Prabodhanm Weekly

Pages

Search

2022 സെപ്റ്റംബര്‍ 30

3270

റബീഉല്‍ അവ്വല്‍ 04

ഇന്ത്യയിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍  അതിജീവനത്തിലെ  അനിശ്ചിതത്വങ്ങള്‍

ഡോ. ഹിശാമുല്‍ വഹാബ് [email protected]

ഇന്ത്യയിലേക്ക് അഭയം തേടിവന്ന ആയിരക്കണക്കിന് റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ അതിജീവനത്തിന്റെ മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് ബി.ജെ.പി സര്‍ക്കാര്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിടുകയാണ്. റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കുള്ള ഭവനപദ്ധതി പ്രഖ്യാപിച്ച കേന്ദ്ര ഭവന - നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ ഒരു ട്വിറ്റര്‍ പോസ്റ്റ് വളരെ പ്രതീക്ഷകള്‍ക്ക് വക നല്‍കിയെങ്കിലും, അതിനു അല്‍പായുസ്സേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ വാക്കുകളില്‍: 'രാജ്യത്ത് അഭയം തേടിയവരെ ഇന്ത്യ എപ്പോഴും സ്വാഗതം ചെയ്തിട്ടുണ്ട്. ഒരു സുപ്രധാന തീരുമാനത്തിന്റെ ഭാഗമായി എല്ലാ റോഹിങ്ക്യന്‍ അഭയാര്‍ഥികളെയും ദല്‍ഹിയിലെ ബക്കര്‍വാല ഏരിയയില്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി നിര്‍മിക്കുന്ന ഫ്‌ളാറ്റുകളിലേക്ക് മാറ്റും. അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും യു.എന്‍.എച്ച്.സി.ആര്‍ ഐഡികളും മുഴു സമയം ദല്‍ഹി പോലീസ് സംരക്ഷണവും നല്‍കും'. അതോടൊപ്പം തൊട്ടുതാഴെ ഇതുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു: 'ഇന്ത്യയുടെ അഭയാര്‍ഥി നയത്തെ പൗരത്വഭേദഗതി നിയമവുമായി മനപ്പൂര്‍വം ബന്ധിപ്പിച്ചുകൊണ്ട് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍  നിരാശരാകും. 1951-ലെ യു.എന്‍ അഭയാര്‍ഥി കണ്‍വെന്‍ഷനെ ഇന്ത്യ മാനിക്കുകയും പിന്തുടരുകയും ചെയ്യുന്നു. എല്ലാവര്‍ക്കും അവരുടെ വംശമോ മതമോ പരിഗണിക്കാതെ അഭയം നല്‍കുന്നുണ്ട്.'
ഈ ട്വീറ്റിന് ശേഷം, ദ്രുതഗതിയിലുണ്ടായ ഹിന്ദുത്വ സംഘടനകളുടെ സമ്മര്‍ദ തന്ത്രങ്ങളുടെ ഫലമായി, മണിക്കൂറുകള്‍ക്കകം ആഭ്യന്തര മന്ത്രാലയം മന്ത്രി ഹര്‍ദീപിന്റെ അഭിപ്രായത്തെ തള്ളിക്കളയുകയാണുണ്ടായത്. മന്ത്രിക്കെതിരെ തിരിഞ്ഞ വിശ്വഹിന്ദു പരിഷത്ത് റോഹിങ്ക്യകളെ 'നുഴഞ്ഞുകയറ്റക്കാര്‍' എന്ന് വിശേഷിപ്പിച്ചുകൊണ്ട് അവരെ ഇന്ത്യയില്‍ നിന്ന് പുറന്തള്ളണമെന്നും ആവശ്യപ്പെട്ടു. അതിനു ശേഷമാണ് ആഭ്യന്തര മന്ത്രാലയം ഇങ്ങനെ  പ്രഖ്യാപിച്ചത്: 'അനധികൃത വിദേശികളെ നിയമപ്രകാരം നാടുകടത്തുന്നത് വരെ ഡിറ്റന്‍ഷന്‍ സെന്ററില്‍ പാര്‍പ്പിക്കണം. ദല്‍ഹി സര്‍ക്കാര്‍ നിലവിലെ സ്ഥലം തടങ്കല്‍ കേന്ദ്രമായി പ്രഖ്യാപിച്ചിട്ടില്ല. ഇവരോട് ഉടന്‍ തന്നെ അത് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.'
ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ കണക്കനുസരിച്ച്, ഏകദേശം 40,000 റോഹിങ്ക്യകള്‍ ഇന്ത്യയിലുണ്ട്. അവരില്‍ 20,000 പേരെങ്കിലും യു.എന്‍ മനുഷ്യാവകാശ കമീഷനില്‍ രജിസ്റ്റര്‍ ചെയ്തവരാണ്. അവര്‍ പ്രധാനമായും അധിവസിക്കുന്നത് ദല്‍ഹിയിലെ കാളിന്ദി കുഞ്ചിലും കഞ്ചന്‍ കുഞ്ചിലും ഹരിയാനയിലെ മേവാത്തിലും ഹൈദരാബാദിലും ബംഗളൂരിലും ജമ്മുവിലുമാണ്.   
വളരെ പരിമിതമായ സൗകര്യങ്ങളുമായി, തുണിയും മുളയും വെച്ച് മറച്ചുകെട്ടിയ കുടിലുകളില്‍ താമസിക്കുന്ന ഇവര്‍ക്ക് സ്ഥിരവരുമാനമുള്ള ജോലികള്‍ ലഭിക്കാന്‍ നിയമപരമായ തടസ്സമുണ്ട്. അതിനാല്‍ തന്നെ തുഛമായ കൂലിക്ക് പണിയെടുക്കാന്‍ നിര്‍ബന്ധിതരായ ഇവരുടെ സാമ്പത്തികസ്ഥിതി വളരെ പരിതാപകരമാണ്. അതിനു പുറമെ, ഇടക്കിടക്ക് സംഭവിക്കുന്ന തീപ്പിടിത്തം ഇവരുടെ കൂരകളെയും സമ്പാദ്യങ്ങളെയും  നശിപ്പിക്കുകയും ചെയ്യുന്നു. നിലവിലെ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നയം, ഇത്തരം റോഹിങ്ക്യന്‍ അധിവാസ സ്ഥലങ്ങളെ തടങ്കല്‍ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചുകൊണ്ട് പിന്നീട് അവരെ മ്യാന്മറിലേക്ക് തിരിച്ചയക്കണമെന്നാണ്. അന്താരാഷ്ട്ര നിയമ നിയന്ത്രണങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്ന ഇന്ത്യയുടെ അഭയാര്‍ഥിനയം താല്‍ക്കാലികരൂപത്തിലുള്ളതും  ഏകപക്ഷീയവുമാണെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. അതിനാല്‍ തന്നെ കേവല മാനുഷിക പരിഗണനകള്‍ക്കപ്പുറം വ്യക്തമായ നയം രൂപപ്പെടുത്താന്‍ മാറിവന്ന സര്‍ക്കാരുകള്‍ ശ്രമിച്ചിട്ടില്ല.
റോഹിങ്ക്യന്‍ മുസ്‌ലിംകളെ ആഗോള മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് 'ലോകത്തെ ഏറ്റവും തിരസ്‌കരിക്കപ്പെട്ട ന്യൂനപക്ഷങ്ങളില്‍ ഒന്ന്' എന്നും 'ഏറ്റവും പീഡിപ്പിക്കപ്പെട്ട ജനത' എന്നുമാണ്. റോഹിങ്ക്യകളെ സംബന്ധിച്ചേടത്തോളം മ്യാന്മറിലേക്കുള്ള തിരിച്ചുപോക്ക് വംശഹത്യയിലേക്കുള്ള അന്തിമ യാത്രയാണ്. കഴിഞ്ഞ വര്‍ഷം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത സൈനികഭരണകൂടം പതിറ്റാണ്ടുകളായി റോഹിങ്ക്യന്‍വിരുദ്ധ വംശഹത്യയില്‍ ഭാഗഭാക്കാണ്. മ്യാന്മറിലെ റാഖൈന്‍ (അറാകാന്‍) സംസ്ഥാനത്ത് നിവസിക്കുന്ന റോഹിങ്ക്യന്‍ വംശം 2017-ന് മുമ്പ് പതിനാല് ലക്ഷം അംഗസംഖ്യയുള്ള പ്രധാന ന്യൂനപക്ഷങ്ങളിലൊന്നായിരുന്നു. പടിഞ്ഞാറന്‍ മ്യാന്മറിലെ തദ്ദേശീയ ജനവിഭാഗമാണെന്ന് പ്രഖ്യാപിക്കുന്ന റോഹിങ്ക്യകള്‍ നൂറ്റാണ്ടുകളുടെ ചരിത്രം കൈവശമുള്ളവരാണ്. പക്ഷേ, മ്യാന്മറിലെ മാറിവന്ന സര്‍ക്കാറുകളെല്ലാം തന്നെ ആരോപിക്കുന്നത്, റോഹിങ്ക്യകള്‍ ബ്രിട്ടീഷ് കൊളോണിയല്‍ കാലത്തും അതിനു ശേഷവും കുടിയേറിയ ബംഗ്ലാദേശി വംശക്കാരാണ് എന്നാണ്. ഈ വംശീയ വിവേചനം നിയമപരമായി നടപ്പാക്കപ്പെടുന്നത് 1978-ലെ സൈനിക ഭരണകൂടത്തിന്റെ  'പൗരന്മാരല്ലാത്തവരില്‍ നിന്ന് വേര്‍തിരിക്കല്‍' നയത്തിലൂടെയാണ്. റോഹിങ്ക്യകളുടെ ദേശീയ രജിസ്ട്രേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്ത സൈന്യം പിന്നീടവ അവര്‍ക്ക് നിഷേധിച്ചു. അതിനു ശേഷം അരങ്ങേറിയ വംശീയ അക്രമത്തെ തുടര്‍ന്ന് രണ്ടുലക്ഷം റോഹിങ്ക്യകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു.
1982-ല്‍ സൈനിക ഭരണകൂടം നടപ്പാക്കിയ പൗരത്വനിയമം റോഹിങ്ക്യകളെ അംഗീകരിക്കപ്പെട്ട 135 ദേശീയ വംശങ്ങളില്‍ നിന്ന് പുറന്തള്ളുകയും അവരെ രാഷ്ട്ര രഹിതരാക്കുകയും ചെയ്തു. ഈ നിയമത്തിന് ആധാരമായി കണക്കാക്കുന്നത് 1824-ല്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണം നടത്തിയ സര്‍വെയില്‍ ഉള്‍പ്പെട്ട സമുദായങ്ങളുടെ ലിസ്റ്റാണ്. ഇത്തരമൊരു മാനദണ്ഡം വെച്ചുകൊണ്ടാണ് അറാകാന്‍ സംസ്ഥാനത്ത് നൂറ്റാണ്ടുകളായി വസിച്ചുവന്ന ഒരു സമുദായത്തിന്റെ പൗരത്വത്തെ നിഷേധിക്കുന്നത്. 1982-ലെ പൗരത്വ നിയമം പിന്നീട് നടന്ന എല്ലാ തരത്തിലുമുള്ള അക്രമം, ശിക്ഷ, നിയന്ത്രണങ്ങള്‍, മനുഷ്യത്വ രഹിത കുറ്റകൃത്യങ്ങള്‍ എന്നിവക്കെല്ലാം ന്യായീകരണമായി മാറി എന്നാണ് റോഹിങ്ക്യന്‍ സാമൂഹിക പ്രവര്‍ത്തകനായ മാവുംഗ് സര്‍നി പറയുന്നത്. അദ്ദേഹം പറയുന്നത്,  മുസ്‌ലിം വിരുദ്ധ വംശീയത മ്യാന്മര്‍ സൈന്യത്തിന്റെ നിയമങ്ങളില്‍ പ്രകടമാണ് എന്നാണ്. ഈ പൗരത്വ നിയമത്തോടുകൂടി റോഹിങ്ക്യകളുടെ രാഷ്ട്രീയ ഇടപെടലുകള്‍ നിലക്കുകയും പാര്‍ലമെന്ററി പ്രാതിനിധ്യം അവസാനിക്കുകയും ചെയ്തു.
1988-ലെ, ജനാധിപത്യത്തിനു വേണ്ടിയുള്ള  പ്രക്ഷോഭത്തില്‍ റോഹിങ്ക്യന്‍ നേതാക്കള്‍ പങ്കെടുക്കുകയും തുടര്‍ന്നുണ്ടായ തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത നാഷണല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന രാഷ്ട്രീയ കക്ഷി നിരോധിക്കപ്പെടുകയും ചെയ്തു. അതിന്റെ ഭാഗമായി ധാരാളം നേതാക്കളെ ജയിലിലടക്കുകയും പീഡിപ്പിക്കുകയും ചെയ്തു.  1982-ല്‍ പൗരത്വ നിയമത്തിന്റെ മറപിടിച്ച് റോഹിങ്ക്യന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ദീര്‍ഘ കാലത്തേക്ക് തടവ് ശിക്ഷ നല്‍കി. ബര്‍മീസ് വംശജരല്ലാത്തവരായതിനാല്‍ അവരുടെ പൗരത്വം സൈന്യം എടുത്തുകളഞ്ഞു.  നിലവില്‍ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് മ്യാന്മറില്‍ വോട്ട് ചെയ്യാനുള്ള അവകാശമോ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള അനുമതിയോ ഇല്ല.
1991-ലെ സൈനിക അട്ടിമറിക്ക് ശേഷം സൈന്യം അഴിച്ചുവിട്ട അക്രമങ്ങള്‍ വീണ്ടുമൊരു കൂട്ടപലായനത്തിന് കളമൊരുക്കി. സൈന്യം ആസൂത്രണം ചെയ്യുന്ന നിര്‍ബന്ധിത തൊഴിലെടുപ്പ്, ലൈംഗിക പീഡനം, വീടുകള്‍ പിടിച്ചെടുക്കല്‍, സ്വത്ത് കൈയേറല്‍, പള്ളികള്‍ തകര്‍ക്കല്‍, മതപരമായ ആരാധനകള്‍ക്കുള്ള വിലക്ക് തുടങ്ങിയവ റോഹിങ്ക്യന്‍ സ്വത്വബോധത്തെ തകര്‍ക്കാനുള്ള ആസൂത്രിത പദ്ധതികളായിരുന്നു. രണ്ടര ലക്ഷം റോഹിങ്ക്യന്‍ അഭയാര്‍ഥികളാല്‍ വീര്‍പ്പുമുട്ടിയ ബംഗ്ലാദേശ് പിന്നീട് മ്യാന്മറുമായി ഉണ്ടാക്കിയ കരാര്‍പ്രകാരം അഭയാര്‍ഥികള്‍ക്ക് തിരിച്ചുപോകാനുള്ള അനുമതി നേടിയെടുക്കുകയാണുണ്ടായത്.
മ്യാന്മര്‍ സൈന്യവും ഭൂരിപക്ഷജനതയും നിലനില്‍ക്കുന്നത് രണ്ടു വ്യത്യസ്ത ആശയാടിത്തറകളിലാണ്. ഒന്ന്, ബര്‍മീസ് ദേശീയത. രണ്ട്,  ഥേരവാദ ബുദ്ധിസം. 2011 വരെ നീണ്ടുനിന്ന സൈനിക ഏകാധിപത്യത്തിനു കീഴില്‍ വംശീയ ന്യൂനപക്ഷങ്ങളെ ബുദ്ധിസത്തിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താന്‍ ശ്രമങ്ങളുണ്ടായിട്ടുണ്ട്. ഏകശിലാ സംസ്‌കാരം നിര്‍മിച്ചെടുത്ത് മ്യാന്മറിനെ വരുതിയിലാക്കാന്‍ ശ്രമിക്കുന്ന സൈന്യത്തിന് പലപ്പോഴും പിന്തുണ നല്‍കി റോഹിങ്ക്യന്‍ വിരുദ്ധ വംശഹത്യക്ക് കളമൊരുക്കിയത് തീവ്ര ബുദ്ധിസ്റ്റ് സംഘങ്ങളാണ്. 2012 ജൂണിലെ വംശീയ ആക്രമണത്തിന് നേതൃത്വം നല്‍കിയ '1969' പ്രസ്ഥാനത്തിന്റെ മുന്‍നിരയിലുണ്ടായ വിരാതു എന്ന സന്യാസിയെ ടൈം മാഗസിന്‍ വിശേഷിപ്പിച്ചത് 'ബുദ്ധിസ്റ്റ് ഭീകരതയുടെ മുഖം' എന്നാണ്. മുസ്‌ലിംകളുടെ വ്യാപാര സേവന സ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത ഈ പ്രസ്ഥാനത്തിന്റെ കുപ്രചാരണങ്ങള്‍ ഒന്നേകാല്‍ ലക്ഷം റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ ആഭ്യന്തര സ്ഥാനചലനത്തിന് കാരണമായി. ദലൈലാമ പോലുള്ള ആഗോള ബുദ്ധനേതാക്കള്‍ അക്രമങ്ങളെ അപലപിച്ചെങ്കിലും റോഹിങ്ക്യന്‍ വിരുദ്ധവികാരം മ്യാന്മറില്‍ ശക്തമാണ് എന്നതാണ് യാഥാര്‍ഥ്യം.
റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ ഇതുവരെ നടന്നതില്‍ ഗൗരവമേറിയ വംശഹത്യയാണ് 2017-ല്‍ സൈന്യവും തീവ്ര ബുദ്ധ സംഘങ്ങളും അഴിച്ചുവിട്ടത്. റോഹിങ്ക്യന്‍ പ്രതിരോധ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താന്‍ സൈന്യം നടത്തിയ നരനായാട്ടും അക്രമങ്ങളും ഏഴു ലക്ഷത്തോളം റോഹിങ്ക്യകളെ ബംഗ്ലാദേശില്‍ അഭയം തേടാന്‍ നിര്‍ബന്ധിതരാക്കി. ഇക്കാലയളവില്‍ ഭരണം കൈകാര്യം ചെയ്തിരുന്ന പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും നൊബേല്‍ ജേതാവുമായ ആംഗ് സാന്‍ സൂകിയുടെ നിശ്ശബ്ദതയും നിസ്സംഗതയും വളരെയേറെ ചോദ്യം ചെയ്യപ്പെടുകയുണ്ടായി. 2018 ആഗസ്റ്റില്‍ ഐക്യ രാഷ്ട്ര സഭ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട്, മ്യാന്മര്‍ സൈന്യം കൂട്ടക്കൊലകളും ബലാത്സംഗങ്ങളും 'വംശഹത്യാ ഉദ്ദേശ്യത്തോടെ' നടത്തുന്നതായി ആരോപിച്ചിട്ടുണ്ട്. എന്നാല്‍, 2019 ഡിസംബറില്‍ സൂകി വംശഹത്യാ ആരോപണങ്ങള്‍ നിഷേധിച്ചു. ആഗോള നീതിന്യായ കോടതിയില്‍ വിചാരണ നടത്തപ്പെട്ട ഈ വംശഹത്യയെ ന്യായീകരിച്ച് സൂകി പറഞ്ഞത് മ്യാന്മറിന്റെ മുഖം മാധ്യമങ്ങള്‍ വികൃതമായി അവതരിപ്പിക്കുന്നു എന്നാണ്. അതിനാല്‍ തന്നെ തെരഞ്ഞെടുക്കപ്പെട്ട, പൗരാവകാശ സംരക്ഷണം മുഖമുദ്രയാക്കിയ ഭരണകൂടങ്ങളുടെ റോഹിങ്ക്യന്‍ മുസ്‌ലിംകളോടുള്ള പെരുമാറ്റം സൈന്യത്തില്‍ നിന്ന് ഏറെയൊന്നും വ്യത്യസ്തമല്ല എന്നതാണ് അനുഭവ യാഥാര്‍ഥ്യം.
ഇത്തരമൊരു  ഭീകരമായ അന്തരീക്ഷത്തില്‍ റോഹിങ്ക്യന്‍ മുസ്‌ലിംകളോട് മ്യാന്മറിലേക്ക് തിരിച്ചുപോകാന്‍ കല്‍പ്പിക്കുന്ന ഏതൊരു നടപടിയും അവരുടെ അതിജീവനത്തെ ഏറെ അപകടപ്പെടുത്തുകയേയുള്ളൂ. അവരെക്കുറിച്ചുള്ള തെറ്റിദ്ധാരണാജനകമായ ആഖ്യാനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് അപരവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ സംഘ് പരിവാര്‍ തുടര്‍ച്ചയായി നടത്തിവരുന്നു. ഈ വര്‍ഷം രാമനവമിയുമായി ബന്ധപ്പെട്ട് ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ നടന്ന സംഘ് ആസൂത്രിത അക്രമങ്ങളും പിന്നീടുണ്ടായ ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള തകര്‍ക്കലും ന്യായീകരിക്കപ്പെട്ടത് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കെതിരെയുള്ള നടപടിയായിട്ടാണ്. ദല്‍ഹി ബി.ജെ.പി പ്രസിഡന്റ് ആദേശ് കുമാര്‍ ഗുപ്ത പറഞ്ഞത്, 'റോഹിങ്ക്യകളെയും ബംഗ്ലാദേശികളെയും സംരക്ഷിക്കുന്ന ആം ആദ്മി പാര്‍ട്ടി അവരുടെ കൈയേറ്റങ്ങള്‍ നീക്കം ചെയ്യുന്നതില്‍ പരിഭ്രാന്തരാണ്, മമതാ ബാനര്‍ജി റോഹിങ്ക്യകളെയും ബംഗ്ലാദേശികളെയും ഇന്ത്യയില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നു, കെജ്‌രിവാള്‍ അവര്‍ക്ക് സൗജന്യങ്ങളും പാര്‍പ്പിടവും നല്‍കുന്നു' എന്നൊക്കെയാണ്. എന്നാല്‍, ആം ആദ്മിയുടെ മനീഷ് സിസോദിയ ഈ ആരോപണത്തിന് മറുപടിയായി പറഞ്ഞത് ഇങ്ങനെയാണ്: 'റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് രാജ്യതലസ്ഥാനത്ത് സ്ഥിരതാമസമൊരുക്കാന്‍, എട്ടു വര്‍ഷമായി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ 'രഹസ്യമായി' ശ്രമിക്കുകയായിരുന്നു.' 
വിവിധ സംസ്ഥാനങ്ങളില്‍ അധികാരത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികളെ സമ്മര്‍ദത്തിലാക്കാന്‍ ബി.ജെ.പി ശ്രമിക്കുമ്പോള്‍ അതേ പാര്‍ട്ടികള്‍ കേവലം വാചാടോപങ്ങളില്‍ അഭിരമിച്ച് റോഹിങ്ക്യന്‍ അഭയാര്‍ഥികളെ കൈയൊഴിയുകയാണ് ചെയ്യുന്നത്.  'റോഹിങ്ക്യ', 'ബംഗ്ലാദേശി', 'ബംഗാളി', 'അനധികൃത കുടിയേറ്റക്കാരന്‍' എന്നിങ്ങനെയുള്ള മുനവെച്ച പദപ്രയോഗങ്ങള്‍ അസം പൗരത്വ പട്ടികക്കു ശേഷം തടങ്കല്‍ പാളയത്തിലേക്ക് അയക്കപ്പെടേണ്ടവരുടെ മേല്‍വിലാസങ്ങളാണ്. 'അഭയാര്‍ഥി' എന്ന പദപ്രയോഗത്തിന്റെ മാനവികതയും സഹജീവി സഹകരണവും പോലും നിഷേധിച്ചുകൊണ്ട് മേല്‍പറഞ്ഞ പദങ്ങള്‍ ഉപയോഗിക്കുന്നവര്‍ 'അപരരുടെ' വംശീയ ഉന്മൂലനത്തിനുവേണ്ടി വാദിക്കുന്നവരാണ്. മറ്റൊരര്‍ഥത്തില്‍, പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കും ശേഷമുള്ള ഇന്ത്യയിലെ മുസ്‌ലിംജീവിതത്തിന്റെ സമകാലിക പതിപ്പാണ് റോഹിങ്ക്യകളുടെ ദൈനംദിന അതിജീവനം. മ്യാന്മറില്‍ സൈന്യം നടത്തിയ പൗരത്വ പരീക്ഷണങ്ങളുടെ ആവര്‍ത്തനമാണ് ഇന്ത്യയില്‍ ഇന്ന് ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്നത്.  
ഇതിന്റെയൊക്കെ ആത്യന്തിക ലക്ഷ്യം എന്നത് മുസ്‌ലിം സമുദായത്തെ ഇന്ത്യന്‍ പൗരത്വത്തില്‍ നിന്ന് നീക്കം ചെയ്ത് രണ്ടാം കിട പൗരന്മാരാക്കുക എന്ന സംഘ് അജണ്ടയാണ്. അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ എന്ന പേരില്‍ ഇന്ത്യയിലുടനീളം നിര്‍മിച്ചുകൊണ്ടിരിക്കുന്ന പത്തോളം വരുന്ന തടങ്കല്‍പാളയങ്ങള്‍ ഇതേ ലക്ഷ്യത്തിന്റെ ഭാഗമാണ്.
റോഹിങ്ക്യന്‍ ജനതയുടെ ഇന്ത്യയിലെ ഈ പരിതാപകരമായ സ്ഥിതിയെ സഹാനുഭൂതിയോടെ നോക്കിക്കാണുന്ന ധാരാളം സര്‍ക്കാരിതര സംഘടനകളുടെ പിന്‍ബലത്തിലാണ് അവര്‍ അതിജീവിക്കുന്നത്.
റോഹിങ്ക്യന്‍ അഭയാര്‍ഥികളായി ഇന്ത്യയിലെത്തിയ സബീര്‍, ജാഫറുല്ല, അലി ജൗഹര്‍ എന്നിവര്‍ ദല്‍ഹിയില്‍ രൂപം നല്‍കിയ റോഹിങ്ക്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഇനിഷ്യേറ്റീവ് അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട സംഘടനയാണ്. ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷനും 'മൈല്‍സ് ടു സ്മൈല്‍സ്' സംഘടനയും അടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ റോഹിങ്ക്യകള്‍ക്ക് വാസസ്ഥലത്തിനും ഭക്ഷണത്തിനും സ്വയംതൊഴിലിനും വേണ്ടിയുള്ള സഹകരണങ്ങള്‍ നല്‍കുന്നുണ്ട്. പൊതുവേ പിന്നാക്കം നില്‍ക്കുന്ന ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ ഭാഗത്തു നിന്നുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളും രാജ്യത്തുടനീളമുള്ള ജനതയുടെ സംഭാവനകളും ദേശാതീതമായൊരു സാഹോദര്യത്തിന്റെ പ്രതീകമാണ്. അനിശ്ചിതമായൊരു ഭാവിയെ കാത്തിരിക്കുന്ന റോഹിങ്ക്യന്‍ സമൂഹത്തിനുവേണ്ടി ശബ്ദിക്കാനും ഭരണകൂട നിലപാടുകളെ ചോദ്യം ചെയ്യാനും മാനവികതയുടെ വിശാല താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള പരിശ്രമങ്ങള്‍ അത്യന്തം അനിവാര്യമാണ്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-19-22

ഹദീസ്‌

'നായകളും ഒരു സമുദായമാണ്'
അബ്ദുല്ലത്വീഫ് കൊടുവള്ളി