Prabodhanm Weekly

Pages

Search

2023 ജൂൺ 30

3308

1444 ദുൽഹജ്ജ് 11

ഇസ്‌ലാമിലെ ലിംഗ-ലൈംഗിക നൈതികതയും വ്യത്യസ്തതകളും

(നോർത്ത് അമേരിക്കയിലെ മുസ്‌ലിം പണ്ഡിതരുടെയും ഗവേഷകരുടെയും സംയുക്ത പ്രസ്താവന)

കഴിഞ്ഞ കുറച്ച് ദശകങ്ങളായി ലൈംഗികതയെ പറ്റിയുള്ള പൊതു വ്യവഹാരങ്ങൾ വിശ്വാസി സമൂഹങ്ങൾക്ക് നേരെ ചില വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ഇന്ന്, ഇസ്‌ലാമിന്റെ ലിംഗ – ലൈംഗിക നൈതികതയുമായി ഇടഞ്ഞു നിൽക്കുന്ന, അടുത്ത കാലത്ത് ജനപ്രീതിയാർജിച്ച  ചില വീക്ഷണങ്ങൾ മുസ്‌ലിംകളിൽ അവരുടെ മത വിശ്വാസങ്ങൾക്കും സമൂഹത്തിന്റെ പ്രതീക്ഷകൾക്കുമിടയിൽ പിരിമുറുക്കമുണ്ടാക്കാൻ കാരണമാവുകയും ചെയ്തിട്ടുണ്ട്. അതേസമയം, എൽ.ജി.ബി.ടി.ക്യു പ്രയോഗങ്ങളോടും വിശ്വാസങ്ങളോടും അതിന്റെ വക്താക്കളോടുമുള്ള പരസ്യമായ വിയോജിപ്പ്, അസഹിഷ്ണുത, മതപരമായ കുടിലത തുടങ്ങിയ അനുചിതമായ ആരോപണങ്ങൾക്ക് ഇടയാവുകയും ചെയ്യുന്നു. പക്ഷേ, എൽ.ജി.ബി.ടി.ക്യു കേന്ദ്രീകൃത മൂല്യങ്ങൾ രക്ഷിതാക്കളുടെ സമ്മതമില്ലാതെ കുട്ടികൾക്കിടയിൽ നിയമ-നിയന്ത്രണങ്ങളിലൂടെ പ്രോത്സാഹിപ്പിക്കാനുള്ള ബാഹ്യ സമ്മർദങ്ങളും, അതിനോട് കുട്ടികൾക്കും രക്ഷിതാക്കൾക്കും മനഃസാക്ഷി പ്രകാരം വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവസരം നിഷേധിക്കലുമാണ് ഇതിനെക്കാളൊക്കെ പ്രശ്നകരമായത്. തങ്ങളുടെ കുട്ടികളെ മതാധിഷ്ഠിത ലൈംഗിക ധാർമികത പഠിപ്പിക്കാനുള്ള മുസ്‌ലിം രക്ഷിതാക്കളുടെ കർതൃത്വത്തെ ഇല്ലായ്മ ചെയ്യുന്നതും, സ്വതന്ത്രമായ മതാനുഷ്ഠാനത്തിനുള്ള അവരുടെ ഭരണഘടനാ അവകാശത്തെ ലംഘിക്കുന്നതും, വിശ്വാസി സമുദായങ്ങൾക്ക് നേരെ അസഹിഷ്ണുത വളർത്തുന്നതുമാണ് ഇത്തരം നയങ്ങൾ.

വ്യത്യസ്ത ദൈവശാസ്ത്ര ധാരകളെ പ്രതിനിധാനം ചെയ്യുന്ന മുസ്‌ലിം പണ്ഡിതരാണ് ഞങ്ങൾ. ലിംഗ – ലൈംഗിക വിഷയത്തിലുള്ള ഇസ്‌ലാമിന്റെ നിലപാടാണ് ചുവടെ. ആക്ഷേപങ്ങളും പുറന്തള്ളലുകളും അടിക്കടി നേരിടുന്ന ഒരു മത ന്യൂനപക്ഷമെന്ന നിലയിൽ, ധാർമിക വിഷയത്തിലുള്ള അഭിപ്രായ വ്യത്യാസം അക്രമവും അസഹിഷ്ണുതയും ഉണ്ടാക്കും എന്ന സങ്കൽപത്തെ ഞങ്ങൾ തള്ളിക്കളയുന്നു. ഞങ്ങളുടേതിൽനിന്ന് വ്യത്യസ്തമായ വിശ്വാസം വെച്ചുപുലർത്തുന്നവരുമായി സമാധാനപരമായി സഹവർത്തിക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വത്തെ മാനിക്കുമ്പോൾ തന്നെ ഞങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കാനുള്ള അവകാശത്തെയും ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു.

മുസ്്ലിം ധാർമികതയുടെ ഉറവിടങ്ങൾ

ഇസ്‌ലാം സ്വീകരിക്കാൻ ഏറ്റവും അനിവാര്യമായി വേണ്ടത് പരപ്രേരണ കൂടാതെ സന്തോഷത്തോടെ പരിപൂർണമായി ദൈവത്തിന് വിധേയപ്പെടുക എന്നതാണ്. അല്ലാഹു പറയുന്നു: “അല്ലാഹുവും അവന്റെ ദൂതനും ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാൽ അക്കാര്യത്തിൽ സ്വന്തമായി തീരുമാനമെടുക്കാൻ ഒരു വിശ്വാസിക്കും വിശ്വാസിനിക്കും അവകാശമില്ല” (അൽ അഹ്സാബ് 36). ദൈവത്തിന് വിധേയപ്പെടുക വഴി അവന് മാത്രമാണ് പരമമായ അറിവും ജ്ഞാനവും ഉള്ളതെന്ന് പ്രഖ്യാപിക്കുക കൂടിയാണ് നാം ചെയ്യുന്നത്. അതുകൊണ്ടുതന്നെ, ഈ വിധേയത്വത്തിന്റെ പിന്തുടർച്ചയിൽ നമ്മുടെ ധാർമികതയുടെ അടിത്തറയും സ്രോതസ്സുമായി മാറുന്നത് ദൈവികമായ മാർഗോപദേശങ്ങളാണ്, അല്ലാതെ കേവല യുക്തിയോ സമൂഹത്തിലെ പ്രവണതകളോ അല്ല.

വ്യത്യസ്ത സാംസ്കാരിക സങ്കൽപങ്ങളെയും വീക്ഷണങ്ങളെയും ഉൾച്ചേർക്കാനും അനുവദിക്കാനും ഉതകുന്ന സമ്പന്നമായൊരു നിയമശാസ്ത്ര പാരമ്പര്യം ഇസ്‌ലാമിനുണ്ട്. എന്നിരുന്നാലും, വെളിപാടിൽ സ്പഷ്ടമായി പറഞ്ഞിരിക്കുന്ന, ഇസ്‌ലാമിന്റെ മൂലതത്ത്വങ്ങൾ എന്നറിയപ്പെടുന്നതും യോഗ്യരായ പണ്ഡിതർ ഐകകണ്ഠ്യേന അംഗീകരിച്ചതുമായ ചില തത്ത്വങ്ങൾ മാറ്റത്തിരുത്തലുകൾ പാടില്ലാത്തതും ഉന്നത മതാധികാരികൾ അടക്കമുള്ള ആർക്കും തന്നെ പുനഃപരിശോധന നടത്താൻ സാധിക്കാത്തതുമാണ്. അല്ലാഹു പറയുന്നതു പോലെ: “നിന്റെ രക്ഷിതാവിന്റെ വചനം സത്യത്താലും നീതിയാലും സമ്പൂർണമായിരിക്കുന്നു. അവന്റെ വാക്കുകൾ ഭേദഗതി ചെയ്യുന്നവനായി ആരുമില്ല. അവനല്ലോ സർവം അറിയുന്നവനും കേൾക്കുന്നവനും” (അൽ അൻആം 115).

ലിംഗം – ലൈംഗികത: ഇസ്‌ലാമിന്റെ നിലപാട് 

അല്ലാഹുവിന്റെ  കൽപന പ്രകാരം വിവാഹ ബന്ധത്തിനകത്തുള്ള ലൈംഗിക ബന്ധം അനുവദനീയമാക്കപ്പെട്ടിരിക്കുന്നു, വിവാഹമാവട്ടെ ഒരു സ്ത്രീക്കും പുരുഷനുമിടയിൽ മാത്രമേ പാടുള്ളൂ താനും. സ്വവർഗ ലിംഗവുമായുള്ള ലൈംഗിക ബന്ധത്തെ ഖുർആനിലൂടെ അല്ലാഹു അസന്ദിഗ്‌ധമായി കുറ്റകരമാക്കിയിരിക്കുന്നു (അന്നിസാഅ് 16, അൽ അഅ്റാഫ് 80–83, അന്നംല്  55–58). മാത്രമല്ല, വിവാഹത്തിന് മുമ്പുള്ളതും അവിഹിതവുമായ ലൈംഗിക ചേഷ്ടകളും ഇസ്‌ലാമിൽ നിഷിദ്ധമാണ്. അല്ലാഹു പറയുന്നു: “വ്യഭിചാരത്തോട് അടുക്കുകയേ അരുത്, അത് വളരെ അധാർമികവും ദുഷിച്ച മാർഗവും ആകുന്നു,” (അൽ ഇസ്റാഅ്  32). ഇസ്‌ലാമിന്റെ ഈ മാനങ്ങൾ ഖുർആനിലും മുഹമ്മദ് നബി(സ)യുടെ അധ്യാപനങ്ങളിലും പതിനാല് നൂറ്റാണ്ടോളം നീണ്ട പണ്ഡിത പാരമ്പര്യത്തിലും സ്പഷ്ടമായി സ്ഥാപിതമായ കാര്യമാണ്. ഇവ പണ്ഡിതന്മാർക്കിടയിൽ ഏകാഭിപ്രായം  (ഇജ്മാഅ്) ഉള്ളതും മുസ്‌ലിം ജന സാമാന്യത്തിന്റെ വിശ്വാസ സംഹിതയുടെ അവിഭാജ്യ ഘടകവുമാണ്.

അല്ലാഹു മനുഷ്യ സമൂഹത്തെ ആണും പെണ്ണും അടങ്ങിയ ഒന്നായി നിർവചിക്കുകയും ഇപ്രകാരം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു: “ഒരാണിൽ നിന്നും ഒരു പെണ്ണിൽ നിന്നും നാം (മനുഷ്യരെ) സൃഷ്ടിച്ചിരിക്കുന്നു. പിന്നെ, പരസ്പരം തിരിച്ചറിയുന്നതിനു വേണ്ടി അവരെ ഗോത്രങ്ങളും സമുദായങ്ങളുമാക്കി” (അൽ ഹുജുറാത്ത് 13; അന്നജ്മ് 45). ആണിനും പെണ്ണിനും വ്യത്യസ്ത സ്വഭാവഗുണങ്ങളും വെവ്വേറെ കർത്തവ്യങ്ങളുമാണ് ഉള്ളതെങ്കിലും ആത്മീയമായി ദൈവത്തിങ്കൽ ഇരു കൂട്ടരും തുല്യരാണെന്ന് ഇസ്‌ലാം ഖണ്ഡിതമായി പറയുന്നു. നബി(സ) സ്ത്രീയെ പുരുഷന് തുല്യമായ അസ്തിത്വമായിട്ടു തന്നെയാണ് വിശേഷിപ്പിച്ചിട്ടുള്ളത്. അപ്പോഴും, എതിർ ലിംഗത്തിന്റെ വേഷ ഭാവങ്ങളെ അനുകരിക്കുന്നതിനെ പ്രവാചകൻ (സ) തുറന്നെതിർക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ സൃഷ്ടിപ്പിലുള്ള തന്റെ ജ്ഞാനത്തെ ആദരിക്കാൻ  മനുഷ്യകുലത്തോട് അല്ലാഹു പറയുകയും ചെയ്യുന്നു (അന്നിസാഅ്  119 കാണുക). ആയതിനാൽ, ആരോഗ്യവാന്മാരായ വ്യക്തികൾ ലിംഗമാറ്റത്തിന് വേണ്ടി സ്വീകരിക്കുന്ന സകല വൈദ്യശാസ്ത്ര നടപടികളെയും ഇസ്‌ലാം വിലക്കുന്നു. അത്തരം നടപടികളെ gender 'affirming' എന്നോ gender 'confirming' എന്നോ എന്ത് വിളിച്ചാലും ശരി. ലൈംഗിക വളർച്ചാ പ്രശ്നം പോലുള്ള ജീവശാസ്ത്രപരമായ പോരായ്മകളുമായി ജനിക്കുന്ന വ്യക്തികൾക്ക് അവ പരിഹരിക്കുന്നതിന് വൈദ്യസഹായം തേടാൻ ഇസ്‌ലാം അനുവദിക്കുകയും ചെയ്യുന്നു.

മനോവികാരങ്ങളും പ്രവൃത്തിയും സ്വത്വവും തമ്മിൽ  കൃത്യമായി വേർതിരിക്കുന്നുണ്ട് ഇസ്്ലാം. ദൈവം വ്യക്തികളുടെ വാക്കുകളുടെയും പ്രവൃത്തികളുടെയും പേരിൽ മാത്രമേ അവരെ ഉത്തരവാദികളാക്കുകയുള്ളൂ; അനൈഛികമായ വികാര വിചാരങ്ങൾക്ക് അത് ബാധകമല്ല. റസൂൽ (സ) പറഞ്ഞതു പോലെ, “മുസ്‌ലിംകൾ ചിന്തിക്കുന്നതിനെ പ്രതി അല്ലാഹു അവർക്ക് പൊറുത്തു നൽകിയിരിക്കുന്നു, അവർ അതുപ്രകാരം സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യാതിരിക്കുവോളം” (ബുഖാരി 2528). ഇസ്‌ലാമിൽ ഒരു വ്യക്തിയുടെ പാപകരമായ പ്രവൃത്തി അവന്റെ/അവളുടെ സ്വത്വത്തെ നിർണയിക്കില്ല, അല്ലെങ്കിൽ നിർണയിക്കരുത്. അത്തരത്തിൽ തങ്ങൾ ചെയ്ത പാപത്തിന്റെ അടിസ്ഥാനത്തിൽ അറിയപ്പെടുന്ന ഒരു സ്വത്വ വിഭാഗത്തിന്റെ പേരിൽ അഭിമാനം കൊള്ളുന്നത് മുസ്‌ലിംകൾക്ക് അനുവദനീയമല്ല. നിയമവിരുദ്ധമായ ലൈംഗിക ബന്ധത്തെ പറ്റിയുള്ള ഇസ്‌ലാമിന്റെ നിലപാട് ഇസ്‌ലാമിലെ വ്യക്തി അവകാശങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കൂടി നിലനിൽക്കുന്നതാണ്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിൽ എത്തിനോക്കുന്നത് ഇസ്‌ലാം നിഷിദ്ധമാക്കുകയും ലൈംഗിക പെരുമാറ്റം പരസ്യമായി പ്രദർശിപ്പിക്കുന്നത് നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു (അൽ ഹുജുറാത്ത് 12; അന്നൂർ 19).

എൽ.ജി.ബി.ടി.ക്യു പ്രത്യയശാസ്ത്രത്തെ ഉൾക്കൊള്ളുന്നതിനു വേണ്ടി ചില മത വിഭാഗങ്ങൾ മതത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ പുനർവ്യാഖ്യാനം ചെയ്തിരിക്കുന്നതായി ഞങ്ങൾ തിരിച്ചറിയുന്നു. അത്തരം സമ്മർദങ്ങളിൽനിന്ന് മുസ്‌ലിം സമുദായം മുക്തമല്ല. ചിലരെങ്കിലും ഇസ്‌ലാമിക പ്രമാണങ്ങളെ എൽ.ജി.ബി.ടി.ക്യു വാദങ്ങൾക്ക് അനുകൂലമായി പുനർവ്യാഖ്യാനിക്കാൻ തീർച്ചയായും ശ്രമിച്ചിട്ടുണ്ട്. ദൈവശാസ്ത്രപരമായ സാധൂകരണമില്ലാത്ത ഇത്തരം ശ്രമങ്ങളെ ഞങ്ങൾ പൂർണമായും നിരാകരിക്കുന്നു. കാരണം, ലൈംഗിക ധാർമികതയുമായി ബന്ധപ്പെട്ട ഇത്തരം മാനങ്ങൾ ഇസ്‌ലാമിലെ മാറ്റത്തിരുത്തലുകൾ സാധ്യമല്ലാത്ത തത്ത്വങ്ങളുടെ കീഴിൽ വരുന്നതും അതിനാൽ ഇനിയൊരു പുനഃപരിശോധനക്ക് സാധ്യതയില്ലാത്തതുമാണ്.

വീക്ഷണങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള 
ഭരണഘടനാ അവകാശം

എൽ.ജി.ബി.ടി.ക്യു വക്താക്കളുടെ ലക്ഷ്യങ്ങളുമായി ഇടയുന്നതാണ് നമ്മുടെ ധാർമിക ചട്ടങ്ങളെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഒപ്പം നിന്ദകളേൽക്കാതെ സ്വതന്ത്രവും സമാധാനവുമായി ജീവിക്കാനുള്ള അവരുടെ ഭരണഘടനാ അവകാശത്തെയും ഞങ്ങൾ അംഗീകരിക്കുന്നു. എന്നിരുന്നാലും, നിയമപരമായ പ്രതികാര നടപടികളുടെയോ വ്യവസ്ഥാപരമായ പാർശ്വവൽക്കരണത്തിന്റെയോ ഭയമില്ലാതെ ഞങ്ങളുടെ മത വിശ്വാസത്തെ പ്രോത്സാഹിപ്പിക്കാനും അതിനെ മുറുകെ പിടിക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള ദൈവ ദത്തവും ഭരണഘടനാപരവുമായ അവകാശത്തെ ഞങ്ങൾ ഉയർത്തിക്കാട്ടുന്നു (അന്നഹ്ൽ 125). സമാധാനപരമായ സഹവർത്തിത്വത്തിന് യോജിപ്പോ അംഗീകാരമോ പ്രചാരണമോ ആഘോഷമോ അനിവാര്യമല്ല. ഞങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായ വീക്ഷണങ്ങൾ സ്വീകരിക്കാനുള്ള സാമൂഹിക സമ്മർദത്തോട് കീഴടങ്ങുക, അല്ലെങ്കിൽ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ഏറ്റുവാങ്ങുക എന്നീ തെറ്റായ രണ്ട് സാധ്യതകളെയും ഞങ്ങൾ തള്ളിക്കളയുന്നു. ബലാൽക്കാരമായ അത്തരം ആത്യന്തിക വാദങ്ങൾ സമാധാനപരമായ സഹവർത്തിത്വത്തിന്റെ സാധ്യതകൾക്ക് തുരങ്കം വെക്കുന്നവയാണ്.

ഉപദ്രവങ്ങളുടെ ഭയമില്ലാതെ സ്വതന്ത്രമായി ഞങ്ങളുടെ മതം അനുഷ്ഠിക്കാനുള്ള ഭരണഘടനാ അവകാശത്തെ സംരക്ഷിക്കാനും വിശ്വാസി സമുദായങ്ങളുടെ മത സ്വാതന്ത്ര്യത്തെ ഹനിക്കുന്ന എല്ലാ തരം നിയമനിർമാണ ശ്രമങ്ങളെയും എതിർക്കാനും നിയമ നിർമാണം നടത്തുന്നവരോട് ഞങ്ങൾ ആവശ്യപ്പെടുന്നു.  മത വിധി പ്രകാരം ജീവിക്കാനുള്ള വിശ്വാസി സമുദായങ്ങളുടെ ഭരണഘടനാ അവകാശത്തിനും എല്ലാവരുടെയും നീതിക്കും വേണ്ടി എല്ലാ രാഷ്ട്രീയ, മതവിഭാഗങ്ങളിൽ പെടുന്ന വ്യക്തികളുമായും ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾ സന്നദ്ധരാണ്.

മുസ്‌ലിം സമുദായത്തോട്

നമ്മുടെ വിശ്വാസത്തിന്റെ പരിശുദ്ധിയെ ഉയർത്തിപ്പിടിക്കാനും ഇസ്‌ലാമിന്റെ ഭാഗത്തുനിന്ന് തെറ്റായ പ്രഖ്യാപനങ്ങൾ നടത്തുന്നതിൽനിന്ന് വിട്ടുനിൽക്കാനും മുസ്‌ലിം പൊതു വ്യക്തിത്വങ്ങളോട് ഞങ്ങൾ ആവശ്യപ്പെടുന്നു. ഇസ്‌ലാമിന്റെ ഖണ്ഡിതമായ അധ്യാപനങ്ങൾക്ക് വിരുദ്ധമായ ലിംഗ-ലൈംഗിക ധാർമികതയുമായി ബന്ധപ്പെട്ട നിലപാടുകളെ ഇസ്‌ലാമിനോട് ചേർത്തുകെട്ടാനുള്ള എല്ലാ ശ്രമങ്ങളെയും ഞങ്ങൾ തള്ളിക്കളയുന്നു. വ്യക്തമായി പറഞ്ഞാൽ, അല്ലാഹുവിന്റെ താൽപര്യത്തെ മനഃപൂർവം നിഷേധിച്ച, അല്ലെങ്കിൽ നിഷേധത്തെ ഉയർത്തിപ്പിടിച്ച, അല്ലെങ്കിൽ അല്ലാഹുവിന്റെ താൽപര്യത്തെ തെറ്റായി പ്രതിനിധാനം ചെയ്ത, അങ്ങനെ തങ്ങളുടെ വിശ്വാസത്തെ തന്നെ അപകടത്തിലാക്കുന്ന പ്രവൃത്തി ചെയ്യുന്നവർ നേരിടേണ്ടി വരുന്ന ആത്മീയമായ അനന്തരഫലങ്ങളെ കുറിച്ച് അത്യുക്തി കലർത്തിപ്പറയാൻ ഞങ്ങൾക്ക് കഴിയില്ലല്ലോ (അൽ അൻആം 121).

നമുക്ക് അല്ലാഹു നിശ്ചയിച്ച പരിധികൾക്ക് പുറത്തുള്ള കാമനകളുമായി ഒത്തുപോകാൻ ശ്രമിക്കുന്നവരോട് ഒരു വാക്ക്: ഏറ്റവും സദ്്വൃത്തരായ ആളുകൾ പോലും പാപം ചെയ്തുപോകാറുണ്ട്,  മുസ്്ലിമിന്റെ ഏത് വലിയ പാപവും പൊറുക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. അല്ലാഹുവിനോടുള്ള ഭക്തിമാർഗത്തിൽ സ്വയം നിയന്ത്രിക്കുക എന്നുള്ളതാണ് വീരോചിതമായിട്ടുള്ളത്. അതിനായി നാം അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് ആനുപാതികമായി അതിന്റെ ആത്മീയ പ്രതിഫലവും വർധിക്കും. നമ്മുടെ കാമനകൾക്ക് മേൽ ദൈവഭക്തി അതിജയിച്ച് നിൽക്കുകയും, വിശ്വാസം ബലി കൊടുക്കാതിരിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ആത്യന്തിക ലക്ഷ്യം. ആദർശങ്ങൾക്കൊത്ത് ജീവിതം നയിക്കാൻ അനിവാര്യമായ കരുത്തും അചഞ്ചലമായ സമർപ്പണവും അല്ലാഹു പ്രദാനം ചെയ്യട്ടെ എന്ന് പ്രാർഥിക്കുന്നു. അവങ്കലുള്ള സ്നേഹമസൃണമായ സമർപ്പണത്തിലൂടെ ആന്തരികമായ ശാന്തിയും സമാധാനവും നമുക്ക് കണ്ടെത്താൻ കഴിയട്ടെ. സ്ഥാനമാനങ്ങളിൽ ഏറ്റവും അത്യുന്നതമായ വിശ്വാസികൾ എന്ന പദവിയിലേക്കുയർത്തി  ദൈവം നമ്മെ അനുഗ്രഹിക്കട്ടെ .

(ശൈഖ് തമീം അഹ്്മദി, പ്രഫ. ഒവാമിർ അൻജും, ശൈഖ് ജമാൽ ബദവി, പ്രഫ.  ജോനാഥൻ ബ്രൗൺ, ശൈഖ് അഹ്്മദ് കുട്ടി, യാസിർ ഖാദി, സിറാജ് വഹ്ഹാജ്   തുടങ്ങി ഇരുനൂറിലധികം മുസ്്ലിം പണ്ഡിതൻമാരും ഗവേഷകരും പ്രസ്താവനയിൽ ഒപ്പ് വെച്ചിട്ടുണ്ട്.) l

വിവ: മൻഷാദ് മനാസ്
(കടപ്പാട്: കാമ്പസ് അലൈവ്  
https://navigatingdifferences.com/clarifying-sexual-and-gender-ethics-in-islam/)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 16-17
ടി.കെ ഉബൈദ്‌

ഹദീസ്‌

മസ്ജിദുൽ ഹറാമിന്റെ മഹത്വം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌