Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 29

3320

1445 റബീഉൽ അവ്വൽ 14

ഈ നോട്ടീസ് ഒരു സൂചന മാത്രം

എഡിറ്റർ

ന്യൂദൽഹി പാർലമെന്റ് സ്ട്രീറ്റിലുള്ള ജുമാ മസ്ജിദ് ഭാരവാഹികൾക്ക് കഴിഞ്ഞ ആഗസ്റ്റ് പതിനെട്ടിന് ഒരു അറിയിപ്പ് കിട്ടി. കേന്ദ്ര ഭവന- നഗര വികസന മന്ത്രാലയമാണ് അത് അയച്ചിരിക്കുന്നത്. ഉടമസ്ഥത സംബന്ധിച്ച പള്ളിയുടെ രേഖകൾ പരിശോധിക്കേണ്ടതുണ്ടെന്നും അതിനുള്ള പ്രമാണങ്ങളും മാപ്പുകളുമായി ഒരുങ്ങിയിരിക്കണമെന്നുമാണ് നോട്ടീസിലെ ഉള്ളടക്കം. 350 വർഷമായി ആ പള്ളി പാർലമെന്റ് സ്ട്രീറ്റിലുണ്ട്.  രാജഭരണങ്ങളുടെ ഉയർച്ചതാഴ്ചകൾക്കും കൊളോണിയൽ ഭരണത്തിനും സ്വാതന്ത്രൃസമര പോരാട്ടങ്ങൾക്കും സ്വാതന്ത്ര്യാനന്തരം പതിറ്റാണ്ടുകളുടെ ജനാധിപത്യ ഭരണത്തിനും സാക്ഷിയായ പള്ളി. അതിന്റെ ഉടമസ്ഥതയെക്കുറിച്ച് ഈ ദീർഘിച്ച കാലത്തിനിടക്ക് ഏതെങ്കിലും ഭരണകൂടങ്ങളോ വ്യക്തികളോ പരാതികളോ സംശയങ്ങളോ ഉന്നയിച്ചിട്ടില്ല. ഇപ്പോഴിതാ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി, നഗര വികസന മന്ത്രാലയത്തെ മുന്നിൽ നിർത്തി ചില കുത്സിത നീക്കങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നു. അതിന്റെ പിന്നിലെ ദുരുദ്ദേശ്യങ്ങളെക്കുറിച്ച് ഒരാൾക്കും അവ്യക്തത ഉണ്ടാകാനിടയില്ല. ദൽഹി യൂനിവേഴ്സിറ്റി പ്രഫസർ ഡോ. നരേന്ദർ നഗർവാൾ അത് ഇങ്ങനെ കുറിച്ചിട്ടിരിക്കുന്നു: " ജുമാ മസ്ജിദിന്റെ ഉടമസ്ഥാവകാശ സംബന്ധമായ രേഖകൾ പരിശോധിക്കാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ നീക്കം തീർത്തും നിയമ വിരുദ്ധമാണ്. പള്ളിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുളള ദുരുപദിഷ്ട നീക്കവുമാണത്. ചരിത്രമുറങ്ങുന്ന ഈ പള്ളിയുടെ സമാധാനപൂർണമായ നിൽപ്പിനെ അപകടപ്പെടുത്താനുള്ള ശ്രമങ്ങൾ സാമുദായിക മൈത്രിയെ തുരങ്കം വെക്കാൻ വേണ്ടിയുള്ളതാണ്."

    പല നിലയിൽ സംരക്ഷിക്കപ്പെടേണ്ടതാണ് പാർലമെന്റ് സ്ട്രീറ്റിലെ ആ പള്ളി. അതൊരു ചരിത്ര പൈതൃകമാണ്. ചരിത്ര പൈതൃക സംരക്ഷണമെന്നത് നമ്മുടെ ഭരണഘടന തന്നെ ഊന്നിപ്പറഞ്ഞിട്ടുള്ള കാര്യമാണ്. 51 A(f ) വകുപ്പും 49-ാം വകുപ്പുമൊക്കെ ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറയുന്നു. വഖ്ഫ് സ്വത്തിൻമേലുള്ള കൈയേറ്റമായും നിയമജ്ഞർ ഇതിനെ കാണുന്നു. കൂടാതെ 1991-ലെ ആരാധനാലയ നിയമത്തിന്റെ നഗ്നമായ ലംഘനവുമാണിത്. 1947 ആഗസ്റ്റ് 15-ന് ശേഷം ഒരു ആരാധനാലയത്തിന്റെയും സ്വഭാവവും പ്രകൃതവും മാറ്റരുതെന്നാണ് ആ നിയമം അനുശാസിക്കുന്നത്. പക്ഷേ, ആ നിയമം ഭേദഗതി ചെയ്യാനാണ് സംഘ് പരിവാർ ഇപ്പോൾ കൊണ്ടുപിടിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളെ ഭരണകൂടം തന്നെ സംശയ ദൃഷ്ടിയോടെയും മുൻവിധികളോടെയും കാണുന്ന പ്രവണത അത്യന്തം ആപൽക്കരമാണ്. പാർലമെന്റ് സ്ട്രീറ്റിലെ ജുമാ മസ്ജിദ് ഭാരവാഹികൾക്ക് ലഭിച്ച നോട്ടീസ് ഒരു സൂചന മാത്രം. ഏത് പള്ളിക്കും എപ്പോൾ വേണമെങ്കിലും ഇതുപോലുള്ള നോട്ടീസുകൾ ലഭിക്കാം. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 15-16
ടി.കെ ഉബൈദ്

ഹദീസ്‌

ഈമാൻ കൊണ്ട് നിറയണം മനസ്സും ഹൃദയവും
നൗഷാദ് ചേനപ്പാടി