Prabodhanm Weekly

Pages

Search

2023 ആഗസ്റ്റ് 11

3313

1445 മുഹർറം 24

റോചസ്റ്റര്‍ സിറ്റിയിലെ മുസ്‌ലിംകളും കോണ്‍ഫറന്‍സിലെ ജൂതരും

ഡോ. മുനീര്‍ മുഹമ്മദ് റഫീഖ്

യാത്ര - 2

 

കോണ്‍ഫറന്‍സ് വേദിയായ നസ്‌റത്ത് കോളേജ് റോചസ്റ്റര്‍ സിറ്റിയിലാണ്. അയല്‍രാജ്യമായ കാനഡയെയും യു.എസിനെയും വേര്‍തിരിക്കുന്ന ഓന്റോറിയ തടാകതീരത്താണ് ന്യൂയോര്‍ക്ക് സ്‌റ്റേറ്റിന്റെ തന്നെ ഭാഗമായ ഈ നഗരം. അമേരിക്കയുടെ തെക്കു-കിഴക്ക് അറ്റ്്ലാന്റിക് സമുദ്രതീരത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ന്യൂയോർക്ക് നഗരത്തില്‍ നിന്ന് വടക്കുള്ള റോചസ്റ്ററിലേക്ക് 500 കിലോമീറ്ററിലധികം ദൂരമുണ്ട്. കേരളത്തിന്റെ തെക്ക് തിരുവനന്തപുരവും വടക്ക് കാസര്‍കോടും പോലെയാണ് യഥാക്രമം ന്യൂയോർക്കും റോചസ്റ്ററും. ന്യൂയോർക്കില്‍നിന്ന് റോചസ്റ്ററിലേക്ക് സംഘാടകര്‍ വിമാന യാത്രയാണ് നിര്‍ദേശിച്ചതെങ്കിലും റോഡു മാര്‍ഗമാണ് ഞാന്‍ തെരഞ്ഞെടുത്തത്. അമേരിക്കയിലെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ജനങ്ങള്‍, ഭൂപ്രകൃതി ഇവയൊക്കെ അടുത്തറിയാന്‍ റോഡുയാത്രയാണ് ഉപകരിക്കുക എന്ന് തോന്നിയിരുന്നു. പ്രതീക്ഷിച്ച പോലെ, അമേരിക്കയുടെ 'ആത്മാവ്' തൊട്ടറിയാന്‍ ആ യാത്ര സഹായകമായി.

റോചസ്റ്റര്‍ സിറ്റിയിലെ  മുസ്‌ലിംകള്‍

അമേരിക്കയിലെ മറ്റു പല വലിയ നഗരങ്ങളിലെയും പോലെ, റോചസ്റ്റര്‍ സിറ്റിയിലും മുസ്‌ലിംകളുണ്ട്. ജനസംഖ്യയില്‍ കുറവാണെങ്കിലും നാള്‍ക്കു നാള്‍ അവരുടെ സ്വാധീനം വര്‍ധിച്ചുവരുന്നു. അമേരിക്കയിലെ മൊത്തം കുടിയേറ്റ മുസ്‌ലിംകളില്‍ കൂടുതലും പാക് വംശജരാണ്. റോചസ്റ്റര്‍ മുസ്‌ലിംകളിലും അങ്ങനെതന്നെ. പാക് വിഭജനത്തിനു മുമ്പ് കിഴക്കന്‍ പാകിസ്താനി(ഇപ്പോഴത്തെ ബംഗ്ലാദേശ്)ല്‍ നിന്ന് കുടിയേറിയവരും അവരുടെ പിന്‍തലമുറക്കാരുമാണ് റോചസ്റ്ററിലെ മുസ് ലിംകളിലധികവും. സോമാലിയ പോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നും മധ്യപൗരസ്ത്യ ദേശത്തുനിന്നും കുടിയേറിയവരുമുണ്ട്. നസ്‌റത്ത് കോളേജിലെ തിയോളജി വിഭാഗം തലവനും ഹിക്കിസെന്റര്‍ ഡയറക്ടറുമായ ഡോ. മുഹമ്മദ് ശഫീഖ് അവിഭക്ത പാകിസ്താനില്‍നിന്ന് കുടിയേറിയതാണ്. സമ്മേളനത്തില്‍ സംബന്ധിച്ച  മതനേതാക്കന്മാരുമായും പണ്ഡിതന്‍മാരുമായും നല്ല സൗഹൃദം സൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം,  അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ പരിമിതമല്ല. ഇന്റര്‍ഫെയ്ത്ത് ഡയലോഗുകള്‍ക്കുപുറമേ, വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സഹകരണം വളര്‍ത്തുന്ന മറ്റു പരിപാടികളിലും നേതൃപരമായ പങ്ക് വഹിക്കുന്നു അദ്ദേഹം. അമേരിക്കയിലെയും കാനഡയിലെയും പല യൂനിവേഴ്‌സിറ്റികളില്‍നിന്നും കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ ജൂത-ക്രൈസ്തവ-ബുദ്ധ പണ്ഡിതന്‍മാര്‍ക്കും പ്രഫ. ശഫീഖിനോട് തികഞ്ഞ ആദരവും സ്‌നേഹവുമാണെന്ന് അവരുടെ സംസാരങ്ങളില്‍നിന്ന് വ്യക്തമായി. റോചസ്റ്ററിലെ പ്രധാന മസ്ജിദിന്റെ രക്ഷാധികാരിയും അദ്ദേഹമാണ്.

റോചസ്റ്ററില്‍ ബസ്്സ്റ്റാന്റില്‍ നിന്ന് എന്നെ കൂട്ടാന്‍ വന്ന വളണ്ടിയര്‍മാര്‍ നസ്‌റത്ത് കോളേജിലെതന്നെ ബിരുദ വിദ്യാർഥികളാണ്. വാനിയ അന്‍സാരി; അമേരിക്കയുടെ പുതുതലമുറയെ പ്രതിനിധാനം ചെയ്യുന്ന പെണ്‍കുട്ടിയാണ് അവരിലൊരാള്‍. രണ്ടു തലമുറകള്‍ക്കു മുമ്പ് അവര്‍ പാകിസ്താനില്‍നിന്ന് കുടിയേറിയതാണ്. ഒരു വൈകുന്നേരം റോചസ്റ്റര്‍ നഗരപ്രദക്ഷിണത്തിന് എന്നെ കൊണ്ടുപോയതും പാക്-അമേരിക്കന്‍ വിദ്യാർഥി റാസിയായിരുന്നു. പ്രഫ. ശഫീഖിനെ ഈ സമ്മേളനത്തിന്റെ സംഘാടനത്തില്‍ സഹായിക്കുന്നത് പത്തില്‍ താഴെ വരുന്ന ഈ ബിരുദവിദ്യാർഥികളാണ്. റോചസ്റ്റര്‍ സിറ്റിയിലേക്ക് വരുംമുമ്പേ, 'വെളിച്ചം' പ്രവര്‍ത്തകരില്‍നിന്ന് ഈ നഗരത്തില്‍ സോഫ്റ്റ്്വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ഒരു മലയാളിയെ കുറിച്ച് കേട്ടിരുന്നു. കോഴിക്കോട്ടുകാരനായ സലീത് തിരക്കിനിടയിലും നസ്‌റത്ത് കോളേജില്‍ എന്നെ സന്ദര്‍ശിക്കാനെത്തിയത് ഏറെ സന്തോഷം നല്‍കി. 

ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള നസ്‌റത്ത് കോളേജില്‍ ഇസ് ലാമിക് തിയോളജിക്ക് ഒരു ഡിപ്പാര്‍ട്ടുമെന്റ് ഉണ്ടാവുന്നതും, അവിടെ ധാരാളം വിദ്യാർഥികള്‍ക്ക് ഇസ് ലാമിനെ പഠിക്കാനുള്ള അവസരം ഉണ്ടാകുന്നതും വലിയ കാര്യംതന്നെ. ഇവിടത്തെ പല പൊതു യൂനിവേഴ്‌സിറ്റികളും മതങ്ങളെക്കുറിച്ച് പഠിക്കാന്‍ അവസരം നല്‍കുന്ന അവിടത്തെ ഡിപ്പാര്‍ട്ടുമെന്റുകളും ഇസ്‌ലാമിന് വലിയ സാധ്യതകളുടെ ലോകമാണ് തുറന്നിടുന്നത്. അതിനു പുറമേ, ഇത്തരം കോണ്‍ഫറന്‍സുകള്‍ ഇസ്‌ലാമിനെക്കുറിച്ച് മറ്റു മതസ്ഥര്‍ക്ക് കൂടുതല്‍ അറിയാനുള്ള വലിയ അവസരം കൂടി തുറന്നിടുകയാണ്. ഈ കോണ്‍ഫറന്‍സ് തന്നെയും അതുപോലെ ഒന്നായിരുന്നു എന്ന് തോന്നി. മുസ് ലിംകളെക്കാള്‍ കൂടുതല്‍ മറ്റു മതസ്ഥരായിരുന്നു ഈ കോണ്‍ഫറന്‍സില്‍. അവര്‍ക്ക് ഇസ് ലാമിനെ കുറിച്ച് കൂടുതല്‍ അറിയാനുള്ള  വേദിയായി ഈ സമ്മേളനം മാറുകയായിരുന്നു. ഇസ് ലാമുമായി ബന്ധപ്പെട്ട നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങളില്‍ പോലും ഇതര മതസ്ഥര്‍ക്കുണ്ടായിരുന്ന തെറ്റുധാരണകള്‍ നീക്കുന്നതിന് ഈ കോണ്‍ഫറന്‍സ് വഴിയൊരുക്കി. ഖത്തറിലെ ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റിയില്‍ നിന്നു വന്ന സിറിയക്കാരി ഗാഥ ഗസലിന്റെ വിഷയാവതരണത്തിന് ശേഷമുള്ള ചര്‍ച്ച അതിനൊരുദാഹരണമാണ്. ഒരു മുസ്‌ലിം എന്ന നിലയില്‍ മാത്രമല്ല, മുസ് ലിം സ്്ത്രീ എന്ന നിലയിലും ഹിജാബി വനിത എന്ന നിലയിലും ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള അവരുടെ മറുപടികള്‍ പടിഞ്ഞാറുള്ളവരിൽ  പൊതുവേ കാണുന്ന പല തെറ്റുധാരണകളും തിരുത്താന്‍ പര്യാപ്തമായിരുന്നു. എന്റെ വിഷയാവതരണത്തില്‍, മദീനാ കരാറില്‍ ഏര്‍പ്പെട്ട മുസ്‌ലിംകളും അമുസ് ലിംകളും ഉള്‍പ്പെട്ട സമൂഹത്തെ മുഹമ്മദ് നബി (സ) ഒറ്റ സമൂഹമായി പരിഗണിച്ചതും, ജൂതരുടെ മതവിശ്വാസം അംഗീകരിക്കുന്ന മദീനാ കരാറിലെ ഭാഗങ്ങളും സമ്മേളനത്തില്‍ പങ്കെടുത്ത അമുസ്‌ലിംകള്‍ക്ക് പുതിയ അറിവായിരുന്നു. തങ്ങൾക്ക് ലഭിക്കുന്ന പുതിയ അറിവുകള്‍ എത്ര ചെറുതെങ്കിലും അതിന്റെ പേരിൽ അഭിനന്ദിക്കുന്നതില്‍ അവര്‍ പിശുക്ക് കാട്ടാറില്ല.

ജൂത പ്രാതിനിധ്യം പുതിയ അനുഭവം  

സമ്മേളനത്തിൽ പ്രബന്ധാവതാരകരുള്‍പ്പെടെ വലിയ ജൂത പ്രാതിനിധ്യം ഉണ്ടായിരുന്നു. ജൂതരുമൊത്തുള്ള സഹവാസം ജീവിതത്തിലെ ആദ്യാനുഭവമാണ്. ജൂതര്‍ക്ക് വലിയ സ്വാധീനമുള്ള നാടാണ് അമേരിക്ക; ഇസ്രായേല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജൂതരുള്ള രാജ്യം. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ ജൂതര്‍ ന്യൂയോർക്കിലാണ്. ഓർത്തഡോക്‌സ്, കണ്‍സര്‍വേറ്റീവ്, റിഫോം എന്നിങ്ങനെ ജൂതര്‍  പല വിഭാഗങ്ങളുണ്ട്. പേര് സൂചിപ്പിക്കും പോലെ, പാരമ്പര്യ നിയമങ്ങളും ആചാരങ്ങളും കര്‍ശനമായി പിന്തുടരുന്നവരാണ് ഓർത്തഡോക്‌സ്-കണ്‍സര്‍വേറ്റീവ് ജൂതര്‍. കൂട്ടത്തില്‍ പരിഷ്‌കാരികളാണ് റിഫോം ജൂതര്‍. സയണിസ്റ്റ് ആശയങ്ങളെ എതിര്‍ക്കുന്നവരും ജൂതരുടെ കൂട്ടത്തിലുണ്ട്. ഇങ്ങനെ ജൂതപാരമ്പര്യമുള്ള ഒരു രാജ്യത്ത് നടക്കുന്ന മതാന്തര സമ്മേളനത്തില്‍ ജൂതര്‍ പങ്കെടുത്തില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.       

സമ്മേളന നാളുകളില്‍ നസ്റത്ത് കോളേജ് ഒരുക്കിയ താമസസ്ഥലത്ത് ഡാനിയല്‍ മാവോസ് എന്ന ജൂതനായിരുന്നു എന്റെ സഹമുറിയന്‍. കാനഡയിലെ മാര്‍ട്ടിന്‍ ലൂഥര്‍ യൂനിവേഴ്‌സിറ്റി കോളേജിലെ പ്രഫസറായ അദ്ദേഹം ജൂത-ഹീബ്രു വേദ പണ്ഡിതനും കൂടിയാണ്. എഴുപതിനു മുകളില്‍ പ്രായം കാണുമെങ്കിലും യുവത്വത്തിന്റെ ചുറുചുറുക്കും പ്രസരിപ്പുമുണ്ട്. അദ്ദേഹം സദാ ധരിക്കുന്ന തലയിലെ ക്യാപ് മാറ്റിയാല്‍, ജൂതത്തൊപ്പിയായ കിപ്പ  കാണാം. തികഞ്ഞ യഹൂദ മതവിശ്വാസിയാണെങ്കിലും കുലീനമായ അദ്ദേഹത്തിന്റെ പെരുമാറ്റം മുസ്‌ലിംകളോടും മറ്റും ആദരവും സ്‌നേഹവും കാത്തുസൂക്ഷിക്കുന്ന ആളാണെന്ന് വ്യക്തമാക്കുന്നതായിരുന്നു. പ്രായംകൊണ്ടും അനുഭവങ്ങള്‍കൊണ്ടും പദവികൊണ്ടുമൊക്കെ ഏറെ എളപ്പമുള്ള എന്നോടും തികഞ്ഞ ബഹുമാനത്തോടെയാണ് അദ്ദേഹത്തിന്റെ സംസാരം. അധ്യാപനത്തിനു പുറമേ, വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സഹകരണത്തിന്റെ പാലം പണിയുന്ന തന്റെ വിശാലമായ പ്രവര്‍ത്തന മേഖലയെക്കുറിച്ച് അദ്ദേഹം പറഞ്ഞു. അഭിവാദ്യം ചെയ്യുമ്പോൾ ഹസ്തദാനം നിരസിക്കുന്ന അദ്ദേഹത്തിന്റെ രീതി, ഹസ്തദാനം ശീലിച്ചുപോന്ന  നമ്മെപ്പോലുള്ളവര്‍ക്ക് അല്‍പം നീരസമുണ്ടാക്കിയേക്കാം. പകരം കൈ നെഞ്ചോടു ചേര്‍ത്തു വെച്ചുള്ള മറ്റൊരു അഭിവാദ്യരീതി അദ്ദേഹം സ്വന്തമായി വികസിപ്പിച്ചതുപോലെയുണ്ട്. കോവിഡ് രൂക്ഷമായ കാലത്ത്, കൈതൊടാതെയുള്ള നമ്മുടെ നാട്ടിലെ അഭിവാദ്യരീതിക്ക് സമാനമാണത്. കോവിഡ്ഭീതി വടക്കേ അമേരിക്കയില്‍നിന്ന് പാടേ വിട്ടുപോകാത്തതുകൊണ്ടുമാകാം ഇങ്ങനെ.

സമ്മേളനം കഴിഞ്ഞ് ഞങ്ങള്‍ പിരിയുമ്പോള്‍, ഏറെ ദൂരം താണ്ടി ഇന്ത്യയില്‍നിന്നെത്തിയ എനിക്കു വേണ്ടി അദ്ദേഹം ഹീബ്രു ഭാഷയില്‍ ഒരു പ്രാർഥന നടത്തി; ആത്മീയ നേതാക്കള്‍ ഭക്തരുടെ തലയില്‍ കൈവെച്ച് പ്രാർഥിക്കുന്നതുപോലെ. ഹീബ്രുവാചകങ്ങളുടെ അർഥം മനസ്സിലായില്ലെങ്കിലും എന്റെ നന്മക്കു വേണ്ടിയാണ് ആ പ്രാർഥനയെന്ന് എന്റെ മനസ്സ് മന്ത്രിച്ചു. ആദ്യമായി പരിചയപ്പെട്ട ഒരു ജൂതന്‍ എന്തായാലും നല്ലൊരു ഇംപ്രഷനാണ് തന്നിരിക്കുന്നത്. കൈനിറയെ കൊച്ചുകൊച്ചു സമ്മാനങ്ങള്‍ നല്‍കി, എന്റെ ഇഷ്ടം പിടിച്ചുപറ്റി ആ ജൂതപ്രഫസര്‍ പിരിയുമ്പോള്‍ മനസ്സില്‍ ഓർമവന്നത് വിശുദ്ധ ഖുര്‍ആനിലെ ഈ വചനങ്ങളാണ്: "വേദവിശ്വാസികളിലും ഈവിധം ചിലരുണ്ട്: അല്ലാഹുവിലും നിങ്ങള്‍ക്കവതരിച്ച വേദത്തിലും അതിനു മുമ്പവതരിച്ച വേദത്തിലും വിശ്വസിക്കുന്നവര്‍; അല്ലാഹുവിന്റെ മുമ്പില്‍ ഭക്തിപൂര്‍വം നിലകൊള്ളുന്നവര്‍; അല്ലാഹുവിനെ ഭയപ്പെടുന്നവര്‍. അല്ലാഹുവിന്റെ സൂക്തങ്ങളെ അവര്‍ തുച്ഛവിലയ്ക്കു വില്‍ക്കുകയില്ല. നാഥങ്കല്‍ അവര്‍ക്ക് പ്രതിഫലമുണ്ട്. അല്ലാഹുവോ, അതിശീഘ്രം കണക്കുനോക്കുന്നവനാകുന്നു " (ആലു ഇംറാന്‍ 199).

കോണ്‍ഫറന്‍സില്‍ പ്രബന്ധമൊന്നും അവതരിപ്പിച്ചില്ലെങ്കിലും സജീവസാന്നിധ്യമായിരുന്നു ഒരു ജൂതസ്ത്രീ. എണ്‍പതു വയസ്സിലധികം പ്രായം തോന്നിക്കുന്ന അവര്‍ മുമ്പ് യൂനിവേഴ്‌സിറ്റി പ്രഫസറായിരുന്നു. പ്രബന്ധാവതരണത്തിന് ശേഷമുള്ള ചര്‍ച്ചകളെ ചോദ്യങ്ങള്‍കൊണ്ടും തുടര്‍വിശദീകരണങ്ങള്‍കൊണ്ടും സജീവമാക്കുന്ന അവരുടെ അറിവും വാക്ചാതുരിയും ആരുടെയും ശ്രദ്ധയാകര്‍ഷിക്കും. ഇസ്‌ലാമും യഹൂദമതവും തമ്മിലെ സാംസ്‌കാരിക വിനിമയമാണ് അവരുടെ സംസാരത്തിലെ മുഖ്യ പ്രമേയം. ഈ വാര്‍ധക്യത്തിലും അക്കാദമിക-ബൗദ്ധിക ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള അവരുടെ ഉത്സാഹവും താൽപര്യവും നമ്മള്‍ കണ്ടുപഠിക്കേണ്ടതുതന്നെ. വിവാഹത്തോടെ പഠനവും ബൗദ്ധിക വ്യായാമവും അവസാനിപ്പിച്ച് വെറും കുടുംബിനികളായി വീടകങ്ങളില്‍ ഒതുങ്ങിക്കൂടുന്ന നമ്മുടെ സ്ത്രീകള്‍ എവിടെ നില്‍ക്കുന്നു, റിട്ടയര്‍മെന്റിനു ശേഷവും പഠനവും വായനയും തുടരുന്ന ഈ സ്ത്രീകള്‍ എവിടെ നില്‍ക്കുന്നു എന്നു വെറുതെ ആലോചിച്ചുപോയി. ഇസ് ലാമിക പ്രമാണങ്ങള്‍ ജ്ഞാനപോഷണത്തിന് നല്‍കുന്ന പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍ നമ്മളായിരുന്നു ഇങ്ങനെയൊക്കെ ആകേണ്ടിയിരുന്നത്. ജീവിതസായാഹ്നത്തിലും അവരുടെ ഊർജസ്വലതയുടെയും ബുദ്ധികൂർമതയുടെയും കാരണം മറ്റെവിടെയും തിരയേണ്ടതില്ല. ജ്ഞാനാന്വേഷണം ഉപാസനയാക്കിയ അവരുടെ ഉറച്ച മനസ്സാകും അവരെ ഇത്രയും ശക്തയായ സ്ത്രീയാക്കി മാറ്റുന്നത്.

ഇസ്‌ലാം ഭീതിയൊഴിയുന്ന അമേരിക്ക

9/11 സംഭവങ്ങൾക്ക് ശേഷം അമേരിക്കയില്‍നിന്ന് ഇസ്‌ലാമോഫോബിയയുടെ അനേകം വാര്‍ത്തകള്‍ ലോകം കേട്ടിരുന്നു. ഹിജാബ് ധാരികളായ സ്ത്രീകളും താടി നീട്ടിവളര്‍ത്തിയ പുരുഷന്‍മാരും ആക്രമിക്കപ്പെട്ട  സംഭവങ്ങളുണ്ടായി. എ.പി.ജെ അബ്ദുല്‍ കലാം, ഷാരൂഖ് ഖാന്‍ തുടങ്ങിയ അതിപ്രശസ്തര്‍ പോലും, അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു മുമ്പില്‍, മുസ് ലിം സ്വത്വം കൊണ്ടുമാത്രം ഉടുതുണിയുരിയാന്‍ നിര്‍ബന്ധിതരായ വാര്‍ത്ത അന്നേ മാധ്യമശ്രദ്ധ നേടിയിരുന്നു. മുസ് ലിം പേരും സ്വത്വവും പ്രശ്‌നമാകുമോ എന്ന ഭയം വിസക്ക് വേണ്ടിയുള്ള ഇന്റര്‍വ്യൂ മുതല്‍ എനിക്കുമുണ്ടായിരുന്നു. എന്നാല്‍, അനുഭവങ്ങള്‍ മറിച്ചായിരുന്നു. അമേരിക്കയുടെ പൊതു ഇടങ്ങളിലും സാധാരണക്കാര്‍ക്കിടയിലും ഇസ് ലാമിനെയും മുസ് ലിംകളെയും കുറിച്ചുള്ള നിറംപിടിപ്പിച്ച ഭീതിക്കഥകളുടെ സ്വാധീനം ഇന്ത്യയിലുള്ളതുപോലെ ഉണ്ടെന്നു തോന്നുന്നില്ല. അത്തരം ഇസ് ലാമോഫോബിക് കഥകള്‍ 9/11 സംഭവത്തിന് ശേഷമുള്ള തുടര്‍ വര്‍ഷങ്ങളില്‍ അവര്‍ കുറേ കണ്ടിട്ടുണ്ട്. എന്നാല്‍, തങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന മുസ് ലിംകളില്‍ നിന്നുള്ള നേരനുഭവങ്ങള്‍ മറിച്ചായതാകാം ഇത്തരം ഭീകരകഥകള്‍ക്ക് അമേരിക്കയില്‍ വലിയ മാർക്കറ്റ് വാല്യു ലഭിക്കാതെ പോകാന്‍ കാരണം. 

അമേരിക്കക്കാരില്‍ അധികവും മുസ് ലിംകളോട് നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നവരും മുസ്‌ലിംകളെ ഗുണകാംക്ഷയോടെ നോക്കിക്കാണുന്നവരുമാണ്. മുസ് ലിംകളുടെ സാഹോദര്യം, കെട്ടുറപ്പുള്ള കുടുംബജീവിതം, വൈവാഹിക ജീവിതത്തിലെ പരസ്പര വിശ്വാസം തുടങ്ങിയ ഗുണങ്ങളെ വളരെ പോസിറ്റീവായി മനസ്സിലാക്കുന്നവരാണ് സാധാരണക്കാരായ അധിക അമേരിക്കക്കാരും. മുസ് ലിംകള്‍ക്ക് പൊതുവില്‍ അമേരിക്കക്കാരുടെ ആദരവ് ലഭിക്കുന്ന കാര്യങ്ങളാണ് ഇതൊക്കെ. മുസ്‌ലിംകള്‍ എന്നല്ല, എല്ലാ മത-വംശ-ഭാഷാ വൈവിധ്യങ്ങളെയും സ്വീകരിക്കുന്ന നിയമമാണ് അമേരിക്കയുടേത്. വര്‍ഷംതോറും ഇത്തരം വൈവിധ്യങ്ങളുള്‍ക്കൊള്ളുന്ന വലിയൊരു ജനസഞ്ചയത്തെ പൗരന്‍മാരായി സ്വീകരിക്കുന്ന അമേരിക്കയില്‍ മതാടിസ്ഥാനത്തിലുള്ള വിവേചനം ഇന്ത്യപോലെ എളുപ്പമല്ല. മാത്രമല്ല, മറ്റൊരു മതക്കാരനായതുകൊണ്ടു മാത്രം വെറുപ്പ് ഉൽപാദിപ്പിക്കാന്‍ മാത്രം നിലവാരംകുറഞ്ഞ വര്‍ഗീയ മനസ്സുള്ളവര്‍ ഇന്ത്യയിലേതുപോലെ ഇവിടെയില്ല. അമേരിക്കയെ അമേരിക്കയാക്കുന്നത് ബഹുസ്വര-ബഹുവർണ-ബഹുമത സാഹചര്യമാണെന്ന് ഇന്നാട്ടുകാര്‍ക്കറിയാം. ട്രംപിന്റെ ഭരണകാലത്ത്, തീവ്ര വലതുപക്ഷക്കാരുടെ വംശീയതയും അപരമതവിദ്വേഷവും കുടിയേറ്റവിരുദ്ധതയും മറനീക്കി പുറത്തുവന്നത് അതിനൊരു അപവാദമാണ്. എങ്കിലും അമേരിക്കയുടെ പൊതുമനസ്സ് അത്തരം വിവേചനങ്ങള്‍ക്കെതിരാണ്. ഇന്ത്യയില്‍ മാധ്യമങ്ങളും അവ സൃഷ്ടിക്കുന്ന വാര്‍ത്തകളും കോടതിവിധികളും രാഷ്ട്രീയവുമൊക്കെ ഇസ് ലാമോഫോബിക്കായി മാറിക്കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍, അമേരിക്കയിലെ പൊതു സമൂഹം അത്ര ഇസ്‌ലാമോഫോബിക് അല്ലെന്ന് നിസ്സംശയം പറയാം. l

(തുടരും) 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 34-37
ടി.കെ ഉബൈദ്‌

ഹദീസ്‌

മുസ്്ലിം സമൂഹത്തിന്റെ നിയോഗ ദൗത്യം
സഈദ് ഉമരി മുത്തനൂർ