Prabodhanm Weekly

Pages

Search

2012 ജൂണ്‍ 2

കൃഷിയും ആരാധനയും!

നെജീര്‍ എം.കെ. മനാമ, ബഹ്റൈന്‍

നുഷ്യന്‍ അവനറിയാത്ത വിധം ഉപഭോഗ സംസ്കാരത്തിന് അടിപ്പെട്ടിരിക്കുന്നു. എളുപ്പത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ എങ്ങനെ പൂര്‍ത്തീകരിക്കാം എന്നാണ് വിപണി മനുഷ്യനെ പഠിപ്പിക്കുന്നത്. മനുഷ്യന്‍ എന്ത് ഭക്ഷിക്കണം, എന്ത് ഉപയോഗിക്കണം എന്ന് തീരുമാനിക്കുന്നതും വിപണിയാണ്. മനുഷ്യ മനസ്സിനെ വിപണിക്കനുകൂലമായി രൂപപ്പെടുത്തുന്ന പരസ്യങ്ങളും സിനിമകളും ടെലിവിഷന്‍ പരിപാടികളുമാണ് നമ്മെ ഭരിച്ചു കൊണ്ടിരിക്കുന്നത്. ട്രോളികളില്‍ നിറയെ സാധനങ്ങള്‍ നിറച്ചു മാര്‍ക്കറ്റില്‍ നിന്ന് വീടുകളിലേക്ക് തിരിച്ചു പോകുന്ന യന്ത്രങ്ങള്‍ മാത്രമായി മനുഷ്യന്‍ ചുരുങ്ങിയിരിക്കുന്നു. ഉല്‍പന്നങ്ങളെ കുറിച്ച സത്യങ്ങള്‍ മറച്ചു വെച്ചുകൊണ്ടു അസത്യങ്ങള്‍ സത്യമായി പരസ്യങ്ങളിലൂടെ അവതരിപ്പിക്കുന്നു. അവയൊക്കെ പ്രേക്ഷകര്‍ കണ്ണടച്ചു ആസ്വദിക്കുന്നു. ഇസ്ലാമിക സമൂഹം പോലും ഈ അടിമത്തത്തിന് വിധേയപ്പെട്ടിരിക്കുന്നു.
'ഒരു മനുഷ്യന്‍ ഒരു സസ്യം നടുകയും, ആ സസ്യത്തില്‍ നിന്ന് വരുന്ന ഫലങ്ങള്‍ മറ്റുള്ളവര്‍ ഭക്ഷിക്കുകയും ചെയ്യുന്ന കാലത്തോളം ആ മനുഷ്യന് അത് പ്രതിഫലാര്‍ഹാമാകുന്ന കര്‍മമായി സ്രഷ്ടാവ് പരിഗണിക്കുമെന്ന്' പ്രവാചകന്‍ സമൂഹത്തെ ഉണര്‍ത്തിയിട്ടുണ്ട്. ഇങ്ങനെയൊക്കെ സമൂഹത്തെ ഉദ്ബോധിപ്പിച്ചിട്ടും ഇന്നത്തെ ഇസ്ലാമിക സമൂഹം കാര്‍ഷിക രംഗത്ത് വളരെ പിറകിലാണ്. അംബര ചുംബികളായ മിനാരങ്ങള്‍ കെട്ടിയുയര്‍ത്തുന്നതില്‍ മത്സരിക്കുന്ന പുരോഹിത നേതൃത്വങ്ങളുടെ അനുയായികളായി സമൂഹം മാറിയിരിക്കുന്നു. ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തില്‍, അതിന് പരിഹാരമായി ഹൈബ്രിഡ് വിത്തുകള്‍ ഉപയോഗിച്ച് കുത്തകകള്‍ പ്രകൃതി ദത്തമായ ജൈവിക കൃഷിയെ പുറംതള്ളുകയാണ്. ഇതിനെതിരെ പുരോഹിതരില്‍ നിന്ന് ഇടപെടല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് മൌഢ്യമാണ്.
ഇനിയെങ്കിലും കാര്യങ്ങള്‍ മാറേണ്ടതുണ്ട്. തരിശായി കിടക്കുന്ന കൃഷിഭൂമികള്‍ പിടിച്ചെടുത്തു കര്‍ഷകര്‍ക്ക് കൊടുത്ത ഉമറി(റ)ന്റെ പാത കൃഷിക്കുള്ള പ്രോത്സാഹനമാണല്ലോ. ഗൌരവമായ ഇടപെടല്‍ നടത്തേണ്ടതുണ്ട്. വിശ്വാസികളെ കൃഷിയുടെ പ്രാധാന്യത്തെ കുറിച്ചും ആരോഗ്യകരമായ കൃഷി രീതിയെ കുറിച്ചും പരിചയപ്പെടുത്തേണ്ടതുണ്ട്.

മഹല്ലുകള്‍ക്ക് ചെയ്യാവുന്നവ:
- മഹല്ലുകളില്‍ ഒരു കാര്‍ഷിക സഹകരണസംഘം രൂപവത്കരിക്കുക.
- കൃഷിക്ക് ഇസ്ലാം നല്‍കുന്ന പ്രാധാന്യത്തെ കുറിച്ച് ക്ളാസ്സുകള്‍ സംഘടിപ്പിക്കുക
- ഖുത്വ്ബകളില്‍ ആരാധനയും കൃഷിയും തമ്മിലുള്ള ബന്ധം വിഷയമാക്കുക
- ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക.
- വീട്ടുവളപ്പില്‍ ചെയ്യാന്‍ കഴിയുന്ന കൃഷികള്‍ പരിചയപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
- മൂന്നു മാസം കൂടുമ്പോള്‍ അംഗങ്ങള്‍ യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തുക.
- രൂപമാറ്റം ചെയ്ത ഹൈബ്രിഡ് വിത്തുകള്‍ ബഹിഷ്കരിക്കുകയും പ്രകൃതിക്കു ചേര്‍ന്ന വിത്തുകള്‍ സംരക്ഷിക്കുകയും ചെയ്യുക.
- മഹല്ലുകളില്‍ കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവരെ കണ്ടെത്തി, തരിശായി കിടക്കുന്ന ഭൂമി കൃഷിക്കായി നല്‍കാന്‍ തയാറുള്ളവരെയും ഇന്‍വെസ്റ് ചെയ്യാന്‍ തയാറുള്ളവരെയും ബന്ധപ്പെടുത്തി പ്രോത്സാഹിപ്പിക്കുക.
- രണ്ടോ മൂന്നോ പേരെ ജൈവ കൃഷി പരിശീലനത്തിന് തെരഞ്ഞെടുത്ത് അവരുടെ കഴിവുകള്‍ മഹല്ലിലെ കാര്‍ഷിക വികസനത്തിന് പ്രയോജനപ്പെടുത്തുക.
- മഹല്ലിന്റെ കീഴില്‍ നാടന്‍ ഉല്‍പന്ന മേളകള്‍ സംഘടിപ്പിച്ചു സമൂഹത്തെ കാര്‍ഷിക രംഗത്തേക്ക് ആകര്‍ഷിക്കുക.
- പാടം (കൃഷി ഭൂമി) നികത്തുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുക.
കാര്‍ഷിക രംഗത്തുള്ള ഇടപെടല്‍ പ്രകൃതിയോടും, അല്ലാഹുവിന്റെ സൃഷ്ടികളോടും തലമുറകളോടും ജീവിതത്തോടുമുള്ള ബാധ്യതയാണ്. അത്തരമൊരു മുന്നേറ്റത്തിനു ഇനിയെങ്കിലും കളമൊരുങ്ങേണ്ടതുണ്ട്. അല്ലെങ്കില്‍ മാരക കീടനാശിനികള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഹൈബ്രിഡ് ഉല്‍പന്നങ്ങള്‍ ഉപഭോഗിച്ച് സ്വന്തം ശരീരത്തെ രോഗാതുരമാക്കി ജീവിക്കുന്ന സമൂഹമായി നാം മാറും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം