Prabodhanm Weekly

Pages

Search

2022 സെപ്റ്റംബര്‍ 30

3270

റബീഉല്‍ അവ്വല്‍ 04

പ്രവാചകനും  സ്ത്രീ ജീവിതവും

നിദാ ലുലു  [email protected]

മെസൊപ്പൊട്ടേമിയന്‍, ബാബിലോണിയന്‍, ഹമുറാനിയന്‍, റോമന്‍  സംസ്‌കാരത്തിലൊെക്ക അടിമയായും മൃഗമായുമൊക്കെ ഗതി കിട്ടാതലഞ്ഞ പെണ്ണിനെ ആണിന് തുല്യമായ സൃഷ്ടിയായി ഖുര്‍ആന്‍ പരിചയപ്പെടുത്തിയപ്പോള്‍ മുഹമ്മദീയ പൈതൃകത്തിലെ  സ്ത്രീ സമീപനം ചരിത്രത്തില്‍ ജ്വലിച്ചുനിന്നു. ''ഹേ ജനങ്ങളേ, നിശ്ചയം നിങ്ങളെ നാം ഒരു പുരുഷനില്‍ നിന്നും സ്ത്രീയില്‍ നിന്നും സൃഷ്ടിച്ചു. തീര്‍ച്ചയായും നിങ്ങളില്‍ ഏറ്റവും മാന്യന്‍ ഏറ്റവും നല്ല ഭക്തനാണ്'' (ഖുര്‍ആന്‍ 49:13). പുരുഷ ജന്മം പുണ്യമോ സ്ത്രീജന്മം പാപമോ അല്ലെന്ന് പ്രവാചകന്‍. പെണ്ണിനെ പിറന്നപടി കുഴിച്ചുമൂടിയിരുന്ന അറേബ്യന്‍ ജാഹിലിയ്യത്തിനോടായിരുന്നല്ലോ അദ്ദേഹത്തിന്റെ ഒന്നാമത്തെ അഭിസംബോധന. യുദ്ധം ചെയ്യാനും ഇടയജോലിക്കും പറ്റാത്ത പെണ്ണ് നാണക്കേടായി. അറബികളിലെ ഖുസാഅ, കിനാന, മുദറ് ഗോത്രങ്ങള്‍ പ്രധാനമായും ചെയ്തിരുന്ന ക്രൂരത ഇതായിരുന്നു: ''അവരിലൊരുവന് പെണ്‍കുഞ്ഞ് പിറന്ന സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാല്‍ അവന്‍ ജനത്തില്‍നിന്ന് ഒളിഞ്ഞുനടക്കുന്നു, അപമാനഭാരത്തോടെ. കുഞ്ഞിനെ വളര്‍ത്തണമോ അതോ മണ്ണില്‍ കുഴിച്ചുമൂടണമോ എന്നാലോചിക്കുന്നു. നോക്കുക, എത്ര നികൃഷ്ടമാണവര്‍ വിധിക്കുന്നത്'' (16:58,59).
ഇസ്ലാമിന്റെ ആദ്യനാളുകളില്‍ തന്നെ പ്രവാചകന്‍ ഈ നീചകൃത്യത്തെ ചോദ്യം ചെയ്തു. ഖുര്‍ആന്‍ അത്തക്വീര്‍ 8,9 വചനങ്ങളില്‍ പറയുന്നു: ''ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുഞ്ഞ് ചോദ്യം ചെയ്യപ്പെടുമ്പോള്‍; അതെന്ത് കുറ്റത്താല്‍ കൊല ചെയ്യപ്പെടുന്നുവെന്ന്?'' പത്തൊമ്പതാം നൂറ്റാണ്ടില്‍ പോലും, ഭര്‍ത്താവ് മരിച്ചാല്‍ ചിതയില്‍ ചാടി സതി ആചരിച്ചിരുന്നവരും വെള്ള തുണിയുടുത്ത് മൊട്ടയടിച്ച് ഇരുട്ടറയില്‍ കഴിഞ്ഞിരുന്നവരും ആയിരുന്നല്ലോ നമ്മുടെ ഭാരതത്തിലെ സ്ത്രീകള്‍. ഇസ്ലാം സ്ത്രീക്ക് ജനിക്കാനും ജീവിക്കാനുമുള്ള അവകാശം സ്ഥാപിച്ചു. ഇന്നും പെണ്‍കുട്ടികള്‍ ഗര്‍ഭാവസ്ഥയില്‍ വെച്ചു തന്നെ കൊല ചെയ്യപ്പെടുന്നു. അനസുബ്നു മാലികില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍, തന്റെ കൈവിരലുകള്‍ ചേര്‍ത്ത് പിടിച്ചുകൊണ്ട് തിരുമേനി (സ) പറഞ്ഞു: ''രണ്ട് പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയെത്തുന്നതുവരെ വളര്‍ത്തിയവനും ഞാനും അന്ത്യനാളില്‍  ഇപ്രകാരം ചേര്‍ന്നുനില്‍ക്കും.'' മറ്റൊരിക്കല്‍ തിരുമേനി (സ) പ്രസ്താവിച്ചതായി അബൂയഅ്ല  ഇങ്ങനെ രേഖപ്പെടുത്തി: ''ഒരുവന് പെണ്‍കുഞ്ഞുണ്ടാവുകയും അവന്‍ അവളെ ഏറ്റവും നല്ല സ്വഭാവ ചര്യകള്‍ ശീലിപ്പിക്കുകയും ഏറ്റവും നല്ല വിദ്യാഭ്യാസം നല്‍കുകയും, തനിക്ക് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ അവള്‍ക്ക് ചൊരിഞ്ഞു കൊടുക്കുകയും ചെയ്താല്‍ അവള്‍ അവന് നരകത്തില്‍ നിന്ന് മറയോ വിലക്കോ ആയിത്തീരുന്നതാണ്.'' പെണ്ണിന് ആത്മാവും സ്വത്വവുമുണ്ടെന്നും പഠിപ്പിക്കുകയായിരുന്നു പ്രവാചകന്‍.
ശരീര കാമനകളെ ഇക്കിളിപ്പെടുത്തുന്ന വസ്ത്രധാരണം നിരോധിച്ചു. അരക്ഷിത സാഹചര്യങ്ങളില്‍ നിന്ന് സംരക്ഷണം ഉറപ്പുവരുത്താനുള്ള ഉപാധികള്‍ നിശ്ചയിച്ചു. 'ബോംബെയിലെ തെരുവുകളില്‍ നിര്‍ഭയമായി നടക്കാന്‍ കരുത്ത് നല്‍കിയത് 'പര്‍ദ'യായിരുന്നു'വെന്ന് പ്രശസ്ത സാഹിത്യകാരി കമലാ സുറയ്യ പറയുന്നുണ്ടല്ലോ. പുരുഷന്മാരോടും സ്ത്രീകളോടും അവരുടെ ദൃഷ്ടി നിയന്ത്രിക്കാനാവശ്യപ്പെടുകയും മനസ്സിനെ ചീത്ത വികാര-വിചാരങ്ങളില്‍ നിന്ന് തടയുകയും ചെയ്യുന്നതിലൂടെ, കേവലം ശരീരത്തിന് മാത്രമല്ല  മനുഷ്യ മനസ്സിന് കൂടിയുള്ള 'ഹിജാബാ'ണ് ഇസ്‌ലാം നിര്‍ബന്ധമാക്കുന്നത്.
''നീ സത്യവിശ്വാസികളോട്, അവരുടെ ദൃഷ്ടികള്‍ താഴ്ത്താനും ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെ സംബന്ധിച്ച് സൂക്ഷ്മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്താനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കാനും, അവരുടെ സൗന്ദര്യത്തില്‍ നിന്ന് പ്രത്യക്ഷമായതൊഴികെ മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും നീ പറയുക. അവരുടെ മാറുകള്‍ക്കു മീതെ ശിരോവസ്ത്രങ്ങള്‍ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ'' (24:30,31 ). ''പ്രവാചകരേ, താങ്കളുടെ ഭാര്യമാരോടും പുത്രിമാരോടും സത്യവിശ്വാസികളായ സ്ത്രീകളോടും തങ്ങളുടെ ജില്‍ബാബ് ശരീരത്തില്‍ താഴ്ത്തിയിടണമെന്ന് കല്‍പിക്കുക'' (33:59).
ഖുര്‍ആനും നബിചര്യയും അനുസരിച്ചു വളര്‍ന്നുവന്ന മുസ്‌ലിം സ്ത്രീകള്‍ തുല്യതയില്ലാത്ത സാംസ്‌കാരിക മൂല്യങ്ങള്‍ക്കുടമകളായിരുന്നു. വിജ്ഞാന സമ്പാദനത്തിനായി ധാരാളം ആളുകള്‍ പ്രവാചക പത്നിമാരുടെ അടുത്ത് എത്തിയിരുന്നു. ആദ്യമായി വഹ്യ് ലഭിച്ച സന്ദര്‍ഭത്തില്‍ പരിഭ്രാന്തനായി പ്രയാസപ്പെട്ട് ഓടിച്ചെല്ലുന്നത് പ്രിയ പത്‌നി ഖദീജ(റ)യുടെ അടുക്കലേക്കാണ്. അവര്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും വറഖതുബ്നു നൗഫലിന്റെ അടുത്ത് കൊണ്ടുപോയി ഉപദേശം തേടുകയും ചെയ്യുന്നു. സത്യദീനിന്റെ പ്രബോധനം തുടങ്ങിയപ്പോള്‍ ആദ്യമായി ആ സന്ദേശം സ്വീകരിച്ച വനിതയും ഖദീജ(റ)യായിരുന്നു. മുഹമ്മദ് നബി (സ) നാട്ടില്‍ നിന്ന് പുറത്താക്കപ്പെടുമെന്ന വറഖതുബ്നു നൗഫലിന്റെ ആ മുന്നറിയിപ്പൊന്നും വകവെക്കാതെ ഖദീജ (റ) ഇസ്ലാം സ്വീകരിക്കുകയുണ്ടായി. തന്റെ സമ്പത്ത് മുഴുവനും ദീനിനെ കെട്ടിപ്പടുക്കുന്നതിന് വേണ്ടി ചെലവഴിക്കുകയും മരണം വരെ പ്രവാചകന്റെ താങ്ങും തണലുമായി നില്‍ക്കുകയും ചെയ്തു. നബി (സ) പറഞ്ഞു: ''ജനങ്ങള്‍ എന്നെ നിഷേധിച്ചപ്പോള്‍ ഖദീജ എന്നില്‍ വിശ്വസിച്ചു. ജനങ്ങള്‍ എന്നെ കളവാക്കിയപ്പോള്‍, ഞാന്‍ പറഞ്ഞത് സത്യമാണെന്ന് ഖദീജ പറഞ്ഞു. ജനങ്ങള്‍ എന്നെ കൈവിട്ടപ്പോള്‍ അവര്‍ തന്റെ ധനം കൊണ്ട് എന്നെ ആശ്വസിപ്പിച്ചു.'' ഖദീജയെ വിവാഹം കഴിക്കുമ്പോള്‍ പ്രവാചകന് പ്രായം ഇരുപത്തഞ്ചും ഖദീജക്ക് നാല്‍പ്പതും. അറുപത്തിയഞ്ചാമത്തെ വയസ്സില്‍  അവര്‍ വഫാത്താകുന്നത് വരെ നബി (സ) വേറെ ഒരു വിവാഹവും കഴിച്ചില്ല. പ്രവാചകന് ഏറ്റവും പ്രിയപ്പെട്ട പത്നിയായിരുന്നു അവര്‍. ഖദീജ (റ) മരിച്ച വര്‍ഷം ദുഃഖ വര്‍ഷമായിരുന്നു മുസ്ലിംകള്‍ക്ക്.
ഹസ്രത്ത് ആഇശ (റ) വിശ്വാസികള്‍ക്ക് മാതൃകയായിരുന്നു. ആഇശക്ക് മറ്റു സ്ത്രീകളെക്കാള്‍  ശ്രേഷ്ഠതയുണ്ടെന്ന് പ്രവാചകന്‍ ഉണര്‍ത്തി. പ്രവാചക ശിക്ഷണത്തില്‍ ചെറുപ്പം മുതലേ വളരാനും വൈജ്ഞാനിക വ്യക്തിത്വം രൂപപ്പെടുത്താനും അവസരം ലഭിച്ച ഭാഗ്യവതിയാണ് അവര്‍. നബി(സ)യുടെ ജീവിതം നേര്‍ക്കുനേരെ ഒപ്പിയെടുക്കാനും  സമൂഹത്തിന് പകര്‍ന്നുകൊടുക്കാനും ആഇശ(റ)ക്ക് കഴിഞ്ഞു. മതനിയമങ്ങളിലെ നാലില്‍ ഒന്നും ആഇശ(റ)യില്‍ നിന്നാണ് നമുക്ക് ലഭിച്ചത്. പ്രവാചക വിയോഗത്തിന് ശേഷം ഇസ്ലാമിന്റെ സന്ദേശം സത്യവിശ്വാസികള്‍ക്ക് പകര്‍ന്നുനല്‍കാനും സംശയങ്ങള്‍ ദൂരീകരിക്കാനും അവര്‍ക്ക് സാധിച്ചു. പ്രവാചകനൊത്തുള്ള ജീവിത കാലത്തു തന്നെ അവരുടെ ആത്മാഭിമാനവും ധൈര്യവും രാഷ്ട്രീയ നിലപാടും വിളിച്ചോതുന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ആഇശ(റ)യെ പറ്റിയുള്ള അപവാദ പ്രചാരണത്തെ വിമര്‍ശിച്ചുകൊണ്ട് ആഇശക്ക് അനുകൂലമായി ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിച്ചു. ആഇശ(റ)യുടെ നേതൃത്വം ലോകജനതക്ക് മാതൃകയാകണം എന്നത് അല്ലാഹുവിന്റെ തീരുമാനമായിരുന്നു. പ്രവാചക വിയോഗത്തിന് ശേഷം അരനൂറ്റാണ്ട് കാലത്തോളം ഇസ്ലാമിക സമൂഹത്തിന് സര്‍വവിജ്ഞാനകോശമായി ആഇശ (റ) നിലകൊണ്ടു. പ്രവാചകന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യമാരും മക്കളും കൊച്ചുമക്കളും എല്ലാവരും പെട്ടെന്ന് മരണപ്പെട്ടപ്പോഴും അല്ലാഹു ആഇശക്ക് ആയുസ്സ് നീട്ടി നല്‍കി.
ഹുദൈബിയാ സന്ധി പ്രകാരം ഉംറ നിര്‍വഹിക്കാതെ മുസ്ലിംകള്‍ മടങ്ങിപ്പോവണമെന്ന വ്യവസ്ഥ ഉള്‍ക്കൊള്ളാനാവാതിരുന്ന സ്വഹാബിമാര്‍ പെട്ടെന്ന് വഴങ്ങിയില്ല. തന്റെ പത്നി ഉമ്മുസലമയോട് വിവരം പറഞ്ഞപ്പോള്‍ അവര്‍ പ്രവാചകനോട് പറഞ്ഞു: 'അങ്ങ് പോയി സ്വന്തം ബലിമൃഗത്തെ അറുക്കുക. അപ്പോള്‍ അവരും അറുത്തുകൊള്ളും.' ഈ നിര്‍ദേശം പ്രവാചകന് സ്വീകാര്യമായി. ഉമ്മുസലമ പറഞ്ഞതുപോലെ സംഭവിക്കുകയും ചെയ്തു. പ്രവാചകനുപോലും സ്വീകാര്യമായ നിര്‍ദേശം നല്‍കുന്ന  സ്ത്രീയെയാണ് നാം ഇവിടെ കാണുന്നത്.
നബി വിവാഹം കഴിച്ചവരില്‍ ആഇശ (റ) മാത്രമായിരുന്നു കന്യക. ബാക്കിയുള്ളവരെല്ലാം തന്നെ വിധവാ സംരക്ഷണാര്‍ഥം വിവാഹം ചെയ്യപ്പെട്ടവരായിരുന്നു. ഇവരെല്ലാവരും സത്യവിശ്വാസികളുടെ ഉമ്മമാര്‍ എന്നറിയപ്പെട്ടു. നബി (സ) ആദ്യമായി വിവാഹം കഴിച്ച ഖദീജ (റ), ആദ്യത്തെ രക്തസാക്ഷി സുമയ്യ (റ), സ്വര്‍ഗത്തില്‍ സ്ത്രീകളുടെ നേതാവെന്ന് വിളിക്കപ്പെട്ട നബിയുടെ പ്രിയപുത്രി ഫാത്വിമ (റ), നബിയുടെയും അബൂബക്റിന്റെയും മദീനാ ഹിജ്‌റയിലെ ആസൂത്രകയായ അസ്മാ (റ), മഹാനായ ഉമറുല്‍ ഫാറൂഖിന്റെ ഇസ്‌ലാമാശ്ലേഷണത്തിന് കാരണക്കാരിയായ സഹോദരി ഫാത്വിമ (റ), അഖബയില്‍ ഒരുമിച്ചുകൂടി കരാറില്‍ ഒപ്പുവെച്ച കഅ്ബിന്റെ മകള്‍ നസീബ (റ), ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ വനിതാ നഴ്സായി അറിയപ്പെടുന്ന റുഫൈദ (റ) തുടങ്ങി ഖുര്‍ആന്റെ തണലില്‍ പ്രവാചകന്‍ വളര്‍ത്തിയെടുത്ത നബി പത്നിമാരും, ദീനീ വിജ്ഞാനീയങ്ങളുടെ പാഠശാലകളുമായിരുന്ന അനേകം മഹതികളുണ്ട് ഇസ്ലാമിന്റെ സ്ത്രീവിമോചന ചരിത്രത്തില്‍.
ഇസ്‌ലാമില്‍ പുരുഷന്‍ പുരുഷനായതിന്റെ പേരിലോ സ്ത്രീ സ്ത്രീയായതിന്റെ പേരിലോ യാതൊരു വിവേചനത്തിനും വിധേയരല്ല. അവരുടെ കര്‍മങ്ങളിലേക്കാണ് അല്ലാഹു നോക്കുന്നത്. ''അവരുടെ നാഥന്‍  അവര്‍ക്ക് ഉത്തരമരുളി: സ്ത്രീയാവട്ടെ പുരുഷനാവട്ടെ, നിങ്ങളില്‍ ആരുടെയും കര്‍മത്തെ ഞാന്‍  നിഷ്ഫലമാക്കുന്നതല്ല. നിങ്ങളെല്ലാവരും ഒരേ വര്‍ഗത്തില്‍ പെട്ടവരാണല്ലോ. അതിനാല്‍, എനിക്കുവേണ്ടി സ്വദേശം വെടിയുകയും എന്റെ മാര്‍ഗത്തില്‍ സ്വഭവനങ്ങളില്‍ നിന്ന് ബഹിഷ്‌കൃതരാവുകയും മര്‍ദിക്കപ്പെടുകയും, എനിക്കുവേണ്ടി യുദ്ധം ചെയ്യുകയും വധിക്കപ്പെടുകയും ചെയ്തവരാരോ, അവരുടെ സകല പാപങ്ങളും ഞാന്‍ പൊറുത്തുകൊടുക്കുന്നതാകുന്നു. ഞാന്‍ അവരെ, കീഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങളില്‍ പ്രവേശിപ്പിക്കുന്നതുമാകുന്നു. ഇത് അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലമാകുന്നു. ഉത്കൃഷ്ടമായ പ്രതിഫലം അല്ലാഹുവിങ്കല്‍ മാത്രമാകുന്നു'' (3:195). വിശ്വാസം, ആചാരം, അനുഷ്ഠാനം, ഭക്തി, സത്യസന്ധത പോലുള്ള മതപരവും ആത്മീയവുമായ കാര്യങ്ങളിലും സ്ത്രീ-പുരുഷ ഭേദമൊട്ടുമില്ല. ''സത്യവിശ്വാസം, ഭയഭക്തി, സത്യസന്ധത, ക്ഷമാശീലം, വിനയം, ദാനശീലം, വ്രതാനുഷ്ഠാനം, ലൈംഗിക വിശുദ്ധി എന്നിവ ഉള്‍ക്കൊള്ളുന്നവരും അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നവരുമായ സ്ത്രീ-പുരുഷന്മാര്‍ക്ക് അവന്‍ മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്'' (33:35). നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന കാര്യത്തില്‍ അവര്‍ പരസ്പരം സഹകാരികളാണെന്നും ചൂണ്ടിക്കാണിക്കുന്നു. ''സത്യവിശ്വാസികളായ സ്ത്രീ-പുരുഷന്മാര്‍ പരസ്പരം സഹായികളാണ്. അവര്‍ നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നു. സകാത്ത് നല്‍കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നു. സംശയമില്ല, അല്ലാഹു അവരോട് കരുണ കാണിക്കും. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ, തീര്‍ച്ച'' (9:71).
ഭൂമിയിലേക്ക് ഒരു ഖലീഫയെ നിശ്ചയിക്കാന്‍ പോകുന്നുവെന്ന് പറയുമ്പോള്‍ അവിടെ സ്ത്രീയും പുരുഷനുമുണ്ട്. പുരുഷന്മാര്‍ക്കുള്ള അതേ പദവിയും അന്തസ്സുമാണ് പ്രവാചകന്റെ തണലില്‍ സ്ത്രീകള്‍ക്ക് ലഭിച്ചത്.
ജാഹിലിയ്യാ കാലത്ത് അനാഥ മക്കളെപ്പോലെ സാമ്പത്തികമായ അതിക്രമങ്ങള്‍ക്ക് വിധേയമായിരുന്നു പെണ്ണും. മരണപ്പെട്ടുപോകുന്ന ബന്ധുജനങ്ങളുടെ സ്വത്തില്‍ പെണ്ണിന് യാതൊരു അവകാശവുമുണ്ടായിരുന്നില്ല. അനന്തരസ്വത്ത് മുഴുവന്‍ പുരുഷന്‍ ഓഹരി വെച്ചെടുക്കുമായിരുന്നു. ഇത്തരം അന്യായങ്ങളെ ചോദ്യം ചെയ്തുകൊണ്ട്, സ്ത്രീക്കും കുടുംബസ്വത്തില്‍ അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുകയാണ് ഇസ്ലാം ചെയ്തത്. ''മാതാപിതാക്കളും അടുത്ത ബന്ധുക്കളും ശേഷിപ്പിച്ച സ്വത്തില്‍ പുരുഷന്മാര്‍ക്ക് വിഹിതമുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും ശേഷിപ്പിച്ച സ്വത്തില്‍ സ്ത്രീക്കും അവകാശമുണ്ട്. സ്വത്ത് അധികമാണെങ്കിലും അല്‍പമാണെങ്കിലും ശരി ഈ വിഹിതം അല്ലാഹുവിനാല്‍ നിര്‍ണയിക്കപ്പെട്ടതാകുന്നു'' (4: 7). ഇതോടെ അനന്തര സ്വത്തില്‍ പുരുഷന്മാരെപ്പോലെ സ്ത്രീയും അവകാശിയാണെന്ന് വന്നു. അത് ക്രയവിക്രയം ചെയ്യാനും അവള്‍ക്ക് അര്‍ഹത ലഭിച്ചു. ജാബിര്‍ (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍, പെരുന്നാളുകളില്‍ പ്രവാചകന്‍ (സ) പ്രസംഗം നിര്‍വഹിച്ച ശേഷം സ്ത്രീകളെ സമീപിച്ച് ഇപ്രകാരം പറയുമായിരുന്നു: 'നിങ്ങള്‍ ദാനങ്ങള്‍ ചെയ്യുവിന്‍. അപ്പോള്‍ സ്ത്രീകള്‍ അവരുടെ ആഭരണങ്ങള്‍ ധര്‍മം ചെയ്യാന്‍  തുടങ്ങും' (മുസ്ലിം).
തൊഴില്‍ ചെയ്യുന്നതിനും സമ്പാദിക്കുന്നതിനും പുറത്ത് പോകുന്നതിനുമൊക്കെ സ്ത്രീകള്‍ക്കും അനുവാദം നല്‍കിയതായി കാണാം. ജാബിര്‍ (റ) നിവേദനം ചെയ്യുന്നു: ''എന്റെ മാതൃസഹോദരി വിവാഹമോചനം ചെയ്യപ്പെട്ടു. അപ്പോള്‍ അവള്‍ അവളുടെ തോട്ടത്തിലെ ഈത്തപ്പഴം പറിച്ചെടുക്കാന്‍ വേണ്ടി പുറപ്പെട്ടു. അവളെ ഒരാള്‍ തടഞ്ഞ്, പോകാന്‍ പാടില്ലെന്ന് പറഞ്ഞു. ഞാന്‍ നബി(സ)യോട് മതവിധി അന്വേഷിച്ചു. നബി(സ) അരുളി: അവള്‍ക്ക് ഈത്തപ്പഴം പറിച്ചെടുക്കാന്‍ പുറത്തുപോകാം. എന്തിന് അവളെ തടയണം? അവള്‍ക്ക് ധര്‍മം ചെയ്യാമല്ലോ. അല്ലെങ്കില്‍ നന്മ ചെയ്യാം'' (മുസ്ലിം). അബൂബക്ര്‍ സ്വിദ്ദീഖി(റ)ന്റെ മകള്‍ അസ്മാ (റ) തൊഴില്‍ ചെയ്ത് ഭര്‍ത്താവിനെ സഹായിച്ചിരുന്നതായി അവര്‍ തന്നെ പറയുന്നത് ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം.
പ്രവാചകന്‍ (സ) നടത്തിയ ഓരോ യുദ്ധത്തിലും തങ്ങളാല്‍ കഴിയുന്ന സേവനം ചെയ്യാന്‍ സ്ത്രീകള്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ആഇശ (റ) പറയുന്നു: 'ഹിജാബിന്റെ ആയത്ത് അവതരിപ്പിച്ചതിനു ശേഷവും ഞാന്‍ നബി(സ)യുടെ കൂടെ യുദ്ധത്തിന് പുറപ്പെടുകയുണ്ടായി.' ഇസ്ലാമിനു വേണ്ടി അടര്‍ക്കളത്തിലേക്കിറങ്ങാന്‍ അക്കാലത്തെ സ്വഹാബി വനിതകള്‍ ഒട്ടും മടികാണിച്ചിരുന്നില്ല. അനസ് (റ) പറയുന്നത് കാണുക: ഹുനൈന്‍ യുദ്ധക്കളത്തില്‍ ഉമ്മു സുലൈം(റ) ശത്രുക്കളെ കുത്തിക്കീറാന്‍ ഒരു വലിയ കഠാരയുമായി വരികയുണ്ടായി (മുസ്ലിം). ഉഹുദ് രണാങ്കണത്തില്‍ വെച്ച് ഉമ്മു അമ്മാറ(റ)യുടെ ശരീരത്തില്‍ 13-ലധികം മുറിവ് പറ്റിയിരുന്നു. പ്രവാചക(സ)നെ ശത്രുക്കളില്‍ നിന്ന് രക്ഷിക്കുക എന്ന ഏക ഉദ്ദേശ്യമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്.
പള്ളിയും പള്ളിക്കൂടവും ഇസ്ലാം പെണ്ണിന് അനുവദിച്ചു. ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം. നബി(സ) അരുളി: 'അല്ലാഹുവിന് കീഴ്‌പ്പെടുന്നവരായ സ്ത്രീകളെ അവന്റെ പള്ളിയില്‍ നമസ്‌കരിക്കുന്നതില്‍ നിന്ന് നിങ്ങള്‍ തടയരുത്' (ഇബ്നു മാജ, അഹ്മദ്). സ്ത്രീകളുടെ അവകാശങ്ങള്‍ തടയരുത് എന്നര്‍ഥം.  ആഇശ(റ)യില്‍ നിന്ന് നിവേദനം: 'പ്രവാചകന്‍ റമദാനിലെ അവസാനത്തെ പത്തില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു; അദ്ദേഹം മരിക്കുന്നതു വരെ. മരണശേഷം അവിടുത്തെ ഭാര്യമാരും പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു' (ബുഖാരി). സ്ത്രീകള്‍ക്ക് അഞ്ച് നേരത്തെ നമസ്‌കാരം, ഗ്രഹണ നമസ്‌കാരം, പെരുന്നാള്‍ നമസ്‌കാരം, ജുമുഅ നമസ്‌കാരം മുതലായവയിലെല്ലാം പുരുഷന്മാരെപ്പോലെ തന്നെ പങ്കെടുക്കാനും അതിന്റെ പ്രതിഫലം നേടിയെടുക്കാനും ഇസ്ലാം അനുവാദം നല്‍കി. സ്വഹാബി വനിതകള്‍ കൊച്ചു കുഞ്ഞുങ്ങളെ വഹിച്ചുകൊണ്ടുപോലും ആരാധനകളില്‍ പങ്കെടുക്കാറുണ്ടായിരുന്നു.
ഇസ്ലാമില്‍ വിവാഹത്തിന് സ്ത്രീധന സമ്പ്രദായമില്ല. മറിച്ച്, വിവാഹ സമയത്ത് ഭര്‍ത്താവ് ഭാര്യക്ക് വിവാഹമൂല്യം അഥവാ മഹ്റ് നല്‍കിക്കൊള്ളണമെന്നാണ് ഇസ്ലാമിന്റെ വിധി. 'അവര്‍ക്കുള്ള വിവാഹമൂല്യം  നിര്‍ബന്ധ ബാധ്യത എന്ന നിലക്ക് നിങ്ങള്‍  നല്‍കിക്കൊള്ളുക' (4:24). മഹ്റ് നിശ്ചയിക്കാനുള്ള പൂര്‍ണ അവകാശം സ്ത്രീക്കാണുള്ളത്. സ്ത്രീയുടെ സമ്മതമില്ലാതെ അവളെ വിവാഹം ചെയ്തു കൊടുക്കാന്‍  രക്ഷാധികാരികള്‍ക്ക് അവകാശമില്ല. വിവാഹമോചനം, ഇദ്ദ, മതാഅ്, സന്താനപരിപാലനം തുടങ്ങിയ ഇസ്ലാമിക നിയമങ്ങളെല്ലാം തന്നെ സ്ത്രീയുടെ ശാരീരിക വൈകാരിക ആവശ്യങ്ങളെ പരിഗണിച്ചുള്ളതാണെന്ന് കാണാന്‍ സാധിക്കും.
കുടുംബജീവിതത്തിലാവട്ടെ ഭരണാധികാരിയുടെ സ്ഥാനമാണ് സ്ത്രീക്കുള്ളത്. നബി (സ) അരുളി: 'സ്ത്രീകള്‍ കുടുംബത്തിലെ ഭരണാധികാരിയാണ്. അതേക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവളുമാണ്' (ബുഖാരി).
സ്ത്രീയോട് മാന്യമായി പെരുമാറാന്‍ ഉപദേശിക്കുന്ന നിരവധി ഹദീസുകളും ഖുര്‍ആനിക വചനങ്ങളുമുണ്ട്: 'അവരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കുക' (4:19). 'നിങ്ങളില്‍ ഉത്തമന്‍ കുടുംബത്തോട് നന്മകാണിക്കുന്നവനാണ്. ഞാന്‍ എന്റെ കുടുംബത്തോട് നന്മയില്‍ വര്‍ത്തിക്കുന്നു' (തിര്‍മിദി). നബി (സ) സ്ത്രീകളെ ബഹുമാനിക്കുകയും, അവരുടെ പ്രത്യേകതകളെ പരിഗണിക്കുകയും, അവരെ പരിരക്ഷിക്കുന്നതിനും പരിചരിക്കുന്നതിനും അവരോട് അതിക്രമം കാണിക്കാതിരിക്കുന്നതിനും അനുചരന്മാരെ ഉപദേശിക്കുകയും ചെയ്തിരുന്നു. നബി (സ) പറയുന്നു: 'സ്ത്രീകളോട് നന്മയില്‍ വര്‍ത്തിക്കുക. സ്ത്രീകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് വാരിയെല്ലില്‍ നിന്നാണ്. വാരിയെല്ലിന്റെ ഏറ്റവും വളഞ്ഞ ഭാഗം അതിന്റെ ഉയര്‍ന്ന ഭാഗമാണ്. അത് നേരെയാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ നിങ്ങള്‍ അത് ഒടിക്കുന്നതാണ്. അത് അങ്ങനെ വിടുകയാണെങ്കില്‍, വളഞ്ഞുതന്നെ തുടരുന്നതാണ്' (മുസ്‌ലിം). സ്ത്രീയുടെ പ്രകൃതിയും പ്രകൃതവും മനസ്സിലാക്കിയുള്ള സമീപനമായിരുന്നു പ്രവാചകന്റേത്.
സ്ത്രീകള്‍ക്ക് അറിവ് പകര്‍ന്നു നല്‍കുന്നതിന് പ്രത്യേകമായ ദിനങ്ങള്‍ നിശ്ചയിച്ചിരുന്നു. സ്വഹാബി വനിതകള്‍ പ്രത്യേകമായി പഠിക്കുന്നതിന്  പ്രവാചകനോട് പുരുഷന്മാര്‍ പങ്കുകൊള്ളാത്ത പ്രത്യേകമായ സമയം ആവശ്യപ്പെട്ട സംഭവങ്ങളുണ്ട്. അബൂസഈദില്‍ ഖുദ്‌രി(റ)യില്‍ നിന്ന് ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നു: 'സ്ത്രീകള്‍ പറഞ്ഞു: താങ്കളുടെ സാന്നിധ്യത്തില്‍ പുരുഷന്മാര്‍ അധികരിച്ചിരിക്കുന്നു. അതിനാല്‍, താങ്കള്‍ ഞങ്ങള്‍ക്ക് മാത്രമായി ഒരു ദിനം നിശ്ചയിച്ചു തരിക. തുടര്‍ന്ന് അവര്‍ക്ക് മാത്രമായി ഒരു ദിനം പ്രവാചകന്‍ വാഗ്ദാനം ചെയ്തു.'
പതിനാല് നൂറ്റാണ്ട് മുമ്പ് പ്രവാചക നിയോഗത്താല്‍ സ്ത്രീ അനുഗൃഹീതയായി. ജനിക്കാനും ജീവിക്കാനും, ജീവിതത്തിലെ മുഴുവന്‍ സന്ദര്‍ഭങ്ങളിലും സ്വന്തമായ വ്യക്തിത്വവും അസ്തിത്വവും സംരക്ഷിക്കാനുമുള്ള സ്വാതന്ത്ര്യം പ്രവാചകന്‍ സ്ഥാപിച്ചു. പ്രവാചക ശിക്ഷണത്തിലൂടെ ഉല്‍ഭൂതമായ സ്ത്രീ പക്ഷ ചിന്തകള്‍ പുതുലോകക്രമം നിര്‍മിക്കുകയും അതു വരെ നിലനിന്നിരുന്ന മുഴുവന്‍ അബദ്ധങ്ങളെയും തിരുത്തുകയും ചെയ്തു. മനുഷ്യരെ മുഴുവന്‍ സമഭാവനയോടെ കാണുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. ഉമ്മുസലമ (റ) പറയുന്നു: 'ആളുകള്‍ ഹൗദിനെ (സ്വര്‍ഗത്തിലെ ഹൗദ്- വെള്ളം നിറഞ്ഞ സ്ഥലം) കുറിച്ച് സംസാരിക്കുന്നത് ഞാന്‍ കേള്‍ക്കുകയായി. അല്ലാഹുവിന്റെ റസൂലില്‍ നിന്ന് ഞാനത് കേട്ടിരുന്നില്ല. ആ ദിവസമായപ്പോള്‍, പരിചാരിക എന്റെ മുടി ഒതുക്കുകയായിരുന്നു. അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ 'അല്ലയോ ജനങ്ങളേ' എന്ന് പറയുന്നത് ഞാന്‍ കേട്ടു. ഞാന്‍ പരിചാരികയോട്, മതിയാക്കാന്‍ (മുടികെട്ടുന്നത്) പറഞ്ഞു. പരിചാരിക പറഞ്ഞു: തീര്‍ച്ചയായും പ്രവാചകന്‍ വിളിച്ചത് പുരുഷന്മാരെയാണ്, സ്ത്രീകളെയല്ല. ഞാന്‍ പറഞ്ഞു: ഞാനും ജനങ്ങളില്‍പ്പെടുന്നു' (മുസ്‌ലിം). പൊതുവായ അഭിസംബോധനയില്‍ ലിംഗ ഭേദമില്ലാതെ ആണും പെണ്ണും ഉള്‍പ്പെടുന്നു എന്ന് പഠിപ്പിക്കുകയായിരുന്നു അവര്‍.
സ്ത്രീയുടെ സാമൂഹിക സുരക്ഷിതത്വം  ഉറപ്പാക്കാന്‍ ഇസ്‌ലാം മുന്നോട്ടു വെച്ച മുഴുവന്‍ നിയമങ്ങളും ശത്രുക്കളാല്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു. അവളുടെ അസ്തിത്വവും വ്യക്തിത്വവും നിഷേധിച്ച് നാലു ചുമരുകള്‍ക്കുള്ളില്‍ തളച്ചിടാനുള്ള കല്‍പനകളായി അവയെ ചിത്രീകരിച്ചു.  പുരുഷനെപ്പോലെ അന്തസ്സോടെയും ആഭിജാത്യത്തോടെയും പൂര്‍ണ സുരക്ഷിതത്വത്തോടെയും സാമൂഹിക ഇടപെടലുകള്‍ക്കുള്ള അനുവാദമാണ് സ്ത്രീനിയമങ്ങളില്‍ കാണാന്‍ കഴിയുന്നതെന്ന തിരിച്ചറിവ് നഷ്ടപ്പെട്ടു. ഉടുതുണിയുരിയലും  ചോയ്‌സനുസരിച്ചുള്ള സെക്‌സുമാണ് യഥാര്‍ഥ സ്വാതന്ത്ര്യമെന്നവര്‍ തെറ്റിദ്ധരിച്ചു. വൈജ്ഞാനികവും ധൈഷണികവുമായ ചിന്തകളാല്‍ ഉലകം വാഴാന്‍ കെല്‍പ്പുള്ള പെണ്ണുങ്ങള്‍ ജീവിച്ചു മരിച്ചു പോയിട്ടും ചരിത്രം അവരെ രേഖപ്പെടുത്തിയില്ല. പൗരോഹിത്യം കടിഞ്ഞാണിട്ട സ്ത്രീ വിദ്യാഭ്യാസം തിരിച്ചുപിടിച്ചതോടെ സമുദായത്തിലെ പെണ്ണുങ്ങള്‍ക്ക് കുറച്ചെങ്കിലും വെളിച്ചം വെച്ചിട്ടുണ്ട്. അതേസമയം അത് തലതിരിഞ്ഞതായാല്‍ ഫലം വിപരീതമായിരിക്കും. മുത്തു റസൂല്‍ സ്വപ്‌നം കണ്ട പെണ്‍ മയുള്ള പെണ്ണുങ്ങളാകാം നമുക്ക്....നമുക്കെന്തിനീ ആണും പെണ്ണും കെട്ട കോലം...? 
7560919633
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-19-22

ഹദീസ്‌

'നായകളും ഒരു സമുദായമാണ്'
അബ്ദുല്ലത്വീഫ് കൊടുവള്ളി