധർമങ്ങളുടെ അസ്തമയം ഹിന്ദുമതത്തിന്റെ ഉന്മൂലനമാണെന്നും അവർ ഉത്കണ്ഠ രേഖപ്പെടുത്തുന്നുണ്ട്. അവർണന് ക്ഷേത്രപ്രവേശനം അനുവദിക്കുന്നത് മതഭർത്സനവും പീനൽകോഡ് (മനുസ്മൃതി) അനുസരിച്ച് ശിക്ഷാർഹവുമാണ് എന്നുമാണ് അവരുടെ വാദം.
സനാതന ധർമ വിശ്വാസങ്ങൾ അടങ്ങുന്ന മനുസ്മൃതി ചുട്ടെരിച്ചുകൊണ്ട്, എല്ലാവരെയും തുല്യരായി കാണുന്ന ഒരു ഭരണഘടന ഞാൻ നിങ്ങൾക്ക് നൽകുന്നു എന്നാണ് ഡോ. ബി.ആർ അംബേദ്കർ പ്രഖ്യാപിച്ചത്. ഭരണഘടനയിലും ജനാധിപത്യത്തിലും ഊന്നിയ ആധുനിക പൗരനിർമിതി ഉണ്ടായതുകൊണ്ടാണ് ഭൂരിപക്ഷം വരുന്ന കീഴാളർക്ക് അടിമത്തത്തിൽനിന്ന് കുതറാനെങ്കിലും സാധിച്ചത്.

സനാതന ധർമം ആവശ്യമുള്ളവർ വിശ്വസിച്ചുകൊള്ളട്ടെ. പക്ഷേ, അത് എല്ലാവരും അംഗീകരിച്ചുകൊള്ളണം എന്ന വാദം അപകടകരമാണ്. സനാതന ധർമത്തെ ഉൻമൂലനം ചെയ്യണമെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞത് ഇന്ത്യയിൽ സാമൂഹിക നീതിയിലധിഷ്ഠിതമായ ജനാധിപത്യമാണ് വേണ്ടത് എന്ന വാദമായി നമുക്ക് പുനർവായിക്കാം എന്ന് ദിനുവെയിലിനെപ്പോലുള്ള അംബേദ്കറൈറ്റുകൾ പറയുന്നു.

'ഒരു മുന്നറിയിപ്പുകാരൻ കടന്നുവരാതെ ഒരൊറ്റ സമുദായവും കഴിഞ്ഞുപോയിട്ടില്ല' എന്ന ഖുർആനിക വാക്യം അനുസരിച്ച് പൗരാണിക ഇന്ത്യയിലും ദൈവദൂതന്മാർ കടന്നുവന്നിട്ടുണ്ടാവാം. ആ നിലക്ക് ഏകദൈവ വിശ്വാസവും മനുഷ്യരെ ഒന്നിപ്പിക്കുന്ന സാമൂഹിക സാഹോദര്യവും ഇവിടെയും നിലനിന്നിട്ടുണ്ടാവണം. അവയുടെ ശേഷിപ്പുകളാവാം വേദപുരാണങ്ങളിൽ അങ്ങിങ്ങായി കാണുന്ന മാനവിക നന്മയും സ്നേഹവും വിളിച്ചോതുന്ന വാക്യങ്ങൾ. എന്നാൽ, സനാതന ധർമം പൂർണമായും ചാതുർവർണ്യത്തിലും ബ്രാഹ്മണാധിപത്യത്തിലും അധിഷ്ഠിതമാണെന്നതിന്  ഇന്ത്യയുടെ നൂറ്റാണ്ടുകളുടെ ചരിത്രം സാക്ഷിയാണ്. ആയതിനാൽ സനാതന ധർമത്തെ ഇതര മതങ്ങളുടെ കാഴ്ചപ്പാടുകൾ പോലെ എല്ലാവരും മാനിക്കണം എന്ന വാദത്തിൽ അർഥമില്ല. അത്തരം അനീതി നിറഞ്ഞ വ്യവസ്ഥകൾ  സമൂഹത്തിൽനിന്ന് ഒഴിവാകുമ്പോൾ മാത്രമേ  നീതിയും സാഹോദര്യവും മനുഷ്യസ്നേഹവും പുലരുന്ന നാളെയെക്കുറിച്ച് നമുക്ക് സ്വപ്നം കാണാനാവൂ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 15-16
ടി.കെ ഉബൈദ്

ഹദീസ്‌

ഈമാൻ കൊണ്ട് നിറയണം മനസ്സും ഹൃദയവും
നൗഷാദ് ചേനപ്പാടി