Prabodhanm Weekly

Pages

Search

2012 ജൂണ്‍ 2

അറിവ് നേടലിന്റെ പുതുകാലത്തെ രീതിഭേദങ്ങള്‍

ഖമര്‍ സുബൈര്‍

പുതിയൊരു അക്കാദമിക വര്‍ഷം ആരംഭിക്കുന്ന സന്ദര്‍ഭത്തില്‍ പതിവുപോലെ രക്ഷിതാക്കളുടെയും കുട്ടികളുടെയും പരക്കം പാച്ചിലാണ് നാം കാണുന്നത്. വിജയം നേടിയതിന്റെ സന്തോഷത്തിനപ്പുറം ഇനിയെന്ത് എന്ന ആശങ്ക. കുട്ടികളുടെ വിദ്യാഭ്യാസം നമ്മുടെ സുപ്രധാനമായ ഒരു അജണ്ടയായി മാറിയിരിക്കുന്നു. നമ്മുടെ ജീവിതം തന്നെ 'child centred' ആയി പരിവര്‍ത്തിപ്പിക്കപ്പെട്ടിരിക്കുന്നു.
ആശാവഹമായ കാര്യം നമ്മില്‍ വളര്‍ന്നുവന്ന അവബോധം തന്നെ. കോഴ്‌സുകള്‍, സ്ഥാപനങ്ങള്‍, അവിടെയുള്ള ഇന്‍ഫ്രാസ്ട്രക്ച്ചര്‍, അധ്യാപക-വിദ്യാര്‍ഥി അനുപാതം, സ്ഥാപനത്തിന്റെ വിദ്യാഭ്യാസ സമീപനം എന്നിവയെ സംബന്ധിച്ചൊക്കെ ഇന്ന് രക്ഷിതാക്കളും വിദ്യാര്‍ഥികളും അന്വേഷണങ്ങള്‍ നടത്തുന്ന പ്രവണത വളരെയേറെ വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍, ഗുണപരമായ വിദ്യാഭ്യാസം പ്രദാനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. 'Quality education' എന്ന പദപ്രയോഗം ഓരോ ദിവസവും ആവര്‍ത്തിച്ച് കേള്‍ക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു.
എന്താണ് ക്വാളിറ്റി എജുക്കേഷന്‍? സ്ഥാപനങ്ങളുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ തീര്‍ച്ചയായും ഒരു സ്ഥാപനത്തിലെ വിദ്യാഭ്യാസത്തെ സ്വാധീനിക്കുമെന്ന കാഴ്ചപ്പാട് ഗൗരവമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് അത്തരത്തില്‍ സൗകര്യമൊരുക്കുന്നതിനുള്ള മത്സരം തന്നെ ഇന്ന് കേരളത്തിലെ വിദ്യാഭ്യാസ രംഗത്തുണ്ട്. 'സമ്പൂര്‍ണമായ ഡിജിറ്റലൈസേഷന്‍' തങ്ങളുടെ പ്രത്യേകതയായി പരിചയപ്പെടുത്തുന്ന പരസ്യ ഹോര്‍ഡിംഗുകള്‍ വഴിയോരങ്ങളില്‍ കാണാം. സാങ്കേതികവിദ്യകള്‍ മായിക കാഴ്ചകളുടെ പ്രപഞ്ചം തന്നെ സൃഷ്ടിച്ചിരിക്കുന്നതിനാല്‍ കുട്ടികളില്‍ വലിയൊരു വിഭാഗം 'വിഷ്വല്‍' പഠിതാക്കളായി രൂപപ്പെട്ടിരിക്കുന്നു. അതിനാല്‍ ഇ-ബുക്കുകളും ഡിജിറ്റല്‍ ക്ലാസ് റൂമുകളും ഒരു അനിവാര്യതയായി മാറിയിട്ടുണ്ട്. ഒപ്പം സാങ്കേതിക സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന രീതികള്‍ വികസിപ്പിച്ചെടുക്കണം.
ഡിജിറ്റല്‍ ക്ലാസ് മുറികള്‍ സന്ദര്‍ശിക്കുമ്പോള്‍ പലപ്പോഴും ആദ്യ പ്രഭാഷണത്തിനെത്തുന്ന പ്രഭാഷകന്റെ ശരീരഭാഷ പോലെ, അധ്യാപകര്‍ വിഷമിക്കുന്നത് കണ്ടിട്ടുണ്ട്. എവിടെയാണ് തന്നെ സ്ഥാപിക്കേണ്ടതന്നറിയാതെ അവര്‍ കുഴങ്ങിപ്പോകുന്നു. ചിലര്‍, നേരത്തേ തയാറാക്കി വെച്ച പാഠഭാഗങ്ങള്‍ പ്ലേ ചെയ്ത് ആവര്‍ത്തിക്കുന്നു. ക്ലാസ് മുറികളിലെ വ്യത്യസ്ത രീതികളില്‍ ക്രിയാത്മകമായി സംയോജിപ്പിച്ച് നല്‍കുന്ന അധ്യാപകരാണ് ഡിജിറ്റല്‍ ക്ലാസ് റൂമുകളില്‍ വിജയിക്കുന്നത്. അധ്യാപകരുടെ ടെക്‌നോഫോബിയ മാറണം. സാങ്കേതികതയുടെ അമിത പ്രയോഗം ഉദ്ദേശിച്ച ഫലം ലഭ്യമാക്കുന്നില്ലെന്ന നിരീക്ഷണങ്ങള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലെ പഠനങ്ങളില്‍ വന്നുതുടങ്ങിയിട്ടുണ്ട്.
കുട്ടിയെയും അവന്റെ/ അവളുടെ പരിസരത്തെയും ക്രിയാത്മകമായി സമീപിക്കുന്ന രീതികള്‍ ഗുണപരമായ വിദ്യാഭ്യാസത്തിന്റെ അനിവാര്യതയാണ്. നിത്യ ചൈതന്യയതി അഭിപ്രായപ്പെട്ടതുപോലെ, തെരുവിലെ കാളക്കൂറ്റന്‍ ക്ലാസ് മുറിയിലേക്ക് കടന്നുവരുന്ന പ്രതീതിയാകരുത് അധ്യാപകന്റെ ക്ലാസ് റൂം പ്രവേശനം. യൂനിസെഫ് ലോകത്തെ ഏറ്റവുമധികം കൊഴിഞ്ഞുപോകല്‍ നിരക്കുള്ള മഡഗാസ്‌ക്കറില്‍ നടത്തുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനത്തെക്കുറിച്ച ഒരു റിപ്പോര്‍ട്ടില്‍, നോര്‍മെല്ല എന്ന പതിനൊന്നുകാരി പറയുന്നു: ''കഴിഞ്ഞ വര്‍ഷം എനിക്ക് സ്‌കൂളിലേക്ക് മടങ്ങിപ്പോകാന്‍ വലിയ താല്‍പര്യമുണ്ടായിരുന്നില്ല. ഇപ്പോള്‍ ഞാന്‍ സ്‌കൂള്‍ തുറക്കാന്‍ കാത്തിരിക്കുകയാണ്.'' നോര്‍മെല്ല കൂട്ടിച്ചേര്‍ക്കുന്നു: ''ഞങ്ങളിപ്പോള്‍ ക്ലാസ്സിലിരിക്കുന്നത് 'യു' രൂപത്തിലാണ്. പിന്നെ, അധ്യാപിക ഞങ്ങളെ ഗ്രൂപ്പുകളാക്കി മാറ്റും. എന്നിട്ട് ഞങ്ങള്‍ ചര്‍ച്ച ചെയ്യും. കൂട്ടുകാര്‍ പറയുന്നത് ടീച്ചര്‍ പറയുന്നതിനേക്കാള്‍ ഞങ്ങള്‍ക്ക് മനസ്സിലാകും.'' വിദ്യാര്‍ഥി ഒഴിഞ്ഞ പാത്രമല്ലെന്നും സ്വയമേവ അറിവ് നേടാന്‍ ദൈവം നല്‍കിയ കഴിവുകള്‍ കുട്ടിക്കുണ്ടെന്നുമുള്ള നിരീക്ഷണങ്ങള്‍ നാം മുഖവിലക്കെടുക്കണം. നോം ചോംസ്‌കി ഭാഷാ പഠനത്തിലുള്ള പ്രകൃതിപരമായ കഴിവിനെ Language Acquisition Device എന്നാണ് പരിചയപ്പെടുത്തിയത്. അധ്യാപകര്‍ വിജ്ഞാനം പകര്‍ന്നു നല്‍കുന്നവരും വിദ്യാര്‍ഥികള്‍ സ്വീകര്‍ത്താക്കളുമാകുന്ന 'Banking Education' വിരസമായ ഒരു രീതിയാണെന്ന് പൗലോ ഫ്രെയര്‍ സമര്‍ഥിക്കുന്നു. പഠന പ്രക്രിയയില്‍ കുട്ടിയുടെ പങ്കാളിത്തം വളരെ പ്രധാനമാണെന്നര്‍ഥം. ഈ പങ്കാളിത്തം ഉറപ്പാക്കുന്നതോടൊപ്പം സ്‌കൂളും പരിസരവും പാഠങ്ങളായി മാറുന്നത് സ്വാഭാവികമായ പഠനത്തെ പ്രോത്സാഹിപ്പിക്കും. ക്ലാസ് റൂമിലെ ചുമരും ജനലും വാതില്‍പടിയും തറയുമെല്ലാം വര്‍ണങ്ങളും ചിത്രങ്ങളും ലിഖിതങ്ങളും കൊണ്ട് അലങ്കരിക്കുന്ന 'ബാല' പഠന പ്രവര്‍ത്തനങ്ങളുടെ ഉത്തേജകങ്ങളും ഉള്‍പ്രേരകങ്ങളുമായി വര്‍ത്തിക്കുന്നു.
മിടുക്കന്മാരും മണ്ടന്മാരും ഇടകലര്‍ന്ന ഒരു ക്ലാസ് റൂമല്ല ഇന്നുള്ളത് - മിടുക്കന്മാര്‍ മാത്രമുള്ളതാണ്. ഹോവാര്‍ഡ് ഗാര്‍ഡ്‌നറുടെ ബഹുമുഖ ബുദ്ധിയെ കുറിച്ച സിദ്ധാന്തം ഇന്നേറെക്കുറെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ച് കഴിഞ്ഞു. ഏതെങ്കിലും ഒരു തരത്തിലുള്ള ബുദ്ധിയെങ്കിലുമില്ലാത്ത കുട്ടിയെ ക്ലാസ് റൂമില്‍ കണ്ടെത്താനാവില്ല. ഭാഷാപരമായ ബുദ്ധി, യുക്തി ചിന്താപരവും ഗണിതപരവുമായ ബുദ്ധി, ദൃശ്യ-സ്ഥാനപര ബുദ്ധി, ശാരീരിക-ചലനപരമായ ബുദ്ധി, സംഗീതപരമായ ബുദ്ധി, വ്യക്ത്യാന്തര ബുദ്ധി, ആന്തരിക വൈയക്തിക ബുദ്ധി, പ്രകൃതിപരമായ ബുദ്ധി, അസ്തിത്വപരമായ ബുദ്ധി എന്നിങ്ങനെ ബഹുമുഖ ബുദ്ധിയെ ഗാര്‍ഡ്‌നര്‍ പരിചയപ്പെടുത്തുന്നു. വ്യത്യസ്തങ്ങളായ ബൗദ്ധിക മേഖലകളില്‍ ഏതാണ് കുട്ടിയുടെ ബുദ്ധിയെന്ന് കണ്ടെത്തി, അതിനനുസരിച്ച് പഠന പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുകയാണ് അധ്യാപകരും രക്ഷിതാക്കളും വേണ്ടതെന്നര്‍ഥം. പ്രവാചക സമീപനങ്ങള്‍ വിശകലനം ചെയ്ത പലരും പ്രവാചകന്റെ വ്യക്ത്യാധിഷ്ഠിത രീതിയെക്കുറിച്ച് പ്രത്യേകം എടുത്തു പറഞ്ഞത് കാണാം. അധ്യാപനരീതി എല്ലാവര്‍ക്കും ഒന്നാകാന്‍ പാടില്ല. Individualised approach ഇന്ന് അധ്യാപന സമീപനത്തില്‍ ഏറെ ഇടം നേടിയിട്ടുണ്ട്.
ഗുണപരമായ വിദ്യാഭ്യാസം നല്‍കാനുള്ള നമ്മുടെ ആഗ്രഹം കേവലം ട്രെന്റുകളുടെ സ്വാധീനമാകരുത്. ഇന്ന് ഏറ്റവുമധികം പരീക്ഷണങ്ങള്‍ നടക്കുന്നത് പ്രീ സ്‌കൂള്‍ മേഖലയിലാണെന്ന് തോന്നുന്നു. ഫ്രോബലിന്റെ 'കിന്റര്‍ഗാര്‍ട്ടനും' മരിയാ മോണ്ടിസോറിയുടെ 'മോണ്ടിസോറി സിസ്റ്റവും' മാത്രമല്ല, ഉദ്ഗ്രഥിതമായ പുതിയ നിരവധി രീതികളും സമീപനങ്ങളും ഈ രംഗത്താണ്. ഇപ്പോള്‍ പൗരസ്ത്യ-പാശ്ചാത്യ വിദ്യാഭ്യാസ കാഴ്ചപ്പാടുകളെ കൂട്ടിയോജിപ്പിച്ച് പുതിയ കരിക്കുലം രീതികള്‍ വികസിപ്പിച്ച് വിപണനം ചെയ്യപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, ബ്രെയിന്‍ ബേസിഡ് ഗവേഷണ രീതിയെ അടിസ്ഥാനമാക്കി തയാറാക്കിയ iDiscoveri Xseed കരിക്കുലം ശ്രീ അരവിന്ദോ, ഹോവാര്‍ഡ് ഗാര്‍ഡ്‌നര്‍, കൃഷ്ണമൂര്‍ത്തി, റെഗിയോ എമിലിയ, മരിയ മോണ്ടിസോറി എന്നിവരുടെ വിദ്യാഭ്യാസ സമീപനങ്ങളും സിദ്ധാന്തങ്ങളും അടിസ്ഥാനമാക്കി വികസിപ്പിച്ചതാണ്. വ്യക്തിപരവും സാമൂഹികവും വൈകാരികവുമായ വികാസം, ലോകത്തെ അറിയാനും മനസ്സിലാക്കാനുമുള്ള കഴിവ്, കായികമായ വികാസം, ഭാഷ-ആശയവിനിമയ-സാഹിത്യപരമായ വളര്‍ച്ച, ഗണിതപരമായ വികാസം, ക്രിയാത്മകതയുടെ വികാസം എന്നിങ്ങനെയാണ് ആറു വയസ്സു വരെയുള്ള ഘട്ടത്തിലെ പഠന പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
അസസ്‌മെന്റ് രീതികളിലും ഇവാല്യൂവേഷന്‍ രീതികളിലുമുള്ള പുതിയ സമീപനങ്ങള്‍ നമുക്ക് പരിചിതമായി കഴിഞ്ഞു. continuous evaluation എന്നത് ഇപ്പോഴും ഒരു റെക്കോര്‍ഡ് വര്‍ക്കായി ചുരുങ്ങിപ്പോകുന്നുവെന്ന വിമര്‍ശനം കുറേയേറെ ശരിയാണ്. ശരിയായ വിലയിരുത്തലുകളില്ലാതെ ഗുണപരമായ മാറ്റമുണ്ടാകുന്നതെങ്ങനെ?
ഗുണമേന്മ ഉറപ്പാക്കാന്‍ നമുക്ക് നമ്മുടേതായ ചില രീതികള്‍ വികസിപ്പിക്കേണ്ടതുണ്ട്. പഠന രംഗത്തും അധ്യാപന രംഗത്തും പടിഞ്ഞാറന്‍ ലോകത്തുണ്ടായ വികാസങ്ങളെ സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കണം. പടിഞ്ഞാറ് വികസിപ്പിച്ചത് കൊണ്ട് അത് തള്ളിക്കളയേണ്ടതില്ല. പക്ഷേ, ഓരോ രീതിയും വികസിപ്പിച്ചതിന്റെ പശ്ചാത്തലവും നാമറിയണം. ബുദ്ധിപരമായി വെല്ലുവിളി ഉയര്‍ത്തുന്ന കുട്ടികള്‍ക്ക് വേണ്ടിയാണ് മോണ്ടിസോറി സിസ്റ്റം വികസിപ്പിച്ചത്. പട്ടാളക്കാരുടെ പരിശീലകനായി പ്രവര്‍ത്തിക്കുമ്പോഴാണ് ബെഞ്ചമിന്‍ ബ്ലൂം തന്റെ വര്‍ഗീകരണം സമര്‍പ്പിക്കുന്നത്. ഖനി തൊഴിലാളികളുടെ രാത്രി ക്ലാസ്സുകളിലാണ് പൗലോ ഫ്രെയര്‍ തന്റെ പ്രശ്‌നോന്നീത അധ്യാപന രീതി പ്രയോഗിച്ചത്. ഇങ്ങനെ പാശ്ചാത്യവും പൗരസ്ത്യവുമായ വ്യത്യസ്ത രീതികളുടെ ഗുണവശം ഉള്‍ക്കൊണ്ട്, ഇസ്‌ലാമിക അധ്യാപന ശാസ്ത്രത്തെയും വിദ്യാഭ്യാസ സമീപനങ്ങളെയും ഉള്‍പ്പെടുത്തി ഒരു പുതിയ കരിക്കുലം തീര്‍ച്ചയായും പ്രീ സ്‌കൂള്‍ മുതല്‍ വികസിപ്പിക്കേണ്ടതുണ്ട്. ദല്‍ഹിയിലും മദ്രാസിലും അത്തരം ചില പരീക്ഷണങ്ങള്‍ക്ക് ആരംഭം കുറിച്ചിട്ടുണ്ട് എന്നത് സന്തോഷകരമാണ്.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം