Prabodhanm Weekly

Pages

Search

2023 ജൂൺ 30

3308

1444 ദുൽഹജ്ജ് 11

സംഘര്‍ഷത്തില്‍ കക്ഷിചേരാതെ "പംഗല്‍' മുസ്്‌ലിംകൾ

നൂറുല്ലാ ജാവേദ്, കൊല്‍ക്കത്ത

മണിപ്പൂരില്‍ മുപ്പത് വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1993 മെയ് 3-ന് മുസ്്‌ലിംകള്‍ക്കെതിരെ മെയ്ത്തി തീവ്രവാദി സംഘങ്ങള്‍ നടത്തിയ ആക്രമണം ഓര്‍മയിലേക്ക് വരികയാണ്. രണ്ട് ദിവസം അക്രമികള്‍ അഴിഞ്ഞാടി. സര്‍ക്കാരേതര കണക്ക് പ്രകാരം അതില്‍ കൊല്ലപ്പെട്ടത് 200 മുസ്്‌ലിംകള്‍. കഴിഞ്ഞ മുപ്പത് വര്‍ഷമായി മണിപ്പൂരി  ജനസംഖ്യയില്‍ 8.5 ശതമാനം വരുന്ന മുസ്്‌ലിംകള്‍ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകളില്‍ അനീതിക്കിരയായിക്കൊണ്ടിരിക്കുന്നു. ബി.ജെ.പി അധികാരം കൈയാളിയ കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ മുസ്്‌ലിംകള്‍ അക്ഷരാര്‍ഥത്തില്‍ അരികുവത്കരിക്കപ്പെട്ടു. 1972-ല്‍ മണിപ്പൂരിന് പൂര്‍ണ സംസ്ഥാന പദവി കിട്ടിയതിനു ശേഷം അധികാരമേറ്റ ആദ്യ മുഖ്യമന്ത്രി ഒരു മുസ്്‌ലിമായിരുന്നു- മുഹമ്മദ് അലീമുദ്ദീന്‍. പക്ഷേ, ഇന്ന് ബിരേന്‍ സിംഗിന്റെ മന്ത്രിസഭയില്‍ ഒരു മുസ്്‌ലിം പോലുമില്ല. 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനതാ ദള്‍ യുനൈറ്റഡിന്റെ ടിക്കറ്റില്‍ രണ്ട് മുസ്്‌ലിംകള്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും, അതിലൊരാളായ മുഹമ്മദ് അഅ്‌സ്വാബുദ്ദീന്‍ പിന്നീട് ബി.ജെ.പിയിലേക്ക് കൂറുമാറി. ഏതാനും വര്‍ഷങ്ങളായി മണിപ്പൂരിലെ മുസ്്‌ലിംകള്‍ക്കെതിരെ ജനക്കൂട്ട ആക്രമണവും നടക്കുന്നുണ്ട്. മുസ്്‌ലിംകളുടെ ഉടമസ്ഥതയിലുള്ള ചില കെട്ടിടങ്ങള്‍ 'നിയമവിരുദ്ധം' എന്ന ചാപ്പകുത്തി പൊളിച്ചു നീക്കുകയും ചെയ്തു.  ബംഗാളി-റോഹിംഗ്യ മുസ്്‌ലിംകള്‍ക്ക് അഭയം നല്‍കുന്നു എന്ന ചാപ്പ കുത്തലും അവര്‍ക്കെതിരെ നടക്കുന്നു. അത്ഭുതകരമായ യാദൃഛികതയെന്ന് പറയാം, മുപ്പത് വര്‍ഷത്തിനു ശേഷം അതേ മെയ് മൂന്നിന് മണിപ്പൂരില്‍ വീണ്ടും ചോരപ്പുഴയൊഴുകി. ഇത്തവണ ഇരകള്‍ മുസ്്‌ലിംകള്‍ അല്ല എന്നു മാത്രം. ഒരു മാസത്തിലധികമായി, മെയ്ത്തികളും കുക്കികളും നാഗാ ഗോത്ര വര്‍ഗങ്ങളും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയാണ്. നൂറ്റാണ്ടുകളായി നിലനിന്ന സാഹോദര്യ സൗഹൃദങ്ങളാണ് അപ്പാടെ പൊളിച്ചു നീക്കപ്പെട്ടത്. മെയ്ത്തികള്‍ക്ക് ഭൂരിപക്ഷമുള്ളിടത്ത് തങ്ങള്‍ സുരക്ഷിതരല്ലെന്ന് കുക്കികളും നാഗന്മാരും കരുതുന്നു. കുക്കി-നാഗാ പ്രദേശങ്ങളില്‍ താമസിക്കാന്‍ മെയ്ത്തികളും തയാറാകുന്നില്ല. ലക്ഷങ്ങള്‍ വീട് വിട്ട് ക്യാമ്പുകളില്‍ കഴിയുകയാണ്.

ഈ ഘട്ടത്തില്‍ പംഗല്‍ മുസ്്‌ലിംകള്‍ (മണിപ്പൂരി മുസ്്‌ലിംകളെ അങ്ങനെയാണ് വിളിക്കുക), പരസ്പരം ഏറ്റുമുട്ടുന്ന ഇരു സമൂഹങ്ങളില്‍ ഏതെങ്കിലുമൊരു പക്ഷത്ത് നിന്നാല്‍ അത് ആ വിഭാഗത്തെ ശക്തിപ്പെടുത്തുമെന്ന് ഉറപ്പാണ്. പക്ഷേ, മുസ്്‌ലിംകള്‍ അങ്ങനെ പക്ഷം ചേരുന്നില്ലെന്ന് മാത്രമല്ല, ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ സൗഹൃദവും സമാധാനവും പുനഃസ്ഥാപിക്കാന്‍ അവര്‍ ഓടി നടക്കുകയുമാണ്. അക്രമത്തിന് ഇരകളായവര്‍ മെയ്ത്തികളാവട്ടെ, കുക്കികളാവട്ടെ ഇരു വിഭാഗത്തിനും അവര്‍ തങ്ങളുടെ വീടിന്റെ വാതിലുകള്‍ തുറന്നു കൊടുക്കുന്നു. പക്ഷേ, മീഡിയ ഇതൊന്നും കണ്ടതായി നടിക്കുന്നില്ല.

മണിപ്പൂര്‍ പതിനാറ് ജില്ലകളാണ്. ഇതില്‍ പത്തും പര്‍വത പ്രദേശങ്ങളാണ്; ബാക്കി താഴ്്വരകളും. 60 അസംബ്ലി സീറ്റുകളുണ്ട്; താഴ്്വരയില്‍ 40 സീറ്റും പര്‍വത പ്രദേശങ്ങളില്‍ 20 സീറ്റും. പര്‍വത പ്രദേശങ്ങളില്‍ കുക്കി-നാഗാ ഗോത്ര വര്‍ഗങ്ങള്‍ക്കാണ് ഭൂരിപക്ഷം. താഴ്്വരകളില്‍ മെയ്ത്തികളുടെ മേധാവിത്വമാണ്. മത, സംസ്‌കാര വൈവിധ്യങ്ങളുടെ നാടാണ് മണിപ്പൂര്‍. 41.39 ശതമാനം വരുന്ന മെയ്ത്തികളില്‍ ഭൂരിപക്ഷവും ഹിന്ദു മതവിശ്വാസികളാണ്. കുക്കി-നാഗ വിഭാഗക്കാര്‍ 41.29 ശതമാനം വരും. ഇവര്‍ ക്രിസ്തുമത വിശ്വാസികളാണ്. മണിപ്പൂര്‍ മുസ്്‌ലിംകളില്‍ 98 ശതമാനവും മെയ്ത്തി വംശജരായ പംഗല്‍ മുസ്്‌ലിംകളാണ്. 1606-ല്‍ മുഹമ്മദ് ശാനി എന്ന പട്ടാളത്തലവന്റെ നേതൃത്വത്തിലുള്ള ആയിരത്തോളം മുസ്്‌ലിം സൈനികരെ ഇവിടെ തടവുകാരായി പിടിച്ചുകൊണ്ടുവന്നുവെന്നും, അവര്‍ തദ്ദേശീയരായ സ്ത്രീകളെ വിവാഹം ചെയ്ത് രൂപപ്പെട്ടതാണ് ഇവിടത്തെ പംഗല്‍ മുസ്്‌ലിം സമൂഹം എന്നും പറയപ്പെടുന്നു. കഴിഞ്ഞ നാല് നൂറ്റാണ്ടായി മണിപ്പൂരിന്റെ സകല മണ്ഡലങ്ങളിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മുസ്്‌ലിംകള്‍ ധാരാളമായി താമസിക്കുന്നത് താഴ്്വര പ്രദേശങ്ങളിലായതിനാല്‍ മെയ്ത്തികളുമായാണ് അവര്‍ക്ക് അടുത്ത ബന്ധമുള്ളത്. യു.പിയില്‍നിന്നും ബിഹാറില്‍നിന്നും കുടിയേറിയ മുസ്്‌ലിംകള്‍ ഉണ്ടെങ്കിലും അവരുടെ എണ്ണം വളരെക്കുറവാണ്.

മണിപ്പൂരി മുസ്്‌ലിംകളുടെ നിലവിലെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമാണ്. ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ അവരുടെ പ്രാതിനിധ്യം പേരിന് മാത്രം. മണിപ്പൂരില്‍ അറുപത് അസംബ്ലി സീറ്റുകളില്‍ ഇരുപതും ഗോത്ര വര്‍ഗങ്ങള്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണ്. സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ 31 ശതമാനം വരെ സംവരണമുണ്ട്. പക്ഷേ, ഇതിലൊന്നും മുസ്്‌ലിംകള്‍ പെടുന്നില്ല. 2006-ല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് മുസ്്‌ലിംകള്‍ക്ക് നാല് ശതമാനം സംവരണം നല്‍കാമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല.

ജമാഅത്തെ ഇസ്്‌ലാമി, ജംഇയ്യത്തുല്‍ ഉലമാ പോലുള്ള സംഘടനകള്‍ പംഗല്‍ മുസ്്‌ലിംകള്‍ക്കിടയില്‍ സജീവമാണ്. മണിപ്പൂര്‍ മുസ്്‌ലിംകളുടെ പൊതുവേദിയാണ് ആള്‍ മണിപ്പൂര്‍ മുസ്്‌ലിം ഓര്‍ഗനൈസേഷന്‍സ് കോര്‍ഡിനേറ്റിംഗ് കമ്മിറ്റി (AMMOCC). ഈ പൊതു പ്ലാറ്റ്ഫോമിന്റെ ബാനറിലാണ് സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സൗഹൃദം പുനഃസ്ഥാപിക്കാനുള്ള യത്‌നങ്ങളുമായി പംഗല്‍ മുസ്്‌ലിംകള്‍ മുന്നോട്ട് പോകുന്നത്. ഈ കൂട്ടായ്മയുടെ അധ്യക്ഷൻ എസ്.എം ജലാല്‍ പറയുന്നത്, കുടിയൊഴിഞ്ഞു പോന്നവർക്കു വേണ്ടി തങ്ങള്‍ പലയിടങ്ങളിലായി റിലീഫ് ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ടെന്നാണ്. കലാപ ബാധിത പ്രദേശങ്ങളിലേക്ക് ഭക്ഷണമെത്തിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു. ഈ സേവന പ്രവര്‍ത്തനങ്ങള്‍ കൊണ്ടാവാം ഇരു വിഭാഗവും മുസ്്‌ലിംകള്‍ക്കെതിരെ ആക്രമണം നടത്തുന്നില്ല. ഒരു മുസ്്‌ലിമും ഈ കലാപത്തിൽ ഇതുവരെ കൊല്ലപ്പെട്ടിട്ടുമില്ല. l

(ദഅ്‌വത്ത്  2023 ജൂണ്‍ 8, സംഗ്രഹ വിവര്‍ത്തനം)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 16-17
ടി.കെ ഉബൈദ്‌

ഹദീസ്‌

മസ്ജിദുൽ ഹറാമിന്റെ മഹത്വം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌