Prabodhanm Weekly

Pages

Search

2023 ആഗസ്റ്റ് 11

3313

1445 മുഹർറം 24

അവധാനതയോടെ...

ഡോ. താജ് ആലുവ

ഹിജ്റ എട്ടാം വർഷം ബഹ്‌റൈനിലെ അബ്‌ദുൽഖൈസ് ഗോത്രത്തിലെ നിവേദക സംഘം നബി(സ)യെ സന്ദർശിച്ചു. തിരുമേനി  പ്രബോധക സംഘത്തെ അങ്ങോട്ട് അയച്ചിരുന്നില്ല. മറ്റുള്ളവരിൽനിന്ന് കേട്ടറിഞ്ഞ്  ഇസ്‌ലാം സ്വീകരിച്ച ഗ്രാമീണരായ അറബികളായിരുന്നു അവർ.  അതുകൊണ്ട് തന്നെ അവർക്ക് നബി(സ)യോട് അഗാധമായ സ്നേഹവും അദ്ദേഹത്തെ കാണുന്നതിൽ അതിയായ സന്തോഷവും ഉണ്ടായിരുന്നു. പ്രവാചകനെ കാണാനുള്ള അമിതാവേശത്താൽ അവർ അവരുടെ ഒട്ടകങ്ങളെ കെട്ടിയിടാൻ പോലും മറന്ന്, യാത്ര ചെയ്തുവന്ന അതേ വേഷത്തിൽ തന്നെ പ്രവാചകനെ ആലിംഗനം ചെയ്യുകയും ഉപചാരങ്ങളില്ലാതെ  സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തു.

എന്നാൽ, അവരുടെ സംഘത്തിലുണ്ടായിരുന്ന അശജ്ജുബ്‌നു അബ്ദിൽ ഖൈസ് തന്റെ ഒട്ടകത്തെ കെട്ടിയിടുകയും കുളിക്കുകയും കൈയിൽ കരുതിയിരുന്ന വൃത്തിയുള്ള വസ്ത്രങ്ങൾ അണിയുകയും സുഗന്ധം പൂശുകയും  ചെയ്തതിന് ശേഷമാണ് പ്രവാചക സന്നിധിയിൽ വന്നത്. അദ്ദേഹം പ്രവാചകനെ ആലിംഗനം ചെയ്യുകയും തിരുമേനിയോട്  ബുദ്ധിപരമായ ചില ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായ അദ്ദേഹത്തിന്റെ ഈ പെരുമാറ്റം കണ്ട് നബി (സ) അദ്ദേഹത്തോട് പറഞ്ഞു. إن فيك خَصلتينِ يُحِبُّهما الله: الحِلمُ والأناة (താങ്കളിൽ അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ട് ഗുണങ്ങളുണ്ട്, വിവേകവും അവധാനതയും). ഒന്നാമതായി പറഞ്ഞ ഗുണം حِلم ആണ്. വിവേകം, ക്ഷമ എന്നൊക്കെയാണ് അതിൻെറ അർഥം. അതെക്കുറിച്ച് നമുക്ക് വഴിയേ ചർച്ച ചെയ്യാം.  രണ്ടാമതായി പറഞ്ഞ أناة അഥവാ അവധാനതയെ കുറിച്ചാണ് ഇവിടെ നാം ചർച്ച ചെയ്യുന്നത്. ആലോചിച്ച് സാവകാശം പ്രവർത്തിക്കുന്ന സ്വഭാവ ഗുണത്തിനാണ് അവധാനത എന്ന് പറയുന്നത്. ഇവിടെ പ്രതിപാദിച്ച സംഭവത്തിൽ നബി (സ) അശജ്ജിനോട് പറയുന്നത് ഈ രണ്ട് സ്വഭാവ ഗുണങ്ങളും അല്ലാഹു താങ്കൾക്ക് നൽകിയ അനുഗ്രഹങ്ങളാണ് എന്നാണ്. എല്ലാ മനുഷ്യരിലും  ഇതുപോലെ അല്ലാഹു കനിഞ്ഞ് നൽകിയ ചില സ്വഭാവ ഗുണങ്ങൾ ഉണ്ടാകാമെങ്കിലും ഇത്തരം സ്വഭാവ ഗുണങ്ങൾ നമ്മുടെ പരിശ്രമങ്ങളിലൂടെ നേടിയെടുക്കാൻ കഴിയുന്ന ഒന്നാണ്. അതുകൊണ്ടാണ് നബി (സ) 'ഉത്തമ സ്വഭാവങ്ങളുടെ പൂർത്തീകരണത്തിനാണ് ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്' എന്നു  പറഞ്ഞത്.

   ഇമാം തിർമിദി ഉദ്ധരിച്ച ഒരു ഹദീസിൽ ഇപ്രകാരം പറയുന്നു: الْأَنَاةُ مِنْ اللَّهِ وَالْعَجَلَةُ مِنْ الشَّيْطَانِ (അവധാനത അല്ലാഹുവിങ്കൽനിന്നുള്ളതാണ്, ധൃതി പിശാചിൽ നിന്നുള്ളതാണ്). ഒന്നും ആലോചിക്കാതെ ധൃതിപിടിച്ച് എന്തെങ്കിലും കാര്യം പ്രവർത്തിക്കുകയോ പറയുകയോ ചെയ്താൽ പലപ്പോഴും അത് വലിയ കുഴപ്പത്തിലേക്ക് നയിച്ചേക്കാം. ഏതൊരു കാര്യവും അവധാനതയോടെ ആലോചിച്ച് മാത്രമേ ചെയ്യാവൂ എന്ന് പറയുമ്പോൾ ഒരു കാര്യം ഓർക്കണം: ദീനീപരമായി നാം ചെയ്യുന്ന ചില കർമങ്ങൾക്ക് ഇത് ബാധകമാകണമെന്നില്ല. അല്ലാഹു കൽപിക്കുകയും പ്രോത്സാഹിപ്പിക്കുകയും പ്രതിഫലം നിശ്ചയിക്കുകയുമൊക്കെ ചെയ്ത വിഷയങ്ങൾ ഒരിക്കലും ആലോചിച്ച് അവധാനതയോടെ തീരുമാനമെടുക്കേണ്ട വിഷയങ്ങളല്ല. ഉദാഹരണമായി, നമുക്ക് ഒരു സുന്നത്ത് നമസ്കരിക്കണമെന്ന് തോന്നുമ്പോൾ അത് ചെയ്യുക, അല്ലെങ്കിൽ ദാനധർമങ്ങൾ ചെയ്യേണ്ട സന്ദർഭങ്ങളിൽ അത് ചെയ്യുക. ഇത്തരം  പ്രവൃത്തികൾ വലിയ ആലോചന ആവശ്യമുള്ള കാര്യങ്ങളല്ല. എന്നാൽ, ഭൗതികമായ എന്തെങ്കിലും കാര്യത്തിൽ തീരുമാനമെടുക്കുമ്പോൾ, അല്ലെങ്കിൽ ദീനീ കാര്യങ്ങൾ തന്നെ ഭൗതിക ലോകത്ത്  അത് നടപ്പാക്കേണ്ട രീതി നിശ്ചയിക്കുമ്പോൾ നാം വളരെ ചിന്തിച്ചു വേണം  പ്രവർത്തിക്കാൻ.

   പ്രവാചകൻമാരുടെ ഒരു പ്രത്യേക പ്രവർത്തന രീതി തന്നെയായിരുന്നു أناة അഥവാ അവധാനത.  വേണ്ടത്ര അവധാനത ഇല്ലാതെയുള്ള പ്രവർത്തനം യൂനുസ് നബി(അ)യിൽനിന്ന് സംഭവിച്ചു പോയതിനെ പറ്റി ഖുർആൻ വിവരിക്കുന്നുണ്ട്. തന്റെ മുഴുവൻ ജനതയും അദ്ദേഹത്തിന്റെ പ്രബോധനങ്ങളോട് മുഖം തിരിച്ചപ്പോൾ അല്ലാഹുവിന്റെ നിർദേശത്തിന് കാത്തുനിൽക്കാതെ അദ്ദേഹം ആ ജനതയെ ഉപേക്ഷിച്ച് നാട് വിട്ടുപോയി. അതിൻെറ ശിക്ഷയായി അദ്ദേഹം ഒരു മൽസ്യത്തിന്റെ വയറ്റിൽ അകപ്പെടുകയും പിന്നീട് അദ്ദേഹത്തിന്റെ തന്നെ പ്രാർഥനയുടെ ഫലമായി ആ മൽസ്യത്തിന്റെ വയറ്റിൽനിന്ന് രക്ഷപ്പെടുകയുമാണുണ്ടായത്.

  മൂസാ നബി (അ) ഖിദ്റിനോടൊന്നിച്ചുള്ള  യാത്രയിൽ ക്ഷമ കൈക്കൊള്ളാതിരുന്നതിനെ പറ്റി വിശുദ്ധ ഖുർആൻ സൂറത്തുൽ കഹ്ഫിൽ വിവരിക്കുന്നുണ്ട്. യാത്രയിൽ ഖിദ്ർ (അ) മൂസാ(അ)യോട് ഒരു നിബന്ധന വെച്ചിരുന്നു. തന്റെ പ്രവൃത്തികളെ കുറിച്ച്  താൻ സ്വയം വിവരിച്ചു തരുന്നതിന് മുമ്പ്, എന്തിനിങ്ങനെ പ്രവർത്തിച്ചു എന്ന് ചോദിക്കരുതെന്ന്. പക്ഷേ, മൂസാ (അ) ഖിദ്ർ ചെയ്ത മൂന്ന് പ്രവൃത്തികളിലും ക്ഷമിക്കാൻ കഴിയാതെ ആ നിബന്ധന ലംഘിച്ചു. അതോടെ ഖിദ്ർ, മൂസാ(അ) യോടൊപ്പമുള്ള തന്റെ യാത്ര അവസാനിപ്പിക്കുകയാണുണ്ടായത്. മൂന്ന് സംഭവങ്ങൾക്കു ശേഷം ആ യാത്ര അവസാനിപ്പിക്കേണ്ടി വന്നത്, ഖിദ്ർ കാര്യങ്ങൾ വിശദീകരിക്കുന്നതു വരെ ക്ഷമിച്ചിരിക്കാൻ മൂസാ(അ)ക്ക് കഴിയാതിരുന്നത് മൂലമാണ്.

   എന്നാൽ, അവധാനതയുടെ ഏറ്റവും മികച്ച ഉദാഹരണമായി വിശുദ്ധ ഖുർആനിൽ നിന്ന് നമുക്ക് പഠിക്കാൻ കഴിയുന്ന വ്യക്തിത്വമാണ് യൂസുഫ് നബി (അ). ദീർഘ കാലമായി ജയിൽ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെ അദ്ദേഹം രാജാവ് കണ്ട സ്വപ്നത്തിന്റെ പൊരുൾ വ്യാഖാനിച്ചതിൽ രാജാവ് സംതൃപ്തനാവുകയും അതിൻെറ പ്രതിഫലമായി യൂസുഫ് നബി(അ)യെ ജയിലിൽനിന്ന് മോചിപ്പിക്കാനായി  അദ്ദേഹത്തിനടുത്തേക്ക് ഒരു ദൂതനെ അയക്കുകയും ചെയ്തു. പക്ഷേ, അവിടെ യൂസുഫ് നബി (അ) പെട്ടെന്ന് ഒരു തീരുമാനമെടുക്കാതെ, തന്നെ ജയിലിലടക്കാൻ കാരണമായ വിഷയത്തിൽ നിരപരാധിത്വം തെളിയുന്നതു വരെ ഇവിടെനിന്ന് പോരുകയില്ല എന്ന് രാജദൂതനെ അറിയിക്കുകയാണുണ്ടായത്.  ആ വിഷയത്തിൽ ഒരു അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരാൻ രാജാവിനോട് ആവശ്യപ്പെടണമെന്ന്  യൂസുഫ് നബി (അ) ദൂതനോട് പറഞ്ഞു. താൻ ദീർഘ കാലമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ജയിൽ വാസത്തിൽനിന്ന് മോചനം ലഭിക്കാനുള്ള ഒരു സുവർണാവസരമായിരുന്നു അത്. പക്ഷേ,  കേവലം ഒരു സ്വപ്ന വ്യാഖ്യാനത്തിന്റെ പ്രതിഫലമായി ജയിൽ മോചിതനാകുമ്പോൾ സമൂഹത്തിന്റെ മുന്നിൽ തന്റെ നിരപരാധിത്വം തെളിയാതെ നിലനിൽക്കുകയാണുണ്ടാവുക. രാജാവ് അന്വേഷണം നടത്തി തികച്ചും നിരപരാധിയാണെന്ന് തെളിഞ്ഞ ശേഷം മാത്രമാണ് യൂസുഫ് നബി (അ) ജയിലിൽനിന്ന് പുറത്തുവരുന്നത്. ജയിലിൽനിന്ന് മോചിതനാകാനുള്ള ആദ്യത്തെ അവസരം തന്നെ യൂസുഫ് നബി(അ)ക്ക്  ഉപയോഗപ്പെടുത്താമായിരുന്നു. പക്ഷേ, അദ്ദേഹം ധൃതി കാണിക്കാതെ അവധാനതയോടെ പ്രവർത്തിച്ചതുകൊണ്ട്  അദ്ദേഹത്തിന്റെ സത്യസന്ധത രാജാവിനും സമൂഹത്തിനും വ്യക്തമായി ബോധ്യപ്പെടുകയും അതുമൂലം അദ്ദേഹത്തിന് ആ രാജ്യത്തിലെ ധനകാര്യ മന്ത്രിയാകാനുള്ള അവസരം സംജാതമാവുകയും ചെയ്തു. ഇത് അവധാനതയുടെ ഗുണഫലത്തിന് ഉത്തമോദാഹരണമാണ്.

ഒരിക്കലും ധൃതി പാടില്ലാത്ത ചില സന്ദർഭങ്ങളുണ്ട്. അതിൽ പെട്ടതാണ് നമസ്കാരം. നമസ്കാരം നല്ല അവധാനതയോടെ അർഥമറിഞ്ഞ് മനസ്സാന്നിധ്യത്തോടെ നിർവഹിക്കുമ്പോൾ മാത്രമേ അതിൻെറ പൂർണത കൈവരിക്കാൻ കഴിയൂ. അവധാനതയോടെ ചെയ്യേണ്ട മറ്റൊരു കാര്യമാണ് പ്രാർഥനകൾ. പ്രാർഥനയിൽ ധൃതി പാടില്ല എന്ന് നബി (സ) പറഞ്ഞപ്പോൾ എന്താണ് പ്രാർഥനയിലെ ധൃതി എന്ന് അനുചരൻമാർ ചോദിച്ചു. അതിന് മറുപടിയായി അവിടുന്ന് പറഞ്ഞു: ഒരാൾ ഒരു കാര്യത്തിനു വേണ്ടി പ്രാർഥിക്കുക, അതിന് ഉത്തരം ലഭിക്കാതെ വരുമ്പോൾ പ്രാർഥന തന്നെ ഉപേക്ഷിക്കുക; ഇതാണ്  പ്രാർഥനയിലെ ധൃതി.  ഇത് ഒരിക്കലും പാടില്ലാത്ത കാര്യമാണ്. പ്രാർഥനക്ക് ഉത്തരം കിട്ടാൻ പല വഴികളുണ്ട്. അതു വരെ നാം കാത്തിരിക്കണം.

  അവധാനത പാലിക്കണമെന്ന് നിർദേശിക്കപ്പെട്ട ഏറ്റവും സുപ്രധാനമായ കാര്യമാണ്, നമുക്ക് ഒരു വിവരം ലഭിച്ചാൽ അതിൻെറ നിജസ്ഥിതി എന്തെന്ന് വ്യക്തമായതിനു ശേഷമേ ആ വിഷയത്തിൽ ഒരു തീരുമാനമെടുക്കാവൂ എന്നത്. അല്ലെങ്കിൽ അത് പല അപകടങ്ങളിലേക്കും എത്തിക്കും. വിശുദ്ധ ഖുർആനിൽ (അൽഹുജുറാത്ത്  6 ) അല്ലാഹു പറയുന്നു:

 يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ 

(അല്ലയോ വിശ്വസിച്ചവരേ, ധര്‍മനിഷ്ഠയില്ലാത്തവന്‍ ഒരു വാര്‍ത്ത കൊണ്ടുവന്നാല്‍ നിങ്ങളതിന്റെ നിജസ്ഥിതി സൂക്ഷ്മമായി അന്വേഷിക്കേണ്ടതാകുന്നു. നിങ്ങള്‍ ഏതെങ്കിലും ജനത്തിന് അറിയാതെ ആപത്ത് വരുത്താനും എന്നിട്ട് ആ ചെയ്തതിന്റെ പേരിൽ ഖേദിക്കുന്നവരാകാതിരിക്കാനും വേണ്ടി). മറ്റൊരിടത്ത് (അന്നിസാഅ് 83) വിശുദ്ധ ഖുർആൻ പറയുന്നു: 

 وَإِذَا جَاءَهُمْ أَمْرٌ مِّنَ الْأَمْنِ أَوِ الْخَوْفِ أَذَاعُوا بِهِ ۖ وَلَوْ رَدُّوهُ إِلَى الرَّسُولِ وَإِلَىٰ أُولِي الْأَمْرِ مِنْهُمْ لَعَلِمَهُ الَّذِينَ يَسْتَنبِطُونَهُ مِنْهُمْ ۗ وَلَوْلَا فَضْلُ اللَّهِ عَلَيْكُمْ وَرَحْمَتُهُ لَاتَّبَعْتُمُ الشَّيْطَانَ إِلَّا قَلِيلًا 

(സമാധാനത്തിന്റെയോ ഭീതിയുടെയോ ഒരു വാര്‍ത്ത കിട്ടിയാല്‍ അവരത് പ്രചരിപ്പിക്കുകയായി. എന്നാല്‍, അത് ദൈവദൂതന്നും സമൂഹത്തിലെ ഉത്തരവാദപ്പെട്ടവര്‍ക്കും എത്തിച്ചുകൊടുത്തിരുന്നുവെങ്കില്‍, സത്യാവസ്ഥ ഗ്രഹിക്കാന്‍ കഴിവുള്ളവര്‍ കാര്യം മനസ്സിലാക്കുമായിരുന്നു. അല്ലാഹുവിന്റെ  മഹത്തായ അനുഗ്രഹവും കാരുണ്യവുമില്ലായിരുന്നുവെങ്കില്‍, അൽപം ചിലരൊഴികെ നിങ്ങളെല്ലാം പിശാചിനെ പിൻപറ്റുമായിരുന്നു).

അവധാനതയോടെ പ്രവർത്തിക്കേണ്ട വളരെ സുപ്രധാനമായ ഒരു മേഖലയാണ് കുടുംബ പ്രശ്നങ്ങൾ. തെറ്റിദ്ധാരണകൾ മൂലമോ കാര്യങ്ങൾ ശരിയാംവണ്ണം മനസ്സിലാക്കി സാഹചര്യങ്ങൾ പഠിക്കാതെ ധൃതിപ്പെട്ടോ എടുക്കുന്ന തീരുമാനങ്ങൾ  എന്നെന്നുമുള്ള ശത്രുതയിലേക്കും ഒരിക്കലും ചേർക്കാൻ കഴിയാത്ത അകൽച്ചയിലേക്കും നയിക്കും. ഇത്തരത്തിൽ വളരെയധികം അവധാനതയോടെ തീരുമാനമെടുക്കേണ്ട വിഷയമാണ് വിവാഹ മോചനം. വിവാഹ മോചനത്തിന്റെ കാര്യത്തിൽ ആളുകൾ പലപ്പോഴും ധൃതിപ്പെട്ട് തീരുമാനമെടുക്കാറുണ്ട്. ഒരിക്കൽ ഇബ്്നു അബ്ബാസി(റ)ന്റെ അടുക്കൽ വന്ന് ഒരാൾ പറഞ്ഞു: "ഞാൻ എന്റെ ഭാര്യയെ മൂന്ന് പ്രാവശ്യം ത്വലാഖ് ചെയ്തു. ഇക്കാര്യത്തിൽ ഞാൻ വല്ലാതെ ധൃതി കാണിച്ചു. ഇതിന് വല്ല പരിഹാരവും ഉണ്ടോ?"

ഇബ്‌നു അബ്ബാസ് (റ) അദ്ദേഹത്തോട് പറഞ്ഞു: "നീ ധൃതി കാണിച്ച് ത്വലാഖ് ചെയ്തതിന് ശേഷം അതിൽനിന്ന് രക്ഷാ മാർഗം അന്വേഷിച്ച് എന്റെ അടുക്കൽ വന്നിരിക്കയാണോ? എനിക്ക് ഈ കാര്യത്തിൽ നിന്നെ സഹായിക്കാൻ കഴിയുകയില്ല." വിവാഹ മോചന വിഷയത്തിൽ നാം കൈക്കൊള്ളേണ്ട നടപടിക്രമങ്ങൾ എത്ര അവധാനതാപൂർവമാകണമെന്ന് പഠിപ്പിക്കുന്നതാണ് വിവാഹ മോചനവുമായി ബന്ധപ്പെട്ട വിശുദ്ധ ഖുർആനിലെ നിർദേശങ്ങൾ.  ഈ അർഥത്തിൽ ഒരു സത്യവിശ്വാസി ജീവിതത്തിൽ പാലിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു സ്വഭാവ സവിശേഷതയാണ് അവധാനത. l

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 34-37
ടി.കെ ഉബൈദ്‌

ഹദീസ്‌

മുസ്്ലിം സമൂഹത്തിന്റെ നിയോഗ ദൗത്യം
സഈദ് ഉമരി മുത്തനൂർ