ദൈവാനുഗ്രഹങ്ങള്‍ക്ക് വിലയില്ലാതാകുന്നത്
വിധാതാവ് കനിഞ്ഞരുളിയ ജീവിത വിഭവങ്ങളില്‍ നമ്മില്‍ എത്രപേര്‍ തൃപ്തരാണ്? അതൃപ്തരായിരിക്കും അധികപേരും എന്നതാണ് അനുഭവ പാഠം. കാരണം വിശദീകരിക്കാന്‍ പക്ഷേ എല്ലാവരും സന്നദ്ധരാകണമെന്നില്ല. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങള്‍ക്ക് അര്‍ഹിക്കുന്ന വിലകല്‍പിക്കാനാകാത്തതാണ് അതൃപ്തിയുടെ അടിസ്ഥാന കാരണമെന്ന് അല്‍പം ചിന്തിച്ചാല്‍ കണ്ടെത്താനാകും. ദൈവാനുഗ്രഹങ്ങള്‍ക്ക് വിലയില്ലാതാകുന്നതെന്തുകൊണ്ട്? ന്യായങ്ങള്‍ പലതും പറയാമെങ്കിലും എല്ലാം എത്തിച്ചേരുന്നത് ഒരുത്തരത്തിലേക്കായിരിക്കും. മറ്റുള്ളവര്‍ക്ക് ലഭിച്ച വിഹിതത്തിന്റെ വലുപ്പം. അഥവാ അവരുടെ ജീവിത സൌകര്യങ്ങളുടെ സമൃദ്ധി അവനവന്റേതിനെ അസൌകര്യങ്ങളാക്കുന്ന നഷ്ടബോധം. ഈ നഷ്ടബോധത്തില്‍നിന്ന് രണ്ട് കാര്യങ്ങള്‍ രൂപപ്പെട്ടുവരും. ഒന്ന്, മറ്റുള്ളവരുടെ ജീവിത സൌകര്യങ്ങളുടെ സമൃദ്ധിയോ അതിനോടടുത്തോ തനിക്കുമുണ്ടാകണമെന്ന ചിന്ത. രണ്ട്, തനിക്കുണ്ടായില്ലെങ്കില്‍ മറ്റുള്ളവര്‍ക്കുമത് വേണ്ടെന്ന വികാരം. അസൂയ എന്നാണീ മാനസികാവസ്ഥയുടെ വ്യവഹാരഭാഷ. അസൂയ എന്നതുകൊണ്ടുള്ള വിവക്ഷ ഇതാണ്: മറ്റൊരുവന് അല്ലാഹു നല്‍കിയ അനുഗ്രഹത്തിലോ ശ്രേഷ്ഠതയിലോ നന്മയിലോ അസഹിഷ്ണുവായി അത് അയാളില്‍നിന്ന് നഷ്ടപ്പെടുകയും തനിക്കു ലഭിക്കുകയും വേണമെന്ന് അല്ലെങ്കില്‍ ചുരുങ്ങിയത് അയാള്‍ക്കത് നഷ്ടപ്പെടുകയെങ്കിലും വേണമെന്ന് ഒരുവന്‍ ആഗ്രഹിക്കുക (അബുല്‍അഅ്ലാ മൌദൂദി)
ആത്മീയതലത്തിലുണ്ടാകുന്ന ഈ പ്രതിഭാസം ചികില്‍സിച്ചുമാറ്റേണ്ടുന്ന ഗുരുതരമായ ഒരു ദീനമാണെന്നാണ് ഇസ്ലാമിന്റെ അധ്യാപനം.
ഒരിക്കല്‍ തിരുമേനി സഖാക്കളെ ഉണര്‍ത്തി: നിങ്ങള്‍ അറിഞ്ഞിരിക്കുക, ദൈവാനുഗ്രഹങ്ങള്‍ക്ക് ശത്രുക്കളുണ്ട്. പ്രവാചകരേ, ആരാണ് ദൈവാനുഗ്രഹത്തിന്റെ ശത്രുക്കള്‍? സഖാക്കളിലൊരാള്‍ ചോദിച്ചു. പ്രവാചകന്റെ മറുപടി: അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ലഭിച്ചവരോട് അസൂയ പുലര്‍ത്തുന്നവര്‍ (ത്വബ്റാനി). വിണ്ണിലും മണ്ണിലും ദൈവകോപം ക്ഷണിച്ചുവരുത്തിയ ആദ്യപാപം അസൂയയുടെ ഫലമായുണ്ടായതായിരുന്നു. ആദമിന് മുന്നില്‍ പ്രണമിക്കണമെന്ന ദൈവാജ്ഞ ധിക്കരിക്കാന്‍ ഇബ്ലീസിനെ ഉദ്യുക്തനാക്കിയതും ഹാബീലിനെ നിഷ്കരുണം കൊലചെയ്യാന്‍ ഖാബീലിനെ പ്രേരിപ്പിച്ചതും അസൂയയെന്ന മാരക വിപത്തായിരുന്നുവല്ലോ. സൂറത്തുല്‍ കഹ്ഫില്‍ പ്രതിപാദിക്കപ്പെട്ട ആദം-ഇബ്ലീസ് സംഭവത്തെ വ്യാഖ്യാനിച്ചുകൊണ്ട് സയ്യിദ് മൌദൂദി എഴുതി: വഴി പിഴച്ചുപോയ മനുഷ്യരെ അവരുടെ വിഡ്ഢിത്തത്തെപറ്റി ബോധവാന്മാരാക്കുകയാണ് ഈ വാക്യശൃംഖലയില്‍ ആദം ഇബ്ലീസ് സംഭവത്തിലേക്ക് വിരല്‍ ചൂണ്ടിയതിന്റെ ഉദ്ദേശ്യം. സൃഷ്ടിയുടെ ആരംഭം തൊട്ട് മനുഷ്യനോട് അസൂയ പുലര്‍ത്തിപ്പോന്ന അവന്റെ ആജന്മ ശത്രുവാണ് പിശാച്. എന്നിട്ടും മനുഷ്യന്‍ കരുണാര്‍ദ്രനായ സൃഷ്ടി കര്‍ത്താവിനെയും തന്റെ അഭ്യുദയ കാംക്ഷികളായ പ്രവാചകന്മാരെയും വിട്ട് പിശാചിന്റെ കുരുക്കില്‍പെട്ടുപോകുന്നു. (തഫ്ഹീമുല്‍ ഖുര്‍ആന്‍). ഇബ്ലീസും ഖാബീലും വിത്തുപാകിയ തിന്മയുടെ പാഴ്ചെടികളാണ് മനുഷ്യമനസ്സുകളില്‍ വേരുകളാഴ്ത്തി പടര്‍ന്നു പന്തലിച്ച് ഫലം കായ്ച്ച് നില്‍ക്കുന്നത്. ഈ നന്മസംഹാരിയെ വേരോടെ പിഴുതെടുത്തില്ലെങ്കില്‍ അതിന് വളം നല്‍കുന്ന മനസ്സില്‍നിന്ന് നന്മയുടെ കണികകള്‍ തീര്‍ത്തും അപ്രത്യക്ഷമാകും. അതവന്റെ വ്യക്തിത്വത്തെ മാരകമായി പരിക്കേല്‍പിക്കുകയും പ്രവചനാതീതമായ ദുരന്തപരിണതിയിലേക്കതവനെ കൊണ്ടെത്തിക്കുകയും ചെയ്യും.
പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കി: നിങ്ങള്‍ അസൂയയെ സൂക്ഷിക്കണം. കാരണം അത് സര്‍വനന്മകളെയും സംഹരിച്ചുകളയും. തീ വിറകിനെയെന്ന പോലെ (തിര്‍മിദി). വേദാവതരണവും പ്രവാചക നിയോഗവും വഴി സത്യവിശ്വാസികള്‍ക്ക് അല്ലാഹു നല്‍കിയ ആത്മീയ ഭൌതിക ജീവിതോല്‍ക്കര്‍ഷത്തില്‍ അസൂയപൂണ്ട് അനര്‍ഥങ്ങള്‍ ചെയ്തുകൂട്ടുന്ന ഭൌതിക പൂജകരായ ജൂതപണ്ഡിതന്മാരെ ഖുര്‍ആന്‍ ശക്തമായ ഭാഷയില്‍ അപലപിക്കുന്നുണ്ട്. "മറ്റുള്ളവരോട് അല്ലാഹു അവരെ അനുഗ്രഹിച്ചതിന്റെ പേരില്‍ അവര്‍ അസൂയ വെച്ച് പുലര്‍ത്തുകയാണോ?'' (അന്നിസാഅ്: 54)
ദൈവപ്രീതിയും സ്വര്‍ഗീയവാസവും ലാക്കാക്കി ജീവിക്കുന്നവര്‍ അതിനെ വിലക്കുന്ന ചിന്താ സ്വഭാവ കര്‍മങ്ങളില്‍ നിന്നകലം പാലിച്ചിരിക്കണമെന്നത് ഇസ്ലാമിന്റെ പ്രാഥമികാധ്യാപനമാണ്. ഇത്തരം വര്‍ജ്യമായ സ്വഭാവങ്ങളിലൊന്നാണ് അസൂയ. സാഹോദര്യബന്ധങ്ങള്‍ക്കും സാമൂഹിക ഭദ്രതക്കും പ്രഹരമേല്‍പിക്കുന്ന ഈ ദുര്‍ഗുണത്തിന്റെ അനുബന്ധ ഉല്‍പന്നങ്ങളായ അഹന്ത, പരനിന്ദ തുടങ്ങിയ ദൂഷ്യങ്ങളില്‍നിന്നകലം പാലിക്കാന്‍ വിശ്വാസികളെ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. "വിശ്വസിച്ചവരേ, പുരുഷന്മാര്‍ മറ്റു പുരുഷന്മാരെ പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ ശ്രേഷ്ഠരായേക്കാം. സ്ത്രീകള്‍ മറ്റു സ്ത്രീകളെയും പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍ പരിഹസിക്കുന്ന സ്ത്രീകളെക്കാള്‍ ശ്രേഷ്ഠകളായേക്കാം. പരസ്പരം അവഹേളിക്കരുത്. ദുഷ്പേര് വിളിക്കുകയുമരുത്. വിശ്വാസം കൈക്കൊണ്ട ശേഷം ദുഷ്പേര് വിളിക്കുകയെന്നത് അങ്ങേയറ്റം ഹീനമായ വൃത്തിയാകുന്നു. ഈ ദുശ്ശീലത്തില്‍ നിന്നകന്നുമാറി പശ്ചാത്തപിക്കാത്തവരും ധര്‍മധിക്കാരികളുമാകുന്നു'' (അല്‍ഹുജുറാത്ത്:11)
പ്രവാചകന്‍ അനുയായികളെ ഉപദേശിച്ചു: നിങ്ങള്‍ പരസ്പരം വെറുക്കരുത്, അസൂയ പുലര്‍ത്തരുത്, വഞ്ചിക്കുകയുമരുത്. മറിച്ച് സാഹോദര്യബോധത്തോടെ വര്‍ത്തിക്കുന്ന ദൈവദാസന്മാരാവുക (ബുഖാരി, മുസ്ലിം).
വിശ്വാസത്തിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തുന്ന മാലിന്യമാണ് അസൂയ. അതിനാല്‍ വിശ്വാസിയുടെ ഹൃദയത്തിനകത്ത് അതിനിടം നല്‍കരുത്. നബി തിരുമേനി അരുള്‍ചെയ്തു: വിശ്വാസവും അസൂയയും ഒരടിമയുടെ മനസ്സില്‍ ഒരുമിക്കില്ല(ഇബ്നുഹിബ്ബാന്‍).
അസൂയാലു അഞ്ച് കാര്യങ്ങളില്‍ തന്റെ രക്ഷിതാവിനോട് സമരം പ്രഖ്യാപിക്കുകയാണെന്ന് ജ്ഞാനികള്‍ പറഞ്ഞുവെച്ചിട്ടുണ്ട്. ഒന്ന്, മറ്റുള്ളവര്‍ക്ക് അല്ലാഹു വര്‍ഷിച്ച അനുഗ്രഹങ്ങളോട് അയാള്‍ വെറുപ്പു കാണിക്കുന്നു. രണ്ട്, തനിക്ക് ലഭിച്ച അനുഗ്രഹങ്ങളില്‍ അസന്തുഷ്ടി പ്രകടിപ്പിക്കുന്നു. മൂന്ന്, അല്ലാഹു തനിക്ക് നല്‍കിയ ഔദാര്യം മറ്റുള്ളവര്‍ക്ക് നല്‍കുന്നതില്‍ പിശുക്ക് കാട്ടുന്നു. നാല്, അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ച ദാസനെ നിന്ദിക്കുകയും അവനില്‍നിന്നത് നീങ്ങിപ്പോകണമെന്നാഗ്രഹിക്കുകയും ചെയ്യുന്നു. അഞ്ച്, തന്റെ ശത്രുവായ ഇബ്ലീസിനെ സന്തോഷിപ്പിക്കുന്നു (തന്‍ബീഹുല്‍ ഗാഫിലീന്‍).
അസൂയക്ക് മരുന്നില്ലെന്നത് തിരുത്തേണ്ട ആപ്തവാക്യമാണ്. മനുഷ്യന്റെ മനസ്സും കര്‍മങ്ങളും കാര്‍ന്നുതിന്നുന്ന അസൂയയെന്ന മാരക രോഗാണുവിനെതിരില്‍ വിശ്വാസികള്‍ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ച് ഇസ്ലാമിന്റെ ശിക്ഷണ രീതികള്‍ ഇങ്ങിനെ സംഗ്രഹിക്കാം.
ഒന്ന്: സൃഷ്ടികളുടെ കാര്യങ്ങളെല്ലാം സ്രഷ്ടാവിന്റെ പൂര്‍ണാധികാരത്തിലാണ്. അവന്‍ വിധിക്കുന്ന വിഹിതം മാത്രമേ തനിക്ക് ലഭിക്കൂ. എനിക്ക് അവന്‍ തടഞ്ഞത് ഒരുനിലക്കും നേടാനാകില്ല എന്നത് അടിസ്ഥാന വിശ്വാസമായി മനസ്സില്‍ ഊട്ടിയുറപ്പിക്കുക.
"അവരാണോ നിന്റെ രക്ഷിതാവിന്റെ അനുഗ്രഹം വീതംവെച്ചിരിക്കുന്നത്? നാമാണ് ഐഹിക ജീവിതത്തില്‍ അവരുടെ ജീവിത വിഹിതങ്ങള്‍ അവര്‍ക്കിടയില്‍ ഭാഗിച്ചിരിക്കുന്നത്'' (അസ്സുഖ്റുഫ് : 32). നമസ്കാരാനന്തരമുള്ള പ്രാര്‍ഥനയില്‍ പ്രവാചകന്‍ ഉരുവിട്ടിരുന്ന ഒരു വാചകം ഇങ്ങനെ: "അല്ലാഹുവേ, നീ നല്‍കിയതിനെ തടയുന്നവനോ നീ തടഞ്ഞതിനെ നല്‍കുന്നവനോ ഇല്ല. പ്രതാപമുള്ളവന് (നിന്റെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുവാന്‍) അവന്റെ പ്രതാപം പ്രയോജനപ്പെടുകയുമില്ല'' (ബുഖാരി).
രണ്ട്: തനിക്ക് ലഭിച്ചിട്ടുള്ള ദൈവികാനുഗ്രഹങ്ങളുടെ മൂല്യമറിയാന്‍ അത് ലഭിക്കാത്തവരിലേക്ക് കണ്ണ് പായിക്കണം. അത് തന്റെ മനസ്സിന്റെ അടങ്ങാത്ത ആഗ്രഹങ്ങള്‍ക്ക് തടയിടാനവസരം നല്‍കും.
"നിങ്ങള്‍ താഴെയുള്ളവരിലേക്ക് നോക്കുക. മേലെയുള്ളവരിലേക്ക് നോക്കരുത്. അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ അനുഗ്രഹത്തെ നിസ്സാരമാക്കാതിരിക്കാന്‍ അതാണുചിതം'' (മുസ്ലിം).
മൂന്ന്: മരണസ്മരണ വര്‍ധിപ്പിക്കുക.
പ്രവാചകള്‍ പറഞ്ഞു: നിങ്ങള്‍ മരണ സ്മരണ വര്‍ധിപ്പിക്കുക. അത് അത്യാഹ്ളാദവും അസൂയയും അകറ്റാതിരിക്കില്ല (അബൂദാവൂദ്).
നാല്: നിതാന്തമായ ദൈവസ്മരണ മനസ്സകം തണുപ്പിക്കുകയും ആശ്വാസമേകുകയും ചെയ്യും.
"(വിശ്വാസികള്‍) ദൈവവിശ്വാസം സ്വീകരിക്കുകയും ദൈവസ്മരണയാല്‍ മനസ്സുകള്‍ ശാന്തരാവുകയും ചെയ്യുന്നവരാണവര്‍. അറിയുക, ദൈവസ്മരണകൊണ്ട് മാത്രമാണ് മനസ്സുകള്‍ ശാന്തമാകുന്നത് '' (അര്‍റഅദ് 28)
അസൂയാലുവിന്റെ ദുഷ്ടമനസ്സില്‍ നിന്നുല്‍പാദിപ്പിക്കപ്പെടാനിടയുള്ള സര്‍വവിധ നാശങ്ങളില്‍നിന്നും വിധാതാവിനോട് ശരണമര്‍ഥിക്കാന്‍ അസൂയാവിധേയനെ ഖുര്‍ആന്‍ ഉല്‍ബോധിപ്പിക്കുന്നു.
"പ്രാര്‍ഥിക്കുക, പ്രഭാതത്തിന്റെ നാഥനില്‍ ഞാന്‍ അഭയം തേടുന്നു; അവന്‍ സൃഷ്ടിച്ച സകല വസ്തുക്കളുടെയും ദ്രോഹത്തില്‍നിന്നും, ഇരുട്ടുമൂടിയ രാത്രിയുടെ ഉപദ്രവത്തില്‍നിന്നും, കെട്ടുകളില്‍ ഊതുന്നവരുടെ ആപത്തില്‍നിന്നും, അസൂയപുലര്‍ത്തുന്ന അസൂയാലുവിന്റെ വിനാശത്തില്‍നിന്നും'' (ഖുര്‍ആന്‍: 113: 1-5)
Comments