മാതൃകയാവേണ്ടത് പ്രവാചക കാലഘട്ടത്തിലെ സ്ത്രീകള്‍
പുതിയ കാലത്തെ ഇസ്‌ലാമിക ഫിഖ്ഹില്‍ 'ഇസ്തിഖ്‌റാഅ്' എന്നത് ഒരു സുപ്രധാന സംജ്ഞയാണ്. പ്രമാണ പാഠങ്ങളുടെ സമഗ്ര വായന എന്ന് അതിനെ പരിഭാഷപ്പെടുത്താമെന്ന് തോന്നുന്നു. ഒരു വിഷയത്തില്‍ ഖുര്‍ആനിലോ സുന്നത്തിലോ വന്നിട്ടുള്ള ഒന്നോ രണ്ടോ പരാമര്‍ശങ്ങള്‍ മാത്രമെടുത്ത് ഒരു വിധിതീര്‍പ്പില്‍ എത്തരുത്. അത് ഭാഗികമോ (ജുസ്ഈ) പരിമിതപ്പെടുത്തപ്പെട്ടതോ ആയ വായനയാണ്. തെറ്റായ നിഗമനങ്ങളിലേക്കും തീരുമാനങ്ങളിലേക്കുമാണ് അത് നമ്മെ എത്തിക്കുക. ഏതൊരു വിഷയത്തിലും വിധിതീര്‍പ്പിലെത്തുന്നതിന് മുമ്പ് ആ വിഷയകമായി ഖുര്‍ആനിലും സുന്നത്തിലും വന്നിട്ടുള്ള മുഴുവന്‍ പരാമര്‍ശങ്ങളും നമ്മുടെ മുന്നിലുണ്ടാവണം. ആ പരാമര്‍ശങ്ങള്‍ വന്നിട്ടുള്ള സന്ദര്‍ഭങ്ങള്‍ മനസ്സിലാക്കിയിരിക്കണം. എങ്കിലേ നിയമദാതാവ് (ശാരിഅ്) ആയ അല്ലാഹു നല്‍കിയ വിധിയുടെ അന്തസ്സത്ത മനസ്സിലാവുകയുള്ളൂ. നീതി നടപ്പാവുക എന്ന ഇസ്‌ലാമിക ശരീഅത്തിന്റെ പരമോന്നത ലക്ഷ്യം അപ്പോള്‍ മാത്രമാണ് സാക്ഷാല്‍ക്കരിക്കപ്പെടുക. 'മഖാസിദുശ്ശരീഅ' എന്ന ഇസ്‌ലാമിക പഠന ശാഖ തന്നെ ഈ ആവശ്യാര്‍ഥം വികസിച്ചു വന്നിട്ടുള്ളതാണ്.
പ്രമാണങ്ങളെ ഭാഗികമായി വായിച്ചതിന്റെ ഫലമായി ഇസ്‌ലാമിക സമൂഹത്തില്‍ രൂഢമൂലമായിത്തീര്‍ന്നിട്ടുള്ള പല അബദ്ധ ധാരണകളുമുണ്ട്. നവീന ഫിഖ്ഹീ ധാരകളുടെ ആവിര്‍ഭാവത്തോടെ അത്തരം തെറ്റായ ധാരണകള്‍ തിരുത്തപ്പെടുന്നുണ്ടെങ്കിലും മുസ്‌ലിം ജനസാമാന്യത്തില്‍ അത് പലപ്പോഴും കാര്യമായ സ്വാധീനമൊന്നും ചെലുത്തുന്നില്ല. പരമ്പരാഗത പണ്ഡിത നേതൃത്വം ശരീഅത്തിന്റെ അന്തസ്സത്തയറിഞ്ഞുള്ള അത്തരം വായനകളെ നഖശിഖാന്തം എതിര്‍ക്കുന്നു എന്നത് തന്നെയാണ് അതിന് ഒരു പ്രധാന കാരണം. ഭാഗികമായി വായിക്കപ്പെട്ട അത്തരം വിഷയങ്ങളിലൊന്നാണ് ഇസ്‌ലാമിക സമൂഹത്തില്‍ സ്ത്രീകള്‍ക്ക് വഹിക്കാനുള്ള പങ്ക് എന്ത് എന്നത്. പല മുസ്‌ലിം സമൂഹങ്ങളിലും, സ്ത്രീകള്‍ക്ക് കാര്യമായ സാമൂഹിക ദൗത്യങ്ങളൊന്നും നിര്‍വഹിക്കാനില്ല എന്ന ധാരണയാണ് നിലനില്‍ക്കുന്നത്. ഇസ്‌ലാമിക മര്യാദകള്‍ പാലിച്ചുകൊണ്ടായാലും സ്ത്രീകള്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടു കൂടാ എന്ന പണ്ഡിത ഫത്‌വകള്‍ ഇക്കാലത്തും റദ്ദാവുകയോ പിന്‍വലിക്കപ്പെടുകയോ ചെയ്യുന്നില്ല.
ഏതൊരു സമൂഹത്തിന്റെയും പാതിയോ അതില്‍ കൂടുതലോ ആണ് സ്ത്രീകള്‍. അവരെ പൊതുരംഗത്തു നിന്ന് മാറ്റിനിര്‍ത്തിക്കൊണ്ടുള്ള പരിഷ്‌കരണ - വികസന സംരംഭങ്ങളൊന്നും വിജയിക്കുകയില്ല. സ്ത്രീകള്‍ പൊതുവേദികളില്‍ വരരുത് എന്ന് വാദിക്കുന്നവര്‍ക്കും ഇക്കാര്യത്തില്‍ മറിച്ചൊരഭിപ്രായം ഉണ്ടാവാനിടയില്ല. മുമ്പെങ്ങോ പറഞ്ഞുപോയ അഭിപ്രായങ്ങളാവാം അവര്‍ക്ക് തടസ്സമായി നില്‍ക്കുന്നത്. പ്രത്യേക രാഷ്ട്രീയ- സാമൂഹിക പശ്ചാത്തലവുമുണ്ടാവാം അത്തരം ഫത്‌വകള്‍ക്ക്. ഫത്‌വകള്‍ പണ്ഡിതാഭിപ്രായങ്ങള്‍ മാത്രമാണ്; മതവിധിയല്ല. തിരുത്തപ്പെടാന്‍ പാടില്ലാത്ത ഒന്നല്ല. തിരുത്തുക എളുപ്പവുമാണ്. ഖുര്‍ആനാണല്ലോ മുസ്‌ലിം സമൂഹത്തിന്റെ ഒന്നാം പ്രമാണം. അതിന്റെ പ്രായോഗിക വ്യാഖ്യാനവും ആഖ്യാനവുമാണ് സുന്നത്ത് അഥവാ നബിചര്യ. അപ്പോള്‍ തിരുദൂതരുടെ കാലത്ത് സാമൂഹിക ജീവിതത്തില്‍ സ്ത്രീകളുടെ പങ്ക് എന്തായിരുന്നുവെന്ന് നോക്കിയാല്‍ മാത്രം മതി. നബിയുടെ കാലത്ത് സാമൂഹിക ദൗത്യങ്ങളൊന്നുമില്ലാതെ വീടുകളില്‍ ഒതുങ്ങിക്കഴിയുകയായിരുന്നോ അവര്‍? അല്ല എന്ന് പറയാന്‍ രണ്ട് വട്ടം ആലോചിക്കേണ്ടതില്ല. പ്രമാണങ്ങളും ചരിത്രവുമെല്ലാം അതിന് സാക്ഷിയാണ്. ഇസ്‌ലാമിക നാഗരികതയുടെ നിര്‍മിതിയില്‍ പുരുഷന്മാര്‍ക്കുള്ളതു പോലുള്ള പങ്കാളിത്തം സ്ത്രീകള്‍ക്കുമുണ്ട്.
ഇതു സംബന്ധമായ പ്രമാണങ്ങള്‍ ആവശ്യമുള്ളവര്‍ വേറെങ്ങും പോകേണ്ട, ഈജിപ്ഷ്യന്‍ പണ്ഡിതനായ അബ്ദുല്‍ ഹലീം അബൂ ശഖ്ഖയുടെ പ്രവാചക കാലഘട്ടത്തിലെ സ്ത്രീവിമോചനം (തഹ്‌രീറുല്‍ മര്‍അ ഫീ അസ്വ്രിര്‍രിസാല) എന്ന കൃതി വായിച്ചാല്‍ മതിയാവും. മത കേന്ദ്രങ്ങളില്‍ നിന്ന് സ്ത്രീകള്‍ക്കെതിരെ വിലക്കുകള്‍ മാത്രം വരുന്നത് എന്തുകൊണ്ട് എന്ന ആലോചനയാണ് നബിയുടെ കാലത്തെ സ്ത്രീജീവിതം പഠിക്കാന്‍ അദ്ദേഹത്തിന് പ്രേരണയായത്. വിശുദ്ധ ഖുര്‍ആനും ഏറ്റവും ആധികാരിക ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയും മാത്രമേ അദ്ദേഹം കാര്യമായി അവലംബിച്ചിട്ടുള്ളൂ. എന്നിട്ടും എഴുതിത്തീര്‍ന്നപ്പോഴേക്ക് അത് നാല് വലിയ വാള്യങ്ങളായി മാറിക്കഴിഞ്ഞിരുന്നു. ഖുര്‍ആനില്‍ നിന്നും നബി ചരിത്രത്തില്‍ നിന്നുമുള്ള തെളിവുകള്‍ നിരത്തി വെക്കുകയല്ലാതെ അദ്ദേഹം മറ്റൊന്നും ചെയ്യുന്നില്ല.
തിരുദൂതരുടെ ഒരു പ്രാര്‍ഥനയുണ്ട് - 'അല്ലാഹുവേ നിന്നോട് ഞാന്‍ സന്മാര്‍ഗവും തഖ്‌വയും ജീവിതവിശുദ്ധിയും ഐശ്വര്യവും ചോദിക്കുന്നു.' ഈ പ്രാര്‍ഥനയിലെ നാലാമത്തെ കാര്യം 'ഗിനാ' ആണ്. ഐശ്വര്യം എന്ന് അമൂര്‍ത്തമായാണ് നാമതിനെ പരിഭാഷപ്പെടുത്താറുള്ളത്. യഥാര്‍ഥത്തില്‍ അത് സ്വയം പര്യാപ്തതയാണ്; സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷിയാണ്. സ്ത്രീകളെ പൊതുവേദികളില്‍ നിന്ന് മാറ്റിനിര്‍ത്തി എങ്ങനെയാണ് സ്വയം പര്യാപ്തി നേടാനാവുക? ഫാഷിസം പിടിമുറുക്കുന്ന ഇന്ത്യയില്‍ മുസ്‌ലിം സമൂഹത്തിന്റെ അതിജീവനപ്പോരാട്ടത്തില്‍ സ്ത്രീകള്‍ക്ക് വലിയൊരു ദൗത്യം നിര്‍വഹിക്കാനുണ്ട്; സമാന സാഹചര്യത്തില്‍ നബിയുടെ കാലത്തെ സ്ത്രീസമൂഹം നിര്‍വഹിച്ചതു പോലെ. അത്തരമൊരു ചര്‍ച്ചക്ക് തുടക്കം കുറിക്കുകയാണ് ഈ ലക്കം.
Comments