Prabodhanm Weekly

Pages

Search

2012 ജൂണ്‍ 2

ജനന നിയന്ത്രണത്തിലെ മനുഷ്യാവകാശ ലംഘനം

മുജീബ്

മുഹമ്മദ് പൊന്നാനി

ജനന നിയന്ത്രണം നടപ്പാക്കാന്‍ പ്രലോഭനത്തിന്റെയും നിര്‍ബന്ധത്തിന്റെയും വഴികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതിനെതിരെ ദേശീയ മനുഷ്യാവകാശ കമീഷന്‍ രംഗത്ത്. ജനസംഖ്യാ നിയന്ത്രണത്തിന് സ്വീകരിച്ച നയപരിപാടി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറുകളില്‍ നിന്ന് കമീഷന്‍ വിശദീകരണങ്ങള്‍ തേടി. ചില സംസ്ഥാനങ്ങളില്‍ ചെറിയ കുടുംബങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യ നിഷേധവും നടപ്പാക്കുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണിതെന്ന് കമീഷന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. നിര്‍ബന്ധിച്ചോ തെറ്റിദ്ധരിപ്പിച്ചോ നടത്തുന്ന വന്ധ്യംകരണം സ്ത്രീയുടെ പ്രത്യുല്‍പാദനാവകാശ നിഷേധമാണെന്ന് കമീഷന്‍ വിലയിരുത്തി. പ്രതികരണം?

മാനവികതയും നൈതികതയും നിരാകരിക്കുന്ന കേവല ഭൌതിക പ്രത്യയശാസ്ത്രങ്ങളും സാമ്പത്തിക ശാസ്ത്രങ്ങളും ഇരുപതാം നൂറ്റാണ്ടില്‍ അത്യാവേശത്തോടെ നടപ്പാക്കിയ പദ്ധതിയാണ് കുടുംബാസൂത്രണം എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ജനന നിയന്ത്രണം. ഭൂമിയില്‍ വിഭവങ്ങളുടെ വളര്‍ച്ചയേക്കാള്‍ ഇരട്ടിയാണ് ജനപ്പെരുപ്പം എന്നതുകൊണ്ട് പരിമിത വിഭവങ്ങള്‍ പങ്കുവെക്കാന്‍ പാകത്തില്‍ സന്താനോല്‍പാദനം കുറക്കണമെന്ന മാല്‍ത്തൂസിന്റെ സിദ്ധാന്തമാണ് ലോക രാഷ്ട്രങ്ങളുടെ പൊതു സമവാക്യമായിത്തീര്‍ന്നത്. ജനന നിയന്ത്രണത്തിനായി ഓരോ രാജ്യം വെവ്വേറെയും ഐക്യരാഷ്ട്ര സഭയുടെ വിവിധ ഏജന്‍സികള്‍ പൊതുവായും അനേകായിരം കോടി ഡോളര്‍ ഇതിനായി ചെലവിട്ടു. ഇപ്പോഴും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ബജറ്റില്‍ കുടുംബക്ഷേമത്തിന് വന്‍തുക നീക്കിവെക്കുന്നുണ്ട്.
പക്ഷേ, ഇരുപത്തൊന്നാം നൂറ്റാണ്ട് ആവുമ്പോഴേക്ക് ജനന നിയന്ത്രണത്തിന്റെ ഫലങ്ങള്‍ എന്തായെന്ന് പരിശോധിക്കേണ്ടതാണ്. ഒരു വശത്ത് 'നാം രണ്ട് നമുക്ക് രണ്ട്' എന്ന മുദ്രാവാക്യം ഒരുപടി കൂടി മുന്നോട്ടുപോയി 'നാം രണ്ട് നമുക്ക് ഒന്ന്' എന്ന കാര്‍ക്കശ നയം സ്വീകരിച്ച ചൈനയില്‍ മനുഷ്യത്വരഹിതമായ പെണ്‍ഭ്രൂണഹത്യ സര്‍വവ്യാപകമായി. ചൈനയിലെ ഒറ്റക്കുട്ടി നയത്തിനെതിരെ ശബ്ദമുയര്‍ത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ചെന്‍ ഗ്യവാങ് ചെങ്ങിനെ നാലുവര്‍ഷത്തോളം ജയിലിലടച്ച് ക്രൂരമായി പീഡിപ്പിച്ചു. കുട്ടികളുടെ എണ്ണം രണ്ടിലൊതുക്കിയ ഇന്ത്യയിലും പെണ്‍ഭ്രൂണഹത്യ ഭയാനകമാംവിധം പെരുകി. അതോടൊപ്പം മൂന്നാമതൊരു കുഞ്ഞ് ജനിച്ചാല്‍ മാതാപിതാക്കളെയും മൂന്നാം കുഞ്ഞിനെയും ഒരുപോലെ ശിക്ഷിക്കുന്ന നിയമനിര്‍മാണാവശ്യമാണ് ജസ്റിസ് കൃഷ്ണയ്യര്‍ നിയമപരിഷ്കാര കമ്മിറ്റി മുന്നോട്ട് വെച്ചത്. ചില സംസ്ഥാനങ്ങളില്‍ മനുഷ്യാവകാശ കമീഷന്‍ നിരീക്ഷിച്ചത് പോലുള്ള വിവേചന വ്യവസ്ഥകളും നിലവില്‍വന്നു. പരിഷ്കൃത വികസിത രാജ്യങ്ങളിലാവട്ടെ, മാനവ വിഭവശേഷി ആപത്കരമാംവിധം കുറഞ്ഞതിനാല്‍ ഉല്‍പാദനരംഗം പ്രതിസന്ധിയെ നേരിടുന്നു. കണ്ടാലറിയാത്തവന്‍ കൊണ്ടറിഞ്ഞപ്പോള്‍ സന്താന വര്‍ധനവിന് പ്രഖ്യാപിച്ച ആനുകൂല്യങ്ങളോ സമ്മാനങ്ങളോ ഒന്നും സന്താന ന്യൂനകരണ ചിന്ത തലക്ക് പിടിച്ച ദമ്പതികളെ ആകര്‍ഷിക്കുന്നുമില്ല.
ജനസംഖ്യാ നിയന്ത്രണത്തിന് പ്രകൃതി സ്വതേ സ്വീകരിച്ച മാര്‍ഗങ്ങളുണ്ട്. മനുഷ്യര്‍ക്ക് സ്വമേധയാ സ്വീകരിക്കാവുന്ന പ്രകൃതിദത്തമായ മാര്‍ഗങ്ങളുമുണ്ട്. ജീവിതത്തില്‍ പുലര്‍ത്തേണ്ട സംയമനവുമുണ്ട്. എല്ലാറ്റിനെക്കുറിച്ചും നടത്തേണ്ട ബോധവത്കരണവുമുണ്ട്. ഇതിനെയൊക്കെ മറികടന്ന് കൃത്രിമ മാര്‍ഗേണ ജനന നിയന്ത്രണം അടിച്ചേല്‍പിച്ചിട്ട് എന്തു നേടി? ദാരിദ്യ്രമോ പട്ടിണിയോ തൊഴിലില്ലായ്മയോ ഇല്ലാതായില്ല, സദാചാര രാഹിത്യവും കുടുംബത്തകര്‍ച്ചയും പതിന്മടങ്ങ് വര്‍ധിക്കുകയും ചെയ്തു. പ്രകൃതിയോട് കലഹിച്ചാല്‍ അങ്ങനെയേ സംഭവിക്കൂ.




കാന്തപുരത്തിന്റെ 'ജിഹാദ്'

എന്‍. മുഹമ്മദ്, റൂവി, ഒമാന്‍
"ഇങ്ങനെയൊരു തര്‍ക്കമുണ്ടല്ലോ. ജിഹാദ് പ്രതിരോധമാണ്, ആക്രമണപരമാണ്. ചില ആളുകള്‍ പറഞ്ഞത് അങ്ങോട്ടാക്രമിക്കല്‍ ആണ് ഇസ്ലാമിന്റെ ജിഹാദ് എന്നാണ്.... അങ്ങോട്ട് ആക്രമണം തുടങ്ങലാണ് എന്ന വാദം ആദ്യമായി ഇവിടെ കൊണ്ടുവന്നത് അബുല്‍ അഅ്ലാ മൌദൂദിയാണ്. അദ്ദേഹം പറയുന്നത് ഇവിടെ ഇസ്ലാമിക് റിപ്പബ്ളിക്ക് സ്ഥാപിക്കണം എന്നാണ്.'' എ.പി അബൂബക്കര്‍ മുസ്ലിയാരുമായി നടന്ന അഭിമുഖം (രിസാല ഏപ്രില്‍ ലക്കം).

ഇസ്ലാം വാള്‍ കൊണ്ട് പ്രചരിച്ചതാണെന്ന വാദം സ്ഥാപിക്കാന്‍ സ്ഥിരമായി ജുമുഅ ഖുത്വ്ബക്ക് ഖത്വീബ് വാളെടുക്കുന്ന അനാചാരം ആജീവനാന്തം കൊണ്ടുനടക്കുന്ന വിഭാഗത്തിന്റെ ആചാര്യനാണ് കാന്തപുരം. തിരുകേശ പശ്ചാത്തലത്തില്‍ മാനവികത പ്രസംഗിച്ചുകൊണ്ട് വടക്ക്-തെക്ക് നടക്കുമ്പോള്‍ അദ്ദേഹത്തിന് ഇതൊക്കെ സൌകര്യപൂര്‍വം മറക്കേണ്ടിവരും. ജിഹാദ് ഇസ്ലാമിന്റെ സംസ്ഥാപനത്തിനു വേണ്ടിയുള്ള ധര്‍മസമരമാണെന്ന് വ്യക്തമാക്കിയ ചിന്തകനാണ് സയ്യിദ് മൌദൂദി. സായുധ പ്രതിരോധം അനിവാര്യമാകുമ്പോള്‍ അതും ശ്രേഷ്ഠമായ ജിഹാദ് ആയിത്തീരും. അങ്ങോട്ട് ആക്രമണം തുടങ്ങുന്നതാണ് ജിഹാദ് എന്നോ നിരപരാധികളെയും സമാധാന സന്ധിയിലേര്‍പ്പെട്ടവരെയും ഇസ്ലാമിനെയും മുസ്ലിംകളെയും ശത്രുതയോടെ വീക്ഷിക്കാത്തവരെയും കടന്നാക്രമിക്കുന്നത് ജിഹാദാണെന്നോ മൌദൂദി ഒരിടത്തും പറഞ്ഞിട്ടോ എഴുതിയിട്ടോ ഇല്ല. മറിച്ച് കാന്തപുരവും സമാന മനസ്കരും ആധികാരിക പ്രമാണങ്ങളായി കൊണ്ടുനടക്കുന്ന കിതാബുകളില്‍ ജിഹാദിനെക്കുറിച്ച് എഴുതിവെച്ച അസംബന്ധങ്ങളാണ് ഇന്നും ഇസ്ലാമിന്റെ ശത്രുക്കളുടെ കൈയിലെ ആയുധം. ഇസ്ലാമിന്റെ പേരില്‍ സ്ഥാപിതമായ പാകിസ്താനെ ഇസ്ലാമിക് റിപ്പബ്ളിക്കാക്കണമെന്ന് മൌദൂദി നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയെ ഇസ്ലാമിക് റിപ്പബ്ളിക്കാക്കണം എന്ന് വാദിക്കാന്‍ മാത്രം മൂഢനായിരുന്നില്ല അദ്ദേഹം.


രാഷ്ട്രീയത്തില്‍ ഇടപെടാന്‍ സ്വാതന്ത്യ്രം

പി.വി.സി മുഹമ്മദ്
സമുദായ നേതാക്കള്‍ക്ക് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ സ്വാതന്ത്യ്രമുണ്ടെന്ന് എന്‍.എസ്.എസ്. ഏതൊരു രാഷ്ട്രീയ, സാമൂഹിക പ്രശ്നത്തെക്കുറിച്ചും അഭിപ്രായം പറയാനുള്ള സ്വാതന്ത്യ്രം വ്യക്തികള്‍ക്കും സമുദായങ്ങള്‍ക്കും സമുദായ നേതാക്കള്‍ക്കുമുണ്ട്. അത് പാടില്ലെന്ന് പറയുന്നത് വ്യക്തി സ്വാതന്ത്യ്രത്തെ ഹനിക്കലും സ്വേഛാധിപത്യവുമാണെന്നും എന്‍.എസ്.എസ് പത്രം സര്‍വീസിന്റെ മുഖപ്രസംഗത്തില്‍ വ്യക്തമാക്കി (മാധ്യമം 5.5.2012). പ്രതികരണം?

ജനാധിപത്യ വ്യവസ്ഥയില്‍ ഏത് വ്യക്തിക്കും വിഭാഗത്തിനും സമുദായത്തിനും അവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറയാനും ആവശ്യങ്ങള്‍ ഉയര്‍ത്താനും ദ്രോഹങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താനും അവകാശവും അധികാരവുമുണ്ടെന്നത് ശരിയാണ്. മൌലികാവകാശങ്ങള്‍ ആര്‍ക്കെങ്കിലും സംവരണം ചെയ്തുവെച്ചിട്ടില്ല. ആ നിലക്ക് എന്‍.എസ്.എസ്സിനും രാഷ്ട്രീയ കാര്യങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കാം. എന്നാല്‍, ഇന്ത്യന്‍ ഭരണഘടന ജനാധിപത്യപരമെന്നതോടൊപ്പം മതനിരപേക്ഷപരവും കൂടിയാണെന്ന് മറക്കരുത്. നാനാ ജാതി മതസ്ഥര്‍ താമസിക്കുന്ന ഇന്ത്യ ഭദ്രമായും ശാന്തമായും നിലനില്‍ക്കണമെങ്കില്‍ ഒരു പ്രത്യേക ജാതിയുടെയോ സമുദായത്തിന്റെയോ മതത്തിന്റെയോ ഇംഗിതങ്ങളും താല്‍പര്യങ്ങളും മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പിക്കപ്പെടരുത്. അന്യ സമുദായങ്ങളുടെ ചെലവില്‍ സ്വന്തം സമുദായ താല്‍പര്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമം വര്‍ഗീയതയും വിഭാഗീയതയും വളര്‍ത്തും. അത് മൊത്തം രാഷ്ട്ര പുരോഗതിക്ക് ഹാനികരമാവുകയും ചെയ്യും.
ഇവിടെയാണ് എന്‍.എസ്.എസ്സിന്റെ ചില നിലപാടുകളും വാദഗതികളും വിമര്‍ശനവിധേയമാവുന്നത്. മുസ്ലിംലീഗിന്റെ അഞ്ചാംമന്ത്രി വിവാദം ഒഴിവാക്കപ്പെടേണ്ടതായിരുന്നു. എന്നാല്‍, ലീഗിന് ഒരു പുതിയ വകുപ്പും നല്‍കാതെ ഒരഞ്ചാം മന്ത്രിയെ കൂടി അനുവദിച്ചതിനാല്‍ സംസ്ഥാനത്തെ സമുദായ സമവാക്യങ്ങളാകെ അട്ടിമറിഞ്ഞുവെന്നും ഭൂരിപക്ഷ സമുദായത്തിന് കേരളത്തില്‍ ജീവിക്കാന്‍ വയ്യാത്ത സാഹചര്യമുണ്ടായെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഒച്ചവെച്ചത് നിരുപദ്രവമായ അഭിപ്രായ പ്രകടനമല്ല, യാഥാര്‍ഥ്യനിഷ്ഠവുമല്ല. സമദൂരമോ ശരിദൂരമോ രാഷ്ട്രീയത്തില്‍ സ്വീകരിക്കാനുള്ള അവകാശം എന്‍.എസ്.എസ്സിനുണ്ട്. അതാരും നിഷേധിക്കുന്നില്ല. രണ്ടായാലും കേരളത്തില്‍ നായര്‍ സമുദായക്കാരൊക്കെ എന്‍.എസ്.എസ് കല്‍പിക്കുംപോലെ വോട്ട് ചെയ്യും എന്ന് ധരിക്കുന്നത് ശുദ്ധ മടയത്തരമാണ്.



പാര്‍ട്ടി ദുഷിച്ചാല്‍ എന്തു വഴി?

അബൂബക്കര്‍ ത്വാഹ തൃശൂര്‍
ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവനാണ് ഞാന്‍. ആ പാര്‍ട്ടി അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തില്‍നിന്ന് ബഹുദൂരം വഴിമാറിയാണ് ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി നേതൃത്വത്തിലുള്ള ചില നിക്ഷിപ്ത താല്‍പര്യക്കാര്‍, അവരുടെ ബന്ധുക്കള്‍ എന്നിവര്‍ അവരുടെ സ്വന്തം ഇംഗിതത്തിനും താല്‍പര്യങ്ങള്‍ക്കും അനുസരിച്ച് പാര്‍ട്ടിയെ വഴിനടത്തിക്കൊണ്ടിരിക്കുന്നു. പാര്‍ട്ടി കൊണ്ട് ഉണ്ടാകുന്ന ഗുണങ്ങള്‍ മുഴുവന്‍ അനുഭവിക്കുന്നത് ഈ കൂട്ടരാണ്. പുതിയ തന്ത്രങ്ങളുടെ ഭാഗമാണ് പാര്‍ട്ടിയുടെ നയമാറ്റങ്ങളെന്ന് നേതൃത്വത്തിലുള്ളവര്‍ പറയുന്നു. പിരിയാനൊക്കാതെ, പ്രസ്ഥാനത്തെ കൈവിടാനൊക്കാതെ വേദനപൂര്‍വം കഴിയുന്ന നിരവധി പ്രവര്‍ത്തകര്‍ എന്താണ് ചെയ്യേണ്ടത്? പാര്‍ട്ടിയുമായി ഉണ്ടാക്കിയ കരാര്‍ ലംഘിക്കുന്നത് കുറ്റകരമാണോ? പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിക്കാതെ, സ്വന്തം അഭീഷ്ടത്തിനനുസരിച്ച് കാര്യങ്ങള്‍ നീക്കുന്ന നേതൃത്വത്തിലുള്ളവര്‍ ശരിക്കും അല്ലാഹുവിന്റെ മുന്നില്‍ കുറ്റക്കാരല്ലേ?

ഏതു പാര്‍ട്ടിയിലും അംഗമായി ചേരുന്നതിന് മുമ്പ് മൂന്നു വട്ടം ആലോചിക്കണം. അതിന്റെ ആദര്‍ശമെന്ത്, ലക്ഷ്യമെന്ത്, പരിപാടിയെന്ത്, അതൊക്ക സ്വീകാര്യമാണെങ്കില്‍ തന്നെ പാര്‍ട്ടിയെ നയിക്കുന്നവരും കൊണ്ടുനടത്തുന്നവരും അതിന് യോഗ്യരാണോ, സത്യസന്ധരാണോ, നേരും നെറിയും ഉള്ളവരാണോ എന്നൊക്കെ. ഈവക കാര്യങ്ങളില്‍ ഒരുവക തൃപ്തികരമാണ് പാര്‍ട്ടിയെന്ന് ബോധ്യപ്പെട്ട ശേഷമാണ് അംഗത്വമെടുക്കുന്നതെങ്കില്‍ പിന്നെ ഉള്ളിലിരുന്ന് നിരന്തരം വീക്ഷിക്കണം; പാര്‍ട്ടി നേര്‍വഴിക്കാണോ പ്രയാണം തുടരുന്നതെന്ന്. വ്യതിചലനങ്ങള്‍ കണ്ടാല്‍ ഒറ്റക്കും കൂട്ടായും തിരുത്താന്‍ ശ്രമിക്കണം. അതൊന്നും ഫലിക്കാത്ത പതനത്തിലെത്തിയെങ്കില്‍ സംഗതി ഉത്തരവാദപ്പെട്ടവരോട് തുറന്നു പറഞ്ഞ് സ്വന്തം വഴിനോക്കണം. അക്കാര്യത്തില്‍ കരാര്‍ ലംഘനത്തിന്റെ പ്രശ്നമേ ഉദിക്കുന്നില്ല. താന്‍ നേരായ മാര്‍ഗത്തില്‍ സമൂഹത്തെ നയിക്കുന്നേടത്തോളം കാലം തന്നെ അനുസരിക്കണമെന്നേ മഹാന്മാരായ ഖലീഫമാര്‍ -അബൂബക്കറും ഉമറും അതുപോലുള്ളവരും പോലും- ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നുള്ളൂ. തിന്മയില്‍ ഒരു സൃഷ്ടിയെയും അനുസരിക്കുന്ന പ്രശ്നമില്ല. ഇവിടെ കരാര്‍ ആദ്യം ലംഘിച്ചത് പാര്‍ട്ടി നേതൃത്വമാണ്. അതോടെ കരാറിന് വിലയില്ലാതായി. അനുയായികളെ അനുസരിപ്പിക്കാന്‍ ധാര്‍മികാവകാശം നഷ്ടപ്പെട്ട നേതാക്കളെ അനുയായികള്‍ കൈവിടുന്നതാണ് ധാര്‍മികത. അല്ലെങ്കില്‍ മരണാനന്തര ജീവിതത്തില്‍ അല്ലാഹുവിന്റെ സവിധത്തില്‍ ചോദ്യം ചെയ്യപ്പെടും. അന്നേരം നേതാക്കളെ കുറ്റപ്പെടുത്തിയിട്ട് ഒരു പ്രയോജനവുമുണ്ടാവില്ലെന്ന് അല്ലാഹു ആദ്യമേ പറഞ്ഞുതന്നിട്ടുണ്ട് (വിശുദ്ധ ഖുര്‍ആന്‍ 2:166).



ഫിലിം സെന്‍സര്‍ബോര്‍ഡ്

പി. ഉണ്ണി പടിക്കല്‍
ദേശീയ അവാര്‍ഡ് നേടിയ വിദ്യാ ബാലന്‍ അഭിനയിച്ച ഡേര്‍ട്ടി പിക്ചര്‍ എന്ന സിനിമ തിയേറ്ററുകളില്‍ അരങ്ങു തകര്‍ക്കുമ്പോള്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ടി.വി ചാനലില്‍ രാത്രി 11 മണിക്ക് ശേഷം സംപ്രേഷണം ചെയ്യാന്‍ പാടുള്ളൂ എന്ന് ഉത്തരവിട്ടു. ഇത് ശരിയാണോ?

ഇനിമേല്‍ ഡേര്‍ട്ടി പിക്ചേഴ്സ് കാണാന്‍ ഇളംതലമുറ പതിനൊന്ന് മണിക്ക് ശേഷം ഉറക്കമിളച്ചിരുന്ന് കൊള്ളും. ബോളിവുഡിനെയും ചാനലുകളെയും സഹായിക്കാന്‍ എന്തൊരെളുപ്പം! നട്ടെല്ലും ആര്‍ജവവുമുള്ള ഒരു ഫിലിം സെന്‍സര്‍ ബോര്‍ഡുണ്ടെങ്കില്‍ നിയന്ത്രിക്കാവുന്നതേയുള്ളൂ ഇത്തരം 'വൃത്തികെട്ട' ചിത്രങ്ങളുടെ പ്രദര്‍ശനം. സദാചാരത്തിന്റെ വിപരീത ശബ്ദങ്ങളെ സെന്‍സര്‍ ബോര്‍ഡിലിരുത്തിയാല്‍ പറഞ്ഞിട്ടെന്ത് ഫലം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം