സുഊദി, ഇറാൻ, തുർക്കിയ.... പുന:സ്ഥാപിക്കപ്പെടുന്ന നയതന്ത്ര ബന്ധങ്ങൾ
ലോക രാഷ്ട്രങ്ങളില്‍ നാലിലൊന്നിന്റെ അംഗബലമുള്ള ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്്ലാമിക് കോപ്പറേഷന്‍ (ഒ.ഐ.സി) അംഗങ്ങളായ പല മുസ്്ലിം രാജ്യങ്ങളും തമ്മിൽ തമ്മിൽ കടുത്ത അഭിപ്രായ ഭിന്നതകള്‍ കൊണ്ടുനടക്കുന്നവയാണ്. രാഷ്ട്രീയ പ്രശ്‌നങ്ങളും അതിര്‍ത്തിത്തര്‍ക്കങ്ങളും മറ്റും ഭിന്നത രൂക്ഷമാക്കുന്നു. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ മറ്റു രാജ്യങ്ങള്‍ പക്ഷം പിടിക്കുന്നതോടെ ഭിന്ന ചേരികള്‍ രൂപപ്പെടുന്നു.
സുഊദി അറേബ്യയും ഇറാനും തുര്‍ക്കിയയും വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ വിരുദ്ധ ചേരികളില്‍ നിലയുറപ്പിച്ചവയാണ്. യമന്‍, സിറിയ, ലിബിയ, സുഡാന്‍, ഇറാഖ്, ലബനാന്‍, അൾജീരിയ-മൊറോക്കോ തര്‍ക്കം, തുനീഷ്യയിലെ ജനാധിപത്യക്കുരുതി തുടങ്ങിയ വിഷയങ്ങളില്‍ ഈ ഭിന്നത പ്രകടമാണ്.
ഇതൊക്കെയാണെങ്കിലും മുസ്്ലിം ലോകത്തെ പ്രബലര്‍ ശത്രുതകള്‍ മാറ്റിവെച്ച് പരസ്പര സഹകരണത്തിലേക്ക് നീങ്ങുന്നതിന്റെ ശുഭസൂചനകളും കാണാം. വ്യത്യസ്ത ചേരികളിലായി നിന്നവര്‍ ഇതിനകം നയതന്ത്ര ബന്ധങ്ങൾ പുനഃസ്ഥാപിച്ചു കഴിഞ്ഞു. ഇറാനും സുഊദിയും സൗഹൃദത്തിലേക്ക് തിരിച്ചുവന്നത് മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിമറിക്കും. യമനിലെ യുദ്ധത്തിന് വിരാമമുണ്ടാക്കുന്ന ഫോര്‍മുല ഇതിന്റെ ഉപോല്‍പന്നമാണ്. ഒരു പതിറ്റാണ്ടോളമായി സംഘര്‍ഷഭരിതമായ യമനെ തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുള്ള വേദിയാക്കുകയായിരുന്നു അമേരിക്ക. ഹൂതികളെ പിന്തുണക്കുന്ന ഇറാനെ ഒറ്റപ്പെടുത്തുക മാത്രമായിരുന്നു നാല് പതിറ്റാണ്ടിലേറെയായി തെഹ്‌റാന്റെ ബദ്ധശത്രുവായ യു.എസിന്റെ ലക്ഷ്യം. അതുകൊണ്ടു തന്നെ അമേരിക്കയുടെ സാന്നിധ്യം യമന്‍പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുകയല്ലാതെ പരിഹാര മാര്‍ഗം എന്തെങ്കിലും ഉണ്ടാക്കുമെന്ന ചിന്ത പോലും അസ്ഥാനത്തായിരുന്നു.
2030-ല്‍ അമേരിക്കയെ മറികടന്ന് ചൈന ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാവുമെന്ന് വിദഗ്ധര്‍ പ്രവചിച്ചിട്ടുണ്ട്. എന്നാല്‍, അമേരിക്കയെ പിന്തള്ളി ചൈന സമാധാനത്തിന്റെ ബ്രോക്കറാകുമെന്ന് ആരും പ്രവചിച്ചിരുന്നില്ല. 2023-ല്‍ മിഡിലീസ്റ്റിലെ സമാധാന ദൗത്യം ചൈന ഏറ്റെടുത്തതോടെ സംഭവിച്ചത് വലിയ മാറ്റങ്ങളാണ്. സുഊദിയും ഇറാനും തമ്മിലുള്ള മഞ്ഞുരുക്കത്തിന് ചൈനയുടെ ഇടപെടലാണ് ഫലം കണ്ടത്.
മിഡിലീസ്റ്റ് രാഷ്ട്രീയത്തില്‍ ചൈനയുടെ ക്രിയാത്മക ഇടപെടല്‍ അമേരിക്കയുടെ മേധാവിത്വത്തിനേറ്റ ശക്തമായ തിരിച്ചടിയാണ് എന്നതില്‍ സംശയമില്ല. പതിറ്റാണ്ടുകളായി മുസ്്ലിം ലോകത്തെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യുകയെന്നതായിരുന്നു അമേരിക്കയുടെ വിദേശ നയം. ലോകത്തെ ഏറ്റവും നെറികെട്ട സയണിസ്റ്റ് അധിനിവേശ ഭീകരതക്ക് സർവ പിന്തുണയും നല്‍കി ഫലസ്ത്വീൻ ജനതയുടെ ജീവിക്കാനുള്ള അവകാശത്തെ ചവിട്ടിമെതിക്കാന്‍ കൂട്ടുനിന്ന അമേരിക്ക, മറുഭാഗത്ത് മുസ്്ലിം ലോകത്തെ ഏകാധിപതികളെ സുഖിപ്പിച്ച് കൂടെനിര്‍ത്തുകയായിരുന്നു. പതിറ്റാണ്ടുകളായി ഇസ്രായേലിനെ തീണ്ടാപ്പാടകലത്ത് നിര്‍ത്തിയിരുന്ന മുസ്്ലിം ലോകത്തെ ഭിന്നിപ്പിക്കുന്നതില്‍ പോലും അവര്‍ വിജയിച്ചു.
സുന്നി ഭൂരിപക്ഷ രാജ്യങ്ങളില്‍ ശീഈ ആശയങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന്റെ പേരിലാണ് സുഊദി അറേബ്യയുടെ നേതൃത്വത്തില്‍ ഇറാനെ അകറ്റിനിര്‍ത്തിയത്. സിറിയ, ലബനാന്‍, യമന്‍, ഇറാഖ് എന്നിവിടങ്ങളില്‍ ഇറാന്റെ സ്വാധീനം ശക്തമായ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിലാണ് ഇത് കൂടുതല്‍ പ്രകടമായതെങ്കിലും 1979-ലെ ഇറാനിയൻ വിപ്ലവത്തോളം അതിന് പഴക്കമുണ്ട്. വിപ്ലവത്തിനു പിന്നാലെ ഇറാഖ് ഭരണാധികാരി സദ്ദാം ഹുസൈന്‍ അടിച്ചേല്‍പിച്ച എട്ടു വര്‍ഷം നീണ്ട യുദ്ധത്തില്‍ ന്യായത്തോടൊപ്പമായിരുന്നില്ല ഭൂരിപക്ഷം മുസ്്ലിം രാജ്യങ്ങളും നിലയുറപ്പിച്ചത്. മറുഭാഗത്ത് ശീഈ ഇറാനാണെന്ന ഒറ്റ കാരണത്താല്‍ അവര്‍ സദ്ദാമിനെ പണവും ആയുധവും നല്‍കി പിന്തുണക്കുകയായിരുന്നു. 1988 മുതല്‍ 91 വരെ സുഊദിയും ഇറാനും തമ്മില്‍ നയതന്ത്ര ബന്ധങ്ങള്‍ വിഛേദിക്കപ്പെട്ടു. പ്രായോഗികവാദിയായ അലി അക്ബര്‍ ഹാശിമി റഫ്‌സഞ്ചാനിയുടെ കാലത്ത് ഇറാനുമായി സുഊദി സാമാന്യം തരക്കേടില്ലാത്ത ബന്ധം പുലര്‍ത്തിയെങ്കിലും അത് പല ഘട്ടങ്ങളിലും ആടിയുലഞ്ഞു. 2016-ല്‍ ശീഈ പുരോഹിതന്‍ നിംറ് അല്‍ നിംറ് ഉള്‍പ്പെടെ 47 പേരെ സുഊദി വധശിക്ഷക്കു വിധേയമാക്കിയ സംഭവം ഇറാന്റെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി, ജനക്കൂട്ടം തെഹ്‌റാനിലെ സുഊദി എംബസി കൈയേറി നാശനഷ്ടങ്ങളുണ്ടാക്കി. മശ്ഹദിലെ കോൺസുലേറ്റിന് തീയിട്ടു. ഇതേത്തുടർന്ന് വിഛേദിക്കപ്പെട്ട നയതന്ത്ര ബന്ധമാണ് ഇപ്പോള്‍ പൂര്‍ണാര്‍ഥത്തില്‍ പുനഃസ്ഥാപിക്കപ്പെട്ടത്. ഇരു രാജ്യങ്ങളും തമ്മിലെ ദീർഘനാളത്തെ ശത്രുതയാണ് ഒരു പരിധിവരെയെങ്കിലും ഇല്ലാതാവുന്നത്.
ഇറാനില്‍നിന്ന് വ്യത്യസ്തമാണ്, ഉസ്മാനിയാ ഖിലാഫത്തിന്റെ പാരമ്പര്യം പേറുന്ന തുര്‍ക്കിയയോട് ചില മുസ്്ലിം രാജ്യങ്ങള്‍ സ്വീകരിച്ച നിലപാട്. കമാലിസത്തിലേക്ക് തുര്‍ക്കിയ ചായുന്നതിനു മുമ്പേ ആരംഭിച്ച ഈ ഒറ്റപ്പെടുത്തല്‍ രാഷ്ട്രീയം ഏറക്കാലമായി കൂടിയും കുറഞ്ഞും പ്രകടമാണ്. രണ്ടായിരത്തിന്റെ ആരംഭത്തോടെ തുര്‍ക്കിയ ഇസ്്ലാമിസ്റ്റ് ആഭിമുഖ്യമുള്ള ഭരണത്തിലേക്ക് നീങ്ങിയതോടെ അതിന് ശക്തികൂടി. മധ്യപൗരസ്ത്യ ദേശത്തെ ഇസ്്ലാമിക പ്രസ്ഥാനങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്നതും, ഇസ്്ലാമിസ്റ്റുകളെ വേട്ടയാടുന്ന ഈജിപ്ത് പോലെയുള്ള ഏകാധിപത്യ മർദക ഭരണകൂടങ്ങളോടുള്ള പ്രതിഷേധവുമാണ് ഇതിന് കാരണം. ഈജിപ്തില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച പട്ടാള സ്വേഛാധിപത്യത്തിനെതിരെയും ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തിനെതിരെയും ശബ്ദിച്ചതിന്റെ പേരിലാണ് ഏറ്റവുമൊടുവില്‍ തുര്‍ക്കിയയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചത്. സുഊദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി ഇസ്തംബൂളിലെ സുഊദി കോൺസുലേറ്റില്‍ നിഷ്ഠുരമായി വധിക്കപ്പെട്ട സംഭവം പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്തു.
ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കപ്പെട്ടതിനെ തുടർന്ന് ബന്ധപ്പെട്ട രാജ്യങ്ങള്‍ തമ്മില്‍ നയതന്ത്ര ബന്ധം പഴയ പടിയിലെത്തി. എന്നാല്‍, ഈജിപ്തിലെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ തുടര്‍ക്കഥയാണ്. ഖഷോഗ്ജി വിഷയത്തില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സുഊദിക്ക് കൈമാറിയാണ് തുര്‍ക്കിയ കൈ കഴുകിയത്. ഉര്‍ദുഗാനെ സംബന്ധിച്ചേടത്തോളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ കരകയറ്റേണ്ടതുണ്ട്. അതോടൊപ്പം മുസ്്ലിം ലോകത്തിന്റെ ഐക്യമാണ് പരമപ്രധാനമെന്നും അതിനായി കഴിയുന്നത്ര വിട്ടുവീഴ്ച ചെയ്യണമെന്നുമുള്ള നിലപാടും അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്നു. സുഊദിയുമായുള്ള അഭിപ്രായ ഭിന്നതകള്‍ക്ക് വിരാമമിട്ട് കഴിഞ്ഞ വര്‍ഷം കിരീടാവകാശി മുഹമ്മദുബ്്നു സല്‍മാന് അദ്ദേഹം ഗംഭീര സ്വീകരണമൊരുക്കുകയുണ്ടായി. അതിനു മുമ്പാണ് സുഊദി രാജാവിന്റെ ക്ഷണം സ്വീകരിച്ച് ഉര്‍ദുഗാന്‍ റിയാദ് സന്ദര്‍ശിച്ചത്.
ഇക്കഴിഞ്ഞ ജൂണില്‍ പ്രസിഡന്റ് പദവിയില്‍ തന്റെ അവസാനമൂഴം വിജയകരമായി ആരംഭിച്ചതോടെ ആ ദിശയിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയാണ് അദ്ദേഹം. മൂന്ന് പ്രമുഖ ഗള്‍ഫ് രാജ്യങ്ങളില്‍ ജൂലൈയില്‍ ഉര്‍ദുഗാന്‍ നടത്തിയ സന്ദര്‍ശനം പല കാരണങ്ങളാല്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഖത്തര്‍ തുര്‍ക്കിയയുടെ അടുത്ത സുഹൃത്താണെങ്കിലും സുഊദി അറേബ്യയും യു.എ.ഇമായുള്ള അങ്കാറയുടെ ബന്ധങ്ങള്‍ ഒരു ഇടവേളക്കുശേഷം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് സന്ദര്‍ശനം. അറബ് വസന്തത്തിന്റെ ആരംഭം മുതല്‍ രണ്ടു ചേരികളിലായിരുന്നല്ലോ അവര്‍. തുര്‍ക്കിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കരാറുകളാണ് സുഊദി സന്ദര്‍ശനത്തില്‍ ഉര്‍ദുഗാന്‍ ഉറപ്പാക്കിയത്. തുര്‍ക്കിയ സ്വന്തമായി വികസിപ്പിച്ചെടുത്ത ബൈറക്താര്‍ റ്റിബി 2 ഡ്രോണുകളുടെ വില്‍പനയാണ് ഇതില്‍ പ്രധാനം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തുര്‍ക്കിയ സെന്‍ട്രല്‍ ബാങ്കില്‍ 500 കോടി ഡോളര്‍ സുഊദി നിക്ഷേപിച്ചിരുന്നു. തുര്‍ക്കിയയെ ഞെട്ടിച്ച ഭൂകമ്പത്തിനു പിന്നാലെ ലഭിച്ച ഈ സഹായം ഇരു രാജ്യങ്ങളെയും കൂടുതല്‍ അടുപ്പിച്ചു. ഒ.ഐ.സിക്കു പുറമെ, സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി 20, ലോക വ്യാപാര സംഘടന എന്നിവയിലും അംഗങ്ങളാണ് സുഊദിയും തുര്‍ക്കിയയും. യു.എ.ഇയുമായി അടുത്ത അഞ്ചു വര്‍ഷത്തേക്ക് 4000 കോടി ഡോളറിന്റെ വമ്പന്‍ വ്യാപാര കരാറുകളും, ജനുവരിയില്‍ കുവൈത്തുമായി 37 കോടി ഡോളറിന്റെ ഡ്രോൺ വില്‍പനക്കരാറും ഒപ്പുവെച്ചത് സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ അങ്കാറയെ സഹായിക്കും.
ഇടയ്ക്കാലത്ത് ബന്ധങ്ങളില്‍ ഊഷ്മളത കുറഞ്ഞെങ്കിലും അമേരിക്കയുമായുള്ള എന്‍ഗേജ്‌മെന്റ് മുസ്്ലിം രാജ്യങ്ങള്‍ കുറയ്ക്കുമെന്ന് ആരും സ്വപ്നം കാണുന്നില്ല. രാഷ്ട്രീയ സാഹചര്യങ്ങളും ജിയോ പൊളിറ്റിക്‌സും അതിന് പ്രധാന കാരണങ്ങളാണ്. ഫലസ്ത്വീനില്‍ ഇസ്രായേല്‍ നടത്തുന്ന നരനായാട്ടിനോട് പ്രതിഷേധിക്കാന്‍ പോലും വയ്യാത്ത വിധം യു.എസ് സമ്മർദത്തിനു വഴങ്ങി സയണിസ്റ്റ് ഭരണകൂടവുമായി കച്ചവടത്തിലേര്‍പ്പെട്ടവരുണ്ട്. ഇനിയെത്ര മുസ്്ലിം രാജ്യങ്ങള്‍ ആ വഴിക്ക് നീങ്ങുമെന്നും പറയാനാവില്ല. പന്ത്രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം നെതന്യാഹുവിന് പരവതാനി വിരിക്കുന്നവരില്‍ ഉര്‍ദുഗാന്‍ പോലുമുണ്ട്. നെതന്യാഹുവുമായി സന്ധിയില്ലെന്ന പഴയ നിലപാടിന് മാറ്റം വരുത്താനുള്ള സാഹചര്യമെന്തെന്ന് അദ്ദേഹം വിശദീകരിച്ചിട്ടില്ല. ഇസ്രായേല്‍ കണ്ട ഏറ്റവും അക്രമിയായ ഭരണാധികാരിയെന്ന് ഇസ്രായേലിലേത് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ഏകകണ്ഠമായി വിലയിരുത്തിയ ആളാണ് നെതന്യാഹു.
അന്താരാഷ്ട്ര ബന്ധങ്ങളില്‍ സ്ഥിരം സുഹൃത്തുക്കളോ ശത്രുക്കളോ ഇല്ല, സ്ഥിരം താല്‍പര്യങ്ങളാണുള്ളതെന്ന ബ്രിട്ടന്റെ മുന്‍ പ്രധാനമന്ത്രി ലോര്‍ഡ് പാര്‍മേസ്റ്റന്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ പറഞ്ഞുവെച്ചത് പില്‍ക്കാലത്ത് നയതന്ത്ര മേഖലയിലെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. മുസ്്ലിം രാജ്യങ്ങളുടെ ഫോറിന്‍ പോളിസിയും ഏതാണ്ട് അതേ വിധമാണ് നീങ്ങുന്നത്. അതുകൊണ്ടാണ് ഫലസ്ത്വീന്‍ ജനതയെ നിഷ്ഠുരം കൊന്നൊടുക്കുന്ന ഇസ്രായേലുമായി സന്ധി ചെയ്യാന്‍ അവര്‍ക്ക് മടിയില്ലാത്തത്; അകറ്റിനിര്‍ത്തേണ്ടവരുമായി വരെ സുഹൃദ്ബന്ധം പുതുക്കുന്നതും.
തര്‍ക്ക വിഷയങ്ങളില്‍ മുസ്്ലിം രാഷ്ട്ര നേതൃത്വം പൊതു നിലപാട് സ്വീകരിക്കുമെന്ന് കരുതാനാവില്ലെങ്കിലും സുഊദി, ഇറാന്‍, തുര്‍ക്കിയ ത്രയം യോജിപ്പിന്റെ പാതയിലെത്തുന്നത് വിശാലാര്‍ഥത്തില്‍ മുസ്്ലിം ലോകത്തിന് ഗുണകരമാണ്. നിലവിലുള്ള സംഘര്‍ഷങ്ങള്‍ക്ക് ഒരു പരിധിവരെ അത് ശമനമുണ്ടാക്കും. യമന്‍ മുതല്‍ അഫ്ഗാനിസ്താന്‍ വരെയുള്ള പ്രശ്‌നങ്ങളില്‍ ശാശ്വത പരിഹാരത്തിന് അത് എത്രത്തോളം സഹായകമാകുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. l
Comments