Prabodhanm Weekly

Pages

Search

2023 ആഗസ്റ്റ് 11

3313

1445 മുഹർറം 24

ഗുറാബി

പി.എം.എ ഖാദർ

പ്രകൃതിക്കു പുലർവേളയിൽ ഇങ്ങനെയൊരു മൂകത അസാധാരണമാണ്. ഇന്നലെ വരെ മുറ്റത്തെ മരച്ചില്ലകളിൽ സാന്ദ്രമായിരുന്നു ചിലച്ചിരുന്ന പറവകളെവിടെ?
ഏതോ വിപത്തിന്റെ പ്രവചനപുസ്തകത്തിലെ അക്ഷരങ്ങൾ പോലെ എന്റെ വീട്ടുപരിസരം വിറങ്ങലിച്ചു കിടന്നു.
പടർന്നു പന്തലിച്ച മാവിൻ കൊമ്പത്തിരുന്നു എന്നോട് കിന്നാരം പറയുമായിരുന്ന ‘ഗുറാബി’ എന്ന കാക്ക പോലും ഇന്നെവിടെപ്പോയി?

ജീവജാലങ്ങൾ ആപത്തുകൾക്കു മുമ്പ് മൂകരാകുമെന്ന് എന്നോ വായിച്ചത് ഓർമവന്നു. സ്പന്ദിക്കുന്ന രണ്ടേ രണ്ടു ഉയിരുകൾ ഞാനും ഭാര്യയുമാണെന്ന് ഒരു ബോധോദയം പോലെ ഞാനറിഞ്ഞു. ഈ ഭൂമിയുടെ മറ്റവകാശികൾ രാത്രിക്കു രാത്രി പലായനം ചെയ്തുവോ? മുറ്റത്തെ ഞാവൽ മരച്ചില്ലയിൽ ചാരിയിരുന്ന് സമൃദ്ധമായി ഉണ്ട് ചിലച്ചുകൊണ്ടു തുള്ളിച്ചാടി മറയാറുള്ള അണ്ണാറക്കണ്ണൻ എവിടെ?

അസാധാരണമായ ഒരു അസ്വസ്ഥത കാൽവിരലുകളിലൂടെ എന്നിൽ പടർന്നുകയറി. കഴിഞ്ഞ രാത്രിയിലെ ഇടിമിന്നലും പേമാരിയും ശമിച്ചുവെങ്കിലും, മറ്റൊരു മേഘവിസ്ഫോടനത്തിനായി ആകാശം കനക്കാൻ തുടങ്ങി.
ഏതാനും ജലസംഭരണികളുടെ കോട്ടവാതിലുകൾ നാളെ തുറക്കുമെന്ന് ഇന്നലെ മുന്നറിയിപ്പുണ്ടായിരുന്നു.
തകർന്ന കടൽഭിത്തികളുടെയും വെള്ളത്തിൽ ഒലിച്ചുപോയ മുക്കുവക്കുടിലുകളുടെയും ഇമേജുകൾ ഇന്നലെ ചാനലുകൾ മാത്സര്യപൂർവം സംപ്രേഷണം ചെയ്തിരുന്നു.

നിനച്ചിരിക്കാതെ ദൂരത്തെവിടെയോ ഒരു കാക്ക കരഞ്ഞു. ദാഹാർത്തമായ നെഞ്ചിൽ ആശ്വാസത്തിന്റെ ഒരു നനവ്.  എങ്കിലും അത് ഗുറാബിയുടേതല്ല എന്ന് മനസ്സ് മന്ത്രിച്ചു. അവളുടെ കരച്ചിൽ മറ്റു കാക്കകളുടേതിൽനിന്ന് വ്യത്യസ്തമല്ലെങ്കിലും എനിക്ക് മാത്രം തിരിച്ചറിയാവുന്ന ഒരു അനന്യത അവളുടെ ശബ്ദത്തിനുണ്ട്.

മാവിൻ കൊമ്പത്തിരുന്ന് എന്നോട് മാത്രം അവൾ ചിലക്കാറുണ്ട്. ആ സമയത്ത് അവളുടെ ശബ്ദം തൊണ്ടയിലെവിടെ നിന്നോ വരും പോലെ സ്നിഗ്ധമായ ഒരു മുരൾച്ചയായി മാറുന്നത് ഞാനറിയാറുണ്ട്. അവളെന്നോട് കഥകൾ പറയുക പതിവാക്കിയിരുന്നു.

ബാല്യകാലത്ത് കാക്കകളോട് എനിക്ക് വെറുപ്പായിരുന്നു. കറുത്ത നിറവും അനാകർഷകമായ നടത്തവും കൊക്കിക്കൊക്കിയുള്ള ചാട്ടവും പരുക്കനായ ശബ്ദവും ബാല്യത്തിലെ എന്റെ സൗന്ദര്യസങ്കൽപങ്ങൾക്ക് സ്വീകാര്യമായിരുന്നില്ല. കാക്കയെ ഒരു പറവയായി പോലും മനസ്സ് അംഗീകരിച്ചിരുന്നില്ല.

കൗമാരത്തിലെ വേദപഠനം സൗന്ദര്യസങ്കൽപങ്ങളെ അഴിച്ചുപണിതു. കാക്ക എന്റെ സ്നേഹപാത്രമായി. ശാസ്ത്രപഠനം കൂടിയായപ്പോൾ ഗോപ്യമായ ഒരു താരാരാധന എന്റെ മനസ്സിലെവിടെയോ കിളിർത്തു.

വരാന്തയിലെ ചാരുകസേരയിൽ നിന്ന് ഞാൻ മുറ്റത്തേക്കിറങ്ങി. അകലെ കാക്കകൾ കൂട്ടമായി വന്നിരിക്കാറുള്ള തെങ്ങുകളുടെ ശിഖരങ്ങളിലേക്ക് എന്റെ കണ്ണ് പാഞ്ഞു.
ഇല്ല, ആരുമില്ല. നിശ്ചലതയും നിശ്ശബ്ദതയും മാത്രം. നിർന്നിമേഷനായി  തിരിച്ചുകയറി, സന്ദിഗ്ധമായ ഏതോ വിപത്തിനെയും കാത്തു, തസ്ബീഹ് ചൊല്ലി ഞാൻ കസേരയിലേക്ക് താണു.

ഓർമകളിലേക്ക് എന്നെ ആരോ വലിച്ചു കൊണ്ടുപോയി.

മനുഷ്യന്റെ ഗുരുവാണ് കാക്ക എന്ന അമൂല്യജ്ഞാനം വേദസൂക്തങ്ങളിൽ നിന്നാണ് ഞാൻ പഠിച്ചത്. ആദാമിന്റെ രണ്ടു മക്കളിൽ ഒരാൾ, അസൂയ മൂത്തു തന്റെ സഹോദരനായ ഹാബീലിനെ വധിച്ചതും മൃതദേഹം എന്തു ചെയ്യണം എന്നറിയാതെ ഇതികർത്തവ്യതാമൂഢനായി നിൽക്കവേ ദൈവം ഒരു കാക്കയെ നിയോഗിച്ചതുമായ കഥ. തന്റെ കൊക്കുകൊണ്ട് ഭൂമിയിൽ മാന്തിക്കുഴിച്ചു ഘാതകനായ ഖാബീലിന്റെ ശ്രദ്ധയാകർഷിച്ച കഥ. അവന്റെ പശ്ചാത്താപത്തിന്റെ കഥ.

കഥക്കൊടുവിൽ ദൈവം മനുഷ്യകുലത്തിനു നൽകിയ ഏറ്റവും വിലപ്പെട്ട വിധി ഉൾക്കൊള്ളുന്ന "മിൻ അജ്‌ലി ദാലിക..” എന്ന, ഖുർആനിലെ അഞ്ചാമധ്യായത്തിലെ മുപ്പത്തി രണ്ടാം സൂക്തം അക്ഷരങ്ങളായി എന്റെ മനസ്സിന്റെ അഭ്രപാളിയിൽ വിരിഞ്ഞു.

അന്യായമായി ഒരു ജീവൻ അപഹരിച്ചതിനോ ഭൂമിയിൽ നാശം വിതച്ചതിനോ ശിക്ഷയായിട്ടല്ലാതെ ഒരു ആത്മാവിനെ നിഹനിക്കുന്നവൻ മുഴുവൻ മനുഷ്യരാശിയെ കൊന്നവനെപ്പോലെയാണെന്നും,  ഒരു മനുഷ്യ ജീവൻ നിലനിർത്താൻ സഹായിച്ചവൻ മനുഷ്യരാശിയെ മുഴുവൻ രക്ഷിച്ചവനെ പോലെയാണെന്നുമുള്ള ദൈവ വിധി.

“എന്താ ശബ്ദമൊന്നും കേക്കാത്തെ? രാവിലെത്തന്നെ കവിതയെഴുതാണോ?" അകത്തു നിന്നു ഭാര്യ വിളിച്ചുചോദിച്ചു.

“അല്ല, ഒരു കഥയോർത്തു ഇരിക്കയായിരുന്നു. നീ ശ്രദ്ധിച്ചോ, ഇന്ന് മരങ്ങളിലൊന്നും ഒരു പറവയുമില്ല!”

അവൾ വരാന്തയിലേക്ക് ഇറങ്ങിവന്നു അന്ധാളിപ്പോടെ ചുറ്റും നോക്കി.

“ഗുറാബി വന്നു പോയോ?” അവൾ ചോദിച്ചു.

ഗുറാബിയെ ഭാര്യക്കറിയാം. ഞങ്ങൾ തമ്മിൽ സംവദിക്കുന്നത് അവൾ ഇടയ്ക്കിടെ കണ്ടു ചിരിക്കാറുണ്ട്. ഗുറാബിയോട് ഭാര്യയും സംസാരിക്കാറുണ്ട്.

മുറ്റത്തെ ടാപ്പിൽനിന്ന് ബക്കറ്റിൽ വെള്ളം ശേഖരിക്കവേ ഗുറാബി കരഞ്ഞാൽ വെള്ളം അവൾക്കായി നീക്കി വെച്ചുകൊടുക്കാറുണ്ട് ഭാര്യ. കൊക്കു താഴ്ത്തി വെള്ളം കുടിച്ചു കഴിഞ്ഞ ഒരു വേളയിൽ ഭാര്യ അവളോട് പറഞ്ഞു:
"ഞങ്ങൾക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർഥിക്കണം, ട്ടാ."

പറഞ്ഞുതീരും മുമ്പ് ഗുറാബി തല ഉയർത്തി ആകാശത്തേക്ക് നോക്കി ഒരു നിമിഷം ചുണ്ടുകൾ വിറപ്പിച്ചു നിന്നു. ഇടതൂർന്ന മാവിലകൾക്കുള്ളിലൂടെ ഒരു പ്രകാശരശ്മി അവളുടെ കഴുത്തിലെ തേജോവലയം പോലുള്ള ചാമ്പൽവർണ തൂവലുകളിൽ ഒരു പതക്കമായി വീണു തിളങ്ങി.

അപൂർവമായ ഈ അനുഭവം ഭാര്യ ഇടയ്ക്കിടെ ഓർക്കാറുണ്ട്.

അവൾ അകത്തേക്കു പോയപ്പോൾ ഞാൻ വീണ്ടും ചിന്തകളിലേക്ക് വീണു. കോളേജ് ലൈബ്രറിയിലെ ശാസ്ത്രപുസ്തകങ്ങളിൽ നിന്ന് സ്വാംശീകരിച്ച അറിവുകൾ ഓർമയിൽ ഒഴുകിനടന്നു.

ബുദ്ധിശാലികളായ പറവകളിൽ ഒന്നാണ് കാക്ക. ഒറ്റ ഇണ എന്ന ഏകപത്നീവ്രതം അനുഷ്ഠിക്കുന്ന സാമൂഹ്യ ജീവി. പരസ്യമായി ഇണ ചേരാത്ത ലജ്ജാശീലർ. പ്രജനനത്തിനായി മുട്ടയിടും മുമ്പ് കുഞ്ഞുങ്ങൾക്കായി കൂട് പണിയുന്നവർ. നാലോ അഞ്ചോ മുട്ടകളിട്ടു കൂട്ടിൽ അമ്മയും അച്ഛനും മാറിമാറി അടയിരിക്കുന്നത്ര സുദൃഢമായ കുടുംബബോധം  കാത്തു സൂക്ഷിക്കുന്നവർ. കുഞ്ഞുങ്ങളുടെ കൊക്കുകളിൽ ഭക്ഷണം വെച്ചുകൊടുക്കുന്ന സ്നേഹസമ്പന്നർ. പറക്കമുറ്റാത്ത മക്കളെ ആരെങ്കിലും ആക്രമിക്കാൻ വന്നാൽ ഒത്തുചേർന്നു കൂട്ടായി പ്രത്യാക്രമണം നടത്തുന്നവർ.
ഇങ്ങനെ പഠിക്കാൻ പലതുമുണ്ട് ഈ കറുത്ത പക്ഷിയിൽ. മനുഷ്യവാസ കേന്ദ്രങ്ങളോട് അടുത്ത് ജീവിക്കുന്ന ഈ പറവയെ ദൈവം ഉദ്ദേശ്യപൂർവം സൃഷ്ടിച്ചയച്ചതാണ്.

പെട്ടെന്ന് വീടിന്റെ പിൻ ഭാഗത്ത് ഒരു കാക്ക കരഞ്ഞു. പിന്നെ മറ്റൊരു കാക്ക. തുടർന്ന് ഒരു കൂട്ടം കാക്കകളുടെ കരച്ചിൽ.

ആശ്വാസവും ആശങ്കയും എന്നെ ഒരേസമയം കീഴടക്കി. ഞാൻ ധൃതിയിൽ പിൻമുറ്റത്തേക്കോടി.

ഏതാനും കാക്കകൾ കരഞ്ഞുകൊണ്ട് വട്ടമിട്ടു പറക്കുകയും കുറേ കാക്കകൾ നിലത്ത് എന്തിനോ ചുറ്റിലും കൂടിയിരുന്നു കരയുകയും ചെയ്യുന്നു.

സംഭവിക്കുന്നത് എന്താണെന്നു മനസ്സിലാകാതെ അൽപനേരം ഞാൻ അകന്നു നിന്ന് വീക്ഷിച്ചു. കാക്കകൾ എന്തിനെയോ തട്ടിവിളിക്കുന്നതുപോലെ!

ക്ഷമയറ്റു ഞാൻ അടുത്തേക്ക് ചെന്നു. കാക്കകൾ ചുറ്റിലേക്കും ഒഴിഞ്ഞു മാറിയപ്പോൾ ഒരു നടുക്കത്തോടെ ഞാൻ  ആ കാഴ്ച കണ്ടു.

ഗുറാബി! അവൾ നിശ്ചലയായി നിലത്ത് കിടക്കുന്നു. പ്രാണനറ്റ അവളുടെ കഴുത്തിലെ ചാമ്പൽ വർണവലയത്തിൽ ഒരു സൂര്യകിരണം വീണു തിളങ്ങി. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 34-37
ടി.കെ ഉബൈദ്‌

ഹദീസ്‌

മുസ്്ലിം സമൂഹത്തിന്റെ നിയോഗ ദൗത്യം
സഈദ് ഉമരി മുത്തനൂർ