മലയാളത്തിലേ ക്കൊരു ഖുര്‍ആന്‍ പരിഭാഷ കൂടി
നാം മലയാളികള്‍ ഖുര്‍ആന്‍ പരിഭാഷകള്‍ കൊണ്ട് നിരന്തരം അനുഗൃഹീതരാണ്. ഭാഗികവും പൂര്‍ണവുമായ നിരവധി പരിഭാഷകള്‍, വ്യാഖ്യാനങ്ങള്‍, വിസ്തൃതമായ പഠനങ്ങള്‍. വിശ്വോത്തര പണ്ഡിതന്‍മാരായ സയ്യിദ് മൗദൂദി, ശഹീദ് സയ്യിദ് ഖുത്വ്ബ് തുടങ്ങിയവരുടെ സമ്പൂര്‍ണ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ മുതല്‍ ടി.കെ ഉബൈദ്, സി.എന്‍ അഹമ്മദ് മൗലവി, അമാനി മൗലവി തുടങ്ങിയ മലയാളി പണ്ഡിതന്‍മാരുടെയും രചനകള്‍ വരെ ഇന്ന് ലഭ്യമാണ്. കൂടാതെ മറ്റ് എഴുത്തുകാരുടെതായി നിരവധി പരിഭാഷകളും വ്യാഖ്യാനങ്ങളും. പദ്യപരിഭാഷകള്‍ തന്നെ നമുക്ക് മൂന്നെണ്ണമുണ്ട്; ഇതിനൊക്കെയും വായനക്കാരും. നമ്മുടെ ഖുര്‍ആന്‍ അഭിനിവേശത്തിന്റെ നിദര്‍ശനമാണിത്.
ഇപ്പോഴിതാ നമുക്ക് മറ്റൊരു പ്രധാനപ്പെട്ട ഖുര്‍ആന്‍ തഫ്‌സീറുകൂടി ലഭ്യമായിരിക്കുന്നു. അബ്ദുല്ലാ യൂസുഫലിയുടെ ഇംഗ്ലീഷ് തഫ്‌സീറിന്റെ മലയാളം പരിഭാഷ ഒന്നാം ഭാഗം പുറത്തുവന്നു കഴിഞ്ഞു. എഴുത്തുകാരനായ വി.വി.എ ശുക്കൂറാണ് പരിഭാഷകന്‍. ഇംഗ്ലീഷ് ഭാഷയില്‍ വൈഭവമുള്ള മലയാളികള്‍ നേരത്തെ തന്നെ ആശ്രയിക്കുന്ന തഫ്‌സീറാണ് യൂസുഫലിയുടേത്. അത്യന്തം സരളവും കാവ്യാത്മകവുമാണ് ഇദ്ദേഹത്തിന്റെ ഇംഗ്ലീഷ് ഭാഷ എന്നതു കൂടിയാണ് ഈ ആകര്‍ഷണത്തിന്റെ ഒരു കാരണം.
ലോകത്തെല്ലായിടത്തുമെന്ന പോലെ മലയാളികളിലും യൂസുഫലിക്ക് വായനക്കാരുണ്ട്. ഇനി ഇതിനൊരു സമ്പൂര്‍ണ മലയാള പരിഭാഷയും വ്യാഖാനവുമാണ് വരാന്‍ പോകുന്നത്. ഫാതിഹയും അല്‍ബഖറയും ഉള്‍ച്ചേരുന്ന ഒന്നാം ഭാഗമാണ് ഇപ്പോള്‍ പുറത്തു വന്നത്. ഫാതിഹക്കും അല്‍ബഖറക്കും യൂസുഫലി എഴുതിയ ഇംഗ്ലീഷ് വ്യാഖാനത്തിന് നേരത്തെ തന്നെ മലയാളത്തില്‍ ഒരു പരിഭാഷ വന്നിട്ടുണ്ട്. ശുക്കൂറിന്റെ ഈ പരിഭാഷ അത്യന്തം സരളമാണ്; അതുകൊണ്ടുതന്നെ ഏറെ വായനാക്ഷമവും. യൂസുഫലിയുടെ മനോഹരവും കാവ്യാത്മകവുമായ ഇംഗ്ലീഷ് പരിഭാഷയോട് നീതി കാട്ടാന്‍ പരിഭാഷകനായിട്ടുണ്ട്.
എന്നാല്‍, യൂസുഫലിയുടെ ഇസ്ലാം കാഴ്ചകള്‍ക്ക് മറ്റു ചില പരിമിതികളുണ്ട്. ഇദ്ദേഹത്തിന്റെ തഫ്‌സീര്‍ പുറത്ത് വന്നു തുടങ്ങിയത് ആയിരത്തി തൊള്ളായിരത്തി മുപ്പത്തി യഞ്ച്, മുപ്പത്തിയേഴ് കാലങ്ങളിലാണ്. അന്നേ അത് ശ്രദ്ധേയമായി. ഇസ്ലാമിനെ ആധുനിക കാല ഭാവനകളോട് സക്രിയമായി കോര്‍ത്തു നിര്‍ത്താനാണ് അദ്ദേഹം തന്റെ വ്യാഖ്യാനത്തിലൂടെ പരിശ്രമിച്ചത്. ആധുനിക ശാസ്ത്രത്തെ ഭയപ്പെടേണ്ടതില്ലെന്നും അത് വിശ്വാസികളുടെ ആത്മവിശ്വാസത്തെ ബലപ്പെടുത്തുകയേ ഉള്ളൂവെന്നും അദ്ദേഹം നിരീക്ഷിച്ചു. ശാസ്ത്രം ശാശ്വത സത്യമല്ലെന്നത് യൂസുഫലി അത്ര ശ്രദ്ധിക്കാതെ പോയി. ഇസ്ലാമിന്റെ സാമൂഹിക- രാഷ്ട്രീയ ശേഷിയെ വേണ്ടത്ര യൂസുഫലി ഗൗനിച്ചില്ല. ബ്രിട്ടീഷ് കൊളോണിയല്‍ വിരോധം അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. ഇസ്ലാമില്‍ മതവും മതേതരവുമെന്ന അസംബന്ധ യുക്തിയെ യൂസുഫലി നിരാകരിക്കുന്നുണ്ടെങ്കിലും മതത്തിന്റെ ലൗകിക വ്യവഹാര ശേഷിയെ അദ്ദേഹം പരിഗണിക്കുന്നില്ല. നല്ലവരായ വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനം എന്നദ്ദേഹം നിരീക്ഷിച്ചു. അതത് കാലത്തെ ഭരണകൂടത്തെ അനുസരിക്കലാണ് മുസ്‌ലിംകളുടെ ചുമതലയെന്നതും അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ്. അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട കേവല ആത്മീയ ധാരയാണ് യൂസുഫലിയുടെ ഇസ്ലാം. ഖുര്‍ആന്‍ വ്യാഖ്യാനിച്ചപ്പോള്‍ രാഷ്ട്രീയ നിലപാടുകളില്‍ ചിതറിപ്പോയെങ്കിലും അതിനകത്തെ കാലാതിവര്‍ത്തിയായ ആത്മീയ പൊരുളുകള്‍ കണ്ടെടുക്കാന്‍ യൂസുഫലിക്ക് കഴിഞ്ഞിട്ടുണ്ട്. ആ നിലയില്‍ ഈ പരിഭാഷ ശ്രദ്ധേയമാണ്.
ഖുര്‍ആന്‍ മലയാളം
(അബ്ദുല്ല യൂസുഫലി ഇംഗ്ലീഷില്‍ രചിച്ച ഖുര്‍ആന്‍ വിവര്‍ത്തന -വിശദീകരണ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ.)
വിവ: വി.വി.എ ശുക്കൂര്‍
പ്രസാധനം: ആശയം ഫൗണ്ടേഷന്‍
വില: 700 രൂപ, പേജ്: 377
9048003655
Comments