അൺ എയ്ഡഡ് സ്ഥാപനങ്ങൾക്ക് ചെയ്യാനുള്ളത്
വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച മാറ്റങ്ങള്‍ കൈവരുത്താന്‍ അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിയുമെന്ന വസ്തുത വളരെ പ്രാധാന്യപൂര്‍വം കാണേണ്ടതുണ്ട്. കേരളത്തില്‍ വിവിധ മതവിഭാഗങ്ങളുടേതായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. മത സംഘടനകളുടെ കീഴിലുള്ള വിദ്യാഭ്യാസ ബോര്‍ഡുകളും സമിതികളും, വിദ്യാ കൗണ്‍സില്‍ ഫോര്‍ എജുക്കേഷന്‍ പോലുള്ള ഏജന്‍സികളും ഈ രംഗത്ത് വളരെ വലുതായ ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കാലഘട്ടത്തിന്റെ ആവശ്യവുമായി തുലനം ചെയ്യുമ്പോള്‍ ഇനിയും മുന്നോട്ടു നീങ്ങേണ്ടതുണ്ടെന്നാണ് അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.
അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും വളരെ ആസൂത്രിതമായ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. അവയില്‍ ഏറ്റവും പ്രധാനമായി പരിഗണിക്കേണ്ടവയില്‍ ചിലതാണ് താഴെ:
1. വിഷനും മിഷനും
വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ നാം ലക്ഷ്യമിടുന്നതെന്താണ് എന്നതിനെ കുറിച്ച വ്യക്തമായ ബോധം മാനേജ്‌മെന്റിനുണ്ടാവണം. അത് നേടിയെടുക്കാന്‍ അവലംബിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ചുള്ള ദിശാബോധവും അനിവാര്യമാണ്. ഇസ്്‌ലാമിക പ്രസ്ഥാനങ്ങളെ സംബന്ധിച്ചേടത്തോളം മിഷനും വിഷനും വ്യക്തമാണ്. പക്ഷേ, കര്‍മരംഗത്തെത്തുമ്പോള്‍ പല മാനേജ്‌മെന്റുകളും അതിന്റെ പ്രാധാന്യം വേണ്ടപോലെ ഉള്‍ക്കൊള്ളുന്നില്ല. ആത്മാര്‍ഥത മാത്രം കൈമുതലായുള്ളവരാണ് മിക്ക വ ിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മാനേജ്‌മെന്റുകള്‍. നടപ്പാക്കേണ്ട പരിഷ്‌കാരങ്ങളെക്കുറിച്ചോ മാറ്റങ്ങളെക്കുറിച്ചോ അവരില്‍ പലരും അജ്ഞരാണ്. അതുകൊണ്ടുതന്നെ മുന്‍ഗണനാക്രമത്തില്‍ പരിഗണിക്കേണ്ട പല കാര്യങ്ങളും ശ്രദ്ധിക്കപ്പെടാതെ പോവുകയും നാട്ടിലെ ഇതര സ്ഥാപനങ്ങളില്‍നിന്ന് വ്യത്യസ്തമായി ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ വരികയും ചെയ്യുന്നു.
2. ഗുണമേന്മയുള്ള വിദ്യാഭ്യാസം
പരീക്ഷയില്‍ റാങ്കുകളും എ പ്ലസും നേടിയെടുത്തതുകൊണ്ട് മാത്രം വിദ്യാഭ്യാസം ഗുണനിലവാരം ഉള്ളതായി പരിഗണിക്കാന്‍ കഴിയില്ല. എഴുതാനും വായിക്കാനും ആശയ വിനിമയത്തിനുമുള്ള കഴിവുകള്‍ ആര്‍ജിക്കുന്നതോടൊപ്പം ബന്ധപ്പെട്ട മേഖലകളിലെല്ലാം നൈപുണ്യമുള്ളവരായി നമ്മുടെ കുട്ടികള്‍ മാറേണ്ടതുണ്ട്. ഇതിനുള്ള ഒട്ടനവധി നൈപുണ്യ വികസന പരിപാടികള്‍ വിദ്യാഭ്യാസ വിചക്ഷണരും എന്‍.സി.ഇ.ആര്‍.ടി, സി.ബി.എസ്.ഇ പോലുള്ള ഏജന്‍സികളും മുന്നോട്ടുവെച്ചിട്ടുണ്ട്. ഇവ പ്രായോഗികമാക്കാനുള്ള ടീം വര്‍ക്കിന് അധ്യാപകരെ സജ്ജമാക്കേണ്ടതുണ്ട്.
3. അധ്യാപക ശാക്തീകരണം
നിര്‍ണിത വിദ്യാഭ്യാസം നേടിയ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളതുകൊണ്ടു മാത്രം അധ്യാപകര്‍ യോഗ്യരാകുന്നില്ല. ഏൽപിക്കപ്പെടുന്ന ജോലി ഭംഗിയായും ഫലപ്രദമായും നിര്‍വഹിക്കാനുള്ള പ്രാപ്തി അധ്യാപകരിലുണ്ടാകണം. അധ്യാപന രംഗത്ത് അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന ടെക്നിക്കുകളെ കുറിച്ചുള്ള ശരിയായ അവബോധം നമ്മുടെ അധ്യാപകരില്‍ സൃഷ്ടിക്കേണ്ടതുണ്ട്.
4. അനുഗുണമായ അന്തരീക്ഷം
സ്‌കൂളിന്റെ ചുറ്റുപാട്, ഗ്രൗണ്ട്, കെട്ടിടങ്ങള്‍, ക്ലാസ് മുറികള്‍, ഫര്‍ണിച്ചര്‍, തോട്ടം തുടങ്ങി എല്ലാ സൗകര്യങ്ങളും പഠനാന്തരീക്ഷം മെച്ചപ്പെടുത്താനും സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും സംതൃപ്തമാകാനും കഴിയുന്ന തരത്തിലായിരിക്കണമെന്നതില്‍ അതീവ ശ്രദ്ധ ആവശ്യമാണ്. സ്‌കൂളിന്റെ ഭൗതികാന്തരീക്ഷം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ആകര്‍ഷകവും ഹൃദ്യവുമായി അനുഭവപ്പെടണം.
5. അധ്യാപക-വിദ്യാര്‍ഥി-രക്ഷാകര്‍തൃ ബന്ധം
അധ്യാപക-വിദ്യാര്‍ഥി-രക്ഷാ കര്‍തൃബന്ധം എത്രത്തോളം ദൃഢവും സൗഹൃദപൂര്‍ണവുമാകുന്നോ അത്രത്തോളം നല്ല ഫലങ്ങള്‍ ഉളവാക്കാന്‍ കഴിയും. പ്രധാനാധ്യാപകനും അധ്യാപകരും രക്ഷിതാക്കളോട് സ്വീകരിക്കേണ്ട സമീപനവും ബന്ധങ്ങളും പഠന രംഗത്തും സ്‌കൂള്‍ പ്രവര്‍ത്തനം മികവുറ്റതാക്കുന്നതിനും സഹായകരമാവണം.
6. മാനേജ്‌മെന്റ്
വിഷനും മിഷനും പ്രസ്ഥാന കാഴ്ചപ്പാടും സമഞ്ജസമായി കൂട്ടിയിണക്കി വേര്‍തിരിക്കാന്‍ കഴിയണം മാനേജ്‌മെന്റുകള്‍ക്ക്. സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിന് ഗുണകരമാവുമെന്ന് തോന്നുന്ന എല്ലാവരെയും കൂട്ടിപ്പിടിക്കാനും അവരുടെ സഹകരണവും സേവനവും പരമാവധി ഉപയോഗപ്പെടുത്താനും കഴിഞ്ഞാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും.
7. പൂര്‍വ വിദ്യാര്‍ഥി ബന്ധം
ഏതൊരു സ്ഥാപനത്തിന്റെയും അംബാസഡര്‍മാരാണ് പൂര്‍വ വിദ്യാര്‍ഥികള്‍. നമ്മുടെ സ്ഥാപനത്തിന്റെ നേട്ടങ്ങള്‍ സമൂഹത്തില്‍ പ്രസരിക്കുന്നത് അവരിലൂടെയാണ്. അതുകൊണ്ടുതന്നെ അവരെ നല്ല നിലയില്‍ പരിഗണിക്കാനും കൂട്ടിപ്പിടിക്കാനും സ്‌കൂള്‍ അധ്യാപകര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും കഴിയണം. വല്ലപ്പോഴുമൊരിക്കല്‍ പൂര്‍വ വിദ്യാര്‍ഥി സമ്മേളനം ചേരുന്നതില്‍ ഒതുക്കേണ്ടതല്ല അവരുമായുള്ള ബന്ധം.
8. കൂട്ടായ പ്രവര്‍ത്തന ശൈലി
ടീംസ്പിരിറ്റിന്റെ കാര്യം ആര്‍ക്കും അറിയാത്തതല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് മത്സരത്തിന്റെ പാതയിലാണ്. മറ്റു സ്ഥാപനങ്ങളെ അപേക്ഷിച്ച് മുന്നിലെത്തണമെന്നാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. പല സ്ഥാപനങ്ങളും നിലനില്‍പിന് വേണ്ടിയാണ് മത്സരം നടത്തുന്നത്. നിലനില്‍പിനപ്പുറം മികവിന്റെ കേന്ദ്രങ്ങളായി നമ്മുടെ സ്ഥാപനങ്ങളെ വളര്‍ത്താനായിരിക്കണം മത്സരം.
9. ലൈബ്രറിയും ലബോറട്ടറികളും
കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനപ്പുറം ഭൂത കാലവും വര്‍ത്തമാന കാലവുമായി അവരെ ബന്ധിപ്പിക്കാനും ഭാവിയെ പറ്റിയുള്ള കാഴ്ചപ്പാട് രൂപപ്പെടുത്താനും സ്‌കൂളുകളില്‍ ലൈബ്രറികളും വായനാമൂലകളും സംവിധാനിക്കണം. അങ്ങാടിപ്പുറം പഞ്ചായത്തിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ആഴ്ചയില്‍ ഒരു പീരിയഡ് ലൈബ്രറി പ്രവര്‍ത്തനത്തിനായി അലോട്ട് ചെയ്തിരിക്കുന്നത് മാതൃകാപരായി തോന്നി. അതേ അവസരത്തില്‍ ഭൂരിപക്ഷം സ്‌കൂളുകളും ലൈബ്രറി സംവിധാനമില്ലാത്തവയാണെന്ന വസ്തുതയും കാണാതിരുന്നുകൂടാ. മാറിക്കൊണ്ടിരിക്കുന്ന ശാസ്ത്ര-സാങ്കേതിക രംഗത്തെ കുതിച്ചുചാട്ടം നമ്മുടെ കുട്ടികളില്‍ സ്വാധീനം ചെലുത്തണമെങ്കില്‍ പ്രയോജനപ്രദമായ രീതിയില്‍ ലബോറട്ടറി സംവിധാനങ്ങളും അനുപേക്ഷണീയമാണ്. l
Comments