Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 29

3320

1445 റബീഉൽ അവ്വൽ 14

കലിയുഗത്തിലും ആവർത്തിക്കപ്പെടുന്ന "സനാതന ധർമം'

ബശീർ ഉളിയിൽ

ബി.ജെ.പി നയിക്കുന്ന എൻ. ഡി.എ (National Democratic Alliance) ക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 2004-ല്‍ ഉണ്ടായ യു.പി.എ (United Progressive Alliance)   26 പ്രതിപക്ഷ പാർട്ടികളെ ഉൾപ്പെടുത്തി ‘ഇൻഡ്യ’ (Indian National Developmental Inclusive Alliance) യായി വിശാലപ്പെട്ടതോടെ പുതിയൊരു ‘മഹാഭാരത’ യുദ്ധത്തിന്റെ ഝണഝണ നാദമാണ്  രാഷ്ട്രീയ നഭോമണ്ഡലത്തില്‍ തിരയടിച്ചുയരുന്നത്. ‘ഇൻഡ്യ’യില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ‘ഭാരത’ത്തില്‍ അഭയം തേടിയിരിക്കുകയാണ് ‘ഹിന്ദുത്വ സാംസ്കാരിക ദേശീയത.’ ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് രാഷ്ട്രപതിഭവനില്‍നിന്ന് അയച്ച ഔദ്യോഗിക ക്ഷണക്കത്തില്‍ ഇന്ത്യന്‍ പ്രസിഡന്റ്  എന്ന പതിവ് രീതി മാറ്റി ഭാരതത്തിന്റെ പ്രസിഡന്റ് എന്ന് എഴുതിയതോടെയാണ് ‘ഇൻഡ്യ’ സഖ്യം മോദി സര്‍ക്കാറിലുണ്ടാക്കിയ ഭീതിയുടെ സാന്ദ്രത വെളിപ്പെട്ടത്.

ഇന്ത്യയ്ക്ക് ‘ഭാരതം’ എന്ന പേര് കൂടി ഉണ്ട് എന്നതിനാല്‍ മേൽപറഞ്ഞ കത്തില്‍ നിയമപരമായി തെറ്റൊന്നുമില്ല. ഭരണഘടനയില്‍ ഒരേയൊരിടത്തെങ്കിലും ഭാരതം എന്ന് പ്രയോഗിച്ചിട്ടുമുണ്ട്. അതാകട്ടെ ഭരണഘടനാ രൂപവത്കരണ ഘട്ടത്തില്‍ എച്ച്.വി കമ്മത്തിനെ പോലുള്ള വലതുപക്ഷ പ്രതിനിധികളുടെ ആവശ്യപ്രകാരമായിരുന്നു. അംബേദ്കര്‍ അതിനെ ശക്തമായി എതിർത്തെങ്കിലും, അഭിപ്രായ സമന്വയം എന്ന നിലയ്ക്ക് ഭരണഘടനയുടെ ഒന്നാം അനുച്ഛേദത്തിൽ ‘ഇന്ത്യ, അതായത് ഭാരതം സംസ്ഥാനങ്ങളുടെ യൂനിയന്‍ ആയിരിക്കും’ എന്ന് എഴുതിച്ചേര്‍ത്തു. പ്രതിപക്ഷ സഖ്യം ‘ഇൻഡ്യ’ ആയതോടെ  പേര് ‘ഭാരത്’ എന്ന് മാത്രമാക്കണം എന്നാണ് ഇപ്പോള്‍ അധികാരത്തിലുള്ള വലതുപക്ഷത്തിന്റെ വാദം. അത്തരമൊരു കടുത്ത നീക്കത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ‘ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്, ഇന്ത്യന്‍ മുജാഹിദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ’ തുടങ്ങിയ ‘ദേശദ്രോഹ’ ക്കൂട്ടങ്ങളിലെ ‘ഇന്ത്യ’ തന്നെയാണിത് എന്ന് പ്രധാനമന്ത്രി തന്നെയാണ് ആദ്യം ഗാണ്ഡീവം കുലച്ചത്. ആ ശബ്ദത്തില്‍ ‘ഭാരത’ത്തിന്റെ ദിഗന്തങ്ങള്‍ കുലുങ്ങി. പിന്നാലെ ‘ഹിന്ദുത്വ’യുടെ സകല സന്നാഹങ്ങളും പാഞ്ചജന്യം മുഴക്കി യുദ്ധ സജ്ജരായി. “ഭാരതം എന്ന പേര് പൗരാണിക കാലം മുതൽ രാജ്യത്തിന്റെ സ്വത്വത്തിന്റെ അവിഭാജ്യ ഘടക”മാണെന്ന് സാക്ഷാല്‍ മോഹൻ ഭാഗവത് (India Today 1-9-2023) തന്നെ  വിളംബരിച്ചു. ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ‘പേര് മാറ്റം’ ചര്‍ച്ചയാവുമെന്ന് വാര്‍ത്തയുമുണ്ട്.

മിത്തുകളില്‍ യാഥാർഥ്യങ്ങളെ പടുത്തുയര്‍ത്തി ‘നവഭാരത’ത്തെ നിര്‍മിക്കാന്‍ ശിലാന്യാസം നടത്തുന്ന പരിവാരത്തിന്  ‘മഹാഭാരത’ത്തില്‍ പരാമര്‍ശിക്കപ്പെട്ട ‘ഭരത ചക്രവര്‍ത്തി’യാണ് പേരുമാറ്റത്തിന് പ്രചോദനം.  ‘ഉഭയ സമ്മത’ പ്രകാരം ദുഷ്യന്തന് ശകുന്തളയില്‍ പിറന്ന പുത്രനാണ് പിൽക്കാലത്ത് ആസേതുഹിമാചലം ഭരിച്ച ഭരത ചക്രവര്‍ത്തിയായത് എന്നാണ് ഐതിഹ്യം. “സമുദ്രത്തിനു വടക്കും മഞ്ഞുമലകള്‍ക്ക് തെക്കും സ്ഥിതി ചെയ്യുന്ന രാജ്യമാണ് ഭാരതം. അവിടെ ഭരതന്റെ സന്തതികള്‍ വസിക്കുന്നു” (വിഷ്ണു പുരാണം 2.3.1) എന്ന മിത്തില്‍ തന്നെ ‘ഭാരത വര്‍ഷം’ എന്നത് ഒരു ഗോത്രം മാത്രമാണെന്ന് വ്യക്തമാകുന്നുണ്ട്. “ഭാരത വര്‍ഷം ഒരു ബ്രാഹ്മണകുലം മാത്രമാണ്. ഇന്ത്യയുടെ ഭൂപരതയെയോ വൈവിധ്യപരതയെയോ അത് ഉള്‍ക്കൊള്ളുന്നില്ല” (കെ.കെ ബാബു രാജ് – മാധ്യമം 19-9-2023).

ആര്യപ്രോക്തമായ ഈ ‘നവ ഭാരതയുദ്ധ’ സന്നാഹങ്ങള്‍ക്കിടയിലാണ് മഹാഭാരതത്തിന്റെ അടിയാധാരമായ ‘സനാതന ധര്‍മ'ത്തിനെതിരെ ദ്രാവിഡ ദേശത്ത് നിന്ന് ഓര്‍ക്കാപുറത്ത്  ഒരു ഏറുപടക്കം പൊട്ടിയത്. തമിഴ്്നാട് യുവജന ക്ഷേമ മന്ത്രിയും മുഖ്യമന്ത്രി സ്റ്റാലിന്റെ മകനുമായ ഉദയനിധിയാണ്, സാമൂഹിക നീതിക്കും തുല്യതയ്ക്കും എതിര് നിൽക്കുന്ന സനാതന ധർമം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമായതിനാല്‍ അതിനെ എതിര്‍ത്താല്‍ മാത്രം പോരാ,  ഉന്മൂലനം ചെയ്യണം (മാതൃഭൂമി 3-9-2023) എന്ന് പൊട്ടിത്തെറിച്ചത്. സ്വാഭാവികമായും സംഘ് പരിവാരം കാടിളക്കി വന്നു. ഡി.എം.കെയുടെ ഈ ‘വംശഹത്യാ ആഹ്വാന’ത്തിനെതിരെ ബി.ജെ.പി വക്താവ് അമിത് മാളവ്യയും   (news 18 -4-9-23) ഉദയനിധിയുടെ തലക്ക് 10 കോടി ഇനാം പ്രഖ്യാപിച്ചുകൊണ്ട് അയോധ്യയിലെ ജഗദ്ഗുരു പരമഹൻസ് ആചാര്യയും ആദ്യ എതിര്‍ വെടികള്‍ ഉതിര്‍ത്തു.

ശാശ്വതമായത് എന്നാണ് ‘സനാതനം’  എന്നതിന്റെ അര്‍ഥം.  അഥവാ ‘സനാതന ധര്‍മ’ത്തിലെ മൂല്യങ്ങള്‍ ശാശ്വതവും മാറ്റങ്ങള്‍ക്ക് വിധേയമാകാത്തതുമാണ്. ‘എല്ലാ ഹിന്ദുക്കള്‍ക്കും ബാധകമായ മതപരമായ ആചാരങ്ങള്‍’ എന്നാണ് ‘സനാതന’ത്തിന് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക നല്‍കുന്ന നിര്‍വചനം. ചാതുര്‍വര്‍ണ്യം ‘സനാതന ധര്‍മ’ത്തിന്റെ അവിച്ഛിന്ന ഘടകമാണ്. മനുഷ്യരെ ഉന്നതരും നീചരുമായ നാല് തട്ടുകളാക്കി സൃഷ്ടിച്ചത് ദൈവം ആയതുകൊണ്ട് (ചാതുര്‍വര്‍ണ്യം മയാസൃഷ്ടം) ജാതിവ്യവസ്ഥ ശാശ്വതമായ സനാതന സത്യമാണ്.  നവ ഹൈന്ദവത എത്രതന്നെ ‘ഗുണകര്‍മ വിഭാഗശഃ’യാക്കി ‘മോഡിഫൈ’ ചെയ്ത് നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരെ സനാതനപ്പട്ട് ഉടുപ്പിച്ചാലും ആദിവാസിയായ പ്രസിഡന്റ് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്‌താല്‍ ‘സനാതന ധര്‍മ’മനുസരിച്ച് ‘ധര്‍മച്യുതി’ സംഭവിക്കുക തന്നെ ചെയ്യും. പുതിയ പാര്‍ലമെന്റ് മന്ദിരം ഗണേശ ചതുര്‍ഥി ദിനത്തില്‍ ഉദ്ഘാടിച്ചതും ‘സനാതന’ ധര്‍മം അനുസരിച്ചാണ്. വര്‍ണ ധര്‍മമനുസരിച്ച് മേല്‍തട്ടിലുള്ള സവര്‍ണ വിഭാഗങ്ങള്‍ക്ക് വേണ്ടി  ദാസ്യപ്പണി ചെയ്യിക്കാന്‍ ത്രേതായുഗത്തില്‍  പ്രയോഗിച്ച ബ്രാഹ്മണ തന്ത്രങ്ങള്‍ ഈ കലിയുഗത്തിലും തുടരുകയാണ്.

ശ്രീരാമന്റെ ഭരണകാലത്ത് ‘അകാലത്തി’ല്‍ മരിച്ച ഒരു  ബ്രാഹ്മണബാലന്റെ കഥയുണ്ട് രാമായണത്തിന്റെ ഉത്തര കാണ്ഡത്തില്‍. ‘ലോകാസമസ്തഃ സുഖിനോ ഭവന്തു’ വെച്ച് ഒരിക്കലും സംഭവിക്കാന്‍  പാടില്ലാത്തതാണ് ബ്രാഹ്മണന്റെ അകാല മരണം. നാട്ടിലെ ‘ധര്‍മച്യുതി’ ആയിരുന്നുവത്രേ മരണ കാരണം. കാട്ടിലെ ഒരു മരക്കൊമ്പില്‍ തലകീഴായി കിടന്നും ധൂമ്രപാനം ചെയ്തും ശംബുകന്‍ എന്ന ശുദ്ര മുനി കഠിന തപസ്സ് ചെയ്തതാണ് അന്വേഷണത്തില്‍ കണ്ടെത്തിയ ‘ച്യുതി’. സനാതന ധര്‍മത്തില്‍ ശൂദ്രന് തപസ്സ് ചെയ്യാന്‍ അവകാശമില്ലാതിരിക്കെ ധര്‍മം ലംഘിച്ചു അത് ചെയ്ത ശംബുകനെ വധിച്ചുകൊണ്ടാണ് ഒടുവില്‍ ശ്രീരാമചന്ദ്രന്‍ രാജ്യത്ത് ധര്‍മം പുനഃസ്ഥാപിച്ചത്;  പാണ്ഡവ പക്ഷത്തായിരുന്നിട്ടും ‘ഘടോല്‍കചന്‍’ കര്‍ണനാല്‍ വധിക്കപ്പെട്ടതും. താഴ്ന്ന ജാതിക്കാര്‍ക്ക് നിഷേധിക്കപ്പെട്ട ആയോധന കല അഭ്യസിച്ചതിന് ഏകലവ്യന്റെ പെരുവിരല്‍ ഛേദിക്കപ്പെട്ടതും ഇതേ സനാതന ധര്‍മത്തിന്റെ അടിസ്ഥാനത്തിലാണ്. കഴിഞ്ഞ ദിവസം ഒരു ക്ഷേത്ര ചടങ്ങിനിടെ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് അയിത്തം നേരിട്ടതും (മാധ്യമം 19-9-2023) ‘സനാതനം’ ‘പ്രബുദ്ധ കേരള’ത്തില്‍ പോലും ‘ലൈവില്‍’ നില്‍ക്കുന്നു എന്നതിനുള്ള തെളിവാണ്. ചിത്പവൻ ബ്രാഹ്മണര്‍ മാത്രം സംഘ ചാലകരാകുന്ന ആർ.എസ്.എസ് നയിക്കുന്ന നവഭാരതത്തില്‍ ‘ധര്‍മ സംസ്ഥാപനാര്‍ഥായ'    അഴിഞ്ഞാടുന്ന ഗോരക്ഷകരും  ബോംബ്‌ നിര്‍മാണ ബലിദാനികളുമെല്ലാം ‘അസുര’ – ചണ്ഡാല വര്‍ഗങ്ങളില്‍ പെട്ടവര്‍ മാത്രമാകുന്നതും ‘സനാതനാര്‍ഥായ’ തന്നെ. ധര്‍മയുദ്ധം ജയിച്ചുകഴിഞ്ഞാല്‍ പിന്നെ അവരുടെ സ്ഥാനം ‘കാലസൂത്രം’ എന്ന ജഹന്നമില്‍ ആയിരിക്കുമെന്നതിനു ഇതിഹാസങ്ങള്‍ സാക്ഷി! സാക്ഷാല്‍ മഹാഭാരതത്തില്‍ തന്നെ ഇതിനു മാതൃകകളുണ്ട്.  സനാതന ധര്‍മത്തെ പ്രതിനിധാനം ചെയ്യുന്ന അഞ്ച് വില്ലാളി വീരന്മാരും (പഞ്ച പാണ്ഡവന്മാര്‍) ‘അധര്‍മ’ത്തെ പ്രതിനിധാനം ചെയ്യുന്ന നൂറു പേരും (കൗരവര്‍) തമ്മിലുള്ള ഐതിഹാസികമായ യുദ്ധമാണ് കുരുക്ഷേത്ര യുദ്ധം. കൗരവപ്പടയുടെ പിതാവായ ധൃതരാഷ്ട്രര്‍ക്ക് സുഗത എന്ന അന്തപ്പുര ദാസിയായ വൈശ്യസ്ത്രീയില്‍ ജനിച്ച പുത്രനാണ്  യുയുത്സു. പക്ഷേ, ‘മഹാഭാരത’ത്തില്‍ ഒരിടത്തും കൗരവരിലെ നൂറു പേരിലും പാണ്ഡവരിലെ അഞ്ചിലും രേഖപ്പെടുത്തപ്പെടാതെ പോയ പേരാണ് യുയുത്സുവിന്റെത്. നൂറ്റിയൊന്നാം കൗരവനായ ഈ യുയുത്സുവാണ്  കുരുക്ഷേത്ര യുദ്ധത്തിൽ ജീവനോടെ ശേഷിച്ച ഏക ധൃതരാഷ്ട്ര പുത്രന്‍! കുരുക്ഷേത്ര യുദ്ധത്തിന് ശംഖ് മുഴങ്ങിയപ്പോള്‍  പഞ്ച പാണ്ഡവരിലെ മൂത്തയാളായ യുധിഷ്ഠിരൻ, ‘ധര്‍മ പക്ഷ’ത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്വാഗതം എന്നോതിയപ്പോള്‍ ‘ഞാനുണ്ട് ജ്യേഷ്ഠാ പാണ്ഡവ പക്ഷത്തേക്ക്' എന്ന് പറഞ്ഞു കൗരവ്യത്തിന്റെ കുടുംബബന്ധങ്ങൾ ഉപേക്ഷിച്ചു  കടന്നുവന്ന ധീര സേനാനി. ഭീമ സേനന്റെ ജീവന്‍ രക്ഷിച്ച പോരാളി. എന്നിട്ടും യുയുത്സുവിന്റെ പേര്  ഇതിഹാസത്തില്‍നിന്ന് തമസ്കരിക്കപ്പെട്ടു. ‘ആസുരീം യോനിമാപന്നാ മൂഡാ ജന്മനി’ (ആസുരമായ ഗര്‍ഭ പാത്രങ്ങളില്‍ പിറന്നവര്‍ എന്നെ പ്രാപിക്കുന്നില്ല- ഭഗവത് ഗീത 16:20) എന്നതിനാല്‍ ഇപ്പോഴും അത്തരക്കാരുടെ സ്ഥാനം സനാതന ധര്‍മത്തിന്റെ അന്തര്‍ മണ്ഡപത്തിലെ പ്രദക്ഷിണപഥത്തിനു പുറത്തു തന്നെയാണ്. ഇന്ത്യയുടെ പ്രഥമ പൗര ആയിട്ടും ദ്രൗപതി മുര്‍മു പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങുകളില്‍നിന്ന് അയിത്തപ്പെട്ടു മാറ്റിനിര്‍ത്തപ്പെട്ടതും ഇതുകൊണ്ടുതന്നെ.  ദ്വാപരയുഗത്തിലെ ഹസ്തിനപുരി രാജ സഭയില്‍ പണ്ട് വസ്ത്രാക്ഷേപം ചെയ്യപെട്ട പാഞ്ചാലി (ദ്രൗപതി) കലിയുഗത്തിലും ആവര്‍ത്തിക്കപ്പെടുന്നത് ‘സനാതന ധര്‍മം’ ശാശ്വത സത്യമായതുകൊണ്ടാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 15-16
ടി.കെ ഉബൈദ്

ഹദീസ്‌

ഈമാൻ കൊണ്ട് നിറയണം മനസ്സും ഹൃദയവും
നൗഷാദ് ചേനപ്പാടി