"തെരഞ്ഞെടുക്കപ്പെട്ട സ്വേഛാധിപത്യ'ത്തിലെ സ്വാതന്ത്ര്യം
ഈ വര്‍ഷാദ്യം ജനുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മുന്‍ ബ്രസീലിയന്‍ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ അനുയായികള്‍ അന്നാട്ടിലെ പാര്‍ലമെന്റ് മന്ദിരവും സുപ്രീം കോടതിയുമൊക്കെ കൈയേറിയപ്പോള്‍ ഹ്രസ്വമാണെങ്കിലും വിചിത്രമെന്ന് തോന്നുന്ന ഒരു റിപ്പോര്‍ട്ട് ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തില്‍ പ്രത്യക്ഷപ്പെട്ടു. ഡൊണാള്‍ഡ് ട്രംപ് അനുകൂലികളെപ്പോലെ നേതാവിനെയും രാജ്യത്തെയും കുറിച്ച് നുണകള്‍ മാത്രം കേട്ടുശീലിച്ച ബോള്‍സനാരോ പാര്‍ട്ടിക്കാര്‍ അവരുടെ അമേരിക്കന്‍ ആശയസഹോദരന്‍മാരുടെ പാത തെരഞ്ഞെടുത്തതില്‍ ഒട്ടും അല്‍ഭുതപ്പെടാനില്ലെന്നാണ് ലേഖനം നിരീക്ഷിക്കുന്നത്. എന്നു മാത്രമല്ല, ബ്രസീലിലെ സംഭവ വികാസങ്ങളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക പ്രകടിപ്പിച്ചതിനെ ലേഖനം വാഴ്ത്തിപ്പറയുന്നുമുണ്ട്. ജനാധിപത്യ മര്യാദകള്‍ പാലിക്കണമെന്ന് ബ്രസീലിലെ കലാപകാരികളോട് മോദി ആവശ്യപ്പെട്ടത് ചൂണ്ടിക്കാട്ടുന്ന ലേഖനത്തിന്റെ രണ്ടാമത്തെ പാരഗ്രാഫ് ഇങ്ങനെ വായിക്കാം:
"എല്ലാറ്റിനുമുപരി, വ്യത്യസ്ത ജനാധിപത്യ രാജ്യങ്ങളില്‍ വലതുപക്ഷ രാഷ്ട്രീയ സംഘങ്ങള്‍ വർധിത വീര്യത്തോടെ സജീവമാകുന്നതിനു പിന്നിലുള്ളത് വ്യക്തികളോടുള്ള അമിതമായ ആരാധനയാണെന്ന് വ്യക്തം. വസ്തുതകളുടെ പിന്‍ബലമുള്ള, നിരൂപണബുദ്ധിയോടെയുള്ള ചിന്തകള്‍ അപ്രത്യക്ഷമാവുകയും അതിവൈകാരിക ആഹ്വാനങ്ങള്‍ രംഗം കൈയടക്കുകയും ചെയ്യുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ഇടിമുറികളുടെ പിന്‍ബലത്തോടെ കരുത്താര്‍ജിച്ച ഈ പുത്തന്‍കൂറ്റ് രാഷ്ട്രീയ നേതാക്കള്‍ക്ക് അധികാരം കൈയടക്കാനുള്ള കരു മാത്രമാണ് തെരഞ്ഞെടുപ്പുകള്‍. ജനാധിപത്യ മൂല്യങ്ങളെ വളരെ അലസമായാണ് അവര്‍ തെരഞ്ഞെടുപ്പുമായി ചേര്‍ത്തുവെക്കുന്നത്. പലപ്പോഴും അവയെ പൂര്‍ണമായി ഉപേക്ഷിക്കുകയും ചെയ്യും. ഒടുവില്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ എതിരാണെന്നു കണ്ടാല്‍ അതിനെ തള്ളിപ്പറയുക മാത്രമല്ല, വിജയിച്ചവരെ അഴിമതിക്കാരായി പ്രഖ്യാപിക്കാനും അവര്‍ തിടുക്കം കൂട്ടും."
ആഗോള നേതൃപദവിയിലേക്കെത്താന്‍ ജനാധിപത്യ സമ്പ്രദായങ്ങളെ കശാപ്പ് ചെയ്യുന്ന ചൈനയില്‍ രാഷ്ട്രീയ സ്വാതന്ത്ര്യം നിഷേധിക്കുകയും അവിടത്തെ സോഷ്യല്‍ മീഡിയയെ കര്‍ശനമായി അധികാരികള്‍ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട് എന്നും ഇതേ ലേഖനത്തിലുണ്ട്.
'ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ചേലുണ്ടാകും' എന്ന് പറഞ്ഞതു പോലെയാണിത്. അതായത്, വ്യക്തികള്‍ക്ക് ലഭിക്കുന്ന അപ്രമാദിത്വമാണ് വലതുപക്ഷ രാഷ്ട്രീയത്തിന്റെ അടിത്തറയിടുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ മുന്നോട്ടുവെക്കുന്ന സിദ്ധാന്തം. അത് ബോൾസോനാരോക്കും ട്രംപിനും ബാധകമാണ്, പക്ഷേ നരേന്ദ്ര മോദിയുടെ കാര്യത്തിലേക്കെത്തുമ്പോള്‍ ഈ സിദ്ധാന്തത്തിന് പക്ഷവാതം പിടിപെടുന്ന അവസ്ഥയാണ് ഇന്ത്യയില്‍. രാഷ്ട്രീയ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും നിഷേധിക്കുന്ന ചൈനയെ ലേഖനം കുറ്റപ്പെടുത്തുന്നുണ്ട്. പക്ഷേ, മോദിക്കെതിരെ ഒരക്ഷരം എഴുതാന്‍ ധൈര്യമില്ലാത്ത സ്വന്തം ദുരവസ്ഥയെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ മറവി നടിക്കുന്നു. എന്നിട്ട് ജനാധിപത്യത്തിലെ കീഴ്‌വഴക്കങ്ങളെ ചവിട്ടിമെതിച്ച ബോൾസോനാരോ അനുയായികള്‍ ട്രംപില്‍നിന്നാണ് ആശയം കടം കൊണ്ടതെന്ന് സമര്‍ഥിക്കുന്നു. അവര്‍ നുണകള്‍ മാത്രം കേട്ടുശീലിച്ചവരാണെന്ന് കുറ്റപ്പെടുത്തുന്നു. ഈ അനാശാസ്യ പ്രവണതയെ എതിര്‍ത്ത മോദിയുടെ വാക്കുകളെ ഉദ്‌ഘോഷിക്കുന്നു. എന്നിട്ടൊടുവില്‍ വിശ്വഗുരു ചൈനയല്ല ഇന്ത്യയാണെന്ന് പറയാതെ പറയുന്നു. അക്ഷരാര്‍ഥത്തില്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ തുപ്പല്‍ കോളാമ്പിയായി മാറുകയും ചെയ്യുന്നു.
ഇന്ത്യന്‍ ജനാധിപത്യത്തിന് ഈ പ്രവണതകള്‍ ഇല്ലേ?
സ്വേഛാധിപത്യ പ്രവണതയുള്ളവര്‍ ഭരിക്കുന്ന രാജ്യങ്ങളിലാണ് ലോകജനതയുടെ 68 ശതമാനവും ജീവിക്കുന്നതെന്ന ഗോഥന്‍ബര്‍ഗിലെ വീഡം ഏജന്‍സിയുടെ റിപ്പോര്‍ട്ട് 2021 മാര്‍ച്ചിലാണ് പുറത്തുവന്നത്. ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത് ഇന്ത്യ 'തെരഞ്ഞെടുക്കപ്പെട്ട സ്വേഛാധിപത്യ' രാജ്യമായി (ഇലക്ടഡ് ഓട്ടോക്രസി) മാറിയെന്നാണ്. ഈ റിപ്പോര്‍ട്ട് കുറെക്കൂടി കൗതുകകരവുമാണ്. എന്തെന്നാല്‍, മോദി ജനാധിപത്യ മര്യാദകള്‍ ഉപദേശിച്ചുകൊടുത്ത ബ്രസീല്‍ അപ്പോഴും വീഡം റിപ്പോര്‍ട്ടനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ രാജ്യം (ഇലക്ടഡ് ഡെമോക്രസി) ആയി നിലനില്‍ക്കുന്നുണ്ടായിരുന്നു. 2023-ലെ ബ്രസീലിലെ മാറ്റങ്ങള്‍ക്കും ഏകദേശം രണ്ട് വര്‍ഷം മുമ്പെ തന്നെ ഇന്ത്യ പിറകിലേക്ക് നീങ്ങിയിട്ടുണ്ടെന്നര്‍ഥം. 180 രാജ്യങ്ങളുടെ കൂട്ടത്തില്‍ 97-ാമത്തെ സ്ഥാനമാണ് ഇന്ത്യക്ക് കിട്ടിയത്. ഈയൊരു തരംതാഴ്ത്തലിലേക്ക് വീഡം റിപ്പോര്‍ട്ടിനെ നയിച്ച ഘടകങ്ങളും ഡാറ്റയും അവര്‍ വ്യക്തമാക്കുന്നുണ്ട്. സ്വേഛാധിപത്യ ഭരണകൂടങ്ങളെ അളക്കാനുപയോഗിച്ച പ്രധാന മാനദണ്ഡങ്ങളിലൊന്ന് ഈ രാജ്യങ്ങളിലെ മാധ്യമ സ്വാതന്ത്ര്യമാണ്. പ്രതിപക്ഷ സംഘടനകളോടും സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളോടും ഒരു ഭരണകൂടം സ്വീകരിക്കുന്ന നിലപാടുകള്‍ക്കും വീഡം പ്രാധാന്യം നല്‍കുന്നുണ്ട്. ഇപ്പറഞ്ഞ അടിസ്ഥാനങ്ങളിലെല്ലാം സ്വന്തം കാലുകള്‍ക്ക് മന്ത് ബാധിച്ചുവെന്ന് ബോധ്യപ്പെട്ടതിനു ശേഷവും വിരലുകള്‍ വീങ്ങിയവരെ കുറ്റം പറയേണ്ട അവസ്ഥയിലാണ് ടൈംസ് ഓഫ് ഇന്ത്യയെന്ന മുത്തശ്ശി പത്രത്തിന്റെ പോലും അവസ്ഥ.
നമുക്ക് മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് ആദ്യം സംസാരിക്കാം. നരേന്ദ്ര മോദി സര്‍ക്കാര്‍ മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രതിജ്ഞാബദ്ധമാണെന്നും അത് തടസ്സപ്പെടുത്തുന്നതിനെ ഒരിക്കലും വെച്ചു പൊറുപ്പിക്കില്ലെന്നുമാണ് 2020-ലെ ദേശീയ മാധ്യമ ദിനത്തില്‍ പുറപ്പെടുവിച്ച സന്ദേശത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവകാശപ്പെട്ടത്. രാജ്യത്തുടനീളം കോവിഡ് പിടിമുറുക്കിക്കൊണ്ടിരുന്ന അക്കാലത്ത് പ്രധാനമന്ത്രി നല്‍കിയ സന്ദേശത്തിലും മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിനെ ഉച്ചൈസ്തരം പ്രകീര്‍ത്തിക്കുന്നുണ്ടായിരുന്നു. എന്നാല്‍, നരേന്ദ്ര മോദി സര്‍ക്കാറിന്റെ മുഖമുദ്രയായി മാറിയ വാചകക്കസര്‍ത്തുകളുടെ ക്ലാസിക്കല്‍ ഉദാഹരണം മാത്രമായിരുന്നു ഈ പ്രഖ്യാപനങ്ങള്‍. കോവിഡ് വിഷയത്തില്‍ സത്യസന്ധമായി വാര്‍ത്തകള്‍ നല്‍കിയതിന് 55 മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ആ വര്‍ഷം രാജ്യത്ത് കേസുകളെടുത്തത്. റൈറ്റ് ആന്റ് റിസ്‌ക് അനാലിസിസ് ഗ്രൂപ്പ് പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത് ഭാരതീയ ജനതാ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള മൂന്ന് സംസ്ഥാനങ്ങളിലായാണ് ഈ കേസുകളുടെ നല്ലൊരു പങ്കും രജിസ്റ്റര്‍ ചെയ്യപ്പെട്ടത് എന്നാണ്. കേന്ദ്രം നേരിട്ടു ഭരിക്കുന്ന ജമ്മു-കശ്മീരില്‍ ആറ് കേസുകളാണുണ്ടായത്. 11 കേസുകളുമായി ആദിത്യനാഥിന്റെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഇക്കൂട്ടത്തില്‍ മുന്നില്‍ നിന്നു. കുളവാഴകളെപ്പോലെ ഗംഗാനദിയില്‍ ശവങ്ങളൊഴുകി നടന്ന യു.പിയിലാണ് കോവിഡ് കാലത്ത് ഇന്ത്യയില്‍ ഏറ്റവുമധികം കെടുതി അനുഭവിക്കേണ്ടി വന്നത്. ഏറ്റവുമധികം കോവിഡ് രോഗികള്‍ മരിച്ച സംസ്ഥാനവും യു.പിയാണെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍, രാജ്യത്തെ ഏറ്റവും മികച്ച കോവിഡ് മാനേജ്‌മെന്റ് നടന്നത് ഉത്തര്‍ പ്രദേശിലാണെന്ന് മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നു. ഇരുമ്പുമറക്കകത്തായിരുന്നു ആദിത്യനാഥ് സര്‍ക്കാറിന്റെ കോവിഡ് കണക്കുകള്‍. വാര്‍ത്ത നല്‍കിയതിനെച്ചൊല്ലി 2020-ല്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ രാജ്യത്ത് കൊല്ലപ്പെട്ടപ്പോള്‍ രണ്ടു പേരും ഇതേ യു.പിയില്‍ നിന്നായിരുന്നു എന്നതും കൂട്ടത്തില്‍ എടുത്തുപറയണം.
ഈ വിശദാംശങ്ങള്‍ പറയുമ്പോള്‍ തന്നെ ബി.ജെ.പിയിതര സര്‍ക്കാറുകള്‍ ശുദ്ധാത്മാക്കളാണെന്ന് തെറ്റിദ്ധരിക്കരുത്. കൊമ്പന്റെ വഴിയേ നടന്ന മോഴകളായിരുന്നു ബാക്കിയുള്ളവ. മഹാരാഷ്ട്ര ഭരിച്ച കോണ്‍ഗ്രസ്-ശിവസേന സര്‍ക്കാര്‍, സത്യസന്ധമായി കോവിഡ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകരെ അടക്കിയിരുത്താനായി 15 കേസുകളും ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ 12 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. മമതാ ബാനര്‍ജിയുടെ നാട്ടിലുമുണ്ടായി അറസ്റ്റുകളും ഭീഷണിപ്പെടുത്തലും. കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തുവന്ന റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ പട്ടിക കുറെക്കൂടി പരിതാപകരമാണ്. ചൈന, ഇറാന്‍ പോലുള്ള രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയെ ആര്‍.എസ്.എഫ് ഉള്‍പ്പെടുത്തുന്നത്. അതായത്, ലോകത്തെ ഏറ്റവും മോശപ്പെട്ട 'ഡിജിറ്റല്‍ ഇരപിടിയന്‍'മാരുടെ കൂട്ടത്തില്‍. ഗുജറാത്ത് വംശഹത്യയില്‍ മോദിയുടെ പങ്ക് വീണ്ടും ചര്‍ച്ചക്കു വെച്ചതിന്, കൊളോണിയല്‍ മാനസികാവസ്ഥയാണ് ബി.ബി.സിയുടേതെന്ന് കുറ്റപ്പെടുത്തി അവരുടെ ഓഫീസ് റെയ്ഡ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തുനിഞ്ഞിറങ്ങി. മീഡിയാ വണ്‍ ചാനലിന്റെ പ്രവര്‍ത്തനാനുമതി നിഷേധിക്കുകയും ചാനലിനെതിരെ 'തെളിവു'ണ്ടാക്കി സാധ്യമായ എല്ലാ വഴികളിലൂടെയും കേസ് മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാറിനെ ഒടുവില്‍ സുപ്രീം കോടതി ഇടപെട്ടാണ് നിയന്ത്രിച്ചത്. ബി.ബി.സി-മീഡിയാ വണ്‍ കേസുകളെ ഉദാഹരണമായെടുത്താല്‍ ജനാധിപത്യത്തിന്റെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും അംഗീകരിക്കപ്പെട്ട എല്ലാ തത്ത്വങ്ങള്‍ക്കും വിരുദ്ധമാണ് ബി.ജെ.പി സര്‍ക്കാറിന്റെ മാനസികാവസ്ഥയെന്ന് സ്പഷ്ടം. അവരുടെ വിഴുപ്പുകളെ അലക്കിവെളുപ്പിക്കുക എന്നല്ലാതെ അതിനെ ജനസമക്ഷം വിചാരണക്കെടുക്കുന്ന ഒരു മാധ്യമത്തെയും മോദി വെച്ചുപൊറുപ്പിക്കില്ല എന്നു തന്നെയായിരുന്നു ഈ കേസ് ബാക്കിയിട്ട തത്ത്വം.
അന്വേഷണ ഏജന്‍സികളും പ്രതിപക്ഷവും
എതിര്‍ ശബ്ദങ്ങളോടുള്ള മോദി സര്‍ക്കാര്‍ നിലപാടിന്റെ ഏറ്റവും മോശപ്പെട്ട ഉദാഹരണമായിരുന്നു രാഹുല്‍ ഗാന്ധിക്കെതിരെ ഉയര്‍ന്ന കേസും അദ്ദേഹത്തിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കാനുള്ള തിടുക്കവും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്ന ഇ.ഡിയെ കുറിച്ച് മോദി സര്‍ക്കാര്‍ നിർമിച്ച പ്രതിഛായ സമാനതകളില്ലാത്ത വിധം നിറംമങ്ങിയതായി. അഴിമതിക്കെതിരെ എന്നതിനെക്കാളുപരി രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ സര്‍ക്കാര്‍ എടുത്തുപയോഗിക്കുന്ന ഒരു കൂലിപ്പട്ടാളം എന്ന വിശേഷണമാണ് അതിന് കൂടുതൽ ഇണങ്ങുന്നത്. കോണ്‍ഗ്രസിന്റെ സി.ബി.ഐ ആണ് മോദിയുടെ കാലത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആയി മാറുന്നത്. സഞ്ജയ് കുമാര്‍ മിശ്രയെ നടപടിച്ചട്ടങ്ങള്‍ മറികടന്ന് ഇ.ഡിയുടെ അധ്യക്ഷ സ്ഥാനത്ത് മൂന്നാം തവണയും നിലനിര്‍ത്താനായി സര്‍ക്കാര്‍ കോടതി കയറിയത് എന്തുകൊണ്ടായിരുന്നു? മോദിയുടെ 'അടിമ'യായതുകൊണ്ടല്ലേ? സ്വേഛാധിപത്യത്തിന്റെ മത്തുപിടിച്ച ഭരണകൂടത്തിനു വേണ്ടി ആരാച്ചാരുടെ പണിയെടുക്കുകയായിരുന്നു എസ്.കെ മിശ്ര. ഇദ്ദേഹത്തിന് തുടര്‍നിയമനം നല്‍കുന്നതിനെ സുപ്രീം കോടതി വിലക്കിയതിനെ പ്രതിപക്ഷ സംഘടനകള്‍ വലിയ ആഘോഷമാക്കി മാറ്റിയപ്പോള്‍ അമിത് ഷായുടെ പ്രതികരണത്തിലെ ഒരു വാചകം ശ്രദ്ധേയമാണ്: "ഇ.ഡിയുടെ തലപ്പത്ത് ആരു വരുന്നു എന്നത് വിഷയമല്ല. സുപ്രീം കോടതി ഏതെങ്കിലുമൊരാളെ മാറ്റിയതിനെ ചൊല്ലി ആരും ആഹ്ലാദിക്കേണ്ട കാര്യവുമില്ല. സവിശേഷമായ പദവിയുണ്ടെന്ന് കരുതുന്ന ചില പ്രമാണി കുടുംബങ്ങളുടെ വികസന വിരുദ്ധ മാനസികാവസ്ഥയാണത്."
ചില പ്രത്യേക രാഷ്ട്രീയ കുടുംബങ്ങളെയാണോ അതോ വിദേശനാണ്യ ഇടപാടുകള്‍ നടത്തുന്നവരെയും കള്ളപ്പണം സൂക്ഷിക്കുന്നവരെയുമാണോ കേന്ദ്ര സി.വി.സി നിയമത്തിന്റെ പരിധിയില്‍ വരുന്ന ഇ.ഡി പിന്തുടരുന്നത് എന്ന ചോദ്യം ഈ ട്വീറ്റ് ബാക്കിയാക്കുന്നുണ്ട്. ആഭ്യന്തരമന്ത്രി ഇ.ഡി എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തെ എങ്ങനെ മനസ്സിലാക്കുന്നു എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരുന്നില്ലേ? എതിര്‍ക്കുന്നവരെ നിശ്ശബ്ദരാക്കാനുള്ള ഒരുപകരണമാണ് ഇ.ഡിയെന്ന് ദ്യോതിപ്പിക്കുന്ന ഒരു ദുസ്സൂചന ഈ വാക്കുകളിലെവിടെയോ ഉണ്ടായിരുന്നു.
അധികാരത്തെ സ്വേഛാപരമായ രീതിയില്‍ എങ്ങനെ ഉപയോഗപ്പെടുത്താനാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാറിന്റെ ഓരോ ചുവടിലും കാണാനുണ്ടായിരുന്നു. സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍നിന്നു മാറ്റി ക്രമസമാധാനത്തെ കണ്‍കറന്റ് ലിസ്റ്റിലേക്ക്, അതായത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും ഒരുപോലെ നിയമം നിർമിക്കാന്‍ അധികാരമുള്ള വിഷയങ്ങളുടെ പട്ടികയിലേക്ക് മാറ്റി സ്ഥാപിക്കാന്‍ 2017-ല്‍ നീതി ആയോഗ് നിർദേശം മുന്നോട്ടു വെച്ചത് ശ്രദ്ധിക്കുക. 'പോലീസ് സംവിധാനത്തിന്റെ സമഗ്രമായ പരിഷ്‌കരണം' എന്നാണ് ഈ നീക്കത്തിന് പേരിട്ടതെങ്കിലും സംസ്ഥാന പോലീസുകളെ ദല്‍ഹിയിലിരുന്ന് ഭരിക്കാനുള്ള ബി.ജെ.പിയുടെ അത്യാഗ്രഹമായിരുന്നു അത്. ദേശീയോദ്ഗ്രഥനവും പൊതുസുരക്ഷയും ഭീകരതക്കെതിരെയുള്ള പോരാട്ടവുമൊക്കെ ചൂണ്ടിക്കാട്ടിയാണ് പോലീസില്‍ അനിവാര്യമായ ഈ അഴിച്ചുപണിയെ കുറിച്ച ചര്‍ച്ചകള്‍ക്ക് മോദി സര്‍ക്കാര്‍ തുടക്കമിട്ടത്. സംസ്ഥാനങ്ങളുടെ ക്രമസമാധാന പാലന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തം. രാഷ്ട്രീയമായി അതുണ്ടാക്കാന്‍ പോകുന്ന കോലാഹലം അറിഞ്ഞു കൊണ്ടു തന്നെയാണ് ഈ ചര്‍ച്ചക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടത്. തല്‍ക്കാലം പിന്‍വാങ്ങിയെങ്കിലും 2022 ഒക്‌ടോബറില്‍ നടന്ന ആഭ്യന്തരമന്ത്രിമാരുടെ ആലോചനാ യോഗത്തില്‍ (ചിന്തന്‍ ശിബിര്‍) ഇതേ വീഞ്ഞിനെ പുതിയ കുപ്പിയിലടച്ച് അമിത് ഷാ വീണ്ടും രംഗത്തുവന്നു. ഭീകരതയും സാമ്പത്തിക, സൈബര്‍ കുറ്റകൃത്യങ്ങളും നേരിടാനായി എന്‍.ഐ.എയുടെ ശാഖകള്‍ എല്ലാ സംസ്ഥാനത്തും 2024-ഓടെ തുറക്കുമെന്നാണ് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയത്.
ക്രമസമാധാന പാലനം സംസ്ഥാന വിഷയമാണെങ്കിലും കുറ്റകൃത്യങ്ങള്‍ സംസ്ഥാനങ്ങളുടെ അതിരുകളെ മറികടക്കും വിധം സാങ്കേതിക വിദ്യയില്‍ മാറ്റമുണ്ടായിട്ടുണ്ട് എന്നതാണ് പുതിയ നീക്കത്തിന് അദ്ദേഹം പറഞ്ഞ കാരണം. ഭീകരതയുമായി ബന്ധപ്പെട്ട കേസുകള്‍ രാജ്യത്ത് എണ്ണം കുറഞ്ഞു വരികയാണെങ്കിലും ഓരോ സംസ്ഥാനത്തെയും സൈബര്‍ സെല്ലുകള്‍ക്ക് അതത് സംസ്ഥാനങ്ങളുമായും അവക്ക് പുറത്തുള്ളവയുമായും ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കാനുള്ള ശേഷിയുണ്ടെങ്കിലും കേന്ദ്രത്തിന് കടന്നുകയറാനുള്ള പഴുത് എല്ലായിടത്തും വേണമെന്ന ശാഠ്യം മാത്രമായിരുന്നു അത്. ഓരോ ക്രിമിനല്‍ കേസുകളെയും മതം തിരിച്ച് ഭീകരതയാക്കി മാറ്റുന്ന എന്‍.ഐ.എ കീഴ്‌വഴക്കത്തെ മുകളിലിരുന്ന് നിയന്ത്രിക്കുന്ന അവസ്ഥയാണ് ഇതോടെ സംജാതമാകുന്നത്. മറുഭാഗത്ത് ദുര്‍വിനിയോഗം ചെയ്യാന്‍ തീരുമാനിച്ചാല്‍ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും വലിയ തത്ത്വങ്ങളിലൊന്നിനെ വ്യവസ്ഥാപിതമായി അട്ടിമറിക്കാനുള്ള സാധ്യതയും ഇതിലൂടെ രൂപപ്പെടുന്നുണ്ട്.
ഈ നീക്കങ്ങളെയെല്ലാം കുല്‍സിതമായ ചിന്തയുടെ ഉപോല്‍പ്പന്നങ്ങളായി വിലയിരുത്താന്‍ എളുപ്പമുണ്ട്. രാകേഷ് അസ്താനയെ സി.ബി.ഐ ഡയറക്ടറാക്കുന്ന നീക്കം 2013-ലെ ലോക്പാല്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. സി.ബി.ഐയെ കൂട്ടിലടച്ച തത്തയെന്ന് പരിഹസിച്ച ജസ്റ്റിസ് ലോധയുടെ ബെഞ്ച് ദേശീയ കുറ്റാന്വേഷണ ഏജന്‍സിയുടെ അധ്യക്ഷനെ നിശ്ചയിക്കുന്നതില്‍ നിർദേശിച്ച മാര്‍ഗ നിർദേശക തത്ത്വങ്ങള്‍ 2016 മുതല്‍ക്ക് മോദി സര്‍ക്കാര്‍ തോട്ടിലൊഴുക്കിയില്ലേ? രാഷ്ട്രീയമായ ദുഃസ്വാധീനത്തില്‍ നിന്ന് കുറ്റാന്വേഷണ ഏജന്‍സികളെ മോചിപ്പിക്കണമെന്ന സന്‍മാര്‍ഗ ചിന്ത ഒരിക്കല്‍പോലും മോദി സര്‍ക്കാറിനെ അലട്ടിയിരുന്നില്ല. മോദിയെ മാത്രമല്ല കോണ്‍ഗ്രസിനെയും അലട്ടിയിട്ടില്ല. ഇ.ഡിയെയും സി.ബി.ഐയെയുമൊക്കെ പ്രതിപക്ഷ നേതാക്കളുടെ പിറകെ കയറൂരിവിട്ട ചരിത്രം കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ക്കും അവകാശപ്പെടാനുണ്ട്. 1984-ലെ സിഖ് വിരുദ്ധ കലാപവും ബോഫോഴ്‌സ് കേസുമൊക്കെ കോണ്‍ഗ്രസിനു വേണ്ടി അന്വേഷിച്ച് തുമ്പും വാലുമില്ലാതാക്കിയത് സി.ബി.ഐ ആയിരുന്നല്ലോ. ഡോ. മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ കാലത്ത് 2004 മുതല്‍ 2014 വരെ ഇ.ഡി അന്വേഷണം നേരിട്ട 24 രാഷ്ട്രീയ നേതാക്കളില്‍ 13 പേരും പ്രതിപക്ഷ നിരയില്‍ നിന്നുള്ളവരായിരുന്നു. അവരുടെ കാര്യത്തില്‍ പക്ഷേ, വ്യക്തമായ കേസുകള്‍ ഉണ്ടായിരുന്നുവെങ്കിലും മോദി കാലത്ത് ഭയാനകമായ ഒരു സാഹചര്യമാണ് രൂപപ്പെട്ടു വന്നത്. ഒന്നും രണ്ടുമല്ല, 118 പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയാണ് മോദി കാലത്ത് സി.ബി.ഐയുടെ കരങ്ങള്‍ നീണ്ടത്. എന്നാല്‍, അദാനി മുതല്‍ റാഫേല്‍ വരെയുള്ള ഇടപാടുകള്‍ ഒരിക്കലും ഈ കുറ്റാന്വേഷണ സംഘങ്ങളുടെ സുപ്രധാന ഫയലുകളായി മാറിയില്ല. എന്നല്ല, അഴിമതിക്കാരില്‍ പലരും ബി.ജെ.പിയിലേക്ക് കൂറുമാറിയതോടെ കേസുകള്‍ അവസാനിക്കുകയും ചെയ്തു. മുഖ്യമന്ത്രിയായിരിക്കവെ നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് പറ്റുപടി നല്‍കിയെന്ന് ഡയറിയില്‍ കുറിച്ചിട്ട ശാരദാ ചിട്ടിഫണ്ട് തട്ടിപ്പിലെ പ്രതി തൃണമൂല്‍ കോണ്‍ഗ്രസിലെ സുബേന്ദു അധികാരിയും മറ്റൊരു അഴിമതി വീരനായ മുകുള്‍ റോയിയും മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും ഒരു കാലത്ത് ബി.ജെ.പിക്ക് എതിരാളികളെ അടിച്ചിരുത്താനുള്ള ചില പ്രതീകങ്ങളായിരുന്നു. മഹാരാഷ്ട്രയില്‍ അജിത് പവാര്‍ ബി.ജെ.പിയില്‍ ചേരുന്നതു വരെയുള്ള കാലത്ത് അഴിമതിക്കാരനായിരുന്നു. എല്ലാ അന്വേഷണ ഏജന്‍സികളും അയാളുടെ പിറകെയുമായിരുന്നു. കൂറുമാറി മോദിക്ക് സിന്ദാബാദ് വിളിച്ചതോടെ ഈ നേതാക്കളുടെ എല്ലാ അഴിമതിക്കേസുകളും ഒറ്റ രാത്രികൊണ്ട് വായുവില്‍ അലിഞ്ഞുതീര്‍ന്നു. മനീഷ് സിസോദിയക്കെതിരെ ഉയര്‍ന്ന കേസിനെ രാഷ്ട്രീയ പ്രേരിതമല്ലെന്ന് വിലയിരുത്താന്‍ സാമാന്യബുദ്ധി പണയം കൊടുക്കേണ്ടി വരും. 2016-ല്‍ സി.ബി.ഐ മനീഷ് സിസോദിയയെ ചോദ്യം ചെയ്ത് തെളിവില്ലെന്ന് കണ്ട് വിട്ടയച്ചത് ഇതേ കേസില്‍ ആയിരുന്നില്ലേ?
അതായത്, ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിക്കേണ്ട പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കുകയും മാധ്യമങ്ങളെയും കുറ്റാന്വേഷണ ഏജന്‍സികളെയും ഷണ്ഡീകരിക്കുകയും ചെയ്തതിനു ശേഷമാണ് മോദി ലോകരാജ്യങ്ങള്‍ക്ക് ജനാധിപത്യത്തെ കുറിച്ച സാരോപദേശം നല്‍കിക്കൊണ്ടിരുന്നത്. അതെക്കുറിച്ച അന്താരാഷ്ട്ര നിരീക്ഷണ ഏജന്‍സികളുടെയും മാധ്യമങ്ങളുടെയും കണ്ടെത്തലുകളെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ ഇന്നോളം മോദിക്ക് കഴിഞ്ഞിട്ടുമില്ല. l
Comments