ആ സൗമനസ്യം മുസ്്‌ലിം കൂട്ടായ്മകളുടെ കാര്യത്തില്‍ ഇല്ലാത്തതെന്ത്?
നമ്മുടെ ജനാധിപത്യ സംവിധാനവും ഭരണഘടനയും വലിയ വെല്ലുവിളി നേരിടുന്ന സന്ദര്‍ഭത്തിലാണ് ഒരു സ്വാതന്ത്ര്യദിനം കൂടി കടന്നുവരുന്നത്. ഭരണഘടന പൊളിച്ചെഴുതണമെന്നും ഹിന്ദു രാഷ്ട്രം സ്ഥാപിക്കണമെന്നുമുള്ള ആക്രോശങ്ങൾ വളരെ ആസൂത്രിതമായി മുഴക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്ത്യ എന്ന ആശയത്തിന്റെ തന്നെ അടിക്കല്ലിളക്കുന്ന ഈ ഭീഷണിയെ നേരിടാന്‍ എതിര്‍പക്ഷത്തുള്ള സകല രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മത കൂട്ടായ്മകളും ഒത്തൊരുമിക്കുകയല്ലാതെ രക്ഷയില്ല. അതിനാല്‍, ആ നിലക്കുള്ള ഏതു നീക്കവും സഹര്‍ഷം സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. സംഘ് പരിവാര്‍ രാഷ്ട്രീയത്തെ എതിരിടുന്ന ദേശീയ തലത്തിലും പ്രാദേശിക തലത്തിലുമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആദ്യം പറ്റ്നയിലും പിന്നെ ബംഗളൂരുവിലും ഒത്തുചേര്‍ന്നത് പ്രതീക്ഷാനിര്‍ഭരമായ തുടക്കം എന്ന് വിശേഷിപ്പിക്കപ്പെടാന്‍ കാരണമതാണ്. 'ഇന്‍ഡ്യ' (ദ ഇന്ത്യന്‍ നാഷനല്‍ ഡവലപ്മെന്റ് ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന ഒരു പൊതുവേദിക്ക് അവര്‍ രൂപം നല്‍കുകയും ചെയ്തിരിക്കുന്നു. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പരസ്പരം പോരടിക്കുന്നവര്‍ തന്നെയാണ് 'ഇന്‍ഡ്യ'യില്‍ അണിചേര്‍ന്നിട്ടുള്ള മിക്ക കക്ഷികളും. സഖ്യത്തിലെ തൃണമൂല്‍ കോണ്‍ഗ്രസും ഇടതു സഖ്യവും പശ്ചിമ ബംഗാളിലെത്തിയാല്‍ പൊരിഞ്ഞ തല്ലാണ്. കേരളത്തിലെത്തുമ്പോള്‍ കോണ്‍ഗ്രസും സി.പി.എമ്മും ബദ്ധവൈരികളാണ്. പഞ്ചാബില്‍ കോണ്‍ഗ്രസും ആം ആദ്മിയും ഒത്തുപോകുന്ന പ്രശ്‌നമില്ല. ശിവസേനയുടെ ഒരു കഷ്ണം ബി.ജെ.പി അടര്‍ത്തിക്കൊണ്ടു പോയെങ്കിലും 'മാതൃ സംഘടന' ഈ പൊതു വേദിയിലുണ്ട്. ആശയപരമായി ബി.ജെ.പിയുമായി എന്ത് വ്യത്യാസമാണ് ശിവസേനക്കുള്ളത് എന്ന ചോദ്യം പ്രസക്തമാണ്. പക്ഷേ, പൊതു ശത്രുവിനെതിരെ ഒന്നിക്കുക എന്ന പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഈ ഭിന്നതകളെയും വൈരുധ്യങ്ങളെയും തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്തുകയാണ്.
പക്ഷേ, ഈ സൗമനസ്യം മുസ്്‌ലിം കൂട്ടായ്മകളുടെ കാര്യത്തിലില്ല എന്നതും ചൂണ്ടിക്കാണിക്കപ്പെടേണ്ടതുണ്ട്. അസമില്‍ ബദ്‌റുദ്ദീന്‍ അജ്മല്‍ നേതൃത്വം നല്‍കുന്ന എ.ഐ.യു.ഡി.എഫ് സംസ്ഥാനത്തെ മൂന്നാമത്തെ വലിയ രാഷ്ട്രീയ കക്ഷിയാണ്. നേരത്തെ അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആ കക്ഷിയുമായി സഖ്യമുണ്ടാക്കിയതാണ്. പക്ഷേ, 'ഇന്‍ഡ്യ'യിലേക്ക് ആ കക്ഷിയെ ക്ഷണിച്ചിട്ടില്ല. തെലുങ്കാനയിലെ ആൾ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുൽ മുസ്്ലിമീൻ, കഴിഞ്ഞ പശ്ചിമ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഐ.എസ്.എഫ് (ഇന്ത്യന്‍ സെക്യുലര്‍ ഫ്രന്റ്) തുടങ്ങിയ സംഘടനകളെയും അയിത്തം കല്‍പിച്ച് മാറ്റിനിര്‍ത്തിയിരിക്കുന്നു. മറുവശത്ത് ബി.ജെ.പിയുടെ എന്‍.ഡി.എ മുന്നണിയില്‍ 28 കക്ഷികളുണ്ട്. അവയില്‍ പലതും അസംബ്ലിയില്‍ പോലും പ്രാതിനിധ്യമില്ലാത്ത ചെറു കക്ഷികളാണ്. പൊതു സഭകളില്‍ മുസ്്‌ലിം പ്രാതിനിധ്യം തടയുക എന്ന ബി.ജെ.പി അജണ്ട എങ്ങനെയോ കോണ്‍ഗ്രസ്, എസ്.പി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളെയും സ്വാധീനിക്കുന്നുവെന്നത് കാണാതിരുന്നു കൂടാ. മുസ്്‌ലിംകളുടെ വോട്ട് വേണം, അവരുടെ രാഷ്ട്രീയ കര്‍തൃത്വം അംഗീകരിക്കില്ല എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട് തിരുത്തിക്കാനും ശ്രമമുണ്ടാവണം. l
Comments