വിജ്ഞാന സപര്യയുടെ സഫലമായ ചുവട് വെപ്പുകൾ
ഇസ്്ലാമിക വിജ്ഞാനകോശത്തിന്റെ പതിനാലാം വാള്യം കഴിഞ്ഞ ഒക്ടോബറിലാണ് പ്രകാശനം ചെയ്യപ്പെട്ടത്. 1995-ൽ അതിന്റെ ഒന്നാം വാള്യം പുറത്തിറങ്ങി. കാൽ നൂറ്റാണ്ടിനിടയിലുണ്ടായ നിരവധി പ്രതിസന്ധികൾ അതിജീവിച്ചാണ് ഐ.പി.എച്ച്, ഈ ഗ്രന്ഥപരമ്പരയുടെ പതിനാല് വാള്യങ്ങൾ പുറത്തിറക്കിയത്. പുസ്തക മുദ്രണമല്ല, ചരിത്ര നിർമിതിയാണ് ഐ.പി.എച്ച് ഇതിലൂടെ നിർവഹിക്കുന്നത്. സയൻസിനും കലക്കും വൈദ്യശാസ്ത്രത്തിനും മതത്തിനും ഭാഷക്കും എന്നു വേണ്ട, ഓരോ വിജ്ഞാന ശാഖക്കും പ്രത്യേകം പ്രത്യേകം വിജ്ഞാനകോശങ്ങൾ ഉണ്ടാക്കുന്ന സന്ദർഭത്തിലാണ് ഇസ്‌ലാമിക വിജ്ഞാനകോശം പതിനാലാം വാള്യത്തിന്റെ പിറവി. ദിആബ് മുതൽ ഫ്രൈഡേ ക്ലബ് വരെ 1570-ൽ പരം ശീർഷകങ്ങളാണ് പതിനാലാം വാള്യത്തിന്റെ ഉള്ളടക്കം. അക്ഷരമാലാ ക്രമത്തിൽ പറഞ്ഞാൽ ദ(ദി) മുതൽ ഫ്ര വരെയുള്ള അക്ഷരങ്ങളിൽ വരുന്ന ഇസ്‌ലാം/മുസ്്ലിം സംബന്ധിയായ പരശ്ശതം ടൈറ്റിലുകൾ. ധ, ന, പ, ഫ എന്നീ അക്ഷരങ്ങളും അതിനിടയിൽ വരുന്നു. ശീർഷകങ്ങളിൽ ചിലത് രാഷ്ട്രീയ മാനമുള്ളതാണെങ്കിൽ മറ്റു ചിലത് സാമൂഹിക സവിശേഷതകൾ ഉള്ളതാണ്. വ്യക്തി- സ്ഥലനാമങ്ങളും വിവരണങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ചരിത്ര പ്രാധാന്യവും പൈതൃക പ്രാമാണ്യവുമുള്ള വിവരങ്ങളും മറ്റു വാള്യങ്ങളെപ്പോലെ ഈ വാള്യത്തിലുമുണ്ട്. കാലപ്പഴക്കത്തിൽ വിസ്മൃതിയിലേക്ക് പോയതും എന്നാൽ, പോകാൻ പാടില്ലാത്തുമായ ചില വിവരങ്ങൾ ശേഖരിച്ചു രേഖപ്പെടുത്തി എന്നതു കൂടിയാണ് വായനക്കാരുടെ കൈയിലെത്തിയ പതിനാലാം വാള്യത്തിന്റെ സവിശേഷതകളിൽ ഒന്ന്. പ്രാദേശിക-ദേശീയ- അന്തർദേശീയ വിഷയങ്ങളെ കുറിച്ച ശീർഷകങ്ങളാൽ സമൃദ്ധമാണ് പുതിയ വാള്യം.
വാള്യം 14-ലെ ചില ശീർഷകങ്ങൾ ശ്രദ്ധിക്കാം: ദിമ്മികൾ (പേ:41), ദിംയാത്വ് (41), ദിയാഉദ്ദീൻ സർദാർ (47), ദിർഇയ്യ (65), ദീവാനുകൾ (തരാതരം- 82 മുതൽ 89 വരെ), ദേശീയത (133), ദൈറുകൾ (138 മുതൽ 141 വരെ), ദ്വാരക (154), നജീബ് മഹ്ഫൂള് (194), നജീബ് കീലാനി (192), നജ്ജാശി (205), നദ്്വത്തുൽ ഉലമാ (220), നഫീസത്തുൽ മിസ്വ്്രിയ്യ (228), നഫീസത്ത് മാല (228), നബാത്തിയ ഖുത്തുബ (236), നരവംശ ശാസ്ത്രം (246), നവവി (253), നവായത്തുകൾ (259), നാസ്തികത (322), പുലിക്കോട്ടിൽ ഹൈദർ (662), പി.എം ഫൗണ്ടേഷൻ (643), പി.എൽ. ഒ (644), പാൻ ഇസ്്ലാമിസം (618), പൂക്കോട്ടൂർ (670), പുകവലി (653), പൈതഗോറസ് (699), പൗരത്വ പ്രക്ഷോഭം (717), പ്രബോധനം (721), നഹ്‌വ് (309), ഫദ്ഫരി കുടുംബം (757), പോക്കർ, പി.കെ. (707), ഫസൽ ഗഫൂർ (792), പോക്കർ കടലുണ്ടി (706).. മുതലായ ശീർഷകങ്ങൾ വിഷയ വൈപുല്യവും ആയതിന്റെ പ്രാദേശിക, ദേശീയ, അന്തർദേശീയ മാനങ്ങളും നമ്മുടെ മുമ്പിൽ തുറന്നിടുന്നു.
സ്ഥലനാമങ്ങൾ പ്രശസ്തമോ അപ്രശസ്തമോ സുപരിചിതമോ അപരിചിതമോ ആകട്ടെ, അവ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമാണ്; അതിനാൽ തന്നെ ചരിത്രത്തിന്റെയും. അതിനെ കുറിച്ച് പ്രസാധകർ പറയുന്നത് ഇങ്ങനെ: "ഇസ്്ലാമിക ചരിത്രത്തിലും വർത്തമാനത്തിലും ഇടം നേടിയ നിരവധി നാടുകളെയും നഗരങ്ങളെയും ഈ വാള്യം പരിചയപ്പെടുത്തുന്നു. ഉമവി ഖിലാഫത്തിന്റെ ആസ്ഥാനവും സിറിയൻ തലസ്ഥാനവുമായ ദിമശ്ഖ്, ഈജിപ്തിലെ നഗരങ്ങളായ ദിമൻഹൂർ, ദിംയാത്വ്, ഫുസ്ത്വാത്വ്, ഗൾഫിലെ പ്രമുഖ നഗരങ്ങളായ ദുബൈ, ദോഹ, ഫുജൈറ, നജ്റാൻ, ദിർഇയ്യ, ഇന്ത്യ ഉപഭൂഖണ്ഡത്തിലെ പഞ്ചാബ്, ദിനാജ്പൂർ, ദൗലതാബാദ്, നാഗൂർ, നാഗ്പ്പൂർ, പട്ന, നജീബാ ബാദ്, പാനിപത്ത്, നജ്ദ്, നജ്റാൻ, പൗരാണിക പേർഷ്യ, പെശാവർ, നാബുലുസ് ...നിശാപൂർ, നൂബ തുടങ്ങിയ ശീർഷകങ്ങൾ ആ ഗണത്തിലുള്ളവയാണ്."
മാഞ്ഞുപോയവ അന്വേഷിക്കാനും മായ്്ച്ചുകളയാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാനുമുള്ള സർഗാത്മക പ്രവർത്തനമായി വിജ്ഞാനകോശ നിർമിതി മാറുന്ന സന്ദർഭങ്ങളുണ്ട്. സിലബസിൽനിന്നു വെട്ടിമാറ്റാം, സ്ഥല നാമങ്ങൾ മായ്്ച്ചു കളയാം, പുതിയ പേരുകൾ നിർദേശിക്കാം. ഏക ശിലാ സംസ്കാര നിർമിതിയുടെ വാഴ്ചക്കാലത്ത് ബഹുസ്വരതക്കുള്ള കരുതിവെപ്പാണ് വിജ്ഞാനകോശ 'നിർമിതി. വിജ്ഞാന കോശത്തിന്റെ ആമുഖത്തിൽ നിന്ന്: "ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മുഗൾ വാസ്തുശിൽപ നിർമിതികളിൽപ്പെട്ട ദീവാനെ ആം, ദീവാനെ ഖാസ്വ്, ഫത്ഹ്പൂർ സിക്രി, പുരാനാ ഖില, ദൽഹിയിലെ പ്രധാന പള്ളികളിൽ ഒന്നായ ഫത്ഹ്പൂരി മസ്ജിദ്, പ്രവാചക പ്രകീർത്തനങ്ങളെ സംബന്ധിച്ച നഅത്, അറബി ഗാനങ്ങളെ സൂചിപ്പിക്കുന്ന നശീദഃ എന്നിവയാണ് ഈ ഇനത്തിലെ മറ്റു പ്രധാന ശീർഷകങ്ങൾ."
പ്രമുഖ മുസ്്ലിം ഫെമിനിസ്റ്റ് സൈദ്ധാന്തികരും ആക്റ്റിവിസ്റ്റുകളുമായ ഹുദാ ശഅ്റാവിയും ആമിന വദൂദും ഫാത്തിമ മെർനീസിയും മീനാ കശ്്വർ കമാലും അസ്മാ ബർലാസും സൈനാ അൻവറും റാവിയ അത്വിയ്യയും ലൈല അൻവറും രിഫ്അത് ഹസനും അവരുടെ കൃതികളും സാമാന്യമായി പരിചയപ്പെടുത്തപ്പെടുന്നുണ്ട് ഈ വാള്യത്തിൽ. അറബ് ലോകത്തിനു പുറത്ത് മറ്റു രാജ്യങ്ങളിലെ മുസ്്ലിം സ്ത്രീപക്ഷ ചലനങ്ങളും രേഖപ്പെടുത്തുന്നു. ഇസ്്ലാമിക പക്ഷത്തുനിന്നുള്ള സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളെയും സൂചിപ്പിക്കുന്നു. 'ദേശീയത' പാശ്ചാത്യ കാഴ്ചപ്പാടിൽ മാത്രമല്ല, ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിൽ കൂടി സമീപിക്കുകയാണ് 133 മുതലുള്ള പുറങ്ങളിൽ.
ദ മുതൽ ഫ വരെയുള്ള അക്ഷരങ്ങളിൽ വരുന്ന വിവിധ രാജ്യങ്ങൾ, അവിടത്തെ മുസ്്ലിം വ്യാപന ചരിത്രം ഇസ്്ലാം/മുസ്്ലിം സംസ്കാരം എന്നിവയെ കുറിച്ചറിയാനുള്ള അവസരം കൂടി ഈ വാള്യത്തിലുണ്ട്. മുസ്്ലിംകൾ ന്യൂനപക്ഷമായ, ലാറ്റിനമേരിക്കൻ പ്രദേശങ്ങളായ പെറു മുതലായ രാജ്യങ്ങളിലെയും ന്യൂ ഗിനി, നേപ്പാൾ, നോർവേ, ഫ്രാൻസ്, ഫിലിപ്പൈൻസ്, ഫിൻലാൻഡ്, ഫിജി, പോളണ്ട്, നെതർലാൻഡ്, പനാമ, പാപുവ ന്യൂഗിനി, നിക്കരാഗ്വേ, നമീബിയ എന്നിവിടങ്ങളിലെയും മുസ്്ലിം വിശേഷങ്ങളും മലയാളത്തിൽ വായിച്ചറിയാൻ ഈ വാള്യം സഹായിക്കും.
രാജവംശങ്ങൾ (ഫാത്വിമികൾ), രാജാക്കന്മാർ (ഫൈസ്വൽ ബിൻ അബ്ദുൽ അസീസ്), ചക്രവർത്തിമാർ (ഫീറൂസ് ഷാ തുഗ്്ലഖ്), സ്ഥാനപ്പേരുകൾ (ഫൗജ്ദാർ), മുസ്്ലിം ചരിത്രത്തിന്റെ ഭാഗമായ നാടുകൾ (പേർഷ്യ), നഗരങ്ങൾ (ദിമശ്ഖ്), വ്യക്തികൾ (പി.കെ ഫിറോസ്, പ്രേം നസീർ), പൗരാണിക സ്ഥലനാമങ്ങൾ (ഫുസ്ത്വാത്വ്), വംശീയ വിഭാഗങ്ങൾ (ഫുലാനികൾ), ഗോത്രവിഭാഗങ്ങൾ (പശ്തൂൺ), അവാർഡുകൾ (ഫൈസ്വൽ അവാർഡ്), വിദ്യാഭ്യാസ സംരംഭങ്ങൾ (ഡോ. ഗൾഫാർ പി. മുഹമ്മദലിയുടെ പി.എം ഫൗണ്ടേഷൻ) പ്രമുഖ വിദ്യാഭ്യാസ കേന്ദ്രങ്ങൾ (ദാറുൽ ഉലൂം), സാങ്കേതിക സംജ്ഞകൾ (ഫൈഅ, ദിമ്മി), ഇസങ്ങൾ (ഫെമിനിസം), രാഷ്്ട്രീയ പ്രസ്ഥാനങ്ങൾ (പ്രോഗ്രസീവ് റിപ്പബ്ലിക്കൻ പാർട്ടി), പ്രധാന ആരാധനാലയങ്ങൾ/ പൈതൃക പള്ളികൾ (അംറുബ്്നുൽ ആസ്വ് പള്ളി), പൗരാണിക കൃതികൾ (അൽഫിഹ്്രിസ്ത്, ഫുതൂഹുൽ ബുൽദാൻ), പഴയതും പുതിയതുമായ ആനുകാലികങ്ങൾ (അൽഫുർഖാൻ വാരിക), കലാരൂപങ്ങൾ (ഫുസൈഫിസാഅ്), രാജ്യങ്ങൾ, (ഫുജൈറ), തഫ്്സീറുകൾ (ഫീ ളിലാലിൽ ഖുർആൻ), സൂറകൾ (ദി മുതൽ ഫ വരെയുള്ള അക്ഷരങ്ങളിലെ സൂറകൾ) എന്നിങ്ങനെ വിവിധ തല സ്പർശിയായ ശീർഷകങ്ങൾ ഈ വാള്യത്തിലുണ്ട്.
921 മുതൽ 942 വരെ പുറങ്ങൾ ഗ്രന്ഥസൂചിയും 945 മുതൽ 962 വരെയുള്ള പേജുകൾ വിഷയ സൂചിയുമാണ്. വിജ്ഞാന തൽപരരായ സാധാരണ വായനക്കാർക്ക് പൊതുവെയും, ഗവേഷകർക്കും വിദ്യാർഥികൾക്കും സവിശേഷമായും പ്രയോജനകരമായ ഇസ്്ലാമിക വിജ്ഞാനകോശം വ്യക്തികൾക്കും ഗ്രന്ഥശാലകൾക്കും മുതൽക്കൂട്ടായിരിക്കും. l
Comments