മഞ്ഞപ്പത്ര പ്രവർത്തനത്തിന്റെ മലയാളം പതിപ്പുകൾ
1895 – 98 കാലഘട്ടത്തിൽ അമേരിക്കയിലെ രണ്ട് പത്രസ്ഥാപനങ്ങൾ സര്‍ക്കുലേഷന്‍ കൂട്ടാന്‍ നടത്തിയ കിടമത്സരത്തില്‍ നിന്നാണ് ‘മഞ്ഞപ്പത്രം’ എന്ന പ്രയോഗം ഉണ്ടാവുന്നത്. ഒരു ‘മഞ്ഞക്കുട്ടി’(യെല്ലോ കിഡ്)യെ കഥാപാത്രമാക്കി രണ്ട് പത്രസ്ഥാപനങ്ങളും കാര്‍ട്ടൂണ്‍ പരമ്പര പ്രസിദ്ധീകരിച്ചായിരുന്നു മത്സരം. ‘ന്യൂയോര്‍ക്ക് വേള്‍ഡ്’ എന്ന പത്രത്തില്‍ വന്ന ‘കിഡ് ഇന്‍ യെല്ലോ’ എന്ന കാര്‍ട്ടൂണ്‍ പരമ്പര ഹിറ്റായപ്പോള്‍ അതേ കാര്‍ട്ടൂണിസ്റ്റിനെ വിലയ്്ക്കെടുത്ത് ‘ന്യൂയോർക്ക് ജര്‍ണല്‍’ ‘യെല്ലോ കിഡ്’ എന്ന പംക്തി തുടങ്ങി. പത്രങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലായി. ലാഭം മോഹിച്ച്, അതിവൈകാരികതക്ക് ഊന്നല്‍ നൽകി, അസത്യങ്ങളും അർധ സത്യങ്ങളും മസാല ചേര്‍ത്ത് അച്ചടിച്ചു വായനക്കാരെ ‘രോമാഞ്ച’മണിയിക്കുന്ന പത്രപ്രവര്‍ത്തനത്തിന് അന്നു മുതല്‍ ‘യെല്ലോ ജേർണലിസം’ (മഞ്ഞപ്പത്ര പ്രവര്‍ത്തനം) എന്ന പേര് വന്നു. സാമ്പ്രദായിക പത്രപ്രവര്‍ത്തനം (Traditional Journalism) ഓണ്‍ലൈന്‍ ജേര്‍ണലിസത്തിനു വഴിമാറിയ നടപ്പുകാലത്ത് കോപ്പികളുടെ വര്‍ധനവല്ല, റേറ്റിംഗ് നക്ഷത്രങ്ങളുടെ എണ്ണമാണ് പത്രങ്ങളുടെ ലാഭം നിര്‍ണയിക്കുന്നത്. റേറ്റിംഗ് കൂട്ടാന്‍ പുതിയ ഇരകളെ തേടിയുള്ള പരക്കം പാച്ചിലിലാണ് മാധ്യമ ലോകം. അങ്ങനെയാണ് ആഗോള മാര്‍ക്കറ്റില്‍ ഇന്ന് മറ്റെന്തിനെക്കാളും വിലയുള്ള ഇസ്്ലാമോഫോബിയയെ ഒരു ‘മഞ്ഞക്കുട്ടി’യാക്കി പ്രതിഷ്ഠിക്കുകയും വഴിയെ പോകുന്നവര്‍ക്കെല്ലാം തട്ടിക്കളിക്കാന്‍ ഇട്ടുകൊടുക്കുകയും ചെയ്തത്. മാധ്യമങ്ങള്‍ നിര്‍മിച്ചെടുത്ത ഈ ഇസ്‌ലാം വെറുപ്പ് ഇന്ന് പൊതുബോധത്തിന്റെ ഭാഗമായിത്തീര്‍ന്നിരിക്കുന്നു. അതുകൊണ്ടാണ് ‘അമല്‍ ജ്യോതി’ എന്ന ഒരു ക്രിസ്ത്യന്‍ നിയന്ത്രിത കലാലയത്തില്‍ ഒരു ഹിന്ദു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്‌താല്‍ പോലും ‘തട്ടമിട്ട ഹിജാബി’കള്‍ക്കെതിരെ ‘കാസക്കൂട’ വിഷം വമിക്കുമ്പോഴും പൊതുബോധ പ്രേമകുമാരന്മാര്‍ ഒന്ന് ഞെട്ടുക പോലും ചെയ്യാത്തത്.
മഞ്ഞപ്പത്ര പ്രവര്‍ത്തനം ഇപ്പോള്‍ വീണ്ടും മലയാളത്തിലെ ഓണ്‍ലൈന്‍ - ഓഫ്‌ലൈന്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത് ‘മറുനാടന്‍ മലയാളി’ എന്ന ‘അപകീര്‍ത്തന മാധ്യമക്കോമരത്തിന്റെ’ ഉറഞ്ഞാട്ടവുമായി ബന്ധപ്പെട്ടാണ്. കോട്ടയം സ്വദേശിയായ, ബ്രാഡ് ഫോര്‍ഡ് സര്‍വകലാശാല(യു.കെ)യില്‍ നിന്ന് ബിസിനസ്സ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദം നേടിയ ഷാജന്‍ സ്കറിയ എന്ന പത്രപ്രവര്‍ത്തകന്റെ ഉടമസ്ഥതയില്‍ 2008-ലാണ് തിരുവനന്തപുരത്തുനിന്ന് ‘മറുനാടന്‍ മലയാളി’ പ്രസിദ്ധീകരണമാരംഭിക്കുന്നത്. ലണ്ടനിലെ കിങ്ങ്സ് കോളേജില്‍നിന്ന് ബിരുദാനന്തര ബിരുദം നേടിയ ആന്‍ മേരി ജോര്‍ജ് ആണ് സി.ഇ.ഒ. സംഘ് പരിവാര്‍ രാഷ്ട്രീയത്തിനു മണ്ണൊരുങ്ങും വിധം കേരളത്തിന്റെ പൊതുബോധത്തെ സമർഥമായി മാറ്റിയെടുക്കാന്‍ വേണ്ടി രൂപപ്പെടുത്തിയ സവര്‍ക്കറൈറ്റ് നാസ്തിക സംവിധാനമായ ‘എസ്സെന്‍സ് ഗ്ലോബല്‍’ വക്താവ് എം. ഋജു മുഖ്യ പത്രാധിപരാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തനം വമ്പന്‍ ലാഭം കൊയ്യാന്‍ കഴിയുന്ന ഒരു ബിസിനസ്സ് സംരംഭമാണെന്ന് തെളിയിച്ച സ്ഥാപനമാണ് ‘മറുനാടന്‍ മലയാളി.’ ജോലിക്കാര്‍ക്ക് കൃത്യമായി ശമ്പളം കൊടുക്കുന്ന അപൂര്‍വ ഓണ്‍ലൈന്‍ സ്ഥാപനം. ലക്ഷക്കണക്കിനാണ് അനുധാവകര്‍. ഒരു മില്യനോടടുത്ത് ഫോളോവേഴ്സ് ഉണ്ട് മറുനാടന്റെ ടി.വി പേജിന്. നിതാന്തമായ ഹിന്ദുത്വ സ്തുതി, അന്ധമായ മോദി ഭക്തി, ഇസ്‌ലാം വെറുപ്പുൽപാദനവും അതിന്റെ വിതരണവും, ജുഗുപ്സാവഹമായ വ്യക്തിഹത്യ തുടങ്ങിയവയാണ് മറുനാടന്റെ ചതുരംഗപ്പലകയിലെ കരുക്കള്‍. തനിക്കെതിരെ ഉന്നയിച്ച വ്യാജ വാര്‍ത്തക്കെതിരെ 'തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ കള്ളം, വാർത്ത എന്ന പേരിൽ പടച്ചുവിടുന്ന ഷാജന്‍ സ്കറിയയ്ക്കെതിരെ സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും' എന്ന നടന്‍ പ്രിഥ്വി രാജിന്റെ ഫേസ് ബുക്ക് പോസ്റ്റോടെയാണ് ഷാജന്‍ സ്കറിയ എന്ന പത്രപ്രവര്‍ത്തകന്‍ ഒരു ‘സെലിബ്രിറ്റി’ ആവുന്നത്.
ആര്‍.എസ്.എസും ‘കാസ’(ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്്ഷന്‍)യുമാണ് മറുനാടന്റെ റെക്കോര്‍ഡില്‍ ഗുഡ് എൻട്രിയുള്ള നല്ല ശമരിയക്കാര്‍. “മൂന്നു കൂട്ടരാണ് ഞങ്ങളെ പൂട്ടിക്കാന്‍ കോടിക്കണക്കിനു രൂപ മുടക്കി രംഗത്തിറങ്ങിയിരിക്കുന്നത്. ഒന്ന്, പിണറായിസ്റ്റുകള്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന അടിമകള്‍; രണ്ട്, ഇസ്്ലാമിസ്റ്റുകള്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന രാജ്യവിരുദ്ധര്‍; മൂന്ന്, എല്ലാവരാലും സ്തുതി ഗീതങ്ങള്‍ മാത്രം കേട്ട് തഴമ്പിച്ച, തട്ടിപ്പും വെട്ടിപ്പും നടത്തി നാട്ടുകാരെ പറ്റിച്ചു കഴിയുന്ന കളങ്കിതരായ വന്‍കിട ബിസിനസ് ഭീമന്മാര്‍” (മറുനാടന്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍; ഇല്ലാതായാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ല: ഷാജന്‍ സ്കറിയ, മാധ്യമം വെബ് ഡെസ്ക് 4-6-23). അപ്രതിരോധ്യനായ ഓണ്‍ലൈന്‍ മാധ്യമാധിപന്‍ എന്ന് സ്വയം അഹങ്കരിച്ച മറുനാടന്‍ സ്കറിയ സ്വയംകൃതാനർഥത്താല്‍ ഒളിവില്‍ ആണെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്ത. ചാഞ്ഞ മരങ്ങളില്‍ ഓടിക്കയറുന്നതിനിടയില്‍ മാറിക്കയറിയപ്പോള്‍ സംഭവിച്ച വീഴ്ചയാണ്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലിക്കെതിരെ പതിവ് പോലെ സെന്‍സേഷണല്‍ എരിവും പുളിയും ചേര്‍ത്ത് വ്യാജ വാര്‍ത്ത അവതരിപ്പിച്ചു കഴിഞ്ഞപ്പോഴാണ് തൂമ്പ കൊണ്ട് ഇക്കുറി വാരിയത് ചാണകമല്ല, താങ്ങാന്‍ പറ്റാത്ത ആനയെ ആയിരുന്നു എന്ന് ‘മറുനാടന്‍ രാമന്‍ നായര്’ തിരിച്ചറിയുന്നത്. കാസർകോട്ടെ ശുകൂര്‍ വക്കീലിന്റെ വഴിയെ ശരീഅത്ത് നിയമങ്ങളുടെ ‘അപരിഷ്ക്രിതത്വം’ കാരണം മൂന്ന് പെൺമക്കള്‍ ഉള്ള എം.എ യൂസുഫലിയും അനന്തരസ്വത്ത് മുഴുവന്‍ മക്കള്‍ക്കും കിട്ടാന്‍ വേണ്ടി സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതനായി എന്നായിരുന്നു മറുനാടന്‍ പടച്ച വാര്‍ത്ത. വാര്‍ത്തയെ തുടര്‍ന്ന് യൂസുഫലി മറുനാടന് വക്കീല്‍ നോട്ടീസ് അയച്ചു. പിന്നീടങ്ങോട്ട് ഓലപ്പൊട്ടാസിനു തീപിടിച്ച പോലെയായിരുന്നു ഷാജന്‍ സ്കറിയയ്ക്ക് എതിരെയുള്ള കേസും കൂട്ടവും. കളി കാര്യമായപ്പോള്‍ ‘മറുനാടന്‍’ കൂപ്പുകൈയുമായി ‘മാപ്പ് വര്‍ക്കര്‍’ ആയെങ്കിലും അപ്പോഴേക്കും കാര്യങ്ങള്‍ പിടിവിട്ടിരുന്നു. യൂസുഫലിയുടെ പരാതിക്ക് പിന്നാലെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ വിവേക് ഡോവലിനെതിരെ വിട്ട വാര്‍ത്താവാണവും ഷാജന് ബൂമറാങ്ങായി. ഡോവലിനെതിരെ ‘മറുനാടന്‍’ ഉന്നയിച്ച കള്ളപ്പണ ആരോപണത്തില്‍ ലഖ്‌നൗ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അയച്ച സമന്‍സ്, മറ്റൊരു വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന്റെ പേരില്‍ ഷാജന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടണം എന്ന ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയുടെ പരാതിയില്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച വാറണ്ട്, കുന്നത്തുനാട് എം.എല്‍.എ സഖാവ് ശ്രീനിജന്‍ കൊടുത്ത മാനനഷ്ടക്കേസിലുള്ള അറസ്റ്റ് വാറണ്ട്, ഏറ്റവുമൊടുവില്‍ മറുനാടന്റെ അടിയാധാരവും മൂലക്കല്ലും തോണ്ടിയിട്ട് മാത്രമേ മടക്കമുള്ളൂ എന്ന് ശപഥം ചെയ്ത പി.വി അന്‍വര്‍ എം.എല്‍.എയുടെ പടപ്പുറപ്പാട് എല്ലാം കൂടിയാവുമ്പോള്‍ മുറ മുറയായി കോടതികളില്‍ കയറിയിറങ്ങേണ്ട അവസ്ഥയിലാണ് ഷാജന്‍ സ്ക്രറിയ. ഒളിവിലാണെങ്കിലും ഇന്നേരം വരെയും തനിക്ക് നേരെ പാഞ്ഞുവരുന്ന ഓരോ ബോളിനെയും നിഷ്പ്രയാസം ബൗണ്ടറിക്ക് പുറത്തേക്ക് അടിച്ചുപറത്താനും വീണതെല്ലാം വിദ്യയാക്കാനുമുള്ള വിരുതും ഷാജന്‍ പ്രകടിപ്പിക്കുന്നുണ്ട്. ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ വെച്ച് യു.കെ മലയാളിയും സിനിമാ നിര്‍മാതാവുമായ രാജേഷ് കൃഷ്ണയില്‍ നിന്ന് കിട്ടിയ തെറിയഭിഷേകവും കരണത്തടിയും പോലും റേറ്റിംഗ് കൂട്ടാനുള്ള വാര്‍ത്തയാക്കുകയായിരുന്നു മറുനാടന്‍. “ദീര്‍ഘ കാലമായി വ്യാജവാര്‍ത്തകള്‍ പടച്ചുവിട്ടു ചോറുണ്ണുന്ന ഒരുത്തനെ കണ്ടപ്പോള്‍ അനിയന്ത്രിതമായി തെറിച്ചുവീണ വാക്കുകളായിരുന്നു തന്റെ തെറി” എന്നാണ് ഇതേക്കുറിച്ച് രാജേഷ് കൃഷ്ണയുടെ വിശദീകരണം. “ഏറ്റവും അർഹതപ്പെട്ട ഒരു ചെപ്പക്കുറ്റിക്ക് തന്നെയാണ് അടി കിട്ടിയത്, ഇതൊരു സ്ഥിരം കലാപരിപാടിയായി മാറട്ടെ” എന്ന് പി.വി അന്‍വര്‍ എം.എല്‍.എ ഫേസ്ബുക്കിലും ‘ആശംസിച്ചു.’ ‘പുഴു മുതല്‍ പുഴു വരെ’യുള്ള ചില ക്രിസംഘി സെലിബ്രിറ്റികളാകട്ടെ 'അനന്യമായ ശൈലിയില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്ന ഏകാകിയായ സൈനികന്‍’ എന്ന് ഷാജന്‍ സ്കറിയയ്ക്ക് വീരമുദ്ര ചാര്‍ത്തി. യൂസുഫലി എവിടെപ്പോയി ‘ഒളിച്ചാലും’ ഷാജന്റെ അമ്മയുടെ കണ്ണീര്‍ അദ്ദേഹത്തെ പൊള്ളിക്കുമെന്നാണ് അധ്യാപകനും സംവിധായകനുമായ ജോണ്‍ ഡിറ്റോ പറയുന്നത്. ഇടത് വലത് വ്യത്യാസം ഇല്ലാതെ ഒരു സമുദായം മുഴുവന്‍ ഷാജനെ ആക്രമിക്കാന്‍ എറിഞ്ഞുകൊടുത്തത് യൂസുഫലിയാണ് എന്ന് കൂടി ജോണ്‍ ഡിറ്റോ പറയുന്നുണ്ട്.
നൂറ്റാണ്ടുകളായി സൗഹാർദത്തില്‍ കഴിഞ്ഞുവന്ന വിവിധ സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വിതച്ചു തമ്മിലടിപ്പിച്ചു പിറകില്‍ പമ്മിനടക്കുന്ന മലയാളത്തിലെ ഒരേയൊരു മാധ്യമ സൃഗാലന്‍ അല്ല ഷാജന്‍ സ്കറിയയുടെ ‘മറുനാടന്‍ മലയാളി’. മാധ്യമലോകത്ത് ഇസ്‌ലാമുമായി ബന്ധപ്പെട്ട സകല കാര്യങ്ങള്‍ക്കും ഭീകരമുദ്രയും അസംസ്കൃതത്വവും ചാര്‍ത്തപ്പെടുന്നത് ആഗോളതലത്തില്‍ തന്നെ രൂപപ്പെട്ട ഒരു നെറ്റ് വര്‍ക്കിന്റെ ഭാഗമായിട്ടാണ്. മലയാളത്തില്‍ ‘കേസരി’യെ പോലും കവച്ചുവെക്കുന്ന ഇസ്‌ലാം വെറുപ്പുൽപാദനം നടത്തുന്ന ‘മറുനാടന്‍’ അടക്കമുള്ള അത്തള പിത്തള തവളാച്ചികള്‍ ഒരേ ജനുസ്സില്‍ പെട്ടതാകുന്നത് ഒട്ടും യാദൃഛികവുമല്ല. പ്രത്യക്ഷത്തില്‍ തന്നെ സംഘ് പരിവാറനുകൂല മാധ്യമങ്ങള്‍ ഇസ്്ലാമോഫോബിയ വളര്‍ത്താന്‍ വ്യാജവാര്‍ത്തകള്‍ പടച്ചു വിടുമ്പോള്‍ അതിനെക്കാള്‍ മാരകമായി വിഷപ്രസരണം നടത്തുന്നത് ക്രൈസ്തവ സയണിസത്തിന്റെ കൂലിപ്പടയാളികളായ ഇമ്മാതിരി ക്രിസംഘ മിത്രോംസ് ആണ്. ഫലസ്ത്വീനിലെ തുണ്ട് ഭൂമിയില്‍നിന്ന് പോലും തദ്ദേശീയര്‍ പുറത്താക്കപ്പെട്ടാല്‍ മാത്രമേ യേശുവിന്റെ രണ്ടാം ‘തിരുവരവ്’ സംഭവിക്കുകയുള്ളൂ എന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവ സയണിസ്റ്റുകള്‍. അവരുടെ ഇസ്രായേൽ അനുകൂല വാദത്തിന്റെയും നയങ്ങളുടെയും അടിസ്ഥാനം യേശുവിന്റെ പുനരാഗമനത്തെ സംബന്ധിച്ചുള്ള വിശ്വാസമാണ്. 1948-ല്‍ ഇസ്രായേലിന്റെ സ്ഥാപനം യേശുവിന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ടിട്ടുള്ള ബൈബിൾ പ്രവചനങ്ങളുടെ സാക്ഷാത്കാരത്തിന്റെ ആദ്യ ചുവടുവെപ്പ് ആയിട്ടാണ് ക്രൈസ്തവ സയണിസ്റ്റുകൾ വിലയിരുത്തുന്നത്. ആ ജനുസ്സില്‍ പെട്ട ക്രിസംഘികളെ ചേർത്തുപിടിച്ചു കേരളത്തില്‍ ആർ.എസ്.എസ് കാച്ചിയെടുത്ത 'കൂലങ്കഷായ'മാണ് ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്്ഷന്‍ (കാസ). ഇസ്‌ലാാമോഫോബിയ, ക്രൈസ്തവ സയണിസം തുടങ്ങിയ അപകടകരമായ ലഹരി പദാര്‍ഥങ്ങള്‍ കഴിച്ചു ബോധം നഷ്ടപ്പെട്ട ചില സഭാ വിശ്വാസികളും ആത്മായ പ്രമുഖരുമാണ് ‘കാസ’യ്ക്ക് അടിത്തറയിട്ടത്. അഥവാ, അന്താരാഷ്‌ട്ര തലത്തില്‍ സയണിസ്റ്റ് അനുകൂല ലോബിയിംഗ് സംഘടനയായ ‘കുഫി’ (ക്രിസ്ത്യന്‍സ് യുനൈറ്റഡ് ഫോര്‍ ഇസ്രായേല്‍) എന്ന ഇസ്്ലാമോഫോബിക് കൂട്ടായ്മയുടെ മലയാളം പതിപ്പാണ് ‘കാസ’. ഇസ്്ലാമുമായി ബന്ധപ്പെട്ട സകലതിനോടുമുള്ള സഹജദ്വേഷ(antipathy)മാണ് ക്രൈസ്തവ സയണിസവും സംഘ് പരിവാറും പങ്കുവെക്കുന്ന പൊതു വികാരം. കല്ലറങ്ങാട്ട് – കണ്ണന്‍ ചിറ – പാംബ്ലാനി തിരുമേനീസ് മുതല്‍ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോര്‍ജ് എം. തോമസ് തൊട്ട് ഡി.സി.സി ഇടുക്കി ജില്ലാ സെക്രട്ടറി ബെന്നി പൂവന്താനം വരെയുള്ളവര്‍ ‘കാസ’യുടെ വക്താക്കളാകുന്നതും അപൂർവമല്ല. ഷാജന്‍ സ്കറിയ ഒളിവില്‍ പോയപ്പോള്‍ പിന്തുണയുമായി ആദ്യം ഓടിയെത്തിയ ഓണ്‍ലൈന്‍ മാധ്യമം ഇസ്‌ലാം വിരോധത്താല്‍ ജന്മനാ ആന്ധ്യം ബാധിച്ച വിന്‍സ് മാത്യുവിന്റെ ആധിപത്യത്തിലുള്ള ‘കര്‍മ ന്യൂസ്’ ആയിരുന്നു. സംഘ് പരിവാര്‍ നിയന്ത്രണത്തിലുള്ള ജനം – സുദര്‍ശന്‍ ടി.വികളെക്കാള്‍ വിഷലിപ്തമായി ഇസ്‌ലാം വിരോധം പ്രേഷണം ചെയ്യുന്ന ദൃശ്യ മാധ്യമമാണ് സീറോ മലബാര്‍ സഭയുടെ നിയന്ത്രണത്തിലുള്ള ശെകീന ടി.വി. ‘ഭൂമി ഇടപാട് ഫെയിം’ അങ്കമാലി അതിരൂപത മെത്രാപ്പോലീത്ത കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മുന്നൂറ് കാശിന്റെ റബര്‍ പാലിന് വേണ്ടി ആരുമായും കൂട്ടുകൂടാൻ മടിക്കാത്ത തലശ്ശേരി സീറോ മലബാർ അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി എന്നിവരുടെ രക്ഷാധികാരത്തിലുമാണ് ‘ശെകീന’. ‘പത്തുകാശിന് ആത്മാവിനെ വില്‍ക്കുന്ന’ പുരോഹിതപ്പരിഷകള്‍ക്കെതിരെ സീറോ മലബാര്‍ സഭാ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട്, യാക്കോബായ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തുടങ്ങിയ നല്ലവരായ അജപാലകരും ലക്ഷക്കണക്കിന് വരുന്ന അല്‍മായരും ഉയര്‍ത്തുന്ന ശബ്ദങ്ങള്‍ ഈ കുളം കലക്കൽ ആവാസ് യോജനയില്‍ കലങ്ങിപ്പോവുകയാണ് ചെയ്യുന്നത്. l
Comments