കാലത്തോട് സംവദിക്കുന്ന ലേഖനങ്ങൾ
ജി.കെ എടത്തനാട്ടുകരയുടെ ലേഖന പരമ്പരകള്‍ പ്രബോധനത്തിന്റെ മാറ്റ് കൂട്ടുന്നു. കാലത്തിന്റെ വെല്ലുവിളികളെ അതിജയിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ഇസ് ലാമും അതിന്റെ പ്രബോധനവും ഇസ് ലാമിന്റെ എതിരാളികളെയും ഇരുട്ടിന്റെ ശക്തികളെയും എന്നും ഉറക്കം കെടുത്തുന്നവ തന്നെയാണ്.
സെബാസ്റ്റ്യന്‍ പുന്നക്കല്‍ മുതല്‍ ജാമിത ടീച്ചര്‍ വരെയുള്ള സോഷ്യല്‍ മീഡിയാ തൊഴിലാളികളുടെ എതിര്‍പ്പുകള്‍ എന്നും ജി.കെയെ പോലുള്ളവര്‍ പുഞ്ചിരിയോടെ ഏറ്റെടുത്ത് കൈകാര്യം ചെയ്യുന്നതും മറുപടി നല്‍കുന്നതും കാണുമ്പോള്‍ ഇസ് ലാം അജയ്യമാണെന്ന് ശത്രുക്കള്‍ക്ക് പോലും തിരിച്ചറിവ് നല്‍കുന്നു.
അസഹിഷ്ണുതയാലും അഹങ്കാരത്താലും വിമര്‍ശിക്കപ്പെടുന്ന സോഷ്യല്‍ മീഡിയാ തൊഴിലാളികള്‍ക്ക് വേണ്ടവിധം മറുപടി ലഭിച്ചിട്ടും വ്യൂവേഴ്സ് ലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന ഇത്തരക്കാര്‍ക്ക് നേരും നെറിയും തിരിച്ചറിയാനാവാതെപ്പോകുന്നു .
ഇസ് ലാമിനെ വിമര്‍ശിക്കുക എന്നത് ഇന്നൊരു ഹരമായി മാറിയിരിക്കുന്നു. ലക്കും ലഗാനുമില്ലാത്ത വിമര്‍ശനത്തിന് ഇവിടത്തെ മണ്ണ് പാകമാക്കി എടുത്തിട്ടുണ്ട്. തീവ്ര ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികളുടെ ഭരണ സംവിധാനത്തില്‍ അകമഴിഞ്ഞ സഹായമാണ് ഇവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പഴയ കാലങ്ങളില്‍ ഇത്തരം വിമര്‍ശനവും വിദ്വേഷ പ്രചാരണവും നടത്താൻ അല്‍പമെങ്കിലും ഭയമുണ്ടായിരുന്നു. മത സൗഹാര്‍ദം തകര്‍ക്കുകയും വര്‍ഗീയ പരാമര്‍ശം നടത്തുകയും ചെയ്തു എന്നതിന്റെ പേരില്‍ പെറ്റിക്കേസുകൾ പോലും ഇപ്പോൾ എടുക്കുന്നില്ല. എതിര്‍ക്കുന്നത് (ചില അപവാദങ്ങളുണ്ടെങ്കിലും) ഇസ് ലാമിനെയും മുസ് ലിംകളെയും ആണെങ്കില്‍ പെറ്റിക്കേസ് പോകട്ടെ വാദി പ്രതിയാകുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. മുസ് ലിം സംഘടനകളും ഇസ് ലാമിക പ്രസ്ഥാനങ്ങളും ഉണര്‍ന്ന് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയമാണിത്.
ഇതിനെല്ലാം തടയിട്ട്, മുസ് ലിം സമുദായത്തിനും നിഷ്പക്ഷ സമൂഹത്തിനും ദിശാബോധം നല്‍കുന്ന വിജ്ഞാന പ്രദമായ പ്രതിരോധ വരികളാല്‍ മുഖരിതമാകട്ടെ ഇനിയും പ്രബോധനം. അഭിനന്ദനങ്ങള്‍.
"അന ദമ്മീ ഫലസ്ത്വീനി', ഒഴിവാക്കപ്പെടുന്നതെന്തുകൊണ്ട് ?
അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിൽ മറ്റെല്ലാ വിഭാഗങ്ങളുടെയും ഫലസ്ത്വീൻ ജനതയുടെയും പ്രധാന ആയുധം കലാ-സാഹിത്യ-സാംസ്കാരിക ഭൂമിക തന്നെയാണ്. ചരിത്രം എഴുതിയും ഓതിയും പാടിയും പോരാട്ടങ്ങളിൽ പോരാളികൾക്ക് ഉന്മേഷം പകർന്നും അവർ രചിക്കുന്ന കാവ്യങ്ങളും കഥകളും ചിട്ടപ്പെടുത്തുന്ന സംഗീതവുമെല്ലാം അവരുടെ അതിജീവന യത്നത്തിനും ഇൻതിഫാദകൾക്കും വീര്യം കൂട്ടുന്നുണ്ടെന്ന് മാത്രമല്ല, ഇസ്രായേലിന്റെ കിരാത മുഖം വെളിപ്പെടുത്തുകയെന്ന ദൗത്യം കൂടി അവ നിർവഹിക്കുന്നുണ്ട്. അവ ജനങ്ങളിലെത്താതിരിക്കാൻ ഭരണകൂടം ശ്രമിക്കുന്നുമുണ്ട്.
ഗസ്സക്കാരനായ യുവ ഗായകൻ മുഹമ്മദ് അസ്സാഫിന്റെ പാട്ടുകൾക്കാണ് ഇപ്പോൾ വിലക്ക് വീണിട്ടുള്ളത്. ഫലസ്ത്വീൻ അഭയാർഥി പ്രവിശ്യയായ ഖാൻ യൂനിസ് അഭയാർഥി ക്യാമ്പിൽ വിവാഹ ഗാനങ്ങളും കവിതകളും പാടിക്കൊണ്ടിരുന്ന അസ്സാഫിന്റെ കലാവിഷ്കാരങ്ങൾ അതിജീവനത്തിന്റെയും അധിനിവേശ വിരുദ്ധതയുടെയും ചെറുത്തുനിൽപിന്റെയും കൂടിയാണ്. അതുകൊണ്ടുതന്നെയാണ് മ്യൂസിക് ആപ്ലിക്കേഷനായ സ്പോട്ടിഫൈ ഇക്കഴിഞ്ഞ ദിവസങ്ങളിൽ മുഹമ്മദ് അസ്സാഫിന്റെ സംഗീതം ഓൺലൈൻ പ്ലാറ്റ്ഫോമിൽനിന്ന് നീക്കംചെയ്തത്. 'അന ദമ്മീ ഫലസ്ത്വീനി' (മൈ ബ്ലഡ് ഈസ് ഫലസ്ത്വീനിയൻ) എന്ന ഗാനത്തിന്റെ രാഷ്ട്രീയ പ്രസക്തി തന്നെയാണ് അത്തരത്തിലുള്ള സെൻസർഷിപ്പ് നടപടിയുടെ കാരണവും.
ഇതാദ്യമായിട്ടല്ല പ്രമുഖ സാമൂഹിക മാധ്യമങ്ങളും ആപ്ലിക്കേഷനുകളും ഇത്തരത്തിൽ വിവേചനം കാണിക്കുന്നത്. 2021 മെയ് മാസത്തിലും ഇത്തരത്തിലുള്ള നീക്കങ്ങൾ പ്രമുഖ സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാം നടത്തുകയുണ്ടായി. 2021-ലെ റമദാൻ മാസത്തിൽ ഗവണ്മെന്റും പട്ടാളവും അൽഅഖ്‌സ്വാ പള്ളിയിൽനിന്ന് വിശ്വാസികളെ ആക്രമിച്ച് പുറത്താക്കുന്ന ചിത്രങ്ങളും ക്ലിപ്പുകളുമാണ് ഇൻസ്റ്റഗ്രാം നീക്കം ചെയ്തത്. മേൽപറഞ്ഞ രണ്ട് സംഭവങ്ങളും വിവാദമായപ്പോൾ കുറ്റം അൽഗോരിതത്തിന്റെതാണെന്നും മനഃപൂർവമല്ലെന്നുമുള്ള ന്യായീകരണവും പുറത്തുവന്നു.
ഡബ്ല്യൂ.ബി.ഐ.ഐ (വി ബിലീവ് ഇൻ ഇസ്രായേൽ) പോലെയുള്ള പാശ്ചാത്യ- ജൂത മാധ്യമങ്ങൾ ഇത്തരം നടപടികളെ സ്വാഗതം ചെയ്യാറേ ഉള്ളൂ. ഒരുപക്ഷേ, അത്തരം സംഘടനകളുടെ പ്രേരണകളാലും സയണിസ്റ്റ് മനോഭാവമുള്ള രാജ്യങ്ങളുടെ സമ്മർദങ്ങളാലുമാവാം ഇത്തരം സെൻസറിങ് നടപടികൾ മുഖ്യധാരാ മാധ്യമങ്ങളൊക്കെയും നടത്തുന്നത്.
സ്വദഖത്ത് സെഞ്ചർ
"ചന്ദ്രിക' നവതിയുടെ നിറവില്‍
മേൽ ശീര്‍ഷകത്തില്‍ പി.കെ ജമാല്‍ എഴുതിയ ലേഖനം (ലക്കം 3305) പരസ്പര ബഹുമാനത്തിന്റെയും സഹകരണത്തിന്റെയും സദ് വികാരം ഉദ്ദീപിപ്പിക്കാനുതകുന്നതാണ്. ഗതകാലത്തെ സഹകരണാത്മക നിലപാട് പൂര്‍വോപരി വികസിപ്പിക്കേണ്ട സങ്കീര്‍ണ ചുറ്റുപാടിലാണല്ലോ സമുദായം ഇന്നുള്ളത്. രചനാത്മക സമീപനം നിത്യ നയമായി സ്വീകരിച്ച ജമാഅത്തെ ഇസ്്‌ലാമി മുസ്്‌ലിം ലീഗിന്റെ തകര്‍ച്ച ലവലേശം ആഗ്രഹിക്കുന്നില്ലെന്നത് ഒരു അനിഷേധ്യ വസ്തുതയാണ്. 1973-ന് ശേഷം മുസ്്‌ലിം ലീഗില്‍ നിര്‍ഭാഗ്യകരമായ പിളര്‍പ്പ് സംഭവിച്ചപ്പോള്‍ ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ യോജിപ്പുണ്ടാക്കാന്‍ അന്നത്തെ അഖിലേന്ത്യാ അമീര്‍ മര്‍ഹൂം മുഹമ്മദ് യൂസുഫ് സാഹിബ് നടത്തിയ പരിശ്രമങ്ങള്‍ അതിനുള്ള തെളിവാണ്. ജമാഅത്തെ ഇസ്്‌ലാമിക്കെതിരെ ഒരു മാസക്കാലം 'ചന്ദ്രിക' പരമ്പര പ്രസിദ്ധീകരിച്ചപ്പോഴും തികഞ്ഞ സംയമനം പാലിച്ചതും ലീഗിന്റെ നന്മകളെ മാനിച്ചുകൊണ്ടായിരുന്നു. ലീഗിന്റെ നയനിലപാടുകളോടുള്ള വിയോജിപ്പ് വിരോധമായി മാറരുതെന്ന് ജമാഅത്തെ ഇസ്്‌ലാമി നേതൃത്വം അതിന്റെ അണികളെ അടിക്കടി ഉദ്‌ബോധിപ്പിക്കാറുമുണ്ട്.
ഈ കുറിപ്പുകാരനെ സംബന്ധിച്ചേടത്തോളം 'ചന്ദ്രിക' നല്ലൊരു പരിശീലന കളരിയായിരുന്നുവെന്നത് നന്ദിപൂര്‍വം ഓര്‍ക്കാതെ വയ്യ. 1973-ലാണ് എന്റെ ഒരു ലേഖനം 'ചന്ദ്രിക' വാരാന്തപ്പതിപ്പില്‍ ആദ്യമായി വളരെ നല്ല മട്ടില്‍ പ്രസിദ്ധീകരിച്ചത്. പിന്നീട് ഒട്ടേറെ കുറിപ്പുകളും ലേഖനങ്ങളും 'ചന്ദ്രിക'യില്‍ വന്നു. കെ.പി കുഞ്ഞിമൂസ്സയും റഹീം മേച്ചേരിയും മറ്റും നല്‍കിയ പ്രോത്സാഹനം ഒരിക്കലും മറക്കാനാവാത്തതാണ്.
'ചന്ദ്രിക' സമുദായത്തെ ഉണര്‍ത്തുന്നതിലും ഉദ്ബുദ്ധരാക്കുന്നതിലും വഹിച്ച പങ്ക് അനിഷേധ്യമാണ്. സമുദായത്തില്‍ ഒരുമയുടെ പെരുമ ഉണ്ടാക്കിയെടുക്കാന്‍ 'ചന്ദ്രിക' ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ സജീവമായി ഇനിയും ശ്രമിക്കേണ്ടതുണ്ട്. സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന ദുശ്ശക്തികളെ വിവേകപൂര്‍വം നേരിടേണ്ടതുണ്ട്. വിവാദ വിഷയങ്ങളില്‍ വിശാല വീക്ഷണം പുലര്‍ത്തുന്ന 'ചന്ദ്രിക'യുടെ നല്ല പാരമ്പര്യം ഇനിയും തുടരണം.
പി.പി അബ്ദുര്‍റഹ്്മാന്‍ പെരിങ്ങാടി
പുനഃപ്രസിദ്ധീകരിക്കണം
'മലയാളിയുടെ ഹജ്ജനുഭൂതിയും നമ്മുടെ സഞ്ചാര സാഹിത്യവും' എന്ന ശീർഷകത്തിൽ പി.ടി കുഞ്ഞാലി നടത്തിയ നിരീക്ഷണങ്ങൾ ഹൃദ്യവും മനോഹരവുമായി. പ്രസ്തുത ശീർഷകത്തിൽ, 1946-ലും 1924-ലുമൊക്കെ മലയാളികൾ നടത്തിയ സാഹസികമായ ഹജ്ജ് യാത്രയെ കുറിച്ചെഴുതിയ പുസ്തകങ്ങളെ അതിൽ അദ്ദേഹം പരിചയപ്പെടുത്തുന്നുണ്ട്. പ്രസ്തുത പുസ്തകങ്ങളിലെ പ്രസക്ത ഭാഗങ്ങൾ പ്രബോധനം പുനർവായനക്കായി പ്രസിദ്ധീകരിച്ചാൽ ന്യൂ ജെൻ തലമുറക്ക് അത് പുതിയൊരു അറിവാകും.
സിറാജ് തട്ടാർകുഴി, ദുബൈ
Comments