Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 29

3320

1445 റബീഉൽ അവ്വൽ 14

പെരിയാറും അംബേദ്കറും സനാതന ധർമ വിമർശനവും

ഡോ. സന്ദീപ് യാദവ്

തമിഴ്്നാട്ടിലെ സ്പോർട്സ് - യുവജന കാര്യമന്ത്രിയും സിനിമാ നടനും സംസ്ഥാന മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ സനാതന ധർമത്തെക്കുറിച്ച് നടത്തിയ പരാമർശം വലിയ വിവാദമാവുകയുണ്ടായി. 'സനാതന ധർമത്തെ പിഴുതെറിയണം' എന്നാണ് അദ്ദേഹം പറഞ്ഞത്. താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു എന്നെഴുതിയ ശേഷം അദ്ദേഹം ഇത്ര കൂടി കൂട്ടിച്ചേർത്തു: " സനാതന ധർമം കാരണം കഷ്ടതയനുഭവിക്കുന്ന മർദിതർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടിയാണ് ഞാൻ സംസാരിച്ചത്. ഇതു സംബന്ധമായി വന്നിട്ടുള്ള പെരിയാറിന്റെയും അംബേദ്കറിന്റെയും നിരവധി എഴുത്തുകൾ സമർപ്പിക്കാൻ ഞാൻ തയാറാണ്. സനാതന ധർമത്തെക്കുറിച്ചും അത് സമൂഹത്തിലുണ്ടാക്കുന്ന എതിർ ഫലങ്ങളെക്കുറിച്ചും ഇരുവരും ആഴത്തിൽ പഠനങ്ങൾ നടത്തിയിട്ടുണ്ട്."

സനാതന ധർമം ഒരു രാഷ്ട്രീയ വാദത്തിന്റെ മധ്യത്തിലേക്ക് വരുന്ന ആദ്യ സന്ദർഭമൊന്നുമല്ല ഇത്; ചർച്ചയുടെയും ആശയ പ്രകാശനത്തിന്റെയും തലങ്ങൾ മറ്റു രീതിയിൽ ആയിരിക്കാമെങ്കിലും. ഇ.വി രാമസ്വാമി നായ്ക്കർ (പെരിയാർ), ഡോ. ബി.ആർ അംബേദ്കർ എന്നിവരെ പരാമർശിക്കുക വഴി താൻ പ്രകടിപ്പിച്ച അഭിപ്രായങ്ങളുടെ വേരുകൾ എങ്ങോട്ടെല്ലാം എത്തിച്ചേരുന്നു എന്ന് ധ്വനിപ്പിക്കുന്നുണ്ട് ഉദയനിധി. സനാതന ധർമത്തെ വിമർശനവിധേയമാക്കിയ പരിഷ്കർത്താക്കളെല്ലാം ഹിന്ദുമതത്തിലെ ജാതി സമ്പ്രദായം പോലുള്ള വിവേചനങ്ങളെ ചോദ്യം ചെയ്തിട്ടുണ്ട്.

ആ വിമർശകരിൽ ഏറ്റവും പ്രമുഖരാണ് പെരിയാറും അംബേദ്കറും. ഇവർ തമ്മിൽ പല സാദൃശ്യങ്ങളുമുണ്ട്. ഇരുവരും ജനിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലാണ്. ബ്രിട്ടീഷ് കൊളോണിയൽ ഭരണം, സ്വാതന്ത്രൃ പ്രസ്ഥാനം, സ്വാതന്ത്ര്യാനന്തര യുഗം തുടങ്ങിയ ഘട്ടങ്ങളിലൂടെയെല്ലാം ഇരുവരുടെയും ജീവിതം കടന്നുപോയിട്ടുണ്ട്. താഴ്ന്ന ജാതിക്കാരായാണ് ഇരുവരുടെയും ജനനം. പെരിയാർ തമിഴ്്നാട്ടിലെ ഒരു അബ്രാഹ്മണ കുടുംബത്തിൽനിന്നുള്ളയാളാണ്. അംബേദ്കറാവട്ടെ മഹാരാഷ്ട്രയിലെ അടിച്ചമർത്തപ്പെട്ട ജാതിയിൽനിന്നുള്ളയാളും. മതം, സംസ്കാരം, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലെ സവർണ ബ്രാഹ്മണ മേധാവിത്വത്തെ ഇരുവരും ചോദ്യം ചെയ്തു. ശൂദ്രർ, ദലിതർ പോലുള്ള അധഃസ്ഥിത വിഭാഗങ്ങൾക്ക് വേണ്ടി ഇരുവരും നിലകൊണ്ടു. സനാതന ധർമത്തെ ഇരുവരും തള്ളിപ്പറഞ്ഞു എന്നതാണ് ഏറ്റവും പ്രധാനം. അത് അനീതിക്കും അസമത്വത്തിനും കാരണമാകുന്നു എന്നായിരുന്നു അവരുടെ വാദം. വ്യക്തികൾക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കഴിയുന്ന, ജനാധിപത്യം പുലരുന്ന സമത്വാധിഷ്ഠിത സമൂഹത്തെ ഇരുവരും സ്വപ്നം കണ്ടു.

പെരിയാറും സനാതന ധർമവും 

സമൂല പരിഷ്കരണവാദിയായിരുന്നു പെരിയാർ. അദ്ദേഹമാണ് 1925-ൽ 'ആത്മാഭിമാന പ്രസ്ഥാന'(Self- Respect Movement)ത്തിന് തുടക്കമിട്ടത്. ബ്രാഹ്മണ വിഭാഗം സനാതന ധർമത്തെ ചൂഷണം ചെയ്ത് താഴ്ന്ന ജാതി വിഭാഗങ്ങളെ അടിച്ചമർത്തുകയാണെന്ന് അദ്ദേഹം വാദിച്ചു. ആയതിനാൽ കർമം, പുനർ ജൻമം, വർണം, ധർമം, മോക്ഷം തുടങ്ങിയ സനാതന ധർമ ആശയങ്ങളെ തള്ളിക്കളയുകയും ചെയ്തു. ഇതൊക്കെ അധഃസ്ഥിത വിഭാഗങ്ങളെ എന്നന്നേക്കുമായി അടിമത്തത്തിൽ തളച്ചിടാനുള്ള ഉപകരണങ്ങളാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. എന്നു മാത്രമല്ല വേദങ്ങൾ, ഉപനിഷത്തുകൾ, പുരാണങ്ങൾ, മനുസ്മൃതി തുടങ്ങിയവയുടെ ആധികാരികതയെ ചോദ്യം ചെയ്തു. അവ മനുഷ്യനിർമിതങ്ങളാണെന്നും അതിനാൽ വിവേചനങ്ങൾ കടന്നു കൂടിയിട്ടുണ്ടെന്നും വാദിച്ചു.

പെരിയാറിന്റെ സനാതന ധർമ വിമർശനം കേവലം ബൗദ്ധികമായിരുന്നില്ല; രാഷ്ട്രീയവും സാംസ്കാരികവുമായിരുന്നു. തമിഴ്്നാട്ടിൽ വിദ്യാഭ്യാസം, ഭരണ സംവിധാനം, മീഡിയ, കല, ഭാഷ തുടങ്ങിയ മേഖലകളിൽ നിലനിൽക്കുന്ന ബ്രാഹ്മണ സ്വാധീനത്തെ അദ്ദേഹം ചെറുത്തു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സകല മനുഷ്യർക്കും തുല്യാവകാശങ്ങളും അവസരങ്ങളും വേണമെന്ന് വാദിച്ചു. ഇതിന്റെ ഭാഗമായാണ് അദ്ദേഹം സംവരണത്തെ അനുകൂലിച്ചത്. ഒപ്പം അദ്ദേഹം കടുത്ത സാമ്രാജ്യത്വ - ഫാഷിസ്റ്റ് വിരുദ്ധനും കൂടിയായിരുന്നു. ദ്രാവിഡ നാടിനും തമിഴ് സംസ്കാരത്തിനും വേണ്ടി അദ്ദേഹം നിലയുറപ്പിക്കുന്നത് ഹിന്ദിയുടെയും അതിന്റെ സംസ്കാരത്തിന്റെയും അതുപോലുള്ളതിന്റെയും സകല അധീശത്വങ്ങളെയും ചെറുക്കാൻ വേണ്ടിയാണ്.

  
അംബേദ്കറിന്റെ വിമർശനങ്ങൾ

സനാതന ധർമം എന്ന നിലക്കുള്ള ഹൈന്ദവതയെ ഏറ്റവും തീവ്രമായി എതിർത്തിട്ടുള്ള മറ്റൊരാൾ ബാബ സാഹിബ് അംബേദ്കറാണ്. മനുഷ്യപ്പറ്റില്ലാത്ത ജാതി സമൂഹത്തിന്റെ ഇരയായിത്തീരുകയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം തന്നെ. അദ്ദേഹം അതിബുദ്ധിമാനായ പണ്ഡിതനും അഭിഭാഷകനും നേതാവുമായിരുന്നെങ്കിലും തന്റെ ജാതി പശ്ചാത്തലംകൊണ്ട് മാത്രം തനിക്ക് അനുഭവിക്കേണ്ടി വന്ന അപമാനങ്ങൾക്ക് ഒരു കുറവുമുണ്ടായില്ല. ആ ഒരു സനാതന ധർമമാണ് തന്റെയും ദശലക്ഷക്കണക്കിന് വരുന്ന, അസ്പൃശ്യർ എന്ന് വിളിക്കപ്പെടുന്ന ദലിതുകളുടെയും ഇന്നത്തെ പതിതാവസ്ഥക്കുള്ള മൂലകാരണമെന്ന് അദ്ദേഹം കരുതി. അതിനാൽ, ഈ ധർമം സനാതനമോ(eternal) സാർവലൗകികമോ അല്ലെന്നും ചരിത്ര ഘട്ടങ്ങളിൽ രൂപപ്പെട്ടു വന്നതാണെന്നും വാദിച്ചു. അതിനാൽ തന്നെ അത് മാറ്റേണ്ടതുമാണ്.

അംബേദ്കറുടെ സനാതന ധർമ വിമർശനം ആശയപരമായിരുന്നെങ്കിലും, അത് പ്രായോഗികവും നിയമത്തിന്റെ ഭാഷയിലുള്ളതും ആയിരുന്നു. ദലിതുകളുടെയും മറ്റു പാർശ്വവത്കൃതരുടെയും അവകാശങ്ങൾക്കു വേണ്ടി പല വേദികളിലും പ്ലാറ്റ്ഫോമുകളിലും അദ്ദേഹം പോരടിച്ചു. പ്രക്ഷോഭ സമരങ്ങൾ സംഘടിപ്പിച്ചു. 'അസ്പൃശ്യർ'ക്ക് പൊതുസ്ഥലങ്ങളിൽ നിന്ന് വെള്ളമെടുക്കാനുള്ള അവകാശം ഊന്നിപ്പറയുന്നതിന് വേണ്ടിയും കലറാം ക്ഷേത്ര പ്രവേശനത്തിന് വേണ്ടിയുമുള്ള 'മഹദ് സത്യഗ്രഹം' ഉദാഹരണം. അദ്ദേഹമായിരുന്നല്ലോ ഇന്ത്യൻ ഭരണഘടനയുടെയും ഹിന്ദുകോഡ് ബില്ലിന്റെയും പിന്നിലുള്ള ചാലക ശക്തി. ജാതിവ്യവസ്ഥയിൽ ഉൾച്ചേർന്നിട്ടുള്ള അസമത്വത്തെ പ്രതി അദ്ദേഹം എത്രത്തോളം പ്രതീക്ഷയറ്റവനായി എന്ന് ചോദിച്ചാൽ, ഒടുവിൽ ഹിന്ദുമതത്തെ തന്നെ അദ്ദേഹം ഉപേക്ഷിച്ചു പോവുകയാണ്. തന്റെയും തന്റെ ഒപ്പമുള്ള സമുദായത്തിന്റെയും ആത്മാഭിമാനം വീണ്ടെടുക്കാനും സമത്വം കൈവരിക്കാനുമുള്ള വഴിയെന്ന നില‍യിൽ ബുദ്ധമതത്തെ അദ്ദേഹം പുൽകുകയും ചെയ്തു.

താൽപര്യമുണർത്തുന്ന ഒരു സംഗതിയുണ്ട്. പെരിയാർ മനുസ്മൃതിയെ തള്ളിപ്പറയുന്നത് 1922-ലാണ്. അംബേദ്കർ മനുസ്മൃതി കത്തിച്ചത് 1927-ൽ 'മഹദ് സത്യഗ്രഹ' കാലത്തും. തൊട്ടുകൂടായ്മക്ക് മതത്തിന്റെ മേലങ്കിയണിയിക്കാൻ സമ്മതിക്കില്ല എന്ന പ്രഖ്യാപനമായിരുന്നു അത്. ആധുനിക ഇന്ത്യയിൽ ഏറ്റവുമധികം സ്വാധീനമുള്ള സമൂല പരിവർത്തനവാദികളായ ചിന്തകരാണ് പെരിയാറും അംബേദ്കറും. അവരുടെ അതിരൂക്ഷമായ വിമർശനമാണ് ജാതിവ്യവസ്ഥയുടെ മർദകവും അസമത്വപൂർണവുമായ മുഖം പുറത്ത് കൊണ്ടുവന്നത്. 

(ദൽഹി യൂനിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് അധ്യാപകനാണ് ലേഖകൻ)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 15-16
ടി.കെ ഉബൈദ്

ഹദീസ്‌

ഈമാൻ കൊണ്ട് നിറയണം മനസ്സും ഹൃദയവും
നൗഷാദ് ചേനപ്പാടി