Prabodhanm Weekly

Pages

Search

2012 ജൂണ്‍ 2

ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സവിശേഷതകള്‍

ഖുര്‍റം മുറാദ്

പ്രസ്ഥാനത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ്, എന്തൊക്കെയല്ല? ചില ഗുണങ്ങള്‍ മുന്നില്‍ വെച്ചു നമ്മുടെ ഈ പ്രസ്ഥാനം ഒരിസ്ലാമിക പ്രസ്ഥാനമാണ് എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കണം.
1. സ്ഥായീ സ്വഭാവം
മൌലികവും സുപരിചിതവുമായ ഒന്നാമത്തെ സവിശേഷത ഇതൊരു നൈരന്തര്യ സ്വഭാവമുള്ള പ്രസ്ഥാനമാവണം എന്നതാണ്. ഏതെങ്കിലും പ്രത്യേക പരിതസ്ഥിതിയുടെ പ്രതികരണമായിക്കൂടാ. ഇത് പറയാന്‍ എളുപ്പമാണ്. പക്ഷേ, സാഹചര്യങ്ങള്‍ അതില്‍(പ്രസ്ഥാനത്തില്‍) സ്വാധീനം ചെലുത്തും. ചിലയിടങ്ങളില്‍ മുസ്ലിംകള്‍ അടിമജീവിതം നയിക്കുന്നവരാണ്; ചിലേടത്ത് അവര്‍ ഇതര സമൂഹങ്ങളുടെ അടിച്ചമര്‍ത്തല്‍ നേരിടുകയാണ്. മറ്റു ചില സ്ഥലങ്ങളില്‍ അവര്‍ക്ക് അവരുടെ രാഷ്ട്രീയ വ്യവസ്ഥക്ക് രൂപം നല്‍കേണ്ടതുണ്ട്. ഇനിയും ചിലയിടങ്ങളില്‍ മുസ്ലിംകള്‍ അടുത്ത് സ്വാതന്ത്യ്രം പ്രാപിച്ചവരാണ്; അവര്‍ ഇസ്ലാമിന്റെ പാതയില്‍ ചലിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ഇപ്പറഞ്ഞതൊന്നും സ്ഥായീ സ്വഭാവമുള്ള അവസ്ഥകളല്ല; സവിശേഷ സാഹചര്യങ്ങളാണ്. ഇവ ഒരു സ്ഥലത്ത് ദൃശ്യമാണെങ്കില്‍ മറ്റൊരിടത്ത് കണ്ടില്ല എന്നു വരാം.
ഈ പ്രസ്ഥാനം ഒരു സ്ഥായീ സ്വഭാവമുള്ള പ്രസ്ഥാനമാണ് എന്ന് പറയുമ്പോള്‍ അതിനര്‍ഥം ഏതെങ്കിലും പ്രത്യേക സാഹചര്യത്തോടുള്ള പ്രതികരണമെന്ന നിലക്ക് മാത്രം നിലവില്‍ വന്ന ഒന്നല്ല ഇത് എന്നാണര്‍ഥം. ഒരുദാഹരണം പറഞ്ഞാല്‍, എവിടെയെങ്കിലും രാജാധിപത്യം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിനെ നേരിടാന്‍ വേണ്ടി, അതവസാനിപ്പിക്കാന്‍ വേണ്ടി മാത്രം ഒരിസ്ലാമിക പ്രസ്ഥാനത്തിന്റെ രൂപീകരണം ആവശ്യമില്ല. അല്ലെങ്കില്‍, മറ്റെവിടെയെങ്കിലും ഇസ്ലാമിന്റെ പേരില്‍ ഒരു രാജ്യം സ്ഥാപിതമായിരിക്കുന്നു. അവിടെ രാജ്യത്തെ ഇസ്ലാമിന്റെ പാതയില്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് മാത്രമായി ഒരിസ്ലാമിക പ്രസ്ഥാനം; അതല്ലെങ്കില്‍ വേറൊരിടത്ത് ഇതര സമൂഹങ്ങള്‍ മുസ്ലിംകള്‍ക്കുമേല്‍ മേധാവിത്വം സ്ഥാപിച്ചിരിക്കുന്നു. അവിടെ, അവരെ അടിമത്തത്തില്‍നിന്ന് മോചിപ്പിക്കുന്നതിന് വേണ്ടി മാത്രമായി ഒരിസ്ലാമിക പ്രസ്ഥാനം; ഇങ്ങനെയൊന്നുമല്ല. സാഹചര്യങ്ങള്‍ എന്തൊക്കെയായിരുന്നാലും ഈ പ്രസ്ഥാനം അതിന്റേതായ ഒരു സ്ഥായീ സ്വഭാവവും നൈരന്തര്യവും നിലനിര്‍ത്തിയിരിക്കണം.
മാറിവരുന്ന കാലഘട്ടങ്ങളുമായോ, സാഹചര്യങ്ങളുമായോ യാതൊരു ബന്ധവുമില്ലാത്ത അമൂര്‍ത്ത(മയൃമര)മായ ആശയങ്ങളില്‍ അഭിരമിക്കുന്ന ഒരു പ്രസ്ഥാനമാണിത് എന്ന ഒരു തെറ്റിദ്ധാരണ ഇവിടെ ജനിക്കാന്‍ സാധ്യതയുണ്ട്. പ്രത്യക്ഷത്തില്‍ ഈ രണ്ടും തമ്മില്‍ വൈരുധ്യമുള്ളതായി തോന്നാം. അതായത്, ഒരു പ്രസ്ഥാനം സ്ഥായീസ്വഭാവവും, നൈരന്തര്യ ഭാവവും പുലര്‍ത്തുന്നതാവുക; അതേസമയം, സമൂഹത്തിന്റെ പ്രശ്നങ്ങളില്‍ അതീവ താല്‍പര്യമെടുക്കുകയും ചെയ്യുക. യഥാര്‍ഥത്തില്‍ ഒരു പ്രസ്ഥാനത്തിനും ശൂന്യതയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയില്ല. ഉറച്ച മണ്ണിലും ജീവസ്സുറ്റ സമൂഹത്തിലുമാണത് പണിയെടുക്കുന്നത്. അതുകൊണ്ടാണ് പ്രവാചകന്മാരുടെ പ്രബോധനത്തിന്റെ ഒരു വശം 'അല്ലാഹുവിന് മാത്രം അടിമവൃത്തി ചെയ്യുക, എന്നെ മാത്രം അനുസരിക്കുക' എന്നതായിരിക്കെത്തന്നെ, മറ്റൊരു വശം എല്ലായ്പ്പോഴും സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതായിരിക്കുന്നത്. ബനൂ ഇസ്രാഈലിന്റെ കാര്യത്തിലത് രാഷ്ട്രീയ സ്വാതന്ത്യ്രത്തിന്റെ പ്രശ്നമായിരുന്നു. ആദ് സമുദായത്തിന്റെ കാര്യത്തിലത് സാമ്രാജ്യത്വ(ശാുലൃശമഹശാ)ത്തിനെതിരായ പോരാട്ടമായിരുന്നു. നൂഹ് നബിയുടെ ജനതയുടെ വിഷയത്തിലത് ജാതിപരമായ ഉച്ചനീചത്വങ്ങള്‍ക്കെതിരായുള്ള ശബ്ദമുയര്‍ത്തലായിരുന്നു. ലൂത്ത് നബിയുടെ സമുദായത്തിന്റെ കാര്യത്തിലത് ധാര്‍മിക ച്യുതിക്കെതിരെയുള്ള പ്രബോധനമായിരുന്നു. ചുരുക്കത്തില്‍ മുഴു പ്രബോധനവും സമൂഹത്തിന്റെ നീറുന്ന പ്രശ്നങ്ങളുമായും താല്‍പര്യങ്ങളുമായും ബന്ധപ്പെട്ടതായിരുന്നു. അതിന്റെ സ്വഭാവം പ്രതികരണത്തിന്റേതായിരുന്നില്ല. പ്രസ്തുത പ്രബോധനം അല്ലാഹുവിനുള്ള അടിമത്തം എന്ന മൌലിക പ്രബോധനത്തില്‍ ഉള്‍പ്പെട്ടതു തന്നെയായിരുന്നു. എന്നാല്‍ സമൂഹവുമായും മനുഷ്യരുമായും ബന്ധമില്ലാത്തതായിരുന്നുമില്ല.
2. സമഗ്ര സ്വഭാവം
ഇതൊരു സമഗ്ര സ്വഭാവമുള്ള പ്രസ്ഥാനമാണ് എന്നതാണിതിന്റെ വിവക്ഷ. ഇതിന് എന്തെങ്കിലും ശാഖാപരമായ ലക്ഷ്യമല്ല ഉള്ളത്. തീര്‍ച്ചയായും വിജ്ഞാനം പ്രചരിക്കണമെന്നു തന്നെയാണ് നമ്മുടെ ആഗ്രഹം. എന്നാല്‍ ഇസ്ലാമിക പ്രസ്ഥാനം ഏതെങ്കിലും മതപാഠശാലയുടെ പേരല്ല. തസ്കിയത്ത്(സംസ്കരണം) നമ്മുടെ പ്രധാന പരിഗണനയാണ്. പക്ഷേ, ഇസ്ലാമിക പ്രസ്ഥാനം ഏതെങ്കിലും പര്‍ണശാലയുടെ പേരുമല്ല. ഇസ്ലാമിക സാമൂഹിക ക്രമം നിലവില്‍ വരണമെന്നും നേതൃത്വം ധര്‍മബോധമുള്ളവരുടെ കരങ്ങളിലാവണമെന്നും തന്നെയാണ് നമ്മുടെ താല്‍പര്യം. എന്നാല്‍ ഇസ്ലാമിക പ്രസ്ഥാനം ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ നാമവുമല്ല. അതുപോലെ തന്നെ സ്ഥാപനങ്ങളും സംഘടനകളും സ്ഥാപിക്കുകയും നടത്തിക്കൊണ്ടു പോവുകയും ചെയ്യുക എന്നതും ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളില്‍ പെട്ടതല്ല.
ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ലക്ഷ്യം, അല്ലാഹുവിനുള്ള അടിമത്തം പുലരുകയും ജനങ്ങള്‍ അല്ലാഹുവിന്റെ പ്രീതി സമ്പാദിച്ച് പരലോകത്ത് അവന്റെ സ്വര്‍ഗത്തിന് അര്‍ഹത നേടുന്നവരായി മാറുകയും ചെയ്യുക എന്നുള്ളതാണ്. വിജ്ഞാന സമ്പാദനം ഇതിനുവേണ്ടിയാണ്. തസ്കിയ ഇതിന് വേണ്ടിയാണ്. രാഷ്ട്രീയവും ഇതിന് വേണ്ടിയാണ്. സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നതും നടത്തിക്കൊണ്ടു പോകുന്നതും ഇതിനുവേണ്ടിതന്നെ. ചുരുക്കത്തില്‍ എന്തു പ്രവര്‍ത്തനമായാലും മുകളില്‍ പറഞ്ഞ അടിസ്ഥാന ലക്ഷ്യത്തിനുതകുന്ന തരത്തിലുള്ളതായിരിക്കണം. ഈയൊരു സമഗ്ര വിഭാവനം നമ്മുടെ മുന്നിലുണ്ടെങ്കില്‍ ശാഖാപരമായ പ്രവര്‍ത്തനങ്ങളും അതതിന്റെ സ്ഥാനത്ത് പൂര്‍ണത കൈവരിക്കും.
സഞ്ചരിക്കുന്ന പര്‍ണശാലകളുടെയും ഓടിപ്പാഞ്ഞു നടക്കുന്ന മതപാഠശാലകളുടെയും പേരാണ് ഇസ്ലാം എന്നാരോ പറഞ്ഞത് വളരെ മനോഹരമായ പ്രയോഗമാണ്. എന്നുവെച്ചാല്‍, വിജ്ഞാനം ഒരു സ്ഥലത്ത് നിശ്ചലമായിരിക്കുകയല്ല; തസ്കിയ്യ നാലു ചുവരുകള്‍ക്കകത്ത് ഒതുങ്ങിക്കൂടുന്ന ഒന്നുമല്ല. മറിച്ച് ഈ പര്‍ണശാലകള്‍ നിരന്തരമായ ഓടിപ്പാച്ചിലിലും വിജ്ഞാന കേന്ദ്രങ്ങള്‍ ഇടതടവില്ലാത്ത സഞ്ചാരത്തിലുമാണ്.
3. ഉദ്ദേശ്യവും ലക്ഷ്യവും- ദൈവപ്രീതി
ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മൂന്നാമത്തെ സവിശേഷത, അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും പരിപാടികളുടെയും ആസൂത്രണങ്ങളുടെയും അധ്വാന പരിശ്രമങ്ങളുടെയും ഉദ്ദേശ്യവും ലക്ഷ്യവും അല്ലാഹുവിന്റെ പ്രീതി മാത്രമാവുക എന്നതാണ്. എല്ലാ പ്രവര്‍ത്തനങ്ങളുടെയും പ്രചോദനവും എല്ലാ പരിശ്രമങ്ങളുടെയും ആധാരവും വിജയത്തിന്റെ ആത്യന്തിക മാനദണ്ഡവും ഇതൊന്നു മാത്രമാവേണ്ടതുണ്ട്. അല്ലാഹുവിന്റെ പ്രീതി എന്നതിന്റെ വിശദീകരണം സ്വര്‍ഗമാണ് എന്നത് പ്രത്യേകം ഓര്‍മ വെക്കേണ്ടതാണ്. ഇവ രണ്ടും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. പക്ഷേ, നമ്മില്‍ പലരും അക്കാര്യം മറന്നു പോയിരിക്കുന്നു. ഇതു സംബന്ധമായി സംക്ഷിപ്തമായി ചില കാര്യങ്ങള്‍ സൂചിപ്പിക്കേണ്ടതനിവാര്യമാണ്.
ഇപ്പറഞ്ഞതിന്റെ ഉദ്ദേശ്യം, ഭൌതിക ലക്ഷ്യങ്ങള്‍ക്കുവേണ്ടി പരിശ്രമിക്കില്ലെന്നല്ല. ഭൌതിക ലക്ഷ്യങ്ങള്‍ക്കുവേണ്ടി, ഇസ്ലാമിക സമൂഹത്തിന്റെ രൂപീകരണത്തിനുവേണ്ടി, ഇസ്ലാമിക സാമൂഹിക ക്രമം സ്ഥാപിക്കുന്നതിന് വേണ്ടി, അധികാരം കൈയേല്‍ക്കുന്നതിനുവേണ്ടി, ലോകത്തിന്റെ പുനഃസംവിധാനത്തിനു വേണ്ടിയെല്ലാം പണിയെടുക്കേണ്ടതുണ്ട്. അത് അത്യന്താപേക്ഷിതവുമാണ്. പക്ഷേ, മാര്‍ഗങ്ങള്‍ എന്ന നിലയാണ് അവയ്ക്കുണ്ടാവുക. എത്രത്തോളമെന്നു വെച്ചാല്‍ നമ്മുടെ ഈ സംഘടന തന്നെ ഒരു മാര്‍ഗമാണ്; ലക്ഷ്യമല്ല. ഇതിന്റെ ലക്ഷ്യങ്ങളില്‍ വിജയിക്കുന്നേടത്തോളം കാലം പ്രസ്ഥാനമായിത്തന്നെ മുന്നോട്ടു പോകും. പ്രസ്ഥാനമായി ബീജാവാപം ചെയ്യുകയും അവസാനം വെറുമൊരു സംഘടനയോ സൊസൈറ്റിയോ മാത്രമായി അവശേഷിക്കുകയും ചെയ്ത എത്രയോ അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ലക്ഷ്യവും ഉദ്ദേശ്യവും അല്ലാഹു മാത്രമായിരിക്കലും പ്രവര്‍ത്തനങ്ങളുടെ പ്രചോദനവും കേന്ദ്രവും അവന്റെ പ്രീതി മാത്രമായിരിക്കലും അതിപ്രധാനമാണ്. ഈ പ്രസ്ഥാനം അതിന്റെ ലക്ഷ്യപ്രാപ്തിക്കായി എത്രത്തോളം പ്രവര്‍ത്തന നിരതവും ആത്മാര്‍ഥത പുലര്‍ത്തുന്നതുമാണ് എന്നതിനെ നിര്‍ണയിക്കുന്നത് ഈയൊരൊറ്റക്കാര്യമാണ്.
മാര്‍ഗങ്ങള്‍ ലക്ഷ്യമായി മാറ്റുകയും മുഴുശക്തിയും അതിനുവേണ്ടി വിനിയോഗിക്കുകയും ചെയ്യുന്നതോടുകൂടി നാശത്തിനു തുടക്കം കുറിക്കുകയായി. ഭൌതികമായ വിജയ പരാജയങ്ങള്‍ക്കനുസരിച്ച് ഏറുകയും കുറയുകയും ചെയ്യുന്നതാണ് ഒരാളുടെ ആത്മവീര്യമെങ്കില്‍, ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ പോരായ്മകള്‍ വന്നു ഭവിച്ചിരിക്കുന്നുവെന്നാണതിനര്‍ഥം. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സവിശേഷതകള്‍ നിലനില്‍ക്കുന്നുണ്ടോ അതോ അതില്‍ വല്ല കുറവും സംഭവിച്ചിട്ടുണ്ടോ എന്നറിയാനുള്ള മറ്റൊരു അളവുകോലാണിത്.
4. വിജയ പരാജയങ്ങളുടെ മാനദണ്ഡം
ഓര്‍മവെക്കേണ്ട നാലാമത്തെ കാര്യം ഇതാണ്: വ്യക്തിയുടെ ലക്ഷ്യം തീര്‍ച്ചയായും ദൈവപ്രീതിയും സ്വര്‍ഗവുമായിരിക്കണം. മാത്രമല്ല, ഈ ബോധം സദാ ചൈതന്യവത്തും സജീവവുമായി നിലനിര്‍ത്തേണ്ടതുമുണ്ട്. എന്നാല്‍ സംഘടനയുടെ ലക്ഷ്യം, വ്യക്തിയുടെ അധ്വാന പരിശ്രമങ്ങളെ, വ്യക്തിയെ പരലോകത്ത് തന്റെ ലക്ഷ്യം കൈവരിക്കുന്ന തരത്തിലും, പ്രസ്ഥാനം ഈ ലോകത്ത് വിജയം വരിക്കുന്ന തരത്തിലും വിനിയോഗിക്കുക എന്നുള്ളതാണ്. ഖുര്‍ആന്‍ ഫത്ഹ്(വിജയം) എന്ന പദം കൊണ്ടാണിതിനെ പ്രകാശിപ്പിച്ചിട്ടുള്ളത്.
ഓരോരുത്തരും വ്യക്തിയെന്ന നിലക്ക് അല്ലാഹുവിന്റെ മുന്നില്‍ ഉത്തരം ബോധിപ്പിക്കേണ്ടി വരുമെന്ന കാര്യം വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. ഒരു സംഘടനയും, അത് ജമാഅത്തെ ഇസ്ലാമിയാവട്ടെ, ഇഖ്വാനുല്‍ മുസ്ലിമൂന്‍ ആകട്ടെ, സംഘമായി എഴുന്നേറ്റ് നിന്ന് അല്ലാഹുവിന്റെ മുന്നില്‍ മറുപടി പറയില്ല. ഇതില്‍നിന്ന് മനസിലാവുന്ന കാര്യം അല്ലാഹുവിന്റെയടുത്ത് മൌലിക പ്രധാനമായ കാര്യം ഉദ്ദേശ്യവും അധ്വാന പരിശ്രമങ്ങളുമാണ് എന്നതാണ്. ഇതു രണ്ടും വ്യക്തിയുടെ നിയന്ത്രണത്തിലുള്ളതുമാണ്; സംഘടനയുടെ നിയന്ത്രണത്തിലുള്ളതല്ല. താനെന്തു ചെയ്തു എന്നതിന് ഓരോരുത്തരും മറുപടി പറയേണ്ടിവരും. അവന്‍ പ്രവര്‍ത്തിച്ചു നേടിയത് സ്വീകരിക്കപ്പെട്ടാല്‍ അവന്‍ വിജയിച്ചു.
എല്ലാ കാര്യങ്ങളും സംഭവിക്കുന്നത് അല്ലാഹുവിനാലാണെന്നും വ്യക്തികള്‍ ദൈവപ്രീതി കാംക്ഷിക്കുന്നേടത്തോളം കാലം എല്ലാം ഭദ്രമാണെന്നും കരുതി സായൂജ്യമടയലല്ല പ്രസ്ഥാനത്തിന്റെ ചുമതല. അത്രത്തോളം കൊണ്ട് പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തങ്ങള്‍ അവസാനിക്കുന്നില്ല.
ബുദ്ധിയും വിവേകവും കഴിവുകളും ഉപയോഗപ്പെടുത്തി തങ്ങളുടെ ഉപാധികളും മാര്‍ഗങ്ങളും ഏറ്റവും നല്ല രീതിയില്‍ വിനിയോഗിക്കുകയും അതിലൂടെ ഭൌതിക ലോകത്ത്, 'സമീപസ്ഥമായ വിജയം' (ഫത്ഹുന്‍ ഖരീബ്) എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള നേട്ടം കൈവരിക്കാനുള്ള സാധ്യതകള്‍ സൃഷ്ടിച്ചെടുക്കുകയും ചെയ്യുക എന്നതാണ് പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തം. ഖുര്‍ആന്‍ അതിനെ ഇങ്ങനെയാണ് വിശദീകരിച്ചിട്ടുള്ളത്:
"നിങ്ങളഭിലഷിക്കുന്ന മറ്റൊരു മഹാനുഗ്രഹവും നിങ്ങള്‍ക്ക് അവന്‍ നല്‍കും. അല്ലാഹുവില്‍ നിന്നുള്ള സഹായവും ആസന്ന വിജയവുമാണത്'' (അസ്സ്വഫ്ഫ് 13).
ഇവിടെ ഒരു കാര്യം കൂടി അറിഞ്ഞിരിക്കണം. വ്യക്തി വിജയം വരിക്കുകയും ജമാഅത്ത് പരാജയപ്പെടുകയും ചെയ്തേക്കാം. വ്യക്തി തന്റെ മുഴുവന്‍ പരിശ്രമങ്ങളും വ്യയം ചെയ്യുകയും ജമാഅത്ത് ഉദ്ദിഷ്ട ലക്ഷ്യം കൈവരിക്കാതിരിക്കുകയും ചെയ്താല്‍, പ്രത്യക്ഷത്തില്‍ ഭൌതികമായ അളവുകോലുകള്‍ വെച്ചു നോക്കുമ്പോള്‍ ജമാഅത്ത് പരാജയപ്പെട്ടതായിട്ടാണ് വിലയിരുത്തപ്പെടുക. എന്നാല്‍ വ്യക്തി വിജയിക്കുകയും ചെയ്യും. മറിച്ചും സംഭവിക്കാം. പ്രസ്ഥാനം അതിന്റെ ലക്ഷ്യത്തില്‍ വിജയിക്കുകയും വ്യക്തി പരാജയപ്പെടുകയും ചെയ്തേക്കാം. കാരണം അവന്റെ ഉദ്ദേശ്യം കറകളഞ്ഞതായിരുന്നില്ല; അല്ലെങ്കില്‍ വേണ്ടത്ര അധ്വാന പരിശ്രമങ്ങള്‍ നടത്തിയില്ല; അതുമല്ലെങ്കില്‍ വേറെയുമൊരുപാട് കാരണങ്ങള്‍ ഉണ്ടാകാവുന്നതാണ്.
വിജയത്തിന്റെ ഈ രണ്ട് മാനദണ്ഡങ്ങളും മുന്നില്‍ വെക്കുകയാണെങ്കില്‍ വിലയിരുത്തലും ആത്മപരിശോധനയും എല്ലായ്പ്പോഴും എളുപ്പമായിരിക്കും. വ്യക്തിയെന്ന നിലക്ക് അല്ലാഹുവിന്റെ പ്രീതിയാര്‍ജിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അയാള്‍ എത്ര തന്നെ മുദ്രാവാക്യം വിളിച്ചാലും, യോഗങ്ങള്‍ സംഘടിപ്പിച്ചാലും പ്രസംഗിക്കുകയും പോസ്ററൊട്ടിക്കുകയുമൊക്കെ ചെയ്താലും ആത്യന്തികമായി പരാജയമായിരിക്കും. ഇതുപോലെ തന്നെ, വ്യക്തികള്‍ എത്ര നന്നായി പണിയെടുത്താലും, ത്യാഗ വികാരങ്ങളാല്‍ ഉത്തേജിതരായാലും, സംഘടനയെന്ന നിലക്ക് വ്യക്തികളുടെ ഊര്‍ജവും ആവേശവും ശരിയായ വഴിയില്‍, കൃത്യമായ സ്ട്രാറ്റജിയോടെ നേരായ ദിശയില്‍ തിരിച്ചുവിടുന്നില്ലെങ്കില്‍, ഭൌതിക ലോകത്ത് അത് (സംഘടന) പരാജയം വരിക്കും. പ്രസ്തുത ഉപാധികളും മാര്‍ഗങ്ങളും നഷ്ടപ്പെടുത്തുകയും അവയെ ശരിയായ ദിശയില്‍ വിനിയോഗിക്കാതിരിക്കുകയും ചെയ്തതിന് സംഘടന നേതൃത്വം മറുപടി പറയാന്‍ ബാധ്യസ്ഥരായേക്കും.
5. വ്യക്തിയും ജമാഅത്തും തമ്മിലുള്ള ബന്ധം
അഞ്ചാമത്തെ കാര്യം വ്യക്തിയും ജമാഅത്തും തമ്മിലുള്ള ബന്ധമാണ്. ഇത് ലോകത്തെ ഒട്ടുമിക്ക സംഘടനകളിലെയും ഒരു പ്രശ്ന മണ്ഡലമാണ്. ചിലര്‍ പറയുന്നു, വ്യക്തിക്കാണ് പ്രാധാന്യം. ചിലരുടെ വീക്ഷണത്തില്‍ സംഘടനയാണ് പ്രധാനം. ജമാഅത്തും സമൂഹവുമാണ് വ്യക്തിയെ രൂപപ്പെടുത്തുന്നത് എന്നതുകൊണ്ട്, വ്യക്തി തന്റെ വ്യക്തിത്വം സാമൂഹികതക്ക് വേണ്ടി ത്യജിക്കണം എന്നാണ് അവരുടെ വാദം. വ്യക്തിയാണ് പ്രധാനം എന്നു പറയുന്നവരുടെ വീക്ഷണത്തില്‍ ജമാഅത്തും സമൂഹവുമെല്ലാം വ്യക്തിയുടെ ഉന്നമനത്തിന് വേണ്ടിയാണ് നിലവില്‍ വന്നതുതന്നെ. ഇസ്ലാം ഇവ രണ്ടിനുമിടയില്‍ സന്തുലിതത്വം പുലര്‍ത്തുകയാണ് ചെയ്യുന്നത്. പരലോക വിജയം പരിഗണിക്കുമ്പോള്‍ വ്യക്തി തന്നെയാണ് പ്രധാനം. അതിനാല്‍ സംഘടനയും സമൂഹവുമെല്ലാം തങ്ങളുടെ എല്ലാ പരിശ്രമങ്ങളും കേന്ദ്രീകരിക്കേണ്ടത് വ്യക്തിക്ക് തന്റെ ലക്ഷ്യം പ്രാപിക്കാനുള്ള സന്ദര്‍ഭങ്ങളും സാധ്യതകളും സൃഷ്ടിച്ചു നല്‍കുന്നതിനാണ്.
മനുഷ്യ ജീവിതം പരസ്പര ബന്ധങ്ങളുടെ സാകല്യമാണ്. സമൂഹം, സംഘജീവിതം എന്നൊക്കെ പറയുന്നത് അതു തന്നെയാണ്. സംഘ ശക്തി കൂടാതെ വ്യക്തിക്ക് തന്റെ ലക്ഷ്യം പ്രാപിക്കാന്‍ കഴിയുകയുമില്ല. ഈ നിലക്ക് അതിന് (സംഘടനക്ക്) വലിയ പ്രാധാന്യം കൈവരുന്നു. ഏതെങ്കിലും ഗണിത ശാസ്ത്ര സമവാക്യമുപയോഗിച്ച് പരിഹരിച്ച് കളയാവുന്ന ഒരു പ്രശ്നമല്ലിത്. ഈയൊരു സംഘര്‍ഷം സംഘടനകളില്‍ എക്കാലവും നിലനിന്നു പോന്നിട്ടുണ്ട് അതിനിയും തുടരുകയും ചെയ്യും. ഭിന്നാഭിപ്രായം വെച്ചു പുലര്‍ത്താനുള്ള വ്യക്തിയുടെ അവകാശവും സ്വാതന്ത്യ്രവും, ജമാഅത്തിന്റെ വ്യവസ്ഥയും അച്ചടക്കവും തുടങ്ങി ഇടക്കിടെ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന അഭിപ്രായ സംഘട്ടനങ്ങളുടെയും വാദ വിവാദങ്ങളുടെയുമെല്ലാം നാരായ വേര് ഈയൊരു സംഘര്‍ഷമാണ്. ഈ പ്രശ്നത്തിന്, അവലംബിക്കാവുന്ന, സ്ഥായിയായ ഒരു പരിഹാര മാതൃകയില്ല. വ്യക്തിയും സംഘടനയും തങ്ങളുടെ പരിശ്രമങ്ങളിലൂടെ നിരന്തരമായി അതില്‍ സന്തുലിതത്വം കൈവരുത്തിക്കൊണ്ടേയിരിക്കുക എന്നത് മാത്രമാണ് അതിനുള്ള പരിഹാരം. ഇതില്‍ വരുത്തുന്ന അശ്രദ്ധയുടെ ഫലം, ഒന്നുകില്‍ വ്യക്തി തന്റെ വ്യക്തിത്വം നഷ്ടപ്പെടുത്തുക എന്നതായിരിക്കും. പല സംഘടനകളിലും നാമിന്ന് കാണുന്നതതാണ്. അതല്ലെങ്കില്‍, സംഘടനയുടെ വ്യവസ്ഥ തന്നെ താറുമാറാകുന്ന തരത്തില്‍ വ്യക്തി മേധാവിത്വം സ്ഥാപിക്കുക എന്നതായിരിക്കും സംഭവിക്കുക. നേതൃത്വത്തിന്റെ ജോലി തന്നെ ഈ രണ്ട് ആത്യന്തികതകള്‍ക്കിടയില്‍ സന്തുലിതത്വം കൈവരുത്തുക എന്നതും അവയെ ശരിയായ ദിശയില്‍ മുന്നോട്ടു കൊണ്ടു പോവുക എന്നതുമാണ്.
ഇസ്ലാമിക പ്രസ്ഥാനം എന്തെന്ത് ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതാണോ, അതില്‍ നമ്മുടെ പ്രസ്ഥാനം എവിടെ നില്‍ക്കുന്നു എന്ന് ഈ അഞ്ച് കാര്യങ്ങള്‍ മുന്നില്‍ വെച്ചു നമുക്ക് വിലയിരുത്താവുന്നതാണ്.
വിവ: അനീസ് അഹ്മദ് കോട്ടക്കല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം