Prabodhanm Weekly

Pages

Search

2023 ജൂൺ 30

3308

1444 ദുൽഹജ്ജ് 11

മസ്ജിദുൽ ഹറാമിന്റെ മഹത്വം

ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌

عَنْ جَابِرِ بْنِ عَبدِ اللهِ رَضِيَ اللهُ عَنهُما أنَّ رَسُولَ اللهِ صَلَّى اللهُ عَلَيهِ وَسَلَّمَ قَالَ: “صَلَاةٌ فِي المَسْجِدِ الحَرَامِ، أفْضَلُ مِن مِائةِ ألْفِ صَلَاةٍ فِيمَا سِوَاهُ “  (ابن ماجه)

 

ജാബിറുബ്്നു അബ്ദില്ലാ(റ)യിൽനിന്ന്. അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: 
"മസ്ജിദുൽ ഹറാമിലെ ഒരു നമസ്കാരം മറ്റിടങ്ങളിലെ ഒരു ലക്ഷം നമസ്കാരങ്ങളെക്കാൾ 
മഹത്വമുള്ളതാണ്" (ഇബ്്നു മാജ).

 

മക്കയിലെ മസ്ജിദുൽ ഹറാമിന്റെ മഹത്വത്തെ കുറിച്ചാണ് ഹദീസ്. അവിടെ നിർവഹിക്കപ്പെടുന്ന ഒരു റക്അത് നമസ്കാരത്തിന് മറ്റിടങ്ങളിലുള്ളതിനെക്കാൾ ഒരു ലക്ഷത്തിലധികം ഇരട്ടി പ്രതിഫലമുണ്ടെന്ന് റസൂലുല്ലാ ഉറപ്പ് നൽകുന്നു. മറ്റൊരു നിവേദനത്തിൽ ഇപ്രകാരം കാണാം: ''എന്റെ പള്ളിയിലുള്ള നമസ്കാരത്തിന് മറ്റിടങ്ങളിലെ ആയിരം നമസ്കാരങ്ങളെക്കാൾ ശ്രേഷ്ഠതയുണ്ട്. മസ്ജിദുൽ ഹറാം ഒഴികെ. മസ്ജിദുൽ ഹറാമിലെ നമസ്കാരത്തിന് മറ്റിടങ്ങളിലെ ഒരു ലക്ഷം നമസ്കാരങ്ങളെക്കാൾ ശ്രേഷ്ഠതയുണ്ട്" (അഹ്്മദ്).
മുപ്പതോളം തവണ മസ്ജിദുൽ ഹറാമിനെ വിശുദ്ധ ഖുർആൻ പരാമർശിക്കുന്നുണ്ട്. മസ്ജിദുൽ ഹറാം എന്ന് 15 തവണയും അൽ ബൈത് പോലുള്ള പദങ്ങളാൽ 15 തവണയും.
മക്കയുടെയും മദീനയുടെയും സവിശേഷതയായി അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: "ദജ്ജാലിന്റെ കാലടികൾ പതിയാത്ത ഒരു പ്രദേശവും ഉണ്ടായിരിക്കുകയില്ല; മക്കയും മദീനയുമല്ലാതെ"(ബുഖാരി, മുസ്്ലിം).
മക്കയിലെ പള്ളികളിൽ മസ്ജിദുൽ ഹറാമിന് മാത്രമാണ് ഈ പ്രത്യേകതയെന്ന് പണ്ഡിതർ വ്യക്തമാക്കുന്നുണ്ട്.
ശൈഖ് ഇബ്്നു ഉസൈമീനോട് ഒരാൾ ഫത്്വ ചോദിച്ചു: ''മസ്ജിദുൽ ഹറാമിലെ പ്രതിഫലം മക്കയിലെ ഇതര പള്ളികളിൽ  ലഭിക്കുമോ?"
അദ്ദേഹം പറഞ്ഞു: "ഇല്ല, മക്കയിലെ ഇതര പള്ളികൾ പ്രതിഫല വിഷയത്തിൽ മസ്ജിദുൽ ഹറാമിനെപ്പോലെയല്ല. ഇരട്ടി പുണ്യം  മസ്ജിദുൽ ഹറാമിലേ ലഭിക്കൂ."
ഹറമിൽ ഇരട്ടി പ്രതിഫലം ഫർദ് നമസ്കാരത്തെപ്പോലെ സുന്നത്ത് നമസ്കാരങ്ങൾക്കും ലഭിക്കുമോ എന്നതിലും ഭിന്ന വീക്ഷണങ്ങളാണുള്ളത്. ഇരട്ടി  പ്രതിഫലം ഫർദ് നമസ്കാരങ്ങൾക്കേ ലഭിക്കൂ എന്ന് ഇമാം അബൂ ഹനീഫയും മാലിക്കും അഭിപ്രായപ്പെടുന്നു. എന്നാൽ, സുന്നത്ത് നമസ്കാരങ്ങൾക്കും ഇതേ പ്രതിഫലം ലഭിക്കുമെന്ന് ഇമാം ശാഫിഈ (റ)യും അഹ്്മദുബ്്നു ഹമ്പൽ (റ)വും നിരീക്ഷിക്കുന്നു.
ഈ പ്രതിഫലം നമസ്കാരത്തിന് മാത്രം ബാധകമാണെന്നാണ് ഭൂരിപക്ഷ വീക്ഷണം. എന്നാൽ, ഹസനുൽ ബസ്വരി (റ) പറഞ്ഞു: ''ഒരാൾ മക്കയിലെ ഹറമിൽ വെച്ച് ഒരു ദിനം നോമ്പനുഷ്ഠിച്ചാൽ ഒരു ലക്ഷം ദിനങ്ങൾ നോമ്പനുഷ്ഠിച്ചതിന്റെ പ്രതിഫലം ലഭിക്കും. അവിടെ വെച്ച് ഒരു ദിർഹം ദാനം നൽകിയാൽ ഒരു ലക്ഷം ദിർഹം ദാനം നൽകിയതായി രേഖപ്പെടുത്തും" (അഖ്ബാറു മക്ക).
ശൈഖ് ഇബ്്നു ബാസ് (റ) പറഞ്ഞു: "ഹറമിൽ മറ്റുള്ള സൽക്കർമങ്ങൾക്കും കൂടുതൽ ഇരട്ടി പ്രതിഫലം ലഭിക്കും. പക്ഷേ, അതിനൊന്നും നിർണിത പരിധിയില്ല. നമസ്കാരത്തിന്റെ കാര്യത്തിലേ നിർണിത പരിധി ഉദ്ധരിക്കപ്പെട്ടിട്ടുള്ളൂ...'' (മജ്മൂഉൽ ഫതാവാ). l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 16-17
ടി.കെ ഉബൈദ്‌

ഹദീസ്‌

മസ്ജിദുൽ ഹറാമിന്റെ മഹത്വം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌