Prabodhanm Weekly

Pages

Search

2023 ജൂൺ 30

3308

1444 ദുൽഹജ്ജ് 11

കെ.ടി ഉണ്ണി മോയി ഹാജി

പി.ടി കുഞ്ഞാലി

ഒരു ആശയത്തെയോ വിശ്വാസത്തെയോ സൈദ്ധാന്തികമായി മറ്റുള്ളവരെ  അഭ്യസിപ്പിക്കാൻ പൊതുവേ ഒരു പ്രയാസവും കാണില്ല. അത്  വിശദീകരിച്ച് പഠിപ്പിച്ചാൽ  മാത്രം മതിയാവും. വിശ്വാസ സംബന്ധിയായ അനുഷ്ഠാനങ്ങൾ കർശനമായി തന്നെ ഒരു വ്യക്തിക്ക്   ശാഠ്യം പോലെ കൊണ്ടുനടക്കാനാവും. ഇത് രണ്ടും വിശേഷിച്ച് വിമർശനങ്ങളേതുമില്ലാതെ ആർക്കും എത്രകാലവും  ജീവിതത്തിൽ ഏറ്റെടുക്കാം; അറ്റകുറ്റങ്ങളേതുമില്ലാതെ. എന്നാൽ, താൻ ആത്മത്തിൽ ഏറ്റുവാങ്ങിയ ഒരു ആദർശ പ്രസ്ഥാനത്തെ തെരുവിൽ പ്രതിനിധാനം ചെയ്യുക എന്നത് അങ്ങനെയല്ല. നാനാതരം ജീവിതാവസ്ഥകളുടെയും പൊള്ളുന്ന സംഗമഭൂമിയാണ് തെരുവ്. തെരുവിൽ രൂക്ഷമായ ചോദ്യങ്ങൾ ഉണ്ടാകും. വിശകലനങ്ങളും തീക്ഷ്്ണമായ വിമർശനങ്ങളുമുണ്ടാവും. ഇത് അഭിമുഖീകരിക്കണമെങ്കിലും അതിൽ തുടർന്നു നിൽക്കണമെങ്കിലും തന്റെ വിശ്വാസ സമീക്ഷകളോട് അസാമാന്യമായ സത്യ ധീരതയും ആത്മബലവും ഒരു വ്യക്തിക്ക് വേണം. ഈയൊരു ധീരത ജീവിതംകൊണ്ട് ആവിഷ്കരിച്ച ഒരാളാണ്  ചേന്ദമംഗല്ലൂരിലെ കെ.ടി ഉണ്ണിമോയി ഹാജി.

ചേന്ദമംഗല്ലൂരിലെ കീരൻതൊടിക കുടുംബത്തിൽ ജനിച്ച ഉണ്ണി മോയി  അക്കാലത്തെ പൊതു രീതിയിൽ ഔപചാരിക വിദ്യാഭ്യാസം പ്രാഥമിക സ്കൂൾ പഠനത്തിൽ തന്നെ അവസാനിപ്പിച്ച്  കൃഷിയിലും കച്ചവടത്തിലും ജീവിതായോധനം കണ്ടെത്തി. കണിശമായ യുക്തിബോധവും മൗലികമായ നിരീക്ഷണവും യൗവനത്തിൽ തന്നെ നിഷ്ഠയാക്കിയ ഉണ്ണിമോയി സ്വാഭാവികമായും ജമാഅത്തെ ഇസ്്ലാമിയോട് ചേർന്ന് നിന്നു. യുവാവായിരിക്കെ തന്നെ അദ്ദേഹം ഇസ്്ലാമിക പ്രസ്ഥാനത്തിൽ അംഗമായി. കെ.സി അബ്ദുല്ല മൗലവിയായിരുന്നു അദ്ദേഹത്തിന്റെ ഗുരുവും വഴികാട്ടിയും. കെ.സി യുടെ നായകത്വത്തിൽ ചേന്ദമംഗല്ലൂരിൽ തുടക്കമായ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ അതോടെ ഉണ്ണി മോയി സജീവമായി.  നിരന്തരമായ വായനയും നിഷ്കൃഷ്ടമാർന്ന പഠനവും അദ്ദേഹത്തിന്റെ ജ്ഞാന ലോകം വിസ്താരമാക്കി. ഉപജീവനത്തിന് കച്ചവടം തൊഴിലാക്കിയെങ്കിലും അദ്ദേഹം തെരുവിൽ പ്രസ്ഥാനത്തെ പ്രതിനിധാനം ചെയ്യുകയായിരുന്നു, ദീർഘമായ അര നൂറ്റാണ്ട് കാലം. ഏരിയാ കൺവീനർ, ജില്ലാ സമിതി അംഗം, ഇസ്വ്്ലാഹിയാ അസോസിയേഷൻ ട്രഷറർ, മഹല്ല് പ്രസിഡന്റ് തുടങ്ങി നിരവധി നേതൃപരമായ ചുമതലകൾ  ഏറ്റെടുത്തു. ഏറ്റവും കുശലതയോടെ അത് വിജയകരമായി നിർവഹിക്കുകയും ചെയ്തു; ഒരു കൈക്കുറ്റങ്ങളും ഇല്ലാതെ. വിനിമയ വീര്യം കൂടിയ രചനാത്മകമായൊരു ഭാഷയിലാണ് അദ്ദേഹം പ്രശ്നങ്ങളോട് സംവദിച്ചത്. തന്റെ നിർവഹണങ്ങളെ കണിശതയുടെ സൗന്ദര്യരൂപമാക്കി മാറ്റാൻ അദ്ദേഹത്തിനായി.  കാലം ഏത് മനുഷ്യനിലുമുണ്ടാക്കുന്ന ശാരീരിക വിവശതകൾ കൂടി വന്നപ്പോൾ  മാത്രമാണ് അദ്ദേഹം തെരുവിൽനിന്ന് വീട്ടിലേക്ക് മടങ്ങിയത്. അപ്പോഴും മനസ്സിൽ ജ്വലിച്ചു നിന്നിരുന്നത് തന്റെ വിശ്വാസവും പ്രസ്ഥാനവും തന്നെയായിരുന്നു. സത്യസന്ധനായ കച്ചവടക്കാരൻ, ഉത്തരവാദിത്വ ബോധമുള്ള പ്രസ്ഥാന പ്രവർത്തകൻ, ഉത്തമനായ കുടുംബനാഥൻ, ഭാവനാസമ്പന്നനായ വിദ്യാഭ്യാസ പ്രവർത്തകൻ, ഉത്സാഹിയായ  സഹകാരി  ഈ എല്ലാ വിതാനങ്ങളിലും പക്വത കാണിച്ച സാന്നിധ്യമാണ് ഉണ്ണി മോയി ഹാജിയുടെ മരണത്തോടെ നാടിന് നഷ്ടമായത്. ഭാര്യയും ആറ് മക്കളും മരുമക്കളും പേരക്കിടാങ്ങളുമടങ്ങുന്ന സാമാന്യം വലിയൊരു കുടുംബമാണ് ഹാജിയുടേത്. എല്ലാവരെയും തന്റെ വിശ്വാസ ബോധ്യങ്ങളുടെ പരിസരങ്ങളിൽ സജീവമാവാൻ തക്കവിധം അദ്ദേഹം സോദ്ദേശ്യപൂർവം തന്നെ പാകപ്പെടുത്തി. തന്റെ എൺപത്തിയാറാമത്തെ വയസ്സിൽ ഭൂമിയിൽനിന്ന് തിരിച്ചു പോകുമ്പോൾ തന്റെ കുടുംബം അദ്ദേഹത്തിന്റെ ആശക്കൊത്ത് രൂപപ്പെട്ടിരുന്നു. തന്റെ കരുതലും ലാളനയുമേറ്റ് വളർന്നതാണ് ഇന്ന് ചേന്ദമംഗല്ലൂരിലെ സമസ്ത സംരംഭങ്ങളും. ആ സുകൃതങ്ങളുടെയൊക്കെ സഫലതയേറ്റ് അദ്ദേഹത്തിന്റെ വരും ജീവിതം ധന്യമാകട്ടെ.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 16-17
ടി.കെ ഉബൈദ്‌

ഹദീസ്‌

മസ്ജിദുൽ ഹറാമിന്റെ മഹത്വം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌