ഞങ്ങളുടെ രാഷ്ട്രത്തിലെ ബേട്ടികൾ
ഞങ്ങളുടെ രാഷ്ട്രത്തിലെ
വയലുകളിലിപ്പോൾ
ഗോതമ്പോ ബാർലിയോ
കടുകോ ചോളമോ
കതിരിടുന്നില്ല
മുളക്കുന്നതൊക്കെയും
വാളുകൾ ത്രിശൂലങ്ങൾ
വെറുപ്പുകൾ ആക്രോശങ്ങൾ
പിന്നെ
മൂർച്ചയേറിയ
ഹിംസയുടെ ലിംഗങ്ങൾ
വയലിനു നടുവിൽ
ഒരുച്ച നേരത്ത്
ഉടുതുണിയില്ലാതെ
മരിച്ചവളുടെ ചോരയിൽ
ഒരു മുദ്രാവാക്യം മുളക്കുന്നതും കാത്ത്
വിശന്നു മരിച്ച
അവളുടെ പൈതലിന്റെ
കുട്ടിക്കുപ്പായത്തിന്
രാജ്യപതാകയുടെ നിറം
ലിംഗത്തോട്ടങ്ങളിൽ നിന്നും
കണ്ടെടുത്ത
കരിമ്പിൻ ചണ്ടി പോൽ
ചവച്ചു തുപ്പിയ
അവളുടെ ജഡത്തിന്
പീലി പറിച്ചെടുത്ത
മയിലിന്റെ രക്തച്ചുവപ്പ്
മൗനമെന്ന രാഷ്ട്രത്തിലെ
ശബ്ദമെന്ന റേഡിയോ പാടിയ
ബേട്ടി ബച്ചാവോ എന്ന
പാട്ടു കേട്ട് തഴമ്പിച്ച
അവളുടെ കാതുകളെ
ഇറുത്തെടുത്ത് ഞാൻ
മണിപ്പൂരിന്റെ മലയിടുക്കുകളിൽ
മറവ് ചെയ്തു.
ബേട്ടീ...
പൊറുക്കുക
നിന്റെ കേൾവിയെ വഞ്ചിച്ചതിന്
കുന്നോളം സ്വപ്നം കാണാൻ
പ്രേരിപ്പിച്ചതിന്....
l
Comments