Prabodhanm Weekly

Pages

Search

2012 ജൂണ്‍ 2

മത സേവനയിടങ്ങളിലെ മിനിമം വേതനം എത്രയാണ്?

ബഷീര്‍ തൃപ്പനച്ചി

തുഛമായ വേതനത്തിന് തന്റെ ആയുസ്സ് സമര്‍പ്പിച്ച് ഒരുപാട് രോഗങ്ങളുമായി മല്ലിട്ട് കഷ്ടപ്പാടില്‍ ജീവിതമുന്തുന്നവര്‍ക്ക് സാന്ത്വനമാവുംവിധം ഫലപ്രദമായ പെന്‍ഷന്‍ സംവിധാനമോ മറ്റാനുകൂല്യങ്ങളോ വികസിപ്പിച്ചെടുക്കാന്‍ മതസംഘടനകള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.

എം.ടി വാസുദേവന്‍ നായരുടെ നിര്‍മാല്യത്തിലെ കേന്ദ്ര കഥാപാത്രം ദേവിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വെളിച്ചപ്പാടാണ്. കോമരം തുള്ളിയാല്‍ ദക്ഷിണയായി കിട്ടുന്ന ചില്ലറത്തുട്ടുകള്‍ കൊണ്ട് പട്ടിണിയകറ്റാന്‍ കഴിയാതെ വെളിച്ചപ്പാടിന്റെ കുടുംബം നിത്യ ദാരിദ്യ്രത്തിലുഴലുന്നു. കടംവാങ്ങി ഒരു നേരത്തെ ഭക്ഷണത്തിന് വഴി കണ്ടെത്തേണ്ട ഗതികേടിലേക്ക് അവരെത്തുന്നു. കഥാന്ത്യത്തില്‍, കുടിശ്ശിക തീര്‍ക്കാന്‍ വകയില്ലാതെ സ്വന്തം ഭാര്യ കടക്കാരന് ശരീരം നല്‍കി ബാധ്യത തീര്‍ക്കുന്നതിന് വെളിച്ചപ്പാട് സാക്ഷിയാകേണ്ടിവന്നു. നാട്ടിലെ മുഴുവന്‍ ദുരന്തങ്ങളും പ്രശ്നങ്ങളും പരിഹരിക്കാന്‍ ദേവിയെ ആവാഹിച്ച് ഉറഞ്ഞുതുള്ളുമ്പോള്‍, തന്റെ വീട്ടിലെ ദുരിതങ്ങള്‍ ദേവി കാണാതെ പോയതില്‍ വെളിച്ചപ്പാടിന്റെ ഹൃദയം തകരുന്നു. വിശ്വാസത്തോടും ജീവിതത്തോടുമുള്ള പ്രതിഷേധം അയാള്‍ പ്രകടിപ്പിക്കുന്നത് ദേവീ വിഗ്രഹത്തിന് നേരെ കാര്‍ക്കിച്ച് തുപ്പിക്കൊണ്ടാണ്.
നഴ്സുമാര്‍ മിനിമം കൂലിക്കും മറ്റു വേതനാനുകൂല്യങ്ങള്‍ക്കുമായി നടത്തിയ സമരങ്ങള്‍ ഏറെക്കുറെ വിജയം കണ്ട സന്ദര്‍ഭത്തിലാണ് വെളിച്ചപ്പാടിന്റെ കഥ വീണ്ടും മനസ്സിലെത്തിയത്. മതാചാരങ്ങളുടെ പൊള്ളത്തരവും മനുഷ്യത്വമില്ലായ്മയും തുറന്നുകാണിക്കാന്‍ മതേതര എഴുത്തുകാരും ബുദ്ധിജീവികളുമാണ് ഈ സിനിമയെ ഏറെ ചര്‍ച്ചാ വിഷയമാക്കിയത്. സിനിമയുയര്‍ത്തിയ അത്തരം വിമര്‍ശനങ്ങളെല്ലാം മാറ്റിവെച്ചാലും മത സംഘടനാ നേതൃത്വത്തിലുള്ളവര്‍ അന്നും ഇന്നും അടിയന്തരമായി പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യേണ്ട ചില ചോദ്യങ്ങള്‍ സിനിമ ബാക്കിവെക്കുന്നുണ്ട്.
തദ്വിഷയത്തില്‍ മുസ്ലിം പരിസരത്തുള്ള ചില വര്‍ത്തമാന യാഥാര്‍ഥ്യങ്ങളാണ് ഈ കുറിപ്പില്‍. തൂവെള്ള വസ്ത്ര ധാരികളായ നഴ്സുമാര്‍ അനുഭവിക്കുന്നതിനേക്കാള്‍ വേതന വിവേചനമനുഭവിക്കുന്ന മറ്റൊരു കൂട്ടം ശുഭ്രവസ്ത്രധാരികളാണ് പള്ളിയിലും മദ്റസയിലും മത കര്‍മങ്ങള്‍ക്കും പഠനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്ന ഇമാമുമാരും ഉസ്താദുമാരും.
വ്യത്യസ്ത മത സംഘടനകളുടെ കീഴില്‍ ആയിരക്കണക്കിന് പള്ളികള്‍ കേരളത്തിലുണ്ട്. അതിലേറെ മത പാഠശാലകളായ മദ്റസകളുമുണ്ട്. ഇവിടെ ജോലി ചെയ്യുന്നവരുടെ എണ്ണം പതിനായിരത്തിലധികം വരും. അറബിക്കോളേജുകളിലേക്കും ഉന്നത മത പഠന കേന്ദ്രങ്ങളായ ജാമിഅകളിലേക്കും ഈ ലിസ്റ് വികസിപ്പിച്ചാല്‍ എണ്ണം പിന്നെയും വര്‍ധിക്കും.
മതത്തിന്റെ ധാര്‍മികതയെയും മാനുഷികതയെയും കുറിച്ച് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ക്ളാസ്സെടുക്കുന്ന ഈ ഹതഭാഗ്യര്‍ മിനിമം വേതനത്തെയും മറ്റു സേവന ആനുകൂല്യങ്ങളെയും പറ്റി കേള്‍ക്കാന്‍ പോലും ഭാഗ്യം ലഭിക്കാത്തവരാണ്. 3000 മുതല്‍ 5000 വരെയാണ് ഒരു ശരാശരി ഇമാം/ ഉസ്താദിന്റെ മാസ വേതനം (അപവാദങ്ങളുണ്ടെന്നത് വിസ്മരിക്കുന്നില്ല). മിക്കയിടത്തും വേതനത്തിന് കൃത്യമായ വ്യവസ്ഥയില്ലെങ്കിലും സേവനത്തിന്റെ ആഴവും പരപ്പും നിര്‍ണയിക്കുന്ന കൈപുസ്തകങ്ങളുണ്ടായിരിക്കും. ഇരുനിലകളോ അതിലധികമോ ഉള്ള പള്ളികളുടെ ക്ളീനിംഗ് മുതലുള്ള കാര്യങ്ങള്‍ അതില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. മിക്ക ഇമാമുമാര്‍ക്കും പള്ളിപരിപാലനത്തോടൊപ്പം മദ്റസാ അധ്യാപനവുമുണ്ടാകും. ഒരു തരത്തില്‍ 24 മണിക്കൂറും ഒരു കെട്ടിടത്തിനകത്ത് തളച്ചിടുന്ന ഇവര്‍ക്ക് ആഴ്ചയിലൊരു അവധിപോലും അധികപറ്റായിട്ടാണ് മിക്ക കമ്മിറ്റികളും കാണാറുള്ളത്.
സുന്നീ സംഘടനാ പരിസരങ്ങളിലെ പള്ളി മദ്റസകളിലെ ഉസ്താദുമാര്‍ക്ക് ശമ്പളത്തിന് പുറമെ മറ്റു ചില ആശ്വാസ വരുമാന മാര്‍ഗങ്ങളുണ്ട്. പണ്ടത്തെപ്പോലെ സജീവമല്ലെങ്കിലും മരണം, വിവാഹം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആചാരങ്ങളോടനുബന്ധമായി ലഭിക്കുന്നതാണത്. മഹല്ലുകളിലെ കാരണവന്മാരുടെ മുമ്പില്‍ പണ്ഡിതന്മാര്‍ പോലും പലപ്പോഴും നിശ്ശബ്ദരാകുന്നത് അവരില്‍നിന്ന് സാമ്പത്തിക സഹായം കൈപ്പറ്റുന്നത് കൊണ്ടാണ്. അത്തരം അനാചാരങ്ങളെ ശക്തിയുക്തം എതിര്‍ക്കുന്ന നവോത്ഥാന സംഘടനകള്‍ പക്ഷേ, അങ്ങനെയൊന്ന് കൈപറ്റേണ്ടുന്ന ഗതികേടിലുള്ളവരുടെ ജീവിത പരിസരത്തെ വിശകലനം ചെയ്യാറില്ല. എത്ര പരിഷ്കരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടും ഈ നവോത്ഥാന സംഘടനകള്‍ക്കും തങ്ങളുടെ മത സ്ഥാപനങ്ങളിലെ വേതന സേവന മേഖലയില്‍ മികച്ച മാതൃക സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് തന്നെ കാരണം. മലയാളത്തില്‍ ഖുത്വ്ബ പറയുന്ന പള്ളികളില്‍ അനുഭവപ്പെടുന്ന ഖത്വീബ് ക്ഷാമവും ഉത്തരേന്ത്യന്‍ ഇമാമുമാരുടെ വര്‍ധനവും ഇതോട് ചേര്‍ത്തു വായിക്കുക. സാമൂഹിക ജീവിതത്തില്‍ ആരും ആഗ്രഹിക്കുന്ന ബഹുമാനവും ആദരവും പലപ്പോഴും ലഭിക്കുന്നില്ല എന്നതാണ് ഈ രംഗത്ത് നിന്ന് പിന്‍വാങ്ങുന്നവരുടെ വലിയൊരു പരാതി. വിവാഹന്വേഷണം വരുമ്പോള്‍ പള്ളിയിലും മദ്റസയിലും മറ്റു മത പാഠശാലകളിലും ഉപജീവനം കണ്ടെത്തുന്നവരെ സാമ്പത്തിക പിന്നാക്കക്കാരെന്നു വിലയിരുത്തി വിവാഹം വേണ്ടെന്നു വെക്കുന്ന പ്രവണതകളും കാണപ്പെടുന്നുണ്ട്.
വേതന സേവന വ്യവസ്ഥകളില്‍ പൂര്‍വ ഇസ്ലാമിക നേതൃത്വം ഉറപ്പുവരുത്തിയ നല്ല മാതൃകകള്‍ എന്തു വില കൊടുത്തും നാം വീണ്ടെടുക്കേണ്ടിയിരിക്കുന്നു. മദീനാ തെരുവിലൂടെ റോന്തുചുറ്റുന്ന ഖലീഫ ഉമര്‍ ഒരു ജൂത വൃദ്ധന്‍ ജോലിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അവശനായി കുഴഞ്ഞ് വീഴുന്നത് കണ്ടു. ജീവിത വൃത്തിക്ക് വേണ്ടി വാര്‍ധക്യത്തിന്റെ അവശതയിലും ജോലിയെടുക്കേണ്ടിവന്ന അദ്ദേഹത്തിന്റെ നിര്‍ബന്ധിതാവസ്ഥ ഉമര്‍(റ) മനസ്സിലാക്കി. 'താങ്കളെപ്പോലുള്ളവരില്‍നിന്ന് ആരോഗ്യാവസ്ഥയില്‍ ഞങ്ങള്‍ ജിസ്യ ഈടാക്കുകയും വാര്‍ധക്യത്തില്‍ ഉപേക്ഷിക്കുകയും ചെയ്യുന്നത് എത്ര നീചമാണ്' എന്ന് ആത്മഗതം ചെയ്ത ഖലീഫ ഉമര്‍, രാജ്യത്തെ അത്തരത്തില്‍ അവശതയനുഭവിക്കുന്നവര്‍ക്ക് ജീവിതാവശ്യത്തിനുതകുന്ന സംഖ്യ പെന്‍ഷനായി ഏര്‍പ്പെടുത്താന്‍ ഉത്തരവിട്ടുകൊണ്ടാണ് മതത്തിന്റെ മാനുഷികതയെ അടയാളപ്പെടുത്തിയത്.
മറവിയും മറ്റു അവശതകളും പിടികൂടി കിടപ്പിലാവുന്നത് വരെ റിട്ടയര്‍മെന്റില്ലാത്ത രംഗമാണ് ഇന്നും മത സേവനമേഖല. തുഛമായ വേതനത്തിന് തന്റെ ആയുസ്സ് സമര്‍പ്പിച്ച് ഒരുപാട് രോഗങ്ങളുമായി മല്ലിട്ട് കഷ്ടപ്പാടില്‍ ജീവിതമുന്തുന്നവര്‍ക്ക് സാന്ത്വനമാവുംവിധം ഫലപ്രദമായ പെന്‍ഷന്‍ സംവിധാനമോ മറ്റാനുകൂല്യങ്ങളോ വികസിപ്പിച്ചെടുക്കാന്‍ മതസംഘടനകള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ലക്ഷങ്ങളും കോടികളും മുടക്കി സമ്മേളനങ്ങളും യാത്രകളും നടത്തുന്ന സംഘടനകള്‍ക്ക് ഈ വിഷയത്തില്‍ മാത്രമാണോ സാമ്പത്തിക പ്രതിസന്ധി?
വിയര്‍പ്പ് വറ്റുന്നതിന് മുമ്പ് വേതനം നല്‍കണമെന്ന് പഠിപ്പിച്ചത് കാള്‍മാര്‍ക്സല്ല, മുഹമ്മദ് നബിയാണ്. ജോലി ചെയ്തതിന് കൃത്യമായ വേതനം നല്‍കാത്തവരുടെ എതിരാളിയായി ഖിയാമത്ത് നാളില്‍ താനുണ്ടാവുമെന്ന് പ്രഖ്യാപിച്ച മുഹമ്മദ് നബിയുടെ ദര്‍ശനത്തിന്റെ പുണ്യ ഗേഹങ്ങളിലെ ഇമാമുമാരും അധ്യാപകരും ഇസ്ലാമിക പ്രവര്‍ത്തകരും തന്നെ അതിന്റെ മുഖ്യ ഇരകളാകുന്നത് വിരോധാഭാസമാണ്. ദിവസവും അഞ്ചുനേരം നമസ്കാരത്തിനും, പിഞ്ചു കുഞ്ഞുങ്ങളെ പഠിപ്പിക്കാനും ഉരുവിടുന്ന വേദസൂക്തങ്ങള്‍ തങ്ങളുടെ ജീവിത പ്രശ്നത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ക്ക് പ്രചോദനമാവുന്നില്ലെന്ന് അനുഭവിച്ചറിയുന്നവരുടെ മനസ്സില്‍ മതത്തിന്റെ മാനവികതയും സാന്ത്വനവും എങ്ങനെയാണ് രൂപപ്പെടുക? മനസ്സ് അസംതൃപ്തമാകുമ്പോള്‍ നിഷ്കളങ്കതയോടെ വേദപാഠങ്ങള്‍ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് പകര്‍ന്ന് നല്‍കാനാവുമോ? മത വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങള്‍ മുസ്ലിം സമൂഹത്തില്‍ പ്രതിഫലിക്കുന്നില്ലെന്ന് മുറവിളി കൂട്ടുന്നവര്‍ ഈ മനഃശാസ്ത്ര വിശകലനം നടത്താതെ പോവുന്നത് എന്തുകൊണ്ടാണ്?

[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം