Prabodhanm Weekly

Pages

Search

2022 സെപ്റ്റംബര്‍ 30

3270

റബീഉല്‍ അവ്വല്‍ 04

ഗാന്ധിജിയും  പരിഷ്‌കരണത്തിലെ പരിമിതികളും

കെ.ടി ഹുസൈന്‍  [email protected]

ഇന്ത്യയെ മാത്രമല്ല ലോകത്തെ തന്നെ സ്വാധീനിച്ച  ഇരുപതാം നൂറ്റാണ്ടിലെ മഹാ പ്രതിഭാശാലിയായ രാഷ്ട്രീയ ചിന്തകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്നു  മഹാത്മാഗാന്ധി എന്ന വിളിപ്പേരില്‍ പ്രസിദ്ധനായ  മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. ഗാന്ധി തന്ത്രശാലിയായ ഒരു രാഷ്ട്രീയക്കാരന്‍ കൂടിയായിരുന്നുവെന്നതിലും സംശയമില്ല. പക്ഷേ, അദ്ദേഹം  കേവല രാഷ്ട്രീയക്കാരന്‍ മാത്രമല്ല. കാരണം, രാഷ്ട്രീയക്കാരന് നീതിബോധമോ ധാര്‍മികതയോട് പ്രതിബദ്ധതയോ ആവശ്യമില്ല. എങ്ങനെയും ജനങ്ങളെ കൂടെ നിര്‍ത്താനുള്ള രാജ്യതന്ത്രമറിയുന്ന ഏതൊരാളും  മികച്ച രാഷ്ട്രീയക്കാരനാണ്. പക്ഷേ, ഗാന്ധി ജനതയെയും സമൂഹങ്ങളെയും കൂടെ നിര്‍ത്താന്‍ ഏറ്റവും മികച്ച രാഷ്ട്രീയ തന്ത്രജ്ഞത  പുറത്തെടുത്തപ്പോഴും  ചില ധാര്‍മിക മൂല്യങ്ങളോട് കണിശമായ  പ്രതിബദ്ധത പുലര്‍ത്തി. അക്കാര്യത്തില്‍ താല്‍ക്കാലികമായ തിരിച്ചടികളെ അദ്ദേഹം ഭയന്നില്ല. താന്‍ മുറുകെപ്പിടിച്ച ധാര്‍മിക മൂല്യങ്ങളുടെ ഉറവിടമായി ഗാന്ധി കണ്ടത് മതങ്ങളെയാണ്.
ഗാന്ധി നിസ്സംശയം ഒരു സനാതന ഹിന്ദുവായിരുന്നു. വേദങ്ങളും ഉപനിഷത്തുക്കളും പുരാണങ്ങളും ഇതിഹാസങ്ങളും  ഗീതയുമെല്ലാം അടങ്ങുന്ന  പ്രാചീന ആര്യ  സംസ്‌കാരത്തില്‍ അദ്ദേഹം അഭിമാനം കൊള്ളുകയും, സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലും അതിലൂടെ രൂപം കൊള്ളാന്‍ പോകുന്ന ആധുനിക ഇന്ത്യയുടെ ആത്മാവിലും  പ്രസ്തുത സംസ്‌കാരത്തെ സന്നിവേശിപ്പിക്കാന്‍  ആഗ്രഹിക്കുകയും ചെയ്തു. എന്നാല്‍, ധാര്‍മിക മൂല്യങ്ങള്‍ അദ്ദേഹം സ്വീകരിച്ചത് സനാതന മതത്തില്‍ നിന്ന് മാത്രമല്ല; ബുദ്ധനും ജീസസും മുഹമ്മദ് നബിയുമെല്ലാം അദ്ദേഹത്തിന് മൂല്യങ്ങളുടെ ഉറവിടങ്ങളായിരുന്നു. ബൈബിളും ഖുര്‍ആനും  അദ്ദേഹത്തിന് ഗീതയെപ്പോലെ പ്രധാനമായിരുന്നു. ഗാന്ധിയുടെ ഏറ്റവും വലിയ ആശയമായ അഹിംസക്ക് ബുദ്ധനോടുള്ളതിനെക്കാള്‍ ബന്ധം ബൈബിള്‍ പുതിയ നിയമത്തോടുള്ളതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതു പോലെ ഇസ്ലാമിന്റെ ലാളിത്യം, സത്യത്തോടുള്ള പ്രതിബദ്ധത, വിശ്വസ്തത, നീതി ബോധം, വിശ്വാസത്താല്‍ പ്രചോദിതമായ ധൈര്യം എന്നിവ ഗാന്ധിയെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.
അതേസമയം,  മുന്‍ചൊന്ന   മഹാന്മാരെപ്പോലെ വ്യവസ്ഥയോട് അദ്ദേഹം കലഹിച്ചില്ല. കാരണം ഗാന്ധിക്ക് പ്രധാനം വ്യവസ്ഥയായിരുന്നില്ല, വ്യക്തികളായിരുന്നു. വ്യക്തികളില്‍ നന്മ വളര്‍ത്താന്‍ കഴിഞ്ഞാല്‍ വ്യവസ്ഥക്ക് പോറലേല്‍പ്പിക്കാതെ തന്നെ അതിന്റെ  കുഴപ്പം പരിഹരിക്കാന്‍ കഴിയും എന്നായിരുന്നു ഗാന്ധിയുടെ വിശ്വാസം. താന്‍ അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിച്ചിരുന്ന  സനാതന മതം തീരെ ജീര്‍ണതയില്ലാത്ത ഒന്നായിട്ടൊന്നും ഗാന്ധി കണ്ടിരുന്നില്ല. ഒരു വ്യവസ്ഥയെന്ന നിലയില്‍ സനാതന ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയെ ഗാന്ധി അംഗീകരിക്കുകയാണ് ചെയ്തത്. എന്നാല്‍, തൊട്ടുകൂടായ്മ പോലുള്ള അതിലെ ജീര്‍ണതകള്‍ സവര്‍ണരുടെ മനസ്സില്‍ നന്മ വളര്‍ത്തുന്നതിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നാണ് ഗാന്ധി വിചാരിച്ചത്. അവിടെയാണ് ഒരു ഹിന്ദു പരിഷ്‌കര്‍ത്താവായി ഗാന്ധിയെ വായിക്കേണ്ടി വരുന്നത്.
ഗാന്ധിയെ സംബന്ധിച്ചേടത്തോളം സ്വാതന്ത്ര്യസമര പ്രസ്ഥാനം വിജയിക്കണമെങ്കില്‍ ആദ്യം  നടക്കേണ്ടത് ഹിന്ദു ഐക്യമാണ്.  പിന്നീട് മുസ്ലിംകളെ കൂടി അതിന്റെ ഭാഗമാക്കണം- ഇതായിരുന്നു ഗാന്ധിയുടെ  രാഷ്ട്രീയ തന്ത്രജ്ഞതയുടെ അടിസ്ഥാനം. ഗാന്ധിക്ക് ഒരേസമയം അനുകൂലികളെയും എതിരാളികളെയും നേടിക്കൊടുത്ത രാഷ്ട്രീയ തന്ത്രമാണിത്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ മഹാത്മാ ജോതിബ ഗോവിന്ദറാവു ഫൂലെ (1827-1890) മുതല്‍ അംബേദ്ക്കര്‍ വരെയുള്ളവര്‍ ഉയര്‍ത്തിപ്പിടിച്ച ജാതി വിരുദ്ധതയെയും അവര്‍ണരുടെ അധികാര പങ്കാളിത്തം എന്ന  ആശയത്തെയും ഗാന്ധി എതിര്‍ത്തത് ഹിന്ദു ഐക്യം തകരുമെന്ന ഭയംകൊണ്ടാണ്. 
അതെന്തോ ആകട്ടെ,  മുസ്ലിംകളുടെ  സാമ്പത്തികവും അല്ലാതെയുമുള്ള പിന്തുണയോടെ, ദക്ഷിണാഫ്രിക്കയില്‍ ഇരുപത് വര്‍ഷത്തോളം വര്‍ണ വിവേചനത്തിനെതിരെ പ്രവര്‍ത്തിച്ച മഹാത്മാ ഗാന്ധി 1915 മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത് ഒരു രാഷ്ട്രീയക്കാരന്‍ എന്നതിലുപരി ഒരു ഹിന്ദു മത നേതാവ് എന്ന പരിവേഷത്തോടു കൂടിയാണ്. പ്രാര്‍ഥനാ സമ്മേളനം, സത്യഗ്രഹം, ഉപവാസം തുടങ്ങി ഗാന്ധിജിയുടെ സമര രീതികളെല്ലാം  ഹൈന്ദവമായിരുന്നു. ഇത് മുമ്പത്തെക്കാളും കൂടുതല്‍ കോണ്‍ഗ്രസിനെ കുറിച്ച്  മുസ്‌ലിംകള്‍ക്കിടയില്‍  സംശയവും ആശങ്കയും വളര്‍ത്തിയെന്ന് ഡൊമനിക്ക് ലാപ്പിയറും ലാറി കൊളിന്‍സും നിരീക്ഷിച്ചിട്ടുണ്ട്. മാത്രമല്ല, ഗാന്ധിജി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വരുന്നത് വരെ കോണ്‍ഗ്രസില്‍ വ്യക്തമായും രണ്ട് ധാരകളുണ്ടായിരുന്നു: ഗോപാല കൃഷ്ണ ഗോഖലെ നയിക്കുന്ന മിതവാദ ധാരയും ബാലഗംഗാധര തിലകന്‍ നയിക്കുന്ന തീവ്ര ഹിന്ദുത്വ ധാരയും. മുഹമ്മദലി ജിന്ന, ബദ്റുദ്ദീന്‍ ത്വയ്യബ്ജി തുടങ്ങിയ കോണ്‍ഗ്രസിലെ മുസ്ലിം നേതാക്കളെല്ലാം ഗോഖലെയുടെ പക്ഷത്തായിരുന്നു. 1906-ലെ മുസ്ലിം നേതാക്കളുടെ സിംല ദൗത്യത്തെയും, മുസ്ലിംകള്‍ക്ക് പ്രത്യേകം നിയോജക മണ്ഡലം നിര്‍ദേശിച്ച 1909-ലെ മിന്റോ മോര്‍ലി ഭരണ പരിഷ്‌കാരത്തെയും കോണ്‍ഗ്രസില്‍ നിന്ന് പിന്തുണച്ചവരാണ് ഗോപാല കൃഷ്ണ ഗോഖലെയും ഫിറോസ് ഷാ മേത്തയും. എന്നാല്‍, ബാലഗംഗാധര തിലകനും കൂട്ടരും അതിനെ നഖശിഖാന്തം എതിര്‍ക്കുകയാണ് ചെയ്തത്. ഹിന്ദു മേധാവിത്വം എന്ന ന്യായമായ ഭയം മുസ്ലിംകള്‍ക്ക്  ഇല്ലാതാക്കാന്‍ മിന്റോ പരിഷ്‌കാരം ഉപകരിക്കും എന്നായിരുന്നു ഗോഖലെയുടെ പക്ഷം.
എന്നാല്‍, ഗാന്ധി ഈ രണ്ട് ധാരയെയും തന്റെ വ്യക്തിത്വത്തിലെ  സനാതന ഹിന്ദു പരിവേഷത്തില്‍ ലയിപ്പിക്കുകയാണ് ചെയ്തത്. ഗാന്ധിജി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിനു ശേഷം ഗോഖലെയും തിലകനും അധിക കാലം ജീവിച്ചിരുന്നില്ല. ഗാന്ധിജിയുടെ എഴുത്തുകളില്‍ ഈ രണ്ട് പേരെയും വിമര്‍ശന രഹിതമായിട്ടാണ്  സ്വീകരിക്കുന്നത്. അത് ഗാന്ധിജിയുടെ ഒരു രാഷ്ട്രീയ തന്ത്രമായി മനസ്സിലാക്കാം. എങ്കിലും, ഗാന്ധി വ്യക്തിപരമായി അങ്ങേയറ്റം മത സഹിഷ്ണുത ഉയര്‍ത്തിപ്പിടിച്ചപ്പോഴും, അദ്ദേഹം  കോണ്‍ഗ്രസിനുള്ളിലും പുറത്ത് ഹിന്ദു മഹാ സഭയിലൂടെയും പിന്നീട് ആര്‍.എസ്.എസ്സിലൂടെയും ശക്തിപ്പെട്ട തീവ്ര ഹിന്ദുത്വത്തോട് എവിടെയും കലഹിക്കുന്നതായി നാം കാണുന്നില്ല. അനവധി വാള്യങ്ങളുള്ള ഗാന്ധി സാഹിത്യത്തിലെവിടെയും സവര്‍ക്കറുടെ ഹിന്ദുത്വ എന്ന കൃതിയോ ആര്‍.എസ്.എസ്സിന്റെ വര്‍ഗീയ നിലപാടോ ചെറിയ രീതിയില്‍ പോലും വിമര്‍ശിക്കപ്പെടുന്നുമില്ല. സ്വാതന്ത്ര്യ  സമര പ്രസ്ഥാനത്തിന് ഹിന്ദു ഐക്യം  ഗാന്ധിജി പരമ പ്രധാനമായി  കണ്ടതുകൊണ്ടായിരുന്നു എന്ന ന്യായമേ അതിന് പറയാനാകൂ.
ഏതായാലും മുസ്ലിം സമുദായത്തില്‍, താനൊരു ഹിന്ദു നേതാവ് മാത്രമാണെന്ന പ്രതിഛായ മാറ്റിയെടുക്കാനുള്ള സുവര്‍ണാവസരമായിരുന്നു ഗാന്ധിയെ സംബന്ധിച്ചേടത്തോളം ഖിലാഫത്ത് സമരം. ഉസ്മാനിയാ ഖിലാഫത്തിന്റെ സംരക്ഷണം മുസ് ലിംകളെ സംബന്ധിച്ചേടത്തോളം രാഷ്ട്രീയമെന്നതിലേറേ മതപരമായിരുന്നു. ഇന്ത്യയില്‍ മുഗള്‍ ഭരണം നേരത്തെ തന്നെ തകര്‍ക്കപ്പെട്ടതിനാല്‍ ഇന്ത്യന്‍ മുസ്ലിംകളെ സംബന്ധിച്ചേടത്തോളം അവരുടെ മതപരവും രാഷ്ട്രീയവുമായ ഏക പ്രചോദനം ഉസ്മാനിയാ ഖിലാഫത്തായിരുന്നു. അതുകൊണ്ടുതന്നെ ഖിലാഫത്തിന്റെ സംരക്ഷണത്തിന് ഒരു ബഹുജന പ്രക്ഷോഭം ഉയര്‍ന്നു വന്നത് ഇന്ത്യയില്‍ മാത്രമാണ്. മുസ്ലിം രാജ്യങ്ങള്‍ അപ്പോഴേക്കും വംശീയാടിസ്ഥാനത്തില്‍ വ്യത്യസ്ത ദേശീയതകള്‍ക്കിടയില്‍ വിഭജിക്കപ്പെട്ടതുകൊണ്ടായിരിക്കാം ഖിലാഫത്തിന്റെ സംരക്ഷണത്തിന് ഇന്ത്യയിലേതു പോലെ ഒരു ബഹുജന പ്രക്ഷോഭം മുസ്ലിം രാജ്യങ്ങളിലൊന്നും ഉയര്‍ന്നു വരാതിരുന്നത്.
ഏതായാലും, അലി സഹോദരന്മാരും അബുല്‍ കലാം ആസാദും ദയൂബന്ദ് പണ്ഡിതന്മാരും നേതൃത്വം നല്‍കിയ ഖിലാഫത്ത് സമരത്തെ ഗാന്ധിജി കലവറയില്ലാതെ പിന്തുണക്കുക മാത്രമല്ല, 1919 നവംബറില്‍ നടന്ന ഖിലാഫത്ത് സമ്മേളനത്തിന്റെ അധ്യക്ഷ  പദവി വരെ അലങ്കരിക്കുകയുണ്ടായി. ഖിലാഫത്ത് സംബന്ധിയായി ബ്രിട്ടീഷ് വൈസ്രോയിക്ക് അയച്ച കത്തില്‍ അദ്ദേഹം ഇപ്രകാരം എഴുതി: ''ഒരു ഹിന്ദു എന്ന നിലയില്‍ എനിക്ക് അവരെ അവഗണിക്കാനാവില്ല. അവരുടെ ദുഃഖം ഞങ്ങളുടെയും ദുഃഖമാണ്.''
ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കുമിടയില്‍ ആഴത്തിലുള്ള  വിള്ളലുകളുണ്ട് എന്ന് ഗാന്ധി മനസ്സിലാക്കിയിരുന്നു. ഇരു സമുദായങ്ങള്‍ക്കുമിടയിലെ വിടവ് മറികടക്കുക  അസാധ്യമാകും വിധം ശക്തിപ്പെടുത്തുന്നതില്‍ കൊളോണിയല്‍ നയത്തിന്റെ പങ്കും ഗാന്ധി തിരിച്ചറിഞ്ഞിരുന്നു. തന്റെ, ഹിന്ദു നേതാവെന്ന പ്രതിഛായ പോലും കോണ്‍ഗ്രസിനെ കുറിച്ചു തന്നെ മുസ്ലിംകളില്‍ സംശയമുണ്ടാക്കിയിട്ടുണ്ടാകാം എന്ന് ഗാന്ധിയെ പോലുള്ള ഒരു രാഷ്ട്രീയ നേതാവ് തിരിച്ചറിയാതെ പോകാന്‍ സാധ്യതയില്ല. അതിനെല്ലാമുള്ള പരിഹാരമായിട്ടാണ് ഖിലാഫത്ത് സമരത്തെ ഗാന്ധിജി കണ്ടത്. ഖിലാഫത്ത് സമരത്തെ കുറിച്ച അദ്ദേഹത്തിന്റെ വളരെ പ്രശസ്തമായ പ്രസ്താവന ഇങ്ങനെയാണ്: ''ആയുസ്സിലൊരിക്കല്‍ മാത്രം സംഭവിക്കാവുന്ന ഒരു അവസരമാണ് നമ്മള്‍ ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും ഉണ്ടായിരിക്കുന്നത്. ഒരു പക്ഷേ, ഇത്തരമൊരു അവസരം നൂറ് വര്‍ഷം പിന്നിട്ടാലും വരാനില്ല.''
ഏതായാലും ഗാന്ധി പ്രതീക്ഷിച്ചതു പോലെ 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ഓര്‍മിപ്പിക്കും വിധം ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ഒരു വലിയ ആഘോഷം തന്നെയായിമാറി ഖിലാഫത്ത് സമരം. ഏത് മുസ്ലിം വേദിയിലേക്കും, ഒരു ഹിന്ദു സന്യാസിയെപ്പോലെ തോന്നിപ്പിച്ചിരുന്ന  ഗാന്ധിജിക്ക്  എപ്പോഴും കടന്നു ചെല്ലാവുന്ന വിധം  ഇന്ത്യന്‍ മുസ്ലിംകള്‍ക്കിടയില്‍ അദ്ദേഹം  പൊതു സ്വീകാര്യനായി. ഖിലാഫത്ത് സമരത്തിന്റെ അര്‍ഥശൂന്യതയെ കുറിച്ച് ബോധ്യമുണ്ടായിരുന്ന അല്ലാമാ ഇഖ്ബാലിനെയും മുഹമ്മദലി ജിന്നയെയും പോലുള്ള നേതാക്കള്‍ക്ക് പോലും പ്രസ്തുത സമരത്തിന്റെ കൂടെ നില്‍ക്കേണ്ടി വന്നു. കുറഞ്ഞ കാലത്തേക്കാണെങ്കില്‍ പോലും ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ പ്രതീകമെന്നോണം മൗലാനാ മുഹമ്മദലി-ഗാന്ധി സൗഹൃദം പൂത്തുലഞ്ഞതും ഖിലാഫത്ത് സമരത്തിലൂടെയാണ്. അലീഗഢ് മുസ്ലിം സര്‍വകലാശാലയുടെ കൊളോണിയല്‍ ദാസ്യത്തിന് ബദലായി പടുത്തുയര്‍ത്തപ്പെട്ട ജാമിഅ മില്ലിയ സര്‍വകലാശാലയുടെ സ്ഥാപനത്തിന് വേണ്ടിയുള്ള പണപ്പിരിവിന് ഗാന്ധിയും മുഹമ്മദലിയും ഒരുമിച്ചിറങ്ങുന്നതിലേക്കും, ഗാന്ധി മൗലാനാ മുഹമ്മദലിയുടെ വീട്ടില്‍ സത്യഗ്രഹമോ ഉപവാസമോ ഇരിക്കുന്നതിലേക്കും വരെ പ്രസ്തുത സൗഹൃദം വളര്‍ന്നു. മാത്രമല്ല, ഖിലാഫത്ത് സമരം മുന്നോട്ടു വെച്ച 'നിസ്സഹകരണ സമരം' എന്ന ആശയം ഗാന്ധിജിയിലൂടെ കോണ്‍ഗ്രസ് ഏറ്റെടുക്കുക കൂടി  ചെയ്തതോടെ ദേശീയ പ്രസ്ഥാനം ജനകീയ അടിത്തറയുള്ള യഥാര്‍ഥ സ്വാതന്ത്ര്യ സമര പ്രസ്ഥാനമായി മാറി.
ഗാന്ധി രൂപപ്പെടുത്തിയ ഈ ഹിന്ദു- മുസ്ലിം ഐക്യത്തിന് പക്ഷേ അല്‍പായുസ്സേ ഉണ്ടായിരുന്നുള്ളൂ. ഉത്തര്‍ പ്രദേശിലെ ചൗരി ചൗരയില്‍ സമരക്കാര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചതോടെ 1922-ല്‍  ആരോടും കൂടിയാലോചിക്കാതെ ഖിലാഫത്ത് നിസ്സഹകരണ സമരം ഗാന്ധി പൊടുന്നനെ നിര്‍ത്തിവെച്ചതോടെ മുസ്ലിംകളില്‍ ബഹുഭൂരിഭാഗവും കോണ്‍ഗ്രസില്‍ നിന്നകലുകയും, ഗാന്ധിജിയെ കുറിച്ച് തങ്ങള്‍ക്ക്  ഖിലാഫത്ത് സമരത്തിന് മുമ്പുണ്ടായിരുന്ന സംശയത്തിലേക്ക് അവര്‍ തിരിച്ചു പോവുകയും ചെയ്തു. ഗാന്ധി തങ്ങളെ വഞ്ചിച്ചു എന്നു വരെ പല മുസ്ലിം നേതാക്കളും പരസ്യമായി പറഞ്ഞു. ഗാന്ധിജിയുടെ ഉത്തമ സുഹൃത്തായിരുന്ന മൗലാനാ മുഹമ്മദലി 1924-ല്‍ ടൈംസ് പത്രത്തില്‍ ഇങ്ങനെ എഴുതി: ''ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായുള്ള പ്രതിഷേധം നിര്‍ത്തിവെച്ച ഗാന്ധിയോട് ഇന്ത്യന്‍ മുസ്ലിംകള്‍ പൊറുക്കുകയില്ല. മറ്റേതൊരു മുസ്ലിം സമൂഹത്തിനും ഇല്ലാത്ത ഗൗരവം ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് ഇക്കാര്യത്തിലുണ്ട്.'' മൗലാനാ മുഹമ്മദലി അധിക കാലം പിന്നീട് കോണ്‍ഗ്രസില്‍ നിന്നില്ല. അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് മുസ്ലിം ലീഗില്‍ ചേര്‍ന്നു. ഇക്കാര്യത്തില്‍ മുസ്ലിം വികാരം  തനിക്കെതിരായിരുന്നുവെന്ന് ഗാന്ധി തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്. അദ്ദേഹം എഴുതി: ''ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ കാലത്ത് മുസ്ലിംകള്‍ എന്നെ സുഹൃത്തായി സ്വീകരിച്ചു. ഇപ്പോള്‍ അവരെന്നെ രക്തദാഹിയായ രാക്ഷസനായാണ് കാണുന്നത്.''
ഖിലാഫത്ത് സമരം മലബാറില്‍ രക്തരൂഷിതമായപ്പോള്‍ ഗാന്ധി അതിനെ തള്ളിപ്പറയുക മാത്രമല്ല, യംഗ് ഇന്ത്യയില്‍ എഴുതിയ ലേഖനത്തില്‍ മാപ്പിളമാരുടെ മത ഭ്രാന്തായി പോലും മലബാര്‍ സമരത്തെ ആക്ഷേപിച്ചു. ഈ നിലപാടിന്റെ  സാമൂഹിക പ്രത്യാഘാതം എത്ര വലുതായിരുന്നാലും ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനം പൊടുന്നനെ നിര്‍ത്തി വെച്ചതിലും മലബാര്‍ സമരത്തെ തള്ളിപ്പറഞ്ഞതിലും ഗാന്ധിയുടെ ഭാഗത്തു നിന്ന് ആലോചിച്ചാല്‍ ന്യായങ്ങളുണ്ട്. കാരണം, അഹിംസ അദ്ദേഹത്തിന് സ്ട്രാറ്റജി മാത്രമായിരുന്നില്ല,  ആദര്‍ശം തന്നെയായിരിന്നു. ആ ആദര്‍ശത്തില്‍ കടുകിട വിട്ടുവീഴ്ച ചെയ്താല്‍  തന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുമെന്ന് ഗാന്ധി മനസ്സിലാക്കി. ലക്ഷ്യത്തെപ്പോലെ മാര്‍ഗവും ശരിയാകണമെന്ന് ഗാന്ധി ഉറച്ച് വിശ്വസിച്ചു. തന്റെ പ്രധാന സോഴ്സും പ്രചോദനവുമായിരുന്ന ഗീതയെ പോലും അക്രമരാഹിത്യത്തിന്റെ വഴി എന്ന നിലയിലാണ് ഗാന്ധി വായിച്ചത്. തിലകന്റെയോ സംഘ് പരിവാറിന്റെയോ ഗീതാവായനയായിരുന്നില്ല ഗാന്ധിയുടേത്. സഹോദരന്മാരോട് യുദ്ധം ചെയ്യാന്‍ അറച്ച് നിന്നിരുന്ന അര്‍ജുനനെ  യുദ്ധത്തിന് പ്രേരിപ്പിക്കുന്ന ഭഗവാന്‍ ശ്രീകൃഷ്ണന്റെ  ഉപദേശമാണല്ലോ ഗീത. മാര്‍ഗം ലക്ഷ്യത്തെ ന്യായീകരിക്കുമെന്നും ആത്മാവിന് മരണമില്ലാത്തതിനാല്‍ ശരീരത്തെ കൊല്ലുന്നതില്‍ യാതൊരു വിരോധവും ഇല്ലെന്നും  കൃഷ്ണന്‍ അര്‍ജുനനെ ഉപദേശിക്കുന്നുണ്ട് ഗീതയില്‍.
ഗീതയിലെ യുദ്ധം പക്ഷേ,  രൂപകമാണെന്നും അതൊരു ചരിത്ര സത്യമല്ലെന്നുമായിരുന്നു ഗാന്ധിയുടെ വായന. നന്മയും തിന്മയും തമ്മില്‍ മനുഷ്യ മനസ്സില്‍ നടക്കുന്ന സംഘര്‍ഷത്തെ പ്രതീകാത്മകമായി അവതരിപ്പിക്കുകയാണ് ഗാന്ധിയുടെ വായനയില്‍ ഗീത. അക്രമത്തോടുള്ള ഗാന്ധിയുടെ ഈ നിലപാടില്‍ നിന്ന് ആലോചിച്ചാല്‍  നിസ്സഹകരണ സമരം നിര്‍ത്തിവെച്ചതിനെയും, മലബാര്‍ സമരത്തെ തള്ളിപ്പറഞ്ഞതിനെയും നമുക്ക്  കുറ്റപ്പെടുത്താനാവില്ല. മറ്റെന്തിനെക്കാളും തന്നോടും തന്റെ ആദര്‍ശത്തോടും സത്യസന്ധത പുലര്‍ത്തുന്നതില്‍ കണിശതയുള്ള രാഷ്ട്രീയക്കാരനായിരുന്നല്ലോ ഗാന്ധിജി. എങ്കിലും ഇന്ത്യയും, ഗാന്ധി സ്വയം  തന്നെയും വലിയ വില കൊടുക്കേണ്ടി വന്ന ഒരു നിലപാടായിരുന്നു അതെന്ന് പറയാതെ വയ്യ. കാരണം, ഖിലാഫത്ത് സമരം ആരംഭിച്ചതും നിസ്സഹകരണം എന്ന ആശയം മുന്നോട്ടു വെച്ചതും മുസ്ലിംകളാണ്. അതിനെ പിന്തുണക്കുകയോ ഏറ്റെടുക്കുകയോ മാത്രമാണ് കോണ്‍ഗ്രസ് ചെയ്തത്. അത്തരമൊരു സമരം നിര്‍ത്തിവെക്കണമെങ്കില്‍ ഗാന്ധിക്ക് മുസ്ലിം നേതാക്കളുമായി കൂടിയാലോചിക്കാമായിരുന്നു. അതുവരെ പരസ്പരം സംശയിച്ചിരുന്ന രണ്ട് പ്രബല സമുദായങ്ങള്‍ ഒരുമിച്ച് ഒരു പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ നിര്‍ണായക ഘട്ടങ്ങളിലെല്ലാം കൂടിയാലോചന വലിയൊരു മൂല്യമാണ്.  അത് ചെയ്തിരുന്നുവെങ്കില്‍ ഗാന്ധി തന്നെ തിരിച്ചറിഞ്ഞ ഇത്ര വലിയ അവിശ്വാസം മുസ്ലിം സമുദായത്തില്‍ ഗാന്ധിജിക്ക് നേരിടേണ്ടി വരുമായിരുന്നില്ല.
ഏതായാലും ഖിലാഫത്ത് സമരത്തിന് ശേഷം കോണ്‍ഗ്രസിനെ കുറിച്ചും ഗാന്ധിയെ കുറിച്ചും  മുസ്ലിം സമുദായത്തില്‍ മേല്‍പറഞ്ഞ പ്രകാരമുള്ള അവിശ്വാസം നിലനില്‍ക്കുമ്പോഴും അബുല്‍  കലാം ആസാദും, ഹുസൈന്‍ അഹ്മദ് മദനിയുടെ നേതൃത്വത്തില്‍ ജംഇയ്യത്തുല്‍ ഉലമാ ഹിന്ദിലെ പ്രബല വിഭാഗവും കോണ്‍ഗ്രസിന്റെ കൂടെത്തന്നെ നിന്നു. ഹുസൈന്‍ അഹ്മദ് മദനിയോട് ഗാന്ധിക്ക് വലിയ ബഹുമാനമായിരുന്നു.
രാജ്യ വിഭജനം ഒഴിവാക്കാന്‍ ഗാന്ധി അവസാന നിമിഷം വരെ ആഗ്രഹിച്ചു. കേന്ദ്രത്തിന്റെ അധികാരം വിദേശകാര്യം, പ്രതിരോധം, വാര്‍ത്താ വിതരണം എന്നിവയില്‍  പരിമിതപ്പെടുത്തി പ്രവിശ്യകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന, ജിന്ന കൂടി അംഗീകരിച്ച ക്യാബിനറ്റ് മിഷന്‍ പദ്ധതിയെ ഗാന്ധി പിന്തുണച്ചിരുന്നു. ജവഹര്‍ ലാല്‍ നെഹ്റുവാണ് അതിനെ തകിടം മറിച്ചത്. അതിനു ശേഷമാണ്, 'അമേരിക്കയിലെ നീഗ്രോകളെപ്പോലെയാകാന്‍ ഇന്ത്യന്‍ മുസ്ലിംകളെ കിട്ടില്ല' എന്ന് പരസ്യമായി പറഞ്ഞ്, പാകിസ്താന്‍ കിട്ടിയേ തീരൂ എന്ന ശാഠ്യം ജിന്ന സ്വീകരിച്ചത്. രാജ്യ വിഭജനം തടയാനാകുമെങ്കില്‍ മുഹമ്മദലി ജിന്നയെ പ്രധാനമന്ത്രിയാക്കാന്‍ വരെ ഗാന്ധി ഒരുക്കമായിരുന്നു. ഗാന്ധിയുടെ ഈ മനസ്സ് വായിച്ചതുകൊണ്ട് തന്നെയാകണം സ്വതന്ത്ര ഇന്ത്യയുടെ രൂപവത്കരണത്തിന്റെ അവസാന ഘട്ടത്തില്‍ ഗാന്ധിജിയെ മാറ്റിനിര്‍ത്തി എല്ലാം തീരുമാനിച്ചത് മൗണ്ട് ബാറ്റണും നെഹ്റുവും പട്ടേലും ചേര്‍ന്നാണ്!
ഗാന്ധിയുടെ ശ്രദ്ധ അപ്പോള്‍ പുതിയ രാജ്യം രൂപവത്കരിക്കുന്നതിനെക്കാള്‍ വിഭജനം എന്ന ആശയത്തിന്റെ സ്വാഭാവിക ഫലമായ വര്‍ഗീയ കലാപം തടയുന്നതിലായിരുന്നു. രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ പോലും അദ്ദേഹം തലസ്ഥാന നഗരിയിലുണ്ടായിരുന്നില്ല. ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും ഇടയില്‍ ഐക്യം ഊട്ടിയുറപ്പിക്കാനുള്ള സത്യഗ്രഹത്തിലായിരുന്നു അപ്പോള്‍ അദ്ദേഹം. അതിനാല്‍, സ്വതന്ത്ര ഇന്ത്യയില്‍ ഗാന്ധി അധിക കാലം ജീവിക്കരുതെന്ന് ഹിന്ദുത്വവാദികള്‍ തീരുമാനിച്ചതില്‍ അത്ഭുതമില്ല. കാരണം, ഹിന്ദു-മുസ്ലിം ധ്രുവീകരണമാണല്ലോ ഹിന്ദുത്വവാദികളുടെ പ്രത്യയശാസ്ത്രം. രാജ്യം വിഭജിക്കപ്പെടുമ്പോള്‍ സ്വത്ത് ഓഹരി വെക്കുന്നതിന്റെ ഭാഗമായി  പാകിസ്താന് അര്‍ഹമായ ഓഹരി കൊടുക്കാന്‍ ഗാന്ധി നിര്‍ബന്ധിച്ചത് മാത്രമല്ല ഗോദ്സെയെ ഗാന്ധിയെ കൊല്ലാന്‍ പ്രേരിപ്പിച്ചത്. അത് അദ്ദേഹം പുറത്തേക്ക് പറഞ്ഞ ഒരു  കാരണം മാത്രമാണ്. മറിച്ച്, ഗാന്ധി മുന്നോട്ടുവെച്ച ഹിന്ദു-മുസ്ലിം സമവായം എന്ന ആശയം സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് ഒരു പക്ഷേ ആവശ്യമായിരിക്കാം; പക്ഷേ, സ്വതന്ത്ര ഇന്ത്യയില്‍ പ്രസ്തുത ആശയം വളരാന്‍ അനുവദിച്ചു കൂടാ എന്ന  ഹിന്ദുത്വ വാദികളുടെ ഉറച്ച നിലപാടാണ് ഗാന്ധീ വധത്തിലേക്ക് നയിച്ചത്. ഹിന്ദുത്വവാദികളുടെ സഹകാരിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ പരിഗണിക്കാതെ ഹിന്ദുത്വ വാദത്തെ അംഗീകരിക്കാതിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാന്ധിജി നിര്‍ദേശിച്ചതും ഹിന്ദുത്വവാദികളെ ചൊടിപ്പിച്ചിരുന്നതായി മനസ്സിലാക്കാം. 
 90379 48840
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-19-22

ഹദീസ്‌

'നായകളും ഒരു സമുദായമാണ്'
അബ്ദുല്ലത്വീഫ് കൊടുവള്ളി