Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 29

3320

1445 റബീഉൽ അവ്വൽ 14

ഇസ്ലാമിക് ബാങ്ക് ഇനി റഷ്യയിലും

അബൂസ്വാലിഹ

ഇതാദ്യമായി റഷ്യന്‍ ഭരണകൂടം ഇസ് ലാമിക് ബാങ്കിംഗിന് തുടക്കം കുറിക്കാന്‍ പോകുന്നു. ഇതിന്റെ ഭാഗമായി രണ്ട് വര്‍ഷത്തെ സാധ്യതാ പഠനങ്ങള്‍ (Two-year Pilot Programme) ക്ക് സെപ്റ്റംബര്‍ ഒന്നിന് ആരംഭമായി. രണ്ടര കോടി മുസ് ലിംകളുള്ള റഷ്യയില്‍ നേരത്തെ തന്നെ പല സ്വഭാവത്തിലുള്ള ഇസ് ലാമിക സാമ്പത്തിക സ്ഥാപനങ്ങളും സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. രാജ്യം ഈ സംവിധാനത്തിന് നിയമപരമായ അംഗീകാരം നല്‍കുന്നത് ഇതാദ്യമായാണ്. നിയമാംഗീകാരം നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ കഴിഞ്ഞ ആഗസ്റ്റ് നാലിനാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ ഒപ്പുവെച്ചത്.

ഇസ്്ലാമിക് ബാങ്കിംഗിന്റെ ആദ്യസാധ്യതാ പഠനങ്ങള്‍ നടക്കുക റഷ്യയിലെ മുസ്്ലിം ഭൂരിപക്ഷ റിപ്പബ്ലിക്കുകളായ തതാര്‍സ്താന്‍, ബശ്‌കോര്‍സ്താന്‍ (ബശ്കീരിയ), ചെച്‌നിയ, ദാഗിസ്താന്‍ എന്നിവിടങ്ങളിലാണ്. സ്വകാര്യ മേഖലയില്‍ നേരത്തെ തന്നെ ഇസ്്ലാമിക സാമ്പത്തിക സ്ഥാപനങ്ങളുള്ള ഈ നാല് റിപ്പബ്ലിക്കുകളിലും പലിശ രഹിത സമ്പദ് ഘടന വിജയകരമാണെന്ന് തെളിഞ്ഞാല്‍ രാജ്യത്തിന്റെ മറ്റിടങ്ങളിലേക്കും പരീക്ഷണം വ്യാപിപ്പിക്കും.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വായ്പ നല്‍കുന്ന Sberbank ന്റെ വൈസ് പ്രസിഡന്റായ ഒലെഗ് ഗനീവ് പറയുന്നത്, 40 ശതമാനം വളര്‍ച്ച കാണിക്കുകയും 2025-ഓടെ മൂല്യം 7.7 ട്രില്യന്‍ അമേരിക്കന്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്ന പലിശ രഹിത സമ്പദ് ഘടനയെ ഇനിയാര്‍ക്കും അവഗണിക്കാന്‍ കഴിയില്ല എന്നാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ പല പലിശ സഹിത പരമ്പരാഗത ബാങ്കുകളും തകര്‍ന്നടിഞ്ഞപ്പോള്‍ ഇസ് ലാമിക് ബാങ്കുകള്‍ വെല്ലുവിളികളെ മറികടന്നു. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പാശ്ചാത്യ രാഷ്ട്രങ്ങളുടെ സാമ്പത്തിക ഉപരോധം നേരിടുന്ന റഷ്യക്ക് പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ സഹായമുറപ്പിക്കാന്‍ ഈ നീക്കം വഴിയൊരുക്കുമെന്നും പ്രസിഡന്റ് പുടിന്‍ കണക്കു കൂട്ടുന്നുണ്ടാവണം. 

 

 മതസ്ഥാപനങ്ങളുടെ സംരക്ഷണത്തിന്

ആസ്‌ത്രേലിയയില്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസ്, ആരാധനാസ്ഥാനങ്ങളുടെ സംരക്ഷണാര്‍ഥം ഗ്രാന്റ് നല്‍കാന്‍ (Securing Faith- Based Places grant) തീരുമാനിച്ചിരിക്കുന്നു. 25,000 മുതല്‍ 50,000 വരെ ഡോളര്‍ ഗ്രാന്റായി ലഭിക്കും. ആരാധനാലയങ്ങള്‍ക്കും മറ്റു മതസ്ഥാപനങ്ങള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്ഥാപനാധികാരികള്‍ തന്നെ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാണ് ഈ തുക വിനിയോഗിക്കേണ്ടത്. മസ്ജിദുകളും ഇസ്്ലാമിക് സ്‌കൂളുകളും ഇത്തരത്തില്‍ ഭീഷണി നേരിടുന്നുണ്ടെങ്കില്‍ ഫണ്ടിന് അപേക്ഷിക്കണമെന്ന് അവയുടെ ഭാരവാഹികളോട് ഭരണകൂടം പ്രത്യേകം അഭ്യര്‍ഥിച്ചിട്ടുണ്ട്. 

 

 'രാജസ്ഥാന്‍ മിഷന്‍ 2030'

അടുത്ത ഏഴ് വര്‍ഷത്തിനകം രാജസ്ഥാനെ ഇന്ത്യയിലെ ഏറ്റവും വികസിത സംസ്ഥാനങ്ങളിലൊന്നായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന പദ്ധതിയായിരിക്കും ഇതെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്്‌ലോട്ട് ഉറപ്പ് നല്‍കിയിട്ടുണ്ട്. വിവിധ ജനവിഭാഗങ്ങളില്‍നിന്ന് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിക്കുകയാണ് ഇതിന്റെ ആദ്യപടി. ഇതിന്റെ ഭാഗമായി ന്യൂനപക്ഷ ക്ഷേമവകുപ്പ് ജയ്പൂരില്‍ വിവിധ മതന്യൂനപക്ഷ പ്രതിനിധികളെ ക്ഷണിച്ചു വരുത്തി നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയുണ്ടായി. അടുത്ത ഡിസംബറില്‍ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുസ് ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ വോട്ട് ഉറപ്പിക്കാനുള്ള നീക്കമായും ഇത് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഒമ്പത് ശതമാനമാണ് രാജസ്ഥാനിലെ മുസ് ലിം ജനസംഖ്യ. സംസ്ഥാനത്തെ 200 നിയമസഭാ മണ്ഡലങ്ങളില്‍ 40 സീറ്റുകളില്‍ അവരുടെ വോട്ട് നിര്‍ണായകമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ നാല്‍പ്പതില്‍ 33 സീറ്റും കോണ്‍ഗ്രസിനാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിര്‍ത്തിയ 15 മുസ്്ലിം സ്ഥാനാര്‍ഥികളില്‍ ഏഴ് പേര്‍ വിജയിച്ചിരുന്നു. മുസ് ലിം നേതാക്കളും ജനപ്രതിനിധികളും ചേര്‍ന്ന് സംസ്ഥാനത്ത് സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കാതലായ പല നിര്‍ദേശങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. രാജസ്ഥാന്‍ ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായ വി.ജെ പാല്‍, ക്രിസ്ത്യന്‍ മാനേജ്‌മെന്റ് നടത്തുന്ന സ്‌കൂളുകളും ആശുപത്രികളും സംഘ് പരിവാര്‍ കക്ഷികളില്‍നിന്ന് ഭീഷണി നേരിടുന്നുണ്ടെന്നും അതിനാല്‍ അവയെ സംരക്ഷിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നും  ആവശ്യപ്പെട്ടു. 

 

  "അബായ' നിരോധത്തിന്റെ മറവില്‍

ഫ്രഞ്ച് സ്‌കൂളുകളില്‍ ഇനിമേല്‍ അബായ /അബാഅ (മുസ്്ലിം കുട്ടികള്‍ അണിഞ്ഞുവരാറുള്ള അയഞ്ഞ നീളന്‍ വസ്ത്രം) പാടില്ലെന്ന് ഫ്രഞ്ച് ഗവണ്‍മെന്റിന്റെ ഉത്തരവ്. പുതിയ അധ്യയനവര്‍ഷം മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വന്നത്. വിലക്കുണ്ടായിട്ടും 12 മില്യന്‍ വിദ്യാര്‍ഥികളില്‍ 298 പേര്‍ അബായ ധരിച്ചു വന്നുവെന്നും 67 പേര്‍ അത് ഊരിവെക്കാന്‍ വിസമ്മതിച്ചുവെന്നും വിദ്യാഭ്യാസമന്ത്രി ഗബ്രിയേല്‍ അത്താല്‍ പറഞ്ഞു. മീഡിയയില്‍ അത് വലിയ ചര്‍ച്ചയുമാണ്. അധ്യാപകരുടെ കുറവ്, കുട്ടികളെ കുത്തിനിറച്ച ക്ലാസ് റൂമുകള്‍ തുടങ്ങി വിദ്യാഭ്യാസ രംഗത്തെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ മറച്ചുവെക്കാനാണ് അബായ നിരോധം പോലുള്ള വിവാദ വിഷയങ്ങള്‍ കുത്തിപ്പൊക്കുന്നതെന്നാണ് ട്രേഡ് യൂനിയന്‍ നേതാക്കളുടെ വിമര്‍ശം. 

 

  ബി.ജെ.പിയെ കൈവിട്ട്  "പസ്മാന്ദകള്‍'

ഉത്തർ ‍പ്രദേശിലെ ഘോസി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തോല്‍വി. ഇടക്കാല തെരഞ്ഞെടുപ്പിൽ സമാജ് വാദി പാര്‍ട്ടിയിലെ സുധാകര്‍ സിംഗ് ഒന്നേകാല്‍ ലക്ഷത്തിലധികം വോട്ട് നേടി ജയിച്ചപ്പോള്‍ ബി.ജെ.പിയിലെ ദാരാസിംഗ് ചൗഹാന് എണ്‍പത്തിയൊന്നായിരം വോട്ടേ നേടാനായുള്ളൂ. പസ്മാന്ദകളുടെ/അധഃസ്ഥിത മുസ്്ലിം വിഭാഗങ്ങളുടെ പേര് പറഞ്ഞ് മുസ്്ലിം വോട്ട് ശിഥിലമാക്കാമെന്നായിരുന്നു ബി.ജെ.പിയുടെ കണക്ക് കൂട്ടല്‍. തൊണ്ണൂറായിരം മുസ്്ലിം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ എഴുപതിനായിരവും പസ്മാന്ദകളാണെന്ന് ബി.ജെ.പി കണക്ക് കൂട്ടി. ആ വോട്ട് വിഹിതം കിട്ടിയാല്‍ തങ്ങള്‍ ജയിക്കുമെന്നും ഉറപ്പിച്ചു. അതിനു വേണ്ട കാര്‍ഡുകളും ഇറക്കി. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മുസ് ലിം വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ലെന്ന് വ്യക്തമായി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 15-16
ടി.കെ ഉബൈദ്

ഹദീസ്‌

ഈമാൻ കൊണ്ട് നിറയണം മനസ്സും ഹൃദയവും
നൗഷാദ് ചേനപ്പാടി