Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 29

3320

1445 റബീഉൽ അവ്വൽ 14

ഈമാൻ കൊണ്ട് നിറയണം മനസ്സും ഹൃദയവും

നൗഷാദ് ചേനപ്പാടി

عَنْ أَنَس بْن مَالِك -رَضِي اللهُ عَنْه- أَن رَسُول الله -صَلى اللهُ عَلَيْه وَسَلم- قَالَ: لَمَّا صَوَّرَ اللهُ آدمَ فِي الجَنَّةِ تَركَهُ مَا شَاءَ اللهُ أَن يتْركهُ، فَجَعَل إِبْلِيسُ يُطِيفُ بِهِ، يَنْظُرُ مَا هُوَ، فَلَمَّا رَآهُ أَجْوَفَ عَرَفَ أَنهُ خُلِقَ خَلْقًا لَا يَتَمالَكُ (صحيح - رواه مسلم).

അനസുബ്്നു മാലികിൽനിന്ന്. റസൂൽ (സ) പറഞ്ഞു: സ്വർഗത്തിൽ അല്ലാഹു ആദമിന് 
രൂപകൽപന നടത്തിയതിന് ശേഷം അവനുദ്ദേശിച്ച കാലമത്രയും ആ രൂപത്തെ
അവിടെത്തന്നെ വിട്ടിരുന്നു. അപ്പോൾ ഇബ്്ലീസ് ആദമിനു ചുറ്റും നടന്ന് സൂക്ഷ്മമായി 
നിരീക്ഷിക്കാൻ തുടങ്ങി, ഇതെന്താണെന്ന്. അങ്ങനെ അത് ഉള്ളു പൊള്ളയായ ഒരു 
വസ്തുവാണെന്നവൻ കണ്ടപ്പോൾ അത് സ്വയം നിയന്ത്രണശേഷിയില്ലാത്ത 
ഒരു സൃഷ്ടിയാണെന്നവൻ മനസ്സിലാക്കി (മുസ്്ലിം).

 

അല്ലാഹു ആദമിനെ സൃഷ്്ടിച്ചു രൂപപ്പെടുത്തിയെടുത്തതിനു ശേഷം കുറെ കാലത്തോളം സ്വർഗത്തിൽ വിട്ടേച്ചിരുന്നു. ആ സന്ദർഭത്തിലാണ് ഇബ്്ലീസ് ആദമിനെ പ്രദക്ഷിണം ചെയ്തുകൊണ്ട് സൂക്ഷ്മ നിരീക്ഷണം നടത്തിയതും അത് അകം പൊള്ളയായ ഒരു സൃഷ്ടിയാണെന്നവൻ കണ്ടെത്തിയതും അതിന്റെ ദൗർബല്യം മനസ്സിലാക്കിയതും. ആ സൃഷ്ടിയുടെ മുഖ്യ ദൗർബല്യം സ്വയം നിയന്ത്രണ ശേഷിയില്ലായ്മയാണ്.  അന്ത്യദിനം വരേയുമുള്ള മനുഷ്യരെ വഴിപിഴപ്പിക്കാൻ ആ വിടവിലൂടെയായിരിക്കണം ഇബ് ലീസ് നുഴഞ്ഞു കയറിയതും അങ്ങനെ അവരെ പിഴപ്പിച്ചുകൊണ്ടിരിക്കുന്നതും. ആ നിയന്ത്രണമില്ലായ്മ മൂന്നു കാര്യങ്ങളിലാണെന്ന് ഇമാം നവവി (റ) ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ പറയുന്നു. ഒന്ന്, കഠിനമായ കോപം വരുമ്പോൾ അവന് സ്വയം നിയന്ത്രിക്കാൻ കഴിയാതെ പോകുന്നു. രണ്ട്, ലൈംഗിക വികാരം ശക്തമാകുമ്പോൾ അവന് പിടിച്ചുനിൽക്കാൻ കഴിയാതാവുന്നു. മൂന്ന്, ശൈത്വാന്റെ വസ്്വാസുകൾ മനസ്സിലേക്ക് ഒന്നൊഴിയാതെ കടന്നുവരുമ്പോൾ അതിനെയും നിയന്ത്രിച്ചുനിർത്താൻ അവൻ അശക്തനാകുന്നു.

മനുഷ്യന്റെ മർമപ്രധാനമായ ഈ ദൗർബല്യത്തെ ഇബ്്ലീസ് നന്നായി മുതലെടുക്കുന്നതാണ് മനുഷ്യ സമൂഹത്തിലിന്നോളമുള്ള എല്ലാ പ്രശ്നങ്ങളുടെയും ഫിത്്നകളുടെയും ശണ്ഠകളുടെയും മുഖ്യ കാരണം. മനുഷ്യൻ ഈ ദൗർബല്യങ്ങളെ തിരിച്ചറിഞ്ഞ് ശക്തമായ യഖീനിൽ അധിഷ്ഠിതമായ ഈമാനോടുകൂടി അവയെ നേരിടുമ്പോഴാണ് ഈ ലോകത്തെ അവന്റെ ജീവിതം സമാധാന പൂർണമാവുന്നതും പരലോക ജീവിതത്തിൽ അവൻ വിജയിക്കുന്നതും. അതിനാൽ, മനുഷ്യൻ തന്റെ മനസ്സിനെയും ഹൃദയത്തെയും ഈമാൻ ഉളവാക്കുന്ന ഇൽമിനാൽ നിറക്കണം. ഒരിക്കലും പൊള്ളയായി കിടക്കാൻ അനുവദിക്കരുത്. അതു പൊള്ളയായി പോകുന്നതുകൊണ്ടാണല്ലോ  വേഗം വഴിപിഴപ്പിക്കാൻ ഇബ്്ലീസിന് സാധിക്കുന്നത്. ഇൽമ് എന്നാൽ യാഥാർഥ്യത്തോടുകൂടിയുള്ള അറിവ് എന്നാണർഥം. യാഥാർഥ്യത്തിനു വിരുദ്ധമായി മനസ്സിലാക്കിവെച്ചതിനെ ഇൽമ് എന്നല്ല ജഹ്്ൽ എന്നാണ് പറയുക എന്ന് ഖുർആൻ ഭാഷാശാസ്ത്രകാരൻ ഇമാം റാഗിബുൽ ഇസ്ഫഹാനി വിശദീകരിക്കുന്നു. ഇങ്ങനെയുള്ളവരെയാണ് ഇബ്്ലീസ് അവന്റെ ചങ്ങാതികളാക്കിയിരിക്കുന്നതും. ഇബ്്ലീസിന്റെ നിരീക്ഷണ പാടവവും അതുല്യമാണ്. ആ കൂർമ നിരീക്ഷണംകൊണ്ടാണല്ലോ ഉള്ളു പൊള്ളയായ ആ സൃഷ്ടിയുടെ ദൗർബല്യം അവൻ പെട്ടെന്ന് കണ്ടുപിടിച്ചത്. ഇബ്്ലീസിന്റെ ഈ നിരീക്ഷണ വ്യുൽപത്തിയെക്കാൾ പതിന്മടങ്ങ് ശക്തിയുള്ളതാവണം മനുഷ്യന്റെ നിരീക്ഷണം; വിശേഷിച്ചും ഒരു വിശ്വാസിയുടേത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 15-16
ടി.കെ ഉബൈദ്

ഹദീസ്‌

ഈമാൻ കൊണ്ട് നിറയണം മനസ്സും ഹൃദയവും
നൗഷാദ് ചേനപ്പാടി