മനംമാറ്റം ഇസ്‌ലാമിലേക്കാവുമ്പോൾ
മതംമാറ്റം വലിയ ചർച്ചയാണിന്ന്. മതംമാറ്റം എല്ലാ സമുദായങ്ങളിലേക്കും എല്ലാ കാലത്തും നടന്നിട്ടുണ്ട്. ഇന്നും നടന്നുകൊണ്ടിരിക്കുന്നു. അതിൽ ഇസ് ലാമിലേക്കുള്ള മാറ്റമാണ് എല്ലാ കാലത്തും ചൂടുള്ള ചർച്ചയാവുന്നത്.
ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ. അംബേദ്കർ ലക്ഷക്കണക്കിന് അനുയായികളെ കൂട്ടി ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചു. അനുഭവങ്ങളായിരുന്നു അതിലേക്ക് അദ്ദേഹത്തെ നയിച്ചത്. ആ സംഭവം പക്ഷേ, ഡോ. സത്യനാഥൻ ഡോ. സാദിഖ് ആയപ്പോഴും ഡോ. അഖില ഡോ. ഹാദിയ ആയപ്പോഴും ഉണ്ടായതുപോലുള്ള പ്രകമ്പനങ്ങൾ ഉണ്ടാക്കിയിട്ടില്ല. ഉത്തരേന്ത്യയിലും മറ്റും ആയിരക്കണക്കിന് ആളുകൾ ക്രിസ്ത്യാനികളാവുമ്പോഴും ഈ പ്രകമ്പനങ്ങൾ ഉണ്ടാവുന്നില്ല.
ഇസ്‌ലാമിലേക്കുള്ള മാറ്റം തന്നെയാണ് പ്രശ്നം. ഇതൊരു ആഗോള പ്രതിഭാസമാണ്. അതെന്തുകൊണ്ടായിരിക്കും? പല കാരണങ്ങളിലൊന്ന് ഇസ്‌ലാമിന്റെ പ്രകൃതം തന്നെയാണ് എന്ന് നിരീക്ഷിച്ചാൽ മനസ്സിലാവും.
ആദർശത്തിലെ കാർക്കശ്യമാണതിൽ പ്രധാനം. ആദർശത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും ഇസ്‌ലാം സന്നദ്ധമല്ല. ഒരാൾക്ക് ഒരഛനേ ഉണ്ടാവൂ എന്നതുപോലെ സൃഷ്ടികൾക്ക് ഒരു സ്രഷ്ടാവേ ഉണ്ടാവുകയുള്ളൂ. ആ സ്രഷ്ടാവാണ് മനുഷ്യന്റെ യഥാർഥ ഉടമസ്ഥൻ. അതിനാൽ ആ സ്രഷ്ടാവ് മാത്രമാണ് ദൈവം. ഈ അടിസ്ഥാന സത്യത്തിൽ വെള്ളം ചേർക്കാതെ, ആ സ്രഷ്ടാവിന് വിധേയപ്പെട്ടാണ് മനുഷ്യൻ ജീവിക്കേണ്ടത്. ഇതിൽ ഒരു വിട്ടുവീഴ്ചക്കും ഇസ്‌ലാം ഒരുക്കമല്ല.
ഒരാൾ ഇസ് ലാം സ്വീകരിച്ചാൽ യഥാർഥത്തിൽ ജാതിയല്ല മാറുക; ജീവിതമാണ്. മതം (സമുദായം) മാറ്റമല്ലത്; മനംമാറ്റമാണ്. അതോടെ ജീവിതയാത്രയിലെ എല്ലാ വളവു തിരിവുകളിലും ദൈവിക അധ്യാപനങ്ങളുടെ ഇടപെടൽ ആരംഭിക്കും. ഇസ്്ലാം ദൈവികമായതിനാൽ, മനുഷ്യൻ തിന്മയായിക്കാണുന്ന, മനുഷ്യനെ തിന്മയിലേക്ക് നയിക്കുന്ന എല്ലാറ്റിനെതിരിലും അത് വിരൽ ചൂണ്ടുന്നുണ്ട്. എല്ലാ നന്മയിലേക്കും ഇസ് ലാം മനുഷ്യനെ വഴിനടത്തുന്നുമുണ്ട്. ഇതും ഇസ് ലാം ആക്രമിക്കപ്പെടാനുള്ള പല കാരണങ്ങളിൽ ഒന്നാണെന്ന് കാണാം. കാരണം, നന്മയുടെ ശത്രുവാണ് തിന്മ; ശരിയുടെ ശത്രുവാണ് തെറ്റ്; സത്യത്തിന്റെ ശത്രുവാണ് അസത്യം.
ഒരു മദ്യപാനി ഇസ് ലാമിനെ ആദർശമായി അംഗീകരിച്ചാൽ മദ്യം ഉപേക്ഷിക്കണം. ഒരു കുടുംബം ഇസ്‌ലാമിനെ ആദർശമായി അംഗീകരിച്ചാൽ പിന്നെ ആ കുടുംബത്തിൽ മദ്യത്തിന് പ്രവേശനമുണ്ടാവുകയില്ല. അങ്ങനെയുള്ള കുടുംബങ്ങൾ ചേർന്ന സമൂഹത്തിലും മദ്യത്തിന് ഇടം കിട്ടുകയില്ല. ഒരു രാഷ്ട്രം ഇസ് ലാമിനെ ആദർശമായി അംഗീകരിച്ചാൽ മദ്യവിൽപനയുടെ വരവ് രാജ്യഭരണത്തിന് വേണ്ടെന്ന് വെക്കേണ്ടി വരും. ഇസ്‌ലാം സംസ്കൃതിയുടെ പ്രകൃതമിതാണ്. അതുകൊണ്ടുതന്നെയാണ്, മുസ് ലിം സമുദായത്തിൽ ഒരു മദ്യപാനി ഉണ്ടായാൽ അയാൾക്ക് സ്വന്തം കുടുംബത്തിന്റെയോ മുസ്‌ലിം സമൂഹത്തിന്റെയോ അംഗീകാരം കിട്ടാത്തത്. മദ്യം, മയക്കുമരുന്ന് പോലുള്ള എല്ലാ തിന്മകളോടും ഇസ്‌ലാമിന്റെ നിലപാട് ഇതാണ്.
മനുഷ്യനെ തിന്മയിലേക്ക് നയിക്കുന്ന ചൂതാട്ടത്തെയും ഇസ്‌ലാം പാപമായിട്ടാണ് കാണുന്നത്. ചൂതാട്ടം കാരണമായി നശിച്ചുപോകുന്ന വ്യക്തികൾ, തകർന്നു പോകുന്ന കുടുംബങ്ങൾ, എന്തെല്ലാം ദുരന്തങ്ങൾ... വ്യഭിചാരം, പലിശ, കൊള്ള, കൊല, ജാതീയത, വംശീയത, വർഗീയത ഇങ്ങനെയുള്ള എല്ലാ തിന്മകളോടുമുള്ള ഇസ്‌ലാമിന്റെ നിലപാട് ഇതാണ്. മാനവ സമൂഹത്തിൽ വിനകൾ വിതക്കുന്ന എല്ലാ തിന്മകൾക്കും ഇസ്‌ലാം എതിരാണ്. ഇത്തരം തിന്മകളുടെ വക്താക്കളും പ്രയോക്താക്കളും ഇസ് ലാമിന്റെ ശത്രുക്കളാവുക സ്വാഭാവികം മാത്രമാണ്.
ഇസ് ലാമിന്റെ ഈ പ്രകൃതം മനസ്സിലാക്കിത്തരുന്ന മറ്റൊരു കാര്യം മദ്യം, മയക്കുമരുന്ന് പോലുള്ള തിന്മകൾ കാരണമായി, രാജ്യത്ത് നടക്കുന്ന വാഹനാപകടങ്ങൾ, കുടുംബ കലഹങ്ങൾ, സ്ത്രീ പീഡനങ്ങൾ, ആത്മഹത്യകൾ, കൊലപാതകങ്ങൾ തുടങ്ങിയവയിലൊന്നിലും ഇസ് ലാമിന് ഒരു പങ്കുമില്ല എന്ന യാഥാർഥ്യമാണ്. ഈയിടെ, മദ്യം കാരണമായി സ്വന്തം പിതാവിനാൽ അറുകൊല ചെയ്യപ്പെട്ട നക്ഷത്ര മോളുടെ രക്തത്തിലും ഇസ്്ലാമിന് പങ്കില്ല. എന്നാൽ, മദ്യവും വീഞ്ഞുമൊക്കെ പൂജാ വസ്തുക്കളാവുന്ന മതദർശനങ്ങൾക്കും ഇവയോടൊക്കെ രാജിയായി, നിശ്ശബ്ദത പാലിക്കുന്ന പ്രത്യയശാസ്ത്രങ്ങൾക്കും ഭരണാധികാരികൾക്കും സാംസ്കാരിക നായകന്മാർക്കും ഈ പാപത്തിൽനിന്ന് കൈ കഴുകി രക്ഷപ്പെടാൻ കഴിയില്ല. എന്നാൽ, ഇങ്ങനെയുള്ള ഒരു പാപത്തിലും ഇസ് ലാമിന് പങ്കില്ല എന്നത് ഇസ്‌ലാമിന്റെ പ്രസക്തി ഏറെ വർധിപ്പിക്കുന്നുണ്ട്.
ഇസ് ലാം വിമർശനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാവുന്ന മറ്റൊരു കാര്യമുണ്ട്: മനുഷ്യന്റെ നിലനിൽപിനെ ബാധിക്കുന്ന, മനുഷ്യനെ തിന്മയിലേക്ക് നയിക്കുന്ന ഇന്നയിന്ന തിന്മകൾ ഇസ്‌ലാം പ്രചരിപ്പിക്കുന്നു എന്ന് പ്രമാണങ്ങൾ ഉദ്ധരിച്ചുകൊണ്ടുള്ള വിമർശനങ്ങൾ പൊതുവിൽ ഉണ്ടാവാറില്ല. കാര്യമായി വരാറുള്ള ഒരു വിമർശനം, മനുഷ്യന്റെ സ്വസ്ഥജീവിതത്തെ ബാധിക്കുന്ന തീവ്രവാദവുമായി ബന്ധപ്പെട്ടാണ്. ഇതിലും ഇപ്പോൾ മാറ്റം വന്നിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
മുസ് ലിംകളല്ലാത്ത സഹോദരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഇസ്‌ലാം ചർച്ച ചെയ്യുന്ന പരിപാടികളിൽ തീവ്രവാദവുമായി ബന്ധപ്പെട്ട ധാരാളം ചോദ്യങ്ങൾ വരാറുണ്ട് എന്നതാണ് പൊതു അനുഭവം. എന്നാൽ, ഈ അടുത്ത കാലത്തായി നടന്ന ഒരു പരിപാടിയിലും ഈ ചോദ്യം വരാറേയില്ല എന്നത് കൗതുകകരമായി തോന്നിയിട്ടുണ്ട്. ഇസ്‌ലാമിന്റെ ശത്രുക്കളുടെ കുപ്രചാരണങ്ങളാണത് എന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ലോകത്തുടനീളം നടന്ന തീവ്രവാദ പ്രവർത്തനങ്ങളുടെ കണക്കെടുപ്പ് സത്യസന്ധമായി നടത്തിയാൽ യാഥാർഥ്യം ബോധ്യപ്പെടും; ലോകത്തിനത് ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാലും ഇസ് ലാം തന്നെയാണ് പ്രശ്നം; ഇസ് ലാം തന്നെയാണ് അപകടം!
ആർക്ക്? എല്ലാ തിന്മകളുടെ ശക്തികൾക്കും വക്താക്കൾക്കും!
'ആദർശത്തിൽ കാർക്കശ്യവും മാനവികതയിൽ ഉദാരതയും' എന്നതാണ് ഇസ്‌ലാമിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇസ് ലാമിന്റെ ഈ നിലപാടിന്റെ സ്വാധീനം, എന്തൊക്കെ ജീർണതകളുണ്ടെങ്കിലും മുസ് ലിം സമൂഹത്തിൽ പ്രകടമാണ്. ഒരാൾ യഥാർഥ ഇസ് ലാമിനെ മനസ്സിലാക്കി 'മനംമാറ്റ'ത്തിനു വിധേയമായാൽ മാനവികതയുടെ മിത്രമാവുകയാണ് ചെയ്യുക. മാനവികതയുടെ ശത്രുക്കൾ സ്വാഭാവികമായും അയാളുടെ ശത്രുവായി മാറും. മനംമാറ്റം ഇസ് ലാമിലേക്കാവുമ്പോൾ കൂടുതൽ പ്രകമ്പനങ്ങൾ ഉണ്ടാവുന്നതിന്റെ പിന്നാമ്പുറ കാരണങ്ങളിൽ ചിലതാണിവിടെ പറഞ്ഞത്. l
Comments