മുസ്്ലിം സമൂഹത്തിന്റെ നിയോഗ ദൗത്യം
عَنْ حُذَيْفةَ رَضْيَ اللهُ عَنْهُ عَنِ النَّبيِّ صلَّى اللهُ عَلَيه وَسَلَّم قَالَ: والَّذِي نَفْسِي بِيَدِه، لتَأمُرنَّ بِالمعْرُوفِ، ولَتَنهونَّ عَنِ المنْكَرِ، أَوْ لَيوشِكنَّ اللهُ أن يبْعَثَ عَلَيكم عِقابًا مِنْه، ثمَّ تَدعونَه فَلَا يُسْتَجَابُ لكم (رواه الترمذي، وقال: حديثٌ حسن)
ഹുദൈഫയിൽ നിന്ന്. നബി (സ) അരുളി: എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനിൽ സത്യം. നിങ്ങൾ നന്മ കൽപിക്കുകയും തിന്മ വിലക്കുകയും ചെയ്യണം. അല്ലെങ്കിൽ അല്ലാഹു അവന്റെ ശിക്ഷ നിങ്ങളുടെ മേൽ അയച്ചേക്കാം. പിന്നെ നിങ്ങൾ അവനോട് പ്രാർഥിച്ചാൽ നിങ്ങൾക്കവൻ ഉത്തരം നൽകുകയില്ല (തിർമിദി).
ഈ നബിവചനം മുസ്്ലിം സമൂഹത്തിന്റെ നിയോഗ ദൗത്യം പ്രഖ്യാപിക്കുകയാണ്. ഇസ്്ലാമിക പ്രബോധനമാണ് മുസ്്ലിംകളുടെ ഉത്തരവാദിത്വം. അഥവാ നന്മ കൽപിക്കുകയും തിന്മ വിലക്കുകയുമാണ് അവരുടെ യഥാർഥ ദൗത്യം. അതവർ അനുസ്യൂതം നിർവഹിക്കേണ്ടതുണ്ട്. അവരുടെ നിർബന്ധ ബാധ്യതയുമാണത്. ഏത് സങ്കീർണ സാഹചര്യത്തിലും അത് നിർവഹിച്ചിരിക്കണം. വിശുദ്ധ ഖുർആനും അത് വ്യക്തമാക്കിയിട്ടുണ്ട് (3:110).
ഹദീസിൽ പ്രയോഗിച്ച മഅ്റൂഫ് എന്ന പദത്തിന് സുപരിചിതമായ കാര്യം എന്നാണ് അർഥം. എല്ലാ നല്ല കർമങ്ങളും സൽസ്വഭാവ പാഠങ്ങളും ഏതവസ്ഥയിലും മനുഷ്യൻ ഇഷ്ടപ്പെടുന്ന കാര്യങ്ങളും ഇതിന്റെ പരിധിയിൽ പെടും. മുൻകർ എന്നാൽ, തെറ്റായതും അനിഷ്ടകരമായതും മനുഷ്യമനസ്സിനെ വികർഷിക്കുന്നതുമായ മുഴുവൻ കാര്യങ്ങളുമാണ്.
ഏതൊക്കെ കാലങ്ങളിൽ വിശ്വാസി സമൂഹം തങ്ങളുടെ ഈ ദൗത്യനിർവഹണം നിർവഹിച്ചുവോ അന്നവർ വിജയസോപാനത്തിലേറിയിട്ടുമുണ്ട്. അല്ലാമാ ഇഖ്‌ബാൽ ദീർഘദർശനം ചെയ്ത പോലെ: സത്യത്തിന്റെയും നീതിയുടെയും ചടുലതയുടെയും പാഠങ്ങൾ ഒരാവൃത്തി കൂടി പഠിക്കൂ, അന്നേ ദൈവം നിങ്ങളുടെ അധഃസ്ഥിതി മാറ്റൂ, അപ്പോൾ മാത്രമേ ലോകത്തിന്റെ കടിഞ്ഞാൺ നിങ്ങളുടെ കൈകളിലെത്തൂ. (സബഖ് പിർ പഢ് സദാഖത് കാ, അദാലത് കാ, ശുജാഅത് കാ
ലിയാ ജായേഗാ തുജ് സേ കാം ദുനിയാ കീ ഇമാമത് കാ)
ലോകത്ത് എങ്ങും ഇസ്്ലാമിക പ്രബോധനം വഴി മുസ്്ലിംകളുടെ പ്രതാപം പൂത്തുലഞ്ഞിട്ടുണ്ട്. ഒരു കാലത്ത് സ്പെയിനിൽ ഇസ്്ലാമിന്റെ വസന്തം കളിയാടിയിരുന്നു. ഇന്ത്യയിലും മുസ്്ലിം പണ്ഡിതന്മാരും സൂഫിവര്യന്മാരും വളരെ നേരത്തെ ഇസ്്ലാമിക പ്രചാരണ പ്രബോധന വഴിയിൽ അവരുടേതായ ധർമം നിർവഹിച്ചു പോന്നു. ആ പ്രയത്നങ്ങളുടെ 'ശിആറു'കൾ ഇന്നും ഇവിടെയെങ്ങും കാണാം. ദഅ്വ രംഗത്തുനിന്ന് പിറകോട്ട് പോയപ്പോൾ കേവലം സമുദായമായി മുസ്്ലിംകൾ അധഃപതിച്ചതിനും നാടുകളിലെങ്ങും തെളിവുകളുണ്ട്. ഇസ്്ലാം മുഖേന ഉന്നതി പ്രാപിക്കേണ്ടതിനു പകരം മറ്റുള്ളവരുടെ ഔദാര്യത്തിന്റെ ഓരം പറ്റി ജീവിക്കേണ്ട അവസ്ഥ സംജാതമായി. ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട് ഉഴലുന്ന മുസ്്ലിംകൾ ലോകത്തെങ്ങുമുണ്ട്.
ഇസ്്ലാമിക പ്രബോധന രംഗത്തുനിന്ന് വിശ്വാസികൾ വിമുഖരായിത്തീർന്നാൽ അല്ലാഹു ശിക്ഷയിറക്കും. പിന്നീട് അല്ലാഹുവോട് പ്രാർഥിച്ചിട്ടോ പരിതപിച്ചിട്ടോ കാര്യമുണ്ടാവില്ല. അല്ലാഹു വിളി കേൾക്കുകയില്ല; ഉത്തരം നൽകുകയുമില്ല. ഇക്കാര്യമാണ് മേൽ നബിവചനം താക്കീതായി ഉണർത്തുന്നത്. ഇസ്്ലാമിക പ്രബോധന രംഗത്ത് മുസ്്ലിം ഉമ്മത്ത് ഒറ്റക്കും കൂട്ടായും തങ്ങളുടെ ബാധ്യതയും ഉത്തരവാദിത്വവും യഥാവിധി നിർവഹിക്കണം. രാജ്യത്തെ മുസ്്ലിം സമൂഹം നീതിയുടെയും സമാധാനത്തിന്റെയും വക്താക്കളാകേണ്ടവരാണ്. പ്രബോധകർ എന്ന നിലക്ക് യുക്തി ദീക്ഷയും തത്ത്വചിന്തയും കൈവിടരുതെന്ന് മാത്രം. l
Comments