ശഹീദ് സയ്യിദ് ഖുത്വ്ബ് കഴുമരത്തിലേക്ക് മന്ദഹാസത്തോടെ
1966 ആഗസ്റ് 29. ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിക നവോത്ഥാനത്തിന്റെ ചാലകശക്തിയും ധിഷണയുമായിരുന്ന സയ്യിദ് ഖുത്വ്ബ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് ജമാല്‍ അബ്ദുന്നാസിറിന്റെ ജയിലില്‍ തൂക്കിലേറ്റപ്പെട്ട കറുത്ത ദിനമാണത്. ചിന്തകന്‍,സാഹിത്യകാരന്‍, എഴുത്തുകാരന്‍, ഗ്രന്ഥകര്‍ത്താവ്, ഇഖ്വാനുല്‍ മുസ്ലിമൂന്‍ പ്രസ്ഥാനത്തിന്റെ ബുദ്ധികേന്ദ്രം, സര്‍വോപരി ഫീ ളിലാലില്‍ ഖുര്‍ആന്‍ എന്നീ പ്രശസ്ത ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ രചയിതാവ് എന്ന നിലകളില്‍ ലോകം അറിയുകയും അംഗീകരിക്കുകയും ചെയ്ത സയ്യിദ് ഖുത്വ്ബ് തൂക്കിലേറ്റപ്പെട്ട് നാലര ദശാബ്ദമായെങ്കിലും ആ പ്രതിഭാശാലിയുടെ ചിന്തകളും രചനകളും ഇന്നും ചൂടുറ്റ ചര്‍ച്ചകള്‍ക്കും അപഗ്രഥനങ്ങള്‍ക്കും വിഷയമാണ്. സയ്യിദ് ഖുത്വ്ബിന്റെ നിരീക്ഷണങ്ങളോടും കാഴ്ചപ്പാടുകളോടും വിയോജിക്കുന്നവര്‍പോലും, ആധുനികകാലഘട്ടത്തിലെ ഇസ്ലാമിക നവജാഗരണത്തില്‍ ആ മഹദ് വ്യക്തിത്വത്തിന്റെ പ്രതിഭയും ബുദ്ധിയും സര്‍ഗസിദ്ധിയും നല്‍കിയ മഹത്തായ സംഭാവനകളെ വിലമതിക്കാതിരുന്നിട്ടില്ല. ഒരു കാലഘട്ടത്തിന്റെ ഇതിഹാസമായും വിസ്മയാവഹമായ ചരിത്രത്തിന്റെ സ്രഷ്ടാവായും വാഴ്ത്തപ്പെട്ട സയ്യിദ് ഖുത്വ്ബിനോളം ഖ്യാതിയുള്ള ഒരു സര്‍ഗധനനെ നൈലിന്റെ മണ്ണ് പ്രസവിച്ചിട്ടില്ല എന്നതാണ് നേര്. ഇഖ്വാനുല്‍ മുസ്ലിമൂന്‍ പ്രസ്ഥാനത്തിന്റെ രൂപവത്കരണ കാലം മുതല്‍ക്ക് അതിന്റെ നേതൃനിരയില്‍ പ്രഥമ ഗണനീയനായിത്തീര്‍ന്ന സയ്യിദ് 'ഫ്രീ ഓഫിസേഴ്സ് ക്ളബ്ബി'ല്‍ സംബന്ധിച്ചിരുന്ന ഏക സിവിലയനായിരുന്നു. പിന്നീട് നിര്‍വഹണ സംബന്ധമായ വിഷയങ്ങളില്‍ ഭിന്നാഭിപ്രായമുള്ള അദ്ദേഹം അവരുമായി പിരിഞ്ഞു.
1954-ല്‍ അലക്സാണ്ട്രിയക്കടുത്ത മിന്‍ഷിയയില്‍ പ്രസിഡന്റ് ജമാല്‍ അബ്ദുന്നാസിറിന് നേരെ വന്ന വധശ്രമത്തില്‍ ഇഖ്വാന് പങ്കുണ്ടെന്നാരോപിക്കപ്പെട്ട് നിരവധി ഇഖ്വാന്‍ പ്രവര്‍ത്തകര്‍ തുറങ്കിലടക്കപ്പെട്ടു. ആ കൂട്ടത്തില്‍ സയ്യിദ് ഖുത്വ്ബുമുണ്ടായിരുന്നു. 15 വര്‍ഷത്തെ ജയില്‍വാസമാണ് സയ്യിദ് ഖുത്വ്ബിന് വിധിച്ച ശിക്ഷ. 10 വര്‍ഷം ജയിലില്‍ കഴിഞ്ഞ സയ്യിദിനെ മോചിപ്പിക്കാന്‍ മുന്‍ ഇറാഖ് പ്രസിഡന്റ് അബ്ദുസ്സലാം ആരിഫ് നടത്തിയ ശ്രമം ഫലം കണ്ടുവെങ്കിലും ജമാല്‍ അബ്ദുന്നാസിര്‍ എട്ടു മാസത്തിനു ശേഷം വീണ്ടും പല കുറ്റങ്ങളും ചുമത്തി സയ്യിദ് ഖുത്വ്ബിനെ ജയിലിലാക്കി. ചരിത്രത്തില്‍ തുല്യതയില്ലാത്ത പീഡനങ്ങള്‍ക്കും ഭേദ്യങ്ങള്‍ക്കുമാണ് സയ്യിദ് ഖുത്വ്ബ് ഉള്‍പ്പെടെയുള്ള ഇഖ്വാന്‍ പ്രവര്‍ത്തകര്‍ ഇരയാക്കപ്പെട്ടത്. പോലീസ് സൂപ്രണ്ട് ഷംസ് ബദ്റാന്റെ നേതൃത്വത്തില്‍ അരങ്ങേറിയ കിരാത മര്‍ദനങ്ങളുടെ കരളുരുകുന്ന കഥകള്‍ സൈനബുല്‍ ഗസാലിയുടെ ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1965 ജൂലൈ 30-ന് തന്റെ സഹോദരന്‍ മുഹമ്മദ് ഖുത്വ്ബിനെ അറസ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിക്ക് സയ്യിദ് ഖുത്വ്ബ് അയച്ച കത്ത് വീണ്ടും അറസ്റിന് നിമിത്തമായി. ഇഖ്വാനുല്‍ മുസ്ലിമൂന്‍ പ്രസ്ഥാനത്തിലെ മറ്റു ഏഴു പേരോടൊപ്പം സയ്യിദ് ഖുത്വ്ബിനെയും അറസ്റ് ചെയ്ത ഭരണകൂടം വിചാരണ പ്രഹസനം നടത്തിയ സയ്യിദ് ഖുത്വ്ബിനെ വധശിക്ഷക്ക് വിധിച്ചു. 1966 ആഗസ്റ് 29 തിങ്കളാഴ്ച പുലര്‍ച്ചെ സയ്യിദ് ഖുത്വ്ബിനെ തൂക്കിലേറ്റി.
തൂക്കിലേറ്റിയ ദിവസം, കഴുമരത്തിന്റെ പ്ളാറ്റ്ഫോമില്‍ നിര്‍ത്തിയ സയ്യിദ് ഖുത്വ്ബിനോട്, ശരീഅത്ത് നിയമങ്ങള്‍ നടപ്പിലാക്കാനുള്ള ആവശ്യങ്ങളും തദ്സംബന്ധമായ പ്രവര്‍ത്തനങ്ങളും തെറ്റായിരുന്നെന്ന് സമ്മതിച്ച് മാപ്പപേക്ഷിക്കാന്‍ സൈനികോദ്യോഗസ്ഥന്മാര്‍ അഭ്യര്‍ഥിച്ചപ്പോള്‍ ആ ധീര മുജാഹിദിന്റെ ശബ്ദം മരണം മുന്നില്‍ വന്ന് നിന്ന ആ നിമിഷത്തിലും ഉച്ചത്തില്‍ ഉയര്‍ന്നുപൊങ്ങി: "അല്ലാഹുവിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തിന്റെ പേരില്‍ ഞാന്‍ മാപ്പപേക്ഷിക്കുന്ന പ്രശ്നമില്ല. നമസ്കാര വേളയില്‍ അല്ലാഹുവിന്റെ ഏകത്വം വിളംബരം ചെയ്യുന്ന ഈ ചൂണ്ടുവിരല്‍ കൊണ്ട് അക്രമിയായ ഭരണാധികാരിയുടെ വിധിയെ സാധൂകരിക്കുന്ന ഒരക്ഷരം പോലും എഴുതില്ല.'' പ്രസിഡന്റിന് ഒരു ദയാഹര്‍ജി സമര്‍പ്പിച്ചുകൂടെയെന്നായി സൈനികോദ്യോഗസ്ഥരുടെ അടുത്ത ചോദ്യം. സയ്യിദ് ഖുത്വ്ബിന്റെ ഉറച്ച മറുപടി: "ഞാന്‍ എന്തിന് ദയക്ക് യാചിക്കണം? യഥാര്‍ഥത്തില്‍ ഞാന്‍ ഈ വിധിക്ക് അര്‍ഹനാണെങ്കില്‍ ഈ വിധിയില്‍ ഞാന്‍ സംതൃപ്തനാണ്. ഇനി വ്യാജാരോപണങ്ങളുടെ പേരിലാണ് ഈ വിധിയെങ്കില്‍ ഒരു അസത്യവ്യവസ്ഥയോട് കരുണക്ക് വേണ്ടി കെഞ്ചാന്‍ മാത്രം ചെറിയവനല്ല ഞാന്‍.''
തൂക്കിലേറ്റുന്നതിന് മുമ്പ് ശഹാദത്ത് കലിമ ചൊല്ലിക്കൊടുക്കാന്‍ വന്ന ഉദ്യോഗസ്ഥന്‍: "ശഹാദത്ത് കലിമ ചൊല്ലൂ.'' ഉടനെ വന്നു സയ്യിദിന്റെ പ്രതികരണം: "ഈ നാടകരംഗം പൂര്‍ത്തീകരിക്കാന്‍ നിങ്ങളുമെത്തി അല്ലേ? സഹോദരാ നിങ്ങള്‍ ഉരുവിടാന്‍ ആവശ്യപ്പെട്ട 'ലാ ഇലാഹ ഇല്ലല്ലാഹു' കാരണമാണ് ഞങ്ങള്‍ തൂക്കിലേറ്റപ്പെടുന്നത്. അതേ 'ലാ ഇലാഹ ഇല്ലല്ലാഹു' നിങ്ങള്‍ക്ക് ആഹാരത്തിന് വകയും.''
ഈജിപ്തില്‍ ഒരു കാലഘട്ടത്തിന്റെ ശബ്ദവും ആവേശവുമായിരുന്ന ശൈഖ് അബ്ദുല്‍ ഹമീദ് കശക് ഓര്‍ക്കുന്നു: തന്റെ കൈകാലുകള്‍ ബന്ധിക്കാന്‍ തുനിഞ്ഞ ജയില്‍ വാര്‍ഡനോട് സയ്യിദ് പറഞ്ഞു: "ആ കയറിങ്ങ് തന്നേക്കൂ. എന്റെ കൈ കാലുകള്‍ ഞാന്‍ തന്നെ ബന്ധിച്ചേക്കാം. എന്റെ രക്ഷിതാവിന്റെ സ്വര്‍ഗത്തില്‍ നിന്ന് ഞാന്‍ ഓടിയൊളിക്കുമോ?''
"കൊലക്കയര്‍ കഴുത്തില്‍ അണിയിക്കുമ്പോള്‍ സയ്യിദ് ഖുത്വ്ബ് ഒടുവില്‍ മൊഴിഞ്ഞത് പ്രവാചകന്‍ നൂഹ്(അ) അവസാനമായി ഉരുവിട്ട അതേ വാക്കുകളായിരുന്നു: റബ്ബി ഇന്നീ മഗ്ലൂബുന്‍ ഫന്‍തസ്വിര്‍ (എന്റെ രക്ഷിതാവേ! ഞാന്‍ അതിജയിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ ഇനി പ്രതികാരം നീ ചെയ്യുക).''
"കഴുമരം നാട്ടിയ മുറിയുടെ മുന്നിലെ അവസാന നിമിഷങ്ങള്‍. പ്രതിയുടെ പേര് വിളിച്ചു. സയ്യിദ് ഖുത്വ്ബ് ഇബ്റാഹീം. 60 വയസ്സ്. ജോലി: മുന്‍ പ്രഫസര്‍. പ്രശസ്തനായ ഇസ്ലാമിക പണ്ഡിതന്‍. കുറ്റം: ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമം നടത്തി. സയ്യിദിനെ തൂക്കിലേറ്റാന്‍ ചുമതലപ്പെട്ട അശ്മാവിയെന്ന ആരാച്ചാരുടെ മുഖത്ത് നിഴലിട്ട ആര്‍ദ്ര വികാരം ആകുലമായ ഒരു നെടുവീര്‍പ്പായി ഉയര്‍ന്നു. താന്‍ ഹൃദയമുള്ള മനുഷ്യനാണെന്ന് അശ്മാവിക്ക് തോന്നിയ ആദ്യ നിമിഷം. പതിവുപോലെ തന്റെ കൃത്യം നിറവേറ്റാനാവുന്നില്ല. തനിക്ക് ചെയ്തേ പറ്റൂ. നിര്‍ബന്ധിതനാണ്. നേരത്തെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും നാട്ടുകാരില്‍ നിന്നും കൂട്ടുകാരില്‍നിന്നും കിട്ടിയ വിവരണത്തില്‍ നിന്ന് ഏറെ പരിചിതമായിത്തീര്‍ന്നിരുന്നു സയ്യിദിന്റെ മുഖം. അദ്ദേഹത്തിന്റെ കൃതികളുടെ പേരറിയാം. ഹൃദയപൂര്‍വം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ സ്വന്തം കൈകൊണ്ട് തൂക്കിലേറ്റേണ്ടിവരിക. ആ കണ്ണുകളിലേക്ക് നോക്കി കഴുത്തില്‍ കൊലക്കയര്‍ അണിയിക്കുക! അശ്മാവിയുടെ ധര്‍മസങ്കടം വിവരിക്കാന്‍ വാക്കുകളില്ല. അന്ന് മറ്റു രണ്ട് ഇഖ്വാന്‍ നേതാക്കളെ കൂടി തൂക്കിലേറ്റേണ്ടതുണ്ടായിരുന്നു. മുഹമ്മദ് യൂസുഫ് ഹവാശി, അബ്ദുല്‍ ഫത്താഹ് ഇസ്മാഈല്‍.
സയ്യിദ് ഖുത്വ്ബിനെ തൂക്കിലേറ്റുന്നതില്‍ അശ്മാവിയോടൊപ്പം സഹായികളായി നിയമിതരായ രണ്ട് ആരാച്ചാര്‍മാര്‍ പിന്നീട് തൌബ ചെയ്ത് തങ്ങള്‍ കടന്നുപോന്ന നിമിഷങ്ങള്‍ വര്‍ണിച്ചത് ചരിത്രം. അവരിരുവരുടെയും വാക്കുകളില്‍: "ഏറ്റവും ഒടുവില്‍ ഞങ്ങള്‍ക്ക് പാറാവ് നില്‍ക്കേണ്ടിവന്നത് കണ്ടംഡ് സെല്ലില്‍ പാര്‍പ്പിക്കപ്പെട്ട ഒരു തടവുകാരനാണ്. ഏറ്റവും അപകടകാരിയാണ് അദ്ദേഹമെന്നാണ് ഞങ്ങളോട് പറഞ്ഞിരുന്നത്. 'ഭീകരന്മാരുടെയും അട്ടിമറിക്കാരുടെയും തലച്ചോറും നേതാവും' എന്നാണയാള്‍ വിശേഷിപ്പിക്കപ്പെട്ടത്. ശരീരത്തില്‍ കിരാത മര്‍ദനത്തിന്റെയും പീഡനത്തിന്റെയും പാടുകള്‍ സര്‍വത്ര. സയ്യിദ് ഖുത്വ്ബായിരുന്നു അത്. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത അദ്ദേഹത്തെ സെല്ലില്‍നിന്നും സൈനിക കോടതിയിലേക്ക് ഞങ്ങള്‍ ചുമന്നാണ് കൊണ്ട് പോയത്. ഒരു രാത്രി, കഴുമരം ഒരുക്കാനുള്ള കല്‍പന വന്നു. അവസാന ഉപദേശം നല്‍കാനും പ്രാര്‍ഥിക്കാനും ഒരു ശൈഖിനെ സെല്ലില്‍ പ്രവേശിപ്പിച്ചു. പിറ്റേന്ന് പുലര്‍ച്ചെ ഞാനും എന്റെ കൂട്ടുകാരനും അദ്ദേഹത്തെ ചുമന്ന് അകലെ കാത്തുനിന്ന സൈനിക ജീപ്പില്‍ കൊണ്ടുപോയി ഇരുത്തി. വധശിക്ഷ നടപ്പാക്കുന്നേടത്തേക്കാണ് ആ യാത്ര. ആയുധധാരികളായ സൈനികരെ വഹിച്ച ജീപ്പ് ഞങ്ങള്‍ക്ക് പിറകില്‍ അകമ്പടിയുണ്ട്. വാഹനങ്ങള്‍ നിശ്ചിത സ്ഥലത്തെത്തി. പട്ടാളക്കാര്‍ ചാടിയിറങ്ങി. നൊടിയിടക്കുള്ളില്‍ ഓരോരുത്തരും തോക്കുധാരികളായി നിശ്ചിത സ്ഥാനങ്ങളില്‍ നില്‍പുറപ്പിച്ചു. സൈനിക മേധാവികള്‍ എല്ലാം നേരത്തെ ഒരുക്കി വെച്ചിരുന്നു. കഴുമരങ്ങള്‍ തയാര്‍. ഓരോരുത്തരും തങ്ങള്‍ക്ക് വേണ്ടി അടയാളപ്പെടുത്തിയ കഴുമരത്തിനടുത്തേക്ക് നയിക്കപ്പെട്ടു. കഴുമരത്തില്‍ സ്ഥാപിച്ച പ്ളാറ്റുഫോമിലെ ലിവര്‍ തട്ടാനുള്ള ഉത്തരവും കാത്ത് മുഖ്യ ആരാച്ചാര്‍ അശ്മാവി നില്‍ക്കുന്നു. കഴുമരത്തിലേക്ക് നടന്നടുത്തപ്പോള്‍ ഓരോരുത്തരും തങ്ങളോടൊപ്പം തൂക്കിലേറ്റപ്പെടുന്ന സഹോദരന്മാരുടെ നേരെ കൈവീശി അഭിവാദ്യങ്ങളോടെ മൊഴിഞ്ഞ വാക്കുകള്‍ ഇന്നും ഞങ്ങളുടെ ചെവികളില്‍ മുഴങ്ങുന്നുണ്ട്. നല്‍തഖീ ഫി ജന്നാത്തില്‍ ഖുല്‍ദി മഅ മുഹമ്മദിന്‍ വ അസ്ഹാബിഹി (മുഹമ്മദ് നബിക്കും കൂട്ടുകാര്‍ക്കുമൊപ്പം നമുക്ക് സ്വര്‍ഗത്തില്‍ കണ്ടുമുട്ടാം).
പിന്നെ ഒരു സൈനികോദ്യോഗസ്ഥന്‍ സയ്യിദ് ഖുത്വ്ബിന് നേരെ നടന്നടുത്തു. കണ്ണുകളുടെ കെട്ടഴിക്കാന്‍ കല്‍പിച്ചു. കഴുത്തില്‍ നിന്നും കൊലക്കയര്‍ എടുത്തുമാറ്റി. പതിഞ്ഞ സ്വരത്തില്‍ സയ്യിദിനോട്: "കാരുണ്യവാനും സഹനശാലിയുമായ പ്രസിഡന്റില്‍നിന്ന് ഒരു പുതുജീവിതത്തിന്റെ ഉപഹാരവുമായാണ് ഞാന്‍ വരുന്നത്. ഒറ്റവാക്ക് എഴുതി ഒപ്പിട്ടാല്‍ മതി. നിങ്ങളെ ഇപ്പോള്‍തന്നെ മോചിപ്പിക്കാം. എനിക്ക് തെറ്റു പറ്റി, ഞാന്‍ മാപ്പപേക്ഷിക്കുന്നു എന്നു മാത്രം.'' അന്നേരം സയ്യിദ് ആ ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് മന്ദസ്മിതത്തോടെ നോക്കിയ രംഗം ഞങ്ങള്‍ക്ക് മറക്കാനാവുന്നില്ല. തിളങ്ങുന്ന കണ്ണുകളോടെ, പുഞ്ചിരി നിലാവൊളി ചിതറുന്ന മുഖഭാവത്തോടെ അത്ഭുതകരമായ ശാന്തതയോടെ സയ്യിദിന്റെ ഉറച്ച സ്വരം: "ഒരിക്കലുമില്ല.... ഒരിക്കലും മാഞ്ഞുപോകാത്ത ഒരു വ്യാജമൊഴി നല്‍കി നശ്വര ജീവിതം പകരം വാങ്ങാന്‍ ഞാന്‍ തയാറില്ല.'' ദുഃഖം സ്ഫുരിക്കുന്ന ശബ്ദത്തോടെ സൈനികോദ്യോഗസ്ഥന്‍: "സയ്യിദ്! ഇനി മരണമാണ്.'' സയ്യിദ് ഖുത്വ്ബിന്റെ ഉറച്ച സ്വരം വീണ്ടും: "യാ മര്‍ഹബന്‍ ബില്‍ മൌത്തി ഫീ സബീലില്ലാഹി'' (അല്ലാഹുവിന്റെ മാര്‍ഗത്തിലെ മരണത്തിന് സ്വാഗതം).
ഉദ്യോഗസ്ഥന്‍ അശ്മാവിക്ക് കല്‍പന നല്‍കി. ആ ആരാച്ചാര്‍ ലിവര്‍ തട്ടി. സയ്യിദ് ഖുത്വ്ബിന്റെയും കൂട്ടുകാരുടെയും ജീവനറ്റ ശരീരങ്ങള്‍ കഴുമരത്തില്‍ കിടന്നാടി. ആ വിശുദ്ധ ആത്മാക്കള്‍ സ്വര്‍ഗപൂങ്കാവനത്തിലേക്ക്, സ്രഷ്ടാവിന്റെ സവിധത്തിലേക്ക് യാത്രയായി.''
[email protected]
Comments