സ്വാശ്രയ ഷൈലോക്കില്‍നിന്ന് വിടുതല്‍ വേണ്ട വിദ്യാഭ്യാസം
കേരളത്തില്‍ ജൂണില്‍ രണ്ട് പ്രകൃതി പ്രതിഭാസങ്ങളാണ് ഉണ്ടാകുന്നത്, സ്വാശ്രയ സമരങ്ങളും മഴയും. പിറവം തെരഞ്ഞെടുപ്പിന് മുന്നോടിയായി സഭകളുമായും ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലുമായും ചര്‍ച്ച നടത്തി കച്ചവടമുറപ്പിച്ചാണ് സര്‍ക്കാര്‍ സ്വാശ്രയ കരാറുമായി രംഗത്ത് വരുന്നത്. കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കുന്ന പ്രശ്‌നത്തെ താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഒറ്റികൊടുക്കുകയാണ് സ്വാശ്രയ മേഖലയില്‍ എല്ലാ സര്‍ക്കാറുകളും ചെയ്തിട്ടുള്ളത്. സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ ഫീസ് ഘടനയെ കുറിച്ച് മാത്രമാണ് കേരളത്തില്‍ ചര്‍ച്ചകളും സമരങ്ങളും നടക്കുന്നത്. ഒരു ദശാബ്ദം പിന്നിട്ട സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം, സാമൂഹിക നീതി, സാമുദായിക പ്രാതിനിധ്യം തുടങ്ങിയവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കേരളത്തില്‍ ഇതുവരെ നടന്നിട്ടില്ല. സ്വാശ്രയ വിദ്യാഭ്യാസത്തെക്കുറിച്ച് സമഗ്രമായ ഒരു സോഷ്യല്‍ ഓഡിറ്റിംഗും നടക്കേണ്ടതുണ്ട്.
കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ വലിയ പങ്കുവഹിച്ചവരെന്ന നിലക്കും ഏറ്റവും കൂടുതല്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ നടത്തുന്നവരെന്ന നിലക്കും സേവനമേഖലയില്‍ നിറഞ്ഞുനില്‍ക്കുന്നവരെന്ന നിലക്കും ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളായിരുന്നു സ്വാശ്രയ സ്ഥാപനങ്ങളുടെ മാതൃകാപരമായ പ്രവര്‍ത്തനത്തിനു വഴികാണിക്കേണ്ടിയിരുന്നത്. എന്നാല്‍, അധികാരത്തിന്റെയും നിയമത്തിന്റെയും അവസാന പഴുതുവരെ ഉപയോഗിച്ച് വിദ്യാഭ്യാസമേഖലയില്‍ തങ്ങളുടെ തന്നിഷ്ടം ധിക്കാരപൂര്‍വം എങ്ങനെ നടപ്പിലാക്കാം എന്നതിന്റെ മാതൃകകളാണ് നാം കാണുന്നത്. വിദ്യാഭ്യാസരംഗത്ത് വര്‍ഗീയ ചിന്താഗതികള്‍ക്ക് ആക്കം കൂട്ടുന്നതിനുള്ള സാധ്യതകളാണ് ഇതിലൂടെ തെളിയുന്നത്.
സ്വാശ്രയ വിദ്യാഭ്യാസം കേരള സമൂഹത്തിന്റെ മുഖ്യധാരാ വിദ്യാഭ്യാസ പ്രശ്‌നമായി വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും പരിഹരിക്കപ്പെടാത്ത സമസ്യയായി തീരുന്നതിന്റെ കാരണങ്ങള്‍ നാം പരിശോധിക്കേണ്ടതുണ്ട്. കേരളത്തിലെ മധ്യവര്‍ഗ സമൂഹത്തെ കാര്യമായി അസ്വസ്ഥപ്പെടുത്തുന്ന വിഷയം എന്ന നിലക്ക് ഭരണപ്രതിപക്ഷ കക്ഷികള്‍ രാഷ്ട്രീയ നേട്ടത്തിനും അധികാര ലബ്ധിക്കുമുള്ള മുഖ്യ ആയുധമായി വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്തുന്നു എന്നതാണ് യാഥാര്‍ഥ്യം. മാനേജ്‌മെന്റുകളും സര്‍ക്കാറുകളും രാഷ്ട്രീയ കക്ഷികളും തമ്മിലുള്ള അവിഹിത വ്യാപാരങ്ങളുടെ നാറ്റക്കഥകള്‍ പുറത്താവുമ്പോള്‍ ഈ കുളിമുറിയില്‍ എല്ലാവരും നഗ്നരാണെന്ന യഥാര്‍ഥ്യം ജനം തിരിച്ചറിയുന്നുണ്ട്. കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസമെന്നത് അതിസങ്കീര്‍ണമായ വിഷയമാണെന്നും അത് പരിഹരിക്കാനുള്ള ഒറ്റമൂലിയൊന്നും തങ്ങളുടെ കൈയിലില്ലെന്നും പരിതപിക്കുന്ന അധികാരികളും ഭരണ-പ്രതിപക്ഷ കക്ഷികളും വര്‍ഷങ്ങളായി പൊതുജനത്തെ വിഡ്ഢികളാക്കുകയാണ്.
സ്വാശ്രയവും
സര്‍ക്കാര്‍ ഇടപെടലുകളും
2000 മുതലാണ് കേരളത്തില്‍ സ്വാശ്രയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ച സജീവമാകുന്നത്. പൊതുവിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം ലഭിച്ചിരുന്ന, വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ മാത്രം നിലനിന്നിരുന്ന, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ സജീവമായിരുന്ന കേരളത്തില്‍ സ്വാശ്രയ സ്ഥാപനങ്ങളുടെ കടന്നുവരവ് വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചു. കേരളത്തിന്റെ സാമൂഹിക ഘടനയില്‍ വന്ന മാറ്റങ്ങള്‍ സ്വാശ്രയ വിദ്യാഭ്യാസത്തിന് മണ്ണൊരുക്കിയ വലിയ ഘടകങ്ങളായിരുന്നു. ഗള്‍ഫ് കുടിയേറ്റത്തോടെ വന്നുചേര്‍ന്ന സാമ്പത്തിക അഭിവൃദ്ധി, കൂട്ടു കുടുംബത്തില്‍ നിന്ന് അണുകുടുംബങ്ങളിലേക്കുള്ള ധ്രുതഗതിയിലുള്ള മാറ്റം, സാമൂഹിക സാമ്പത്തിക കാരണങ്ങളാല്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയും പിന്നീട് സാമ്പത്തികമായി മികച്ച നില കൈവരിക്കുകയും ചെയ്തവരുടെ വിദ്യാഭ്യാസത്തോടുള്ള അഭിനിവേശം, കേരളത്തിന്റെ സാമ്പത്തിക വിഭവം അന്യസംസ്ഥാനങ്ങളിലേക്ക് വ്യാപകമായി ഒഴുകിയത്, ആഗോള മാര്‍ക്കറ്റില്‍ പ്രഫഷണല്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിച്ച ഉയര്‍ന്ന ശമ്പളം തുടങ്ങിയവ കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തി. സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരെ പ്രതിഷേധം ശക്തിപ്പെട്ടതോടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ആന്റണി 50:50 ഫോര്‍മുല കൊണ്ടുവന്നു. രണ്ട് സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. സ്വാശ്രയ സ്ഥാപനങ്ങളിലെ 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ കോളേജിലെ ഫീസ് നിരക്കില്‍ സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്നും മെറിറ്റടിസ്ഥാനത്തില്‍ സംവരണങ്ങള്‍ പൂര്‍ത്തിയാക്കി പ്രവേശനം നല്‍കുക, ബാക്കി 50 ശതമാനം സീറ്റില്‍ മാനേജ്‌മെന്റിനു ഇഷ്ടമുള്ള രീതിയില്‍ പ്രവേശനം നടത്താം എന്നതായിരുന്നു മാനേജ്‌മെന്റുമായി ഉണ്ടാക്കിയ അലിഖിത ധാരണ. എന്നാല്‍ 2002-ലെ സുപ്രിംകോടതിയുടെ ടി.എം.എ പൈ കേസിന്റെയും 2003-ലെ ഇസ്‌ലാമിക അക്കാദമി കേസിന്റെയും വിധിയുടെ പിന്‍ബലത്തില്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാറുമായി ഉണ്ടാക്കിയ ധാരണ ലംഘിച്ചു. ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങള്‍ സ്വന്തമായി പ്രവേശന പരീക്ഷ നടത്തി തോന്നിയ പോലെ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചു. സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് ശക്തമായ നിയമം വേണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ സംസ്ഥാനം നിയമം നിര്‍മിച്ചാല്‍ തന്നെ അതിനെ ശക്തിപ്പെടുത്തുന്ന കേന്ദ്രനിയമമില്ല, അതിനാല്‍ കേന്ദ്രമാണ് നിയമം നിര്‍മിക്കേണ്ടത് എന്ന ന്യായം പറഞ്ഞ് സര്‍ക്കാര്‍ മാറി നിന്നു. പിന്നീട് എല്‍.ഡി.എഫ് അധികാരത്തില്‍ വന്ന് സി.പി.എം തന്നെ വിദ്യാഭ്യാസം ഏറ്റെടുത്തപ്പോള്‍ സ്വാശ്രയത്തില്‍ സാമൂഹിക നീതി ഉറപ്പുവരുത്തുന്ന നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു. യഥാര്‍ഥത്തില്‍ ഇടതുപക്ഷ സര്‍ക്കാറിനോ വലതുപക്ഷ ഗവണ്‍മെന്റിനോ സ്വാശ്രയ മേഖലയില്‍ അടിസ്ഥാന മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിച്ചില്ല. വലിയ പ്രഖ്യാപനങ്ങളും പണമുള്ളവരുടെ മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കലും മാത്രമാണ് വിദ്യാഭ്യാസ വകുപ്പുകള്‍ ഈ മേഖലയില്‍ എടുത്ത നയരൂപീകരണങ്ങള്‍.
പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സ്വാശ്രയ വിഷയത്തില്‍ സങ്കീര്‍ണതകള്‍ വര്‍ധിക്കുന്നുണ്ട്. മെഡിക്കല്‍ പി.ജി കോഴ്‌സുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും തൊലിയുരിക്കു ന്നതായിരുന്നു. കോടതി സ്വാശ്രയ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിരവധി നിരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി. ന്യൂനപക്ഷ പദവികളുടെ ദുരുപയോഗവും ഗുണമേന്മയുമൊക്കെ കോടതിയുടെ നിരീക്ഷണങ്ങളില്‍ ഉണ്ടായിരുന്നു. പക്ഷേ, ക്രിയാത്മകമായ ഇടപെടലുകള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. സ്വാശ്രയമെന്ന എറ്റവും വലിയ തട്ടിപ്പിന് അപാരമായ മതസൗഹാര്‍ദമാണ് മാനേജ്‌മെന്റുകള്‍ പ്രകടിപ്പിച്ചത്. പുരോഹിതനും പൂജാരിയും പാതിരിയും ഒരുപോലെ ഈ പാപത്തിന്റെ പങ്ക് പറ്റി.
സ്വാശ്രയം ഓഡിറ്റിംഗിന്
വിധേയമാക്കുമ്പോള്‍
കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ പ്രശ്‌നത്തെ കേവലം ഫീസിന്റെ അക്കങ്ങളില്‍ തളച്ചിട്ട് വിവാദമാക്കുന്നതാണ് പതിവുരീതി. എന്നാല്‍, സ്വാശ്രയ വിദ്യാഭ്യാസത്തെ കൂടുതല്‍ വിശദമായ തലങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സ്വാശ്രയവിവാദങ്ങള്‍ ആരംഭിക്കുന്ന ഘട്ടത്തിലുള്ള സാഹചര്യവും സാമൂഹികാവസ്ഥയുമല്ല നിലവിലുള്ളത്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ നിലവാരം, വിവിധ ജനവിഭാഗങ്ങളുടെ പങ്കാളിത്തം, തൊഴില്‍ ലഭ്യത, നിയമനിര്‍മാണത്തിലെ അപര്യാപ്തതയും കാലതാമസവും, സ്വാശ്രയ സ്ഥാപനങ്ങളുടെ സാമ്പത്തിക പുരോഗതി, അധ്യാപകരുടെ നിലവാരം, വിദ്യാര്‍ഥികളോടുള്ള സമീപനം, സ്വാശ്രയ സ്ഥാപനങ്ങളിലെ ജനാധിപത്യമൂല്യങ്ങളുടെ സംരക്ഷണം തുടങ്ങിയ വിവിധ വശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു സോഷ്യല്‍ ഓഡിറ്റിന് സ്വാശ്രയ വിദ്യാഭ്യാസത്തെ വിധേയമാക്കണം.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ പത്തുവര്‍ഷത്തെ അവസ്ഥ പരിശോധിച്ചാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളേക്കാള്‍ പതിന്മടങ്ങ് സ്വാശ്രയസ്ഥാപനങ്ങളും കോഴ്‌സുകളുമാണ് നിലവില്‍ വന്നത്. കേരളത്തിലെ 86 എഞ്ചിനീയറിംഗ് കോളേജുകളില്‍ 15 എണ്ണം മാത്രമാണ് സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലുള്ളത്. 19 മെഡിക്കല്‍ കോളേജുകളില്‍ 13-ഉം 143 നഴ്‌സിംഗ് കോളേജുകളില്‍ 131-ഉം 18 ഡെന്റല്‍ കോളേജുകളില്‍ 15-ഉം 13 ആയുര്‍വ്വേദകോളജുകളില്‍ 8-ഉം 24 ഫാര്‍മസി കോളേജുകളില്‍ 21-ഉം സ്വാശ്രയമേഖലയിലാണ്. ഇതിനുപുറമെ ആര്‍ട്‌സ് ആന്റ് സയന്‍സ്, മാനേജ്‌മെന്റ്, മീഡിയ, ബി.എഡ് തുടങ്ങിയ മേഖലകളില്‍ നിരവധി സ്വാശ്രയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ മേഖലകളില്‍ നൂറുകണക്കിന് സ്ഥാപനങ്ങള്‍ രാഷ്ട്രീയ മത-സാമുദായിക ഗ്രൂപ്പുകളുടെയും വ്യക്തികളുടെയും നേതൃത്വത്തില്‍ ആരംഭിക്കാനിരിക്കുന്നു. ലാഭകരവും ഭദ്രവുമായ ഒരു കച്ചവടം എന്ന നിലക്കുതന്നെയാണ് ഭൂരിഭാഗം ആളുകളും ഇതിനെ സമീപിക്കുന്നത്. അതുകൊണ്ടാണല്ലോ ആധ്യാത്മികതയുടെ ആള്‍രൂപങ്ങളും സേവനത്തിലൂടെ വാഴ്ത്തപ്പെട്ടവരും സ്വാശ്രയത്തിന്റെ പേരില്‍ രക്തസാക്ഷി മണ്ഡപം പണിത് ആണ്ടറുതി കൊണ്ടാടുന്നവരുമൊക്കെ സാമൂഹിക നീതിയും രാഷ്ട്രപുരോഗതിയുമൊക്കെ വിസ്മരിച്ച് സ്വാശ്രയ ഷൈലോക്കുമാരായി അരങ്ങുവാഴുന്നത്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തെ കാര്യമായി സ്വാധീനിക്കുന്ന രീതിയിലേക്ക് സ്വാശ്രയ വിദ്യാഭ്യാസ മേഖല വളര്‍ന്നുകഴിഞ്ഞിട്ടുണ്ട്. അധികാര സ്ഥാപനങ്ങളെപ്പോലും ദുര്‍ബലപ്പെടുത്തുന്ന, പൊതു സമൂഹത്തിന് പുല്ലുവില കല്‍പ്പിക്കുന്ന സാഹചര്യത്തിലേക്ക് സ്വാശ്രയ സ്ഥാപനങ്ങളുടെ അധികാരവും സമീപനങ്ങളും വളര്‍ന്നു കഴിഞ്ഞ സാഹചര്യത്തില്‍ സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന നിയമങ്ങളും സര്‍ക്കാറിന്റെ ഇച്ഛാശക്തിയും മാനേജ്‌മെന്റുകളുടെ സഹകരണവും അനിവാര്യമാണ്.
കേരളത്തിലെ സ്വാശ്രയ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യത്തെയും അക്കാദമിക നിലവാരത്തെയും കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ ഉയര്‍ന്നു വരണം. ആവശ്യമായ ലാബുകള്‍, പഠന സാമഗ്രികള്‍, അനുയോജ്യമായ ക്ലാസ്മുറികള്‍, ഉന്നതപഠനത്തിന് വേണ്ട മറ്റു സൗകര്യങ്ങള്‍ തുടങ്ങിയവ ഇനിയും വേണ്ട രീതിയില്‍ ഒരുക്കാത്ത നിരവധി സ്ഥാപനങ്ങള്‍ ഇവിയെയുണ്ട്. യോഗ്യരായ അധ്യാപകര്‍ ഇല്ലാത്തത് കേരളത്തിലെ സ്വാശ്രയ മേഖല അനുഭവിക്കുന്ന ഹിമാലയന്‍ പ്രശ്‌നമാണ്. നമ്മുടെ നാട്ടിലെ പാരലല്‍ കോളേജുകളെ അനുസ്മരിപ്പിക്കും വിധം വര്‍ഷത്തില്‍ ഒരു വിഷയം പഠിപ്പിക്കാന്‍ തന്നെ 14-ഉം 16-ഉം അധ്യാപകര്‍ വരെ എത്തുന്ന അവസ്ഥ വളരെ ദയനീയമാണ്. വളരെ കുറഞ്ഞ ശമ്പളത്തിനാണ് നിരവധി അധ്യാപകര്‍ തൊഴിലെടുക്കുന്നത്. അധ്യാപകരുടെ ഗുണനിലവാരമോ അധ്യാപന പരിചയമോ അക്കാദമിക നിലവാരമോ പരിഗണിക്കാതെ കുറഞ്ഞ ശമ്പളത്തില്‍ ജോലിയെടുക്കാന്‍ തയ്യാറുള്ളവര്‍ക്കാണ് മാനേജ്‌മെന്റിന്റെ പരിഗണന.
സ്വാശ്രയ സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്നവരുടെ തൊഴില്‍ ലഭ്യതയെക്കുറിച്ച് പഠനം നടത്തേണ്ടതുണ്ട്. പഠനത്തിനുവേണ്ടി ലക്ഷങ്ങള്‍ ബാങ്കില്‍നിന്നും കടമെടുത്ത് പഠനശേഷം തിരിച്ചടക്കാന്‍ സാധിക്കാത്ത ആയിരങ്ങള്‍ സ്വന്തമായി സംഘടന രൂപീകരിച്ചിരിക്കുകയാണ്. വയനാട്ടില്‍ മാത്രം 600-ലധികം പേര്‍ക്ക് ജപ്തി നോട്ടീസ് വന്നുകഴിഞ്ഞു. ഒരേ മേഖലയില്‍ തന്നെ നിരവധിയാളുകള്‍ എത്തിയതോടെ കുറഞ്ഞ വേതനത്തിന് തൊഴിലെടുക്കേണ്ട അവസ്ഥയാണ്. കോഴ്‌സിനു ശേഷം പ്രതീക്ഷിച്ച വരുമാനം ലഭിക്കാതായതോടെ വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. ഇന്ത്യയില്‍ ഒരു വര്‍ഷം ബി.ടെക് ഡിഗ്രി പൂര്‍ത്തീകരിക്കുന്ന ഒരു ലക്ഷത്തിലധികം പേരില്‍ അയ്യായിരത്തോളം പേര്‍ക്കു മാത്രമാണ് ഒരു എഞ്ചിനീയര്‍ക്കു ലഭിക്കേണ്ട ശമ്പളം ലഭിക്കുന്നുള്ളൂ. സര്‍ക്കാര്‍ അടിയന്തര ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ വിദ്യാഭ്യാസ ആത്മഹത്യയുടെ വിളനിലമായി കേരളം മാറുന്ന കാലം വിദൂരമല്ല.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെയും വിദ്യാര്‍ഥികളുടെ മനോഭാവത്തെയും എങ്ങനെ സ്വാധീനിച്ചുവെന്ന് വിലയിരുത്തപ്പെടണം. പണം കൊടുത്ത് പഠിക്കാനുള്ള സ്ഥാപനങ്ങള്‍ ഒത്തു വന്നപ്പോള്‍ മികച്ച നിലവാരത്തോടുകൂടി കോഴ്‌സുകള്‍ പൂര്‍ത്തീകരിക്കണമെന്ന ചിന്തയില്‍നിന്ന് ഒരു കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് കൈക്കലാക്കിയാല്‍ മതിയെന്ന അവസ്ഥയിലേക്ക് വിദ്യാര്‍ഥികളും രക്ഷിതാക്കളും പിറകോട്ടുപോയോ എന്ന് പരിശോധിക്കണം. മികച്ച അക്കാദമിക നിലവാരത്തോടുകൂടി മാത്രം പ്രവേശനം ലഭിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ മലയാളിസാന്നിധ്യം വളരെ കുറവാണ്. പ്രവേശനത്തിന് ദേശീയ എന്‍ട്രന്‍സ് ബാധകമായ കൊച്ചിന്‍ യൂനിവേഴ്‌സിറ്റിയില്‍ (കുസാറ്റ്) മെറിറ്റ് സീറ്റില്‍ എട്ട് ശതമാനത്തില്‍ താഴെ മാത്രം കേരളക്കാര്‍ക്കാണ് പ്രവേശനം ലഭിക്കുന്നത്. (2008-09ല്‍ 525 മെറിറ്റ് സീറ്റില്‍ ആകെ 11 മലയാളികള്‍ മാത്രം).
സ്വാശ്രയ സ്ഥാപനങ്ങളുടെ കടന്നുവരവ് വിവിധ ജനവിഭാഗങ്ങളുടെ ഉന്നത വിദ്യാഭ്യാസ പുരോഗതിയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അതേസമയം സാമ്പത്തികമായി അല്‍പമെങ്കിലും കഴിവുള്ളവര്‍ക്കുമാത്രം എത്തിപ്പിടിക്കാവുന്ന മേഖലയായി ഉന്നത വിദ്യാഭ്യാസം മാറി എന്നതും യാഥാര്‍ഥ്യമാണ്. ബുദ്ധിയും കഴിവും താല്‍പര്യവുമുള്ള നിരവധി വിദ്യാര്‍ഥികള്‍ക്ക് പഠനം നിഷേധിക്കപ്പെടുകയോ പഠനത്തിന്റെ പേരില്‍ അവര്‍ വലിയ കടക്കാരായിത്തീരുകയോ ചെയ്തിട്ടുണ്ട്. സര്‍ക്കാറും സ്വകാര്യ ഏജന്‍സികളും ഒരുക്കിയ സ്‌കോളര്‍ഷിപ്പ് സംവിധാനങ്ങള്‍ പത്ത് ശതമാനം വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ പോലും മതിയായതല്ല.
സ്വാശ്രയം സാമൂഹികനീതിയെ
അട്ടിമറിക്കുമ്പോള്‍
സ്വാശ്രയ വിദ്യാഭ്യാസപ്രശ്‌നം പരിഹരിക്കപ്പെടണമെങ്കില്‍ സാമൂഹികനീതി ഉയര്‍ത്തിപ്പിടിക്കുന്ന ശക്തമായ നിയമനിര്‍മാണവും ഇഛാശക്തിയുള്ള ഭരണകൂടവും അനിവാര്യമാണ്. നിലവില്‍ ആഘോഷപൂര്‍വം കൊട്ടിഘോഷിക്കുന്ന 50:50 സമ്പ്രദായം നിര്‍ത്തലാക്കണം. നിലവിലെ നിയമം മാനേജ്‌മെന്റുകള്‍ക്ക് കോടികള്‍ കട്ടുമുടിക്കാനുള്ള നിയമ പിന്‍ബലമാണ്. മുഴുവന്‍ സീറ്റിലും മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തുകയും ഏകീകരിച്ച ഫീസ്ഘടന നടപ്പിലാക്കുകയും വേണം. 2004-ലെ കോടതിവിധിയില്‍ ഫീസിന്റെ കാര്യത്തില്‍ ക്രോസ് സബ്‌സിഡി പാടില്ല എന്നതാണ് നിര്‍ദേശം. പക്ഷേ, ഈ ഏകീകരിച്ച ഫീസ് നിശ്ചയിക്കേണ്ടത് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലോ മാനേജ്‌മെന്റുകളോ അല്ല. അതിനപ്പുറത്ത് ശക്തമായ സര്‍ക്കാര്‍ സംവിധാനം നിലവില്‍ വരണം. നിലവിലെ മുഹമ്മദ് കമ്മിറ്റി പിരിച്ചുവിട്ട് കൂടുതല്‍ അധികാരമുള്ള ഭരണഘടനാ പിന്‍ബലമുള്ള മറ്റൊരു സംവിധാനം കൊണ്ടുവരണം. ഓരോ കോഴ്‌സിന്റെയും ചെലവുകളെ അടിസ്ഥാനപ്പെടുത്തി സ്ഥാപനങ്ങളുടെ നിലവാരത്തെയും അധ്യാപകരുടെ കഴിവിനെയും മാനദണ്ഡമാക്കി ഏകീകരിച്ച ഫീസ് സംവിധാനം ഏര്‍പ്പെടുത്തണം. ഇങ്ങനെ ഫീസ് നിശ്ചയിക്കുന്നതിന് ഫീസ് റഗുലേറ്ററി കമീഷനെ സര്‍ക്കാര്‍ നിയോഗിക്കണം.
നിലവില്‍ വര്‍ഷങ്ങളുടെ പാരമ്പര്യവും മികച്ച അധ്യാപകരും സൗകര്യങ്ങളുമുള്ള കോളേജുകളിലും പുതുതായി ആരംഭിക്കുന്ന കോളേജുകളിലും ഒരേ ഫീസ് ഘടനയാണ് നിലനില്‍ക്കുന്നത്. എല്ലാ സീറ്റിലും ഒരേ ഫീസ് നിശ്ചയിക്കുന്നത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്നത് സ്വാഭാവികമാണ്. നിലവില്‍ സ്വാശ്രയ കോഴ്‌സുകള്‍ക്കുള്ള പ്രവേശന മാനദണ്ഡവും രീതിയും സാമ്പത്തികമായി ഉയര്‍ന്നുനില്‍ക്കുന്നവര്‍ക്ക് സഹായകരമായതാണ്. മികച്ച സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ഫീസ് നല്‍കി കോച്ചിംഗ് നേടി എന്‍ട്രന്‍സില്‍ ഉയര്‍ന്ന റാങ്കിലെത്തുന്ന ഭൂരിഭാഗവും സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വലിയൊരു വിഭാഗമാണ് മാനേജ്‌മെന്റ് സീറ്റില്‍ ഉയര്‍ന്ന ഫീസ് നല്‍കി പ്രവേശനം നേടുന്നത്. പാവപ്പെട്ടവന്റെ സഹായം കൊണ്ട് പണക്കാരന്‍ പഠിക്കുന്ന തലതിരിഞ്ഞ രീതിയാണ് നടക്കുന്നത്. അതിനാല്‍ തന്നെ മുഴുവന്‍ സീറ്റിലും മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനവും ഏകീകരിച്ച ഫീസും നിശ്ചയിച്ചാല്‍ മാത്രമേ ഈ അസന്തുലിതത്വം മറികടക്കാന്‍ സാധിക്കുകയുള്ളൂ. അതേസമയം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പുകളും പലിശരഹിത വായ്പകളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തണം. ഓരോ വര്‍ഷവും എന്‍ട്രന്‍സ് പരീക്ഷാ നടത്തിപ്പിലൂടെ കിട്ടുന്ന ലാഭം കോടിക്കണക്കിന് രൂപയാണ്. അത്തരം തുകകള്‍ സ്‌കോളര്‍ഷിപ്പിനുവേണ്ടി നീക്കിവെക്കണം. അതുപോലെ മുഖ്യമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് സ്‌കീം, ദേശീയ-സംസ്ഥാന സ്‌കോളര്‍ഷിപ്പ് സ്‌കീമുകള്‍ തുടങ്ങിയവ ഏകോപിപ്പിച്ച് കൂടുതല്‍ കാര്യക്ഷമതയോടെ ഇത്തരം വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തണം. പ്രഫഷണല്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തുന്ന കമ്പനികളുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് സ്‌കീമുകളും കരാര്‍ സ്‌കീമുകളും ആരംഭിക്കാവുന്നതാണ്.
[email protected]
Comments