കറുത്ത പണത്തെക്കുറിച്ചോ ഈ 'വെളുത്ത' രേഖ?
11.93 ശതലക്ഷം കോടിയാണ് ഇന്ത്യക്കാരുടേതായി വിദേശരാജ്യങ്ങളില്‍ ഉണ്ടെന്നു കരുതുന്ന കരിമ്പണം. ബി.ജെ.പിയുടെ കണക്കില്‍ അത് 25 ശതലക്ഷം കോടിയാണ്. അതേക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രം പക്ഷേ നമുക്ക് അറിയാത്ത ഒരു വിവരവും പുതിയതായി നല്‍കിയില്ല. പാര്‍ലമെന്റിനു മുമ്പാകെ വെക്കുന്ന ധവളപത്രം സാധാരണഗതിയില്‍ ചരിത്രപരമായ ഒരു രേഖയാണ്. ഏതു വിഷയത്തെ കുറിച്ചാണോ പറയുന്നത് അതേകുറിച്ച ഏറ്റവും ആധികാരികമായ വിവരം. പക്ഷേ, കഴിഞ്ഞ ഏതാനും മാസങ്ങളായി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കുമെന്നുറപ്പു നല്‍കിയ ധവളപത്രം മല എലിയെ പ്രസവിച്ചതു പോലെയായി. എന്നല്ല കരിമ്പണത്തെ കുറിച്ച് ഇന്ത്യക്കാര്‍ക്ക് അറിയുന്ന വിവരങ്ങള്‍ പോലും ഈ പ്രമാണത്തിലില്ല. സ്വര്‍ണവും റിയല്‍ എസ്റേറ്റുമൊക്കെയാണ് കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ വളഞ്ഞ മാര്‍ഗങ്ങളെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? ആ 'ഞെട്ടിക്കുന്ന' സത്യം വിളിച്ചു പറയാന്‍ ഒരു കേന്ദ്ര ധനകാര്യമന്ത്രിയുടെ കൈയൊപ്പിന്റെ ആവശ്യമുണ്ടായിരുന്നോ നമുക്ക്? കള്ളപ്പണം ഉണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ അതിന്റെ നിര്‍വചനം അസാധ്യമാണെന്നും അവ പോയിരിക്കാന്‍ ഇടയുള്ള കേന്ദ്രങ്ങള്‍ ഏതൊക്കെയെന്ന് തീര്‍ത്തു പറയാനാവില്ലെന്നുമുള്ള വിചിത്രമായ നിലപാടായിരുന്നു ഗവണ്‍മെന്റിന്റേത്.
കള്ളപ്പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മടിച്ചുനില്‍ക്കുമ്പോഴും പലരുടെയും പേരുകളും പലതരം ഇടപാടുകളുമൊക്കെ ഈ വിഷയകമായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുറത്തുവരുന്നുണ്ട്. പഴയ ഇന്‍കം ടാക്സ് കമീഷണറും ബി.ജെ.പി സഹയാത്രികനുമായ വിശ്വബന്ധു ഗുപ്ത അണ്ണാ ഹസാരെയുടെ സമരകാലത്ത് രാംലീല മൈതാനിയില്‍ മൈക്കുകെട്ടി വിളിച്ചു പറഞ്ഞ പേരുകളില്‍ നമ്മുടെ രാഷ്ട്രീയ ലോകത്തെ കൊലകൊമ്പന്മാരായ മൂന്നു നേതാക്കളുണ്ട്. അഹ്മദ് പട്ടേല്‍, ശരദ് പവാര്‍, വിലാസ് റാവു ദേശ്മുഖ് എന്നിവരാണത്. ഇവരുടെ പേരുകള്‍ സ്വീഡിഷ് ഗവണ്‍മെന്റ് കൈമാറിയ 17 പ്രധാനികളുടെ പട്ടികയിലുണ്ടെന്ന് കമീഷണര്‍ എന്ന നിലയില്‍ തനിക്ക് ആധികാരികമായ വിവരമുണ്ടെന്നാണ് ഗുപ്ത വെളിപ്പെടുത്തിയത്. അഹ്മദ് പട്ടേലിന്റെ പേരാകട്ടെ സോണിയാ ഗാന്ധിയുമായി ചേര്‍ത്തുകൊണ്ടാണ് അദ്ദേഹം അവതരിപ്പിച്ചതും. അഹ്മദ് പട്ടേലിന് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ റോള്‍ എന്താണെന്ന ചോദ്യം കഴിഞ്ഞ എത്രയോ വര്‍ഷമായി ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്നാണ്. വെറുമൊരു രാഷ്ട്രീയ ഉപദേശകന്റെ റോളില്‍ രാജ്യത്തെ ഏറ്റവും ശക്തമായ രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്നണിയില്‍ അദ്ദേഹം ഒതുങ്ങിക്കൂടുന്നതിന്റെ രഹസ്യം വെറും 'ഉപദേശി'പ്പണിയല്ലെന്ന് വ്യക്തം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവരുന്ന കോണ്‍ഗ്രസ്സിലെ പുതിയ അധികാര ചേരിയില്‍ ഈ പട്ടേലിനെ കാണാനില്ല എന്നതും വസ്തുതയാണ്. അധികാരവും പൊതുജനബന്ധവും രണ്ടുമില്ലാത്ത കോണ്‍ഗ്രസ്സിലെ ഈ രണ്ടാമന്‍ പക്ഷേ സോണിയയുടെ നിക്ഷേപകന്‍ മാത്രമാണ് എന്ന ആരോപണമാണ് വിശ്വബന്ധു ഗുപ്ത പൊതുവേദിയില്‍ ഉന്നയിച്ചത്. അഹ്മദ് പട്ടേലിനെ കുറിച്ച് ചില ദുഷിച്ച ആരോപണങ്ങളും ഒപ്പം രാജ്യത്തെ നികുതിവെട്ടിപ്പുകാരില്‍ പ്രധാനിയായ ബാബാ രാംദേവിനെ പൊക്കിപ്പറയലും കൂടിയായതോടെ രാഷ്ട്രീയ വാചകക്കസര്‍ത്തായി ഗുപ്തയുടെ പ്രസംഗം തരംതാഴുകയും ചെയ്തു. 17 പേരുടെ ലിസ്റിനെ കുറിച്ച് ഇത്ര കണ്ട് വാചാലമാകുമ്പോഴും അതിലെ മൂന്നു പേരുകളേ ഗുപ്ത പറയാന്‍ തയാറായുള്ളൂ എന്നതായിരുന്നു കാപട്യം. കേന്ദ്രസര്‍ക്കാറിനാകട്ടെ ഇത് പുറത്തു പറയുന്നത് സ്വീഡിഷ് ഗവണ്‍മെന്റുമായി ഉണ്ടാക്കിയ കരാറിന് വിരുദ്ധമായ സ്ഥിതിക്ക് നോക്കിനില്‍ക്കുകയല്ലാതെ മാര്‍ഗമുണ്ടായിരുന്നില്ല.
കേരളത്തില്‍ നിന്നുള്ള ഒരു പാര്‍ലമെന്റ് അംഗമുള്‍പ്പടെ സ്വിസ് ബാങ്കുകളിലെ വന്‍കിട നിക്ഷേപക്കാരെ കുറിച്ച വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാറിന്റെ കൈയില്‍ എത്തിയിട്ടുണ്ട് എന്നതും അവര്‍ അത് പുറത്തുവിടാതെ മൂടിവെക്കുകയാണെന്നതും പരസ്യമായ രഹസ്യമാണ്. സ്വിസ് ബാങ്കുകളിലെ നിക്ഷേപം ഓഹരിവിപണിയില്‍ ഇറക്കാന്‍ അനുമതി നല്‍കിയ ചിദംബരവും പ്രണബുമൊക്കെ ഏതോ പ്രകാരത്തില്‍ ഈ വിഷയത്തില്‍ കുറ്റകരമായ നിലപാട് സ്വീകരിച്ചവരാണ്. ഈ പട്ടികയില്‍ 782 പേരുണ്ടെന്നാണ് ലോക്സഭയില്‍ വ്യക്തമാക്കപ്പെട്ടത്. പക്ഷേ അവര്‍ ആരൊക്കെയെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ ഇന്നേവരെ തയാറായിട്ടില്ല. പൂണെയിലെ കുതിരപ്പന്തയ വാതുവെപ്പുകാരനായ ഹസന്‍ അലിയാണ് കള്ളപ്പണക്കാരുടെ പട്ടികയിലെ കൊമ്പന്‍ സ്രാവ്. മഹാരാഷ്ട്രയിലെ മാത്രമല്ല ഇന്ത്യയിലെ ഏതാണ്ടെല്ലാ കോണ്‍ഗ്രസ് നേതാക്കളുടെയും ബിനാമിയാണ് ഇദ്ദേഹമെന്നാണ് ബി.ജെ.പി ഉയര്‍ത്തുന്ന ആരോപണം. ഹസന്‍ അലിയെ ഇതിനകം അറസ്റ് ചെയ്തെങ്കിലും അദ്ദേഹത്തിന്റെ ഇടപാടുകളുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. പക്ഷേ മാധ്യമങ്ങളിലൂടെ ചോരുന്ന വിവരങ്ങളില്‍ ഹസന്‍ അലിയെ ദേശ്മുഖുമായും അഹ്മദ് പട്ടേലുമായുമൊക്കെ ബന്ധപ്പെടുത്തുന്ന കഥകളുണ്ട്. ജുഹുവിലെ സെന്റൂര്‍ ഹോട്ടലില്‍ അഹ്മദ് പട്ടേലിനെയും ആര്‍.ആര്‍ പട്ടേലിനെയും 2008 ആഗസ്റ് 11-ന് താന്‍ നേരില്‍ കണ്ടതായി അലിയുടെ പേരില്‍ പുറത്തിറങ്ങിയ ഒരു സി.ഡിയില്‍ പറയുന്നുണ്ട്. ഇതേകുറിച്ച് കോണ്‍ഗ്രസും പട്ടേലും മൌനം ദീക്ഷിക്കുകയാണ് ചെയ്തത്. മാത്രവുമല്ല ഈ കൂടിക്കാഴ്ചയെ കുറിച്ച് ചോദ്യം ചെയ്യലിനിടയില്‍ ഹസന്‍ അലി ഖാന്‍ പറയുന്നത് വീഡിയോയില്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്കു നല്‍കിയ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്റു ചെയ്യുകയാണ് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍. പാട്ടീല്‍ ചെയ്തത്.
കള്ളപ്പണ നിക്ഷേപകരില്‍ ഏതാണ്ടെല്ലാ രാഷ്ട്രീയക്കാരും ഉണ്ടെന്നതാണ് വസ്തുതയെങ്കിലും ധവളപത്രം എന്ന പേരില്‍ പരിഹാസ്യമായ രീതിയില്‍ എന്തോ ഒന്ന് പുറത്തിറക്കുകയും ആരോപണങ്ങള്‍ക്ക് മറുപടി പറയാനാവാതെ വിയര്‍ക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് കാര്യമില്ലാതെ പ്രതിക്കൂട്ടിലാവുകയാണ്. തുറന്നു പറയാനും വയ്യ, പറയാതിരിക്കാനും വയ്യ.
Comments