ആഇശയോടൊരു ആവലാതി
'നദ ആഇശയോട് ആവലാതി പറയുന്നു' എന്ന ഇയാദ് ഖുനൈബിയുടെ ചെറു പുസ്തകത്തിന്റെ വിവര്‍ത്തനമാണിത്. വിവാഹിതയായ നദ എന്ന പെണ്‍കുട്ടി ദാമ്പത്യ ജീവിതത്തിലനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ആഇശ(റ)യുമായി ചര്‍ച്ച ചെയ്യുന്ന ഒരു സാങ്കല്‍പിക സംഭാഷണമാണ് ഇതിന്റെ ഉള്ളടക്കം. വിവ: സി.ടി സുഹൈബ്.
അമേരിക്കയിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം നാട്ടിലെ മെഡിക്കല്‍ കോളേജില്‍നിന്ന് സൈക്യാട്രിയില്‍ സ്‌പെഷലൈസേഷന്‍ പൂര്‍ത്തിയാക്കിയ നദക്ക് ഒരു വിവാഹാലോചന വന്നു. അവളെക്കാള്‍ രണ്ട് വയസ്സിന് മുതിര്‍ന്ന, ആസ്‌ത്രേലിയയില്‍നിന്ന് സൈക്യാട്രിയില്‍ സ്‌പെഷലൈസേഷന്‍ പൂര്‍ത്തിയാക്കിയ ശാദിയായിരുന്നു വിവാഹമാലോചിച്ചത്. ഇരുപത്തിയാറുകാരിയായ നദ സന്തോഷപൂര്‍വം വിവാഹത്തിന് സമ്മതമറിയിച്ചു.
വിവാഹിതരായി ആദ്യ കുറച്ച് മാസങ്ങള്‍ സന്തോഷവും ആനന്ദവും നിറഞ്ഞതായിരുന്നു. പതിയെ അസ്വാരസ്യങ്ങള്‍ തലപൊക്കിത്തുടങ്ങി. സന്തോഷവേളകള്‍ അസ്വസ്ഥതക്ക് വഴിമാറി. ജീവിതത്തിലെ വസന്തകാലം അധികം നീണ്ടുനില്‍ക്കും മുമ്പേ ഊഷരമായ വേനലിലേക്ക് കടന്നു.
ഒരു ദിവസം ജോലി കഴിഞ്ഞ് നദ നേരത്തെ വീട്ടിലെത്തി. ശാദി ഇനിയും എത്തിച്ചേര്‍ന്നിട്ടില്ല. അവള്‍ ഓഫീസ് മുറിയിലേക്ക് ചെന്ന് പേനയും കടലാസുമെടുത്ത് എഴുതാന്‍ തുടങ്ങി:
ശാദിയുമായി എന്താണ് എന്റെ പ്രശ്‌നം?
1. വരണ്ടുപോയിരിക്കുന്നു; എന്നോട് സ്‌നേഹം പ്രകടിപ്പിക്കുന്നേയില്ല. എന്നെ സ്‌നേഹിക്കുന്നുണ്ടോ എന്നുപോലും ഞാന്‍ സംശയിച്ചു തുടങ്ങി.
2. ഞാന്‍ ഒരു ദിവസം അസുഖമായി കിടന്നപ്പോള്‍ എന്നെ പ്രത്യേകം പരിഗണിക്കുകയോ അനുകമ്പ കാണിക്കുകയോ ചെയ്തില്ല.
3. എന്റെ പിരീഡ്‌സിന്റെ സമയങ്ങളില്‍ ഞാന്‍ എത്രമാത്രം അസ്വസ്ഥത അനുഭവിക്കുന്നുണ്ട്. അതിനെ ഒട്ടുമേ പരിഗണിക്കാതിരിക്കുമ്പോള്‍ എനിക്കെത്ര സങ്കടമുണ്ടാകും. അദ്ദേഹം ഒരു സൈക്യാട്രി ഡോക്ടറായിട്ട് പോലും ഞാന്‍ കടന്നുപോകുന്ന മാനസിക-ശാരീരിക അവസ്ഥയെ മനസ്സിലാക്കുന്നില്ലല്ലോ...!
4. എന്റെ സ്ത്രീസഹജമായ പ്രകൃതങ്ങളെ വിലകുറച്ച് കാണുകയും ഒട്ടും ആദരവ് നല്‍കാതെ പെരുമാറുകയും ചെയ്യുന്നു.
5. എന്റെ കാര്യങ്ങള്‍ക്കൊന്നും ഒരു പരിഗണനയും നല്‍കുന്നില്ല. എന്റെ ഉമ്മ എനിക്ക് സമ്മാനമായി നല്‍കിയ രണ്ടായിരം ദീനാര്‍ വില വരുന്ന ബ്രേസ്‌ലെറ്റ് പൊട്ടിയിട്ട് അതൊന്ന് നന്നാക്കിത്തരാന്‍ ഞാന്‍ എത്രയായി പറയുന്നു. അദ്ദേഹമത് മേശപ്പുറത്തിരിക്കുന്നത് മാസങ്ങളായി കാണുന്നുണ്ട്. ചോദിക്കുമ്പോള്‍ ഇന്ന് ശരിയാക്കാം, നാളെ നോക്കാം എന്ന് പറയുകയല്ലാതെ ഒന്നും ചെയ്യുന്നില്ല.
6. അദ്ദേഹം സ്വന്തം കാര്യം മാത്രം നോക്കുന്നു. രണ്ട് പേരും ജോലി കഴിഞ്ഞ് വൈകി വീട്ടിലെത്തുന്ന ചില ദിവസങ്ങളില്‍ ഭക്ഷണം തയാറാക്കിയിട്ടുണ്ടാവില്ല. അന്നേരം അദ്ദേഹത്തിന്റെ ഏതെങ്കിലും കൂട്ടുകാര്‍ വിളിച്ചാല്‍, എന്നോടും വരുന്നോ എന്നു പോലും ചോദിക്കാതെ അങ്ങ് ഇറങ്ങിപ്പോകും.
7. എന്റെ കൂടെയുണ്ടാകുന്ന സമയങ്ങളില്‍ അദ്ദേഹത്തിന്റെ മനസ്സ് മറ്റെവിടെയോ ആയിരിക്കും. ശാരീരികമായി അടുത്തുണ്ടാകുമ്പോഴും മാനസികമായി അകലെയാകുന്ന അവസ്ഥ!
8. ജോലിസ്ഥലത്തുള്ള പ്രശ്‌നങ്ങളും സ്‌ട്രെസ്സും വീട്ടിനകത്തേക്ക് കൊണ്ടുവരും. അദ്ദേഹത്തിന്റെ കൂടെ ഒരു സുരക്ഷിതത്വവും എനിക്കനുഭവിക്കാനാകുന്നില്ല.
9. അതേസമയം അദ്ദേഹത്തിന്റെ സന്തോഷങ്ങളില്‍ എന്നെ കൂടെ കൂട്ടുന്നുമില്ല.
10. ഏതെങ്കിലും കാര്യത്തില്‍ കൂടുതലായി സംസാരിച്ചാല്‍ കേള്‍ക്കാന്‍ സന്നദ്ധമാകാതെ ചുരുക്കിപ്പറയാന്‍ ആവശ്യപ്പെടും. എന്റെ ചോദ്യങ്ങളോട് വളരെ നീരസം പ്രകടിപ്പിക്കുകയും ചെയ്യും.
11. എനിക്ക് മടുത്തു തുടങ്ങിയിരിക്കുന്നു; ഏറ്റവുമധികം എന്നെ വേദനിപ്പിക്കുന്ന കാര്യം, എന്നോടിങ്ങനെയൊക്കെ പെരുമാറുന്ന സമയം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ സ്ത്രീകളോട് വളരെ മാന്യമായും പരിഗണനയോടെയും പെരുമാറാന്‍ അദ്ദേഹത്തിനാകുന്നുണ്ട് എന്നതാണ്.
ഒരിക്കല്‍ അദ്ദേഹം എന്നെയും അദ്ദേഹത്തിന്റെ ഒരു സഹപ്രവര്‍ത്തകയെയും കാത്ത് കാറിലിരിക്കുകയായിരുന്നു. പറഞ്ഞ സമയത്തിന് രണ്ട് മിനിറ്റ് വൈകിയെത്തിയ എന്നോട് വളെര രൂക്ഷമായാണ് സംസാരിച്ചത്. എന്നാല്‍, ഞാന്‍ എത്തി പിന്നെയും പതിനഞ്ച് മിനിറ്റ് കഴിഞ്ഞാണ് സഹപ്രവര്‍ത്തക എത്തുന്നത്. അവള്‍ സോറി പറഞ്ഞനേരം, ഏയ് അതൊന്നും പ്രശ്‌നമില്ലെന്ന് ചിരിച്ചു കൊണ്ട് അദ്ദേഹം മറുപടി കൊടുക്കുന്നു...!
12. ഒരിക്കല്‍ ഞാനദ്ദേഹത്തിന്റെ മൊബൈലില്‍നിന്ന് സെക്രട്ടറിയായ സ്ത്രീക്ക്, ഇനി എനിക്ക് മെസേജ് അയക്കരുതെന്ന് പറഞ്ഞു. അതറിഞ്ഞ അദ്ദേഹം എന്നോട് ദേഷ്യപ്പെട്ട് സംസാരിക്കുകയും ദിവസങ്ങളോളം മിണ്ടാതിരിക്കുകയും ചെയ്തു. മാത്രമല്ല, എനിക്ക് തുറക്കാനാവാത്ത വിധം ഫോണിന്റെ പാസ് വേര്‍ഡ് മാറ്റുകയും ചെയ്തു.
13. എന്റെ വ്യക്തിത്വത്തിന് വല്ലാത്ത ഇടിവ് സംഭവിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ കൂടെയാകുന്ന സമയങ്ങളില്‍ ഞാനൊട്ടുമേ വിലയില്ലാത്തവളായി തോന്നുന്നു. അതെന്നെ അങ്ങേയറ്റം ദുര്‍ബലയാക്കിയിരിക്കുന്നു.
14. അദ്ദേഹത്തിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ എനിക്കെതിരെ ആരോപണങ്ങളുന്നയിച്ചാണ് മറുപടി കണ്ടെത്തുന്നത്. ഞാന്‍ പലരോടും സംസാരിക്കുന്നു, പലരോടും സ്‌നേഹം പ്രകടിപ്പിക്കുന്നു എന്നൊക്കെ പറയും.
15. ഒഴിവ് ദിവസങ്ങളില്‍ രണ്ട് പേരും വീട്ടിലുണ്ടാകുമ്പോള്‍ വീട്ടിലെ ഒരു കാര്യത്തിലും എന്നെ സഹായിക്കില്ല. ബാത്ത്‌റൂം ഉപയോഗിച്ചു കഴിഞ്ഞ് ഒന്ന് വൃത്തിയാക്കാന്‍ പോലും തയാറാവില്ല. അതെല്ലാം ഞാന്‍ ചെയ്യണം എന്ന നിലക്കാണ് പെരുമാറുക. അതേസമയം, സ്ത്രീ അവകാശങ്ങളെക്കുറിച്ചും അവര്‍ക്കെതിരായ ഹിംസകളെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളെഴുതിക്കൊണ്ടേയിരിക്കുകയും ചെയ്യും.
16. അദ്ദേഹം പുകവലിയും തുടങ്ങി. അതിന്റെ മണമാകട്ടെ എനിക്കേറെ അരോചകമാണ്. ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും എനിക്ക് ക്ഷമ കൈവിട്ടു പോകാന്‍ തുടങ്ങി. മറ്റുള്ളവര്‍ ജീവിതത്തില്‍ സന്തോഷങ്ങളും ആനന്ദങ്ങളുമനുഭവിക്കുമ്പോള്‍ എനിക്കതിനൊന്നും പറ്റുന്നില്ലല്ലോ എന്നാലോചിച്ച് നീറുകയാണ്.
17. പതിയെ പതിയെ, അദ്ദേഹം കൂടെയില്ലാതിരിക്കുന്ന സമയങ്ങളാണ് ആശ്വാസകരമെന്ന് തോന്നിത്തുടങ്ങി.
18. ശാദിയുടെ ഏറ്റവും മോശമായ സ്വഭാവമെന്തെന്നാല്‍, മറ്റുള്ളവരുടെ കണ്ണില്‍ നന്മയും സ്‌നേഹവുമൊക്കെ നിറഞ്ഞൊരാളാണദ്ദേഹം. അവരോടൊക്കെ എപ്പോഴും വളരെ റിലാക്‌സായിട്ട് പെരുമാറും. ഒരു മനഃശാസ്ത്ര വിദഗ്ധനെന്ന നിലക്ക് അതദ്ദേഹത്തിന് ആവശ്യവുമായിരുന്നു. എന്നാല്‍, എന്നോടുള്ള പെരുമാറ്റം നേരെ തിരിച്ചാണ്. ദേഷ്യപ്പെട്ട് സംസാരിച്ച ശേഷം ജോലിയുടെ സമ്മര്‍ദങ്ങളാണെന്നും ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് നടുവിലാണെന്നുമൊക്കെ പറഞ്ഞ് ന്യായീകരിക്കും.
19. അദ്ദേഹത്തിന്റെ പേഴ്‌സനലായ ജീവിതത്തിലെ ചില കാര്യങ്ങള്‍ കൂടിയുണ്ട്. പക്ഷേ, അത് പറയാന്‍ പോലും എനിക്ക് ലജ്ജ തോന്നുന്നു. അതൊക്കെ പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ജീവിതത്തെ വളരെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ മാത്രം ഞാന്‍ മിണ്ടാതിരിക്കുകയാണ്.
20. അദ്ദേഹവുമായുള്ള ശാരീരിക ബന്ധം പോലും ഞാന്‍ വെറുത്തു. ഞാനെന്തോ തെറ്റായ കാര്യം ചെയ്യുന്നതു പോലെ തോന്നിത്തുടങ്ങി.
21. അദ്ദേഹത്തിന്റെ പോരായ്മകള്‍ മറച്ചു വെക്കാന്‍ എനിക്ക് മേല്‍ അധികാരം പ്രയോഗിക്കാനും തുടങ്ങിയിരിക്കുന്നു.
22. പതിയെ ഞാനദ്ദേഹത്തിന്റെ കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെയായി. മനഃപൂര്‍വം എല്ലാ കാര്യങ്ങളിലും എതിര് പറയാനാരംഭിച്ചു. ഞാനൊരു മനഃശാസ്ത്ര വിദഗ്ധയായിരുന്നിട്ട് കൂടി ഡിപ്രഷനിലേക്ക് വഴുതി.
ഞാന്‍ വിവാഹമോചനത്തെക്കുറിച്ച് അദ്ദേഹവുമായി സംസാരിച്ചു. പക്ഷേ, എനിക്കു വേണ്ടി വാങ്ങിയതൊന്നും എന്റെ പേരിലെഴുതിത്തരില്ലെന്നും ഒരാനുകൂല്യവും നല്‍കില്ലെന്നുമായിരുന്നു മറുപടി.
ഒരു പരിഹാരം തേടി സുഹൃത്തുക്കളോട് പലരോടും സംസാരിച്ചു. എന്നാല്‍, അവരില്‍ പലരും- ഏറ്റ വ്യത്യാസങ്ങളുണ്ടെങ്കിലും - സമാനമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്നവരായിരുന്നു.
അന്നേരമാണ് ചെറുപ്പത്തില്‍ കേട്ട ഒരു പേര് എന്റെ മനസ്സില്‍ വന്നത് - 'ആഇശ.' അവര്‍ക്ക് മനോഹരമായൊരു ദാമ്പത്യ ജീവിതത്തിന്റെ കഥ പറയാനുണ്ടെന്ന് ഞാന്‍ കേട്ടിരുന്നു. ആ കഥ എനിക്ക് പരിചയമുള്ള കുടുംബ ജീവിത പരിസരത്തുനിന്ന് വ്യത്യസ്തമായൊരു കഥയാണ്. അങ്ങനെ ചരിത്രത്തില്‍നിന്ന് ആ സുന്ദരമായ ഏടുകള്‍ മറിക്കാന്‍ തുടങ്ങി. ആഇശ(റ)യുമായൊരു കൂടിയിരുത്തം ഞാനേറെ ആഗ്രഹിച്ചു.
അങ്ങനെ ആഇശ(റ)യുമായൊരു കൂടിക്കാഴ്ചക്ക് മനസ്സില്‍ വേദിയൊരുക്കി. നദ ചോദിച്ചു: പ്രിയ പ്രവാചകരുടെ ഇണയായ നിങ്ങളോട് ഞാന്‍ കുറച്ച് കാര്യങ്ങള്‍ ചോദിച്ചോട്ടെ?
'തീര്‍ച്ചയായും'- ആഇശ(റ)യുടെ മറുപടി.
'റസൂല്‍(സ) നിങ്ങളോടുള്ള സ്‌നേഹം പ്രകടിപ്പിക്കുമായിരുന്നോ?'
നോമ്പുകാരനായിരിക്കെ പോലും എന്നെ ചേര്‍ത്തു പിടിച്ച് ചുംബിക്കുമായിരുന്നു - പുഞ്ചിരിച്ചുകൊണ്ടവര്‍ പറഞ്ഞു.
താങ്കള്‍ക്കാരെയാണ് ഏറ്റവും ഇഷ്ടമെന്നൊരിക്കല്‍ സ്വഹാബിമാര്‍ ചോദിച്ചപ്പോള്‍ 'ആഇശ' എന്നായിരുന്നു അദ്ദേഹം ഉറക്കെ പറഞ്ഞത്. ഇണകളോടുള്ള സ്‌നേഹം തുറന്നു പറയുന്നത് ശീലമില്ലാതിരുന്ന ആ സമൂഹത്തിന് അതൊരു പുതിയ അനുഭവമായിരുന്നു.
'നിങ്ങള്‍ക്ക് അസുഖമാകുന്ന നേരം പ്രത്യേകമായി പരിഗണിക്കാറുണ്ടായിരുന്നോ? നദ ചോദിച്ചു.
'അന്നേരങ്ങളില്‍ എന്നോട് വല്ലാത്ത അനുകമ്പ കാണിക്കാറുണ്ടായിരുന്നു അദ്ദേഹം. വേദനയുള്ള ഭാഗങ്ങളില്‍ കൈ വെച്ച് ശമനത്തിനായി പ്രാര്‍ഥിക്കുമായിരുന്നു.'
ആര്‍ത്തവ സമയങ്ങളില്‍ എങ്ങനെയായിരുന്നു റസൂല്‍(സ) നിങ്ങളെ പരിഗണിച്ചിരുന്നത്?
ആ സമയങ്ങളില്‍ എന്നെ പ്രത്യേകമായി പരിഗണിക്കുമായിരുന്നു. എന്റെ ദുഃഖമകറ്റാനും മനസ്സിന് ആശ്വാസം നല്‍കാനുമായി, ഞാന്‍ കുടിച്ച പാത്രത്തില്‍ എന്റെ വായ വെച്ചിടത്ത് അവിടുത്തെ ചുണ്ട് വെച്ച് കുടിക്കും. മാംസം കഴിക്കുന്ന നേരം ഞാന്‍ കടിച്ച ഭാഗത്ത് വായ വെച്ച് അതിന്റെ ബാക്കി ഭാഗം കഴിക്കും.
ഹജ്ജ് വേളയില്‍ ആര്‍ത്തവക്കാരിയായപ്പോള്‍ അതെന്റെ ഹജ്ജ് കര്‍മങ്ങളെ ബാധിക്കുമല്ലോ എന്നോര്‍ത്ത് ഞാന്‍ കരഞ്ഞുപോയി. അന്നേരം അദ്ദേഹം പറഞ്ഞത് 'ഇത് പടച്ച റബ്ബ് സ്ത്രീകളുടെ കാര്യത്തില്‍ നിശ്ചയിച്ച പ്രകൃതമാണ്. അതിനാല്‍, വിഷമിക്കേണ്ടതില്ല.' തുടര്‍ന്ന് ഞാന്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് പറഞ്ഞു തന്നു.
നിങ്ങളുടെ ഇഷ്ടങ്ങളെയും ആഗ്രഹങ്ങളെയും അദ്ദേഹം പരിഗണിക്കാറുണ്ടായിരുന്നോ? നദ ചോദ്യം തുടര്‍ന്നു.
ആഇശ(റ) ഒന്ന് പുഞ്ചിരിച്ച ശേഷം പറഞ്ഞു: ഒരിക്കല്‍ അബ്‌സീനിയക്കാരായ കുറച്ച് പേര്‍ പള്ളിയില്‍ ആയുധാഭ്യാസ പ്രകടനം നടത്തുന്നുണ്ടായിരുന്നു. റസൂല്‍(സ) ചോദിച്ചു: 'നിനക്കത് കാണണമെന്ന് ആഗ്രഹമുണ്ടോ?' അതെ എന്ന് പറഞ്ഞപ്പോള്‍ എന്നെയും കൂട്ടി പോയി. ഞാനദ്ദേഹത്തിന്റെ പിറകില്‍നിന്ന് എന്റെ താടി അവിടുത്തെ തോളില്‍ വെച്ച് കവിള്‍ അവിടുത്തെ കവിളിനോട് ചേര്‍ത്തു വെച്ച് നോക്കിനിന്നു. കുറച്ച് കഴിഞ്ഞ്, മതിയോ എന്ന് ചോദിച്ചപ്പോള്‍, ധൃതി കാണിക്കല്ലേ; കുറച്ചൂടെ നില്‍ക്കാമെന്ന് ഞാന്‍ പറഞ്ഞു. വീണ്ടും എനിക്ക് മതിയാവോളം അദ്ദേഹം എന്റെ കൂടെ നിന്ന് അഭ്യാസ പ്രകടനങ്ങള്‍ കണ്ടു.
നിങ്ങളുടെ വസ്തുക്കളും മറ്റും അദ്ദേഹം ശ്രദ്ധിക്കുകയോ പരിഗണിക്കുകയോ ചെയ്യാറുണ്ടായിരുന്നോ?
ഒരു യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍ എന്റെ മാല വീണുപോയി. അത് തിരിച്ചു കിട്ടും വരെ അദ്ദേഹവും സ്വഹാബത്തും വഴിയില്‍ തന്നെ തമ്പടിച്ചു. യാത്രാ സംഘത്തിന്റെ കൈയിലുണ്ടായിരുന്ന വെള്ളവും മറ്റും തീര്‍ന്നു തുടങ്ങി. എന്റെ ഉപ്പ വന്ന് 'നിന്നെക്കൊണ്ടാണിപ്പോ ഇതൊക്കെ ഉണ്ടായത്' എന്നു പറഞ്ഞ് കുറ്റപ്പെടുത്തി. പക്ഷേ, റസൂല്‍(സ) അങ്ങനെ ഒരു വാക്ക് കൊണ്ടുപോലും കുറ്റപ്പെടുത്തിയില്ല. മാല തിരികെ കിട്ടുംവരെ അവിടെ തുടര്‍ന്നു. മറ്റൊരിക്കല്‍, ഇതുപോലെ മാല കളഞ്ഞുപോയപ്പോള്‍ അത് തെരയാന്‍ നിന്നതിനാല്‍ തിരികെയെത്താന്‍ വൈകുകയും ഞാന്‍ ഒട്ടകക്കട്ടിലിലുണ്ടെന്ന ധാരണയില്‍ യാത്രാ സംഘം പുറപ്പെടുകയും ചെയ്തു. ആ യാത്രയിലാണ് എനിക്കെതിരായ ആരോപണ സംഭവം ഉണ്ടായത്. മാല കളഞ്ഞു പോയ ഈ രണ്ട് സന്ദര്‍ഭത്തിലും അതിന്റെ പേരില്‍ എന്നെ ഒരിക്കലും കുറ്റപ്പെടുത്തി അദ്ദേഹം സംസാരിച്ചിട്ടില്ല.
അദ്ദേഹം എപ്പോഴെങ്കിലും നിങ്ങളെ പരിഗണിക്കാതെ ഭക്ഷണം കഴിച്ചിട്ടുണ്ടോ?
ഒരിക്കലുമില്ല- ആഇശ(റ) പറഞ്ഞു. വീട്ടില്‍ ഭക്ഷണം കുറവുള്ള ഒരു ദിവസം പേര്‍ഷ്യക്കാരനായ അയല്‍വാസി വന്ന് റസൂലിനെ ഭക്ഷണത്തിന് ക്ഷണിച്ചു. അപ്പോള്‍ റസൂല്‍(സ) ചോദിച്ചു: ഇവള്‍ക്കും ക്ഷണമുണ്ടോ? ഇല്ല, താങ്കളെ മാത്രമാണിന്ന് ഉദ്ദേശിക്കുന്നത്. അന്നേരം റസൂല്‍(സ) പറഞ്ഞു: എങ്കില്‍ ഞാനും വരുന്നില്ല. തിരിച്ചുപോയ അയല്‍വാസി അല്‍പനേരം കഴിഞ്ഞ് വീണ്ടും വന്ന് വിളിച്ചു. ആഇശ(റ)ക്കും ക്ഷണമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അതെ എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ചു പോയി കഴിച്ചു.
എപ്പോഴെങ്കിലും, ഇതിലും സൗകര്യത്തിലും സന്തോഷത്തിലും ജീവിക്കണമെന്ന ആഗ്രഹത്താല്‍ അദ്ദേഹവുമായി ബന്ധം വേര്‍പിരിയുന്നതിനെ കുറിച്ചാലോചിച്ചിട്ടുണ്ടോ?
വേര്‍പിരിയുകയോ? ചിരിച്ചുകൊണ്ട് ആഇശ(റ) ആശ്ചര്യപ്പെട്ടു. ഒരിക്കല്‍ ഞാനും അദ്ദേഹത്തിന്റെ ഇണകളില്‍ ചിലരും, കുറച്ചുകൂടി കൂടുതല്‍ ഭൗതിക സൗകര്യങ്ങള്‍ ഞങ്ങള്‍ക്ക് തന്നുകൂടേ എന്ന് അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്. അദ്ദേഹത്തിനത് വലിയ വിഷമമായി. എന്റെ ഉപ്പയും ഹഫ്‌സ്വ(റ)യുടെ ഉപ്പ ഉമറും(റ) വന്ന് ഞങ്ങളെ ശകാരിച്ചു. അന്നേരമാണ് സൂറത്തുല്‍ അഹ്‌സാബിലെ ആയത്തുകളിലൂടെ, 'ഭൗതിക മോഹങ്ങളാണ് വലുതെങ്കില്‍ പ്രവാചകരേ, അവരെ അവരുടെ വഴിക്ക് പറഞ്ഞയച്ചു കൊള്ളുക, അതല്ല അല്ലാഹുവും റസൂലും പരലോകവുമാണ് വലുതെങ്കില്‍ അവര്‍ക്ക് അല്ലാഹു ധാരാളം സൗകര്യങ്ങളുള്ള മറ്റൊരു ലോകം ഒരുക്കിവെച്ചിട്ടുണ്ട്' എന്ന് അറിയിക്കുന്നത്. ഈ ആയത്തിറങ്ങിയ ശേഷം റസൂല്‍(സ) എന്റെ അരികിലെത്തിയിട്ട് പറഞ്ഞു: 'നിന്റെ ഉപ്പയുമായി കൂടിയാലോചിച്ച് നീ ഒരു തീരുമാനം പറയൂ.' അന്നേരം ഞാന്‍ പറഞ്ഞു: 'അങ്ങയുടെ കാര്യത്തില്‍ ഞാനെന്റെ ഉപ്പയോട് കൂടിയാലോചിക്കുകയോ? ഞാനിതാ അല്ലാഹുവെയും അവന്റെ റസൂലിനെയും പരലോകത്തെയും തെരഞ്ഞെടുത്തിരിക്കുന്നു.' അതു കേട്ടപ്പോള്‍ റസൂല്‍(സ) യുടെ മുഖത്ത് സന്തോഷം നിറഞ്ഞു കണ്ടു.
98957 06961
(തുടരും)
Comments