Prabodhanm Weekly

Pages

Search

2023 ജൂൺ 30

3308

1444 ദുൽഹജ്ജ് 11

ഇബ്‌റാഹീം (അ) വിശ്രമരഹിത ജീവിതത്തിന്റെ ഉദാത്ത മാതൃക

പി. മുജീബുർറഹ്്മാന്‍ അമീര്‍, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, കേരള

പ്രിയ സഹോദരങ്ങളേ, വിശുദ്ധ ഹജ്ജ് കര്‍മവും ബലിപെരുന്നാളും ആസന്നമായി. ഹജ്ജ് നിര്‍വഹിക്കുന്നതിന് വേണ്ടി ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ഇസ്‌ലാമിക സമൂഹത്തിന്റെ പ്രതിനിധികള്‍ വിശുദ്ധ മക്കയിലെത്തിച്ചേര്‍ന്നിരിക്കുന്നു. സ്വീകാര്യവും പ്രതിഫലാര്‍ഹവുമായ ഹജ്ജ് നിര്‍വഹിക്കാന്‍ അവര്‍ക്ക് സാധിക്കട്ടെ.

ഹജ്ജിനും പെരുന്നാളിനുമൊപ്പം മനസ്സ് സഞ്ചരിക്കുന്നത് ചരിത്രത്തിലെ മഹാ പ്രതിഭാസമായ ഒരു വ്യക്തിയിലേക്കാണ്, അദ്ദേഹത്തിന്റെ കുടുംബത്തിലേക്കാണ്, സന്താനപരമ്പരകളിലേക്കാണ്. ഇബ്റാഹീ(അ)മിന്റെ സഞ്ചാരപഥങ്ങള്‍, സത്യമാര്‍ഗത്തില്‍ നിലകൊള്ളുകയും ജീവിക്കുകയും ചെയ്തപ്പോള്‍ നേരിട്ട കടുത്ത പരീക്ഷണങ്ങള്‍,  സ്വേഛാധിപത്യ ഭരണകൂടവുമായി നേര്‍ക്കുനേര്‍ വന്നത്, അദ്ദേഹത്തിനും സന്തതികള്‍ക്കും അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍, അവരില്‍ നിന്ന് അല്ലാഹു വാങ്ങിയ കരാര്‍,  ജീവിതത്തെ സ്ഫുടം ചെയ്തു കടഞ്ഞെടുക്കുന്നതിന് അല്ലാഹുവില്‍നിന്നുള്ള പരീക്ഷണങ്ങള്‍, സത്യ പ്രബോധനത്തിനു വേണ്ടി നടത്തിയ അലച്ചില്‍, മനുഷ്യരാശിക്ക് വേണ്ടി അദ്ദേഹവും മകന്‍ ഇസ്മാഈലും കൂടി കഅ്ബ പുനര്‍നിര്‍മിച്ചത്, ഹജ്ജിന്റെ മാനവികതയെ അഭിസംബോധന ചെയ്തും ഹജ്ജിലേക്ക് മനുഷ്യരാശിയെ ക്ഷണിച്ചും അദ്ദേഹം നടത്തിയ വിളംബരം തുടങ്ങിയ സംഭവങ്ങളെ എത്ര ചേതോഹരമായാണ് വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നത്!

ചരിത്ര സംഭവങ്ങളുടെ വിഹായസ്സില്‍ വെട്ടിത്തിളങ്ങുന്ന, കെട്ടുപോകാത്ത ഈ താരഗണങ്ങളെ ചൂണ്ടി ഖുര്‍ആന്‍ നമ്മോട് പറയുന്ന ഒരു വാക്യമുണ്ട്:  ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യേണ്ടവണ്ണം സമരം ചെയ്യുവിന്‍. അവന്‍ തന്റെ ദൗത്യത്തിനു വേണ്ടി നിങ്ങളെ തെരഞ്ഞെടുത്തിരിക്കുകയാകുന്നു. ദീനില്‍ നിങ്ങളുടെ മേല്‍ ഒരു പ്രയാസവുമുണ്ടാക്കിവെച്ചിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്റാഹീമിന്റെ മാതൃകയില്‍ നിലകൊള്ളുന്നവരാകുവിന്‍. അല്ലാഹു പണ്ടേതന്നെ നിങ്ങള്‍ക്ക് 'മുസ്്ലിംകള്‍' എന്ന് നാമകരണം ചെയ്തിട്ടുണ്ടായിരുന്നു; ഇതിലും. ദൈവദൂതന്‍ നിങ്ങള്‍ക്ക് സാക്ഷിയാകേണ്ടതിന്; നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളാകേണ്ടതിനും...''

ഇതാണ് നമ്മുടെയും വഴി. ഇബ്‌റാഹീമിന്റെ വഴി. ആ ജീവിതത്തിലേക്ക് ഒരിക്കല്‍ കൂടി നിങ്ങളൊന്ന് നോക്കൂ. വിയര്‍പ്പുണങ്ങിയ നിമിഷങ്ങളിതിലുണ്ടോ? വിശ്രമിക്കാന്‍ ഇടവേള കിട്ടിയോ? ട്രാന്‍സ് ജോര്‍ദാനില്‍, ഈജിപ്തില്‍, മക്കയില്‍, സിറിയയില്‍, ഫലസ്ത്വീനില്‍ ആദര്‍ശ പ്രബോധനവുമായി അദ്ദേഹം അലഞ്ഞു. അതിനിടക്ക് വിജന ദേശത്ത് കുഞ്ഞിനെയും ഉമ്മയെയും തനിച്ചാക്കിയുള്ള തിരിഞ്ഞു നടത്തം, മകന്റെ അതിജീവനത്തിനായി മലകള്‍ക്കിടയിലെ ഹാജറിന്റെ പിടച്ചില്‍, മകനെ ബലിയറുക്കാനുള്ള കല്‍പനയും പുറപ്പാടും - ഓരോന്നോരോന്ന് ആലോചിച്ചാല്‍ രക്തം ഉറച്ചുപോകും. ഇതൊക്കെ മുന്നില്‍ വെച്ച് ഇബ്‌റാഹീമിനെ കുറിച്ച് അല്ലാഹുവിന്റെ പ്രസ്താവനയുണ്ട്: ''അദ്ദേഹത്തിന് നാം ദുന്‍യാവില്‍ നന്മ നല്‍കി...''. ദുന്‍യാവിലെ നന്മയെ സംബന്ധിച്ച നമ്മുടെ ഭാവനകളെ ആ ഒരൊറ്റ പ്രയോഗം കീഴ്‌മേല്‍ മറിക്കുന്നു. നിമിഷാര്‍ധമെങ്കിലും സ്തംഭിച്ചുനില്‍ക്കാതെ ആ വാക്യത്തെ കടന്നുപോകാന്‍ നമുക്കാവില്ല.

ഞാനിതാ എന്റെ രക്ഷിതാവിലേക്കായി പുറപ്പെടുന്നു, അവനെന്നെ വഴിനടത്തും എന്നും പറഞ്ഞുള്ള ആ ഇറങ്ങി നടത്തമുണ്ടല്ലോ - ദുൻയാവിലെ സകലതിനോടുമുള്ള വിട ചൊല്ലലായിരുന്നു അത്. തുടര്‍ന്ന് മക്കയിലെത്തി നടത്തുന്ന പ്രാര്‍ഥനയോ, മനുഷ്യസമൂഹത്തിന് മുഴുവന്‍ നിര്‍ഭയവും സമാധാനപൂര്‍ണവുമായ ദുന്‍യാവ് പുലര്‍ന്നു കാണാനും. മറ്റുള്ളവര്‍ക്കായി സ്വന്തം ജീവിതം ത്യജിച്ച കര്‍മയോഗി. ഖുര്‍ആന്‍ നമുക്ക് നേരെ തിരിഞ്ഞ് വീണ്ടും പറയുന്നു: ''ഇബ്‌റാഹീമിലും അദ്ദേഹത്തില്‍ വിശ്വസിച്ചവരിലും നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട്...''

ആ ജീവിതത്തെ സമ്പൂര്‍ണമായി അനുസ്മരിച്ച്, മാതൃകയുള്‍ക്കൊണ്ട് കര്‍മമണ്ഡലത്തില്‍ പൂര്‍വാധികം ഊര്‍ജസ്വലതയോടെ അശ്രാന്തമായി വ്യാപരിക്കാനുള്ള പ്രചോദനമാണ് ഹജ്ജും പെരുന്നാളും. ജന നന്മക്കും തിന്മയുടെ നിരാകരണത്തിനുമായി ഇറങ്ങിപ്പുറപ്പെട്ട സമുദായത്തോട് അറഫയില്‍ സംഗമിക്കെ മുഹമ്മദ് നബി അക്കാര്യം പറഞ്ഞിട്ടുണ്ട്: ''നിങ്ങളില്‍ ഹാജറുള്ളവര്‍ ഹാജറില്ലാത്തവര്‍ക്ക് എത്തിച്ചുകൊടുക്കുക''.

പ്രിയമുള്ളവരേ, ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സംസ്ഥാന അധ്യക്ഷനായി ഉത്തരവാദിത്വമേറ്റെടുത്തിന് ശേഷം ഇതാദ്യമായാണ് നിങ്ങളെ അഭിമുഖീകരിക്കുന്നത്. പ്രാര്‍ഥനയ്ക്ക് ഏറെ ഉത്തരം ലഭിക്കുന്ന സാഹചര്യവും സ്ഥലവുമാണ് ഹജ്ജിനും പെരുന്നാളിനുമുള്ളത്. നിങ്ങളുടെ പ്രാര്‍ഥനയില്‍ പ്രസ്ഥാന നേതൃത്വമുണ്ടാവണം. പ്രവര്‍ത്തകരുമുണ്ടാവണം, നാടും നാട്ടുകാരുമുണ്ടാവണം; തിരിച്ചും.

പെരുന്നാള്‍ സന്തോഷങ്ങള്‍ നേരുന്നു, 
അല്ലാഹു അക്ബര്‍, വലില്ലാഹില്‍ ഹംദ്‌.  l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 16-17
ടി.കെ ഉബൈദ്‌

ഹദീസ്‌

മസ്ജിദുൽ ഹറാമിന്റെ മഹത്വം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌