Prabodhanm Weekly

Pages

Search

2023 ജൂൺ 30

3308

1444 ദുൽഹജ്ജ് 11

മുസ്‌ലിംകളെ പുറന്തള്ളുന്ന ഇന്ത്യൻ നഗരങ്ങൾ

ശഹീൻ അബ്ദുല്ല

2020 ഡിസംബറിൽ ഉത്തരാഖണ്ഡിലെ ഹൈന്ദവ തീർഥാടന കേന്ദ്രമായ ഹരിദ്വാറിൽ ധർമ സൻസദ് എന്ന പേരിൽ നടന്ന ഒത്തുചേരൽ ലോക ശ്രദ്ധ നേടിയിരുന്നു. മൂന്ന് ദിവസം ഹിന്ദുത്വ സഹയാത്രികർ അവിടെ സമ്മേളിച്ച്, ഇന്ത്യയിൽ മുസ്്ലിം വംശീയ ഉന്മൂലനം എങ്ങനെ നടത്താമെന്ന കൂടിയാലോചനകളിൽ ഏർപ്പെട്ടു.  അന്ന് അത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായെങ്കിലും പിന്നീട് അത്തരം നീക്കങ്ങൾ ഇന്ത്യയിൽ  നിത്യക്കാഴ്ചയായി മാറുകയായിരുന്നു.

അതേ ഹരിദ്വാറിലൂടെ വേണം ഉത്തര കാശിയിലെ പുരോലയിൽ എത്തിച്ചേരാൻ. മെയ് 26-ന് ആ ഹിമാലയൻ പട്ടണത്തിൽ 14 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിന് ഉബൈദ് ഖാൻ, ജിതേന്ദർ സൈനി എന്നീ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാൾ ഹിന്ദുവാണെങ്കിലും അത് ലൗ ജിഹാദാണെന്ന് ഹിന്ദു സംഘടനകൾ അവകാശപ്പെട്ടു. ഒരു പത്രക്കാരന്റെ വക്രബുദ്ധിയാണ് ആ പ്രചാരണത്തിന് പിന്നിലെന്ന് ആ പെൺകുട്ടിയുടെ  ബന്ധു തന്നെ സമ്മതിക്കുന്നു.

എന്നിട്ടും തുടർന്നുള്ള ദിവസങ്ങളിൽ, മുസ്്ലിം വ്യാപാരികൾ നഗരം വിട്ടുപോകണമെന്ന് ആവശ്യപ്പെട്ടുള്ള മുസ്്ലിംവിരുദ്ധ പ്രകടനങ്ങൾക്ക് ആ നാട് സാക്ഷിയായി. മുസ്്ലിം വ്യാപാര സ്ഥാപനങ്ങൾക്ക് അടയാളങ്ങൾ വെച്ചു, അവരുടെ കടകളിൽ 'കുടിയൊഴിപ്പിക്കൽ' നോട്ടീസ് പതിച്ചു. സംഘ് പരിവാർ നേതാക്കൾ മുസ്്ലിംകൾക്ക് അന്ത്യശാസനം നൽകി. പ്രകടനങ്ങൾ നടന്നുകൊണ്ടിരിക്കെ മുസ്്ലിംകളുടെ കടകൾ ആക്രമിക്കപ്പെട്ടു. നാൽപതോളം മുസ്്ലിം കുടുംബങ്ങൾ പുരോല വിട്ടുപോയി.

തുടരന്വേഷണങ്ങളിൽ എല്ലാറ്റിനും കാരണമായ കേസ് തന്നെ ദുർബലമായി. കേസ് അന്വേഷിക്കുന്ന പോലീസ്, ഖാനും സൈനിയും ഒരു ലൗ ജിഹാദിലും ഉൾപ്പെട്ടിട്ടില്ലെന്ന് പറയുന്നു. അവർക്ക് ആ പെൺകുട്ടിയെ അറിയില്ല എന്നും, അവരോട് ഒരു വിലാസം ചോദിച്ചപ്പോൾ അവളെ ബസ്്സ്റ്റാന്റിലേക്ക് കൊണ്ടുപോയി, അവിടെ ഒരു ടെമ്പോയിൽ കയറ്റാൻ ശ്രമിച്ചു എന്നുമാണ് പോലീസിന്റെ കണ്ടെത്തൽ. ഖാനും സൈനിയും ഈ ആരോപണങ്ങൾ നിഷേധിക്കുന്നുണ്ട്.

പതിനായിരത്തോളം പേർ ജീവിക്കുന്ന പുരോലയിൽ അഞ്ഞൂറിൽ താഴെ മുസ്്ലിംകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജനസംഖ്യാനുപാതത്തിൽ നന്നെ ചെറിയ വിഭാഗമായ മുസ്്ലിംകൾ ആ നാടിനുതന്നെ വിപത്താവുമെന്ന് പ്രചരിപ്പിച്ച് 'ദേവഭൂമി രക്ഷാ അഭിയാൻ' എന്ന ഹിന്ദുത്വ സംഘടന രംഗത്ത് വന്നു. അവരുടെ പ്രചാരണം ശരിക്കും ഏൽക്കുകയും ചെയ്തു.  സംഘർഷത്തിന് ശമനമുണ്ടെങ്കിലും,  ഇനിയൊന്നും നേരത്തെപ്പോലെ ആവില്ലെന്ന് മുസ്്ലിം കുടുംബങ്ങൾ പറയുന്നു.

അകാരണമായി,  അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് മുസ്്ലിം സമൂഹത്തെ വേട്ടയാടാനും അതിക്രമങ്ങൾ നടത്താനും മോദീ ഭരണകാലത്ത് ഹിന്ദുത്വ സംഘടനകൾക്ക് ഒരു പ്രയാസവുമില്ല എന്ന് പുരോല വീണ്ടും തെളിയിക്കുന്നു. പുരോല സംഘ് പരിവാർ യാഥാർഥ്യമാക്കിയ പുതിയ ഇന്ത്യൻ നഗരപ്പതിപ്പിന്റെ ഒരു ഉദാഹരണമാണ്. നിരന്തരമായ വിദ്വേഷപ്രചാരണങ്ങളിലൂടെ ഹിന്ദു സമൂഹത്തെ മുസ്്ലിം വിരുദ്ധ ചേരിയിലെത്തിക്കാൻ അവർക്ക് എളുപ്പം സാധിക്കുന്നു. മുസ്്ലിം പേടിയിൽ  ജീവിക്കുന്ന ആൾക്കൂട്ടങ്ങൾ ചെറിയ ഒരു തെറ്റിന് പോലും മുസ്്ലിംകളെ കൂട്ടത്തോടെ ആക്രമിക്കുന്നു. ഇതിൽ പോലീസ് നിസ്സഹായരോ, ചിലപ്പോൾ സഹയാത്രികരോ ആവുന്നു.

ഒരു മാസത്തിന്റെ ഇടവേളയിൽ, മധ്യപ്രദേശിലെ ദമോഹിലും മഹാരാഷ്ട്രയിലെ അകോല, കൊൽഹാപ്പൂർ നഗരങ്ങളിലും, ഗുജറാത്തിലെ ജുനാഗഢിലും മുസ്്ലിം ജനവിഭാഗം സംഘ് പരിവാറിന്റെയോ പോലീസിന്റെയോ അതിക്രമങ്ങൾക്ക് ഇരകളായിട്ടുണ്ട്. കൊൽഹാപ്പൂരിൽ ടിപ്പുവിന്റെയും ഔറംഗസീബിന്റെയും ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനാണ് അക്രമങ്ങൾ ഉണ്ടായത്.

ദമോഹിൽ മുസ്്ലിംകൾ നടത്തിവന്നിരുന്ന സ്കൂൾ ഹിന്ദു കുട്ടികളെ മതപരിവർത്തനം നടത്തുന്നു എന്ന പ്രചാരണം ജില്ലാ ഭരണകൂടവും പോലീസും തള്ളിയതാണ്. പക്ഷേ, ഹിന്ദുത്വ സംഘങ്ങളുടെ സമ്മർദം കാരണം മധ്യപ്രദേശ് മുഖ്യമന്ത്രി പ്രശ്നത്തിൽ ഇടപെടുകയും സ്കൂൾ അടച്ചു പൂട്ടിക്കുകയും ചെയ്തു. ഹിന്ദു - മുസ്്ലിം വീടുകളിലെ ആയിരത്തി ഇരുനൂറ് കുട്ടികളാണ് സ്കൂളിൽ പഠിച്ചിരുന്നത്. പ്രിൻസിപ്പൽ അടക്കം മൂന്നുപേർ അറസ്റ്റിലായി.

ഫാഷിസ്റ്റ് സംഘങ്ങൾ അവർക്ക് ഇഷ്ടമില്ലാത്തതെന്തും ഒരു കാരണമാക്കിയെടുത്ത് മുസ്്ലിംകളെ 'പാഠം പഠിപ്പിക്കാൻ' ഇറങ്ങിപ്പുറപ്പെടുകയാണ്. ഈ ആൾക്കൂട്ട നീതിയെ എതിർക്കാൻ ശ്രമിക്കുന്ന മുസ്്ലിം ആക്ടിവിസ്റ്റുകൾ വലിയ വില കൊടുക്കേണ്ടി വരുന്നു. ഇന്ത്യൻ നഗരങ്ങളിൽ മുസ്്ലിംകൾ വലിയ അസമത്വം അനുഭവിക്കുന്നതായി അഞ്ചു വർഷമെടുത്ത് നടത്തിയ ഒരു പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. മുസ്്ലിം മൊഹല്ലകളെ കുറ്റകൃത്യങ്ങളുടെ കേന്ദ്രങ്ങളായാണ് ഇന്ത്യയിലെ പൊതുബോധം കാണുന്നത്.

പലതവണ ഇന്ത്യൻ കോടതികളും എൻ.ഐ.എ പോലുള്ള ഇന്ത്യയിലെ സുപ്രധാന അന്വേഷണ സംഘങ്ങളും ലൗ ജിഹാദ് എന്ന ഗൂഢാലോചനാ സിദ്ധാന്തത്തെ തള്ളിപ്പറഞ്ഞിട്ടുണ്ടെങ്കിലും, 'കേരള സ്റ്റോറി' പോലുള്ള സിനിമയിലൂടെ ഇന്നും ആ കള്ള പ്രചാരണം തിടംവെക്കുകയാണ്. മുസ്്ലിംകൾ ഹിന്ദു സ്ത്രീകളെ ഉന്നം വെക്കുന്നു എന്ന പ്രചാരണം ഇന്ത്യയിൽ പലയിടത്തും വർഗീയ സംഘർഷങ്ങൾക്ക് കാരണമാവുന്നു.

മുസ്്ലിം ഭൂരിപക്ഷ നഗരമായ മഹാരാഷ്ട്രയിലെ മുംബൈയിൽ മുസ്്ലിം ചെറുപ്പക്കാർ 'ഗെയിമിംഗ് ജിഹാദ്' നടത്തുന്നതായി ഇന്ത്യയിലെ പ്രധാന മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് ഒരു തെളിവും ഇല്ലാതെയാണ്. പക്ഷേ, ഈ മുസ്്ലിം വിരുദ്ധ കെട്ടുകഥകൾ ഇന്ത്യയിലെ വലിയ ഒരു സമൂഹം ഏറ്റെടുക്കുമെന്ന അവരുടെ കണക്കുകൂട്ടൽ തെറ്റാറില്ല.  സംഘ് പരിവാർ തീവ്ര സംഘങ്ങൾ പല നഗരങ്ങളിലും മുസ്്ലിംകളെ പ്രകോപിപ്പിക്കുന്നത് സാമൂഹിക മാധ്യമങ്ങളിലൂടെയാണ്. കള്ളപ്രചാരണങ്ങൾ ഇതിൽ മുഖ്യ പങ്ക് വഹിക്കുന്നു. സ്റ്റേറ്റ് അവരെ ഒന്നും ചെയ്യില്ല എന്ന ഉറപ്പ് വീണ്ടും വീണ്ടും ന്യൂനപക്ഷ വിരുദ്ധ അക്രമങ്ങൾ നടത്താൻ അവർക്ക് പ്രേരണയാവുന്നു.

വർഗീയ കടന്നാക്രമണങ്ങളിൽ  നഷ്ടങ്ങൾ മുസ്്ലിംകൾക്ക് മാത്രമാവുമ്പോഴും  കേസുകളിൽ ജയിലറകൾ നിറക്കുന്നത് അവർ തന്നെയാവും. ഈ നിയമവേട്ടയും മുസ്്ലിംകളെ നാടുവിടാൻ നിർബന്ധിതരാക്കുന്നുണ്ട്. 2022-ൽ ദൽഹിയിലെ ജഹാംഗീർ പുരി എന്ന ചേരിയിൽ കലാപാനന്തരം കുടിയൊഴിപ്പിക്കാൻ പോലീസ് എത്തിയപ്പോൾ അധിക വീടുകളിലും പുരുഷന്മാരില്ലായിരുന്നു. 2023-ൽ രാം നവമി അക്രമത്തിനു ശേഷം  ഗുജറാത്തിലെ ബറോഡയിലും ഈ പ്രവണത കണ്ടിട്ടുണ്ട്.

1857-ൽ  ഒന്നാം സ്വാതന്ത്ര്യ സമരം ബ്രിട്ടീഷുകാർ  അടിച്ചമർത്തിയതിനു ശേഷം ദൽഹിയിൽ മുസ്്ലിംകൾക്ക് പ്രവേശനം വിലക്കിയിരുന്നു. വിപ്ലവത്തിന് നേതൃത്വം നൽകിയതിന് പ്രതികാരമായി മുസ്്ലിംകളെ കൂട്ടത്തോടെ മാറ്റിനിർത്താൻ ബ്രിട്ടീഷുകാർ ശ്രമിക്കുന്നത് ചരിത്ര രേഖകളിൽ കാണാം. ഈ കൊളോണിയൽ മനോഭാവവും സാമൂഹികാവസ്ഥയും ഇന്നും ഇന്ത്യയിൽ നിലനിൽക്കുന്നു.

2014-ൽ ബി.ജെ.പിയുടെ ഇലക്്ഷൻ വിജയത്തിൽ വലിയ പങ്കുവഹിച്ച 2013 - ലെ മുസഫർ നഗർ വംശീയ കലാപം തുടങ്ങുന്നത് ഹിന്ദു പെൺകുട്ടിയെ മുസ്്ലിം ചെറുപ്പക്കാരൻ ശല്യം ചെയ്തു എന്ന ആരോപണമുയർത്തിയാണ്. മുസഫർ നഗറിനും പുരോലക്കുമിടയിലെ, ഒരു പതിറ്റാണ്ട് കാലത്ത് സംഘ് പരിവാർ ഇന്ത്യയിൽ നേടിയ മേൽക്കൈ ആയിരക്കണക്കിന് മുസ്്ലിം കുടുംബങ്ങളുടെ ദുരിതങ്ങൾ മുതലെടുത്താണ്. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 16-17
ടി.കെ ഉബൈദ്‌

ഹദീസ്‌

മസ്ജിദുൽ ഹറാമിന്റെ മഹത്വം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌