ഹിന്ദുത്വയുടെ ചുവന്ന മഷിപ്പേന ഒരു വളയം കൂടി വരയ്ക്കുന്നു
ലഖ്‌നൗ നഗരത്തിനു മുകളില്‍ കലിയിളകി നില്‍ക്കുന്ന ജൂലൈ മാസ സൂര്യന്‍. വെയില്‍ച്ചീളുകള്‍ വാരിയെറിഞ്ഞ് ദയാരഹിതമായി അത് സകലതിനെയും പൊള്ളിക്കുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഗോംതി നദിപോലും വിയര്‍പ്പാറ്റുന്നതും, തെരുവ് നീറുന്നതും പതിവ് ഉഷ്ണക്കാഴ്ച.
എന്നിട്ടും, തൊലിപ്പുറത്തെ കരുവാളിപ്പ് പ്രതീക്ഷ എന്ന ലേപനം പുരട്ടി അവര്‍ ഉഴിഞ്ഞു. ഉച്ചിയില്‍ നേരിട്ടുപതിച്ച വെയില്‍ച്ചീളുകളെ, സാരിത്തുമ്പിനെക്കാള്‍, പോരാട്ടത്തിന്റെ കോന്തലയെടുത്തവര്‍ പ്രതിരോധിച്ചു. രോമകൂപങ്ങളില്‍ നിന്നുമിറ്റിയ വിയര്‍പ്പുതുള്ളികളെ നിശ്ചയദാര്‍ഢ്യമെന്ന തൂവാലയാല്‍ ഒപ്പി.
ഒരു കെട്ട് വിയര്‍പ്പ് നനഞ്ഞ ലഘുലേഖകള്‍ ഒരായിരം കൈകളിലേക്കും അവിടെനിന്ന് ഒരായിരം ചിന്തകളിലേക്കും കൈമാറ്റം ചെയ്യപ്പെടുന്ന അനുസ്യൂതതക്ക് ആ വേനല്‍പ്പകല്‍ സാക്ഷ്യം വഹിക്കുകയായിരുന്നു.
'എന്തിനാണ് ഈ ചുട്ടുപൊള്ളുന്ന വേനലിനെ വകവെക്കാതെ നിങ്ങളിത് വിതരണം ചെയ്യുന്നത്?'
വ്യക്തവും ദൃഢവുമായ നിലപാടുകള്‍ക്കു മേല്‍ പരിക്കുകള്‍ വീഴ്ത്താന്‍ തീ വാരിയെറിയുന്ന ഈ വേനലിനോ, ഭരണകൂട കണ്ണുരുട്ടലിനോ അസാധ്യമാണെന്ന പ്രഖ്യാപനമായിരുന്നു മറുപടി.
'ഇതിനെക്കാള്‍ ചുട്ടുപൊള്ളുന്ന അവസ്ഥയിലേക്കാണ് നമ്മുടെ രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത്!'
സിദ്ദീഖ് കാപ്പന് ജാമ്യം നില്‍ക്കാന്‍ യു.പിയില്‍നിന്ന്, 'ഞാനുണ്ട്' എന്ന പ്രഖ്യാപനത്തോടെ ആ വയോധിക വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. ഒപ്പം, യോഗി ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയും ഉന്മാദ ദേശീയവാദികളുടെ തെറിയഭിഷേകത്തിന് ഇരയുമാവുകയാണ്. ലഖ്‌നൗ സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സ്‌ലര്‍ പ്രഫസര്‍ രൂപ് രേഖ വര്‍മയാണ് ആ പോരാളി. പോരാട്ടങ്ങള്‍ക്ക് പ്രായം തടസ്സമല്ല എന്ന് എണ്‍പതോടടുക്കുന്ന അവരുടെ ജീവിതം, പിന്നിട്ട വഴിത്താരകളില്‍ ഒപ്പുചാര്‍ത്തുന്നു; ഇനി താണ്ടാനിരിക്കുന്ന വഴികളിലും.
'രാജ്യത്തെ യുവജനങ്ങളോട് എനിക്കൊരു കാര്യം പറയാനുണ്ട്. ഞങ്ങളുടെ തലമുറയുടെ ഇന്നിംഗ്‌സ് പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുന്നു. എപ്രകാരമുള്ള ഇന്ത്യയാണ് വേണ്ടതെന്ന് ഇനി തീരുമാനിക്കേണ്ടത് നിങ്ങളാണ്. നിങ്ങള്‍ക്ക് ഇന്ത്യയെ രക്ഷിക്കാനാണ് ആഗ്രഹമെങ്കില്‍ എല്ലാ പൗരജനങ്ങളുടെയും അന്തസ്സും സംരക്ഷിക്കപ്പെടണം. അവരുടെ സംഭാവനകളെ അംഗീകരിക്കുകയും എല്ലാവരുടെയും പിന്തുണയോടെ രാജ്യത്തെ മുന്നോട്ടുകൊണ്ടുപോവുകയും വേണം. എന്നാല്‍, വിദ്വേഷത്തിലും അക്രമത്തിലും അധിഷ്ഠിതമായ ഒരു പുതിയ ഇന്ത്യയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍; അത് നിങ്ങളുടെ തീരുമാനം.'
ഹിന്ദുത്വയുടെ ചുവന്ന മഷിപ്പേന, രൂപ് രേഖ വര്‍മ എന്ന പേരിന് ചുവടെ ഇപ്പോള്‍ നീളത്തില്‍ നീട്ടിവരയ്ക്കുന്നുണ്ടാകും. ഒരുപാട് ആക്ടിവിസ്റ്റുകളുടെ, അധ്യാപകരുടെ, പ്രക്ഷുബ്ധ യൗവനങ്ങളുടെ, വിദ്യാര്‍ഥികളുടെ, എഴുത്തുകാരുടെ, നീതിമാന്മാരുടെ പേരിന് ചുറ്റും വളയം വരച്ച അതേ പേനത്തുമ്പിനാല്‍.
ഉത്തര്‍പ്രദേശ് ഭരണകൂടത്തിന് ശത്രുക്കള്‍ പെരുകുന്നു എന്നത്, നീതിയെ സ്‌നേഹിക്കുന്നവര്‍ പെരുകുന്നു എന്നതിന്റെ നിദര്‍ശനമത്രേ.
Comments