Prabodhanm Weekly

Pages

Search

2023 ജൂൺ 30

3308

1444 ദുൽഹജ്ജ് 11

കാലത്തിന്റെ വേഗത ഇസ് ലാമിക പ്രസ്ഥാനങ്ങൾക്കും അനിവാര്യമാണ്

സയ്യിദ്‌ സആദത്തുല്ലാ ഹുസൈനി / എ. റഹ്്മത്തുന്നിസ

(ജമാഅത്തെ ഇസ് ലാമി അഖിലേന്ത്യാ അധ്യക്ഷനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സയ്യിദ് സആദത്തുല്ലാ ഹുസൈനിയുമായി ജമാഅത്തെ ഇസ് ലാമി അഖിലേന്ത്യാ സെക്രട്ടറിയും കേന്ദ്ര കൂടിയാലോചനാ സമിതി അംഗവുമായ എ. റഹ്്മത്തുന്നിസ നടത്തുന്ന ദീർഘ സംഭാഷണം)


ജമാഅത്തെ ഇസ്്ലാമിയുടെ അഖിലേന്ത്യാ അധ്യക്ഷനായി താങ്കൾ ഒരിക്കൽ കൂടി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണല്ലോ. ഏൽപിക്കപ്പെട്ട ഉത്തരവാദിത്വം എല്ലാ പൂർണതയോടും കൂടി നിർവഹിക്കാൻ അല്ലാഹു താങ്കൾക്ക് കരുത്തേകട്ടെ.
പുതിയ പ്രവർത്തന കാലയളവിലേക്ക് പ്രവേശിക്കുന്ന ഈ സന്ദർഭത്തിൽ അടുത്ത നാല് വർഷത്തേക്കുള്ള നയപരിപാടികളെക്കുറിച്ചും പ്രസ്ഥാനം ഊന്നൽ നൽകാൻ പോകുന്ന മേഖലകളെ കുറിച്ചുമൊക്കെ അറിയേണ്ടതുണ്ട്. അതിനു മുമ്പായി, ജമാഅത്തെ ഇസ് ലാമി ഹിന്ദിന്റെ അഖിലേന്ത്യാ അമീർ എന്ന നിലയിൽ താങ്കളെ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവരാണ് നമ്മുടെ പ്രവർത്തകരും പൊതു സമൂഹവും.
നേതൃത്വത്തെ കൂടുതൽ അറിയുക എന്നത് ഈ പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന പോളിസിയെക്കുറിച്ചും പ്രവർത്തന പരിപാടികളെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ പ്രയോജനപ്പെടും. അതിനാൽ,  ഈ സംഭാഷണം താങ്കളുടെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് നമുക്ക് തുടങ്ങാം.

 

# ആദ്യമായി താങ്കളുടെ മാതാപിതാക്കളെ കുറിച്ചും ബാല്യകാലത്തെക്കുറിച്ചും ഒന്നു വിവരിക്കാമോ?

* 1973 ജൂൺ 7-ന് തെലങ്കാനയിലെ മക്തലിലാണ് ഞാൻ ജനിക്കുന്നത്. എന്റെ പിതാവിന്റെയും പൂർവികരുടെയും നാട്  കർണാടകയിലാണ്. കർണാടകയെയും തെലങ്കാനയെയും വേർതിരിക്കുന്ന കൃഷ്ണ നദിയുടെ തീരത്ത്.  മാതാവിന്റെ പൂർവികരാകട്ടെ നദിയുടെ മറുകരയിലുള്ള തെലങ്കാനയിലാണ് വസിച്ചിരുന്നത്.

14- 15 നൂറ്റാണ്ടുകളിൽ  ജീവിച്ച ഹനഫീ മദ്റൂദി പണ്ഡിതനും സൂഫീവര്യനും ദക്ഷിണേന്ത്യയിലെ പ്രമുഖ മത പ്രബോധകനുമായ ഗുൽബർഗയിലെ ഖാജാ ബന്ദേ നവാസ് ( മുഹമ്മദ് ബിൻ യൂസുഫ് അൽ ഹുസൈനി - ഹി. 1321- 1422) എന്റെ പിതാവിന്റെ പൂർവികരിൽ പെട്ട ആളാണ്. ഉർദു ഭാഷയുടെ സ്ഥാപകരിലൊരാളായി അദ്ദേഹം അറിയപ്പെടുന്നുണ്ട്. ഉർദുവിൽ ആദ്യമായി പ്രസാധനം ചെയ്യപ്പെട്ട പുസ്തകം അദ്ദേഹത്തിന്റെതായിരുന്നു.

എന്റെ പിതാവ് ഒരു സിവിൽ എഞ്ചിനീയറായിരുന്നു. പിതാവിന്റെ ജോലിയുടെ ഭാഗമായി ഞങ്ങളും ഒരുപാട് സ്ഥലങ്ങളിലായാണ് വളർന്നത്.  മഹാരാഷ്ട്രയിലായിരുന്നു എന്റെ സ്കൂൾ വിദ്യാഭ്യാസം. എന്റെ പിതാവ് വളരെ  നല്ലൊരു അധ്യാപകൻ കൂടിയായിരുന്നു ഞങ്ങൾക്ക്. ഏതെങ്കിലുമൊരു സംഘടനയുടെ ഭാഗമായിരുന്നില്ലെങ്കിലും ചുറ്റുമുള്ളവർക്ക് ഇസ് ലാമിക വിജ്ഞാനം പകർന്നുകൊടുക്കുന്നതിലും 'ദഅ്വാ' പ്രവർത്തനങ്ങൾ നടത്തുന്നതിലും അദ്ദേഹം എല്ലായ്്പ്പോഴും മുൻപന്തിയിലായിരുന്നു.  പ്രഭാത നമസ്കാരത്തിന് ശേഷം മറ്റുള്ളവർക്കായി  ഉദ്ബോധന പ്രഭാഷണങ്ങൾ നിർവഹിക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. എന്റെ മാതാവും വൈജ്ഞാനിക കാര്യങ്ങളിൽ പിന്നിലായിരുന്നില്ല.

#  താങ്കളുടെ കുടുംബം ?

* 2004-ലാണ് ഞാൻ വിവാഹിതനാകുന്നത്. ഭാര്യ ഡോ. നാസ്നിൻ സാദത്ത്. വിവാഹം കഴിഞ്ഞ ഉടനെയാണ് എൻവയൺമെന്റൽ സയൻസിൽ  അവർ പി.എച്ച്.ഡി പൂർത്തീകരിക്കുന്നത്. അതിനുശേഷം എഞ്ചിനീയറിംഗ് കോളേജ് അസിസ്റ്റൻറ് പ്രഫസറായി.  രണ്ട് മക്കളാണ്. രണ്ടുപേരും ആൺകുട്ടികൾ. മുതിർന്നയാൾ 12-ാം ക്ലാസ് പൂർത്തിയാക്കി. BBA-യിൽ പഠനം തുടരണമെന്നാണ് അവൻ ആഗ്രഹിക്കുന്നത്. രണ്ടാമത്തെയാൾ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു.

#  ഇസ് ലാമിക സംസ്കാരത്തിന്റെയും പണ്ഡിത പൈതൃകത്തിന്റെയും സമൃദ്ധ പാരമ്പര്യമുള്ള കുടുംബ സാഹചര്യമാണ് അപ്പോൾ താങ്കൾക്കുണ്ടായിരുന്നത്. തീർച്ചയായും അത് താങ്കളുടെ വ്യക്തിത്വത്തെ സ്വാധീനിച്ചിട്ടുണ്ടാകും. താങ്കളുടെ സ്കൂൾ വിദ്യാഭ്യാസത്തെക്കുറിച്ച് കൂടുതൽ പറയാമോ?

* എന്റെ ആദ്യകാല സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് മഹാരാഷ്ട്രയിൽ യവാത്മൽ ജില്ലയിലെ ഇശാപൂർ എന്ന ചെറിയ ഗ്രാമത്തിൽ. അതൊരു ഉർദു മീഡിയം സ്കൂളായിരുന്നു.  സ്കൂളിനടുത്ത് തന്നെയായിരുന്നു പിതാവിന്റെ എഞ്ചിനീയേഴ്സ് ക്വാട്ടേഴ്സ് ക്യാമ്പ്. എന്റെ എൽ.പി, യു.പി വിദ്യാഭ്യാസം അവിടെയായിരുന്നു. പക്ഷേ, ഹൈസ്കൂൾ തലങ്ങളിൽ മറാത്തി മീഡിയം സ്കൂളുകൾ മാത്രമായിരുന്നു അടുത്ത പ്രദേശങ്ങളിൽ ഉണ്ടായിരുന്നത്. അതുകൊണ്ട്  30 കി.മീ. അപ്പുറത്തുള്ള കലംനൂരിലെ സ്കൂളിലായിരുന്നു എന്റെ തുടർ വിദ്യാഭ്യാസം. ദിവസവും ബസ്സിലായിരുന്നു സ്കൂളിലേക്കുള്ള യാത്ര.

അതിനു ശേഷമാണ് എന്റെ പിതാവിന് നന്ദേഡിലേക്ക് സ്ഥലം മാറ്റം ലഭിക്കുന്നത്. മഹാരാഷ്ട്രയിലെ താരതമ്യേന വലിയ ഒരു നഗരമാണ് അത്. അവിടെയാണ് ഞാനെന്റെ 11, 12 ക്ലാസ്സുകളും എഞ്ചിനീയറിംഗ് ബിരുദവും പൂർത്തീകരിച്ചത്. നന്ദേഡിൽ നിന്നാണ് ഞാൻ ജമാഅത്തുമായി ബന്ധപ്പെടുന്നത്. അവർ കുട്ടികൾക്കായി പ്രബന്ധ മത്സരങ്ങൾ നടത്തുമായിരുന്നു. അതിൽ ഞാൻ പങ്കെടുക്കാറുണ്ട്. അതാണ് ജമാഅത്തുമായുള്ള എന്റെ ആദ്യ അനുഭവങ്ങൾ. അതിനു മുമ്പും ഞങ്ങളുടെ വീട്ടിൽ ജമാഅത്തിന്റെ സാഹിത്യങ്ങൾ ഉണ്ടായിരുന്നു.

#  എഞ്ചിനീയറിംഗ് എന്നത് ഇപ്പോൾ താങ്കൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമായ ഒരു മേഖലയാണല്ലോ.   എപ്പോഴാണ് താങ്കൾ ഇസ് ലാമിക പ്രവർത്തനങ്ങളിലേക്കും എഴുത്തിലേക്കും വായനയിലേക്കുമൊക്കെ എത്തിച്ചേരുന്നത്? ആ യാത്ര ഒന്നു വിവരിക്കാമോ?

* ഞാൻ എസ്.ഐ.ഒവിന്റെ ഭാഗമാകുന്നതോടെയാണ് അതിന് തുടക്കം കുറിക്കുന്നത്.  11-ാം ക്ലാസ്സിലായിരിക്കെ എസ്.ഐ.ഒവിൽ ചേർന്നു.  പെട്ടെന്ന് തന്നെ എന്നിൽ സോണൽ കമ്മിറ്റി ഉത്തരവാദിത്വങ്ങൾ ഏൽപിക്കപ്പെട്ടു. എനിക്കപ്പോൾ 17 വയസ്സായിരുന്നു. എഞ്ചിനീയറിംഗ് പഠനത്തിന്റെ ഒന്നാം വർഷം. അത് പൂർത്തിയാകുന്നതോടെ ഞാൻ എസ്.ഐ.ഒ സോണൽ പ്രസിഡന്റും കേന്ദ്ര ശൂറാ അംഗവുമായി  തെരഞ്ഞെടുക്കപ്പെട്ടു. ആ മീഖാത്ത്  കഴിയുന്നതോടെ  എസ്.ഐ.ഒ അഖിലേന്ത്യാ പ്രസിഡന്റ് എന്ന ഉത്തരവാദിത്വവും എന്നിൽ ഏൽപിക്കപ്പെട്ടു. എസ്.ഐ.ഒ പ്രായപരിധി കഴിഞ്ഞ് ആ പ്രവർത്തനങ്ങളിൽനിന്ന് ഒഴിഞ്ഞ ശേഷമാണ് ഞാനെന്റെ എഞ്ചിനീയറിംഗ്  കരിയർ തുടങ്ങുന്നത്. ഹൈദറാബാദിൽ ഒരു  കമ്പനി സ്ഥാപിച്ച്  2015 വരെ ആ മേഖലയിൽ തുടർന്നു.

# 2015-ലാണല്ലോ താങ്കൾ ജമാഅത്തെ ഇസ് ലാമി ഹിന്ദിന്റെ ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. തുടർന്ന് 2019-ലും ഇപ്പോൾ 2023-ലും ജമാഅത്തിന്റെ അമീറായി (ദേശീയ പ്രസിഡന്റ് ) താങ്കൾ ചുമതലയേൽപിക്കപ്പെട്ടു.... താങ്കളുടെ ഔപചാരിക വിദ്യാഭ്യാസം  ഇസ് ലാമിക പാഠശാലകളിൽനിന്നായിരുന്നില്ല എന്നത് താങ്കളുടെ മുൻ വിവരണങ്ങളിൽനിന്ന് വ്യക്തമാണ്. എന്നിട്ടും എങ്ങനെയാണ് താങ്കളുടെ പ്രഭാഷണങ്ങളും എഴുത്തുമൊക്കെ ആഴത്തിലുള്ള ഇസ് ലാമിക വിജ്ഞാനീയങ്ങളാലും ചിന്തകളാലും സമൃദ്ധമാകുന്നത്?

* എന്റെ പിതാവ് ഞങ്ങളുടെ ഇസ് ലാമിക വിജ്ഞാനത്തിന്റെ കാര്യത്തിൽ ചെറുപ്പത്തിൽ തന്നെ വളരെയധികം ശ്രദ്ധ ചെലുത്തിയിരുന്നു.  അതിനായി അദ്ദേഹം മൂന്ന് കാര്യങ്ങൾ പ്രധാനമായും ചെയ്തു പോന്നു: 

ഒന്ന്,  അടിസ്ഥാന ദീനീ കാര്യങ്ങൾ പഠിപ്പിക്കുന്നതിൽ അദ്ദേഹം തന്നെയായിരുന്നു ഞങ്ങളുടെ ഗുരു.

രണ്ട്, ഒരു ഇസ് ലാമിക പണ്ഡിതനെക്കൂടി ഞങ്ങൾക്കായി നിയമിച്ചിരുന്നു. അദ്ദേഹം ദിനേന വീട്ടിൽ വരും.  ഖുർആനിന്റെ പരിഭാഷ മുഴുവനായും ഞങ്ങൾ അദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ് പൂർത്തിയാക്കിയത്.  എന്റെ ഏഴാം ക്ലാസ്സിനു മുമ്പ് തന്നെ ഞാനത് പൂർത്തീകരിച്ചിരുന്നു.

മൂന്ന്, ഞങ്ങൾക്ക് വേണ്ടി പുസ്തകങ്ങളും വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളുമൊക്കെ പിതാവ് വീട്ടിൽ വരുത്തിയിരുന്നു. അത് ചെറുപ്പത്തിലേ വായനാ ശീലം ഉണ്ടാക്കുന്നതിന് എന്നെ സഹായിച്ചിട്ടുണ്ട്.

എസ്.ഐ.ഒവിൽ വന്നതിനു ശേഷം, അറബി ഭാഷ ഔപചാരികമായി പഠിക്കാൻ ഞാൻ ശ്രമം നടത്തിയിരുന്നു. അത്  അറബിയിലുള്ള ഒരുപാട് ഇസ് ലാമിക് ക്ലാസിക്കൽ  സാഹിത്യങ്ങളും ഹദീസ് ഗ്രന്ഥങ്ങളും വായിക്കുന്നതിന് എന്നെ സഹായിച്ചിട്ടുണ്ട്.  ആ ഘട്ടത്തിൽ ഇമാം ഗസാലി, ഷാ വലിയ്യുല്ലാ, ഇബ്്നു ഖൽദൂൻ തുടങ്ങിയവരെ വായിക്കാനും സമയം കണ്ടെത്തിയിരുന്നു.

# അതായത്, താങ്കൾ ഏതെങ്കിലും ഔപചാരിക വിദ്യാഭ്യാസ രീതി ഇതിനായി സ്വീകരിച്ചിട്ടില്ല?

* ഇല്ല. വായനയിലൂടെയായിരുന്നു ഞാൻ ഈ അറിവുകൾ നേടിയിരുന്നത്.

# താങ്കളുടെ ലേഖനങ്ങളും പ്രഭാഷണങ്ങളും ശ്രദ്ധിച്ചാൽ താങ്കളൊരു പരന്ന വായനക്കാരനാണ് എന്ന് വ്യക്തമാവും. അതായത്,  ഇസ് ലാമിക സാഹിത്യങ്ങൾ മാത്രമല്ല, മറ്റു   വിജ്ഞാന ശാഖകളിലെയും എഴുത്തുകൾ താങ്കൾ വായിക്കാറുണ്ട്. താങ്കളുടെ വായനയെക്കുറിച്ചൊന്ന് വിശദീകരിക്കാമോ? 

* പുതിയ കാര്യങ്ങളെക്കുറിച്ച് ഒരു ധാരണയുണ്ടാക്കുന്നത് എന്റെ ഒരു 'പാഷൻ' കൂടിയായിരുന്നു. എഞ്ചിനീയറിംഗ് പഠനകാലത്ത് തന്നെ സോഷ്യൽ സയൻസ്, സൈക്കോളജി, ഇക്കണോമിക്സ് പോലുള്ള വിഷയങ്ങളിൽ ഒരു ധാരണയുണ്ടാക്കുന്നതിന് ബോധപൂർവമായ ശ്രമങ്ങൾ നടത്തുമായിരുന്നു. സാമ്പത്തിക ശാസ്ത്രം ഞാൻ കുറച്ചുകൂടി വിശാലമായി പഠിക്കുകയുണ്ടായി. ഞാൻ വളരെ വിരളമായേ എഞ്ചിനീയറിംഗ് പുസ്തകങ്ങൾ എടുക്കുന്നുള്ളൂ എന്ന് കോളേജ് ലൈബ്രേറിയൻ എന്നോട് ഒരിക്കൽ പറഞ്ഞിരുന്നു.

പഠന കാലത്തിന് ശേഷവും ആ വായന തുടർന്നു. പുതിയ ടെക്നോളജികൾ പരിചയപ്പെടുന്നതിലും ഞാൻ ശ്രദ്ധ ചെലുത്തി. എസ്.ഐ.ഒവിലും ജമാഅത്തിലുമൊക്കെ പ്രവർത്തിക്കുന്നത്  അങ്ങനെ ചെയ്യാൻ എനിക്ക് പ്രേരണയുമായിരുന്നു.  ഇസ് ലാമിക പ്രസ്ഥാനങ്ങളുടെ പ്രവർത്തനം വെല്ലുവിളികൾ നിറഞ്ഞതാണ്. നിലവിലെ സാഹചര്യങ്ങളെ ആഴത്തിൽ  മനസ്സിലാക്കാനും പഠിക്കാനും പ്രതിവിധികൾ ആലോചിക്കാനും പരിഹാരം നിർദേശിക്കാനും  ഇത്തരത്തിലുള്ള വായന ഒരു നിർബന്ധ ബാധ്യതയായി തന്നെ നിർവഹിക്കണം എന്ന് തോന്നിയിട്ടുണ്ട്.  എപ്പോഴും പ്രാഥമിക ഉറവിടങ്ങളിൽനിന്ന് തന്നെയാവണം വിവരങ്ങൾ എടുക്കുന്നത്.

# താങ്കളുടെ എഴുത്തിലേക്ക് വരുമ്പോൾ വിഷയങ്ങളുടെ തെരഞ്ഞെടുപ്പ്, ക്രമീകരണം, മറ്റുള്ളവരിൽനിന്നുള്ള  അഭിപ്രായ ശേഖരണം  തുടങ്ങിയ കാര്യങ്ങൾ എങ്ങനെയാണ് ? അതൊന്ന് വിശദീകരിക്കാമോ?

* സാഹചര്യത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചാണ് എഴുതാൻ ശ്രമിക്കാറുള്ളത്. ആശയ വിനിമയം ചെയ്യപ്പെടണം, അല്ലെങ്കിൽ ചർച്ചയിൽ വരണം എന്നു തോന്നുന്ന വ്യവഹാരങ്ങളെ (Discourses) ആണ് എഴുത്തിൽ കൊണ്ടുവരാൻ ശ്രമിക്കാറ്. എസ്.ഐ.ഒ കാലഘട്ടത്തിൽ തന്നെ പല ആശയങ്ങളും അത്തരത്തിൽ പൊതു ചിന്താധാരയിൽ വരണം എന്നു തോന്നിയവയാണ് എഴുതിയിട്ടുണ്ടായിരുന്നത്.

അഭിപ്രായ ശേഖരണവും  നടത്താറുണ്ട്. ചിന്തകൾ ക്രോഡീകരിച്ച് രേഖപ്പെടുത്തിയ ശേഷം  അഭിപ്രായങ്ങൾ ആരായും. അമീനുൽ ഹസൻ സാഹിബ്, റഫ്അത്ത് സാഹിബ് , ഷബീർ ആലം സാഹിബ് തുടങ്ങിയവരൊക്കെ നിരന്തരമായി എന്റെ എഴുത്തിനെ അത്തരത്തിൽ സഹായിക്കുന്നുണ്ടായിരുന്നു.

# അമീറെ ജമാഅത്ത്  സ്ഥാനം താങ്കളുടെ എഴുത്തുകളെ ബാധിക്കാറുണ്ടോ?

*  അമീറെ ജമാഅത്ത് എന്ന ഐഡന്റിറ്റി ഉണ്ടായിരിക്കെ തീർച്ചയായും കൂടുതൽ സൂക്ഷ്മത പുലർത്താൻ അതെന്നെ പ്രേരിപ്പിക്കാറുണ്ട്. കാരണം, ഒരു പക്ഷേ അത് ജമാഅത്തിന്റെ ഔദ്യോഗിക പ്രസ്താവനയായോ മറ്റോ ആളുകൾ എടുത്തേക്കാം. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഞാൻ കൂടുതൽ സൂക്ഷ്മത പുലർത്തേണ്ടതുണ്ട്.

#  ഒരുപാട് ആളുകൾ താങ്കളെ ഒരു ചിന്തകൻ മാത്രമായി കാണാറുണ്ട്. പക്ഷേ, മർക്കസിൽ ഞങ്ങൾക്ക് താങ്കളുടെ പാണ്ഡിത്യം, ചിന്ത, പ്രായോഗിക തന്ത്രജ്ഞത എന്നിവ ഒരുമിച്ച് അനുഭവിക്കാനുള്ള അവസരങ്ങൾ ഉണ്ടായിട്ടുണ്ട് ( താങ്കൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും മറ്റുള്ളവർക്ക്  മാതൃകയായി നിലകൊള്ളുന്നതും മറ്റും). ഒരു ചിന്തകനും പണ്ഡിതനും തമ്മിലുള്ള വ്യത്യാസം എന്താണ് താങ്കളുടെ കാഴ്ചയിൽ ?  അല്ലെങ്കിൽ അങ്ങനെയൊരു വ്യത്യാസമുണ്ടോ?

* ഒരുപാട് ആളുകൾ രണ്ടും രണ്ടാണ് അല്ലെങ്കിൽ കോൺട്രാഡിക്ടറി ആണ് എന്ന് പറയാറുണ്ട്.  പക്ഷേ, ഒരു ഐഡിയോളജിക്കൽ മൂവ്മെന്റിൽ നിൽക്കുമ്പോൾ രണ്ടും കൂടിയ ഒരു പ്രവർത്തന ശൈലിയാണ് ആവശ്യമായിട്ടുള്ളത്. നമ്മളുടേത് ഒരു അക്കാദമിക് മൂവ്മെന്റ് അല്ല; ഒരു പ്രാക്ടിക്കൽ മൂവ്‌മെന്റ് ആണ്. അതുകൊണ്ടുതന്നെ നമ്മൾ മുന്നോട്ടുവെക്കുന്ന ആശയങ്ങളും നിർദേശങ്ങളുമൊക്കെ സമൂഹത്തിൽ ഇംപ്ലിമെന്റ് ചെയ്യാനുള്ളതാണ്.  സമൂഹത്തിനത് യാഥാർഥ്യവൽക്കരിക്കാൻ കൂടി കഴിയണം.  അങ്ങനെയുള്ളത് ഒരു പ്രാക്ടിക്കൽ വിസ്ഡവും പ്രാക്ടിക്കൽ എക്സ്പീരിയൻസും കൂടിയാണ്. നമ്മുടെ പ്രസ്ഥാനത്തിൽ അങ്ങനെയൊന്ന് എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.

പ്രത്യേകിച്ച് എസ്.ഐ.ഒവിൽ അത് വളരെയധികം ഉള്ളതായി തോന്നിയിട്ടുണ്ട്. യുവത്വ പ്രായത്തിൽ തന്നെ അത്തരത്തിൽ ഒരു പ്രാക്ടിക്കൽ എക്സ്പോഷർ പ്രവർത്തകർക്ക് അവിടെ ലഭിക്കുന്നുണ്ട് . അതുകൊണ്ടുതന്നെ എസ്.ഐ.ഒവിലൂടെ കടന്നുവന്ന ഒരാളെന്ന നിലയിൽ ആ അനുഭവങ്ങൾ എന്നെ സഹായിച്ചിട്ടുണ്ട്. ഒരുപാട് ഇന്റലെക്ച്വൽ എക്സ്പോഷറും അവിടെ ലഭിക്കുന്നുണ്ട്. ആ സമയത്ത്, അതായത് എന്റെ 17, 18 വയസ്സുകളിൽ തന്നെ മൗലാനാ ഉമരി സാഹിബ്, ഫരീദി സാഹിബ്, നജാത്തുല്ലാ സിദ്ദീഖി സാഹിബ്, അൻസാരി സാഹിബ്, ടി.കെ അബ്ദുല്ല സാഹിബ് തുടങ്ങിയ പ്രമുഖ നേതാക്കളുമായി അടുത്തിടപഴകാനും ഒരുപാടു നേരം ആശയ സംവാദങ്ങളിൽ ഏർപ്പെടാനുമുള്ള അവസരങ്ങൾ എസ്.ഐ.ഒ വിലൂടെ ലഭിച്ചിട്ടുണ്ട്.  അതൊക്കെയും തുടർന്നുള്ള പ്രവർത്തനങ്ങളിൽ എനിക്ക് വലിയ മുതൽക്കൂട്ടായാണ് വർത്തിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ എനിക്ക് തോന്നുന്നു, എസ്.ഐ.ഒ വളരെ നല്ലൊരു പ്ലാറ്റ്ഫോമാണ്. അത് അത്തരത്തിലൊരു പാകപ്പെടുത്തലിന്റെ ഇടമാണ്.  നിലവിൽ എസ്.ഐ.ഒവിൽനിന്ന് അത്തരത്തിലുള്ള നേതാക്കൾ, പ്രവർത്തകർ ഉണ്ടായി വരുന്നുണ്ട് എന്നത് എന്നെ സന്തോഷിപ്പിക്കുന്നു.

# താങ്കളുടെ പ്രഭാഷണങ്ങളും അവതരണങ്ങളും ശ്രദ്ധിക്കുമ്പോൾ എപ്പോഴും ഒരു പുതുമ അല്ലെങ്കിൽ പുതിയ കാര്യങ്ങൾ, അത് മുമ്പ് ചർച്ച ചെയ്യപ്പെട്ട വിഷയമാണെങ്കിലും ഉണ്ടാകാറുണ്ട്. ഞാൻ ശ്രദ്ധിച്ച മറ്റൊരു കാര്യമുണ്ട്:  ഒരു പ്രത്യേക വിഭാഗവുമായി സംസാരിക്കുമ്പോൾ, ഒരു പക്ഷേ വർഷങ്ങൾക്ക് മുമ്പ് സംസാരിച്ച അതേ വിഷയം വീണ്ടും ചർച്ച ചെയ്യുമ്പോൾ, മുമ്പ് സംസാരിച്ചതിന്റെ ഒരു തുടർച്ച അതിൽ കാണാറുണ്ട്. അല്ലെങ്കിൽ അതുമായി ബന്ധപ്പെടുത്തിയായിരിക്കും പറയുക. ഇതെങ്ങനെയാണ് സാധിക്കുന്നത്? അതിനായി ഫയലോ മറ്റോ മാറ്റിവെക്കാറുണ്ടോ?

* എന്റെ എല്ലാ പ്രഭാഷണങ്ങളും ഞാൻ റെക്കോർഡ് ചെയ്ത് സൂക്ഷിക്കാറുണ്ട്. അത് വളരെ കൃത്യമായി എന്റെ പേഴ്സണൽ കമ്പ്യൂട്ടറിൽ ഉണ്ടാവും. വേണ്ടതൊക്കെ ഞാൻ രേഖപ്പെടുത്തിവെക്കുകയും ചെയ്യും; ചെറിയ കുറിപ്പുകളായും മറ്റും. അത് എല്ലാ കാര്യത്തിലും എന്റെ സമയത്തെ കൈകാര്യം ചെയ്യാൻ എനിക്ക് ഉപകാരപ്പെടാറുണ്ട്. കുറഞ്ഞ സമയവും അധ്വാനവും  കൊണ്ട് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അതെന്നെ സഹായിക്കുന്നു.

ഒരു പ്രത്യേക സദസ്സിനോട് പ്രഭാഷണം നടത്തുമ്പോൾ, ആ സദസ്സിനായി എന്റെ പ്രസംഗങ്ങളുടെ രേഖാമൂലമുള്ള റെക്കോർഡുകൾ പരിശോധിച്ച്  ഉറപ്പ് വരുത്താറുണ്ട്.

# താങ്കളുടെ സാങ്കേതിക പരിജ്ഞാനം  ഇതിൽ വലിയ തോതിൽ സഹായകമാകുന്നുണ്ടാവുമല്ലോ?

* തീർച്ചയായും. അത് എന്നെ വളരെയധികം സഹായിക്കാറുണ്ട്. ടെക്നോളജി ഏറ്റവും നന്നായി, ഫലപ്രദമായി നമ്മൾ ഉപയോഗിക്കേണ്ടതുണ്ട് എന്നാണ് എനിക്ക്  നമ്മുടെ യുവാക്കളോട് പറയാനുള്ളത്.  ഓറിയന്റലിസ്റ്റുകൾക്ക് ടെക്നോളജി എന്നാൽ സോഷ്യൽ മീഡിയ മാത്രമാണ്. പക്ഷേ, അത് സോഷ്യൽ മീഡിയയെക്കാളും എത്രയോ ഏറെ പരന്നുകിടക്കുന്ന ഒന്നാണ്. നമ്മളത് പരന്ന, കാര്യക്ഷമമായ വായനക്കും പഠനത്തിനും വ്യക്തിപരമായ വളർച്ചക്കുമൊക്കെയായി ഉപയോഗപ്പെടുത്താൻ ശ്രമിക്കണം. ഇത് ടെക്നോളജിയുടെ കാലമാണ്.

# താങ്കളുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം താങ്കളുടെ സമയ ക്രമീകരണമാണ്. ഒരുപാട് പേരൊന്നും, പ്രത്യേകിച്ച് ഒരുപാട് ഉത്തരവാദിത്വങ്ങൾ ഏൽക്കേണ്ടിവരുന്നവർ പെട്ടെന്ന്  നമ്മുടെ ഫോൺ മെസ്സേജുകൾക്കൊന്നും മറുപടി തരുന്നതായി കാണാറില്ല. പക്ഷേ, താങ്കൾ വളരെ പെട്ടെന്ന് തന്നെ അതിനൊക്കെ മറുപടി തരുന്നതായി  ശ്രദ്ധിച്ചിട്ടുണ്ട്. എങ്ങനെയാണ്, ഇത്രയും ഉത്തരവാദിത്വങ്ങളെല്ലാം ഉണ്ടായിരിക്കെ ഇതിനെല്ലാം സമയം കണ്ടെത്തുന്നത്? അതിനെക്കുറിച്ച് പറയാമോ?

*  യഥാർഥത്തിൽ എന്റെ സമയ ക്രമീകരണത്തിനായി ഞാൻ  ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആ മേഖലയിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് എന്നു തന്നെയാണ് എനിക്ക് തോന്നുന്നത്. എങ്കിലും എന്റെ സമയത്തെ  ഞാൻ ചെറിയ രീതിയിൽ  ക്രമീകരിച്ചിട്ടുണ്ട്. രാത്രി സമയങ്ങൾ വായനക്കായാണ് ഞാൻ മാറ്റിവെച്ചിട്ടുള്ളത്. സ്വുബ്ഹിനു ശേഷമുള്ള പ്രഭാത സമയം  എനിക്ക് വളരെയധികം പ്രധാനമാണ്. എന്റെ എല്ലാ എഴുത്തും ആ സമയങ്ങളിലാണ് നടത്താറുള്ളത്. ആ സമയത്ത് നമ്മൾ ഒരുപാട് കാര്യങ്ങളിൽനിന്ന് വിമുക്തരാണ്. അതുകൊണ്ടുതന്നെ ചെയ്യുന്ന കാര്യങ്ങളിൽ  കൂടുതൽ ശ്രദ്ധ ചെലുത്താൻ ആ സമയത്ത് നമുക്ക് സാധിക്കും. ബാക്കിയുള്ള സമയങ്ങൾ ആളുകളുമായി സംസാരിക്കാനും അവർക്ക് മറുപടികൾ നൽകാനുമൊക്കെയായി  സ്വയം ലഭ്യമാക്കും.

എന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളും ഇതിനിടയിൽ ഞാൻ കൈകാര്യം ചെയ്യും. കൂടുതൽ പ്രാധാന്യമർഹിക്കാത്ത ഗ്രൂപ്പുകളോ ചാറ്റുകളോ ഒന്നും തന്നെ വളരെ ദീർഘകാലത്തേക്ക് ഞാൻ ശ്രദ്ധിക്കാറു പോലുമില്ല.വളരെയധികം ഒഴിവുസമയങ്ങൾ ലഭിച്ചാൽ മാത്രമാണ് അങ്ങനെയുള്ളവയിലേക്ക് ശ്രദ്ധ ചെലുത്തുക.

അതുകൊണ്ടുതന്നെ പ്രധാനപ്പെട്ട സന്ദേശങ്ങൾക്ക് മറുപടി നൽകാൻ എനിക്ക് സാധിക്കാറുണ്ട്.  നമ്മുടെ സെക്രട്ടറിയേറ്റ് ഗ്രൂപ്പ് , മർക്കസ് ശൂറാ ഗ്രൂപ്പ് പോലുള്ള ഗ്രൂപ്പുകളുടെ നോട്ടിഫിക്കേഷൻ മാത്രമായിരിക്കും എന്റെ മൊബൈൽ ശ്രദ്ധിച്ചാൽ  എനേബ്ൾഡ് ആയിരിക്കുക.

# എന്റെ ഇണ എന്നോട് എപ്പോഴും സൂചിപ്പിക്കാറുള്ള ഒരു കാര്യമുണ്ട്; നിന്റെ ആരോഗ്യം നീ സംരക്ഷിക്കുന്നത് ഒരിക്കലും നിന്റെ മാത്രം കാര്യങ്ങൾക്കല്ല; മറിച്ച്, മുഴുവൻ പ്രസ്ഥാനത്തിന്റെയും അമാനത്തായി വേണം നീ അതിനെ കാണാൻ എന്ന് . അത്തരത്തിൽ നമ്മുടെ ശരീര സംരക്ഷണത്തെയും മാനസിക ആരോഗ്യത്തെയും കുറിച്ച് താങ്കൾക്ക് എന്താണ് പറയാനുള്ളത് ?

* ഞാനാ മേഖലയിൽ വളരെയധികം പിന്നിലാണ് എന്നാണ് എന്റെ തോന്നൽ. വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ് അത്. പക്ഷേ, പലപ്പോഴും എനിക്ക് അങ്ങനെ  ആരോഗ്യ സംരക്ഷണത്തിനുള്ള സമയം കണ്ടെത്താൻ കഴിയാറില്ല. നടക്കാനും, സമയം കിട്ടുമ്പോഴൊക്കെ സൈക്ലിംഗ് നടത്താനും ഞാൻ ശ്രദ്ധിക്കാറുണ്ട്.  പക്ഷേ, ഇനിയും മെച്ചപ്പെടേണ്ടിയിരിക്കുന്നു. ഈ പ്രായത്തിൽ നടക്കേണ്ട ചിട്ടയായ പരിശോധനകളൊന്നും  മുറപ്രകാരം നടന്നു പോകാറില്ല. എന്റെ ഭാര്യ ആ കാര്യം എന്നെ ഉണർത്താറുണ്ട്.

# ഇസ് ലാമിക പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്വമുള്ള നേതാവ് എന്ന നിലയിൽ, എത്രത്തോളം  സമയമാണ്  കുടുംബത്തിന് നൽകാൻ ആവുക എന്നതും പ്രധാനമാണല്ലോ. എങ്ങനെയാണ് താങ്കൾ അത് കൈകാര്യം ചെയ്യുന്നത് ? താങ്കളുടെ ഭാര്യയുടെയും മക്കളുടെയുമൊക്കെ അതിനോടുള്ള പ്രതികരണം  എന്താണ്?

* ആ കാര്യത്തിൽ ഏറെ പ്രയാസപ്പെടുന്നവരാണ് അവർ. ഞാൻ 2019-ൽ വീണ്ടും മർക്കസിലേക്ക് എത്തിയതിനു ശേഷം കുട്ടികളുടെ കാര്യത്തിൽ എന്റെ ഭാര്യയാണ് കുറച്ചുകൂടി ശ്രദ്ധ ചെലുത്തുന്നത്. കോളേജ് പ്രഫസർ ആയിരുന്ന അവർ അതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി ഇപ്പോൾ ജോലി ഉപേക്ഷിച്ചിട്ടുണ്ട്. നിലവിൽ ഓറ, ഹാദിയ തുടങ്ങിയ ആനുകാലികങ്ങളിൽ  എഴുതാറുണ്ട് . ഫാമിലി കൗൺസിലിംഗ് മേഖലയിൽ പല പരിശീലനങ്ങളും  കൗൺസിലിംഗും നൽകുന്നതിൽ അവർ സമയം കണ്ടെത്താറുണ്ട്.

ബോധപൂർവം ഞാൻ ഭാര്യക്കും മക്കൾക്കുമായി സമയം കണ്ടെത്താൻ ശ്രമിക്കാറുണ്ട്. അവരോട് സംസാരിക്കാനും ഒഴിവുവേളകളിൽ അവരോടൊപ്പം യാത്രകൾ പോകാനും ശ്രദ്ധിക്കാറുണ്ട്.

#  'ചിലർ ജനിക്കുന്നത് മഹാന്മാരായിട്ടാണ്. മറ്റു ചിലർ അത് ആർജിച്ചെടുക്കുന്നു. മറ്റു ചിലരിൽ അത് അടിച്ചേൽപിക്കപ്പെടുന്നു' എന്നു പറയാറുണ്ടല്ലോ. നേതൃത്വത്തിന്റെ കാര്യത്തിലും ഇത് ബാധകമാണ്. പക്ഷേ, നമ്മുടെ പ്രസ്ഥാനത്തിന്റെ ഒരു രീതിയനുസരിച്ച്  ആരും നേതൃത്വം ആഗ്രഹിക്കുന്നവർ ആവരുത്. പക്ഷേ, എല്ലാവരും നേതൃത്വത്തിനുവേണ്ടി തയാറാവുന്നവരായിരിക്കണം. എങ്ങനെയാണ് താങ്കൾ അതിനെ നോക്കിക്കാണുന്നത് ? 'കുല്ലുകും റാഇൻ'  എന്നാണ് നമ്മൾ മനസ്സിലാക്കുന്നത്. പ്രവർത്തകരോട് എന്താണ് ഇതിനെക്കുറിച്ച് പറയാനുള്ളത്?

* നേതൃത്വം എന്ന് പറയുന്നത് നമ്മുടെ പ്രസ്ഥാനത്തിൽ ഏതെങ്കിലും ഒരു ചുമതലയിൽ ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. ഇവിടെ എല്ലാവരും നേതാക്കൾ തന്നെയാണ്. ചുമതലകൾ അതിന്റെ ഒരു ഭാഗം മാത്രമാണ്. ഓരോ പ്രവർത്തകനും പ്രവർത്തകയും ഇവിടെ നേതൃപരമായ പങ്ക് വഹിക്കേണ്ടവരാണ്. ഈ പ്രസ്ഥാനത്തിന്റെ പ്രത്യേകത തന്നെ അതാണ്. ഇന്നത്തെ കാലത്ത് ഒരു നേതാവാകാൻ ഒരുപാട് ഘടകങ്ങൾ ആവശ്യമാണെന്ന്  തോന്നിയിട്ടുണ്ട്.  ഇസ് ലാമിക പ്രസ്ഥാനത്തിന്റെ നേതാവാകുമ്പോൾ, ആ വ്യക്തിയുടെ ധാർമികതയും  വ്യക്തിത്വവും  ഇസ് ലാമിനെ കുറിച്ച അയാളുടെ അറിവും മനസ്സിലാക്കലുകളും ഒക്കെ വളരെയധികം പ്രാധാന്യമുള്ള കാര്യങ്ങളാണ്. ആശയപരമായും ഏറെ ആഴമുള്ളവരായിരിക്കണം  അവർ. 

ഇതു കൂടാതെ ഇന്നത്തെ നേതാക്കൾ വളരെ വേഗത്തിൽ കാര്യങ്ങൾ  കൈകാര്യം ചെയ്യുന്നവരായിരിക്കണം. കാരണം, ഇത് വേഗതയിൽ മുന്നോട്ടുപോകുന്ന കാലമാണ്. കാര്യക്ഷമതയും വളരെ പ്രധാനമാണ്. വളരെ വേഗത്തിൽ അറിവ് നേടാനും നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കണം.  വിജ്ഞാനവും വേഗതയും കാര്യക്ഷമതയും - ഇവ മൂന്നിലും പ്രത്യേക ഊന്നൽ വേണം. രണ്ടാമതായി  പ്രധാനം, നമ്മുടെ വ്യക്തിബന്ധങ്ങളും ആശയവിനിമയങ്ങളുമൊക്കെയാണ്. അല്ലാഹുവിന്റെ റസൂലിനെപ്പോലെ ആളുകളെ കൂടെ കൊണ്ടുനടക്കുന്നവനായിരിക്കണം ഒരു ഇസ് ലാമിക പ്രസ്ഥാനത്തിന്റെ നേതാവ്.  ഒരു നേതാവിനെ സംബന്ധിച്ച് അയാളുടെ വേഗത പോലെ  പ്രധാനമാണ് തന്റെ കൂടെയുള്ളവരെയും വേഗത്തിൽ പ്രവർത്തിക്കുന്നവരാക്കുക എന്നത്. നമുക്കിടയിൽനിന്ന് വളരെ നല്ല നേതാക്കൾ  ഉയർന്നുവരുന്നുണ്ട് എന്നത് വലിയ പ്രതീക്ഷ നൽകുന്നു. l    

(തുടരും) 

തയാറാക്കിയത്: ആഇശ നൗറിൻ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 16-17
ടി.കെ ഉബൈദ്‌

ഹദീസ്‌

മസ്ജിദുൽ ഹറാമിന്റെ മഹത്വം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌