Prabodhanm Weekly

Pages

Search

2023 ആഗസ്റ്റ് 11

3313

1445 മുഹർറം 24

മദ്യത്തില്‍ മുക്കാന്‍ സര്‍ക്കാര്‍ ജനകീയ പ്രതിരോധത്തിന്റെ പ്രസക്തി

എ.ആര്‍

ആലുവായില്‍ താമസിക്കുന്ന ബിഹാറുകാരായ ദമ്പതികളുടെ അഞ്ചു വയസ്സുകാരി പെണ്‍കുട്ടിയെ വാത്സല്യം നടിച്ചു കൂടെ കൂട്ടി മധുരം നല്‍കി കൊണ്ടുപോയി മണിക്കൂറുകള്‍ക്കകം പീഡിപ്പിച്ചും ശരീരമാസകലം പരിക്കേല്‍പിച്ചും കൊലപ്പെടുത്തി, മൃതദേഹം ചാക്കില്‍ കെട്ടി മാര്‍ക്കറ്റിലെ മാലിന്യക്കൂമ്പാരത്തില്‍ നിക്ഷേപിച്ചും കേരളത്തെ ഞെട്ടിച്ച നരാധമനെ പോലീസ് കസ്റ്റഡിയിലെടുത്ത അതിദാരുണ സംഭവമാണ് പോയ വാരത്തിൽ സംസ്ഥാനത്തെ മുഖ്യ ചര്‍ച്ചാ വിഷയം. പോലീസ് പിടികൂടുമ്പോള്‍ ലഹരിയില്‍ മുങ്ങിയ ഘാതകനെ ബോധം തെളിഞ്ഞു ചോദ്യം ചെയ്യാന്‍ മണിക്കൂറുകള്‍ കഴിയേണ്ടിവന്നു. ലഹരിക്കടിമയായ കൊച്ചു മകന്‍ തന്നെ സംരക്ഷിച്ചുവന്ന വല്യുപ്പയെയും വല്യുമ്മയെയും കൊന്ന ക്രൂരതയും ദിവസങ്ങള്‍ക്ക് മുമ്പാണ്. തൃശൂരിലെ ആദിവാസി ഊരില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്നു തള്ളിയതും മദ്യലഹരിയില്‍ തന്നെ. ഒടുവിലത്തെ സംഭവം അതിന്റെ കൊടും ക്രൂരത കൊണ്ട് സംസ്ഥാനത്തെയാകെ ഞെട്ടിച്ചതൊഴിച്ചുനിര്‍ത്തിയാല്‍ കേരളീയ ജീവിതത്തിലെ സാധാരണ സംഭവമായി മാറിയിരിക്കുന്നു ലഹരിയുടെ നിര്‍ബാധ വ്യാപനവും തജ്ജന്യമായ കൊടും ക്രൂരകൃത്യങ്ങളും. എല്ലാം കൊലപാതകത്തില്‍ കലാശിച്ചില്ലെങ്കിലും സ്ത്രീ പീഡനങ്ങൾ, ബലാത്സംഗങ്ങൾ, ശിശു പീഡനം, ഗുണ്ടായിസം തുടങ്ങിയ അത്യാചാരങ്ങളുമായി കേരളം സമരസപ്പെട്ടുപോയിരിക്കുന്നു. ഒന്നര വര്‍ഷമായി തിരോധാനം ചെയ്ത ഭര്‍ത്താവിനെ താന്‍ കൊന്നു കുഴിച്ചുമൂടിയതാണെന്ന ഭാര്യയുടെ വെളിപ്പെടുത്തല്‍ മുഖവിലക്കെടുത്ത പോലീസ് അവള്‍ കാട്ടിക്കൊടുത്ത ഇടങ്ങളാകെ ഇളക്കിമറിച്ചിട്ടും അടയാളമൊന്നും കാണാതിരുന്ന നേരത്ത് ഭര്‍ത്താവതാ ആരോഗ്യവാനായി പോലീസിന്റെ മുന്നിലെത്തുന്നു. മദ്യപിച്ചു ലക്കുകെട്ട് ഭാര്യയെ മര്‍ദിക്കുന്നത് ദിനചര്യയാക്കിയപ്പോള്‍ തുല്യനാണയത്തില്‍ തിരിച്ചടിക്കാന്‍ ഗുണ്ടകളെ കൂട്ടി വന്ന 'ധീരവനിത', മര്‍ദനത്തില്‍ ബോധരഹിതനായ ഭര്‍ത്താവിന്റെ പ്രാണന്‍ പോയെന്ന് കരുതി ഉപേക്ഷിച്ചുപോയതായിരുന്നു. അയാളാവട്ടെ പിറ്റേന്ന്  ബോധം തെളിഞ്ഞപ്പോള്‍ നാട് വിടുകയും ചെയ്തു. ഇതും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തുവന്ന സംഭവമാണ്. ഇവ്വിധം താണ്ഡവമാടുന്ന ലഹരി ജീവിതത്തിന്റെ നടുവിലാണ് പിണറായി സർക്കാര്‍ പ്രഖ്യാപിച്ച മദ്യനയത്തിന്റെ ഭവിഷ്യത്ത് പരിശോധിക്കേണ്ടത്.

2021-ല്‍ ഭരണത്തിന്റെ രണ്ടാമൂഴം തേടുമ്പോള്‍ ഇടതു മുന്നണി പുറത്തിറക്കിയ ഇലക്്ഷന്‍ വിജ്ഞാപനത്തില്‍ ഉറപ്പ് നല്‍കിയതിങ്ങനെ: ''മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറക്കാന്‍ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സ്വീകരിക്കുക. മദ്യവര്‍ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ശക്തമായ ഇടപെടല്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവും. അതിവിപുലമായ ഒരു ജനകീയ ബോധവത്കരണ പ്രസ്ഥാനത്തിന് രൂപം നല്‍കും.'' ഒന്നാം പിണറായി സര്‍ക്കാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലുമുണ്ടായിരുന്നു ഇവ്വിധമൊരു ഉറപ്പ്. അതപ്പാടെ അവഗണിച്ചുകൊണ്ട് മദ്യ വ്യാപന പരിപാടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോവാന്‍ തീരുമാനിക്കുകയായിരുന്നു. മുസ്്‌ലിം പ്രശ്‌നങ്ങളും ആവശ്യങ്ങളും പഠിക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സമുദായ സംഘടനകളുടെയും പ്രമുഖരുടെയും യോഗത്തില്‍ പങ്കെടുത്തവരെല്ലാം ഒറ്റക്കെട്ടായി മദ്യനയം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും മറുപടി പ്രസംഗത്തില്‍ മറ്റെല്ലാം സ്പര്‍ശിച്ച പിണറായി വിജയന്‍ മദ്യവര്‍ജനത്തെപ്പറ്റി ഒരക്ഷരം മിണ്ടിയില്ലെന്ന്  അന്നതില്‍ സംബന്ധിച്ച ഈ ലേഖകന് കൃത്യമായി ഓർമയുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അടച്ചുപൂട്ടിയ ബാറുകളും മദ്യഷാപ്പുകളും ഒന്നൊന്നായി തുറക്കാനും, ആരാധനാലയങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും 200 മീറ്റര്‍ ദൂരപരിധി വെട്ടിക്കുറക്കാനും, ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അധികാരം റദ്ദാക്കാനുമാണ് ഇടതു മുന്നണി സര്‍ക്കാര്‍ തയാറായത്. അതിനു പറഞ്ഞ ന്യായം മദ്യലഭ്യത കുറയുമ്പോള്‍ വ്യാജ മദ്യോല്‍പാദനവും വില്‍പനയും മയക്കുമരുന്ന് വ്യാപനവും അപകടകരമായി വര്‍ധിക്കുമെന്നതായിരുന്നു. പക്ഷേ, മദ്യവില്‍പന ഒരുവശത്ത് കൂടിയപ്പോള്‍ മറുവശത്ത് മയക്കുമരുന്ന് കടത്തും നിയമവിരുദ്ധ വിതരണവും പതിന്മടങ്ങ് വര്‍ധിച്ചതാണ് പിന്നീടുള്ള അനുഭവം. ഒടുവില്‍ രണ്ടാമൂഴം രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ലഹരിവ്യാപനത്തിന്റെ തോത് വന്‍തോതില്‍ ഉയരുകയും വിദ്യാലയങ്ങള്‍ പോലും മയക്കുമരുന്ന് വിപണനത്തിന്റെ കേന്ദ്രങ്ങളാവുകയും ചെയ്തിരിക്കെ ലഹരി ഉപഭോഗത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രചാരണം നടത്താന്‍ സര്‍ക്കാറും സി.പി.എമ്മും നിര്‍ബന്ധിതമാവുന്ന കാഴ്ചയാണ് കണ്ടത്. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് കോടികളുടെ ലഹരി പദാര്‍ഥങ്ങള്‍ അതിഥി തൊഴിലാളികള്‍ വഴിയും അല്ലാതെയും കേരളത്തിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുന്നു. അവയില്‍ ചെറിയൊരു ശതമാനത്തെ മാത്രമേ എക്‌സൈസിനും പോലീസിനും പിടികൂടാനാവുന്നുള്ളൂ. അറസ്റ്റിലാവുന്നവര്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീണ്ടും മരണ വ്യാപാരം ഊര്‍ജിതമാക്കുന്നതാണ് നിത്യേന പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍. താരതമ്യേന ലഹരി ഉപയോഗത്തില്‍നിന്ന് വിട്ടുനിന്നിരുന്ന പെണ്‍കുട്ടികൾ പോലും ഇപ്പോള്‍ അതിവേഗം ലഹരി മാഫിയകളുടെ ഇരകളായി മാറുകയാണ്. ബിയര്‍ പാര്‍ലറുടെ വ്യാപനമാണ് വിദ്യാര്‍ഥികളെയും കൗമാരക്കാരെയും പിടികൂടുന്ന ലഹരി അഡിക്്ഷന്റെ പ്രാഥമിക ഘട്ടം. ഇത്തരമൊരു അസ്വസ്ഥ സാഹചര്യത്തിലാണ് പിണറായി സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, ബിയര്‍, കള്ള്, പഴവര്‍ഗങ്ങളില്‍നിന്നുള്ള വീര്യം കുറഞ്ഞ മദ്യം, വീഞ്ഞ് ഉള്‍പ്പെടെയുള്ളവയുടെ ഉല്‍പാദനവും വിതരണവും വര്‍ധിപ്പിക്കുക, ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ റസ്റ്റോറന്റുകള്‍ക്ക് തെങ്ങ് ചെത്തി കള്ളുണ്ടാക്കാനും മദ്യവിതരണത്തിനുമുള്ള ലൈസന്‍സ് നല്‍കുക, അടഞ്ഞു കിടക്കുന്ന 250 ബീവറേജസ് ഔട്ട്ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയ നടപടികളാണ് പുതിയ പ്രഖ്യാപനത്തിന്റെ ഉള്ളടക്കം. കെ.ടോഡി എന്ന പേരില്‍ ശുദ്ധ തെങ്ങിന്‍ കള്ള് വിപണിയിലിറക്കാനും പരിപാടിയുണ്ട്. അത് പോഷക വീര്യമുള്ളതും ആരോഗ്യവര്‍ധിനിയാണെന്നുമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അവകാശപ്പെടുന്നത്. സത്യമെന്തെന്നു വെച്ചാല്‍ ഇപ്പോള്‍ ചിറ്റൂരില്‍നിന്നും മറ്റുമായി ചെത്തി സംഭരിക്കുന്ന തെങ്ങിന്‍ കള്ള് സംസ്ഥാനത്തെ ആവശ്യത്തിന്റെ പകുതി പോലും തികയുന്നില്ല. പിന്നെ കള്ള് എന്ന് വലിയ ബോര്‍ഡ് വെച്ചു വില്‍ക്കുന്നതോ? തനി വ്യാജന്‍. ചാരായ നിരോധം നാമമാത്രമായി തുടരുന്നുണ്ടെങ്കിലും വ്യാജ മദ്യ വ്യവസായം യഥാവിധി തുടരുന്നു. എക്‌സൈസും പോലീസും സൗകര്യപൂര്‍വം കണ്ണ് ചിമ്മുന്നു. കള്ളില്‍ ആള്‍ക്കഹോള്‍ എട്ട് ശതമാനമേ വരികയുള്ളൂവത്രെ. വെറും എട്ട് ശതമാനം മാത്രം ഉത്തേജന ശക്തിയുള്ള വെള്ളം വാങ്ങി സേവിക്കാന്‍ മാത്രം പോഴത്തക്കാരല്ല ശരാശരി കുടിയന്മാര്‍. അവര്‍ക്ക് നല്ല 'കൊട്ടുവടി' തന്നെ വേണം. അത് തയാറാക്കി ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതു കൊണ്ടാണ് കള്ള് ഷാപ്പുകള്‍ നിലനില്‍ക്കുന്നത് തന്നെ. കൊട്ടും കുരവയുമായി സര്‍ക്കാര്‍ ആരംഭിച്ച 'നീര' എന്തുകൊണ്ട് പരാജയപ്പെട്ടു എന്നും സര്‍ക്കാര്‍ ആലോചിക്കണം.

കുടുംബം തകര്‍ക്കാനും സ്ത്രീകളെയും കുഞ്ഞുങ്ങളെയും കണ്ണീര്‍ കുടിപ്പിക്കാനും തൊഴില്‍രംഗത്ത് മാന്ദ്യം സൃഷ്ടിക്കാനും അടിപിടിയും കൊലപാതകങ്ങളും നിത്യ സംഭവങ്ങളാക്കാനും ആശുപത്രികളിലെ തിരക്ക് കൂട്ടാനും മാത്രം സഹായിക്കുന്ന മദ്യവ്യവസായത്തെ എന്ത് വില കൊടുത്തും ശക്തിപ്പെടുത്താന്‍ ഇടത് സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നതെന്താണെന്നത് രഹസ്യമല്ല; കേരളത്തിന്റെ ഖജനാവ് കാലിയാണ്. കേന്ദ്രം കനിയാനോ ബാധ്യതകള്‍ മുഴുവന്‍ നിറവേറ്റാനോ തയാറല്ല. അനാവശ്യ ചെലവുകള്‍ ഉപേക്ഷിച്ചും ചെലവ് പരമാവധി കുറച്ചും സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ സംസ്ഥാന സര്‍ക്കാറിനും സാധിക്കുന്നില്ല. അപ്പോള്‍ പിന്നെ വരുമാനം വര്‍ധിപ്പിക്കാന്‍ മൂന്നേ മൂന്ന് മാര്‍ഗങ്ങളേയുള്ളൂ: മദ്യം, ലോട്ടറി, പെട്രോളിയം എന്നിവയില്‍നിന്ന് ലഭിക്കുന്ന വരുമാനം പരമാവധി വര്‍ധിപ്പിക്കുക. അതാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പോയ വര്‍ഷം 2800.49 കോടിയായിരുന്നു മദ്യത്തില്‍നിന്നുള്ള വരുമാനം. പുതിയ വര്‍ധനവിലൂടെ പ്രതീക്ഷിക്കുന്നത് 2975.37 കോടിയും. അതേസമയം ലഹരിയുടെ വിപത്കരമായ വ്യാപനം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളോ, സാമൂഹികവും കുടുംബപരവുമായ തിന്മകളോ, സ്വൈരജീവിതത്തിനേല്‍ക്കുന്ന ഗുരുതരമായ പരിക്കുകളോ, കുടുംബങ്ങളിലെ അശാന്തിയോ ഒന്നും പ്രശ്‌നമേ അല്ല. കണ്ണില്‍ പൊടിയിടാന്‍ സ്ഥാപിച്ച മുക്തി കേന്ദ്രങ്ങള്‍ എത്രയെണ്ണം, എവിടെയെല്ലാം, എത്ര പേര്‍ ഇതിനകം മുക്തി നേടി എന്നിത്യാദി ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയുമില്ല.

ഇപ്പറഞ്ഞത് ഭരണകര്‍ത്താക്കളുടെ ലഹരി നയത്തിന്റെ പ്രത്യാഘാതങ്ങളാണെങ്കില്‍ ജനകീയ കൂട്ടായ്മകളും പ്രസ്ഥാനങ്ങളും മത-സാംസ്‌കാരിക സംഘടനകളും തദ്വിഷയകമായി എന്തു ചെയ്യുന്നു എന്ന ചോദ്യവും പ്രസക്തമാണ്. പേരിന് കുറെ മദ്യ നിരോധ-മദ്യ വര്‍ജന കൂട്ടായ്മകള്‍ പ്രവര്‍ത്തന രംഗത്തുണ്ട് എന്നല്ലാതെ വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ തലമുറകളുടെ വീണ്ടെടുപ്പ് ഇനിയും ഉണ്ടായിട്ട് വേണം. സന്യാസിമാരും പാതിരിമാരും മൗലവിമാരും മത സംഘടനകളും ലഹരിയെക്കുറിച്ച് ബോധവത്കരണം നടത്തുന്നു എന്നത് ശരിയാണ്. പക്ഷേ, അനുദിനം വിപത്കരവും വിനാശകരവുമായി വളരുന്ന ലഹരി ഉപയോഗത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കണക്കിലെടുത്ത് തലമുറകളെ ബോധവത്കരിക്കാനുള്ള സംഘടിത ശ്രമങ്ങള്‍ പൂര്‍വാധികം വീര്യത്തോടെ ആരംഭിച്ചേ തീരൂ. മതപാഠശാലകളിലും പാഠ്യപദ്ധതിയിലും ലഹരി ഉപയോഗത്തിന്റെ തിന്മയെക്കുറിച്ചുള്ള പാഠങ്ങള്‍ ഉള്‍ക്കൊള്ളിക്കണം. ജാഗ്രത പാലിക്കാന്‍ രക്ഷിതാക്കളെയും ഉദ്‌ബോധിപ്പിക്കണം. പൊതു വിദ്യാലയങ്ങളിലെ അധ്യാപകരില്‍ അഡിക്റ്റുകളുണ്ടെങ്കില്‍ -തീര്‍ച്ചയായും ഉണ്ട്- പി.ടി.എകള്‍ മതിയായ പ്രതിരോധം തീര്‍ത്തേ തീരൂ. ജനങ്ങളുടെ നികുതിപ്പണം കുടിയന്മാരെ പോറ്റാനുള്ളതല്ല എന്ന് തെളിയിക്കേണ്ടതുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ തലപ്പത്തുനിന്ന് കുടിയന്മാരെ തുരത്താനുള്ള ആര്‍ജവം സാധാരണ പ്രവര്‍ത്തകരും കാണിക്കണം. l

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 34-37
ടി.കെ ഉബൈദ്‌

ഹദീസ്‌

മുസ്്ലിം സമൂഹത്തിന്റെ നിയോഗ ദൗത്യം
സഈദ് ഉമരി മുത്തനൂർ