Prabodhanm Weekly

Pages

Search

2023 ആഗസ്റ്റ് 11

3313

1445 മുഹർറം 24

ഇരുത്തിച്ചിന്തിപ്പിക്കുന്ന ലേഖനം

റഹ്്മാന്‍ മധുരക്കുഴി

കക്ഷികളായി പിരിഞ്ഞ്, പോര്‍ വിളികളുയര്‍ത്തി, ദൂരവ്യാപകമായ ഭവിഷ്യത്തുകളിലേക്ക് കൂപ്പ് കുത്താന്‍ പോകുന്ന മുസ്്‌ലിം ഉമ്മത്തിന്റെ ശോച്യാവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്ന ശംസുദ്ദീന്‍ മന്നാനിയുടെ ലേഖനം (ജൂലൈ 21) മുസ്്‌ലിം സംഘടനകളെ ഇരുത്തിച്ചിന്തിപ്പിക്കാന്‍ പോന്നതാണ്. 'ഒരുമയിലാണ് നന്മ', 'ഐകമത്യം മഹാ ബലം' എന്നിങ്ങനെയുള്ള സദ്്വചനങ്ങള്‍ മുറുകെ പിടിച്ച്, പുതിയ കാലത്ത് കൂലംകുത്തി വരുന്ന ഇസ്്‌ലാമോഫോബിയയുടെ കടന്നാക്രമണങ്ങളെ കരുത്തോടെ പ്രതിരോധിക്കാന്‍ പ്രതിജ്ഞാബദ്ധരായി മുന്നോട്ടു വരാന്‍ ബാധ്യസ്ഥരായ മുസ്്‌ലിം സംഘടനകള്‍, സ്ഥാപിത താല്‍പര്യങ്ങളുടെ തടവറയില്‍ കുരുങ്ങി അപായ ഗര്‍ത്തത്തില്‍ ആപതിക്കുന്നതിനെക്കുറിച്ചാണ് മന്നാനി താക്കീത് ചെയ്യുന്നത്.

ഇസ്്‌ലാം വിഭാവനം ചെയ്യുന്ന സാഹോദര്യവും സുരക്ഷിതത്വവും ക്ഷേമൈശ്വര്യവും കൈവരിക്കാന്‍ കഴിയുന്ന ഉത്തമ മാതൃകകള്‍ സമൂഹത്തിന് സമര്‍പ്പിക്കാന്‍ ബാധ്യസ്ഥരായവര്‍ ആദര്‍ശ സാഹോദര്യത്തിന്റെ സകല സീമകളും ലംഘിക്കുന്നത് ആത്മഹത്യാപരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വിയോജിപ്പുകളെക്കാൾ യോജിപ്പുകളുടെ മേഖലകള്‍ തുറന്നു കിടക്കുന്ന ജീവിത വഴിത്താരയില്‍ യോജിക്കാവുന്ന മേഖലകളില്‍ സംഘടനാപരമായ അസ്തിത്വം ബലികഴിക്കാതെത്തന്നെ ഒന്നിച്ചുനിന്ന് മുന്നേറാന്‍ എന്തുണ്ട് തടസ്സം എന്ന ചോദ്യവും ഏറെ പ്രസക്തം.

 

ഇടതുപക്ഷത്തിന്റെ ‘പക്ഷം’

ഏക സിവിൽ കോഡിനെതിരെ കേരളത്തിലെ സി.പി.എം സംഘടിപ്പിച്ച സെമിനാറിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഇന്ത്യൻ ജമാഅത്തെ ഇസ് ലാമി എന്നീ രണ്ടു കക്ഷികളെ  പങ്കെടുപ്പിക്കുകയുണ്ടായില്ല. ഇവ രണ്ടും  ദേശീയസ്വഭാവം  പുലർത്തുന്ന സംഘടനകളാണ്. മറ്റൊരു ദേശീയ പാർട്ടിയായ മുസ് ലിം ലീഗിനെ ക്ഷണിച്ച് കെണിയിലാക്കാമെന്ന് കരുതിയെങ്കിലും, പിടികൊടുക്കാതെ ലീഗ് കുതറിമാറി. ഏക സിവിൽ കോഡ്  ദേശീയ പ്രശ്നമാണെന്നതിനാൽ കേരളത്തിൽ മാത്രം ഭരണത്തിലുള്ള സി.പി.എമ്മിനോട് സഹകരിക്കുന്നതിനെക്കാൾ, ദേശീയ കക്ഷിയായ കോൺഗ്രസിനോടാണ് തങ്ങൾക്ക് ആഭിമുഖ്യമെന്ന, കുറിക്ക് കൊള്ളുന്ന മറുപടിയുമായി അവർ ഭരണകക്ഷിയെ വെട്ടിലാക്കി. നേരത്തെ ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന വാദമുയർത്തിയത് ഇ.എം.എസ് ആണ്, ഇപ്പോഴും സി.പി.എമ്മിന് ഏക സിവിൽ കോഡ് വിഷയത്തിൽ വ്യക്തതയില്ല, വ്യക്തിനിയമ പരിഷ്കരണം എന്ന നിഗൂഢ അജണ്ട അതിന്റെ ഭാഗമാണ് തുടങ്ങിയ വാദങ്ങളുയർത്തി, സി.പി.ഐ.എം ക്ഷണിക്കാത്തതിൽ പരിഭവമില്ലെന്നും ഏക സിവിൽ കോഡിനെതിരെ സംസാരിക്കാൻ തങ്ങൾക്ക് മറ്റനേകം വേദികളുണ്ടെന്നും ജമാഅത്ത് വ്യക്തമാക്കുകയും ചെയ്തു.

ഇടതുപക്ഷത്തിന്റെ പക്ഷമേതാണെന്ന കാര്യത്തിൽ ഇപ്പോൾ അവർക്ക് തന്നെ ആശയവ്യക്തതയില്ലാത്തതുപോലെയാണ് കാര്യങ്ങൾ. ജനപക്ഷം എന്ന പ്രതീതി സൃഷ്ടിക്കാനാണ് അവർ  ശ്രമിക്കുന്നത്.  മുസ് ലിം ന്യൂനപക്ഷത്തോടൊപ്പം എന്നും നിലയുറപ്പിക്കുന്ന ‘ഹൃദയപക്ഷ’മാണ് തങ്ങളുടേത് എന്ന മട്ടിലുള്ള മാസ്മരിക പ്രഖ്യാപനങ്ങൾ ഉണ്ടാവാറുണ്ട്. എന്നാൽ,  മൃദുഹിന്ദുത്വ സമീപനമാണ് ഇടതുഭരണത്തിന്റെ ശരീരഭാഷയായി അനുഭവപ്പെടുന്നത്. സച്ചാർ സമിതിയുടേയും പാലോളി കമ്മിറ്റിയുടേയും അടിസ്ഥാനത്തിൽ മുസ് ലിം വിദ്യാർഥികൾക്ക് മാത്രമായി ലഭിച്ചുകൊണ്ടിരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങളിൽ ലത്തീൻ കത്തോലിക്കരെയും പരിവർത്തിത ക്രൈസ്തവരെയും ഇടതുപക്ഷ സർക്കാർ ഉൾപ്പെടുത്തിയത് വോട്ടുബാങ്ക് ലക്ഷ്യം വെച്ചുകൊണ്ട് മാത്രമായിരുന്നില്ല. മുസ് ലിംകൾക്ക് മാത്രമായി എന്തെങ്കിലും സവിശേഷമായി ചെയ്യുന്നുവെന്ന തോന്നൽ ഭൂരിപക്ഷ വിഭാഗത്തിനുണ്ടാകരുതെന്ന ശുഷ്കാന്തിയാണ് ഇവിടെ പ്രകടമായത്. ഫലത്തിൽ, പൊതുവെ സാഹോദര്യത്തിൽ കഴിഞ്ഞിരുന്ന ക്രൈസ്തവരും മുസ് ലിംകളും തമ്മിൽ ശത്രുതാ സമീപനം ഉണ്ടാകുന്നതിന് ഇത് കാരണമായി.

കേന്ദ്രസർക്കാരിനെതിരെ നിതീഷും മമതയും സ്റ്റാലിനും  പ്രകടിപ്പിക്കുന്ന എതിർപ്പിന്റെ വീര്യം പിണറായി വിജയനിൽ കാണാറില്ല. ബി.ജെ.പിക്കെതിരെ ഉയരുന്ന പ്രതിപക്ഷ ഐക്യനിരയിൽപോലും സംശയം ജനിപ്പിച്ച് നിർണായക സന്ദർഭങ്ങളിൽ സി.പി.എം കേന്ദ്രനേതൃത്വം പാലം വലിക്കുന്നതിന് പിന്നിൽ  ചരടുവലിക്കുന്നത് കേരളമുഖ്യനാണെന്ന് പരക്കെ സംസാരമുണ്ട്. കർണാടകയിൽ കോൺഗ്രസ് അധികാരമേൽക്കുന്ന വേളയിൽ അയൽ സംസ്ഥാനമായിട്ടും ചടങ്ങിൽ കേരളമുഖ്യനെ ക്ഷണിക്കാതിരുന്നത് അണിയറയിലെ ഈ ചവിട്ടുനാടകങ്ങൾ അറിയാവുന്നതു കൊണ്ടാണ്. ‘ഭൂരിപക്ഷ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഭരണപക്ഷം’ എന്ന പേരാണ് ഇടതുപക്ഷത്തിനിപ്പോൾ കൂടുതൽ ചേരുന്നത്.

മതം എന്നാൽ വർഗീയതയെന്ന യുക്തിരഹിതമായ സമവാക്യമാണ് ഇടതുപക്ഷം എന്നും അവതരിപ്പിച്ചുപോരുന്നത്. പൊതുവേ ഇസ് ലാമോഫോബിക്കായ അന്തരീക്ഷത്തിൽ ഇസ് ലാമിനെതിരാകുമ്പോൾ വിമർശനങ്ങൾക്ക് തീയും പുകയും കൂടും. മതങ്ങളുടെ മൂല്യവ്യവസ്ഥയോട് സഹിഷ്ണുത പുലർത്താൻ പോലും അവർ തയാറല്ല. ലഹരി, ലൈംഗികത തുടങ്ങിയ വിഷയങ്ങളിൽ സന്ദർഭാനുസരണം അരാജകവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഈ സമീപനങ്ങൾ പക്ഷേ, ഭരണകൂടത്തിന്റെ നയങ്ങളായി മാറുമ്പോൾ ജമാഅത്ത് അതിനെതിരെ പ്രതികരണവുമായി രംഗത്തിറങ്ങുന്നത് സ്വാഭാവികമാണ്. വിമർശനങ്ങളെ ശ്രദ്ധിക്കുന്നതിന് പകരം അതിനെ വർഗീയതയുടെ ചാപ്പയടിച്ച് മാറ്റിനിർത്താനാണ് ഇടതുപക്ഷം ശ്രമിച്ചുപോരുന്നത്.

മതത്തെ വ്യക്തിജീവിതത്തിന്റെ ആധാരവും സാമൂഹിക വികാസത്തിന്റെയും വിമോചനത്തിന്റെയും അടിസ്ഥാനവുമാക്കണമെന്ന ചിന്തയാണ് ജമാഅത്ത് പങ്ക് വെക്കുന്നത്. അതുവഴി സൗന്ദര്യവും സന്തോഷവുമുള്ള ഇഹ-പര ജീവിതങ്ങൾ കൈവരിക്കാനാകും. ‘ആകാശത്തും ഭൂമിയിലും സ്വർഗം’ എന്ന സർഗാത്മക സ്വപ്നമാണ് അത് ആവിഷ്കരിക്കുന്നത്. ശാസ്ത്ര-സാങ്കേതിക സംവിധാനങ്ങൾ പൂത്തുലഞ്ഞ് നിൽക്കുന്ന പുതിയ കാലത്ത് പുതു തലമുറയുടെ ഹൃദയങ്ങളോടാണ് ജമാഅത്ത് ഹൃദ്യമായി സംവദിക്കുന്നത്. അതിന് നേതൃത്വം നൽകാൻ കിടയറ്റ പണ്ഡിതർ, ഗവേഷകർ, ശാസ്ത്ര ചിന്തകർ, സാമൂഹിക-രാഷ്ട്രീയ പ്രവർത്തകർ, ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ, എഴുത്തുകാർ, കലാകാരന്മാർ എന്നിവർ ജമാഅത്തിനോടൊപ്പമുണ്ട്. അതിനുതകും വിധമുള്ള സാഹിത്യശേഖരം, സ്ഥാപനങ്ങൾ, മാധ്യമങ്ങൾ എന്നിവയും ജമാഅത്തിന് സ്വന്തമായുണ്ട്. ഈ ആശയങ്ങളോടും സംവിധാനങ്ങളോടും ഭരണവർഗത്തിലുള്ളവർക്കും അധികാര മേലാളസ്വഭാവമുള്ളവർക്കും ശത്രുതയുണ്ടാകുമെന്നത് ചരിത്രം നൽകുന്ന പാഠമാണ്. എന്തുകൊണ്ട് ഇസ് ലാമിക പ്രസ്ഥാനങ്ങൾ വേട്ടയാടപ്പെടുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണിത്. 

സ്വാതന്ത്ര്യത്തോടും ജനാധിപത്യത്തോടും ജമാഅത്ത് മുഖം തിരിച്ചു നിൽക്കുന്നുവെന്നതാണ് ഇടതുപക്ഷ ബുദ്ധിജീവികളുടെ പ്രധാന ആരോപണങ്ങളിലൊന്ന്. ഇക്കാര്യത്തിൽ  ഇടതുപക്ഷത്തിന്റെ കാഴ്ചപ്പാടും നടപടിക്രമങ്ങളും വിശകലനം ചെയ്യാൻ വിമർശകർ സമയം ചെലവഴിക്കാറില്ല. പാർട്ടി ഗ്രാമം, പാർട്ടി ഭരണം, പാർട്ടി നിയമം , പാർട്ടി കോടതി എന്നിവ സ്ഥാപിക്കുകയും സംരക്ഷിച്ചുപോരുകയും ചെയ്യുന്നവരാണിവരെന്നത് പകൽവെളിച്ചം പോലെ വ്യക്തമാണ്. പാർട്ടിക്ക് ഭരണം ലഭിക്കുന്നിടത്ത് ‘ദൈവത്തെ’പോലെ വാഴുന്ന നേതാവിന് കീഴിൽ അനുസരണയുള്ള  അടിമകളായി ശിരസ്സ് നമിച്ചും സാഷ്ടാംഗം ചെയ്തും ജീവിച്ചോളണം. കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ‘സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും കഥകൾ’ നാം കൂറേ കേട്ടതാണല്ലോ. അതിൽ 'ആയിരത്തൊന്ന് രാവുകളി'ലെ കഥകളെ തോൽപിക്കുന്നതാണ്  വടക്കൻ കൊറിയയിലെ അനുഭവങ്ങൾ. പൗരാവകാശങ്ങളില്ലാതെയും ലോകം മാറിയതറിയാതെയും കുടുംബവാഴ്ചയുടെ പേരിൽ  ക്രൂരനായ ഒരു ഏകാധിപതിയെ അനുഭവിക്കേണ്ടിവരുന്ന ജനത. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ ഇന്റർനെറ്റ് ഉപയോഗിക്കാനോ കുട്ടികൾക്ക് സ്വതന്ത്രമായി പേരിടാനോ അനുവാദമില്ലാത്തവർ. മടുത്താൽ നാടുവിട്ടോടാൻപോലും അവർക്കാവില്ല. കാരണം, തോക്ക് കീശയിലിട്ട് നടന്ന് എതിർശബ്ദങ്ങളെ നേരിടുന്ന ഭരണാധികാരിയാണ് അവരുടേത്.. ഭരണം ലഭിച്ച രാജ്യങ്ങളിൽ ഈ മാതൃകകൾ സമ്മാനിക്കുന്നവരാണ് സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും കുറിച്ച് വലിയ വായിൽ ഇസ് ലാമിക പ്രസ്ഥാനത്തോട് സംസാരിക്കുന്നത്. 
ഫൈസൽ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 34-37
ടി.കെ ഉബൈദ്‌

ഹദീസ്‌

മുസ്്ലിം സമൂഹത്തിന്റെ നിയോഗ ദൗത്യം
സഈദ് ഉമരി മുത്തനൂർ