Prabodhanm Weekly

Pages

Search

2012 ജൂണ്‍ 2

എന്‍.എസ്.എസ്സും കോണ്‍ഗ്രസ്സും തമ്മില്‍

റഹീം കരിപ്പോടി

കേരളത്തിലെ സാമുദായിക രാഷ്ട്രീയ അടിയൊഴുക്കുകള്‍ കൃത്യമായി അവലോകനം ചെയ്യുന്നതായിരുന്നു 48-ാം ലക്കം. ഇവിടെ എന്‍.എസ്.എസ് കോണ്‍ഗ്രസ്സിന്റെ അഭിവാജ്യ ഘടകമാണ്. അതിന് ചരിത്രപരമായ കാരണങ്ങളുമുണ്ട്. കമ്യൂണിസത്തിന്റെ കൂറ്റനൊഴുക്കില്‍ പിന്നാക്ക സമുദായക്കാരാണ് കൂടുതലായി അതിന്റെ രാഷ്ട്രീയ സാംസ്‌കാരിക ധാരയില്‍ ചേര്‍ന്നത്. കഷ്ടപ്പെടുന്ന കര്‍ഷകത്തൊഴിലാളികള്‍ക്കും മറ്റു അരപ്പട്ടിണിക്കാര്‍ക്കും വേറെ രാഷ്ട്രീയ സംഘടനകളുണ്ടായിരുന്നില്ല. ഭൂവുടമകളായ നായര്‍ സമുദായം ഇടതുപക്ഷത്തിന്റെ നേരെ എതിര്‍ ചേരിയായ കോണ്‍ഗ്രസ്സില്‍ നിലയുറപ്പിച്ചു. ഭരണത്തിലേറിയ ഇടതുപക്ഷത്തെ അവര്‍ വിമോചന സമരത്തിലൂടെ താഴെയിറക്കി തന്ത്രപൂര്‍വം ലീഗിനെ ഒഴിവാക്കിയ ഒരു കോണ്‍ഗ്രസ് മുന്നണിയെ അധികാരത്തിലേറ്റി ഭരണം കൈയാളി. ഇടതുപക്ഷത്തും കോണ്‍ഗ്രസ്സിലും നയപരമായ മാറ്റങ്ങള്‍ പില്‍ക്കാലത്തുണ്ടായെങ്കിലും പഴയ പൊക്കിള്‍കൊടി ബന്ധം ഇന്നും നിലനില്‍ക്കുന്നു. എന്‍.എസ്.എസ്സിന്റെ പിന്തുണയില്ലാത്ത ഒരു കോണ്‍ഗ്രസിനെ വിഭാവന ചെയ്യാന്‍ പോലും പറ്റില്ല. സംസ്ഥാനത്താകെ നായര്‍ വോട്ടുകള്‍ പരന്നു കിടക്കുന്നു. നേരിയ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കപ്പെടുന്നതിനാല്‍ അവരുടെ വോട്ട് വളരെ വിലപ്പെട്ടതാണ്. കഴിഞ്ഞ 40 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ്സിനെപ്പോലെ ലീഗും ഇത് മനസ്സിലാക്കിയിട്ടുണ്ട് എന്ന് കരുതേണ്ടിയിരിക്കുന്നു. അതുകൊണ്ടാവണം കഴിഞ്ഞ കാലങ്ങളില്‍ ലീഗ് എന്‍.എസ്.എസ്സിന് അടിയറവ് പറഞ്ഞതും സമുദായത്തിന്റെ കാതലായ താല്‍പര്യ സംരക്ഷണത്തില്‍ നിന്ന് ലേഖകന്‍ വിമര്‍ശിച്ചതുപോലെ പിന്നോട്ടടിച്ചതും.
ഈ ഭയത്തിന് മറ്റൊരു തലമുണ്ട്. തീവ്രവാദ, രാജ്യദ്രോഹ മുദ്രകുത്തല്‍ എന്നിവയാണ് എന്‍.എസ്.എസ്സിന്റെ വജ്രായുധം. ചാനലുകളിലും പത്രങ്ങളിലും അത്തരമൊരു കോലാഹലവും ചര്‍ച്ചകളും ലീഗിനെതിരെ ഇളക്കിവിട്ടാല്‍ അതിന് എണ്ണ ഒഴിക്കുമ്പോലെയാകും ഇവിടത്തെ ഭരണയന്ത്രവും വര്‍ഗീകരിക്കപ്പെട്ട 'മതനിരപേക്ഷ' ബുദ്ധിജീവികളും പ്രതികരിക്കുക. കൂട്ടിന് കോണ്‍ഗ്രസ്സിലെ ദേശീയ മുസ്‌ലിംകളുമുണ്ടാകും. ഭരണ മാധ്യമ രംഗത്ത് എന്‍.എസ്.എസ്സിന് ശക്തമായ സ്വാധീനമുണ്ട്. സംഘ്പരിവാറിന്റെ ഇടപെടല്‍ വേറെയും. ഇതിനേക്കാള്‍ തീക്ഷ്ണമായ എതിര്‍പ്പിലാണ് ലീഗ് ഭരണം കൈയാളിയതും സമുദായത്തിന്റെ കാതലായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ വിജയം വരിച്ചതും. പക്ഷേ, അന്ന് എന്‍.എസ്.എസ്സിന്റെ വിരോധികളായ ഇടതുപക്ഷം ലീഗിനോടൊപ്പമുണ്ടായിരുന്നു. അത്തരമൊരു ശക്തമായ പിന്തുണ കോണ്‍ഗ്രസ്സില്‍നിന്ന് മുസ്‌ലിം ലീഗിന് ലഭിക്കുകയില്ല. മാത്രമല്ല, ഇപ്പോള്‍ എതിര്‍പക്ഷത്തുള്ള ഇടതുപക്ഷം ലീഗിനെ തേജോവധം ചെയ്യാന്‍ കിട്ടുന്ന എല്ലാ അവസരങ്ങളും രാഷ്ട്രീയമായി ഉപയോഗിക്കുന്നു. വേണ്ടിവരുമ്പോള്‍ തീവ്രവാദവും വര്‍ഗീയതയും ആരോപിക്കുന്നു. അതുകൊണ്ടാണ് ലേഖകന്‍ സൂചിപ്പിച്ചതുപോലെ അഞ്ചാം മന്ത്രിസ്ഥാനം കൊണ്ട് ലീഗിന് യാതൊരു ഭരണനേട്ടവും ഉണ്ടാക്കാന്‍ കഴിയാത്തതും അര്‍ഹമായ രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ടതും.


സൗഹൃദത്തിന്റെ കിളിവാതിലുകള്‍

ഇബ്‌നു ഹാശിം മാഹി


'മുജാഹിദ് പ്രസ്ഥാനം: നവോത്ഥാനത്തില്‍നിന്ന് നവയാഥാസ്ഥിതികതയിലേക്ക്' എന്ന ശീര്‍ഷകത്തില്‍ വന്ന ലേഖനവും തുടര്‍ പ്രതികരണങ്ങളുമാണ് ഈ കുറിപ്പിന്നാധാരം. മുജാഹിദ് ധാരകളിലൊന്നിലെ നിരാശാജനകമായ ജീര്‍ണതകളാണ് സമീപകാല വിശേഷങ്ങളെങ്കില്‍, മറ്റൊരു പക്ഷത്ത് പ്രത്യാശാജനകമായ ചിന്തകളും ചലനങ്ങളും വെളിച്ചം കാണുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സാമൂഹിക സമസ്യകളോട് പ്രതികരിക്കാനും രാഷ്ട്രീയമെന്ന 'ഇഹലോക കാര്യ'ത്തിന്റെ വൃത്തത്തിലാണെന്ന് നിരീക്ഷിക്കപ്പെട്ടിരുന്ന ജീവല്‍പ്രശ്‌നങ്ങളില്‍ സാമാന്യമായി ഇടപെടാനും ഇന്ന് മുജാഹിദ് പക്ഷത്ത് ചിലരുണ്ട് എന്നത് ചെറിയ മാറ്റമായി കാണാനാവില്ല. ഇഖ്‌വാനി സ്വാധീനമെന്ന മറുവിഭാഗത്തിന്റെ ആരോപണത്തിനു മുമ്പില്‍ പകച്ചുപോകാതെയാണ് ഈ വിഷയത്തില്‍ മുന്നോട്ടുപോകുന്നത്. 'ഇതാ ഞങ്ങള്‍ പറഞ്ഞിടത്തേക്ക് ഇവരും' എന്ന സാദാ മതസംഘടനാ ശൈലിയിലുള്ള മുദ്രാവാക്യം കൊണ്ട് ഈ മാറ്റത്തെ എതിരേറ്റ് അപഹസിക്കാനും വീമ്പ് പറയാനും ശ്രമിക്കാതെ മാറ്റത്തെ ശാന്തമായി, പോസിറ്റീവായി നോക്കിക്കണ്ട ജമാഅത്തെ ഇസ്‌ലാമിയുടെ പക്വതയാര്‍ന്ന സമീപനവും മുജാഹിദ് പക്ഷത്തെ ഈ ശ്രദ്ധേയമായ വികാസത്തിന് ഗതിവേഗം വര്‍ധിപ്പിച്ചിട്ടുണ്ട്.
രാജ്യത്തെ മുസ്‌ലിം സ്വത്വപ്രശ്‌നങ്ങള്‍ മുതല്‍ അറബ് നാടുകളില്‍ നടന്ന വസന്തവിപ്ലവം വരെ, ഒട്ടനവധി വിഷയങ്ങളിലുള്ള നിലപാടുകളിലും പ്രസിദ്ധീകരണങ്ങളുടെ ഉള്ളടക്കം മുതല്‍ പ്രബോധന ശൈലി വരെയുള്ള മേഖലകളിലും ഈ ഇസ്‌ലാഹി പുരോഗമന ധാരയും ഇസ്‌ലാമിക പ്രസ്ഥാനവും തമ്മില്‍ നിലനില്‍ക്കുന്ന പ്രകടമായ സാദാത്മ്യങ്ങള്‍ സന്തോഷത്തോടെയും പ്രതീക്ഷയോടെയും നോക്കിക്കാണുന്നവരുണ്ട്. പൂര്‍വകാല താപനിലയൊട്ടും കുറയാതെ അവരില്‍ തന്നെ കുറച്ചുപേര്‍ ഇന്നും അഭംഗുരം തുടരുന്ന വിമര്‍ശന വ്യായാമങ്ങള്‍ കാണാതെ പോകുന്നില്ല. അവ പക്ഷേ, ചില കേന്ദ്രങ്ങളുടെയും വ്യക്തികളുടെയും ആവശ്യവും ആചാരവുമാണെന്ന് നിരീക്ഷിക്കുന്നവര്‍ക്കറിയാം. വ്യാജകേശ ആത്മീയതക്കെതിരായ മുജാഹിദ് ബഹുജന സദസ്സുകളില്‍ സോളിഡാരിറ്റി നേതാക്കള്‍ പ്രസംഗിക്കുകയുണ്ടായി. ഇസ്‌ലാമിക പ്രസ്ഥാന വേദികളിലേക്കുള്ള സൗഹാര്‍ദ ക്ഷണങ്ങള്‍ക്ക് പലപ്പോഴും ഉത്തരം ലഭിക്കാറുള്ളതും പ്രസ്തുത സംഘത്തില്‍ നിന്നു മാത്രമാണല്ലോ. കേരളത്തിലെ സൈബര്‍ സ്‌പേസില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ മുസ്‌ലിം യുവാക്കള്‍ തമ്മില്‍ നടക്കുന്ന സംഘടനാ കോഴിപ്പോരിലും താരതമ്യേന ഏറെ തീവ്രത കുറഞ്ഞത് ഈ രണ്ട് പ്രസ്ഥാനങ്ങള്‍ തമ്മിലാണ്.
ആശയങ്ങളെ തൃണവല്‍ഗണിച്ച് സംഘടനാപരമായ സങ്കുചിതത്വത്തില്‍ അഭിരമിക്കുന്നവര്‍ക്ക് മാത്രമേ, കാലാവധി കഴിഞ്ഞ തരത്തിലുള്ള, വിമര്‍ശനത്തിനു വേണ്ടിയുള്ള വിമര്‍ശനങ്ങളില്‍ സമയവും ഊര്‍ജവും പാഴാക്കാനാവുകയുള്ളൂ.


ഫാറൂഖ് അല്ല,
'ഫറുഖാബാദ്' ആണ്

കെ.പി ശംസുദ്ദീന്‍ തിരൂര്‍ക്കാട്


പ്രബോധനം വാരിക(2012 മെയ് 5, ലക്കം 47)യില്‍ 'ടിപ്പു സുല്‍ത്താനും മലബാറിലെ ജീവിത നവോത്ഥാനവും തമ്മില്‍' എന്ന ശീര്‍ഷകത്തില്‍ പി.ടി കുഞ്ഞാലി ചേന്ദമംഗല്ലൂര്‍ എഴുതിയ ലേഖനത്തില്‍ (പേജ് 18) 'ചാലിയാര്‍ തീരത്തുള്ള ചെറുപട്ടണത്തിന് ഫാറൂഖ് ഉമറിന്റെ പേരു വെച്ചത് ടിപ്പു സുല്‍ത്താന്‍' എന്ന പരാമര്‍ശമാണ് ഈ കുറിപ്പിനാധാരം.
'ഫറുഖി'നെ കുറിച്ച് മലയാളത്തില്‍ വന്ന പല ലേഖനങ്ങളിലും ഒരു തെറ്റായ പരാമര്‍ശം കാണാം. 'ഫാറൂഖാബാദ് (ഉമര്‍ ഫാറൂഖി(റ)ന്റെ പേരില്‍) ആണ് പിന്നീട് 'ഫറൂഖ്' ആയത് എന്നതാണത്. ടിപ്പുവിനെക്കുറിച്ച് ആഴത്തില്‍ പഠിക്കുമ്പോള്‍ ഇത് തിരുത്താന്‍ സാധിക്കുമെന്നാണ് തോന്നുന്നത്. 1788 മെയ് 9-ന് ടിപ്പു സുല്‍ത്താനും സംഘവും കോഴിക്കോട്ടുനിന്ന് ബേപ്പൂര്‍ തീരത്ത് എത്തുകയും അവിടെ തന്റെ പുതിയ ഭരണ സിരാ കേന്ദ്രമാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ആ പ്രദേശത്തിന് ടിപ്പു 'ഫര്‍റുഖാബാദ്' (പേര്‍ഷ്യനില്‍നിന്ന് ഉര്‍ദുവിലേക്കു വന്ന പദം) അഥവാ 'ഫര്‍റുഖിയ' ഉത്തമമായ വാസസ്ഥലം, ശുഭകരമായ സ്ഥലം എന്നൊക്കെ അര്‍ഥംവരുന്ന ഉര്‍ദു നാമം നല്‍കുകയാണ് ചെയ്തത്. ഇക്കാര്യം 'സുല്‍ത്താന്‍ തവാരീഖ്' (പേജ് 74), Report of the joint Commissioners (Page 37), Imperial Gazetter Vol: xii (Page 88) എന്നീ പുസ്തകങ്ങളില്‍ കാണാന്‍ സാധിക്കും. പ്രശസ്ത ചരിത്രകാരന്‍ മുഹിബ്ബുല്‍ ഹസന്‍ തന്റെ 'History of Tippu Sultan' (The World Press Private Ltd, Calcutta 1962) എന്ന ഗ്രന്ഥത്തില്‍ 'കോര്‍ഗിലെയും മലബാറിലെയും വിപ്ലവം' എന്ന ഒമ്പതാം അധ്യായത്തിലും ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ ഗ്രന്ഥം ഹാമിദുല്ല അഫ്‌സര്‍ അത്തീഖ് സിദ്ദീഖി ഉര്‍ദുവിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. NCPUL New Delhiയാണ് ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
1893-ല്‍ C.D. Maclean എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ച 'Manual of the Administration Madras Presidency' Vol: iii (Page No. 294) എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ എഴുതുന്നു: FEROKHEE (Farrukh, Pers happy) Tippoo's'project capital near Beypore (farruackabad). Also his quarter mohur.
ഉര്‍ദുവിലെ 26-ാമത്തെയും 14-ാമത്തെയും 10-ാമത്തെയും അക്ഷരങ്ങളും, പേര്‍ഷ്യനിലെ 23-ാമത്തെയും 12-ാമത്തെയും 9-ാമത്തെയും അക്ഷരങ്ങളും അറബിയിലെ 24ാമത്തെയും 10-ാമത്തെയും 7-ാമത്തെയും അക്ഷരങ്ങളുമായ ഫ, റ, ഖ () ഈ മൂന്ന് അക്ഷരങ്ങള്‍കൊണ്ടാണ് ഫര്‍റുഖ് () എന്ന പേര്.
ഫാറൂഖ് () എന്ന പദത്തില്‍ അവസാന അക്ഷരമായ ഉര്‍ദുവിലെ 27-ാമത്തെയും പേര്‍ഷ്യനിലെ 24-ാമത്തെയും അറബിയിലെ 21-ാമത്തെയും അക്ഷരമായ ഖാഫ് () ആണ് ഉപയോഗിക്കുക. ഫര്‍റുഖ് () എന്ന പദത്തിന്റെ അവസാന അക്ഷരം ഉര്‍ദുവിലെ 'ഖെ' () എന്നതുമാണ്. ഈ രണ്ട് അക്ഷരങ്ങള്‍ക്കും മലയാളത്തില്‍ സമാനമായ അക്ഷരം 'ഖ' മാത്രമാണ്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള തെറ്റിധാരണകള്‍ ഉണ്ടാകുന്നത്.
പേര്‍ഷ്യനില്‍നിന്നും ഉര്‍ദുവില്‍നിന്നും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് പിന്നീട് അതില്‍നിന്ന് മലയാളത്തിലേക്ക് വരുമ്പോള്‍ പലതും പല തരത്തില്‍ മാറി വരാറുണ്ട്. അക്കൂട്ടത്തില്‍പ്പെട്ടതാണ് ഫര്‍റുഖാബാദ് ഫറൂഖും ഫാറൂഖും എല്ലാമായിപ്പോയത്. എന്നാല്‍ ഇതേ സ്ഥലത്തുള്ള കോളേജ് 'ഫാറൂഖ് കോളേജ്' തന്നെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം