ഇഹ്റാം മനുഷ്യന്റെ മൗലിക സത്തയെയാണ് ആവിഷ്കരിക്കുന്നത്
നമസ്‌കാരത്തിന് തക്ബീറത്തുല്‍ ഇഹ്‌റാം പോലെയാണ് ഹജ്ജിന് ഇഹ്‌റാം. ഹജ്ജിന്റെ ഇഹ്‌റാം കേവല ശരീര ചലനത്തിലോ ദിക്‌റിലോ അല്ല. വസ്ത്രത്തിലാണ് ആവിഷ്‌കരിക്കപ്പെടുന്നത്. എല്ലാ ആരാധനാ കർമങ്ങളും പ്രതീക പ്രധാനമാണ്. ഹജ്ജ് പ്രതീകങ്ങളാല്‍ നിബിഡമാണ്; രൂപക സമൃദ്ധം. ഇഹ്‌റാം നമ്മെക്കുറിച്ച് നമ്മോട് ഒരുപാട് സംസാരിക്കുന്നുണ്ട്. അത് കേള്‍ക്കാനാവാത്ത ഹാജിമാര്‍ ഏറ്റവും ചുരുങ്ങിയത് നിര്‍ഭാഗ്യവാന്മാരാണ്.
ഇഹ്റാമില്‍ എനിക്കു നിത്യപരിചയമുള്ള ഞാനിന്റെ എല്ലാ അടയാളങ്ങളും ഊരിവെക്കപ്പെടുന്നു. എന്നെ പരിചയമുള്ളവരുടെ കൈവശമുള്ള എന്റെ പ്രത്യക്ഷ മേല്‍വിലാസത്തിന്റെ എല്ലാ അടയാളങ്ങളും ഉപേക്ഷിക്കപ്പെടുന്നു. നാട്, കുലം, തൊഴില്‍, പണം, പദവി, അഭിരുചി എന്നിങ്ങനെയെല്ലാമാണ് വസ്ത്രം പ്രകാശിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്. ഓരോ വസ്ത്രപ്രകടനത്തില്‍നിന്നും ഇത്തരം എന്തെല്ലാം ആശയവിനിമയങ്ങളാണ് നാം സ്വീകരിച്ചുകൊണ്ടിരുന്നത്. ഇത്തരത്തില്‍ ഒന്നിനെയും പ്രതിനിധാനം ചെയ്യാത്ത വസ്ത്രത്തിലേക്ക് ഹാജി മാറുകയാണ്.
ഇഹ്‌റാമിന്റെ വസ്ത്രം, നിങ്ങള്‍ വലുതെന്ന് കരുതുന്ന നിങ്ങളിലെ ഭൗതികമായ ഒന്നിനെയും പ്രതിനിധാനം ചെയ്യുന്നില്ല. നിങ്ങളിലെ വെറും മനുഷ്യനെയാണ് അത് പ്രതിനിധാനം ചെയ്യുന്നത്. 'ഇതിനെക്കാള്‍ ലളിതമായെങ്ങനെ കിളികളാവിഷ്‌കരിക്കുന്നു ജീവനെ' എന്ന കവിവാക്യം പോലെ, ഇതിനെക്കാള്‍ ലളിതമായെങ്ങനെ മനുഷ്യനാവിഷ്‌കരിക്കുന്നു മനുഷ്യനെ. മനുഷ്യർ ഇവിടെ അവരുടെ യഥാര്‍ഥ സത്തയിലേക്ക് മടങ്ങുകയാണ്. മനുഷ്യന്റെ പരമമായ യാഥാർഥ്യത്തെ ശരീരത്തിൽ ആവിഷ്‌കരിച്ച് മനസ്സില്‍ ഓര്‍ക്കുകയും ഉറപ്പാക്കുകയുമാണ്.
ഇഹ്‌റാമിലെ പുരുഷന്റെ വസ്ത്രം തുന്നാത്ത വസ്ത്രമാണ്. തുന്നിത്തുടങ്ങുമ്പോഴാണ് നാം കേവലതയില്‍നിന്ന് നാഗരികതയിലേക്ക് പ്രവേശിക്കുന്നത്. അവിടെ പരിഷ്‌കാരത്തിന്റെ പല പതിപ്പുകളുണ്ട്. നിറഭേദങ്ങളുണ്ട്. ഇഹ്‌റാം ഇതിനെല്ലാം മുമ്പുള്ള വസ്ത്രത്തിന്റെ മൂലരൂപമാണ്. ഇതിനെ നിങ്ങള്‍ക്ക് പലതായി തുന്നിയെടുക്കാം. അപ്പോഴാണ് മഹാ വൈവിധ്യങ്ങള്‍ പീലി വിടര്‍ത്തുന്നത്. എന്നാല്‍, ഇത് എല്ലാ മനുഷ്യരെയും ഒരുമിപ്പിക്കുന്ന ഏകമായ ആദിമ സത്തയാണ്.
ഈ കേവലത്വം ഇഹ്‌റാമിന് മാത്രമല്ല, ആ വസ്ത്രം ധരിച്ചവന്‍ ത്വവാഫ് ചെയ്യുന്ന കഅ്ബക്കുമുണ്ട്. കഅ്ബയെക്കുറിച്ച് അലി ശരീഅത്തി എഴുതുന്നു: ''കറുത്ത പരുപരുത്ത കല്ലുകള്‍ ലളിതമായടുക്കിവെച്ച് വെളുത്ത കുമ്മായം തേച്ച കഅ്ബ അകം ശൂന്യമായ ചതുരമാണ്. മറ്റൊന്നുമല്ല. ചകിതമായ ആശ്ചര്യത്തോടെയേ നിങ്ങള്‍ക്കത് നോക്കിക്കാണാനാവൂ. ഇവിടെ മറ്റു യാതൊന്നുമില്ല. ഒന്നും കാണാനില്ല. ഉളളുപൊള്ളയായ സമചതുരം...... വളരെ ലളിതമായ ഒരു കെട്ടിടം. അജ്ജുനില്‍ നിന്നുള്ള കല്ലുകള്‍ മേല്‍ക്കുമേല്‍ വെച്ചിരിക്കുന്നു. അഹങ്കാരമോ നിർമാണ ഭംഗിയോ ഇല്ല. കഅ്ബ എന്നതിന്റെ അർഥം ഘനചതുരം എന്നത്രേ. അതിനെന്താണ് വർണപ്പകിട്ടും അലങ്കാരവും ഇല്ലാത്തത്. കാരണം, അല്ലാഹുവിന് സമമായ രൂപമോ വർണമോ ഇല്ല. സർവശക്തനും സർവവ്യാപിയുമായ അല്ലാഹു കേവലമാണ്.'' കഅ്ബയിലുള്ളത് അല്ലാഹുവിന്റെ കേവലത്വമാണ്; ഇഹ്‌റാമിലുള്ളത് മനുഷ്യന്റെ കേവലത്വവും.
മരണം
ഇഹ്‌റാം വളരെ ശക്തമായി ഓർമപ്പെടുത്തുന്ന മറ്റൊരു യാഥാർഥ്യം മരണമാണ്. ഇഹ്‌റാമിന്റെ വസ്ത്രം മരണയാത്രയുടെ വസ്ത്രമാണ്. സ്വന്തം കഫന്‍ പുടവ ധരിച്ച് നടത്തുന്ന അനുഷ്ഠാനമാണ് ഹജ്ജ്. മരണമാണ് ഏറ്റവും പരമമായ സത്യം. മരണം സമത്വത്തെക്കുറിച്ച് വലിയ പാഠങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. അമിത ഭൗതികതയുടെ നിരർഥകതയെ കുറിച്ച്. കഫന്‍ പുടവക്ക് കീശയില്ലെന്ന ഉർദു കവിവാക്യം സ്മരണീയമാണ്; ഇഹ്‌റാം വസ്ത്രത്തിനും. ഹാജി തിരിച്ചു പോകുന്നത് പഴയ വസ്ത്രത്തിലേക്ക് തന്നെയാണ്. സാധാരണ ഗതിയില്‍ മരണത്തിലേക്കല്ല; ജീവിതത്തിലേക്കു തന്നെയാണ്. ഹജ്ജ് ചെയ്തവന്റെ ശേഷിക്കുന്ന ജീവിതത്തിലെ വസ്ത്രം ഇഹ്‌റാമിലെ വസ്ത്രമാണെന്ന് നിശ്ചയിക്കപ്പെട്ടിട്ടില്ല.
ഹജ്ജ് ഒരു അസാധാരണ അനുഭവമാണ്. നിത്യമായുള്ളതല്ലാത്ത ഒരാരാധനയാണ്. പക്ഷേ, ഇതില്‍ പഠിപ്പിക്കപ്പെട്ട ജീവിതപാഠങ്ങള്‍ ജീവിതത്തെക്കുറിച്ച ഏറ്റവും അടിസ്ഥാനപരമായ പാഠങ്ങളാണ്. മൗലിക സത്യങ്ങളാണ്. ഇതിന്റെ വെളിച്ചത്തില്‍ ഹജ്ജാനന്തരമുള്ള ബാക്കി ജീവിതം നയിക്കാനാണ് ഹാജി പ്രചോദിതനാവേണ്ടത്.
നോമ്പിലും സംഭവിക്കുന്നത് ഇതുതന്നെയാണ്: പകലില്‍ അന്നവും പാനീയവും ലൈംഗികതയും ഉപേക്ഷിച്ചു നോമ്പുകാരാകുന്നു. നോമ്പു കഴിഞ്ഞാല്‍ പകലില്‍ ഈ വ്രതങ്ങള്‍ ആവശ്യമില്ല. നോമ്പിന്റെ വെളിച്ചം പിന്നെയുള്ള പകലുകളിലും ഉണ്ടാവണം. ആ വെളിച്ചം ആത്മനിയന്ത്രണമാണ്. ആ ജീവിതപാഠം വളരെ തീക്ഷ്ണമായി പഠിപ്പിക്കുകയാണ് നോമ്പ് ചെയ്തത്.
ജീവിതത്തിലെ വ്യാവഹാരികമായ വ്യത്യാസങ്ങള്‍ വ്യാവഹാരികം മാത്രമാണെന്നും മൗലികമല്ലെന്നും എല്ലാ മേല്‍വിലാസങ്ങളും അഴിച്ചുവെക്കുന്ന മരണം ജീവിതത്തെ സ്ഫുടീകരിക്കുന്ന ആത്മ ശിക്ഷകനായി കൂടെയുണ്ടാവണമെന്നും ഓർമിപ്പിച്ചു വിടുകയാണ് ഇഹ്‌റാമും ഹജ്ജും ചെയ്യുന്നത്. പണ്ട് അറബികള്‍ ഹജ്ജില്‍ വസ്ത്രം തന്നെ ഉപേക്ഷിച്ചിരുന്നു. ഭൗതിക പരിത്യാഗത്തിന്റെ പരമമായ ആരാധനാ രൂപം അതാണെന്ന് വേണമെങ്കില്‍ ഒരാള്‍ക്ക് വാദിക്കാം. ഇഹ്‌റാമിനെക്കാള്‍ ഉയര്‍ന്ന പരിത്യാഗമാണല്ലോ അത്. പരിത്യാഗത്തിനും പരിധിയുണ്ടെന്ന് നിശ്ചയിക്കുകയായിരുന്നു അല്ലാഹു. ഒരു ആരാധനയുടെ പേരിലും സംസ്‌കാരത്തിന് അവധി നല്‍കാനാവില്ല. നഗ്‌നതയെ ആത്മീയതയുടെ ഉത്തുംഗതയായി മനസ്സിലാക്കുന്ന പല മതസമൂഹങ്ങളുമുണ്ട്. അത്തരം പല ആരാധനാരീതികളും ലോകത്തുണ്ട്. എന്നാല്‍, പരിത്യാഗത്തെയും അല്ലാഹു സംസ്‌കാരത്തിന്റെ കുറ്റിയില്‍ ബന്ധിപ്പിച്ചു നിര്‍ത്തിയിരിക്കുന്നു.
വസ്ത്രം ആത്മീയതക്കെതിരായ കാര്യമല്ല. എല്ലാ നമസ്‌കാര വേളകളിലും അലങ്കാരങ്ങള്‍ അണിയാനാണ് അല്ലാഹു കൽപിക്കുന്നത്. അത് നല്ല വസ്ത്രത്തെ കുറിച്ചാണെന്ന് വ്യാഖ്യാതാക്കള്‍ വിശദീകരിച്ചിട്ടുണ്ട്. വസ്ത്രമോ നല്ല വസ്ത്രമോ ആത്മീയതക്കെതിരല്ലെന്നർഥം. ആത്മീയതയുടെ പാരമ്യതയിലും ഭൗതികതയുടെ പാരമ്യതയിലും സംഭവിക്കുന്നത് വസ്ത്രത്തിന്റെ നിരാകരണമാണ്, നഗ്നതയുടെ ആഘോഷമാണ്. ഇസ്‌ലാം കേവല ആത്മീയതക്കും കേവല ഭൗതികതക്കും ഇടയില്‍ സംസ്‌കാരത്തിന്റെ മധ്യ ബിന്ദുവില്‍ മനുഷ്യനെ ഉറപ്പിച്ചു നിര്‍ത്തുന്നു.
ആത്മാഭിമാനം
അഹന്തയുടെ മസ്തകത്തെയാണ് യാഥാർഥ്യത്തെക്കുറിച്ച ബോധത്തിന്റെ അതിശക്തമായ ഊർജപ്രവാഹത്തില്‍ ഇഹ്‌റാമും ഹജ്ജും സമനിരപ്പാക്കിക്കളയുന്നത്. വ്യക്തിപരമായ അഹന്തയെ മാത്രമല്ല, സാമൂഹികമായ അഹന്തകളെയും ഹജ്ജ് തവിടുപൊടിയാക്കിക്കളയുന്നുണ്ട്. ഹജ്ജ് കഴിഞ്ഞാല്‍ പ്രപിതാക്കളെയും കുല മഹിമയെയും പ്രഘോഷിക്കുന്നത് അവസാനിപ്പിച്ച് അല്ലാഹുവിനെ ഓർമിക്കാനും പ്രഘോഷിക്കാനും പഠിപ്പിക്കുന്നതിന്റെ അർഥമതാണ് (അല്‍ ബഖറ 199 - 200). 'നമ്പൂതിരിയെ മനുഷ്യനാക്കി' എന്നു പറഞ്ഞപോലെ എല്ലാവരെയും മനുഷ്യരാക്കുകയാണ് ഹജ്ജ് ചെയ്യുന്നത്. താന്‍ സാധാരണ മനുഷ്യരെക്കാള്‍ ഉയര്‍ന്നവനാണെന്ന് കരുതുന്നവനെ മനുഷ്യന്റെ പദവിയിലേക്ക് പിടിച്ചുതാഴ്ത്തുക അല്ലെങ്കില്‍ തിരികെ കൊണ്ടുവരിക, മനുഷ്യരെക്കാള്‍ താഴ്ന്നവരാണെന്ന് കരുതപ്പെടുന്നവരെ മനുഷ്യന്റെ പദവിയിലേക്ക് ദൈവപാശംകൊണ്ട് കൈപിടിച്ചുയര്‍ത്തുക.
അതേസമയം വ്യക്തിയുടെ ന്യായമായ ആത്മബോധത്തെ ഇസ്‌ലാം എതിര്‍ക്കുന്നില്ല. എന്നല്ല, ന്യായമായ ആത്മബോധം ഒരു വ്യക്തിക്ക് അനിവാര്യമാണ്. ''നിങ്ങള്‍ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും നരകത്തില്‍ നിന്ന് രക്ഷിക്കുക'' എന്ന് ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. ഒരാള്‍ക്ക് തെറ്റില്‍നിന്ന് മാറിനില്‍ക്കാനും നന്മയില്‍ മുന്നേറാനും കഴിയണമെങ്കില്‍ ന്യായമായ ആത്മബോധം ഉണ്ടായിരിക്കണം. തെറ്റുകളെക്കുറിച്ച് ഖുര്‍ആനിന്റെ ഒരു പ്രയോഗം 'സ്വന്തത്തോട് തന്നെയുള്ള അക്രമം' എന്നാണ്. അഥവാ, തെറ്റ് ചെയ്യരുത് എന്നതിന്റെ മറ്റൊരർഥം സ്വന്തത്തോട് അക്രമം ചെയ്യരുത് എന്നാണ്. അഹന്തയുടെ വിഷം കലര്‍ന്ന ആത്മാഭിമാന ബോധമാണ് വ്യക്തിക്ക് സ്വയം തന്നെ ദുരിതം സൃഷ്ടിക്കുന്നതും സമൂഹത്തില്‍ പലതരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതും.
ആത്മാഭിമാന ബോധത്തെ വിഷമുക്തമാക്കുകയാണ് ഇസ്‌ലാം പൊതുവിലും, ഹജ്ജ് സവിശേഷമായും ചെയ്യുന്നത്. ആത്മ ബോധത്തിലെ വിഷാംശം അഹങ്കാരമാണ്. 'അണുമണിത്തൂക്കം അഹങ്കാരമുള്ളവന്‍ സ്വർഗത്തില്‍ പ്രവേശിക്കുകയില്ല' എന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നുണ്ട്. 'തന്റെ വസ്ത്രങ്ങളും ചെരിപ്പുകളും നല്ലതായിരിക്കണം എന്ന് ഒരാള്‍ ആഗ്രഹിക്കുന്നു. ഇത് അഹങ്കാരമാവുമോ' എന്ന അർഥത്തില്‍ ഒരു പ്രവാചകാനുചരന്‍ ചോദിച്ചു. പ്രവാചകന്‍ വിശദീകരിച്ചു : "അല്ലാഹു സുന്ദരനാണ്. അവന്‍ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു. അഹങ്കാരമെന്നാല്‍ സത്യത്തെ നിഷേധിക്കലും ജനങ്ങളെ തന്നെക്കാള്‍ താഴ്ന്നവരായി കാണലുമാണ്."
സത്യത്തെ അംഗീകരിക്കുന്ന, ജനത്തെ തന്നെക്കാള്‍ താഴ്ന്നവരായി കാണാത്ത ആത്മബോധമാണ് വിഷമുക്തമായ ആത്മബോധം. പ്രവാചകന്‍ പറയുന്നത്, ഇത് സൗന്ദര്യമാണ് എന്നാണ്. സുന്ദരനായ ദൈവം ഇഷ്ടപ്പെടുന്ന സൗന്ദര്യം. ഭൂമിയിലെ എല്ലാ സൗന്ദര്യങ്ങളും ആത്മബോധത്തില്‍നിന്ന് പിറവിയെടുക്കുന്നതാണ്. ജനം തന്നെക്കാള്‍ താഴ്ന്നവരല്ല എന്ന ബോധനാണയത്തിന്റെ തന്നെ മറുവശമാണ് താന്‍ ആരെക്കാളും താഴ്ന്നവനല്ല എന്നതും. ആരോഗ്യകരമായ ആത്മബോധം വളരെ പ്രധാനമാണ്.
മനുഷ്യര്‍ക്ക് അപകര്‍ഷ ബോധം ഉണ്ടാക്കുന്ന എല്ലാ വികല ആശയങ്ങളെയും ഇസ്‌ലാം നിരാകരിക്കുന്നു; മറുവശത്ത് അഹങ്കാരം ഉല്‍പാദിപ്പിക്കുന്ന ആശയങ്ങളെയും. കുലമോ തൊഴിലോ നിറമോ ഒന്നും ഔന്നത്യത്തിന്റെ മാനദണ്ഡമല്ലെന്ന് അടിവരയിട്ട് പഠിപ്പിക്കുന്നു. ഒരു തൊഴിലും ഒരു കുലവും അധമമല്ല. പിന്നെ നമ്മള്‍ എന്തിന്റെ പേരില്‍ അപകര്‍ഷരായി കഴിയണം; അല്ലെങ്കില്‍ ഔദ്ധത്യം നടിക്കണം? എല്ലാതരം മനുഷ്യരെയും യഥാർഥ മനുഷ്യനിലേക്ക് സ്വതന്ത്രരാക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. ഔദ്ധത്യത്തില്‍ നിന്നും അടിമത്തത്തില്‍നിന്നുമുള്ള സ്വാതന്ത്ര്യം. l
Comments