Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 29

3320

1445 റബീഉൽ അവ്വൽ 14

ലിബിയന്‍ ദുരന്തത്തിന്റെ അടിവേരുകള്‍ തേടുമ്പോള്‍

പി.കെ നിയാസ്

യുദ്ധങ്ങളും കൂട്ടക്കൊലകളും പ്രകൃതി ദുരന്തങ്ങളും പലായനങ്ങളും വാര്‍ത്തകളില്‍ ഒതുങ്ങുകയും അവയ്ക്ക് പരിഹാരം കാണേണ്ട ഭരണകൂടങ്ങള്‍ നിസ്സംഗത പാലിക്കുകയും ചെയ്യുന്ന കാലമാണിത്. സെപ്റ്റംബര്‍ എട്ടിന് മൊറോക്കോയിലെ മറാക്കിഷ് നഗരത്തില്‍നിന്ന് 70 കിലോ മീറ്റര്‍ അകലെ ഹൈ അറ്റ്‌ലസ് (അല്‍ അത്വ്്ലസ് അല്‍ കബീര്‍) പര്‍വത നിരകളിലുണ്ടായ ഭൂകമ്പത്തില്‍ മൂവായിരത്തിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട് മൂന്നു ദിവസം തികയുന്നതിനു മുമ്പാണ്, കനത്ത വെള്ളപ്പൊക്കത്തില്‍ അണക്കെട്ടുകള്‍ തകര്‍ന്ന് ലിബിയയിലെ ദര്‍നയില്‍ പതിനൊന്നായിരത്തോളം പേര്‍ മരിക്കുകയും മുപ്പതിനായിരത്തോളം പേരെ കാണാതാവുകയും ചെയ്തത്. മരണസംഖ്യ ഇരുപതിനായിരം കടക്കുമെന്നാണ് പറയപ്പെടുന്നത്.

ഗ്രീസ് ഉള്‍പ്പെടെയുള്ള മെഡിറ്ററേനിയന്‍ രാജ്യങ്ങളില്‍ വീശിയടിച്ച 'ഡാനിയല്‍' ചുഴലിക്കാറ്റാണ് ലിബിയന്‍ തീരങ്ങളെയും ബാധിച്ചത്. കാറ്റും അതിശക്തമായ മഴയും പല രാജ്യങ്ങളിലും നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയെങ്കിലും ലിബിയയില്‍ അത് കനത്ത ആള്‍നാശത്തിന് ഇടയാക്കാന്‍ കാരണം ദര്‍നയിലെ രണ്ട് അണക്കെട്ടുകളുടെ തകര്‍ച്ചയാണ്. തിമര്‍ത്തു പെയ്ത മഴ കനത്ത വെള്ളപ്പൊക്കത്തിന് വഴിവെച്ചപ്പോള്‍ സമ്മര്‍ദം താങ്ങാനാവാതെ ഇരു അണക്കെട്ടുകളും തകര്‍ന്നു. നിരവധിയാളുകള്‍ മെഡിറ്ററേനിയന്‍ കടലില്‍ ഒലിച്ചുപോയി. നൂറു കണക്കിന് കെട്ടിടങ്ങള്‍ നിലംപരിശായി. പാലങ്ങള്‍ ഒലിച്ചുപോയി. ദര്‍നയുടെ പല ഭാഗങ്ങളും മണ്ണിനടിയിലായതോടെ നഗരത്തിന്റെ നാലിലൊന്ന് ഇല്ലാതായി.

ഖദ്ദാഫിക്കുശേഷം ദുരിതം

ജനകീയ പ്രക്ഷോഭവും നാറ്റോ സൈന്യത്തിന്റെ ഇടപെടലുമാണ് നാല് പതിറ്റാണ്ട് നീണ്ട കേണൽ മുഅമ്മർ ഖദ്ദാഫിയുടെ ഏകാധിപത്യ ഭരണകൂടത്തെ 2011-ല്‍ പിഴുതെറിഞ്ഞത്. അന്നുതൊട്ട് ലിബിയന്‍ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്ന അനേകം പ്രതിസന്ധികളില്‍ ഒടുവിലത്തേതാണ് ഭീകരമായ പ്രകൃതിദുരന്തത്തിന്റെ രൂപത്തില്‍ ഉണ്ടായിരിക്കുന്നത്. മനുഷ്യബുദ്ധി എത്ര വികാസം പ്രാപിച്ചാലും പ്രകൃതിദുരന്തങ്ങള്‍ തടയാന്‍ കഴിയില്ലെങ്കിലും അവയുടെ വ്യാപ്തിയും ആള്‍നാശവും കുറയ്ക്കാന്‍ ഫലപ്രദമായ മുന്‍കൂര്‍ നടപടികളിലൂടെ സാധിക്കും. ഇക്കാര്യത്തില്‍ ഒരു കേസ് സ്റ്റഡിക്ക് വകുപ്പുള്ള രാജ്യമാണ് ലിബിയ. നാല്‍പത്തിരണ്ടു വര്‍ഷം തെരഞ്ഞെടുപ്പ് നടത്താതെ ഖദ്ദാഫി ഭരിച്ചപ്പോള്‍ അവകാശപ്പെടാനുണ്ടായിരുന്ന നേട്ടങ്ങൾ പോലും അദ്ദേഹം കൊല്ലപ്പെട്ട് പന്ത്രണ്ട് വര്‍ഷത്തിനിടയില്‍ പില്‍ക്കാല ഭരണാധികാരികള്‍ നശിപ്പിച്ചു. മനുഷ്യജീവിതം ഏറെ ദുസ്സഹമായ പ്രദേശങ്ങളിലൊന്നായി മാറിയിരിക്കുന്നു ആ രാജ്യം.

ഖദ്ദാഫിയുടെ അന്ത്യത്തിനുശേഷം ജനകീയ സര്‍ക്കാറിനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ തന്നെ (2011 മുതല്‍ 2014 വരെ) രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച ആശങ്കള്‍ ഉയര്‍ന്നിരുന്നു. 2014-ല്‍ ആഭ്യന്തര യുദ്ധത്തിലേക്ക് രാജ്യം എടുത്തെറിയപ്പെട്ടതോടെ സ്ഥിതി രൂക്ഷമായി. ട്രിപ്പോളി ആസ്ഥാനമായുള്ള സഖ്യസര്‍ക്കാറിനെതിരെ യുദ്ധഭീകരന്‍ ഖലീഫ ഹഫ്തറിന്റെ നേതൃത്വത്തില്‍ ബിന്‍ഗാസി കേന്ദ്രീകരിച്ച് ലിബിയന്‍ നാഷനല്‍ ആര്‍മി നടത്തിയ ആക്രമണങ്ങള്‍ രാജ്യത്തെ തകര്‍ത്തു തരിപ്പണമാക്കി. റോഡുകളും പാലങ്ങളും വീടുകളും സര്‍ക്കാര്‍ കെട്ടിടങ്ങളുമൊക്കെ ബോംബിംഗില്‍ തകര്‍ന്നു. 2020-ല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നെങ്കിലും രൂക്ഷമായിരുന്നു ആഘാതം.
ഇപ്പോള്‍ ദുരന്തം പിടികൂടിയ ദര്‍ന, ആഭ്യന്തര കലാപം രൂക്ഷമായ 2014-ല്‍ കുറച്ചുകാലം ഇസ്്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്) നിയന്ത്രണത്തിലായിരുന്നു. പ്രാദേശിക പോരാളികള്‍ ഐ.എസിനെ പരാജയപ്പെടുത്തിയെങ്കിലും ഹഫ്തറിന്റെ അധികാരത്തിനു കീഴിലായതോടെ അവിടത്തെ ജനങ്ങളെ സംശയദൃഷ്ടിയോടെയാണ് ഭരണകൂടം കാണുന്നത്. നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ ദര്‍നയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഖദ്ദാഫിക്ക് കീഴില്‍ അനുഭവിച്ചതിനെക്കാള്‍ പ്രയാസങ്ങളാണ് ലിബിയന്‍ ജനത കഴിഞ്ഞ ഒരു പതിറ്റാണ്ടായി നേരിട്ടുകൊണ്ടിരിക്കുന്നത്. ഒരു രാജ്യം രണ്ടു സര്‍ക്കാറുകള്‍ ഭരിക്കുന്നതിന്റെ ദുരന്തം ഊഹിക്കാവുന്നതേയുള്ളൂ. സിറിയയില്‍ ആഭ്യന്തര യുദ്ധകാലത്തും യമനില്‍ ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത്, വലുപ്പത്തില്‍ ആഫ്രിക്കയിലെ നാലാമത്തെയും ലോകത്തിലെ പതിനാറാമത്തെയും രാജ്യമായ ലിബിയയിലാകുമ്പോള്‍ തീക്ഷ്ണതയേറും. 

ഖദ്ദാഫിയുടെ ഭരണത്തില്‍ ജനങ്ങള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഏതൊരു വികസിത രാജ്യത്തോടും ലിബിയ കിടപിടിക്കുമായിരുന്നുവെന്ന് ഗാര്‍ഡിയന്‍ പത്രത്തിന്റെ മുതിര്‍ന്ന ഇന്റര്‍നാഷനല്‍ റിപ്പോര്‍ട്ടര്‍ പീറ്റര്‍ ബോമോണ്ട് പറയുന്നു. 2011-ലെ ആഭ്യന്തര യുദ്ധത്തിനുശേഷം മിലീഷ്യകള്‍ രാജ്യത്തെ നശിപ്പിച്ചുവെന്നാണ് ഖദ്ദാഫി സ്ഥാനഭ്രഷ്ടനാവുന്ന സമയത്ത് ലിബിയയില്‍ പ്രവര്‍ത്തിച്ചിരുന്ന പീറ്റര്‍ പറയുന്നത്.

ഖദ്ദാഫിയുടെ മരണശേഷം 2014-ല്‍ ലിബിയയില്‍ തെരഞ്ഞെടുപ്പ് നടന്നെങ്കിലും ആയുധധാരികളായ മിലീഷ്യകള്‍ പാര്‍ലമെന്റ് കൈയേറുന്നതിലാണ് കലാശിച്ചത്. ഇസ്്ലാമിസ്റ്റുകള്‍ ഭരണം പിടിച്ചടക്കുന്നുവെന്ന് ആരോപിച്ച് ബിന്‍ഗാസി ഉള്‍പ്പെടെ പ്രധാന നഗരങ്ങള്‍ കൈയടക്കിയ ഖലീഫ ഹഫ്തറിന്റെ നീക്കങ്ങള്‍ നാറ്റോയും യു.എന്നും പ്രോല്‍സാഹിപ്പിക്കുകയായിരുന്നു. ഹഫ്തറിന്റെ നേതൃത്വത്തിലുള്ള റബലുകള്‍ തൊബ്‌റുക് ആസ്ഥാനമായി ഗവണ്‍മെന്റ് പ്രഖ്യാപിച്ചപ്പോള്‍ അതിനെ പിന്തുണച്ചത് അമേരിക്കയും യൂറോപ്യന്‍ യൂനിയനുമാണ്.

ഹഫ്തര്‍ വിഭാഗം നേതൃത്വം നല്‍കുന്ന പാര്‍ലമെന്റ് നിയമവിരുദ്ധമാണെന്ന് 2014 നവംബറില്‍ സുപ്രീം കോടതി വിധിക്കുകയുണ്ടായി. 2015 ഡിസംബറില്‍ യു.എന്‍ മേല്‍നോട്ടത്തില്‍ ഐക്യ സര്‍ക്കാറിനുള്ള കരാര്‍ ഒപ്പിട്ടെങ്കിലും ഇരു പാര്‍ലമെന്റുകളിലെയും നിരവധി അംഗങ്ങള്‍ അത് അംഗീകരിച്ചില്ല. ഇതേത്തുടര്‍ന്ന് 2016 ജനുവരിയില്‍ യു.എന്‍ മുൻകൈയെടുത്ത് ഫായിസ് അല്‍ സര്‍റാജിന്റെ നേതൃത്വത്തില്‍ ദേശീയ സര്‍ക്കാര്‍ (ഗവണ്‍മെന്റ് ഓഫ് നാഷനല്‍ എക്കോര്‍ഡ്) പ്രഖ്യാപിക്കുകയായിരുന്നു. സര്‍റാജിനുശേഷം അബ്ദുല്‍ ഹമീദ് ദബെയ്ബ ഇടക്കാല പ്രധാനമന്ത്രിയായി തുടരുന്നു. ഹഫ്തര്‍ വിഭാഗത്തിന്റെ പ്രധാനമന്ത്രി ഫാതി ബശാഗയെ മെയില്‍ പുറത്താക്കുകയുണ്ടായി. ട്രിപ്പോളി കൈയടക്കുകയെന്ന ദൗത്യം വിജയിപ്പിക്കാന്‍ കഴിയാത്തതാണ് ബശാഗയുടെ സ്ഥാനചലനത്തിന് കാരണം. ധനമന്ത്രി ഉസാമ ഹംദാനാണ് കിഴക്കന്‍ സര്‍ക്കാറിന്റെ (ഹൗസ് ഓഫ് റപ്രസന്റേറ്റീവ്) ആക്ടിംഗ് പ്രധാനമന്ത്രി.

ആഫ്രിക്കയില്‍ ഏറ്റവുമധികം എണ്ണ സമ്പത്തുള്ള രാജ്യമാണ് ലിബിയ. യുക്രെയ്്ന്‍ യുദ്ധം കാരണമുണ്ടായ വില വര്‍ധനവിന്റെ ഫലമായി കഴിഞ്ഞ വര്‍ഷം 2200 കോടി ഡോളറായിരുന്നു എണ്ണയില്‍നിന്നുള്ള വരുമാനം. ആഭ്യന്തര കലാപം രാജ്യത്തിന്റെ എണ്ണ വ്യവസായത്തെ കാര്യമായി ബാധിച്ചതിനുശേഷമാണ് ഈ ഉണർവ്. പ്രക്ഷോഭങ്ങള്‍ കാരണം പലപ്പോഴും എണ്ണ ഉല്‍പാദന കേന്ദ്രങ്ങള്‍ അടച്ചിടേണ്ടി വന്നത് സമ്പദ്‌വ്യവസ്ഥക്ക് വലിയ നഷ്ടമുണ്ടാക്കിയിരുന്നു. 

ഈ വര്‍ഷം 17.9 ശതമാനം വളര്‍ച്ച കൈവരിച്ച് അറബ് രാജ്യങ്ങളില്‍ ലിബിയ മുന്നിലെത്തുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) പ്രതീക്ഷിക്കുന്നത്. ട്രിപ്പോളിയിലും ബിന്‍ഗാസിയിലും ഈയിടെയായി ധാരാളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ആശ്വാസകരമാണെങ്കിലും വരേണ്യ വിഭാഗത്തിനാണ് അതിന്റെ ഫലം കിട്ടുകയെന്ന് ഇന്റര്‍നാഷനല്‍ ക്രൈസിസ് ഗ്രൂപ്പിലെ മുതിര്‍ന്ന അനലിസ്റ്റ് ക്ലോഡിയ ഗസിനി അഭിപ്രായപ്പെടുന്നു.

ഹഫ്തറുടെ അജണ്ട

ഖദ്ദാഫി ഭരണത്തില്‍ രണ്ടു പതിറ്റാണ്ടിലേറക്കാലം ലിബിയന്‍ സൈന്യത്തില്‍ ഓഫീസറായി പ്രവര്‍ത്തിച്ച ഖലീഫ ബില്‍ഖാസിം ഹഫ്തര്‍ എണ്‍പതുകള്‍ക്കൊടുവില്‍ ഭരണകൂടവുമായി തെറ്റിപ്പിരിഞ്ഞ് അമേരിക്കയില്‍ പ്രവാസിയായി കഴിയുകയായിരുന്നു. ഖദ്ദാഫി സ്ഥാനഭ്രഷ്ടനാക്കപ്പെടുന്നതിനു തൊട്ടുമുമ്പ് 2011-ല്‍ ജന്മനാട്ടില്‍ തിരിച്ചെത്തിയ ഹഫ്തര്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ വാഷിംഗ്ടണിന്റെ തിരക്കഥ അനുസരിച്ചാണെന്ന് വ്യക്തമാക്കുന്നതായിരുന്നു തുടര്‍ സംഭവങ്ങള്‍. ഇസ്്ലാമിസ്റ്റുകള്‍ ലിബിയയുടെ നിയന്ത്രണം കൈയാളുന്നത് തടയുക എന്ന ഏക അജണ്ടയിലായിരുന്നു ഇയാളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍.

രാജ്യത്തിന്റെ സാമ്പത്തിക ഉറവിടങ്ങള്‍ കൈയടക്കാന്‍ ഹഫ്തര്‍ മിലീഷ്യകള്‍ നടത്തിയ നീക്കങ്ങള്‍ യു.എന്‍ പിന്തുണയുള്ള ദേശീയ സര്‍ക്കാറിന്റെ ആസ്ഥാനമായ ട്രിപ്പോളി വരെ എത്തിയിരുന്നു. പതിനാല് മാസം നീണ്ട പോരാട്ടത്തിനൊടുവില്‍ ടര്‍ക്കിഷ് സൈന്യത്തിന്റെ സഹായത്താലാണ് മിലീഷ്യയെ കെട്ടുകെട്ടിച്ചത്. ഹഫ്തറിന്റെ ലിബിയന്‍ നാഷനല്‍ ആര്‍മിയെ സഹായിക്കുന്നത് റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്നര്‍ ആണ്. അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയും സമാന്തര സര്‍ക്കാറിനുണ്ട്.

യു.എന്‍ അംഗീകൃത ട്രിപ്പോളി ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ളതിനെക്കാള്‍ പ്രദേശങ്ങള്‍ ഹഫ്തറുടെ മിലീഷ്യയുടെ കൈവശമുണ്ട്. ശക്തരായ ഗോത്ര വിഭാഗങ്ങളും ചില പ്രദേശങ്ങള്‍ കൈയടക്കിവെച്ചിരിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ്സുകളില്‍ ചെറുതല്ലാത്ത പങ്ക് റബലുകളുടെ പക്കലുണ്ടെങ്കിലും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കോ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനോ അവ ഉപയോഗപ്പെടുത്തുന്നില്ല. മിലീഷ്യയെയും വിദേശ കൂലിപ്പട്ടാളത്തെയും തീറ്റിപ്പോറ്റുന്നതിനും ആയുധങ്ങള്‍ വാങ്ങുന്നതിനുമാണ് ഹഫ്തര്‍ വിഭാഗം ഖജനാവ് ധൂര്‍ത്തടിക്കുന്നത്. ആവശ്യമായ ഫണ്ടുകള്‍ ലഭ്യമാക്കാത്തതിനാല്‍ ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ തകര്‍ന്നിരിക്കുന്നു. വിലക്കയറ്റവും റേഷന്‍ സംവിധാനത്തിന്റെ അഭാവവും കാരണം ജീവിതം ദുസ്സഹമായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിന് പ്രതിഷേധക്കാര്‍ തൊബ്‌റുക്കിലെ പാര്‍ലമെന്റ് മന്ദിരം കൈയേറി നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. 

അറബ് വസന്തമെന്ന ട്രാപ്പ് 

അറബ് വസന്തമെന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ജനാധിപത്യ പ്രക്ഷോഭത്തിന്റെ പരിണതിയും ഈയവസരത്തില്‍ വിലയിരുത്തേണ്ടതുണ്ട്. പ്രക്ഷോഭങ്ങള്‍ നടന്ന രാജ്യങ്ങള്‍ വീണ്ടും ഏകാധിപതികളുടെ കരങ്ങളിലേക്ക് വീഴാനുള്ള കാരണങ്ങളില്‍ പ്രധാനം പടിഞ്ഞാറിന്റെയും നാറ്റോവിന്റെയും ഇടപെടലുകളിലെ ഇരട്ടത്താപ്പാണ്. ഈജിപ്ത്, തുനീഷ്യ എന്നിവിടങ്ങളില്‍ അത് നൂറുശതമാനം സംഭവിച്ചു. സിറിയയില്‍ ബശ്ശാറുല്‍ അസദ് എന്ന യുദ്ധക്കുറ്റവാളിയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള അവസരം കിട്ടിയിട്ടും, ഇസ്്ലാമിസ്റ്റുകളുടെ നിയന്ത്രണത്തിലേക്ക് രാജ്യം മാറുന്നത് തടയാനുള്ള നീക്കങ്ങളാണ് അമേരിക്കയും സഖ്യകക്ഷികളും നടത്തിയത്. കുര്‍ദ് ഭീകര സംഘടനകള്‍ക്ക് സിറിയയില്‍ കളമൊരുക്കുകയും നാറ്റോ സഖ്യകക്ഷിയായ തുര്‍ക്കിയയെ അകറ്റിനിര്‍ത്തുകയും ചെയ്തത് ഇതിന്റെ ഭാഗമായിരുന്നു. യമനില്‍ ആര്‍ക്കും വേണ്ടാത്ത യുദ്ധം തുടര്‍ന്നുകൊണ്ടുപോയി പതിനായിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കാന്‍ കൂട്ടുനിന്നത് പാശ്ചാത്യ രാജ്യങ്ങളാണ്. ലിബിയയില്‍ ഖദ്ദാഫിയെ കൊല്ലുക മാത്രമായിരുന്നു നാറ്റോവിന്റെ ലക്ഷ്യം. അത് നടപ്പാക്കിയശേഷം അവര്‍ സൗകര്യപൂർവം മാറിനിന്ന് മിലീഷ്യകള്‍ക്കും ഗോത്ര മേധാവികള്‍ക്കും രാജ്യം കുട്ടിച്ചോറാക്കാന്‍ അവസരം നല്‍കി. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 15-16
ടി.കെ ഉബൈദ്

ഹദീസ്‌

ഈമാൻ കൊണ്ട് നിറയണം മനസ്സും ഹൃദയവും
നൗഷാദ് ചേനപ്പാടി