Prabodhanm Weekly

Pages

Search

2023 ജൂൺ 30

3308

1444 ദുൽഹജ്ജ് 11

ലിബറൽ വ്യക്തി വാദങ്ങളും മുസ്‌ലിംകളും

സി. ടി സുഹൈബ്

IPC 377,  ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്നതിനാൽ അത് ഭാഗികമായി റദ്ദു ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്ന സന്ദർഭത്തിൽ സമ്മിശ്ര പ്രതികരണങ്ങൾ ഉയർന്നുവന്നിരുന്നു. ചിലത് സദാചാര ധാർമിക കാഴ്ചപ്പാടിൽ നിന്നുകൊണ്ടുള്ള പ്രതികരണങ്ങളായിരുന്നെങ്കിൽ ചിലത് സാമൂഹിക രാഷ്ട്രീയ തലങ്ങളിൽ ഊന്നിയ പ്രതികരണങ്ങളായിരുന്നു.

ഒരു നിയമം നടപ്പാക്കുമ്പോഴും റദ്ദ് ചെയ്യുമ്പോഴും ഏതൊക്കെ സമുദായങ്ങളെയാണോ അത് ബാധിക്കുന്നത്, അവർക്ക് അനുഗുണമാവുക എന്നതാണ് ജനാധിപത്യ വ്യവസ്ഥയിൽ സ്വീകാര്യമെന്ന നിലക്ക് ഈ വിധി, ലൈംഗിക ന്യൂനപക്ഷങ്ങളെ സംബന്ധിച്ചേടത്തോളം അവരുടെ വ്യക്തി സ്വാതന്ത്രത്തിനുള്ള അംഗീകാരമാണെന്ന നിലക്ക് ഒരു വിഭാഗം അതിനെ സ്വാഗതം ചെയ്തിരുന്നു. അതുപോലെ ട്രാൻസ്ജെൻഡര്‍ വിഭാഗക്കാർ ഏതൊരു നിയമത്തിന്റെ പേരിലാണോ പോലീസിന്റെ വേട്ടയാടലിന് ഇരകളാക്കപ്പെട്ടിരുന്നത്, അതിൽനിന്നുള്ള സംരക്ഷണം ഈ നിയമം റദ്ദാക്കപ്പെടുന്നതിലൂടെ ലഭിക്കുന്നു. ഭരണഘടനാ മൂല്യങ്ങളാണ് ജനാധിപത്യ വ്യവസ്ഥക്കുള്ളിൽ നിയമനിർമാണത്തിന്റെ മാനദണ്ഡം എന്നതിനാൽ തന്നെ ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന നിലക്ക് സമൂഹത്തിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായങ്ങളെയോ മറ്റു ധാർമിക കാഴ്ചപ്പാടുകളെയോ പരിഗണിക്കണമെന്നില്ല. അതേസമയം നിയമത്തിനപ്പുറം വ്യക്തികൾക്കോ വിഭാഗങ്ങൾക്കോ അവരുടെ ധാര്‍മിക കാഴ്ചപ്പാടുകള്‍ക്കകത്തു നിന്നുകൊണ്ട്‌ വിഷയത്തെ വിമർശിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യം കൂടി വകവെച്ച് നൽകപ്പെടേണ്ടതുണ്ട് എന്നത് പ്രധാനമാണ്.

സുപ്രീം കോടതി വിധി വന്നതിന് ശേഷം എൽ.ജി.ബി.ടി.ക്യു +  മൂവ്മെന്റുകൾ സജീവമായി രംഗത്തുണ്ട്. ഇത്തരം ലിബറല്‍ വ്യക്തിവാദങ്ങൾ സമൂഹത്തില്‍ പല രീതിയിൽ സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്നതിന്റെ തെളിവുകളാണ് പ്രൈഡ് മാസത്തിനും പ്രൈഡ് റാലികള്‍ക്കുമൊക്കെ പ്രമുഖ വിദ്യാർഥി -യുവജന സംഘടനകളടക്കം നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണ. വ്യക്തി അവകാശങ്ങളെ കുറിച്ച അതിവാദങ്ങളും വ്യക്തിയുടെ സന്തോഷത്തിലും ആനന്ദത്തിലും കേന്ദ്രീകരിച്ച ജീവിത സംസ്‌കാരവുമാണ് ആസ്വാദനങ്ങൾക്കും ആനന്ദങ്ങള്‍ക്കും അതിരുകള്‍ നിശ്ചയിക്കരുതെന്ന് പറയുന്നത്. ശരീരത്തിന്റെ ഉടമാവകാശം ആർക്കാണെന്നത് ഇതിലൊരടിസ്ഥാന വിഷയമാണ്. My body My choice എന്നത് വസ്ത്രധാരണത്തിന്റെയും ലൈംഗിക തെരഞ്ഞെടുപ്പിന്റെയും ആസ്വാദനത്തിന്റെയും ഇപ്പോള്‍ വിവാഹത്തിന്റെയും കാര്യങ്ങളിലെല്ലാം ഉയർന്നു വന്ന മുദ്രാവാക്യമാണ്. സ്വന്തം ശരീരത്തിന്റെ ഉടമാവകാശി താന്‍ തന്നെയാണ്, മറ്റൊരാള്‍ക്ക് ഉപദ്രവമില്ലാത്തിടത്തോളം എനിക്ക് ഇഷ്ടമുള്ളത്  ചെയ്യാം എന്ന കാഴ്ചപ്പാടാണത്. അതില്‍ ഭക്ഷണവും വസ്ത്രവും മുതല്‍ ആത്മഹത്യക്കുള്ള അവകാശങ്ങള്‍ വരെ വരും.

ഇസ്‌ലാമിന് വിയോജിക്കേണ്ടിവരുന്ന അടിസ്ഥാന പോയിന്റും ഇതാണ്. ഇസ്‌ലാമിന്റേത് മനുഷ്യ കേന്ദ്രിതം അല്ല, ദൈവ കേന്ദ്രിതമായ ജീവിത കാഴ്ചപ്പാടാണ്. ലിബറല്‍ കാഴ്ചപ്പാടില്‍ എല്ലാറ്റിന്റെയും അതോറിറ്റി മനുഷ്യനാണെങ്കില്‍ ഇസ്‌ലാമിലത് അല്ലാഹുവാണ്. ഈ പ്രപഞ്ചത്തെയും അതിലെ സകല ചരാചരങ്ങളെയും സൃഷ്ടിച്ചത് അല്ലാഹുവാണ്. സ്രഷ്ടാവ് അവനായതു കൊണ്ടുതന്നെ എന്റെ ശരീരത്തിന്റെയടക്കം ഉടമാധികാരം അവന്നാണ്. അവന്റെ ഉടമാധികാരത്തിലുള്ളതിനോട് കൽപിക്കാനുള്ള അധികാരവും അവന് തന്നെയാണ്. ഇതാണ് ഒരു വിശ്വാസിയുടെ ജീവിത കാഴ്ചപ്പാട്. അതേസമയം അല്ലാഹു കൽപിച്ചതിലും നിയമമാക്കിയതിലും നന്മ മാത്രമാണുള്ളതെന്നും ആ നന്മ ഈ ലോകത്തെ മാത്രം പരിഗണിച്ചല്ല, മരണാനന്തര ജീവിതത്തെ കൂടി പരിഗണിക്കുന്ന നന്മയാണെന്നുമുള്ള വിശാല കാഴ്ചപ്പാടാണത് .

ഈ ലോകത്തെ ജീവിതം ആസ്വാദനത്തിന്റെയല്ല, പരീക്ഷണത്തിന്റെയാണ്. അതേസമയം മനുഷ്യ മനസ്സ് എല്ലാത്തരം ആസ്വാദനങ്ങളിലേക്കും ആനന്ദങ്ങളിലേക്കും ചായുന്ന പ്രകൃതത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മനസ്സ് ആഗ്രഹിക്കുന്നതെല്ലാം ശരീരം സാക്ഷാത്കരിക്കാന്‍ പാടില്ല. അല്ലാഹു അരുതെന്ന് വിലക്കിയ കാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നതും വിശ്വാസിക്ക് ആനന്ദമാണ്. ഭൗതിക കാരണങ്ങള്‍ മാത്രമല്ല വിശ്വാസിയുടെ ആനന്ദത്തിന്റെ ഉറവിടം. മറിച്ച്, സ്വന്തം താല്‍പര്യങ്ങൾ മാറ്റിവെച്ച് അല്ലാഹുവിന്റെ ഇഷ്ടങ്ങളെ പരിഗണിക്കുന്നത് അത്ര എളുപ്പമല്ലെങ്കിലും അതിലൂടെ ലഭിക്കുന്ന ആനന്ദം വിശ്വാസത്തിന്റെ അനുഭൂതിയാണ്. ആത്മീയമായ ഈ ആനന്ദത്തെ 'ഹലാവത്തുല്‍ ഈമാന്‍' എന്ന് പറയും.

വ്യക്തി -കുടുംബ - സാമൂഹിക സംവിധാനത്തിന്റെ ആരോഗ്യകരമായ മുന്നോട്ടു പോക്കുമായി ബന്ധപ്പെട്ട അതിന്റെ ധാര്‍മിക കാഴ്ചപ്പാട് കൂടി പ്രധാനമാണ്. സാമൂഹിക ജീവിതത്തിന്റെ നിലനിൽപിനെയും മുന്നോട്ടുപോക്കിനെയും കുറിച്ച് ഏറ്റവും നന്നായി അറിയുന്ന അല്ലാഹു അതിനനുസരിച്ച നിർദേശങ്ങളാണ് മനുഷ്യന് നൽകിയിട്ടുള്ളത്. അത് അട്ടിമറിക്കുമ്പോൾ അനിവാര്യമായ ദുരന്തങ്ങൾ സംഭവിക്കും. അതിനാൽ തന്നെ ഇത് വ്യക്തികളുടെ കാര്യമല്ലേ, എന്തിനാണ് അതിലിടപെടുന്നതെന്ന ചോദ്യത്തിന് അർഥമില്ല. മനുഷ്യസമൂഹത്തിന്റെ നിലനിൽപും വിജയവും സാധ്യമാകുന്നത് അല്ലാഹുവിന്റെ വർണമണിയുമ്പോഴാണ്. അവന്റെ വർണത്തെക്കാൾ മികച്ചൊരു വർണവുമില്ല തന്നെ.

സ്വവർഗബന്ധത്തെ കുറിച്ച് ഖുർആൻ 'അതിരുകവിച്ചിൽ' എന്നാണ് പ്രയോഗിച്ചത്. മനുഷ്യന്റെ താൽപര്യങ്ങളും ആഗ്രഹങ്ങളും ചോദനകളും പരിധികളില്ലാതെ സാക്ഷാൽക്കരിക്കപ്പെടേണ്ടതാണെന്ന കാഴ്ചപ്പാടിനെ ഇസ്്ലാം നിരാകരിക്കുന്നു. അതാകട്ടെ സമ്പൂർണമായ നിരാകരണവുമല്ല. പരിധികളിൽ നിന്നുകൊണ്ടുള്ള ആഗ്രഹ പൂർത്തീകരണവും ആസ്വാദനങ്ങളും അത് നിശ്ചയിച്ച് നൽകുന്നുണ്ട്. ഈ ലോകത്തിനപ്പുറം മറ്റൊരു ലോകവും ജീവിതവുമുണ്ടെന്ന കാഴ്ചപ്പാടിൽനിന്നാണ് ഈ ലോകത്തെ ആസ്വാദനത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാട് നിർണയിക്കപ്പെടുന്നത്. മനുഷ്യ ശരീരത്തിന്റെയും ജീവിതത്തിന്റെയും ഉടമാധികാരം അല്ലാഹുവിനാണെന്ന നിലക്ക് ഇഷ്ടാനിഷ്ടങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും തെരഞ്ഞെടുപ്പ് അല്ലാഹുവിന്റെ കൽപനാധികാരത്തിനും താൽപര്യത്തിനും നൽകുക എന്നതാണ് വിശ്വാസത്തിന്റെ തേട്ടം.

മനുഷ്യന്റെ പ്രകൃതത്തിനനുയോജ്യമായ രീതിയിലുള്ള ലൈംഗിക ജീവിതത്തെ തന്നെ കൃത്യമായ അതിരുകള്‍ നിശ്ചയിച്ച് ക്രമപ്പെടുത്തുകയാണ് ഇസ്്ലാം ചെയ്തത്. അതിനപ്പുറമുള്ള താൽപര്യങ്ങളെയും ചോദനകളെയും നിയന്ത്രിക്കാനാണ് നിർദേശിക്കപ്പെട്ടിട്ടുള്ളത്.

ഹോർമോൺ വ്യതിയാനങ്ങളും മറ്റു ശാരീരിക പ്രശ്നങ്ങളും അനുഭവിക്കുന്നവർക്ക് പൊതു നിയമം തന്നെയാണ് ഈ വിഷയത്തിൽ ബാധകമാകുന്നത്.  വൈദ്യശാസ്ത്രത്തിലൂടെ പരിഹരിക്കാനാകുന്നവർ അത്തരം മാർഗങ്ങളവലംബിക്കണം. മതമനുശാസിക്കുന്ന സദാചാര നിയമങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് അത്തരമൊരു ജീവിതം സാധ്യമല്ലാത്തവർ ആത്മനിയന്ത്രണം പാലിക്കാനുള്ള മാർഗങ്ങൾ അവലംബിക്കാനാണ് പ്രവാചകൻ പഠിപ്പിക്കുന്നത്. ഈ ലോകത്ത് ജീവിതത്തിലെ ആസ്വാദനങ്ങൾ നിഷേധിക്കപ്പെടുന്നവർക്ക് ക്ഷമയവലംബിക്കുന്നതിലൂടെ പകരം ഒരുപാടിരട്ടിയായി ലഭിക്കുന്ന മറ്റൊരു ലോകമുണ്ടെന്ന കാഴ്ചപ്പാട് അവർക്കുള്ള നീതി ഉറപ്പു വരുത്തുന്നുണ്ട്. അനശ്വരമായ, ആത്യന്തിക നീതി ലഭിക്കുന്ന ഇസ്‌ലാമിന്റെ പരലോക സങ്കൽപത്തെ മുന്‍നിര്‍ത്തിയാണ് മാറ്റിവെക്കപ്പെടേണ്ട ഇഷ്ടങ്ങളെയും താല്‍പര്യങ്ങളെയും വ്യക്തിസ്വാതന്ത്ര്യത്തെയുമെല്ലാം മനസ്സിലാക്കേണ്ടത്. അവിടെയാണ് നീതി സമ്പൂർണമായി നടപ്പാക്കപ്പെടുന്നത് എന്നതിനാല്‍ അനീതിയെ കുറിച്ച ആശങ്കകൾക്ക് ഇവിടെ സ്ഥാനമില്ല. എന്നാൽ, ഇതെല്ലാം വിശ്വാസികളെ സംബന്ധിച്ചേടത്തോളമാണ് പ്രധാനമാകുന്നത്.

ദൈവത്തേയും അവനിൽനിന്നുള്ള ധാർമിക ശിക്ഷണങ്ങളെയും അംഗീകരിക്കാത്തവരെ സംബന്ധിച്ചേടത്തോളം ലിബറൽ ജീവിതരീതികളും ആനന്ദങ്ങളും അവരുടെ ജനാധിപത്യ അവകാശങ്ങളാണ്.

വ്യക്തികളുടെ കാര്യത്തിൽ സമൂഹം ഇടപെടേണ്ടതില്ല എന്ന വാദം ശക്തമാണ്. എന്നാൽ, കേവലം വ്യക്തിപരമായ കാര്യങ്ങളല്ല ഇതെന്നും സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണെന്നുമാണ് ഇസ്്ലാം പഠിപ്പിക്കുന്നത്. അതിനാൽ തന്നെ ഒരു സമൂഹത്തോടുള്ള ഗുണകാംക്ഷ എന്ന നിലക്കും ധാർമിക ബാധ്യത എന്ന നിലക്കും ഇസ്്ലാം പഠിപ്പിക്കുന്ന വലിയ അധ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വിഷയങ്ങളെ അതിന്റെ സദാചാര കാഴ്ചപ്പാടിൽ  നോക്കിക്കാണുന്നത്.

ലിബറൽ ജീവിത കാഴ്ചപ്പാടുകളെയും ആവിഷ്കാരങ്ങളെയും സദാചാര പ്രശ്നമായി കാണുന്നതിൽ മൗലികമായ ചില പ്രശ്നങ്ങളുണ്ടെന്ന വാദവും ശക്തമാണ്. ഇത് വ്യക്തികളുടെ കാര്യം എന്നതിനെക്കാൾ ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രത്യേക കമ്യൂണിറ്റികൾ രൂപംകൊണ്ട കാലം കൂടിയാണിത്. ഒരു ജനാധിപത്യ രാജ്യത്ത് അവരായി ജീവിക്കാനുള്ള അവകാശത്തിന് കൂടിയാണവർ പോരാടുന്നത്. അതിനെ എതിർക്കുക വഴി അത് പൗരാവകാശങ്ങളെ എതിർക്കുകയാണെന്നുമുള്ള വാദത്തെ എങ്ങനെയാണ് കാണേണ്ടതെന്നതും പ്രധാനമാണ്. മാത്രമല്ല, ഇസ്‌ലാമിക ധാർമിക കാഴ്ചപ്പാടിന് വിരുദ്ധമായ ജീവിതം നയിക്കുന്ന ഒരാളുടെ മനുഷ്യാവകാശത്തെ എങ്ങനെയാണ് കാണേണ്ടത് എന്ന ചോദ്യവും ഇവിടെയുണ്ട്. തങ്ങളുടെ കാഴ്ചപ്പാടനുസരിച്ച് ജീവിക്കുന്ന ഒരു കൂട്ടരെ പൈശാചികവത്കരിച്ച് ജനകീയ വിചാരണകൾക്കും ഹിംസകൾക്കും വിട്ടുകൊടുക്കുന്നതിലും പ്രശ്നങ്ങളുണ്ട്. അതിനാൽ വിഷയം സദാചാരപരം മാത്രമല്ല, സാമൂഹിക മാനങ്ങളുള്ള കാര്യമാണ്. ഇസ്്ലാമിക കാഴ്ചപ്പാടനുസരിച്ച് ജീവിക്കാത്തവർക്ക് മേൽ ഹിംസാത്മക സമീപനങ്ങൾ സ്വീകരിക്കാൻ ഇസ്്ലാം വിശ്വാസികൾക്ക് അനുവാദം നൽകുന്നില്ല. അതിന്റെ പേരിൽ പല തരം വയലൻസുകൾക്ക് വിധേയമാകുന്നവരെ അവരതിന് അർഹരാണെന്ന നിലക്ക് വയലൻസിനെ പ്രോത്സാഹിപ്പിക്കാനും പാടില്ല. അതേസമയം അവരുടെ കാഴ്ചപ്പാടുകളോടും ചെയ്തികളോടും ആശയപരമായി വിയോജിക്കാനും, അത് ഇസ്്ലാം വിഭാവന ചെയ്യുന്ന കുടുംബ സാമൂഹിക വ്യവസ്ഥയുടെ ശരിയായ നിലനിൽപിനെ എങ്ങനെയാണ് പ്രതിലോമകരമായി ബാധിക്കുന്നതെന്ന് ചർച്ച ചെയ്യാനും ജനാധിപത്യ സമൂഹത്തിൽ തടസ്സമുണ്ടാകാനും പാടില്ല.l

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 16-17
ടി.കെ ഉബൈദ്‌

ഹദീസ്‌

മസ്ജിദുൽ ഹറാമിന്റെ മഹത്വം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌