Prabodhanm Weekly

Pages

Search

2022 സെപ്റ്റംബര്‍ 30

3270

റബീഉല്‍ അവ്വല്‍ 04

ഭൗതികവാദികളുടെ മൃതദേഹ പൂജ

സൈദലവി, ടി.എന്‍ പുരം 9747304385

2022 ജൂലൈ 22-ലെ പ്രബോധനത്തില്‍ ഡോ. ഉമര്‍ ഒ. തസ്‌നീമിന്റെ 'ജീവിക്കുന്ന മൃതദേഹങ്ങളും നിരീശ്വര തീര്‍ഥ കേന്ദ്രങ്ങളും' എന്ന ലേഖനം, ശരീരത്തെ ഭക്ഷണം നല്‍കി സംരക്ഷിക്കുന്നതു പോലെ ആത്മാവിന്റെ സംരക്ഷണത്തിന് ആത്മാവിന്റെ പട്ടിണിയും ദാഹവും അകറ്റേണ്ടതുണ്ടെന്ന് മതമില്ലാത്തവരും സമ്മതിക്കുന്നുവെന്ന് വിളിച്ചോതുന്നുണ്ട്. അതുകൊണ്ടാണല്ലോ ലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ച് പൂജിക്കാനും പ്രദക്ഷിണം വെക്കാനും പരമമായി സ്‌നേഹിക്കാനും ആശ്വാസം കൊള്ളാനും വേണ്ടി ലെനിന്റെ മൃതദേഹത്തെ സംരക്ഷിച്ചു നിര്‍ത്തുന്നത്. ഇവിടെ വിശ്വാസികള്‍ക്ക് അപകര്‍ഷതാ ബോധം ഒഴിവാക്കി ഔന്നത്യ ബോധത്തോടെ തങ്ങളുടെ വിശ്വാസത്തെ പ്രതി അഭിമാനിക്കാന്‍ കഴിയും. പക്ഷേ, രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഭൗതികവാദികള്‍ പരമമായി സ്‌നേഹിക്കുന്നതും ആശ്വാസം കൊള്ളുന്നതും ലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ച് ആന്തരികാവയവങ്ങള്‍ പോലുമില്ലാത്ത, അവര്‍ തന്നെ സംരക്ഷിച്ചുകൊണ്ടിരിക്കുന്ന അവര്‍ക്കൊരു ഉപകാരവും ചെയ്തുതരാന്‍ കഴിയാത്ത ലെനിന്റെ മൃതദേഹത്തെയാണ്. എന്നാല്‍, വിശ്വാസികള്‍ പരമമായി സ്‌നേഹിക്കുന്നതും ആരാധിക്കുന്നതും ആശ്വാസം കൊള്ളുന്നതും ഈ ലോകം മുഴുവന്‍ സൃഷ്ടിച്ച് സംരക്ഷിച്ച്, നിയന്ത്രിച്ച്, പരിപാലിച്ചു പോരുന്ന (ചിന്തിക്കുന്നവര്‍ക്ക് അതിനുള്ള തെളിവുകള്‍ നിരന്നു കിടക്കുകയാണ്) എന്നെന്നും ജീവിച്ചുകൊണ്ടിരിക്കുന്ന സര്‍വ ശക്തനായ ദൈവത്തെയാണ്.
എന്നാല്‍, ഇത് വിശ്വാസികള്‍ക്ക് ഔന്നത്യബോധത്തോടെ പറയാനാവണമെങ്കില്‍ ഖുര്‍ആന്‍ വായിച്ചും പഠിച്ചും, ദൈവത്തിന്റെ സൃഷ്ടിമാഹാത്മ്യത്തെക്കുറിച്ച് ചിന്തിച്ചും ദൈവത്തിന്റെ മഹത്വം സ്വയം ബോധ്യപ്പെടേണ്ടതുണ്ട്. അതുകൊണ്ടാണ് ആദ്യമായിത്തന്നെ ഖുര്‍ആന്‍ വായിക്കാനും പഠിക്കാനും, ഇടക്കിടക്ക് 'നിങ്ങള്‍ ചിന്തിക്കുന്നില്ലേ' എന്ന് ചോദിച്ചുകൊണ്ട് ചിന്തിക്കാനും നമ്മെ പ്രേരിപ്പിക്കുന്നത്. ഇത് പ്രത്യേകം എടുത്തുപറയാന്‍ കാരണം, വായനയും പഠനവും ചിന്തയുമില്ലാത്തത് കാരണം നല്ലൊരു ശതമാനം വിശ്വാസികള്‍ പരമ്പരാഗതമായ അന്ധവിശ്വാസങ്ങള്‍ക്കടിപ്പെട്ടുപോയിരിക്കുന്നു എന്നതുകൊണ്ടാണ്. മഹാന്മാരെന്ന് പറയപ്പെട്ടിരുന്ന മണ്‍മറഞ്ഞ വ്യക്തിത്വങ്ങളുടെ കൈയിലാണ് ലോകത്തിന്റെ നിയന്ത്രണം എന്ന് പറയുവോളം അന്ധവിശ്വാസങ്ങളുടെ നില എത്തിനില്‍ക്കുന്നു. അതു മാത്രമല്ല, ഭൗതിക ജീവിതമേഖല നീതിപൂര്‍വവും സമ്പന്നവുമാക്കുന്നതില്‍ വിശ്വാസികളുടെ ഭാഗത്തുനിന്ന് രാഷ്ട്രീയ-സാമൂഹിക-ശാസ്ത്ര മേഖലകളിലും മറ്റും കാര്യമായ സംഭാവനകളൊന്നുമില്ല. അതുകൊണ്ടുതന്നെയാണ് ശാസ്ത്രത്തിന്റെ കുത്തക അവകാശപ്പെടുന്ന ഭൗതിക വാദികള്‍, മതവിശ്വാസികള്‍ അന്ധവിശ്വാസികളാണെന്ന് മുദ്രകുത്തുന്നതും. യഥാര്‍ഥത്തില്‍ ഏറ്റവും വലിയ അന്ധവിശ്വാസികള്‍ പ്രദക്ഷിണം വെക്കാനും ആശ്വാസം കൊള്ളാനും വേണ്ടി മൃതദേഹത്തെ സംരക്ഷിച്ചു നിര്‍ത്തുന്നവരാണ്. മറ്റു ശാസ്ത്രീയ മേഖലകളിലെല്ലാം വിവേകമുപയോഗിച്ച് അവര്‍ നിരീക്ഷണവും പഠനവും നടത്തുന്നുണ്ടെങ്കിലും, ആത്മാവിന്റെ ദാഹശമനത്തിന് ആരെയാണ് ആരാധിക്കേണ്ടതെന്ന വിഷയത്തില്‍ അല്‍പം പോലും പഠനവും നിരീക്ഷണവും അവര്‍ നടത്തുന്നില്ല. ഈ വിഷയത്തില്‍ അവരിലെ ബുദ്ധിജീവികള്‍ എന്നറിയപ്പെടുന്ന ഉന്നത സ്ഥാനീയര്‍ പോലും ഇതേ അവസ്ഥയില്‍ തന്നെ. 
ഇതുപോലെത്തന്നെ ശരീര സംരക്ഷണത്തിന്, അതായത് പട്ടിണിയും പേടിയുമകറ്റാന്‍ മേല്‍പറഞ്ഞ ശാസ്ത്രവാദികള്‍ പല നിയമങ്ങളും നിര്‍മിച്ചുണ്ടാക്കി നടപ്പാക്കി അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്. എന്നാല്‍, ദൈവം നമുക്ക് അവന്റെ അപാരമായ കാരുണ്യത്താല്‍ ആത്മാവിന്റെ സംരക്ഷണത്തിന് ആരാധന വ്യവസ്ഥാ നിയമങ്ങള്‍ തന്നതുപോലെ ശരീര സംരക്ഷണത്തിന് പട്ടിണിയും പേടിയുമകറ്റാന്‍ ദൈവിക നീതിവ്യവസ്ഥാ നിയമങ്ങളും തന്നിട്ടുണ്ട്. നമ്മെ അവന്‍ വഴിയറിയാതെ അലയാന്‍ വിട്ടിട്ടില്ല. അതുകൊണ്ടുതന്നെയാണ് ഇസ്‌ലാം ഇഹപര സൗഭാഗ്യത്തിനുള്ളതാണെന്ന് നാം പറയുന്നതും.
എന്നാല്‍, ഈ മേഖലയിലും ദൈവിക നീതിവ്യവസ്ഥയുടെ മഹത്വം പഠന വിധേയമാക്കാന്‍ മതവിശ്വാസികളില്‍ നല്ലൊരു ശതമാനം കാര്യമായ ശ്രമം നടത്തിയിട്ടില്ല. പരമ്പരാഗതമായി കിട്ടിയ അന്ധവിശ്വാസങ്ങളിലും നിയമങ്ങളിലും അവര്‍ സംതൃപ്തിയടയുന്നു. അതുകൊണ്ടുതന്നെ ദൈവികാരാധനാ വ്യവസ്ഥയും നീതിവ്യവസ്ഥയും രണ്ടും ചേര്‍ന്നുകൊണ്ടുള്ള കൃത്യമായൊരു മാതൃക പ്രായോഗികമായി അവതരിപ്പിക്കുന്നതില്‍ പില്‍ക്കാല മുസ്‌ലിം ലോകം പരാജയപ്പെട്ടു. ആത്മീയത മതത്തിന്റെ ആത്മാവും മര്‍മവുമാണെങ്കിലും ആത്മീയതയില്‍ ലയിച്ച് ആത്മീയാരാധന വ്യവസ്ഥാ നിയമങ്ങള്‍ സ്ഥാപിക്കുന്നതില്‍ നിഷ്ഠ പുലര്‍ത്തിയെങ്കിലും ദൈവിക നീതിവ്യവസ്ഥാ നിയമങ്ങള്‍ സ്ഥാപിക്കുന്നതില്‍ അത്ര നിഷ്ഠ പുലര്‍ത്തിയില്ല. ഒരുതരം അവഗണനയും വിവേചനവും പ്രായോഗികതയില്‍ സംഭവിച്ചു. സത്യത്തില്‍ ദൈവത്തിന്റെ ആരാധന വ്യവസ്ഥാ നിയമങ്ങളും നീതിവ്യവസ്ഥാ നിയമങ്ങളും തമ്മില്‍ ആത്മാവും ശരീരവും പോലെ അഭേദ്യമായ ബന്ധമുണ്ട്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-19-22

ഹദീസ്‌

'നായകളും ഒരു സമുദായമാണ്'
അബ്ദുല്ലത്വീഫ് കൊടുവള്ളി